2021 നവംബർ 25, വ്യാഴാഴ്‌ച

'അബ്ദുറഹ്മാൻ നഗർ; വീരപുത്രൻ്റെ നിത്യസ്മരണയിൽ ഒരു പഞ്ചായത്ത്


ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ  മുന്നണിപ്പോരാളിയും   കേരളത്തിന്റെ വീരപുത്രനുമായിരുന്ന  മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബിൻ്റെ ഓർമ്മക്കായി ദേശത്തിൻ്റെ പേര് തന്നെ നൽകി ആദരവ് കാണിച്ച ഒരു ജനതയും ഗ്രാമവുമുണ്ടിവിടെ .
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ പെട്ട 'അബ്ദുറഹ്മാൻ നഗർ' പഞ്ചായത്താണ് ധീര ദേശാഭിമാനിയുടെ നാമകരണം നൽകി ഉചിതമായ സ്മാരകമായി നിലകൊള്ളുന്നത് .
മലബാർ സമരത്തെക്കുറിച്ച് പറയുന്നെങ്കിൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബിനെ ഒഴിച്ചു നിർത്തി പറയാനാവില്ല. 
അത്രമേൽ സംഭവബഹുലമായ ബന്ധം .
ദേശീയ പ്രസ്ഥാനം മലബാറിൽ പടുത്തുയർത്തുന്നതിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വഹിച്ച പങ്ക് നിസ്സീമമാണ്.
        സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പോരാട്ടവീഥികളില്‍   നിറഞ്ഞുനിന്ന ഒരു ദേശാഭിമാനിയെ നിത്യസ്മരണയിൽ നിലനിർത്താൻ നാടിന് നാമധേയം നൽകി ആദരവ് പ്രകടിപ്പിച്ച ഒരു നാടും സമൂഹവും അഥവാ തദ്ദേശ സ്ഥാപനം തന്നെ രാജ്യത്ത് വേറെയുണ്ടോ എന്നത് സംശയമാണ്.
കടലുണ്ടി പുഴയുടെ ഓരത്ത് വയലുകളാൽ വലയം തീർത്ത് കിടന്നിരുന്ന അക്കാലത്തെ ഈ കൊച്ചു പ്രദേശവുമായി
കൊടുങ്ങല്ലൂർ സ്വദേശിയായ സാഹിബ് തൻ്റെ ജീവിതവുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു.
സ്വാതന്ത്ര്യ സമര രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുമ്പോൾ തന്നെ സാഹിബ് പ്രദേശവുമായി കൂടുതൽ അടുക്കാൻ തുടങ്ങി.
സാഹിബ് സമര പ്രസ്ഥാനവുമായി തിരൂരങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുമ്പോൾ കൂടെ പ്രവർത്തിച്ചത് കൊടുവായൂർ കാരനായ സുഹൃത്ത് പി പി സി മുഹമ്മദായിരുന്നു. ആ ബന്ധം ദൃഢമായ സൗഹൃദമായി മാറി.
പി പി സി മുഹമ്മദ് എന്ന ചെറാട്ടിൽ മുഹമ്മദിൻ്റെ വീട്ടിലെ നിത്യസന്ദർശകനായി സാഹിബ്.
1937-ൽ രൂപീകരിച്ച മമ്പുറം റെസ്റ്റൊറേഷൻ കമ്മിറ്റിയുടെ പ്രസിഡൻ്റ് അബ്ദുറഹ്മാൻ സാഹിബും വൈസ് പ്രസിഡൻ്റ് പി പി സി മുഹമ്മദുമായിരുന്നു .
  പ്രത്യേകിച്ച് അക്കാലത്ത് പ്രദേശത്തെ  മുസ്ലിംകളെ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിൽ സാഹിബ് പ്രചോദകനായി .
അന്ന് കോൺഗ്രസ് പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ള മേഖലയായിരുന്നു ഈ പഴയ കൊടുവായൂർ . 
1945-ൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മരണപ്പെട്ടു .
മരണശേഷം സാഹിബിൻ്റെ ഓർമ്മ നിലനിർത്താൻ പ്രദേശത്ത് ഉചിതമായ സ്മാരകം വേണമെന്ന ആശയം അടുത്ത സുഹൃത്തായിരുന്ന പി പി പി മുഹമദ് മുന്നോട്ട് വച്ചു .
1953-ൽ പി പി സി മുഹമ്മദ് സാഹിബും ഈ ലോകത്തോട് യാത്രയായി.
എങ്കിലും അദ്ദേഹവുമായി ഇഴപിരിയാനാവാത്ത ബന്ധം 
നിലനിൽക്കുന്ന ഈ പ്രദേശത്ത് ഉചിതമായ സ്മാരകം വേണമെന്ന ആഗ്രഹം ശക്തമായി തന്നെ നാട്ടുകാരിൽ നിന്ന് ഉയർന്നു.
അത് സ്വന്തം പഞ്ചായത്തിന് തന്നെ അബ്ദുറഹ്മാൻ സാഹിബിൻ്റെ പേര് നൽകി  സഫലീകൃതമാക്കുകയും ചെയ്തു.
അതിൻ്റെ പ്രവർത്തനങ്ങൾക്ക് പൗരസമിതി രൂപീകരിച്ച് നേതൃത്വം നൽകിയത് അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന വി എ ആസാദും പി പി സി മുഹമ്മദ് സാഹിബിൻ്റെ മകൻ പി പി എ ഫസൽ ഹാജിയുമായിരുന്നു .
ഒരു നാടിൻ്റെ ഒത്തൊരുമയുടെ അശ്രാന്ത പരിശ്രമത്തിൻ്റെ ഭാഗമായി 1962 - ൽ അന്നത്തെ സാമൂഹ്യക്ഷേമ മന്ത്രി പി പി ഉമ്മർകോയയാണ് കൊടുവായൂര് പഞ്ചായത്തിനെ അബ്ദുറഹ്മാർ നഗർ പഞ്ചായത്ത് എന്ന് നാമകരണം ചെയ്ത് ഉത്തരവിറക്കിയത്. പിന്നീട് ക്രമേണ നാട്ടുകാരുടെ സമ്മർദ്ദത്താൽ വില്ലേജ് ഓഫീസ്, തപാൽ ഓഫീസ് മുതലായവയും അബ്ദു റഹ്മാൻ നഗർ എന്ന് പേര് നൽകി.
കറകളഞ്ഞ വ്യക്തിത്വവും ജീവിത വിശുദ്ധിയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സാഹിബ്‌ ആദര്‍ശത്തിന്റെയും സേവന സന്നദ്ധതയുടെയും ആള്‍രൂപമായിരുന്നു. രാഷ്ട്രീയം ഭൌതിക നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാത്ത ആദര്‍ശ രാഷ്ട്രീയത്തിന്റെ വ്യതിരിക്ത മുഖം കാഴ്ച വെച്ച നേതാവായിരുന്നു സാഹിബ്‌. 
വിശിഷ്യാ രാജ്യത്തിന് വേണ്ടി സമരം നയിച്ചവരെ തമസ്ക്കരിക്കുകയും സമരത്തെയും പോരാളികളെയും ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തവരെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന ഈ വർത്തമാനകാലത്ത് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ശ്വാസം നൽകിയ മഹാന്മാരിൽ പ്രധാനിയായ സാഹിബിൻ്റെ സമരോത്സുകതയുടെ ഊർജ്ജം പകർന്ന ധന്യ ജീവിതവും സന്ദേശവും നാം പഠിക്കണം,ഓർക്കണം .
     ജയ് ഹിന്ദ് .
        -എൻ കെ മൊയ്തീൻ ചേറൂർ






 

2021 നവംബർ 13, ശനിയാഴ്‌ച

കാലം ബാക്കി വെച്ച പൈതൃകങ്ങൾ




         മലപ്പുറം മേൽമുറിയിലുള്ള നൂറ് വർഷത്തിലേറെ പഴക്കം ചെന്ന സ്രാമ്പിപ്പള്ളി .

മേൽമുറിയിലെ മഅദിൻ അക്കാദമിക്ക് അടുത്തായുള്ള വിശാലമായ പാടശേഖരത്തിലാണ് കൃഷിയും വിശ്വാസവും സമന്വയിച്ച പോയ കാലം ബാക്കി വെച്ച ഒരു സംസ്ക്കാരത്തിൻ്റെ  ശേഷിപ്പായി ഇത് സ്ഥിതി ചെയ്യുന്നത് .

പഴയ തലമുറയിൽ നിന്നും കൈമാറിപ്പോന്ന ഈ പൈതൃകസമ്പത്ത് നഷ്ടപ്പെടുത്താതെ ഇന്നും നിലനിർത്തിപ്പോരുകയാണ് ഇന്നാട്ടുകാർ. തോട്ടിൽ നിന്നും കെട്ടി ഉയർത്തിയ മരത്തിൻ്റെ കാലുകൾക്ക് കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ചതിനാൽ ഏതാനും മുമ്പ് പകരം കോൺക്രീറ്റ് തൂണുകൾ നൽകിയിരിക്കുന്നു എന്നതൊഴിച്ചാൽ പഴക്കം നഷ്ടപ്പെടുത്തുന്ന ഒരു മാറ്റവും ഈ സ്രാമ്പിക്ക് ഉണ്ടായിട്ടില്ല.

മുമ്പൊക്കെ കേരളത്തിൻ്റെ ഗ്രാമാന്തരങ്ങളിൽ ഏറെ കണ്ടു വന്നിരുന്ന സ്രാമ്പിപ്പള്ളികളിൽ ഇന്ന് അപൂർവ്വം ചിലയിടങ്ങളിൽ മാത്രമേ അവശേഷിക്കുന്നുള്ളു. ബാക്കിയെല്ലാം സംരക്ഷണമില്ലാതെ കാലാന്തരത്തിൽ നഷ്ടപ്പെടുകയും ചിലത് പൊളിച്ചുമാറ്റി തൽസ്ഥാനത്ത് വലിയപള്ളികൾ നിർമിക്കുകയും ചെയ്തു.

പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ  പാടത്തും പറമ്പിലുമൊക്കെ സജീവമായ കൃഷികൾ കൊണ്ട് സമ്പന്നമായ ഒരു കാലത്തിൻ്റെ ബാക്കി പത്രങ്ങളാണ് ഇന്ന് വളരെ ചുരുക്കം മാത്രം കാണുന്ന സ്രാമ്പികൾ അഥവാ തക്യാവുകൾ .

കാർഷികവൃത്തി ഉപജീവനമായി കണ്ടിരുന്ന കാലത്തിൻ്റെ സംസ്കൃതിയുടെ നാട്ടടയാളങ്ങൾ . 

പാടശേഖരങ്ങൾക്കിടയിലായി തോട്ടിൻ കരയിലോ കുളത്തിനോട് ചേർന്നോ ആയിരിക്കും ഇത് പോലുള്ള കുറച്ച് പേർക്ക് മാത്രം നിസ്ക്കരിക്കാവുന്ന കൊച്ചു പള്ളികളുടെ നിർമ്മാണം .പാടത്തും പറമ്പിലും പണി എടുക്കുന്നതിനിടെ നിസ്ക്കരിക്കാനുള്ള നേരമെത്തിയാൽ തോട്ടിൽ നിന്നും അല്ലെങ്കിൽ കുളത്തിൽ നിന്നും വൃത്തിയായതിന് ശേഷം അംഗശുദ്ധി വരുത്തി സ്രാമ്പിയിൽ കയറി നിസ്ക്കരിക്കും. വീണ്ടും കൃഷിപ്പണിയിലേർപ്പെടുകയും ചെയ്യും .

കൂടാതെ ജോലിക്കിടയിൽ ഇടക്ക് വിശ്രമിക്കാനും ആശ്രയിക്കും.

പരമ്പരാഗത കൃഷികൾ കൊണ്ട് സമൃദ്ധമായിരുന്ന ആ മാധുര്യ കാലമൊക്കെ അന്യം പോയതോടെ

ഗ്രാമങ്ങളിൽ നിന്നും സ്രാമ്പിപ്പള്ളികളും അപ്രത്യക്ഷമായി.

      ഒരു കാലത്ത് വളരെ സജീവമായിരുന്ന സ്രാമ്പിപ്പള്ളികളെക്കുറിച്ച് ഇന്നത്തെ തലമുറക്ക് തീരെ അപരിചിതമായിരിക്കുന്നു. പുതുതലമുറക്ക് പോയ കാല പൈതൃകത്തെക്കുറിച്ച് പകർന്ന് കൊടുക്കാൻ ഭൂതകാലത്തിൻ്റെ സംസ്കൃതിയും ചരിത്രവും ആത്മീയതയും പേറി ഇന്നും നിലനിൽക്കുന്ന സ്രാമ്പികളെ നാശത്തിലേക്ക് വഴിവെക്കാതെ സംരക്ഷിച്ചുനിർത്തിയെങ്കിൽ മാത്രമേ സാധിക്കുകയുള്ളു.

  - എൻ കെ മൊയ്തീൻ ചേറൂർ