2014 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

**ചരിത്രാന്വേഷകന്‍ ബഷീര്‍ പൂക്കോട്ടൂരിന് ചരിത്രപ്രേമികളുടെ ആദരം**

    ഇക്കഴിഞ്ഞ ആഗസ്റ്റ്‌ പതിനാറിന്(16.8.2014) മലപ്പുറം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗറില്‍ വെച്ച് സൌദിയിലെ യാമ്പു കെ എം സി സി പുറത്തിറക്കിയ " 1921 മലബാര്‍ സമരം "എന്ന പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ചരിത്ര ഗവേഷകനും പത്രപ്രവര്‍ത്തകനുമായിരുന്ന എ കെ കോഡൂരിന്റെ സ്മരണാര്‍ഥമുള്ള പുരസ്കാരമാണ് ചരിത്രാന്വേഷകനും ചരിത്ര വിവരങ്ങളെ ഇന്റര്‍ നെറ്റെന്ന വിശാലമായ ലോകത്തെത്തിച്ച് ശ്രദ്ധേയനായ ബഷീര്‍ പൂക്കോട്ടൂരിന് ലഭിച്ചത്.
ഇന്റര്‍ നെറ്റ് സോഷ്യല്‍ മീഡിയകള്‍
സാമൂഹികജീവിതത്തിന്റെ സകലമേഖലയിലും അത്യന്താപേക്ഷിതമായ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ നവീനതയില്‍ കാലത്തിന്റെ ഒഴുക്കിനൊത്ത് താന്‍ നടത്തിയ ചരിത്രാന്വേഷണ വിവരങ്ങളെ സൈബര്‍താളുകളിലൂടെ നല്‍കി ശ്രദ്ധിതമായിരിക്കയാണ് ബഷീര്‍.
ജന്മിത്വ സാമ്രാജ്യത്വ ശക്തികളുടെ കിരാത വാഴ്ചയില്‍ നിന്നും സ്വരാജ്യത്തിന്റെ മോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ അവരുടെ രക്തബന്ധമുള്ള 
പിന്‍ മുറകള്‍ പോലും വിസ്മൃതിയിലേക്ക് തള്ളിവിട്ട് കൊണ്ടിരിക്കുന്ന ഇക്കാലത്ത് അവരുടെ പോരാട്ട വീര്യചരിത്രവും
സ്മരണകളുറങ്ങുന്ന കാലത്തിന്റെ ശേഷിപ്പികളും തേടി നാടുനീളെ നടന്ന്‍ശേഖരിച്ചെടുത്ത് അവ സോഷ്യല്‍ മീഡിയയിലൂടെ 
ചരിത്രകുതുകികളില്‍ എത്തിക്കുന്ന ഇദ്ദേഹത്തിന്‍റെ നിസ്തുലവും നിസ്വാര്‍ത്ഥവുമായ ഈ ദേശക്കൂര്‍ തീര്‍ച്ചയായും പ്രശംസനീയമാണ്.അദ്ദേഹത്തിന് ലഭിക്കേണ്ട അര്‍ഹതക്കുള്ള അംഗീകാരമാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.ഇതിന്റെ പ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്ര ഏടുകളിലേക്ക് സമാനതകളില്ലാത്ത പീഡനങ്ങളുടെയും പോരാട്ടങ്ങളുടെയും കദന ചരിതം എഴുതി ചേര്‍ക്കപ്പെട്ട നാടാണ് മലബാര്‍ പ്രദേശം.
നമ്മുടെ രാജ്യം അടക്കിവാണ സാമ്രാജ്യത്വശക്തികളോട് അടരാടി
മാതൃരാജ്യത്തിന്‌ വേണ്ടി വീര മൃത്യുവരിച്ച മഹാത്മാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മലബാറിലെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ രണഭൂമികയിലൂടെ സഞ്ചരിച്ച് സാക്ഷ്യപത്രങ്ങളായ ഇടങ്ങളും ശേഷിപ്പുകളും കണ്ടെത്തി
ചരിത്ര ജിജ്ഞാസുക്കളിലേക്ക് പകര്‍ന്ന് കൊടുക്കുകയാണ് ദേശസ്നേഹം നെഞ്ചിലേറ്റിയ ഈ യുവത്വം. 1921 ലെ മലബാര്‍ സമരമടക്കമുള്ള
മലബാറില്‍ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ച് ചരിത്ര വിവരങ്ങളും ഗ്രന്ഥങ്ങളും സ്വരൂപിച്ചും
ചരിത്രം ചോര ചിന്തിയ മലബാറിന്റെ പോരാട്ട വീഥികളിലൂടെ സഞ്ചരിച്ച് സാക്ഷ്യപത്രങ്ങളായ ഇടങ്ങളും ശേഷിപ്പുകളും കണ്ടെത്തി വസ്തുനിഷ്ഠമായി സചിത്രസഹിതം ഒരു ചരിത്ര വിദ്യാര്‍ത്ഥിക്കുതകും വിധം അടുക്കും ചിട്ടയോടെയും യഥേഷ്ടം ഓരോ സംഭവങ്ങളെ കുറിച്ചും വെവ്വേറെ നല്‍കിയിരിക്കുകയാണ് ബഷീര്‍ തന്റെ വെബ്സൈറ്റിലൂടെ .
ജന്മിത്വ സാമ്രാജ്യത്വ പൗരോഹിത്യ ശക്തികള്‍ നമ്മുടെ സ്വാതന്ത്ര്യത്തിനുമേല്‍ ഇരുള്‍ സൃഷ്ടിച്ചപ്പോള്‍ അതുവഴി നാം അനുഭവിക്കേണ്ടിവന്ന ദുരിത
ജീവിതത്തില്‍ നിന്നും കരകയറാന്‍
ധീരപോരാളികള്‍ നടത്തിയ അതിശക്തമായ പ്രതിഷേധാഗ്നിയായിരുന്നു ഏറനാട്ടിലും വള്ളുവനാട്ടിലും കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍.
അവരൊഴുക്കിയ ചോരയുടെ വിലയാണ് നാമിന്നനുഭവിയ്ക്കുന്ന സ്വാതന്ത്യ്രം.
അവര്‍ കൊളുത്തി വെച്ച സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തില്‍ നാം ജീവിക്കുമ്പോഴും ഈ വിളക്ക് അണയാതെ സൂക്ഷിക്കാനും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച
മഹാത്മാക്കളുടെ സ്മരണ കാലാന്തരങ്ങളിലേക്ക്‌ പകര്‍ന്ന് കൊടുക്കാനും ആധുനികതയുടെ ഒഴുക്കിനൊത്ത് മാറി വന്ന നവമാധ്യമമായ കംമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ
യഥേഷ്ടം ഒരുക്കി വെച്ചിരിക്കയാണിവിടെ.
ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യ ശക്തികളുടെ ക്രൂരവും പൈശാചികവുമായ ദുര്‍വാഴ്ചയില്‍ പൊറുതിമുട്ടി പോരാടിയ മലബാറിലെ ധീര ദേശാഭിമാനികള്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു നല്‍കിയ അവരുടെ വീര ചരിതങ്ങളെ വാഴ്ത്തി ആ ചരിത്ര കഥനങ്ങളിലേക്ക് ആനയിക്കുക വഴി പുതുതലമുറയെ ദേശചിന്തയുള്ള, രാജ്യസ്നേഹമുള്ളവരാക്കി മാറ്റിയെടുക്കുകയാണ് ഈ യുവ ചരിത്രാന്വേഷകന്‍.
മലബാര്‍ സമരവുമായി ബന്ധപ്പെട്ടുള്ള വിപുലമായ ഗ്രന്ഥശേഖരംതന്നെ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.മലബാറില്‍ നടന്ന സ്വാതന്ത്ര്യപോരാട്ട ചരിത്ര സംബന്ധിയായ രചനകളോ പൈതൃകങ്ങളോ മറ്റു
ശേഷിപ്പുകളോ ഉണ്ടെന്നറിഞ്ഞാല്‍ അദ്ദേഹത്തിനു
ഇരിക്കപ്പൊറുതിയുണ്ടാവില്ല. അത് കൈപ്പറ്റുകയോ സന്ദര്‍ശിക്കുകയോ ചെയ്തു ചരിത്ര കുതുകികളില്‍ എത്തിക്കുന്നത്
വരെ ഈ ദേശസ്നേഹിക്ക് വിശ്രമമില്ല.സ്വാതന്ത്ര്യസമരത്തിന്റെ കനലെരിഞ്ഞ, ആ ധീര സ്മരണകളുറങ്ങുന്ന മലബാറിലെ വീഥികളില്‍ ഈ അന്വേഷകന്റെ നടത്തമെത്താത്തയിടം വിരളം.
അവധിക്ക് നാട്ടിലുള്ളപ്പോള്‍ അന്വേഷണ ത്വരയോടെ
ചില ചരിത്ര-പൈതൃക ശേഷിപ്പുകള്‍ തേടി ഈയുള്ളവനും ഇദ്ദേഹത്തോടൊപ്പം ഗമിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്.അദ്ദേഹത്തോടൊപ്പമുള്ള ആ ചരിത്രാന്വേഷണസഞ്ചാരം എനിക്ക് സഫലമായ യാത്രയുടെ നിര്‍വൃതിയാണ് നല്‍കിയത്.വിലപ്പെട്ട ചരിത്ര വിവരങ്ങളാണ് അദ്ദേഹത്തില്‍ നിന്നും യാത്രയിലുടനീളം പകര്‍ന്നു കിട്ടിയത്.
ചരിത്ര ചിന്തയും ദേശീയ അവബോധവും യുവാക്കളില്‍ ഉണ്ടാക്കിയെടുക്കാനും അവ വിസ്മൃതിലാണ്ട് പോവാതിരിക്കാനും ഈ യുവ ചരിത്രാന്വേഷകന്‍ കാണിക്കുന്ന ഔത്സുക്യം തീര്‍ച്ചയായും മഹത്തരം തന്നെ.  മലബാറിലെ ദേശീയോദ്ഗ്രഥനത്തിന്റെ കേളികേട്ട പൂക്കോട്ടൂരിന്റെ മണ്ണില്‍ നിന്നും കാലം ഏല്‍പ്പിച്ച ഈ ചരിത്രത്തിന്റെ കാവലാള്‍ക്ക് സഹയാത്രികനായ ഈ എളിയവന്റെ എല്ലാ വിധ അഭിവാദ്യങ്ങളും.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2014 ജൂലൈ 2, ബുധനാഴ്‌ച

***സമുദായ സംഘടനകളേ നിര്‍ത്തൂ ഈ ചേരിപ്പോര് .വരൂ ഒരുമിപ്പിന്റെ പാതയിലേക്ക് ***

"നമസ്കരിക്കും നോമ്പ്പിടിക്കും
 സുന്നത്തെടുക്കും ദുആ ഇരക്കും
പുറത്തിറങ്ങിയാല്‍ പിന്നെ നുണ പറയും
 നിത്യം അപരന്റെ പച്ചമാംസം കൊത്തിവലിക്കും....." .
ഇന്നുമെന്റെ മനസ്സിലിട്ട് മൂളുന്ന ഒരു പഴയ മാപ്പിളപ്പാട്ടിന്റെ അര്‍ത്ഥവത്തായ ഈരടികളാണിത്.
ഇപ്പോളിത് പ്രത്യേകിച്ച് ഓര്‍മ്മയിലെത്താനും ഇവിടെ എടുത്തിടാനും  കാരണം ഞാനുള്‍പ്പെട്ട എന്റെ മുസ്ലിം സമുദായത്തിലെ ചില  സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ഉപമയാക്കിക്കൊണ്ടാണ്. സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റും സമുദായ നേതാക്കളെയും അവര്‍
    നയിക്കുന്ന പ്രവര്‍ത്തനങ്ങളെയും വ്യക്തിപരമായും  മറ്റും ചേരി തിരിഞ്ഞ് അപകീര്‍ത്തിപരമായ പോസ്റ്റുകളും കമന്റുകളുമിട്ട് പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ വളരെവ്യസനത്തോടെ  ഓര്‍ത്ത്‌ പോയ വരികള്‍.
പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ പ്രബലമായ രണ്ട് സുന്നി സംഘടനകള്‍ നടത്തുന്നപോരടിക്കലിനെ അത്യന്തം വേദനയോടെയാണ് നിഷ്പക്ഷമതികളായ സമുദായസ്നേഹികള്‍നോക്കിക്കാണുന്നത്.
ചില അഭിപ്രായങ്ങളിലെ യോജിപ്പില്ലായ്മ കാരണം
ഒരേ മത വിശ്വാസികള്‍ തന്നെ അന്യോന്യം വിഴുപ്പലക്കുന്നു.
  നിസാരകാര്യങ്ങളുടെ പേരില്‍ പരസ്പരം കടിച്ചു കീറുന്നത് കണ്ടാല്‍ അത്ഭുതം കൂറും .അറപ്പുളവാക്കുന്ന ശകാര ഭാഷാപ്രയോഗങ്ങള്‍ . ഈ വീറും വാശിയും ആവേശവുമൊക്കെ സമൂഹത്തില്‍ നടമാടുന്ന   ദുഷ്പ്രവണതകള്‍ക്കെതിരെയും ജീര്‍ണ്ണതകള്‍ക്കെതിരെയും പ്രയോഗിച്ചിരുന്നെങ്കില്‍ എത്രയോ ഉപകരിച്ചേനെ .
ഒട്ടേറെ പൊതുവായ വിഷയങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതായുണ്ടെന്നിരിക്കെ നിസ്സാരകാര്യങ്ങളുടെ പേരില്‍ സംഘടനകള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് സഹോദരസമുദായങ്ങള്‍ക്ക് മുമ്പിലിട്ട് നമ്മെ സ്വയം താറടിച്ച് കാണിക്കുന്നു. ഇതൊക്കെമറ്റുള്ളവര്‍ക്ക് മുമ്പില്‍ സ്വയം അപഹാസ്യരാകാനെ ഉപകരിക്കൂ എന്ന് ഈ വിഭാഗങ്ങള്‍ഓര്‍ക്കണം.
എത്രയോ ദീനീസ്ഥാപനങ്ങള്‍ ഈ ഗ്രൂപ്പ് കലഹത്തിന് ആധാരമായി.  എന്തെല്ലാം സംരംഭങ്ങള്‍പോരിന് ഹേതുവായി  വിഭജിക്കപ്പെട്ടു .
ആശയപരമായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ  പേരില്‍ പരസ്പരം തെരുവിലിട്ട് തമ്മില്‍തല്ലിച്ച് നടത്തുന്ന പോരാട്ടത്തില്‍ എത്ര ജീവനുകളാണ് നമ്മള്‍ക്ക് നഷ്ടമായത്.ഇതിനൊക്കെ
കാരണഭൂതരായ നിങ്ങള്‍  അല്ലാഹുന്റെ കോടതിയില്‍  സമാധാനം പറയേണ്ടിവരും സോദരന്മാരേ.മഹാ പണ്ഡിതന്മാരെ വളരെ മ്ലേച്ഛമായ ഭാഷയില്‍ പരിഹസിക്കുന്നു.പണ്ഡിതന്മാരെകുറ്റം പറയരുത് .അവര്‍ വിഷമാണ് .എന്നൊക്കെയാണ് നാം പഠിച്ചിരുന്നത്.
നമുക്ക് നേര്‍ വഴി കാണിക്കേണ്ട ചില മാര്‍ഗ്ഗദര്‍ശകന്മാര്‍ തന്നെ തെറ്റായ വഴിയെ നമ്മെതെളിക്കുന്നു.വല്ലാത്തൊരു വിരോധാഭാസം തന്നെ.
എന്തിനേറെ അയല്‍ക്കാരന്‍ ,അത് അന്യസമുദായത്തില്‍ പെട്ടവരായാല്‍ പോലും പട്ടിണികിടക്കെവയര്‍ നിറച്ച് ആഹരിക്കുന്നവന്‍ യഥാര്‍ത്ഥവിശ്വാസിയല്ലെന്ന് ഉദ്ഘോഷിക്കുന്ന മതത്തിന്റെ വക്താക്കളാണ് നാമെന്നോര്‍ക്കണം .
 അമുസ്ലിങ്ങളെ പോലും ബഹുമാനിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കണമെന്നും  പഠിപ്പിച്ച മതമാണ്‌ നമ്മുടേത്.എന്നിട്ടും നമുക്കെന്തേ സംഭവിച്ചത്.


               മാധ്യമം (22 06 2014)
       ഒരു
മേശക്കു വട്ടമിട്ടിരുന്ന് ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വിഷയങ്ങളുടെ പേരില്‍ വാദവും മറുവാദവുമായി അങ്ങോട്ടുമിങ്ങോട്ടും പോരടിക്കുന്നത് കാണുമ്പോള്‍ നമ്മുടെ നാട്ടില്‍  മുസ്ലിം  സമുദായം അകപ്പെട്ട ദുര്‍വിധിയോര്‍ത്ത് മനോ വ്യഥതോന്നും.
സമുദായ മനസ്സുകളിലുണ്ടായിരുന്ന ഐക്യബോധത്തെ എടുത്ത് കളഞ്ഞ് വിഷവിത്തുകള്‍ പാകുകയാണ് ഈ ഗ്രൂപ്പുകള്‍ ചെയ്യുന്നത് . ഈ വീറും വാശിയും മൂലം മുമ്പുണ്ടായിരുന്ന ഓജസ്സ്നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ് .ദൈവികാരാധനകളില്‍ സൂക്ഷ്മത പുലര്‍ത്തുന്ന  ഏതാനുംകര്‍മ്മിഷ്ഠന്മാര്‍ തന്നെയാണ് ഇതിനൊക്കെ മുമ്പന്മാരായി നില്‍ക്കുന്നത് എന്നതാണ് ഏറെ അതിശയിപ്പിക്കുന്ന മറ്റൊന്ന്.
 നമുക്ക്  മാര്‍ഗ്ഗദീപം  തെളിക്കേണ്ട ചില പണ്ഡിതസാദാത്തുക്കള്‍ ഇതിന്റെ ചുക്കാന്‍പിടിക്കുന്നതെങ്കില്‍  ഇതിന്റെ  പ്രചാരകരാകുന്നതോ സാധാരണ പ്രവര്‍ത്തകരും.അന്യസംസ്ഥാനങ്ങളിലെ ജീവിതച്ചിലവുകള്‍ക്ക് വകയില്ലാത്ത പൈതങ്ങളെ കൊണ്ടുവന്ന് വിദ്യാഭ്യാസം നല്‍കി പരിപാലിക്കുന്നതിനെ മനുഷ്യക്കടത്തെന്ന പേരില്‍ ഭരണകൂടങ്ങളില്‍ നിന്നുംആട്ടും തുപ്പും ഏറ്റു വാങ്ങുമ്പോഴും ഇതില്‍ അകപ്പെട്ട വിഭാഗത്തെ നോക്കി മറു വിഭാഗം ഊറിച്ചിരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.എന്തുപറ്റി നമ്മള്‍ക്ക്.നാം ഒറ്റക്കെട്ടാവേണ്ട അവസരങ്ങളില്‍ പോലും നാണം കെട്ട പോര്‍വിളി നടത്തുന്നു.
ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന സ്ത്രീധനം പോലത്തെ വിപത്തുകള്‍ക്കെതിരെയും മറ്റു അന്ധവിശ്വാസങ്ങള്‍ക്കെതിരെയും  അനാചാരങ്ങള്‍ക്കും ജീര്‍ണ്ണതകള്‍ക്കുമെതിരെ കയ്യും മെയ്യും മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
                        പണ്ഡിതസമൂഹം ഇടപെടേണ്ട ഇത് പോലുള്ള മൂല്യവത്തായ ഒട്ടേറെ വിഷയങ്ങളുണ്ട്.ഗ്രൂപ്പ് തിരിഞ്ഞുള്ള പോര് നിര്‍ത്തി വെച്ച് അത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധചെലുത്തുകയാണ് വേണ്ടത്.ചില  പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ സംഘടനയുടെ പേരില്‍ ചേരിതിരിഞ്ഞ്  കവലകള്‍ തോറും ചീത്ത വിളിക്കാന്‍   സമയം മിനക്കെടുത്തുന്നത് കാണുമ്പോള്‍സാമാന്യ നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരു സമുദായ സ്നേഹിക്കും ക്ലേശം തോന്നും.
 ഒരു വിഭാഗത്തിന് ശരിയെന്ന് തോന്നുന്നത് മറുവിഭാഗത്തിനും ശരിയായി തോന്നണമെന്ന് വാശിപിടിക്കുന്നത് ശരിയല്ല. ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ സമുദായ സംഘടനകള്‍ തമ്മില്‍  ഇത്രമാത്രം കരിവാരിതേക്കുന്നത് മലര്‍ന്ന് കിടന്ന്  തുപ്പുന്നതിന് സമാനമാണ്.
                           ഇരു വിഭാഗവും നടത്തുന്ന വിലപ്പെട്ട സേവനങ്ങള വിസ്മരിക്കാനാവില്ല. ഇവരുടെയൊക്കെ പല മഹദ്സംരംഭങ്ങളും പടര്‍ന്ന് പന്തലിച്ച്  സേവന സമൃദ്ധമായിസമൂഹത്തിന് നല്ലൊരു മുതല്‍ക്കൂട്ടായിനില്‍ക്കുന്നു.
ഇനിയും മുന്നേറണം.വൈരാഗ്യത്തോടെയല്ലാതെ, പരസ്പര ഐക്യത്തോടെ സാഹോദര്യമനോഭാവത്തോടെ തോളോട്തോള്‍ ചേര്‍ന്ന് കൊണ്ട് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത എല്ലാ വിഭാഗങ്ങളില്‍നിന്നുമുണ്ടാവട്ടെ .
സംഘടനകള്‍ തമ്മിലുള്ള ഈ തമ്മില്‍തല്ലുമൂലം ഒരുമിച്ച് നിന്ന് നേടിയെടുക്കാവുന്ന ഒരുപാട്അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നമുക്ക് നഷ്ടപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ അഭിവൃദ്ധിക്ക് പ്രതിബന്ധമാകുന്ന ഈ വിഭാഗീയതയാണ്
ഗൂണാകാരമായ  ഒരുപാട് നേട്ടങ്ങളില്‍ നിന്നും നമ്മെ പിറകോട്ടടിപ്പിച്ചത്.
 സമുദായത്തിന്റെ മേന്മക്കുതകുന്ന പുരോഗതി നമുക്ക് കൈവരിക്കണമെങ്കില്‍ എല്ലാവരും വൈര്യം മറന്ന് ഒറ്റക്കെട്ടായി
  
പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ സാധ്യമാകൂ .                                      
                                                                    
  -എന്‍ കെ മൊയ്തീന്‍  ചേറൂര്‍

2014 മേയ് 26, തിങ്കളാഴ്‌ച

*** ഈട് നില്പിന്റെ ചില ഭൂതകാലശേഷിപ്പുകള്‍***

പ്രകൃതിയിലൂടെ ദൈവം കനിഞ്ഞുനല്‍കിയ പച്ചപ്പും ജലസ്രോതസ്സുകളും കൊണ്ടും പ്രാകൃത കാലത്തിന്റെ സ്മരണികകളെക്കൊണ്ടും സ്വാതന്ത്ര്യസമരപോരാട്ട ചരിത്ര പെരുമയാലും  കേളി മികച്ച,ഇവയെല്ലാം ഒത്തുചേര്‍ന്ന സമന്വിതമായ ഭൂമികയിലാണ് എന്റെ ദേശം . 



പ്രവാസത്തിന്റെ ഇടവേളകളില്‍ കിട്ടുന്ന അവധിക്കാലം നാട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതോടൊപ്പം തന്നെ പ്രകൃതി രമണീയത നുകര്‍ന്നും പൌരാണികതയുടെ ശേഷിപ്പുകളായ
പൈതൃകങ്ങള്‍ കണ്ട് കാഴ്ച പുതുക്കിയും ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിച്ചും

കണ്ടും തൊട്ടും സ്മരിച്ചുമൊക്കെയായി വിനിയോഗിക്കുകയാണ്‌ പതിവ്.ഇതിലൊക്കെ കുതുകിയായ ഞാനിഷ്ടപ്പെടുന്നതും ഇതൊക്കെത്തന്നെ.

അങ്ങിനെ പഴമയും പൈതൃകമായ ശേഷിപ്പുകളും തേടിയുള്ള അതില്‍ ജിജ്ഞാസുവായ ഞാന്‍ നടത്തുന്ന അന്വേഷണ പ്രയാണങ്ങള്‍ക്കിടയില്‍ കാണുന്ന ഭൂതകാലത്തിന്റെ ചില ശിഷ്ടങ്ങള്‍ എന്നെ അതിശയനീയമാക്കിയിരിക്കും.അതിലൊന്നാണ് ഈ കാണുന്ന ഒരു പുരാതന ഇല്ലത്തിന്റെ പടിപ്പുരയും അതില്‍ മേഞ്ഞിരിക്കുന്ന ഓടും . ഈ പടിപ്പുര ഓട് പാകുന്നതിന് മുമ്പ് ഓല മേഞ്ഞതായിരുന്നത്രേ.എന്നാലും ആശ്ചര്യമേറെ ഇതിന് പാകിയിരിക്കുന്ന ഓടിന് തന്നെ.
ഇന്ത്യയില്‍ ഓട് വ്യവസായത്തിന് തന്നെ തുടക്കം കുറിക്കുന്ന കാലത്തുള്ളതാണിത്. 1865 ല്‍ ബേസല്‍ മിഷന്‍ എന്ന നിര്‍മ്മാണ കമ്പനി നിര്‍മ്മിച്ചതാണിത് .
ദീര്‍ഘകാല പഴക്കമുണ്ടായിട്ടും അന്നത്തെ "പുത്തോട്" ഇന്നും പുത്തനായിത്തന്നെ നിലനില്‍ക്കുന്നു. അപാരമായ ഇതിന്റെ ഈട് ആരെയും വിസ്മയിപ്പിക്കും .
പഴമ എന്നും പുതുമയുള്ളത് തന്നെ .കാലത്തിന് മായ്ക്കാനാവാത്ത പത്തരമാറ്റ് .

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍