*************
ഇസ്ലാമിലെ തീക്ഷ്ണമായ ചരിത്ര സംഭവങ്ങള്‍ക്ക് മൂകസാക്ഷിയായ സൗര്‍ മലയിലെ സൗര്‍ ഗുഹ .
ഹറമില്‍ നിന്നും ആറോ ഏഴോ കിലോമീറ്ററോളം ദൂരമുണ്ടാവുന്ന സൗര്മലയുടെ നെറുകയിലുള്ള സൗര്‍ ഗുഹയിലെത്താന്‍ സമുദ്ര നിരപ്പില്‍ നിന്നും 748 മീറ്റര്‍ ഉയരം സഞ്ചരിക്കണം. അപകടം പിടിച്ച വഴികള്‍ താണ്ടിവേണം മുകളിലേക്ക് കയറാനും ഇറങ്ങാനും. പലേടത്തും അടി തെറ്റിയാല്‍ ആപത്തില്‍ പെടാവുന്ന കൊക്കകളുണ്ട്. വളഞ്ഞുപുളഞ്ഞുപോകുന്ന വഴിത്താരകള്‍. ചവിട്ടുപടികളിലൂടെ വളരെ സാഹസികമായും സശ്രദ്ധയോടെയും വേണം വഴിനടത്തം .എത്ര പ്രയാസപ്പെട്ടാലും മുമ്പോട്ട് തന്നെ എന്ന് ശപഥം ചെയ്തു. പ്രവാചകന് അനുഭവിച്ച ത്യാഗങ്ങളുടെ ഒരുകണിക പോലുമാകില്ലല്ലോ ഇതൊന്നുമെന്ന അചഞ്ചലമായ ആത്മ ധൈര്യം അതിന്റെ നെറുകെയിലെത്തിച്ചു.
പ്രവാചകൻ നബി (സ) യെ
അപായപ്പെടുത്താന്‍ പുറപ്പെട്ട ശത്രുക്കളില്‍ നിന്നും രക്ഷതേടിയെത്തിയത് ഈ മലമുകളിലേക്കാണ്. പ്രവാചക തിരുമേനി(സ)ക്കും അവിടുത്തെ
പ്രഥമ അനുചരന്
അബൂബക്കര്‍ സിദ്ധീഖ് (റ) വിനും സങ്കേതമൊരുക്കിയത് ഈ ഗുഹയിലാണ്. സൗര്‍ എന്ന ഈ മാമലയുടെ ഉച്ചിയിലുള്ള ഗുഹയിലാണ് ഇസ്ലാമിന്റെയും പ്രവാചകന്റെയും മുഖ്യശത്രുവായിരുന്ന
അബൂജഹലിന്റെയും കൂട്ടരുടെയും കണ്ണില്‍ പെടാതെ ഹബീബായ നബി(സ) ഒളിച്ചിരുന്നത്.
ശത്രുക്കളുടെ ഉപദ്രവം അതിന്റെ ആധിക്യത്തിലെത്തിയപ്പോള് സഹിക്ക വയ്യാതെ മദീനയിലേക്കുള്ള പാലായനത്തിനിടെയായിരുന്നു ഇത്.
മൂന്ന് ദിവസം ഈ ഗുഹയിലാണ് പ്രവാചകനും സഹയാത്രികന് അബൂബക്കര്‍ സിദ്ധീഖും അഭയം തേടിയത്. നബി(സ)യെ പിടിച്ചെത്തിക്കുന്നവര്ക്ക് നൂറു ഒട്ടകങ്ങളെ ഇനാം നല്‍കാമെന്ന് ശത്രുക്കള്‍ പ്രഖ്യാപനം ചെയ്തു. അവര്‍ സാധ്യതയുള്ള എല്ലാഭാഗങ്ങളും അരിച്ചുപെറുക്കി.അവസാനം മലയുടെ ഉച്ചിയിലുള്ള ഈ ഗുഹാമുഖത്തെത്തി.ഗുഹാകവാടത്തില്‍ ചിലന്തിവലകെട്ടിയതും ചെടികളും അടയിരിക്കുന്ന അരിപ്രാവുകളെയും കണ്ടപ്പോള്‍ ഇവിടെയൊന്നും മനുഷ്യ പെരുമാറ്റമില്ലെന്നവര്ക്ക് തോന്നി.
അല്ലാഹു ഒരുക്കി വെച്ച സംവിധാനങ്ങള്‍ കണ്ട് ആള് താമസമില്ലെന്ന നിഗമനത്തില്‍ അവര്‍ ഗുഹയിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോവുകയായിരുന്നു.
നീണ്ടകാലം ജീവിതസന്ധാരണത്തിനുള്ള വകകണ്ടെത്തി ഈ പുണ്യ നാട്ടിലുണ്ടായിട്ടും ഇസ്ലാമിന്റെ പുകള്‍പെറ്റ പവിത്രമായ സ്മരണികകളൊക്കെ കാണാനും സ്പര്‍ശിക്കാനും ഞാന്‍ കാണിച്ച അലസതയെ ഓര്‍ത്ത് ഇവിടം കണ്ട് തിരിച്ച് പോരുമ്പോള്‍
എന്മനം തപിക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ത്വര നാം കാണിക്കേണ്ടതുണ്ട്.
നബി ദീനിനുവേണ്ടി അനുഭവിച്ച ത്യാഗങ്ങളുടെ കഠിനത മനസ്സിലാക്കാനും അതിലൊരു അൽപാംശമെങ്കിലും അനുഭവഭേദ്യമാകണമെങ്കിലും ഈ പര്‍വ്വതം കയറിയാല്‍ മാത്രം മതി എന്നത് ഈയുള്ളവന്റെ അനുഭവ സാക്ഷ്യം ഇവിടെ കുറിക്കുന്നു. നാട്ടില്‍ നിന്നും സൗദി സന്ദര്‍ശനത്തിനും പരിശുദ്ധ ഉംറ നിര്വ്വഹിക്കുവാനുമായെത്തിയ എന്റെ ജ്യേഷ്ഠനും ഇവിടെ പ്രവാസജീവിതം നയിക്കുന്ന മറ്റു കുടുംബാഗങ്ങളുടെയും കൂടെയാണ് ഇപ്പോള്‍ അവസരം ഒത്തുകിട്ടിയത്.
കാരുണ്യത്തിന്റെ പ്രവാചകന്റെ തിരു കാല്പാടുകള് പതിഞ്ഞ മണ്ണിലൂടെയുള്ള യാത്രതന്നെ വല്ലാത്തൊരു അനുഭൂതിയാണ് ഉളവാക്കിയത്.
-എന്‍ കെ മൊയ്തീന് ചേറൂര്

















