2012 നവംബർ 29, വ്യാഴാഴ്‌ച

എന്റെ ജുമാമസ്ജിദ്(ചേറൂര്‍,മുതുവിൽകുണ്ട്)

                                                                    
            1984 ലാണ് എന്റെ ഗ്രാമത്തിലെ പള്ളി(ദാറുസലാം ജുമാമസ്ജിദ്) സ്ഥാപിതമാകുന്നത്.
285 ലേറെ വീടുകളെ പ്രതിനിധീകരിക്കുന്ന മുതുവില്‍കുണ്ട് മഹല്ല് നിലവില്‍ വരുന്നത് വരെ ചേറൂര്‍
ടൗണിനടുത്തുള്ള ഏറെ പഴക്കംചെന്ന ചേറൂര്‍ വലിയ ജുമാമസ്ജിദായിരുന്നു ഞങ്ങളുടെ മഹല്ല് ജുമുഅത്ത് പള്ളി.
ജനബാഹുല്യവും സൌകര്യവും കണക്കിലെടുത്ത് മുതുവില്‍ കുണ്ട് കേന്ദ്രീകരിച്ച് മഹല്ല് ജുമാമസ്ജിദ് എന്ന ആശയം 1980-ന്‍റെ മുമ്പ് തന്നെ പ്രദേശവാസികളില്‍ നിന്നുയരാന്‍ തുടങ്ങി.
എങ്കിലും സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക എന്നത് തുടക്കത്തില്‍ തന്നെ വിലങ്ങുതടിയായി. സാഹചര്യത്തില്‍ പ്രദേശത്തുകാര്‍ ഇവിടെ
ജനിച്ചു വളര്‍ന്ന്‍, പില്‍ക്കാലത്ത്എടത്തനാട്ടുകരയിലേക്ക് സ്ഥിര
താമസമാക്കിയ ഇവിടുത്തെ പുരാതന കുടുംബത്തിലെ(നാത്താന്‍ കോടന്‍) കാരണവരും ഖുര്‍ആന്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രമുഖ പണ്ഡിതനും
എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമയ സി എന്‍ അഹമദ്‌ മൌലവിയുടെ (സി എന്‍ എന്നത് ചേറൂര്‍ നാത്താന്‍ കോടന്‍ എന്നാണെന്നത്
പുതു തലമുറക്ക് വേണ്ടി ഇവിടെ കുറിക്കട്ടെ) ശ്രദ്ധയിലേക്ക് അദ്ദേഹത്തിന്‍റെ ഇവിടുത്തെ കുടുംബാംഗങ്ങള്‍
മുഖേനെ അറിയിക്കുകയും തന്റെ രക്തബന്ധങ്ങളുടെ അഭ്യര്‍ത്ഥനക്കുമുന്നില്‍ ആകൃഷ്ടനായി ജന്മ ദേശത്ത് പള്ളിസ്ഥാപിക്കുക എന്ന നന്മയുടെ ദൗത്യത്തിനുവേണ്ടി പ്രായാധിക്യ
സഹജമായ ശാരീരിക പ്രതിബന്ധങ്ങളെ തൃണവല്‍ഗണിച്ച് തിരക്കുപിടിച്ച ജീവിതത്തിനിടയിലും ദീര്‍ഘദൂരം സഞ്ചരിച്ച്,ചുമതലാ ബോധത്തോടെ
അദ്ദേഹം ഇതിനു വേണ്ടി മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറായി.പക്ഷെ പള്ളിക്കും അനുബന്ധ ഖബര്‍സ്ഥാനും വേണ്ട സ്ഥലമൊരുക്കാന്‍ വീണ്ടും വിഷമിച്ചു. സാഹചര്യത്തില്‍ അദ്ദേഹം മറുത്തൊന്നും ചിന്തിക്കാതെ അദ്ദേഹത്തിനും
മറ്റുകുടുംബാംഗങ്ങള്‍ക്കും
അവകാശപ്പെട്ട ഒത്ത സൌകര്യങ്ങളോടെയുള്ളയിടത്തെ
     ((( പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു)))
=================================================================
ഭൂമി പള്ളിസ്ഥാപിക്കാനായി ദാനമായി നല്‍കി പ്രദേശത്തുകാരുടെ
അഭിലാഷം സഫലീകൃതമാക്കി.
 തുടര്‍ന്ന്‍ ധൃതഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്
നാട്ടിലെ കാരണവന്മാരോടൊപ്പം ചേര്‍ന്ന്‍ പ്രദേശ വാസികളായ ചെറുപ്പക്കാരും യുവാക്കളും ഒത്തൊരുമിച്ച് അക്ഷീണ പ്രവര്‍ത്തനത്തിലൂടെ ഭാഗവാക്കായി.നിര്‍മ്മാണത്തിനാവശ്യമായ സിമന്റും മണലും മരവുമൊക്കെ നല്‍കിയും മറ്റുമായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഒത്തൊരുമയോടെ ഇതിനുണ്ടായി.
പള്ളിയുടെ നിര്‍മ്മാണത്തിനായി സാമ്പത്തികമായും ശാരീരികമായും മറ്റും രാപ്പകല്‍ ഭേദമന്യേ ഇവിടുത്തെ കാരണവന്മാര്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചു.
അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു മേലാടത്തില്‍ ഹസ്സന്‍ ഹാജി. പള്ളിയുടെ പണി പൂര്‍ത്തീകരണത്തിലെത്തി നില്‍ക്കെയുണ്ടായ അദ്ദേഹത്തിന്‍റെ വേര്‍പ്പാട് നാട്ടിൽ ദുഃഖത്തിന്റെ കരിനിഴല്‍
വീഴ്ത്തി.അദ്ദേഹത്തിന്‍റെ  അന്ത്യാഭിലാഷം പോലെ ത്തന്നെ   പള്ളി കബര്‍സ്ഥാനില്‍ തന്നെ  മറവ് ചെയ്തു.അവരുടെ പാരത്രിക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ .
നാഥന്‍റെ അനുഗ്രഹത്താല്‍ സമൂഹം രാവും പകലും കര്‍മ്മോത്സുകരായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി തലയുയര്‍ത്തിനില്‍ക്കുന്ന ഒരു ദൈവ ഭവനം പ്രാര്‍ത്ഥനക്ക് സജ്ജമാക്കിയെടുത്തു.മഹല്ലുകാരെ പെരുത്ത് സന്തോഷത്തിലാഴ്ത്തി കൊണ്ട് 27.12.1984ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പള്ളിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി എന്‍ അഹ്മദ് മൌലവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മഹത്തായ ചടങ്ങില്‍ ചാക്കീരി അഹ്മദ് കുട്ടി സാഹിബ്,പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.മഹല്ല് കാരണവര്‍ അഹ്മദ് സാഹിബ് സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ ഉള്‍നാടന്‍ ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിതരാണോദ്ഘാടനവും ഇതിനോടനുബന്ധിച്ചായിരുന്നു നടന്നത്.


  ((( സി എന്‍ അഹമ്മദ് മൌലവി അദ്ധ്യക്ഷപ്രസംഗം നടത്തുന്നു)))
==============================================================

തിരൂര്‍ ഇലക്ട്രിസിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
         പള്ളിക്ക് ദാറുസലാം ജുമാമസ്ജിദ്‌ എന്ന്‍ പേര് നല്‍കിയതും വെള്ളിയാഴ്ചകളില്‍ ജുമുഅ ഖുതുബക്ക് മുമ്പായി ഇമാമിന്‍റെ ബോധവല്‍ക്കരണ പ്രഭാഷണം എന്ന രീതി കൊണ്ടുവന്നതും
സി എന്‍ മൌലവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു.
മഹാന്റെ അശ്രാന്ത പരിശ്രമം ഇതിനുപിന്നില്ലായിരുന്നുവെങ്കില്‍ ഇത്രയും
സൌകര്യ പ്രദമായ, കണ്ണായ സ്ഥലത്ത് ഇവിടെ പള്ളി സ്ഥാപിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നത് അവിതര്‍ക്കിതമാണ്. ജനിച്ചു വളര്‍ന്ന കൊച്ചു ഗ്രാമത്തിനു വേണ്ടി,ഞങ്ങളുടെ മഹല്ലിനുവേണ്ടി നിര്‍വിഘ്നം നിറവേറ്റിത്തന്ന്‍ കാലയവനികക്കുള്ളിലേക്ക്‌ മറഞ്ഞ മഹാന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
പള്ളിയങ്കണത്തിലെ പച്ചപിടിച്ച് നില്‍ക്കുന്ന മൈലാഞ്ചി ചെടികൾക്ക് ചോട്ടില്‍ വേര്‍പിരിയലിന്റെ സാമീപ്യം ദുഃഖസൂചകമായി വിളിച്ചോതുന്ന മീസാന്‍ കല്ലുകള്‍ക്ക്  താഴെ
ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച്
ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച്
ഞങ്ങളെ പോറ്റി വളര്‍ത്തി
പല പല സ്ഥാനങ്ങളിലെത്തിച്ച് വിട പറഞ്ഞ സ്നേഹ വാത്സല്യനിധികളായ ഞങ്ങളുടെ മാതാപിതാക്കള്‍

(((നാട്ടു കാരണവര്‍ അഹ്മദ് സാഹിബ് സ്വാഗതപ്രസംഗം നടത്തുന്നു)))===============================================================================
(((ഉദ്ഘാടന ചടങ്ങിനിടെ.പാണക്കാട് സയ്യിദ് മുഹമ്മദലിശിഹാബ് തങ്ങള്‍,
സി എന്‍ അഹമ്മദ് മൌലവി,ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്,അഹമ്മദ് സാഹിബ് തുടങ്ങിയവര്‍)))
=============================================================
മക്കള്‍ സഹോദരീ സഹോദരന്മാര്‍ ബന്ധുമിത്രാതികള്‍ അന്ത്യവിശ്രമം കൊള്ളുന്നു.
നാഥാ, നിന്‍റെ അനുഗ്രഹം അവരില്‍ ചൊരിയേണമേ.
  തന്റെ പൊക്കിള്‍ കൊടിഅലിഞ്ഞുചേര്‍ന്ന,തന്റെ പാദസ്പര്‍ശമേറ്റ മണ്ണിലെ ജനങ്ങള്‍ക്ക് വേണ്ടി ദിവ്യപ്രഭ ചൊരിയുന്ന,ദൈവബോധത്തിന്റെ പാരമ്യത തുടികൊള്ളുന്ന വിശുദ്ധിയുടെ
ഗോപുരം ഉയര്‍ത്തികൊണ്ടുവരാന്‍ സി എന്‍ വഹിച്ച പങ്ക് അനിഷേധ്യമാംവിധം സുവിദിതമാണ്.മുതുവില്കുണ്ട് ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന് കേരളം മുഴുക്കെ
വിജ്ഞാനത്തിന്റെ പ്രഭപരത്തി ഇസ്ലാമിക ധൈഷണികമണ്ഡലത്തെ ഈടുറ്റഇച്ഛാശക്തിയോടെ പ്രോജ്ജ്വലമാക്കിയ മഹാ പണ്ഡിതന്‍ എന്നെന്നും ഞങ്ങളുടെ സ്മരണകളില്‍ നിലനില്‍ക്കും.

                          -എന്‍ കെ മൊയ്തീന്‍, ചേറൂര്‍

2012 നവംബർ 6, ചൊവ്വാഴ്ച

***കുടക്കല്ല്***


                                                    "കുടക്കല്ല്"

                                           =================

പഴയകാലത്തിന്റെ ശേഷിപ്പായ ഈ കുടക്കല്ല് കൊണ്ടോട്ടി കൊളപ്പുറംറൂട്ടില്‍ കുന്നുംപുറത്തുള്ളതാണ്. അതുവഴിപോയപ്പോള്‍എന്‍റെ മൊബൈലില്‍ പകര്‍ത്തിയതാണിത് .
മഹാശിലായുഗത്തില്‍ നാടുവാഴികളുടെയും മറ്റ് പ്രധാനികളുടെയും മൃതദേഹം അടക്കം ചെയ്തിരുന്നതിന് മുകളിലായി അവരുടെ സ്മാരകങ്ങളായാണ് കുടക്കല്ലുകള്‍
സ്ഥാപിച്ചിരിക്കുന്നതെന്നാണ് ചരിത്രം. റോഡരികില്‍ ഉള്ള ഈ കുടക്കല്ലിന്റെ ഒരുഭാഗം സ്വകാര്യവ്യക്തി മതില്‍കെട്ടിനുള്ളിലാക്കിമറച്ചിരിക്കുന്നതിനാല്‍ മുഴുവനായി കാണാന്‍സാധ്യമല്ല.
ഉള്ളത് തന്നെ യാതൊരു സംരക്ഷനവുമില്ലാതെ പുല്ചെടികളും കാടുംമൂടി ക്കിടക്കുന്നു. തികഞ്ഞ അവഗണനയാണീ മഹാശിലായുഗചരിത്ര സ്മാരകത്തോട് പുരാവസ്തു
വിഭാഗമടക്കമുള്ള അധികൃതരുടെ ഭാഗത്ത്നിന്നും കാണിക്കുന്നത്. പോയ കാലത്തിന്റെ ചരിത്രരേഖകളായ ഇതു പോലുള്ള വിലപ്പെട്ട ശേഷിപ്പുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍
സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
                                                       
                                                   **കുടക്കല്ല് ശുചീകരിച്ചു**

                                           ================================
കൊണ്ടോട്ടി കൊളപ്പുറം റൂട്ടില്‍ കുന്നുംപുറത്തിന്റെ പാതയോരത്തായി സ്ഥിതി ചെയ്യുന്ന പ്രാചീനകാലകാലത്തിന്റെ ശേഷിപ്പായ ഈ കുടക്കല്ല് യാതൊരു സംരക്ഷണവുമില്ലാതെ കാടു മൂടിക്കിടന്നു
നാശത്തിന്റെ വക്കിലെത്തിയിരുന്ന ഈ ശിലായുഗസ്മാരകത്തിന്റെ അവസ്ഥ
                                                                        
ഇതു വഴിയുള്ള യാത്രക്കിടെ എന്റെ ദൃഷ്ടിയില്‍പെടുകയും അത് ഞാനെന്റെ ബ്ലോഗിലും മുഖപുസ്തകത്തിലും പ്രസിദ്ധീകരിക്കുകയും കൂടാതെ മറ്റു പ്രമുഖരുടെ പേജിലേക്കു പങ്കുവെക്കുകയും ചെയ്തിരുന്നു.
അതേ തുടര്‍ന്ന്‍ ഏറെ നല്ല പ്രതികരണങ്ങള്‍ ലഭിക്കുകയും ചര്‍ച്ച്ചക്കിടവരുത്തുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം (21 12 2012 )ന് വീണ്ടും
അതുവഴിയുള്ള യാത്രക്കിടെ ഞാന്‍ കണ്ട കാഴ്ചയാണിത്‌.
ഈ ചരിത്ര ശേഷിപ്പ് ജി എച്ച് എസ് എസ് പെരുവള്ളൂരിലെ ഹെറിറ്റേജ് ക്ലബ്ബ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ കാടും പുല്ലും വെട്ടി ശുചീകരിച്ചിരിക്കുന്നു. സമീപത്തായി ബോര്‍ഡും
സ്ഥാപിച്ച് ഈ വിദ്യാര്‍ത്ഥികള്‍ മാതൃക കാട്ടിയിരിക്കയാണ്. പുരാരേഖാ വകുപ്പിന്റെ ഹെറിറ്റേജ് ക്ലബ്ബുകളുടെ
പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ 20011ലെയും 2012ലെയും സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത് മലപ്പുറം ജില്ലയിലെ പെരുവള്ളൂരിലെ ഈ സ്കൂളിനായിരുന്നു. പോയ
കാലത്തിന്റെപൈതൃകങ്ങളെ വരും തലമുറക്ക് വേണ്ടി കാത്തു സൂക്ഷിക്കാന്‍ സന്നദ്ധരായി മുന്നിട്ടിറങ്ങിയ ഈ വിദ്യാര്‍ത്ഥി കൂട്ടായ്മയെ പ്രകീര്‍ത്തിക്കുന്നു.
കാലം ബാക്കിവെച്ച് പോയ ശേഷിപ്പുകള്‍ അപ്രത്യക്ഷമാക്കാതെ തലമുറകളിലൂടെ നിലനിര്‍ത്തിപോകേണ്ടതുണ്ട്.പോയകാലത്തിന്റെ സമ്പന്നമായ പൈതൃകം അടയാളപ്പെടുത്തിയ
ഇങ്ങനെയുള്ള സ്മാരകങ്ങള്‍
മലബാറില്‍ പല ഭാഗങ്ങളിലും സംരക്ഷണം കിട്ടാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്.പാഠ്യേതര പ്രവര്‍ത്തനമായി ഇത്തരം ചരിത്ര പൈതൃക സംരക്ഷണത്തിനായി കര്‍മോത്സുകരായി മുന്നിട്ടിറങ്ങുന്ന
കുട്ടികള്‍ പല വിദ്യാലയങ്ങളിലുമുണ്ട്.അവരെയെല്ലാം ഒരുമിപ്പിച്ച് നാടിന്റെ പഴമയുടെ കഥപറുന്ന ഇങ്ങനെയുള്ള അമൂല്യമായ പൈതൃകവും ചരിത്ര നിര്‍മിതികളുമായ പുരാവസ്തുക്കളും
പുരാരേഖകളുമൊക്കെ സംരക്ഷിക്കുക എന്ന ഒരു വലിയ
ലക്‌ഷ്യം നമുക്ക് ഇവരിലൂടെയും സാധിപ്പിച്ചെടുക്കാന്‍ കഴിയും.

2012 ഒക്‌ടോബർ 25, വ്യാഴാഴ്‌ച

***ബലിപെരുന്നാള്‍ ആശംസകള്‍***

'അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബര്‍….

ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ …..
അല്ലാഹു അക്ബറു വലില്ലാഹില് ഹമദ്……' 
ആത്മസമര്‍പ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും സ്നേഹത്തിന്റെയും സുരഭിലമായ സ്മരണകളുണര്‍ത്തിക്കൊണ്ട്
മഹിയാകെ അലയടിച്ചുയരുന്ന തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ  അന്തരീക്ഷത്തില്‍ 
ഒരു  ബലിപെരുന്നാള്‍ കൂടി  വന്നെത്തി.
ഇബ്രാഹീം നബിയുടെയും ഇസ്മായീല്‍ നബിയുടെയും ഹാജറാബീവിയുടെയും ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കുന്ന
അനശ്വരമായ  സുദിനം. ഈ ദിനത്തിന്റെ   സ്മരണ എന്നും നിലനിര്‍ത്താന്‍ നമുക്ക് സാധിക്കട്ടെ.
ഈ പുണ്യദിനം ജാതി മത ഭേദമന്യേ പരസ്പര  സാഹോദര്യത്തിലും  സ്നേഹത്തിലും അധിഷ്ടിതമായ ഒരു പുത്തന്‍ പുലരി നമുക്ക് പ്രധാനം ചെയ്യട്ടെ എന്ന്‍ ആശിക്കുന്നു.
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഊഷ്മളമായ ബലിപെരുന്നാള്‍ ആശംസകള്‍...

2012 ഒക്‌ടോബർ 18, വ്യാഴാഴ്‌ച

***അബ്ദുള്ള നീലാഞ്ചേരിയോടൊപ്പം***



 
എന്റെ സുഹൃത്തും എഴുത്തുകാരനുമായ അബ്ദുള്ള നീലാഞ്ചേരിയോടൊപ്പം അദ്ദേഹത്തിന്‍റെ വസതിയില്‍ . ഉദരസംബന്ധമായ കടുത്ത രോഗം പിടിപെട്ട്   ഒന്‍പത് വര്‍ഷത്തോളമായി 
വിധി തളച്ചിട്ടിരിക്കയാണ്
സര്‍ഗ്ഗ സമ്പന്നനായ എന്റെ സുഹൃത്തിനെ . കഥ,കവിത,നോവല്‍,
ഗാനരചന എന്നിങ്ങനെ   ആനുകാലികങ്ങളില്‍ രചനകള്‍  പ്രസിദ്ധീകരിക്കുന്നു.നിര്‍ധനനായ,ടാപ്പിംഗ് തൊഴിലാളിയായിരുന്ന അബ്ദുള്ളയുടെ രോഗാവസ്ഥ അദ്ധ്വാനത്തെ  വിലങ്ങിടുകയും  നിത്യവൃത്തിക്ക് പോയിട്ട് മരുന്നിന്  പോലും നിവൃത്തിയില്ലാതെ ദുരിതക്കയത്തിലാക്കുകയും ചെയ്തു .  രോഗ പീഡകളാല്‍ തീക്ഷ്ണമായ
 വേദനയില്‍  ജീവിതം കരിന്തിരി കത്തുന്ന അവസ്ഥയിലും     മന:സ്ഥൈര്യം മാത്രം കരുത്താക്കി തൂലിക ചലിപ്പിക്കുന്നു ഈ സഹോദരന്‍.  
ജീവ കാരുണ്യപ്രവര്‍ത്തന  രംഗത്ത് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന
കരുവാരക്കുണ്ട് പാലിയേറ്റീവ് ക്ലിനിക്കിന്റെ 
 ഉദാര മനസ്കരായ  
 പ്രവര്‍ത്തകരുടെ  സഹായത്തോടെ "നഷ്ട സ്വര്‍ഗ്ഗംഎന്ന പേരില്‍  കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു.
ജീവിതാവസ്ഥയില്‍ നിന്നുള്ള  കണ്ണീരിന്റെ ഉപ്പ്  കനിഞ്ഞിറങ്ങുന്ന വരികളാണ് അദ്ദേഹത്തിന്‍റെ   മിക്ക രചനകളിലും
അദ്ദേഹത്തിന്‍റെ പക്കല്‍ പ്രസിദ്ധീകരിക്കാത്ത കവിതകള്‍ കഥകള്‍ നോവലുകളുമൊക്കെയുണ്ട് പ്രസാധകരെ കാത്തിരിക്കുന്നുണ്ട് .
എഴുത്തിലൂടെ ഉണ്ടാക്കിയെടുത്ത സൗഹൃദബന്ധമാണ് ഞങ്ങള്‍ തമ്മില്‍.
  ആദ്യമായി   അറിയുന്നത് സെബാസ്റ്റ്യന്‍ വലിയകാല എഡിറ്ററായുള്ള മലപ്പുറത്ത് നിന്ന്‍ പ്രസിദ്ധീകരിക്കുന്ന മലപ്പുറം മാസികയില്‍
 അദ്ദേഹം തന്‍റെ
ദയനീയാവസ്ഥയില്‍ കുറിച്ചിട്ട ഒരു കവിത വായിക്കാനിടയായതിനെതുടര്‍ന്നാണ്.
ദൈനം ദിന മരുന്നുകളുടെയും ചികിത്സയുടെയും ആശ്രയമില്ലാതെ ജീവിക്കാന്‍ പറ്റാത്ത ,ഒരിക്കല്‍ കടന്നുവന്ന രോഗം പടിയിറങ്ങി പോകാതെ ദീര്‍ഘ ചികിത്സയിലായവരുടെ പട്ടികയിലായി എന്റെ  സുഹൃത്തും.   രോഗം ഈയിടെ മൂര്‍ച്ചിച്ച് അബോധാവസ്ഥയില്‍ വരെയായി.  അദ്ദേഹത്തിന്‍റെ പക്കല്‍ പ്രസിദ്ധീകരിക്കാത്ത ഒരു പാട് കവിതകള്‍ കഥകള്‍ നോവലുമൊക്കെയുണ്ടെന്നറിഞ്ഞപ്പോള്‍ അതൊക്കെ എന്ത്കൊണ്ട് ആനുകാലികങ്ങളിലോ 
മറ്റോ പ്രസിദ്ധീകരണങ്ങളിലെത്തിക്കാത്ത
തെന്തെന്നാരാഞ്ഞപ്പോള്‍
 ഉപജീവനത്തിനുപോലും വകയില്ലാത്ത
ഞാനെങ്ങനെ ഇതൊക്കെ പ്രസിദ്ധീകരണങ്ങളിലെത്തിക്കും എന്ന മറുപടിക്കു മുമ്പില്‍ മനസ് ഇടറി.വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍ കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ  അബ്ദുള്ളയുടെ പരിതാപകരമായ അവസ്ഥ കണ്ടും കേട്ടും ചില സുമനസുകള്‍ നീട്ടുന്ന   സഹായ ഹസ്തങ്ങളാണ് ജീവസന്ധാരണം.

2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഗാന്ധിജയന്തി ദിനാശംസകള്‍


              
ഇന്ന്‍
  ഒക്ടോബര്‍  രണ്ട്ഗാന്ധി ജയന്തി  ദിനം .ഇന്ത്യാ  രാജ്യത്തിന്റെ  സ്വാതന്ത്ര്യത്തിനായി ജീവിതം മുഴുവന്‍ അര്‍പ്പിച്ച നമ്മുടെ  മഹാനായ    രാഷ്ട്രപിതാവിന്‍റെ ഓര്‍മ്മക്കായുള്ള ദിനം.
സമൂഹത്തിലെ   ഓരോ  വ്യക്തിയുടെയും  
സര്‍വ്വോത്കൃഷ്ടമായ ഉയര്‍ച്ചയ്ക്കും  വികാസത്തിനും  ആവശ്യമായ  സത്യവും 
 വെളിച്ചവും  ഏവര്‍ക്കും  നല്കാന്‍  പ്രവര്‍ത്തിച്ച 
 ആധുനികനായ  ഏക രാഷ്ട്രീയനേതാവും  ആചാര്യനും ഗാന്ധിജി  മാത്രമാണ് .ഇതര  രാഷ്ട്ര  ശില്‍പികളില്‍  നിന്നും  രാഷ്ട്ര  നേതാക്കളില്‍നിന്നും   
മഹാത്മജിയെ  വേര്‍തിരിച്ചു  നിര്‍ത്തുന്ന  ഘടകം  സത്യത്തിലും  അഹിംസയിലുമുള്ള ഗാന്ധിജിയുടെ  അടിയുറച്ച  വിശ്വാസവും  നിലപാടും  അര്‍പ്പ ണവുമാണ്  .സദാ ,ഗ്രഹ  എന്നീ  പദങ്ങള്‍  സമന്വയിപ്പിച്ചുണ്ടായ  സത്യാഗ്രഹത്തിലൂടെ  കഴിയാത്തതില്ലെന്ന്‍ മഹാത്മജി  നമ്മെ  പഠിപ്പിച്ചു .
 കഠിനമായ പ്രതിസന്ധി  ഘട്ടങ്ങളിലും അടിപതറാതെ മൂല്യങ്ങള്‍ക്ക്   വേണ്ടിബാപ്പുജി  പ്രവര്‍ത്തിച്ചു എന്നത് ഏറ്റവും ശ്രദ്ധേയമാണ്.
"ഗിരി  നിരകളോളം  പഴക്കമുള്ള  സത്യവും  അഹിംസയും 
 അല്ലാതെ  പുതിയതായൊന്നും  എനിക്ക്  ലോകത്തെ  പഠിപ്പിക്കുവാനില്ല"  - ഗാന്ധിസൂക്തം .
നമുക്ക്    മഹാത്മജിയിലെക്ക്  മടങ്ങാം  .  ദിനം  ആമഹാന്റെ  കാലടികള്‍  പിന്തുടരാനുള്ള  പ്രചോദനമാകട്ടെ .
രഘുപതി രാഘവ രാജാറാം
പതിത പാവന സീതാറാം
ഈശ്വര അള്ളാ തേരേ നാം
സബ്കോ സന്‍മതി ദേ ഭഗവന്‍
മന്ദിര് മസ്ജിദ് തേരേ ധാം
സബ്കോ ജന്മ ദിയാ ഭഗവാന്‍…..
എല്ലാ  ഭാരതീയര്‍ക്കും  എന്റെ ഗാന്ധി ജയന്തി   ദിനാശംസകള്‍ ........
        
  - എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2012 സെപ്റ്റംബർ 30, ഞായറാഴ്‌ച

***എന്‍റെ കൃഷിയിടത്തില്‍ നിന്ന്‍ ***

****** (കപ്പ ) ******
===================


 കേരളത്തില്‍ പലഭാഗങ്ങളിലും വ്യത്യസ്ത പേരുകളിലാണിത് അറിയപ്പെടുന്നത്.കപ്പ, കപ്പക്കിഴങ്ങ്,മരച്ചീനി,പൂളക്കിഴങ്ങ്,
കൊള്ളിക്കിഴങ്ങ്.ഇതിന്‍റെ
ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta).അങ്ങിനെ എന്ത് വിളിച്ചാലും സ്വാദ് അപാരം തന്നെ.
വേവിച്ചെടുത്ത് വെളിച്ചെണ്ണയില്‍   മുളകും ചെറുഉള്ളിയും കടുകും ഉപ്പ് കറിവേപ്പില ഇങ്ങനെയുള്ള    ചേരുവകളൊക്കെ  ചേര്‍ത്ത് ചൂടാക്കി ഒന്ന്‍ കശക്കിയെടുത്താല്‍ എന്തൊരു  സ്വാദ്.  പിന്നെ കപ്പയും മീനും .ഹോ... കപ്പകൊണ്ട് അങ്ങിനെ പിന്നെ
എന്തെല്ലാം . വായില്‍ കപ്പലോട്ടാനുള്ള വെള്ളം . പണ്ടക്കും പണ്ടേ ഇത്ത്യാദി വിളകളൊക്കെ കൃഷിചെയ്യുന്നത് കൊണ്ട് ഇതൊക്കെ സുഭിക്ഷമായി ഭക്ഷിക്കുന്ന
കൂട്ടത്തിലാണ് ഞാന്‍.പ്രവാസജീവിതത്തിനിടയില്‍ കിട്ടുന്ന അവധിക്ക് നാട്ടിലെത്തുമ്പോള്‍
എന്റെ ഇഷ്ട  ഭക്ഷണവും കിഴങ്ങ് പച്ചക്കറിഇലവര്‍ഗ്ഗങ്ങളൊക്കെത്തന്നെ.പരമ്പരാഗത കര്‍ഷകരായ ഞങ്ങള്‍ പണ്ടത്തെപ്പോലെയില്ലെങ്കിലും മണ്ണില്‍ വിളയിക്കല്‍ പ്രക്രിയ മുടങ്ങാതെ ചെയ്യുന്നുണ്ട് .അത് കൊണ്ട് തന്നെ വിഷമുക്തമായ തികച്ചും പ്രകൃതിദത്തമായി വളര്‍ന്ന്‍ വിളവെടുക്കുന്ന പച്ചക്കറി ഇനങ്ങള്‍ സുലഭം.

 ******* (തുളസി) *******
==========================







                  
കാലങ്ങളായി തൊടിയില്‍
പലേടത്തായി ഔഷധച്ചെടിയായി തുളസിയെ നട്ടുവളര്‍ത്തുന്നു.
നിരവധി മനുഷ്യനാവശ്യമായ ഔഷധ മൂല്യങ്ങള് തുളസിയിലുണ്ട്.
അത്കൊണ്ട് തന്നെ കുടുംബത്തില്‍ ഒരുപാട് ഉപകരിക്കാറുമുണ്ട്.
പനി,ജലദോഷം,കഫക്കെട്ട്,രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗശമനത്തിന്
ഉപകരിക്കുന്ന ഒരു ഔഷധകലവറയാണ് തുളസി. ചുരുക്കിപ്പറഞ്ഞാല്‍
വീട്ടുവളപ്പിലെ ഒരു കൊച്ചു വൈദ്യന്‍ തന്നെ. ഇതിനായി പ്രത്യേക മുടക്കൊന്നുമില്ലല്ലോ .അവനവന്‍റെ വീടിന്റെ പരിസരങ്ങളില്‍ തന്നെ ഈ ഔഷധസസ്യം നട്ടുവളര്‍ത്താം.ഐശ്വര്യവും കിട്ടും.
തുളസിയില്ലാത്ത് വീടിന് ഐശ്വര്യമില്ലെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
ഹൈന്ദവ മത വിശ്വാസികള്‍ക്ക് തുളസി ഈശ്വര ഭക്തിയുടെ ഭാഗം കൂടിയാണ്.
രാവിലെ കുളിച്ച് തുളസീതീര്‍ത്ഥം സേവിച്ചതിന് ശേഷമേ ജലപാനം പോലും നടത്താറുള്ളൂ മുമ്പൊക്കെ.
ഇതിന്‍റെ ശാസ്ത്രീയ നാമം (Ocimum tenuiflorum)


           
                    ***തെച്ചി***
      ===========================

ഇത് എന്റെ വീട്ടുതൊടിയിലെ തെച്ചിപൂചെടി .
പടര്‍ന്ന്‍ പന്തലിച്ച് വളരുന്ന ഈ അലങ്കാര കുറ്റിചെടി എന്റെ വീട്ടുപറമ്പില്‍ റോഡിന് ഇരു വശവും നട്ടു വളര്‍ത്തിയിട്ടുണ്ട്.
ചെത്തി,തെറ്റി എന്നിങ്ങനെയും ഈ പുഷ്പ സസ്യത്തെ കേരളീയര്‍ വിളിച്ചു...വരുന്നു.
തെച്ചി പലനിറങ്ങളിലുള്ളവയുണ്ടെങ്കിലും ചുവന്ന നിറമുള്ളവയാണ് ഇവിടെയുള്ളതും ,കൂടുതലായി കണ്ടുവരുന്നതും ഈ ഇനങ്ങളാണ് .ഏറെ ഔഷധഗുണമുള്ള തെച്ചിച്ചെടിയുടെ
പൂവും കായും വേരും ഇലയുമൊക്കെ പലവിധ രോഗ ശമനത്തിനായി കഷായത്തില്‍ ഉപയോഗിക്കുന്നുണ്ട്.
ഹൈന്ദവവിശ്വാസികള്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് തെച്ചിപ്പൂക്കള്‍ ഉപയോഗിച്ച് വരുന്നുണ്ട്.
കാട്ടുതെച്ചിയും നാട്ടുതെച്ചിയുമുണ്ടെന്ന്‍ കേട്ടിട്ടുണ്ട്.

2012 സെപ്റ്റംബർ 19, ബുധനാഴ്‌ച

(ചെരുപ്പടി മലയില്‍ നിന്ന്‍,ഞാനെന്‍റെ ക്യാമറയില്‍ ഒപ്പിയെടുത്ത ദൃശ്യഭംഗി )

(ചെരുപ്പടി മലയില്‍ നിന്ന്‍,ഞാനെന്‍റെ ക്യാമറയില്‍ ഒപ്പിയെടുത്ത ദൃശ്യഭംഗി )

=================================================
പുല്‍മേടുകളും വയലേലകളും
തെങ്ങിന്‍ തോപ്പുകളും കുന്നുകളും പാറക്കൂട്ടങ്ങളും വെള്ളക്കെട്ടുകളും വൃക്ഷലതാദികളും എല്ലാം സമന്വയിച്ച് സമൃദ്ധമായ ഹരിതാഭയിലൂടെ
ഹൃദയവിഹായസ്സിലേക്ക് തഴുകിയെത്തുന്ന കുളിര്‍ക്കാറ്റ് നൽകുന്ന ആനന്ദം വിസ്മയനീയം തന്നെ.