2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച

***ബലി പെരുന്നാള്‍ ആശംസകള്‍***

'അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബര്‍….
ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ …..
അല്ലാഹു അക്ബറു വലില്ലാഹില്ഹംദ്  ……' 
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉണര്‍ത്തി ഒരു ബക്രീദ് കൂടി വന്നെത്തി.
ഇബ്രാഹിം നബിയുടെയും പത്നി ഹാജറബീവിയുടെയും പുത്രന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗോജ്ജ്വലമായ ജീവിത സ്മരണകള്‍ പുതുക്കുന്ന ദിനം .
പുതുവസ്ത്രമണിഞ്ഞും അത്തര്‍ പൂശി,
അനേകരുടെ കണ്ഠങ്ങളില്‍ നിന്നും കൂട്ടത്തോടെ ഉയരുന്ന 
തക്ബീര്‍ ഉരുവിടലിന്റെ ശബ്ദായമാനമായ അന്തരീക്ഷത്തില്‍ പള്ളിയിലെത്തി പെരുന്നാള്‍ നിസ്ക്കാരത്തില്‍ പങ്കെടുത്തിരുന്ന ആ പഴയകാല ഓര്‍മ്മകളാണ് സ്മൃതിപഥത്തിലെനിക്കിന്നും. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു പാട് ധന്യമായ ഓര്‍മ്മകള്‍.
നാട്ടില്‍ നിന്നും അകന്ന്‍ കഴിയുമ്പോഴും ഓരോ പെരുന്നാളും ആ പോയകാലത്തിന്റെ വസന്തശോഭയാര്‍ന്ന ധന്യസ്മൃതികളാണ് നല്‍കുന്നത്.
പരസ്പര സ്നേഹവും ആദരവും ബഹുമാനവുമൊക്കെ മുന്‍കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍  ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലമാണിന്ന്.
ഹൃദയത്തില്‍ നിന്നും മാഞ്ഞു കൊണ്ടിരിക്കുന്ന സഹാനുഭൂതിയും ആര്‍ദ്രതയും പരസ്പര സ്നേഹവും കാരുണ്യവും ഒക്കെ തിരികെ കൊണ്ട് വരാനും അതുവഴി പരസ്പര ബന്ധങ്ങള്‍ 
ഊട്ടിയുറപ്പിക്കാനും നമുക്ക് സാധിക്കട്ടെ.
വിദ്വേഷവും പകയും വെടിഞ്ഞു ഏകോദരസഹോദരങ്ങളെപ്പോലെ കഴിയാന്‍ നമുക്കീദിനവും അതിലെ ത്യാഗസ്മരണകളും ഉണര്‍ത്തട്ടെ.
സഹൃദയരായ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയാന്തരത്തില്‍ നിന്നും നേരുന്നു സന്തോഷത്തിന്റെ ബലി പെരുന്നാള്‍ ആശംസകള്‍.

2013 സെപ്റ്റംബർ 22, ഞായറാഴ്‌ച

***നിതാഖാത് തട്ടുകട***

                                                                   

നിതാഖാത്തില്‍
കുടുങ്ങി തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഒരു ഹതഭാഗ്യന്‍ തട്ടുകട തട്ടിക്കൂട്ടുന്ന ഫോട്ടോയാണിത്‌.
മലപ്പുറം ജില്ലയിലെവിടെയോ ആണെന്ന് തോന്നുന്നു.
ഫേസ്ബുക്കില്‍ ഒരു സുഹൃത്തിന്റെ വാള്ളില്‍  കണ്ടപ്പോള്‍ അതിട്ട് ബ്ലോഗില്‍  ഒരു പോസ്റ്റിടണമെന്നു തോന്നി.
സൌദിയിലെ ഈ തൊഴില്‍ നിയമത്തിന്റെ കുരുക്കില്‍ അകപ്പെട്ട് 
അനവധി കേരളീയര്‍ 
പിടിച്ചു നില്‍ക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാതെ നാടണഞ്ഞു കൊണ്ടിരിക്കുന്നു.
കുറെ പേര്‍ ഇളവ് കാലം ഉപയോഗപ്പെടുത്തി പദവി നേരെയാക്കുന്നതടക്കമുള്ള പ്രതിബന്ധങ്ങള്‍ നീക്കി ഇരിപ്പ് ഉറപ്പിച്ചും ഇനിയും ധാരാളം ആളുകള്‍
തിരിച്ചുപോകാന്‍ വേണ്ട രേഖകള്‍ ശരിയാക്കുന്ന പരക്കം പാച്ചിലിലും‍..
നാട്ടില്‍ തിരിച്ചെത്തുന്നവരില്‍ പലരും തനിക്കു നേരിട്ട ദുര്‍വിധിയോര്‍ത്ത് വിലപിച്ചു നില്‍ക്കാതെ , അതോര്‍ത്ത് വിഷാദിച്ചിരിക്കാതെ,
സര്‍ക്കാരിന്റെയോ മറ്റോ ഔദാര്യത്തിന് കാത്തു നില്‍ക്കാതെ ഇതുപോലെ സ്വയം പുനരധിവാസമൊരുക്കി ഉപജീവനത്തിനുള്ള വക കണ്ടെത്തുന്ന തത്രപ്പാടിലാണ്. ഹോട്ടല്‍, കൂള്‍ബാര്‍,തട്ടുകട ,
ചിക്കന്‍സ്റ്റാള്‍ ഇങ്ങനെ ചെറുകിടകടകള്‍ ധാരാളം കേരളത്തിലുടനീളം നിത്താഖാത്തിനിരയായവര്‍ സ്ഥാപിച്ചു കൊണ്ടിരിക്കയാണ്.എല്ലാം ദൈവനിശ്ചയം .അവനാണല്ലോ ജീവിത ഗതി വിഗതികള്‍ നിയന്ത്രിക്കുന്നത്.
ഈ പാവം പ്രവാസികളുടെയൊക്കെ കച്ചവടത്തില്‍ സര്‍വ്വശക്തന്‍ അഭിവൃദ്ധിനല്‍കട്ടെ.
ഗള്‍ഫിന്റെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും തകിടം മറിഞ്ഞ നിരവധി ദയനീയര്‍.
തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ അടിയന്തിരമായി ആവിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ വെറും പാഴ്വാക്കായി.എന്തിനേറെ തിരിച്ച് പോരുന്നവര്‍ക്ക് സൌജന്യ യാത്രാസൗകര്യം വരെ നല്‍കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ കബളിപ്പിക്കുകയാണ് ചെയ്തത്.മാത്രമല്ല എയര്‍ ഇന്ത്യ അതുവരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക്
പൊടുന്നനെ കുത്തനെ വര്‍ദ്ധിപ്പിച്ചു പ്രവാസികളോട് ശവത്തില്‍ കുത്തുന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തില്‍ ഇക്കാണുന്ന പുരോഗതി കൈവരിച്ചതില്‍ മുഖ്യപങ്ക് വഹിച്ചവരാണ് പ്രവാസികള്‍.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയ പ്രവാസികള്‍ക്ക് തിരിച്ചെത്തുമ്പോള്‍ പദ്ധതികള്‍ ഒരുക്കി അനുകമ്പയോടെ
സ്വീകരിക്കേണ്ട സര്‍ക്കാര്‍ അവരെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ദൈവ കരുണാ കടാക്ഷം കൊണ്ട് മാത്രം രക്ഷപ്പെട്ട ശേഷിക്കുന്നവര്‍ അടിക്കടി വന്നുകൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിന്റെ കര്‍ക്കശമായ മറ്റൊരു നിയമത്തിനുവിധേയരായി നാളെ നാട് പിടിക്കേണ്ടി വന്നേക്കാം .
ഭിക്ഷാദേഹിയെപ്പോലെ സര്‍ക്കാരിന്റെ മുമ്പില്‍ കൈനീട്ടാതെ അവര്‍ക്കും പറ്റാവുന്ന ഒരു തൊഴില്‍ നാട്ടില്‍ സ്വയം തിരഞ്ഞെടുത്ത് മന:സ്ഥൈര്യത്തോടെ

തുടര്‍ ജീവിതം മുന്നോട്ട് കൊണ്ട്പോകാന്‍ കരുത്തുണ്ടാവട്ടെ .

2013 ഓഗസ്റ്റ് 7, ബുധനാഴ്‌ച

**ചേറൂര്‍ വലിയ ജുമാമസ്ജിദും എന്റെ പെരുന്നാള്‍ ഓര്‍മ്മകളും **

     
വ്രതശുദ്ധിയുടെ,ത്യാഗപൂര്‍ണ്ണമായ ഒരുമാസകാലത്തെ ദിനരാത്രങ്ങള്‍ക്ക് വിടയേകിക്കൊണ്ട്  ശവ്വാലിന്റെ പൊന്നമ്പിളി മാനത്തുദിച്ചതോടെ സുന്ദര സുരഭില ദിനമായ ഈദിന്റെ സുദിനം ഇതാ വന്നണഞ്ഞു.
പുണ്യമാസത്തിന്റെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ദിനരാത്രങ്ങള്‍ക്ക് വിടചൊല്ലിക്കൊണ്ട് വന്നെത്തിയ ഈ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുമ്പോഴും എന്റെ ജീവിതം കടന്നുപോയ ഇന്നലെകളിലെ
 ശുഭകരമായ  ഓര്‍മ്മകളിലേക്ക് എന്റെ മനസ്സിനെ കൂട്ടിക്കൊണ്ടുപോകുന്നു.ആത്മവിശുദ്ധിയുടെ കൈവല്യത്തെ നമിച്ച് സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ ചിറകു വിടര്‍ത്തി
 മനസ്സില്‍ കുളിരേകി വന്നെത്തുന്ന ഓരോ റമസാനിലൂടെയും ഈദുല്‍ഫിത്തര്‍ലൂടെയും കടന്നുപോകുമ്പോഴും എന്റെ നാട്ടിലെ  ഈ ജുമാമസ്ജിദ്നെ ഇതിവൃത്തമാക്കിയുള്ള ദീപ്തമായ ഓര്‍മ്മകള്‍ എന്നില്‍ നിറയും.  ചേറൂര്‍ വലിയ ജുമാമസ്ജിദിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരുപാട്  പഴമയുടെ നഷ്ടഗന്ധം എന്നിലുളവാക്കുന്നു..1984-ല്  (മുതുവില്‍കുണ്ട് മഹല്‍ ജുമാമസ്ജിദ്സ്ഥാപിക്കുന്നത് വരെ
 )   എന്റെ  മഹല്‍ജുമാമസ്ജിദും ഇതായിരുന്നു.
     പോയകാലത്തിന്റെ സാക്ഷിമൊഴികളായി മിഹ്റാബും   മിംബറും  മച്ചും   ഒക്കെ വാസ്തുവിദ്യയുടെ കൊത്തുവേലകള്‍ കൊണ്ട് അലംകൃതമായിരുന്ന പള്ളിയകം.
 ഏതാനും വര്‍ഷങ്ങള്‍ മുമ്പ് പുനര്‍ നിര്‍മ്മാണം നടത്തുകവഴി പൌരാണികതക്ക്  മങ്ങലേറ്റു. എങ്കിലും പ്രദേശത്തെ ഏറെ പഴക്കം ചെന്ന ജുമാമസ്ജിദാണിത്.
ചേറൂര്‍  പ്രദേശത്തുകാര്‍ക്ക് മാത്രമല്ല  ദൂരെയുള്ളവര്‍ക്ക് പോലും മഹല്ലായി ഈ പള്ളിയെയായിരുന്നു  ആശ്രയിച്ചിരുന്നത്.പില്‍ക്കാലത്ത് ജനപ്പെരുപ്പവും സൌകര്യവുമൊക്കെ കണക്കിലെടുത്ത് ഈ
 മഹല്‍ വിഭജിച്ച് പല പുതിയ മഹല്ലുകള്‍ രൂപീകൃതമായി .  
 പ്രവാസജീവിതത്തിനിടയിലും ഓരോ നോമ്പ് കാലവും പെരുന്നാളും വരുമ്പോഴും എന്റെ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലേക്കുള്ള ഒരു മടക്കവും കൂടിയാണ് എനിക്കിത്. 
 .ഈ പള്ളിയിലായിരുന്നു എന്‍റെ ആദ്യത്തെ പെരുന്നാള്‍ നിസ്ക്കാരം  . ശവ്വാല്‍ പിറകണ്ടെന്നറിഞ്ഞാല്‍ പിന്നെ ഒരുക്കങ്ങളായി.അതിരാവിലെ  പ്രഭാത സുര്യരശ്മികള്‍ പൊട്ടി വിടരുന്നതിന് മുമ്പായി തയ്യാറെടുക്കും.
 എണ്ണതേച്ചുള്ള കുളി.പിന്നെ പുത്തനുടുപ്പിട്ട് അണിഞ്ഞൊരുങ്ങി അത്തറിന്റെ പരിമള സുഗന്ധം പരത്തി   ബാപ്പയുടെ കയ്യും പിടിച്ച്  പള്ളിയിലേക്ക്   ഈദ്  നിസ്ക്കാരത്തിന് 
 പോയിരുന്ന ഓര്‍മ്മകള്‍.പള്ളിയാകെ പെരുന്നാളിനെ മുഖരിതമാക്കി തക്ബീര്‍ ധ്വനികള്‍ മുഴക്കിക്കൊണ്ട് ദൈവസ്മരണകളില്‍ മുഴുകിയ അന്തരീക്ഷം . പ്രാര്‍ത്ഥനാനിരതമായ
പെരുന്നാള്‍ നിസ്ക്കാരം.പിന്നീട്
  മിംബറിന്മേല്‍ കേറി ഖത്തീബിന്റെ വാള്‍ കുത്തിപ്പിടിച്ച് കൊണ്ടുള്ള ഉദ്‌ബോധന പ്രസംഗം.
 ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്ത്യാദരവോടെ ബാപ്പയുടെ അരികുപറ്റിയിരുന്നു എല്ലാം 
ഞാനും  സശ്രദ്ധം  കേള്‍ക്കും.വല്ലാത്തൊരു ദിവ്യാനുഭൂതിനല്‍കിയ നിമിഷങ്ങള്‍. നിസ്ക്കാരം കഴിഞ്ഞ പിരിഞ്ഞിറങ്ങിയാല്‍ പിന്നെ നേരെ പള്ളിപറമ്പിലേക്ക്. മൈലാഞ്ചിചെടികള്‍ തിങ്ങി നില്‍ക്കുന്ന പള്ളിക്കാട്ടില്‍ ആറടികളില്‍ സ്മാരകശിലകളായി
 ചിട്ടപ്പെടുത്തിയ മീസാന്‍ കല്ലുകള്‍ക്കുതാഴെ അന്ത്യവിശ്രമം കൊള്ളുന്ന ഒരുപാട് ഖബറാളികള്‍.
 എന്റെ ഉപ്പാപ്പയുടെയും ഉമ്മാമ്മയുടെയും ഖബറിടം ലക്ഷ്യമാക്കി ബാപ്പയുടെ കാല്‍ ചുവടിനോടൊപ്പം ഞാനും നടന്ന്‍ നീങ്ങും . അവരുടെ അരികിലെത്തി പരലോകമോക്ഷത്തിനായി
 ഇരു കൈകളുമുയര്‍ത്തി പ്രാര്‍ത്ഥനാനിര്‍ഭരനായി ബാപ്പയോടൊപ്പം എന്റെ കുഞ്ഞുമനസ്സും സര്‍വ്വലോക സൃഷ്ടാവിനോട് ഇരവ് തേടും.അവരോട് സലാം പറഞ്ഞ് പിരിഞ്ഞ്   പിന്നെ വീട്ടിലേക്ക് .   പോകുന്ന വഴി ഒരിത്തിരി പടക്കവും മിഠായിയും. അന്നൊക്കെ പടക്കമില്ലാതെന്താഘോഷം.ചില്ലറ പൈസകള്‍ കിട്ടുന്നവ നിക്ഷേപിച്ച് വെക്കുന്ന മണ്‍കുഞ്ചി പൊട്ടിക്കുന്നതും അന്നാണ്. അത് പൊട്ടിച്ച് കിട്ടുന്ന ചില്ലി കാശ് കൊണ്ട് പടക്കം,പൂത്തിരി,മിഠായി ഇത്ത്യാദികളൊക്കെ വാങ്ങിക്കും. വീട്ടിലെത്തിയാല്‍ വാത്സല്യനിധിയായ ഉമ്മ തയ്യാറാക്കിവെച്ച വിഭവസദ്യ .  തെങ്ങാച്ചോര്‍, ഇറച്ചി ,പപ്പടം ,ഉപ്പേരി,ഗോതമ്പ് പായസം ഒക്കെയായി വൈവിധ്യമാര്‍ന്ന  വിഭവങ്ങള്‍ കുശാല്‍.എന്തൊരു അഭേദ്യമായ  അനുഭൂതിയാണ് അതൊക്കെ. ഇല്ലായ്മയിലും നിറ സംതൃപ്തിയോടെ കഴിഞ്ഞിരുന്ന കാലം .
നിറം മങ്ങിയ ജീവിതത്തിനിടയിലും അല്ലലറിയിക്കാതെ പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍
. അവര്‍തന്ന ആസ്നേഹത്തിനും ലാളനക്കും എന്ത് തന്നെ പകരം നല്‍കിയാലും മതിയാകില്ല, അത് പകരമാകുകയുമില്ല. കാലമെത്ര നീങ്ങി.
എന്നിട്ടും
ആ ഗതകാലഓര്‍മ്മകള്‍ ഇന്നും മനദാരില്‍ ഇന്നലെയെന്നപോലെ  തെളിഞ്ഞു നില്‍ക്കുന്നു.
ഇന്നലെകളുടെ ആ മങ്ങാത്ത ഓര്‍മ്മകളുമായി  എല്ലാ  സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഈദുല്‍ ഫിത്തര്‍ ആശംസകള്‍. 

2013 ജൂലൈ 28, ഞായറാഴ്‌ച

***സര്‍വ്വ ശക്തനായ നാഥാ ,ഞങ്ങള്‍ക്ക് നീ സഹനശക്തി നല്‍കേണമേ***


                                                                                      

സ്വന്തം രക്തത്തില്‍ പിറന്ന പിഞ്ചു പൈതങ്ങളെയും ഭാര്യയേയും ഒരു നരാധമന്‍  വകവരുത്തിയത് കേട്ടില്ലേ.
പാല്‍പുഞ്ചിരി തൂകി കൊഞ്ചി ചാടികളിച്ച് നടക്കുന്ന കുഞ്ഞു മക്കളെയും  ഭാര്യയേയും പിതാവെന്ന നരഭോജി  വെള്ളക്കെട്ടിലേക്ക് തള്ളി കൊന്നൊടുക്കി.  ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ (22.7. 2013 )യാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
മലപ്പുറം അരീക്കോട് ആലുക്കലില്‍ ഫാത്വിമ ഫിദ  (നാലര)
ഹൈഫ (2) എന്നീ രണ്ടു പിഞ്ചോമന മക്കളേയും സഹധര്‍മ്മിണിയേയും   സ്കൂട്ടറില്‍ നിന്നും      വെള്ളക്കെട്ടില്‍ തള്ളി പിതാവ് ശരീഫ് കൊലപ്പെടുത്തിയ വാര്‍ത്ത കുമളി സംഭവത്തിന്റെ ഷോക്കില്‍ നിന്നും മുക്തി നേടുന്നതിന്  മുമ്പ് മറ്റൊരു ആഘാതം കൂടിയായി മാറി കേരളീയര്‍ക്ക്. ശരീഫ് എന്ന ഈ കശ്മലന്‍
 മറ്റൊരുത്തിയെ വേളികഴിക്കുന്നതിന്  ഈ കുട്ടികളും ഭാര്യയും തനിക്ക് തടസ്സമാകുമെന്നതിനാലാണത്രേ ഈ കടുംകൈ ചെയ്തത്.
ഭയചകിതതയോടെയാണ്
ഇന്ന് വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത് തന്നെ. 
എങ്ങോട്ടാണ് നമ്മുടെ നാടിന്റെ പോക്ക് !!!
നമ്മുടെ കൊച്ചു കേരളം ഭൂതകാലത്തില്‍ നിന്നും അപേക്ഷിച്ച് സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഒക്കെ എത്രയോ വളര്‍ന്നു കഴിഞ്ഞു. അതിന്റെ
 കൈയൊപ്പുകള്‍ കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും മുഴച്ചു നില്‍ക്കുന്നു.എല്ലാം കൈവരിച്ചു, എന്നിട്ടും പണ്ടത്തേതില്‍ നിന്നും വിഭിന്നമായി സമൂഹം ഇത്തരം  ജീര്‍ണ്ണതയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുകയാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിദാരുണവും നിഷ്ഠൂരവുമായ അക്രമ സംഭവങ്ങളിലൂടെ നമ്മുടെ സാമൂഹികാന്തരീക്ഷം നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ മലീമസമായി കൊണ്ടിരിക്കുന്നു.
ഭാര്യമാരോട്
ഏററവും നല്ല രീതിയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ എന്ന് പഠിപ്പിച്ച ,യുദ്ധത്തില്‍ പോലും സ്ത്രീകളേയും കുട്ടികളേയും വധിക്കരുതെന്ന് ആഹ്വാനം ചെയ്ത മതത്തെ പിന്‍പറ്റുന്നവര്‍
തന്നെയാണ് ഇതൊക്കെ ചെയ്യുന്നതെന്നോര്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു.
ഈ വാര്‍ത്ത കേട്ട് രണ്ടുകുട്ടികളുടെ പിതാവായ ഈയുള്ളവന്   മനസ്സിനുണ്ടാക്കിയ വേദന ചെറുതൊന്നുമല്ല. രണ്ടും ഏതാണ്ട് എന്റെ മക്കളുടെ അതേ പ്രായം. ഫിദമോള്‍ക്ക് ബാപ്പ വാങ്ങിക്കൊടുത്ത പുത്തനുടുപ്പുകളുമായി പോരുമ്പോള്‍ ആ കുഞ്ഞുടുപ്പിട്ടു കൂട്ടുകാരെയും വീട്ടുകാരെയും  കാണിക്കാനും അങ്ങിനെ  ഒരുപാട് മോഹങ്ങള്‍ നെയ്തുകൂട്ടിയിട്ടുണ്ടാവും ആ ഇത്തിരിപ്പോന്ന മനസ്സില്‍ .ബാപ്പയുടെ കൈപിടിച്ച് ചുവടൊപ്പിച്ച് മെല്ലെ മെല്ലെ പിച്ചവെച്ച് നടക്കേണ്ട പ്രായം . ആ ബാപ്പയുടെ കൈകള്‍ കൊണ്ട് തന്നെ  കൊന്നൊടുക്കി  പൈതങ്ങളെ .   ഇത് കേട്ട് കണ്ണ്‍ നിറയാത്ത ഒരു പിതൃഹൃദയവുമുണ്ടാവില്ല.ഒരു പിതാവിനെങ്ങനെ ഇത്രക്ക് നികൃഷ്ടമാകാന്‍ കഴിയുന്നു.
നാഥാ....
  ഈ ഉമ്മക്കും മക്കള്‍ക്കും നിത്യശാന്തിനല്‍കേണമേ...

   സഹോദരിയുടെ കുടുംബത്തിന് സഹനവും സമാധാനവും നല്‍കി നീ അനുഗ്രഹിക്കേണമേ...
അല്ലാഹുവേ,  നാളെ നിന്റെ സ്വര്‍ഗ്ഗപൂന്തോപ്പില്‍ ഈ മക്കള്‍ പുഞ്ചിരിക്കുന്ന മുഖവുമായി കളിച്ചുല്ലസിക്കുന്നത് കാണാനും അവരുടെ കിളിക്കൊഞ്ചലും കിന്നാരവും കേള്‍ക്കാനും  നീ ഞങ്ങളെയും ഒരുമിച്ച് കൂട്ടി തരേണമേ..