2019 ഫെബ്രുവരി 19, ചൊവ്വാഴ്ച

കണ്ണീർ പുരണ്ട പ്രവാസ ജീവിതങ്ങൾ

    കാണുന്നവരുടെയൊക്കെ കണ്ണ് നനയിപ്പിച്ച് കൊണ്ട് പ്രവാസ ജീവിതത്തിന്റെ കദന പ്രമേയവുമായി
ഒരു ചിത്രീകരണ ശകലം ഏതാനും ദിവസമായി
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.   ഹൃദയസ്പർശിയായ ആ ടിക് ടോക്ക് ആവിഷ്ക്കാരത്തിന്
സാമൂഹ്യ മാധ്യമങ്ങളിലൂടെ വൻ പ്രചാരമാണ്
 ലഭിച്ച് കൊണ്ടിരിക്കുന്നത്. 
                വാസ്തവത്തിൽ അതൊരു അൽ ഐനിൽ കാൽ നൂറ്റാണ്ടോളമായി വീട്ടുവേല ചെയ്യുന്ന പ്രവാസിക്ക് നാട്ടിൽ നിന്നും അദ്ദേഹത്തിന്റെ പൊന്നുമോൾ വാട്ട്സപ്പിലൂടെ അയച്ച നേർ ശബദമായിരുന്നു എന്നറിഞ്ഞത്
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചില പ്രാദേശിക ചാനലുകളിലും മറ്റും അതേക്കുറിച്ച് വന്നപ്പോൾ മാത്രമാണ്.
       പൊന്ന് വിളയുന്ന നാട്ടിൽ കഴിയുന്ന പിതാവിന്റെ പക്കലേക്കെത്തി പലരാലും പറഞ്ഞ് കേട്ട ആ സ്വപ്ന ലോകമൊന്ന് കാണാൻ കൊതിപൂണ്ട് സ്വന്തം മകൾ ഒരു പ്രവാസിക്ക് നാട്ടിൽ നിന്നയച്ച വാട്ട്സപ്പ് സന്ദേശമാണ് പ്രവാസ ലോകമാകെ സങ്കടക്കടൽ തീർത്ത് മുന്നേറുന്നത്.
പൊന്നുമോളുടെ യാചനക്കു മുമ്പിൽ
തൊഴിലിലെ ബുദ്ധിമുട്ടും  പരാതീനമായ സാമ്പത്തിക സ്ഥിതിയും സൗകര്യങ്ങളുടെ അപര്യാപ്തതയിലും ക്ലേശകരമായ സാഹചര്യത്തിലും വീർപ്പുമുട്ടിക്കഴിയുന്ന
തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത മകളുടെ ആഗ്രഹത്തിനു മുമ്പിൽ നിസ്സഹായനായി പിടിച്ചു നിൽക്കാനാവാതെ പിതാവിന്റെ വിങ്ങിപ്പൊട്ടൽ  വികാരനിർഭരമായി അവതരിപ്പിച്ച് പച്ചയായ
ഭാവപ്രകടനമാണ് കലാകാരൻ നിർവ്വഹിച്ചത്.
    പ്രവാസി സമൂഹമാകെ കേട്ട് സങ്കടമുണർത്തിയ ഈ ശബ്ദം പ്രവാസിയും പ്രവാസ ലോകത്തെ മികച്ചകലാകാരനുമായി അറിയപ്പെടുന്ന ജലാൽ മുവാറ്റുപുഴ  തന്റെ അവതരണത്തിലൂടെ ടിക് ടോക്ക് രൂപത്തിൽ അണിയിച്ചൊരുക്കുകയായിരുന്നത്രെ.
തീക്ഷ്ണമായ പ്രവാസത്തിന്റെ നേർജീവിതമാണിതിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. 
                  ഒരു ഇത്തിരി ദൃശ്യമാണെങ്കിലും ഗൾഫ് മണൽ കാട്ടിൽ മക്കൾക്ക് വേണ്ടി കുടുംബത്തിന് വേണ്ടി അവരെ അല്ലലറിയിക്കാതെ പോറ്റി ജീവിപ്പിക്കുന്നതിന് വേണ്ടി ഏഴാം കടലിനിക്കരെ അറബ് നാട്ടിൽ  വീട്ടുജോലികളിലും മസ്റയിലും (കൃഷിത്തോട്ടങ്ങളിൽ ) ആടുകളെ മേച്ചുമൊക്കെയായി അധികഠിനമായി പണിയെടുത്ത് കഷ്ടപ്പെടുന്ന നമ്മുടെ
നല്ലൊരു പങ്ക് പ്രവാസിയുടെയും കണ്ണീരും പരിദേവനവും ഇതിലുണ്ട്. 
ഇവരാണ് യഥാർത്ഥത്തിൽ പ്രവാസി എന്നതിന്റെ വിരഹവും ബുദ്ധിമുട്ടുകളും പരിത്യാഗവുമൊക്കെ ഏറെ അനുഭവിക്കുന്നവർ.
                   ആയുഷ്ക്കാലത്തിന്റെ നല്ല പങ്കും മരുക്കാട്ടിൽ ആട്ടിൻ പറ്റങ്ങൾക്കൊപ്പം ഹോമിക്കാൻ വിധിക്കപ്പെട്ട ഒരു പാട് സഹോദരന്മാരുടെ പ്രതീകമാണിതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
 ഗൾഫിന്റെ മണലാരണ്യത്തിൽ ഇത്തരം  ജോലികൾ ചെയ്യുന്നവർ അനുഭവിക്കുന്നതിന്റെ അത്രയൊന്നും പരദേശ ജീവിത പ്രയാസാനുഭവങ്ങളൊന്നും
മറ്റൊരു മേഖലകളിലും പണിയെടുക്കുന്ന പ്രവാസികൾക്കും പറയാനുണ്ടാവില്ല. 
                   സ്വകടുംബം പ്രാരാബ്ദങ്ങളുടെയും ദാരിദ്ര്യത്തിന്റെയും പിടിയിലകപ്പെട്ട് ഉലയുമ്പോൾ നാടിനും കുടുംബത്തിനും വേണ്ടി ഏത് വിധേനയും കരകയറ്റുക എന്ന ഒറ്റ ലക്ഷ്യത്തോടെ
ഹൃദയത്തിൽ നീറുന്ന കനലുമായി മരുഭൂ നാട്ടിലേക്ക് എത്തിപ്പെടുന്നവർ.
പലരും മോഹന വാഗ്ദാനങ്ങളിൽ അകപ്പെട്ട്
വഞ്ചനക്കിരയായെന്നറിഞ്ഞിട്ടും
വിധിയെ പഴിച്ച് നിൽക്കാതെ എല്ലാം കുടുംബത്തിന്റെ നന്മയോർത്ത് എന്തും സഹിച്ച് നിൽക്കേണ്ടിവരികയാണ്.
ഗൾഫിന്റെ പ്രവാസ ലോകത്ത് എല്ലാവരും തുല്യരെന്ന ധാരണ അബദ്ധമാണ്.
ഇവിടെയുമുണ്ട് സമ്പന്നരും ദരിദ്രരും.
  പ്രവാസികളെക്കുറിച്ച് പറയുമ്പോൾ ആദ്യ ഗണത്തിൽ ചേർക്കേണ്ടത് നാമെപ്പോഴും ഊഷരഭൂമിയിൽ
ഉരുകും മെഴുകുതിരികളെന്ന്  വിശേഷിപ്പിക്കാറുള്ള വാക്കിനെ അന്വർത്ഥമാക്കുന്ന തരത്തിൽ മരുഭൂമിയിൽ ആട് ജീവിതവും മസ്റ ജീവിതവും നയിച്ച് ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികളെത്തന്നെയാണ് .
ഗൾഫിന്റെ മണൽക്കാട്ടിൽ മാറി മാറി വരുന്ന കൊടും വെയിലും
ചുടു കാറ്റും തണുപ്പുമൊക്കെ ഏറ്റ് കരുവാളിച്ച്  ഒറ്റപ്പെട്ട് കഴിയുന്ന  ഹതഭാഗ്യരായ കുറെ മനുഷ്യക്കോലങ്ങളുണ്ട്.ചുട്ടുപൊള്ളുന്ന സൂര്യനു ചോട്ടിൽ കുടുംബത്തിനും മക്കൾക്കും വേണ്ടി വരണ്ടുണങ്ങുന്ന മനുഷ്യർ.
                     ഉള്ളിലെ സങ്കടം കടിച്ചമർത്തി കുടുംബത്തിനു മുമ്പിൽ കൃത്രിമ സന്തോഷം പ്രകടിപ്പിക്കുന്ന
ഇവരുടെ കാണാമറയത്തെ തൊഴിലോ വരുമാനമോ കുടുംബത്തിനറിയില്ല.
അതെല്ലാം മക്കൾക്കും കുടുംബത്തിനും അറിയാതിരിക്കാൻ മനപ്പൂർവ്വം മറച്ചുവെക്കുന്നു.
സമൂഹത്തിലെ ഗൾഫിന്റെ പളുപളുപ്പിൽ സുഖ സൗകര്യങ്ങളിൽ ജീവിക്കുന്ന മറ്റു ഗൾഫുകാരുടെ ജീവിതം കണ്ട് ആവശ്യപ്പെടുന്ന
മക്കളുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും മുമ്പിൽ തേങ്ങലടക്കാൻ പാടുപെടുന്ന പ്രവാസി.
ശരീരികാദ്ധ്വാനത്താൽ ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന ശരാശരി നീലക്കോളർ വിഭാഗത്തിന്റെയും അവസ്ഥ ഇതു തന്നെയാണ്.
അനൽപ്പമായ അന്തർഗതം ഈ ഒരു കൊച്ചു ദൃശ്യത്തിലൂടെ ഏതൊരു പ്രവാസിയുടെയും  അവരെ ആശ്രയിക്കുന്നവരുടെയും ഹൃദയത്തെ പിടിച്ചുലക്കും.
   - എൻ കെ മൊയ്തീൻ ചേറൂർ 

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ചേറൂര്‍ പടപ്പാട്ട് , കനൽപഥങ്ങളിലെ ഇശൽജ്വാലകൾ



                                                                          പുതുതായി എന്റെ ഗ്രന്ഥശേഖരങ്ങളിലെത്തിയ പുസ്തകങ്ങളിൽ വിശിഷ്ടമായൊരു കൃതിയാണിത്.

ദേശക്കൂറിന്റെ ചോരചിന്തിയ പോരാട്ട ചരിത്രമുറങ്ങുന്ന പ്രദേശമാണ് മലപ്പുറം വേങ്ങരയിലെ എന്റെ ഗ്രാമമായ ചേറൂര്‍.
ബ്രട്ടീഷ്-ജന്മിത്വത്തിന്റെ കിരാത വാഴ്ചക്കെതിരെ മലബാറിലെ ചേറൂരിൽ വെച്ച് ഏഴ് മാപ്പിള യോദ്ധാക്കളും ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ അഞ്ചാം മദിരാശിപ്പടയിലെ 60 ഭടൻമാരും തമ്മിൽ 1843-ൽ നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരപോരാട്ടമായിരുന്നു ചേറൂർപ്പട .
ബ്രിട്ടീഷ്-ജന്മി മേധാവിത്വത്തിനു കീഴിൽ,
അവരുടെ നിഷ്ഠൂര വാഴ്ചയിൽ പൊറുതി മുട്ടിയ മാപ്പിളമാരും കുടിയാന്മാരും സംഘടിതമായി ദേശ സ്നേഹത്തിന്റെ മാനുഷികമായ തുല്യതയിലൂടെ
സാഹോദര്യത്തോടെയും മതേതരത്വത്തോടെയും കഴിഞ്ഞിരുന്ന ഒരു നാട്ടു സമൂഹത്തിനിടയിലേക്ക് സാമുദായിക ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനുള്ള ബ്രിട്ടീഷ് കിരാതന്മാരുടെ നിഗൂഢ ശ്രമങ്ങളെയാണ് അന്ന് ഈ ധീരപോരാളികള്‍ നേരിട്ടത്.
അധിനിവേശ വിരുദ്ധ സമരനായകൻ മമ്പുറം തങ്ങൾ നേരിട്ട് പങ്കെടുത്ത ഏക യുദ്ധമാണ് ചേറൂർ വിപ്ലവം .
ചോരയിലെഴുതിയ ആ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി അക്കാലത്തെ
കവിമുനിമാരായിരുന്ന ചേറൂർ സ്വദേശികളായ മുഹ് യുദ്ദീനും മമ്മദ് കുട്ടിയും സംയുക്തമായി അറബി മലയാളത്തിൽ രചിച്ച സങ്കര ഭാഷയിലുള്ള കാവ്യ കൃതിയായിരുന്നു ' സാരസർഗുണ തിരു തരുളമാല ' എന്ന 'ചേറൂര്‍ പടപ്പാട്ട് '.
സംഭവ ബഹുലമായ ആ ചരിത്ര സംഭവങ്ങളുടെ ആധികാരികമായ ചരിത്രരേഖയായി വിശേഷിപ്പിക്കാവുന്ന
ചേറൂര്‍ പടപ്പാട്ട്
എന്ന ബൃഹത്തായ ഒരു കാവ്യ ഗ്രന്ഥം ചേറൂര്‍ പട കഴിഞ്ഞ് രണ്ട് വർഷശേഷം തന്നെ വിരചിതമായിട്ടുണ്ട്.
സ്വാതന്ത്ര്യസമര സേനാനികളെ പുളകം കൊള്ളിച്ച ഈ പടപ്പാട്ട് പിൽക്കാലത്ത് ദേശദ്രോഹ കുറ്റം ചുമത്തി ബ്രട്ടീഷുകാർ കണ്ടുകെട്ടി.
വിപ്ലവവീര്യമുണര്‍ത്തിയ ഈ പടപ്പാട്ടാണ് പിന്നീട് മലബാറില്‍ നടന്ന സാമ്രാജ്യത്വ-ജന്മിത്വവിരുദ്ധ സമരങ്ങള്‍ക്ക് വീര്യവും ഊര്‍ജ്ജവും പ്രചോദനവും നല്‍കിയത്.
ചേറൂർ പടപ്പാട്ടിന്റെ സകാവ്യ അർത്ഥവിവരണവും വിശദമായ വ്യാഖ്യാനവുമാണ് 'ചേറൂർ പടപ്പാട്ട് കനൽപഥങ്ങളിലെ ഇശൽജ്വാലകൾ '
എന്ന പേരിൽ മലപ്പുറം ഗവ.കോളേജ് ചരിത്ര വിഭാഗം അധ്യാപകൻ ഡോ.സക്കീർ ഹുസൈൻ തയ്യാറാക്കിയ ഈ കൃതി.
ഗ്രന്ഥകർത്താവ് നിരവധി ചരിത്രരേഖകളിൽ നിന്നും ചരിത്രകാരന്മാരിൽ നിന്നും
ശേഖരിച്ചും തീവ്രമായ അന്വേഷണവും ഗഹനമായ പഠനവും മനനവും നടത്തി ഏറെ പണിപ്പെട്ടാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് എന്നത് ഇത് വായിക്കുന്നവർക്ക് ബോധ്യമാകും.
ഈ വിശിഷ്ട ഗ്രന്ഥം മാപ്പിള സാഹിത്യത്തിനും ചരിത്രപഠിതാക്കൾക്കും ചരിത്രാന്വേഷകർക്കും എന്ത്കൊണ്ടും മുതൽക്കൂട്ടാകും.
സ്വരാജ്യത്തിനുമേൽ വിദേശ മേധാവിത്വത്തിനെതിരെ നടന്ന ധീരമായ സമരത്തിൽ സ്വജീവിതം കൊണ്ട് അദ്ധ്യായം എഴുതിച്ചേർത്ത
രണധീരരായ ആ മഹാത്മാക്കളുടെ ത്യാഗസ്മരണ സ്വാതന്ത്ര്യത്തിന്റെ സുഖവും സൗകര്യങ്ങളും ആവോളം നുകർന്ന് ജീവിക്കുന്ന നാം തലമുറകളിലൂടെ കൈമാറി എന്നെന്നും നമ്മിൽ നിലനിർത്തേണ്ടതുണ്ട്.
- എൻ കെ മൊയ്തീൻ ചേറൂർ

2018 ജൂൺ 26, ചൊവ്വാഴ്ച

എന്നോര്‍മ്മകള്‍ മേയുന്ന മാതൃവിദ്യാലയത്തിലേക്ക് അറിവിന്‍റെ മധു നുകരാന്‍ എന്‍റെ കുരുന്നുകളും

                         

                                                                 എന്നെ അക്ഷരം പഠിപ്പിച്ച പാഠശാലയിൽ നിന്ന്തന്നെ എന്റെ മക്കളും വിദ്യനുകരട്ടെ എന്ന് ഞാൻ തീരുമാനമെടുത്തു. എന്റെ ബാല്യകാലത്തിന്റെ മധുരിതമായ ഓർമ്മകൾ തുടിക്കുന്ന വേങ്ങരയിലെ ചേറൂർ ജി എം എൽ പി സ്കൂളിന്റെ തിരുമുറ്റം വർണ്ണാഭമായ വിസ്മയങ്ങളുമായി ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒരുക്കിയ പ്രവേശനോത്സവം എന്റെ അരുമ മക്കളേയും വരവേറ്റു.


എന്നിലേക്ക് അറിവ് പകർന്ന് തന്ന പള്ളിക്കൂടത്തിൽ തന്നെ എന്റെ മക്കളും അദ്ധ്യാപനം തേടുന്നു എന്നത് അവിടുത്തെ പൂർവ്വ വിദ്യാർത്ഥി എന്ന നിലക്ക് അഭിമാനവും സന്തോഷവുമുണ്ട്.
ഇന്നും മനസ്സിന്റെ ചെപ്പേടിൽ മായാത്ത ഒരു പാട് നല്ല നല്ല ഓർമ്മകൾ മേയുന്ന എന്റെ കലാലയം.
നാം എത്ര വളർന്നാലും, ലോകത്തിന്റെ ഏതു കോണിലായാലും ജനിച്ചു വളർന്ന നാടും വിദ്യാലയങ്ങളും അന്തരീക്ഷവും അനുഭവങ്ങളുമെന്നും മനം നിറഞ്ഞുതന്നെ നിൽക്കും.
ജീവിതത്തിൽ നിറപ്പകിട്ടോടെ എന്നെന്നും ഓർമ്മയിൽ ഘനീഭവിച്ച് നിൽക്കുന്നത് കലാലയ ജീവിതം തന്നെയാണ് .
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പല ആധുനിക സൗകര്യങ്ങളുമായി വളരെ വർദ്ധിച്ച നേട്ടങ്ങളാണ് സർക്കാർ സംസ്ഥാന തലത്തിൽ നടപ്പാക്കിയിരിക്കുന്നത്. സർക്കാർ വിദ്യാഭ്യാസ മേഖല കൂടുതൽ ഊർജ്ജസ്വലമായത് കാരണം പൊതുവിദ്യാലയങ്ങളുമായി അകന്ന് നിന്നിരുന്നവർ അടുക്കാൻ തുടങ്ങി. കുട്ടികൾ കുറവായതിന്റെ പേരിൽ അടച്ചുപൂട്ടാനൊരുങ്ങി നിന്ന സംസ്ഥാനത്തെ പല സ്കൂളുകളും കുട്ടികളുടെ അധികത മൂലം വീർപ്പ് മുട്ടുകയാണെന്നാണ് പത്രദ്വാരാ അറിയുന്നത്.
സർക്കാർ വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ തുടങ്ങിയ പൊതുവിദ്യാഭ്യാസ യജ്ഞം പരിപാടിയിലൂടെ സ്കൂളുകൾ മികവിന്റെ പഠനകേന്ദ്രങ്ങളായി മാറിയതിന്റെ ഗുണഫലമാണ് ഈ സ്ഥിതി മാറ്റം.
മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ സംസ്ക്കാരം നിലനിൽക്കണം.
അതിന് പൊതുവിദ്യാലയങ്ങൾ നില നിന്നേ പറ്റൂ.
പാവപ്പെട്ടവന്റേതെന്നോ സാധാരണക്കാരന്റേ തെന്നോ പണക്കാരന്റേതെന്നോ
വ്യത്യാസമില്ലാതെ ജാതി മത ഭേദമന്യേ സാഹോദര്യത്തോടെയും സഹവർത്തിത്വത്തോടെയും പഠിച്ച് ,
കളിച്ചും രസിച്ചും ആടിയും പാടിയും കുട്ടിത്തത്തിന്റെ വർണ ലോകത്ത് ഉല്ലസിക്കട്ടെ കുരുന്നുകൾ.
ചുവരിൽ വരച്ചിട്ട കുട്ടി കഥാപാത്രങ്ങളെ പ്പോലെ ഓടിച്ചാടിക്കളിച്ച് ,
ചിത്രശലഭങ്ങളെപ്പോലെ പൂക്കളോടുമ്മ വെച്ച്, കിന്നാരം പറഞ്ഞ് ആടിത്തിമർത്ത് ഇളംപ്രായങ്ങൾ ശോഭിക്കട്ടെ .
ഭാവിയിൽ ബഹുസ്വരതയും സഹിഷ്ണുതയും പരിപോഷിപ്പിക്കാൻ
പരസ്പരം ഒരുമയിൽ മക്കൾ പഠിക്കട്ടെ.നാളെയുടെ ഭാവി വാഗ്ദാനങ്ങളായ നമ്മുടെ മക്കളിലൂടെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ സൃഷടിച്ചെടുക്കാം.
എന്റെ ഗതകാല സ്മരണകൾ മേയുന്ന പള്ളിക്കൂടത്തിലേക്ക് അറിവിന്റെ വെളിച്ചം തേടിയെത്തിയ എല്ലാ കുരുന്നുകൾക്കും എന്റെ ഊഷ്മളമായ സ്നേഹാശംസകൾ.
                                           
                                                                 
                       
- എൻ കെ മൊയ്തീൻ ചേറൂർ

2018 ഫെബ്രുവരി 18, ഞായറാഴ്‌ച

*മക്കയിലെ ഇസ്ലാമിക ചരിത്രം തുടിക്കുന്ന ഭൂമികയിലൂടെ*

                                                                                    ജബലുറഹ്മ
                                                                                    *************
                                                                                                    
          ഏതാനും ദിവസമായി സൗദിയിലെത്തിയ എന്റെ
ജ്യേഷ്ഠനോടൊപ്പം മക്കയിലെ ജബലുറഹ്മയില്‍. കൂടെ മക്കയിലുള്ള സുഹൃത്ത് റഫീഖും.
                                                                                                

             ജബലു റഹ്മ അഥവാ കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ഈ സ്ഥലം അറഫയില്‍ മസ്ജിദു നമിറ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ ഭാഗമാണ് . ഈ മലമുകളില്‍ വെച്ചാണ് ഒരു ലക്ഷത്തിലേറെ അനുയായികളെ മുന്നില്‍ നിര്‍ത്തി മാനവരാശിയോട് പ്രവാചകന്‍ സുദീര്‍ഘമായ ഹജ്ജ് പ്രസംഗം നടത്തിയത്.
പിശാചിന്റെ വഞ്ചനയിൽ പെട്ട് വിലക്കപ്പെട്ട കനി ഭുജിച്ചതിന്റെ പേരിൽ സ്വർഗ്ഗത്തിൽ നിന്നും ബഹിഷ്‌കൃതരായ ശേഷം ഭൂമിയില്‍ ഒറ്റപ്പെട്ടലഞ്ഞു പോയ ആദി മാതാപിതാക്കളായ ആദമും ഹവ്വായും
നീണ്ട കാലത്തിനു ശേഷം പരസ്പരം കണ്ടുമുട്ടിയത് അറഫയിലെ ഈ ജബലുറഹ്മ മലയുടെ താഴ്വരയില്‍ വെച്ചായിരുന്നുവത്രേ.
ബാല്യകാലം തൊട്ടേ കേട്ടും പഠിച്ചും വളർന്ന ഓരോ ചരിത്ര സംഭവങ്ങളും ഇതുവഴി നടക്കുമ്പോൾ എന്റെ ഓർമയിൽ പുനർജനിക്കുകയായിരുന്നു.
പരിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങളിലെ ബന്ധപ്പെട്ട ഇടങ്ങളായ അറഫ, മിന, മുസ്ദലിഫ, ജബലുറഹ്മ തുടങ്ങി
പ്രവാചകന്റെ പാദസ്പര്‍ശമേറ്റും പ്രബോധനം കേട്ടും പുളകിതമായ മണ്ണിലൂടെയുള്ള യാത്ര വല്ലാത്തൊരനുഭൂതിയാണ് നല്‍കിയത്. സത്യ ദീനിന് വേണ്ടി ത്യാഗപൂര്‍ണ്ണമായ വൈതരണികള്‍ സഹിച്ച് ജീവിതം നയിച്ച
തിരുനബി പിറന്നതും ജീവിച്ചതുമായ മണ്ണിലൂടെയുള്ള സഞ്ചാരം മനസ്സിന് ഉളവാക്കുന്ന ആത്മീയ ചൈതന്യം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.
ഇസ്ലാമിക ചരിത്രത്തിന്റെ മൂകസാക്ഷിയായി മാറിയ ഒട്ടനവധി ശേഷിപ്പുകള്‍ കുടി കൊള്ളുന്ന രാഷ്ട്രമാണ് സൗദി.
പ്രവാസ ജീവിതം നയിച്ച് ഏറെ കാലമിവിടെ ഉണ്ടായിരുന്നെങ്കിലും ഹജ്ജും ഉംറയും കർമ്മം നിർവ്വഹിച്ച് മടങ്ങുകയല്ലാതെ തിരക്കൊഴിഞ്ഞ ഒരു സമയത്ത് ഇവിടം സന്ദർശിക്കാൻ മിനക്കെട്ടതില്ല. പ്രവാസത്തിന്റെ പടിയിറക്കത്തിന് ഒരുക്കം കൂട്ടുന്ന ഈ അവസരത്തിൽ ഇവിടങ്ങളിലൊക്കെ സന്ദർശിച്ച് നിർവൃതി കൊള്ളുക എന്നത് കൂടിയായിരുന്നു യാത്രോദ്ദേശം .

                                - എൻ കെ മൊയ്തീൻ ചേറൂർ
                                

                       

*മക്കയിലെ ഇസ്ലാമിക ചരിത്രം പതിഞ്ഞ ഭൂമികയിലൂടെ*


                       സൗര്‍
ഗുഹ
                                                                          *************
                                                                                         
       ഇസ്ലാമിലെ  തീക്ഷ്ണമായ ചരിത്ര സംഭവങ്ങള്‍ക്ക് മൂകസാക്ഷിയായ  സൗര്‍ മലയിലെ സൗര്‍ ഗുഹ .
  ഹറമില്‍ നിന്നും ആറോ ഏഴോ  കിലോമീറ്ററോളം ദൂരമുണ്ടാവുന്ന സൗര്‍മലയുടെ നെറുകയിലുള്ള സൗര്‍ ഗുഹയിലെത്താന്‍ സമുദ്ര നിരപ്പില്‍ നിന്നും 748 മീറ്റര്‍ ഉയരം സഞ്ചരിക്കണം. അപകടം പിടിച്ച വഴികള്‍ താണ്ടിവേണം മുകളിലേക്ക് കയറാനും ഇറങ്ങാനും. പലേടത്തും  അടി തെറ്റിയാല്‍ ആപത്തില്‍ പെടാവുന്ന കൊക്കകളുണ്ട്. വളഞ്ഞുപുളഞ്ഞുപോകുന്ന വഴിത്താരകള്‍. ചവിട്ടുപടികളിലൂടെ വളരെ സാഹസികമായും സശ്രദ്ധയോടെയും വേണം വഴിനടത്തം .എത്ര പ്രയാസപ്പെട്ടാലും മുമ്പോട്ട് തന്നെ എന്ന്‍ ശപഥം ചെയ്തു. പ്രവാചകന്‍ അനുഭവിച്ച ത്യാഗങ്ങളുടെ ഒരുകണിക പോലുമാകില്ലല്ലോ ഇതൊന്നുമെന്ന അചഞ്ചലമായ ആത്മ ധൈര്യം  അതിന്റെ നെറുകെയിലെത്തിച്ചു. 
പ്രവാചകൻ നബി (സ) യെ
അപായപ്പെടുത്താന്‍ പുറപ്പെട്ട ശത്രുക്കളില്‍ നിന്നും രക്ഷതേടിയെത്തിയത് ഈ മലമുകളിലേക്കാണ്. പ്രവാചക തിരുമേനി(സ)ക്കും അവിടുത്തെ
പ്രഥമ അനുചരന്‍
 അബൂബക്കര്‍ സിദ്ധീഖ് (റ) വിനും സങ്കേതമൊരുക്കിയത് ഈ ഗുഹയിലാണ്. സൗര്‍ എന്ന ഈ മാമലയുടെ ഉച്ചിയിലുള്ള ഗുഹയിലാണ് ഇസ്ലാമിന്റെയും പ്രവാചകന്‍റെയും  മുഖ്യശത്രുവായിരുന്ന
അബൂജഹലിന്‍റെയും കൂട്ടരുടെയും കണ്ണില്‍ പെടാതെ ഹബീബായ നബി(സ) ഒളിച്ചിരുന്നത്.  ശത്രുക്കളുടെ ഉപദ്രവം അതിന്റെ ആധിക്യത്തിലെത്തിയപ്പോള്‍ സഹിക്ക വയ്യാതെ മദീനയിലേക്കുള്ള പാലായനത്തിനിടെയായിരുന്നു ഇത്.  മൂന്ന് ദിവസം  ഈ ഗുഹയിലാണ് പ്രവാചകനും സഹയാത്രികന്‍ അബൂബക്കര്‍ സിദ്ധീഖും അഭയം തേടിയത്. നബി(സ)യെ പിടിച്ചെത്തിക്കുന്നവര്‍ക്ക് നൂറു ഒട്ടകങ്ങളെ ഇനാം നല്‍കാമെന്ന് ശത്രുക്കള്‍ പ്രഖ്യാപനം ചെയ്തു. അവര്‍ സാധ്യതയുള്ള എല്ലാഭാഗങ്ങളും അരിച്ചുപെറുക്കി.അവസാനം മലയുടെ ഉച്ചിയിലുള്ള ഈ ഗുഹാമുഖത്തെത്തി.ഗുഹാകവാടത്തില്‍ ചിലന്തിവലകെട്ടിയതും ചെടികളും അടയിരിക്കുന്ന അരിപ്രാവുകളെയും കണ്ടപ്പോള്‍ ഇവിടെയൊന്നും മനുഷ്യ പെരുമാറ്റമില്ലെന്നവര്‍ക്ക് തോന്നി.  അല്ലാഹു ഒരുക്കി വെച്ച സംവിധാനങ്ങള്‍ കണ്ട് ആള്‍ താമസമില്ലെന്ന നിഗമനത്തില്‍ അവര്‍ ഗുഹയിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോവുകയായിരുന്നു.
                                                                                        

          നീണ്ടകാലം ജീവിതസന്ധാരണത്തിനുള്ള വകകണ്ടെത്തി ഈ പുണ്യ നാട്ടിലുണ്ടായിട്ടും ഇസ്ലാമിന്റെ പുകള്‍പെറ്റ പവിത്രമായ സ്മരണികകളൊക്കെ കാണാനും സ്പര്‍ശിക്കാനും ഞാന്‍ കാണിച്ച അലസതയെ ഓര്‍ത്ത് ഇവിടം കണ്ട് തിരിച്ച് പോരുമ്പോള്‍
എന്‍മനം തപിക്കുന്നുണ്ടായിരുന്നു. ഈ ഭൂമിയില്‍ ജീവിക്കുമ്പോള്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ത്വര നാം കാണിക്കേണ്ടതുണ്ട്.
നബി ദീനിനുവേണ്ടി അനുഭവിച്ച ത്യാഗങ്ങളുടെ കഠിനത മനസ്സിലാക്കാനും അതിലൊരു അൽപാംശമെങ്കിലും  അനുഭവഭേദ്യമാകണമെങ്കിലും  ഈ പര്‍വ്വതം കയറിയാല്‍ മാത്രം മതി എന്നത് ഈയുള്ളവന്‍റെ അനുഭവ സാക്ഷ്യം ഇവിടെ കുറിക്കുന്നു. നാട്ടില്‍ നിന്നും സൗദി സന്ദര്‍ശനത്തിനും പരിശുദ്ധ ഉംറ നിര്‍വ്വഹിക്കുവാനുമായെത്തിയ എന്റെ ജ്യേഷ്ഠനും ഇവിടെ പ്രവാസജീവിതം നയിക്കുന്ന മറ്റു കുടുംബാഗങ്ങളുടെയും കൂടെയാണ് ഇപ്പോള്‍ അവസരം ഒത്തുകിട്ടിയത്.
കാരുണ്യത്തിന്റെ പ്രവാചകന്‍റെ തിരു കാല്‍പാടുകള്‍ പതിഞ്ഞ മണ്ണിലൂടെയുള്ള യാത്രതന്നെ വല്ലാത്തൊരു അനുഭൂതിയാണ് ഉളവാക്കിയത്.

     -എന്‍ കെ മൊയ്തീന്‍ ചേറൂര്‍
                              




             

2017 ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

ലോക സഞ്ചാരത്തിന്റെ തീക്ഷ്ണാനുഭവം കൊണ്ട മഹാഗുരുവിനോടൊപ്പം

       

നീണ്ടകാലത്തെ സാഹസിക യാത്രാപഥങ്ങളിലൂടെ ഉലകം താണ്ടിയ ഒരു പേരുകേട്ട ദേശാടകനെ ഇക്കഴിഞ്ഞ അവധിയില്‍ നാട്ടിലുള്ളപ്പോള്‍
എന്റെ സഹയാത്രികനും യുവ ചരിത്രാന്വേഷകനുമായ ബഷീർ പൂക്കോട്ടൂരിനൊപ്പം സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചു. ദാരിദ്ര്യത്തിന്റെ നിലയില്ലാകയത്തില്‍ ജീവിതം വഴിമുട്ടിയപ്പോള്‍ കയ്യിലുണ്ടായിരുന്ന അമ്പത് രൂപയുമായി വീട് വിട്ടിറങ്ങി ഇന്ത്യക്കകത്തും പുറത്ത് നാല്‍പ്പത്തിമൂന്ന്‍ അന്യദേശങ്ങളിലുമായി ചുറ്റി സഞ്ചരിച്ച് നീണ്ട പതിനേഴ്‌ വര്‍ഷക്കാലത്തെ നാട് ചുറ്റലിന്റെ അനുഭവങ്ങളുടെ അമൃതരസവുമായി നാടണഞ്ഞ മൊയ്തു കിഴിശ്ശേരി എന്ന സാഹസിക സഞ്ചാരിയെക്കുറിച്ച് അറിഞ്ഞ മുതല്‍ അദ്ദേഹത്തെ ഒന്ന് കാണണമെന്ന് ആശവെക്കുന്നുണ്ട്. ഈ പ്രവാസത്തിന്റെ ഇടവേളയില്‍ വെച്ച് ഒരുദിനം അതിനും നീക്കിവെച്ചു.നീണ്ടകാലത്തെ സാഹസിക യാത്രയിലൂടെ ഉലകം താണ്ടി ബഹുലമായ അനുഭവസമ്പത്തുള്ള മഹാ മനീഷിയെ കാണാന്‍ ഒരു ദിനം മാറ്റിവെക്കുന്നത് തന്നെ എത്ര നിസ്സാരം.


1959-ൽ അന്നത്തെ തരക്കേടില്ലാത്ത കുടുംബ ചുറ്റുപാടിലുണ്ടായിരുന്ന മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിലെ ഇല്ലിയൻ കുടുംബത്തിൽ ജനനം .കറാച്ചിയില്‍ കച്ചവടക്കാരനായിരുന്ന ബാപ്പയുടെ മരണം പിന്നെ മെല്ലെമെല്ലെ പ്രതാപത്തില്‍ നിന്നും വറുതിയിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങി. വീടകം ദാരിദ്ര്യം നിറഞ്ഞാടാന്‍ തുടങ്ങിയപ്പോള്‍ മൊയ്തു തന്റെ പഠനം നാലാം ക്ലാസില്‍ വെച്ച് നിര്‍ത്തി.


വീടകം പട്ടിണിയുടെ കരിമ്പടം മൂടാന്‍ തുടങ്ങി.ഉമ്മയുടെ കണ്ണീര്‍കണ്ട് പിടിച്ചുനില്‍ക്കാനാവാതെ മൊയ്തു തന്റെ പത്താമത്തെ വയസ്സില്‍ വീട് വിട്ടിറങ്ങി.1969-ല്‍ അന്ന്‍ പത്ത് വയസ്സ് മാത്രം പ്രായമായ മൊയ്തുവിന്റെ ആ പടിയിറക്കം അവിശ്വസനീയമായ ഒരു പ്രയാണത്തിന്റെ നാന്ദി കുറിക്കലായിരുന്നു.കയ്യിലുണ്ടായിരുന്ന ഇരുനൂറ് രൂപയില്‍ നിന്നും നൂറ്റിഅമ്പത് രൂപ ദാനം ചെയ്തു.ശേഷിക്കുന്ന അമ്പത് രൂപ മാത്രമായിരുന്നു വഴിച്ചെലവായുണ്ടായിരുന്നത്. ആദ്യ ഏഴ് വര്‍ഷക്കാലം കേരളത്തിലും പിന്നെ ആന്ധ്ര ,ഒഡിഷ,നാഗാലാന്‍റ്,ഡല്‍ഹി,പഞ്ചാബ് ,യു പി ,
ജമ്മു-കാശ്മീർ
തുടങ്ങി രാജ്യത്തിനകത്ത് തന്നെ പലേടത്തും ചുറ്റി സഞ്ചരിച്ചു.ഇതിനിടെ രാജ്യത്ത് നിന്ന്‍ തന്നെ കേരളത്തിനകത്തും പുറത്തുമായി നടത്തിയ സഞ്ചാരണത്തില്‍ പൊന്നാനി ,ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മഖ്ബറ ,അസമിലുള്ള കാമാഖ്യ ക്ഷേത്രം കാശ്മീരിലെ ദര്‍ഗകള്‍, യുപിയില്‍ വാരാണസി,പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രം തുടങ്ങി പല തീര്‍ത്ഥാടന കേന്ദ്രങ്ങളിലും കഴിച്ചുകൂട്ടി. പൊന്നാനിയിലെ ഒരു ദര്‍സില്‍ ചേര്‍ന്ന്‍ പഠിക്കുമ്പോള്‍ അവിടുത്തെ ഉസ്താദ് വിവരിച്ച ഖുര്‍ആന്‍ ചരിത്രഭൂമികളിലൂടെ എന്ന പാഠം അദ്ദേഹത്തിന്‍റെ മനസ്സില്‍ കോറിയിട്ടു.അതില്‍ പറഞ്ഞ ദീൻ പതിഞ്ഞ സ്ഥലങ്ങളൊക്കെ കാണണമെന്ന മോഹം ശിരസാവഹിക്കാന്‍ തീരുമാനിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. പല വേദഗ്രന്ഥങ്ങളും ഇതിനകം ഹൃദിസ്ഥമാക്കി.ഡല്‍ഹിയില്‍നിന്ന്‍ ഭഗവദ്ഗീത ,കേരളത്തിലെ പള്ളി ദര്‍സുകളില്‍ നിന്ന്‍ ഖുര്‍ആന്‍ ,ഉത്തരേന്ത്യന്‍ രാജ്യങ്ങളില്‍ നിന്ന്‍ ബൈബിള്‍ തുടങ്ങി വിശുദ്ധ വേദപുസ്തകങ്ങള്‍ പഠിച്ചു.ഏഴ് വര്‍ഷത്തെ ഇന്ത്യാ സഞ്ചാരശേഷം അവസാനം സന്ദര്‍ശിച്ച പഞ്ചാബില്‍ നിന്നും പാക്കിസ്ഥാനിലേക്ക് കടന്ന്‍ വിദേശ രാജ്യങ്ങളിലേക്കുള്ള പുറപ്പാടിന് തുടക്കമിട്ടു .പാസ്പ്പോര്‍ട്ടോ വിസയോ മറ്റ് യാതൊരു യാത്രാ രേഖയും ഇല്ലാതെയായിരുന്നു യാത്ര. അത് അദ്ദേഹത്തിന്‍റെ പതിനേഴാം വയസ്സില്‍.അഫ്ഗാന്‍,ബര്‍മ ,ചൈന ,തിബത്ത് ,കൊറിയ ,താജിക്കിസ്ഥാന്‍,ഉസ്ബക്കിസ്ഥാന്‍ ,ഇറാന്‍,കിര്‍ഗിസ്ഥാന്‍ ,പോളണ്ട് അങ്ങിനെ നാല്‍പ്പത്തിമൂന്ന്‍
പല പല ദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. രാജ്യങ്ങളില്‍ നിന്ന്‍ രാജ്യങ്ങളിലേക്ക് .പിന്നീടങ്ങോട്ട് മൊയ്തു തന്റെ ജീവിതത്തിന്റെ അനര്‍ഘമായ പന്ഥാവ് വെട്ടിത്തെളിക്കുകയായിരുന്നു.കയ്യില്‍ നയാ പൈസയില്ലാതെ യാത്രയിലുടനീളം നല്ലവരായ മനുഷ്യ സ്നേഹികളുടെ സഹായ ഹസ്തം കൊണ്ട് രാജ്യ രാജ്യാന്തരങ്ങള്‍ കടന്ന് അദ്ദേഹത്തിന്‍റെ ഉലക പ്രയാണം തുടര്‍ന്നു. ഓരോ രാജ്യത്തും സംഹിതമായ വിഭിന്നങ്ങളായ വേഷങ്ങള്‍ അദ്ദേഹം കെട്ടിയാടി.പട്ടാളക്കാരനായും ഗൈഡായും പത്രപ്രവര്‍ത്തകനായും ,ഉസ്താദായും,സൂഫിയായും ,ചാരനായും വേഷമണിഞ്ഞു.നീണ്ടകാലത്തെ യാത്രയുടെ പര്യവസാനം കുറിച്ച് 1984 നവംബര്‍ ഒന്നിന് സ്വന്തം നാട്ടില്‍ കിഴിശ്ശേരിയില്‍ തിരിച്ചെത്തുമ്പോള്‍ മൊയ്തുക്കയുടെ കയ്യില്‍ വെറും പത്ത് പൈസയുടെ നാല് നാണയത്തുട്ടുകള്‍ മാത്രമായിരുന്നത്രെ .ഒരു പക്ഷെ കേരളത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തത്ര വിസ്മയകരവും സാഹസികവുമായ ഈ യാത്രയിലും വലിയ സമ്പത്തും ജ്ഞാനവും മറ്റെന്തുണ്ട്. സഞ്ചാരത്തിനിടയിലും ശേഷവും പലരില്‍ നിന്നും പലപ്പോഴായി ശേഖരിച്ചുണ്ടാക്കിയ നിരവധി പുരാവസ്തുക്കളുടെ ബൃഹതതായ തങ്കാരം അദ്ദേഹത്തിന്‍റെ പക്കലുണ്ട്. ഇന്ന്‍ മൊയ്തുക്കയുടെ പക്കല്‍ ചരിത്ര പ്രാധാന്യമുള്ള ഭൂത കാലത്തിന്റെ പാരമ്പര്യവും, ചരിത്രവും ,സംസ്കാരവും ഉണര്‍ത്തുന്ന ഒട്ടേറെ വിലപ്പെട്ട ശേഖരം ,
അതി വിപുലമായ കരകൌശല വസ്തുക്കള്‍ എല്ലാം ഇവിടെയുണ്ട്.
എല്ലാം അമൂല്യ കാലവാചിയായ വസ്തുക്കള്‍.
ചരിത്ര സംസ്കൃതിയോടുള്ള അദ്ദേഹത്തിന്‍റെ അടങ്ങാത്ത ത്വര ഒരു വന്‍ പുരാവസ്തു ശേഖരത്തിനുടമയാക്കി മാറ്റി . ഇക്കാലമത്രയും ഉലകം ചുറ്റി നടന്ന ഈ സഞ്ചാരിയുടെ ഏക സമ്പാദ്യവും കോടി രൂപ വിലപറയുന്ന ഈ ശേഖരമാണ് .വൃക്ക സംബന്ധമായ രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന അദ്ദേഹം തന്റെ ഏക സമ്പാദ്യമായ പുരാവസ്തു ശേഖരം വില്‍ക്കുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഇതേ തുടര്‍ന്ന്‍ ലോക സഞ്ചാര മദ്ധ്യേ പലരില്‍നിന്നും സ്വരൂപിച്ച അമൂല്യമായ ഈ ശേഖരം ഏതാനും ദിവസം മുമ്പ്
മാപ്പിളകലാ അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തിലേക്ക് ഏറ്റെടുക്കുന്നെന്ന് പത്രദ്വാരാ അറിഞ്ഞിരുന്നു..
പല രാജ്യങ്ങള്‍
വിവിധ ഭാഷകള്‍ .അവരുടെ ജീവിതവും സംസ്ക്കാരവും തൊട്ടറിഞ്ഞ,അഗ്നിപരീക്ഷണങ്ങളുടെ തീക്ഷ്ണാനുഭവങ്ങളുടെ സാക്ഷ്യപത്രവുമായി ജീവിക്കുന്ന മൊയ്തു കിഴിശ്ശേരിക്ക് പകരം വെക്കാവുന്ന മറ്റൊരു ലോകസഞ്ചാരി ആരുണ്ട്.
ദര്‍ദേ ജൂദാഈ,ദൂര്‍ കെ മുസാഫിര്‍ ,ലിവിംഗ് ഓണ്‍ ദ എഡ്ജ് ,ചരിത്ര ഭൂമിയിലൂടെ,സൂഫികളുടെ നാട്ടില്‍ തുടങ്ങി ഏഴ് സഞ്ചാര സാഹിത്യ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട് .
വിവിധ ദേശങ്ങളെക്കുറിച്ചും അവരുടെ ജീവിതവും സംസ്ക്കാരവും തൊട്ടറിഞ്ഞ മഹത്തായ അനുഭവങ്ങളുടെ സഞ്ചാരിയാണ് മൊയ്തു കിഴിശ്ശേരി.യാത്രാരേഖകളില്ലാതെ രാജ്യങ്ങള്‍ അലഞ്ഞ ഫക്കീര്‍.പലവിധ വേഷങ്ങള്‍, പഠിച്ച വേദങ്ങള്‍ ,ഭാഷകള്‍ വിദ്യകള്‍ ,എത്ര പ്രണയിനികള്‍. വെറും നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ഈ മലപ്പുറം കിഴിശ്ശേരിക്കാരനെ വെല്ലാന്‍ ഇതിലും വലിയ ലോക സഞ്ചാരി ആരുണ്ട് മലയാളത്തില്‍.
ലോക സഞ്ചാരത്തിന്റെ അനുഭവം കൊണ്ട മഹാഗുരുവിനെ ,
കാലം നിയോഗിച്ച ആ അവധൂതനെ നേരില്‍ കാണാനും വിവരങ്ങള്‍ ശേഖരിക്കാനും പുസ്തകം കൈപ്പറ്റാനും സാധിച്ചതില്‍ ഈയുള്ളവന് ഏറെ ചാരിതാര്‍ത്ഥനാണ്.









- എന്‍ കെ മൊയ്തീന്‍ , ചേറൂര്‍

2017 മാർച്ച് 18, ശനിയാഴ്‌ച

ജുമുഅ നമസ്ക്കാരം

ഇന്ന്‍ വെള്ളിയാഴ്ച.
ഒരു ജുമുഅ നമസ്ക്കാരം കൂടി നാട്ടില്‍ ലഭിച്ചതിന്റെ നിർവൃതിയിലാണിന്ന്‍ ഞാൻ. എന്റെ മതവിശ്വാസപ്രകാരം ദിവസങ്ങളില്‍
ഏറ്റവും ഉത്തമമാക്കിക്കൊണ്ട് ദൈവം നല്‍കിയ ദിനം. ഉടയോന്‍ നല്‍കിയ അപാരമായ അനുഗ്രഹങ്ങള്‍ കൊണ്ടും ശ്രേഷ്ഠതകള്‍ കൊണ്ടും നിറഞ്ഞ ഒരു സുദിനം. ജീവിതം സ്വന്തം ദേശത്ത് നിന്നും പ്രവാസലോകത്തേക്ക് പറിച്ച് നട്ട എന്നെപ്പോലുള്ള പ്രവാസിക്ക് ആണ്ടുകളില്‍ ആറ്റു നോറ്റ് കിട്ടിയ അവധിക്ക് നാട്ടിലെത്തുമ്പോള്‍ ദൈവാനുഗ്രഹത്താല്‍ സ്വന്തം നാട്ടില്‍ കിട്ടുന്ന ജുമുഅ നിസ്ക്കാരങ്ങള്‍ അമൂല്യവും ധന്യവുമായ ചില അവസരങ്ങളാണ്. ഉറ്റവര്‍ക്കും ഉടയവര്‍ക്കും നാടിനും നാട്ടാര്‍ക്കും വേണ്ടി
ഊഷരഭൂമിയില്‍ ഉരുകും മെഴുകുതിരികളായ പ്രവാസിക്ക്
കിട്ടുന്ന ഈ വേള സാര്‍ത്ഥകവും അനര്‍ഘവുമാണ്.
ഇന്നത്തെ വെള്ളിയാഴ്ചയും പതിവ് പോലെ എന്റെ ദേശത്തെ പള്ളിയില്‍ വിശ്വാസികൾ ഒത്തുകൂടി (ദാറുസ്സലാം ജുമാ മസ്ജിദ് .ചേറൂർ, മുതുവിൽ കുണ്ട്). സാധാരണ പോലെ മഹല്ലിന്റെ
മത പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയും നേതാവുമായി വര്‍ത്തിക്കുന്ന മഹല്ല് ഖത്തീബ്
കാലികമായ വിഷയങ്ങളില്‍ വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അര്‍ത്ഥഗര്‍ഭമായി ഭാഷണം ചെയ്തു.ഇന്നത്തെ വിഷയം കുടിനീര്‍ പഞ്ഞം നേരിട്ട് കൊണ്ടിരിക്കുന്നതിനെ സംബന്ധിച്ചായിരുന്നു.എണ്ണമറ്റ സൗകര്യങ്ങളാണ് സര്‍വ്വലോക സൃഷ്ടാവായ അല്ലാഹു നമുക്ക് വേണ്ടി ഭൂമിയില്‍ സംവിധാനിച്ചു വെച്ചിരിക്കുന്നത്. പരിസ്ഥിതി , അതിലെ വൃക്ഷലതാദികളും സസ്യങ്ങളും പര്‍വ്വതങ്ങളും നീര്‍ തടാകങ്ങളും ജലസ്രോതസ്സുകളുമെല്ലാമെല്ലാമായി എണ്ണിയാല്‍ തീരാത്ത വിധത്തിലാണൊരുക്കി വെച്ചിരിക്കുന്നത്. പരിസ്ഥിതിയെ പരിപാലിക്കുന്നതിനെക്കുറിച്ചും ജലവിഭവ സംരക്ഷണത്തെക്കുറിച്ചും ഇസ്ലാം അതിന് നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം തന്റെ കുത്തുബ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. പിന്നീട് ഖത്തീബ് മിമ്പറില്‍ കയറി സന്നിഹിതരായ മഹല്ലുകാര്‍ക്ക് മുമ്പില്‍ ഖുത്തുബ പാരായണം എന്ന
ദൈവികസന്ദേശത്തിലുള്ള
മനുഷ്യമന:സാക്ഷിയെ നേര്‍വഴിയിലേക്കുണര്‍ത്തുന്ന, ഇസ്ലാമിന്റെ വിധി വിലക്കുകള്‍ ഉദ്ബോധിപ്പിക്കുന്ന
രണ്ട് ഉപദേശ പ്രഭാഷണങ്ങള്‍ നടത്തി. അനന്തരം രണ്ട് റക്കഅത്ത് നിസ്ക്കാരവും അനുബന്ധപ്രാര്‍ത്ഥനകളും നടത്തി പിരിഞ്ഞു.
നിസ്ക്കാര ശേഷം പിന്നെ നേരെ കൂട്ടമായി പള്ളിപറമ്പിലേക്കുള്ള ഒഴുക്ക്. മൈലാഞ്ചിചെടികള്‍ തിങ്ങി നില്‍ക്കുന്ന പള്ളിക്കാട്ടില്‍ ആറടികളില്‍ സ്മാരകശിലകളായി
ചിട്ടപ്പെടുത്തിയ മീസാന്‍ കല്ലുകള്‍ക്കുതാഴെ അന്ത്യവിശ്രമം കൊള്ളുന്ന ഒരുപാട് ഖബറാളികള്‍.
ത്യാഗങ്ങള്‍ സഹിച്ച് പോറ്റി വളര്‍ത്തി
മാതാപിതാക്കള്‍ ,ബന്ധുമിത്രാതികള്‍. അവര്‍ക്ക് വേണ്ടി നമുക്കിനി നല്‍കാനാവുന്നത് മനമുരുകിയുള്ള പ്രാര്‍ത്ഥനകള്‍ മാത്രമാണല്ലോ.
അവരുടെ അരികിലെത്തി ഓരോരുത്തരും പരലോകമോക്ഷത്തിനായി
ഇരു കൈകളുമുയര്‍ത്തി പ്രാര്‍ത്ഥനാനിര്‍ഭരരായി സൃഷ്ടാവിനോട് ഇരവ് തേടലായി.ഖബറാളികളോട് സലാം പറഞ്ഞ് പിരിയുന്നു. ശേഷം നാട്ടാരോടുള്ള കുശലാന്വേഷണം നടത്തിയും സമ്പര്‍ക്കം പുതുക്കിയും അനന്തരം ചെലവിടുന്നു. ഇതൊക്കെ സംഹിത ചര്യയായ പതിവാണല്ലോ. നാട്ടിലെ ജുമുഅക്ക് പങ്കെടുക്കുന്നതിനോടൊപ്പം നാട്ടാരുമായി ഓര്‍മ്മ പുതുക്കലും നിര്‍ദ്ദോഷകരമായ തമാശകള്‍ പറഞ്ഞും പുതുതലമുറകളുമായി പരിചയപ്പെടലുമൊക്കെയായി ജുമുഅ അഥവാ ഒത്തുകൂടല്‍ എന്ന ആ ദിനത്തെ അന്വര്‍ത്ഥമാക്കുന്നത് നാട് വിട്ട് ജീവിക്കുന്ന പ്രവാസികള്‍ തന്നെയാണ് .സ്വന്തം നാടിന്റെ തുടിപ്പിനും , മിടിപ്പിനും ചെവിയോര്‍ക്കാന്‍ പ്രവാസിയോളം മറ്റാരുണ്ട്.
ബാല്യകാല കൂട്ടുകാരും സമപ്രായരും നാട്ടുകാരും മറ്റു പരിചയക്കാരെയുമൊക്കെ ഒരുമിച്ച് കാണാനും കുശലവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ലോഹ്യം പുതുക്കാനുള്ള സന്ദര്‍ഭവും കൂടിയാണ് എന്നെപ്പോലുള്ളവര്‍ക്ക് ജുമുഅ ദിനത്തിലെ ഈ സംഗമം . പക്ഷെ കണ്ടിരുന്നവരിലെ പലരുടെയും അഭാവത്തെക്കുറിച്ച് എന്റെ പരതലില്‍ , എന്റെ അന്വേഷണത്തില്‍ എന്നെ കൊണ്ടെത്തിച്ചത് വിരഹത്തിന്റെ തീരങ്ങളിലേക്കാണ് . നൊമ്പരത്തിന്റെ കാര്‍മേഘം ഇരുണ്ട് കൂടുന്നു. തിരയുന്ന പലരും രോഗശയ്യയിലാണ്.
ഇന്നലെ കണ്ടവരില്‍ പലരും ഇന്നൊപ്പമില്ല.
അന്ന് ചിരിച്ചവരില്‍ പലരുമിന്ന്‍ കരയുന്നു. ഇതാണല്ലോ ലോകം .ഇങ്ങനെയാണല്ലോ ജീവിതം.
പലരും വീടകത്തടവറയില്‍ ദീനക്കിടക്കയില്‍ തളച്ചിടപ്പെട്ടിരിക്കുന്നു.
അടുത്ത ഊഴം ആര്‍ക്കെന്നറിയില്ല.
രോഗവും മരണവുമൊക്കെ എപ്പോഴാണെന്നോ എവിടെ വെച്ചാണെന്നോ ആര്‍ക്കാണെന്നോ നമുക്കാര്‍ക്കുമറിയില്ല.
ക്ഷണിക്കാതെ വരുന്ന അതിഥിയായി സ്ഥലകാലബോധമില്ലാതെ മരണം നാം ഏവരെയും പുല്‍കും. നാമെല്ലാവരും മരണമെന്ന അതിഥിയെ കാത്തിരിക്കുന്ന ആതിഥേയര്‍.
നാടും വീടും ഉറ്റവരെയും വിട്ട് ഏഴാം കടലിന്നക്കരെ മരുഭൂനാട്ടില്‍ കുടുംബത്തിന് വേണ്ടി,മക്കള്‍ക്ക് വേണ്ടി, അവരുടെ സന്തോഷത്തിന് വേണ്ടി അഷ്ടിതേടുന്ന പ്രവാസിയെ സംബന്ധിച്ചേടത്തോളം മറുനാട്ടില്‍ പോയി തിരിച്ച് വരുമ്പോഴത്തേക്ക് പലരും ഒപ്പമില്ല.
കൂട്ട് കുടുംബങ്ങളില്‍ നിന്ന്‍ പോലും പിരിഞ്ഞ് പോകുമ്പോള്‍ അവസാനമായി ഒരു നോക്ക് കാണാന്‍ അവനിക്കാവുന്നില്ല .
പ്രവാസത്തിന്റെ ഏടുകളിലെ കണ്ണ്‍ നനയിക്കുന്ന കദനകഥകളാണിതൊക്കെ.
മരണം, അത് ജീവിതം തോറ്റ് കൊടുക്കുന്ന സത്യം.
എല്ലാം ദൈവ നിശ്ചയം . അതു ഭവിക്കുക തന്നെ ചെയ്യും.
പാവപ്പെട്ടവനും പണക്കാരനും പ്രമാണിയുമെന്ന വ്യത്യാസമില്ലാതെ എല്ലാവരും
എല്ലാ ഐഹിക സുഖങ്ങളും വെടിഞ്ഞ് പോകേണ്ടവരാണ് .
ദൈവം നല്‍കിയ ആയുസ്സിന്റെ സമയ പരിധിക്കപ്പുറം ഒരു നിമിഷം പോലും അധികം ലഭിക്കില്ലല്ലോ.
സുഖ ജീവിതത്തിന്‍റെ ലോലുപതയില്‍ എല്ലാം മറന്നു ജീവിക്കുന്ന മനുഷ്യന്‍റെ കാര്യം എത്ര ക്ലേശകരമാണ്. നമുക്കൊക്കെ
എന്നെങ്കിലും ഒരു തിരിച്ച് പോക്കുണ്ടെന്ന ചിന്തയില്‍ ജീവിക്കുക.
നാഥന്‍റെ വിധിവിലക്കുകളും നിയമ നിര്‍ദ്ദേശങ്ങളും കാത്ത് സൂക്ഷിച്ച് നമുക്ക് ജീവിതം മുന്നോട്ട് നയിക്കാൻ സാധിക്കട്ടെ .
ഉടയോന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍