2024 ജനുവരി 26, വെള്ളിയാഴ്‌ച

മത്താരണ

 മത്താരണ .

മലയാണ്മയുടെ അന്യമാകുന്ന വാസ്തുപൈതൃകങ്ങളിലൊന്നാണ് മത്താരണ .


അഴികളില്ലാത്ത കിളിവാതിലിൻ്റെ പാളി തുറന്നാൽ കിട്ടുന്ന പ്രകാശത്തിൻ്റെഓർമകൾക്ക് എന്തൊരു നിലാവെട്ടം .തുറന്ന് വെച്ച മത്താരണ കടന്ന് വൃക്ഷലതാദികളും വളളിപ്പടർപ്പുകളും തഴുകിയെത്തുന്ന ഇളം കാറ്റിൻ്റെ മൃദുലമായ തലോടലേറ്റുള്ള പകൽമയക്കം.ഓർമ്മകൾക്ക് എന്തൊരു കുളിര്.

പത്തായപ്പുര

 ഇതാ നാനൂറ് വർഷത്തോളം പഴക്കമുള്ള ഒരു പത്തായപ്പുര.

നെല്ല് പൊന്നായി കണ്ടിരുന്ന കാർഷിക സമൃദ്ധമായ  ഗ്രാമ വിശുദ്ധി നിറഞ്ഞ ഒരു പ്രതാപ കാലത്തിൻ്റെ പ്രതീകമായി ശിരസ്സുയർത്തി

ഇന്നും നില കൊള്ളുന്നു . 

മുമ്പ് പ്രഭുസ്ഥാനീയരായ ചില തറവാടുകളിൽ മാത്രമായാണ് നെല്ലും വിത്തും സൂക്ഷിക്കാൻ വേണ്ടി പ്രത്യേകമായി ഇത് പോലുള്ള പുരകൾ നിർമ്മിച്ചിരുന്നത്.

കണ്ണെത്താ പാടശേഖരങ്ങളിൽ നെല്ല് വിളയിച്ചെടുത്ത് ടൺ കണക്കിന് ശേഖരിച്ചു വച്ചിരുന്നത് ഇത്തരം നെൽപുരകളിലാണ് .

പഴയ ഭൂപ്രഭുക്കളുടെ ഇല്ലങ്ങളിലും കോവിലകങ്ങളിലുമൊക്കെ ഉണ്ടായിരുന്ന പത്തായപ്പുരകളും നെല്ലറകളും അത്തരം തറവാടുകളൊക്കെ ഒട്ടുമിക്കതും അന്യമായതോടെ കാണാക്കനിയായി മറഞ്ഞിരിക്കയാണ് ഇത് പോലുള്ള പൈതൃകക്കാഴ്ചകളൊക്കെ. 

അപൂർവ്വമായെവിടെയെങ്കിലും അവശേഷിക്കുന്നത് സംരക്ഷണമില്ലാതെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ് .

ഇക്കാണുന്ന തറവാടും എത്രയോ കാലങ്ങളായി ആൾ താമസമില്ലാതെ

മൂകത പേറിക്കിടക്കുന്നു .

നിരപ്പിൽ നിന്നും മൂന്നടി ഉയർച്ചയിലാണ് ഇരുനിലയിലുള്ള ഈ പത്തായപ്പുര .

ആധുനികതയുടെ കുതിച്ചു കയറ്റത്തിൽ നമുക്ക് നഷ്ടമായ കാർഷിക സമൃദ്ധിയുടെ കണക്കുപുസ്തകത്തിൽ എഴുതിച്ചേർക്കപ്പെട്ട പാരമ്പര്യ പൈതൃകങ്ങളുടെ കൂട്ടത്തിൽ ചേർക്കേണ്ട അവസ്ഥയിലാണ് പ്രൗഢമായ പോയ കാലത്തിൻ്റെ ശേഷിക്കുന്ന ഈ തിലകിത അടയാളവും.

      - എൻ കെ മൊയ്തീൻ ചേറൂർ



ചേറൂർ വിപ്ലവം അഥവാ ധീര ദേശാഭിമാനികളുടെ ജീവരക്തം കൊണ്ട് ദേശക്കൂറിൻ്റെ ചരിത്രമെഴുതിയ ചേറൂർപ്പട




ബ്രട്ടീഷ്-ജന്മിത്വത്തിന്റെ കിരാത വാഴ്ചക്കെതിരെ  മലബാറിലെ ചേറൂരിൽ വെച്ച്  ഏഴ് മാപ്പിള യോദ്ധാക്കളും  ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ അഞ്ചാം മദിരാശിപ്പടയിലെ 60 ഭടൻമാരും  തമ്മിൽ എഡി 1843 ഒക്ടോബർ 24-ന് അഥവാ ഹിജ്‌റ വർഷം 1252 റംസാൻ 28 ന്  നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരപോരാട്ടമായിരുന്നു ചേറൂർ പട. ബ്രിട്ടീഷ്-ജന്മി മേധാവിത്വത്തിനു കീഴിൽ,അവരുടെ നിഷ്ഠൂര വാഴ്ചയിൽ പൊറുതി മുട്ടിയ മാപ്പിളമാരും കുടിയാന്മാരും സംഘടിതമായി ദേശ സ്നേഹത്തിന്റെ മാനുഷികമായ തുല്യതയിലൂടെ

സാഹോദര്യത്തോടെയും മതേതരത്വത്തോടെയും കഴിഞ്ഞിരുന്ന ഒരു നാട്ടു സമൂഹത്തിനിടയിലേക്ക് സാമുദായിക ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനുള്ള  

ബ്രിട്ടീഷ് കിരാതന്മാരുടെ നിഗൂഢ ശ്രമങ്ങളെയാണ് അന്ന് ഈ ധീരപോരാളികള്‍ നേരിട്ടത്. 

അധിനിവേശ വിരുദ്ധ സമരനായകൻ മമ്പുറം സയ്യിദ് അലവി തങ്ങൾ നേരിട്ട് പങ്കെടുത്ത ഏക സമരം കൂടിയായിരുന്നു ചേറൂർപട.

ബ്രിട്ടീഷുകാരും ജൻമിമാരായ പ്രമാണിമാരും കീഴ്ജാതിക്കാരെ മൃഗസമാനമായി ഭരിക്കുന്ന കാലഘട്ടം .പാടത്തും പറമ്പിലും പകലന്തിയോളം പണിയെടുത്ത് കഷ്ടപ്പെടുന്ന കീഴാളന്മാർ .

അവരുടെ ദുരിതപൂർണ്ണമായ ജീവിതം കൊണ്ട് കൊഴുത്ത് സുഖത്തിലാറാടി ജീവിക്കുന്ന മേലാളൻമാർ .

കീഴ്ജാതിക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും മാറ് മറക്കാനോ കാൽമുട്ടിന് താഴെ മുണ്ടുടുക്കാനോ പ്രമാണിമാർ പോകുന്നേടത്ത് കൂടെ വഴി നടക്കാനോ കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ള പേര് നൽകാനോ അവകാശമില്ലാത്ത അവരെ മനുഷ്യഗണത്തിൽ പോലും പെടുത്താതിരുന്നകാലം .

സ്വന്തം മണ്ണിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമെന്ന നീതിബോധം മാപ്പിളമാരോടൊപ്പം  അണിചേരാൻ അവരെയും പരപ്രേരണകൂടതെ ചിന്തിപ്പിക്കാൻ തുടങ്ങി.

ജന്മിമാരുടെ പീഢനവും ഉച്ചനീചത്വവും സഹിക്കവയ്യാതെ ചെറമക്കളിൽ പലരും മതം മാറി തുടങ്ങി.

സാമൂതിരിയുടെ ഭരണകാലം തൊട്ടേ പടനായകരായും അധികാരിയായും അറിയപ്പെട്ടിരുന്ന കുടുംബമായിരുന്നു തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ കപ്രാട്ട് പണിക്കർ കുടുംബത്തിൻ്റേത് .സംഭവം നടക്കുന്ന കാലത്ത്  കൃഷ്ണ പണിക്കർ അധികാരിയായിരുന്നു കപ്രാട്ട് തറവാട്ടിലെ കാരണവർ .

കൃഷ്ണ പണിക്കർ ചേറൂർ അംശത്തിൻ്റെ അധികാരിയായിരുന്നു.

അധിനിവേശ വിരുദ്ധ സമരനായകനും

അധ:സ്ഥിത വിഭാഗത്തിന്റെ അവകാശ സംരക്ഷകനുമായിരുന്ന

മമ്പുറം സയ്യിദ് അലവിതങ്ങളുടെ ജീവിതകാലത്ത് തന്നെയാണ്‌ ഈ സംഭവവും നടക്കുന്നത്  .

മാത്രമല്ല പണിക്കരുമായി മുസ്ലിം പണ്ഡിതനും സൂഫിവര്യനുമായിരുന്ന മമ്പുറം സയ്യിദലവി തങ്ങൾ അടുത്ത സൗഹൃദ ബന്ധത്തിലുമായിരുന്നു. 

അന്ന് നിലനിന്നിരുന്ന താഴ്ന്ന ജാതിയും മേൽജാതിയുമെന്ന വിവേചനവും അത്തരത്തിലുള്ള പരമ്പരയായുള്ള കീഴ്‌വഴക്കങ്ങളും കണിശമായും പണിക്കരും പാലിച്ചു പോരുന്നുണ്ട്.

പണിക്കർക്കും കുടുംബത്തിനും കീഴാളൻമാരായ ഏറെ അടിമ വർഗങ്ങളും താണവർഗങ്ങളുമുണ്ടായിരുന്നു .

അക്കൂട്ടത്തിൽ പെട്ട കപ്രാട്ട് തറവാട്ടിലെ ജോലിക്കാരിയായിരുന്നു ചക്കി എന്ന അടിയാള സ്ത്രീ .ഈ ചക്കിയുടെ മതം മാറ്റമാണ് ചേറൂർ പടക്ക് ഹേതുവായി മാറിയത്.

കൊടിയ ജാതിവിവേചനവും വർണവിവേചനവും അടിമത്തവും നിലനിന്നിരുന്ന കാലത്ത്തന്നെയാണ് ചേറൂർ സംഭവത്തിൻ്റെയും രംഗപ്രവേശമെന്നോർക്കണം .

കപ്രാട്ട് തറവാട്ടിലെ വേലക്കാരിയായ ചക്കിക്ക് കലശലായ ഒരു തരം ചൊറി പിടിപെടുകയും 

പല നാട്ടു ചികിത്സകൾ നടത്തിയെങ്കിലും യാതൊരു ഫലവും കിട്ടാതെ വരികയും തുടർന്ന് സർവരാലും

ആദരിക്കപ്പെടുന്ന സിദ്ധവൈദ്യൻ കൂടിയായ സയ്യിദലവി തങ്ങളെ മമ്പുറത്തെത്തി കാണാനും രോഗകാര്യങ്ങൾ പറയാനും തീരുമാനിച്ചു .

അത് പ്രകാരം ചക്കി മമ്പുറത്തെത്തി തങ്ങളെ കണ്ട് തങ്ങളോട് രോഗ കാര്യങ്ങൾ അറിയിച്ചു.തങ്ങൾ ചക്കിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചില നാട്ടു ചികിത്സകൾ നിർദേശിക്കുകയും ചെയ്തു. ഏതാനും ദിനങ്ങൾക്കകം തന്നെ ചക്കിയുടെ മാറാരോഗം സുഖപ്പെടുകയും ചെയ്തു.

ഇതിനിടെ കീഴ്ജാതിക്കാരിയായ തന്നോട് തങ്ങൾ കാണിച്ച സമീപനം ആ സ്ത്രീയെ ആശ്ചര്യപ്പെടുത്തി.

തമ്പ്രാക്കന്മാരുടെ അയിത്തവും തീണ്ടാപ്പാടും സഹിച്ച് മാത്രം ശീലിച്ച ആ കീഴാള സ്ത്രീക്ക് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ മാനുഷിക പരിഗണനയും സമീപനവും മനസാ ആകർഷിച്ചു .അവർക്ക് ഇതൊരു നവ്യാനുഭവമായിരുന്നു.

ഈ അഭിനിവേശം തങ്ങളുടെ മുമ്പിലെത്തി ഇസ്ലാം മതം സ്വീകരിക്കണമെന്ന ചിന്തയിലെത്തിച്ചു.

അങ്ങിനെ യാതൊരു ബാഹ്യമായ പ്രേരണ കൂടാതെ സ്വയം തീരുമാനിച്ചെടുത്ത പ്രകാരം ചക്കിയും മറ്റ് കുടുംബാംഗങ്ങളായ അഞ്ച് പേരും കൂടി മമ്പുറത്തെത്തി തങ്ങളെ കണ്ട് ആഗ്രഹം ധരിപ്പിച്ചു.

തങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ അവിടെ വെച്ച് അവരുടെ ആഗ്രഹം പോലെ ആറ് പേരും ദീൻ ആശ്ലേഷിച്ചു.

ചക്കി ആയിശയായും കൂടെയുള്ളവർ ഹലീമ, ഖദീജ, അഹമ്മദ് ,ഹുസൈൻ ,സലീം എന്നീ പേരുകളും സ്വീകരിച്ചു. 

പിറ്റേന്ന് തൻ്റെ പാടത്ത് മാറ് മറച്ച് തട്ടമിട്ട് ഇസ്ലാമികവേശ രീതിയിൽ പണിയെടുക്കുന്ന ചക്കിയെയും കൂട്ടരെയും കണ്ട് കാപ്രാട്ട് പണിക്കർക്ക് സഹിച്ചില്ല.അവർക്ക് നേരെ അക്രമം അഴിച്ചുവിട്ടു .

ഞങ്ങൾ മമ്പുറം സയ്യിദലവി തങ്ങളുടെ പക്കൽ നിന്നും ഇസ്ലാം മതം ആശ്ലേഷിച്ചവരാണെന്ന് പറഞ്ഞിട്ടും കലിക്ക് യാതൊരു കുറവുമുണ്ടായില്ല എന്ന് മാത്രമല്ല ആയിശയുടെയും മറ്റും കുപ്പായം വലിച്ച് കീറിയെറിഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ചു.

ആയിശയും കൂട്ടരും കരഞ്ഞ് വിളിച്ച് മമ്പുറം തങ്ങളുടെ സന്നിധിയിലെത്തി പുതിയ മതം സ്വീകരിച്ചതിൻ്റെ പേരിൽ പണിക്കരിൽ നിന്ന് ഏറ്റ ക്രൂര ചെയ്തികൾ ധരിപ്പിച്ചു. ഇടിത്തീ പോലെയാണ് തങ്ങൾ ആ വിവരം കേട്ടത്.

കേട്ട മാത്ര തങ്ങൾ സ്തബ്ധനായി. ഞാൻ സുഹൃത്തായി കണ്ടിരുന്ന കപ്രാട്ട് പണിക്കരിൽ നിന്നും ഇത്തരം ഒരു ചെയ്തി തങ്ങൾക്ക് വിശ്വസിക്കാനായില്ല.കപ്രാട്ട് പണിക്കരോട് നേരിട്ട് കാര്യം തിരക്കുകയും

ആ സ്ത്രീ പഴയ ചക്കിയല്ലെന്നും ആയിശ എന്ന പേര് സ്വീകരിച്ച മതപരിവർത്തനം നടത്തിയ മുസ്ലിം സ്ത്രീ ആണെന്നും ആയതിനാൽ മതകീയമായ വസ്ത്രധാരണകൾ അവരുടെ അവകാശമാണെന്നും ധരിപ്പിച്ചു. അവരോട് കാണിച്ച ഈ ക്രൂര ചെയ്തിയിൽ തൻ്റെ ആകുലതയും അമർഷവും അറിയിക്കുകയും ചെയ്തിട്ടും അശേഷം കുറ്റബോധം പണിക്കരിൽ നിന്ന് ഉണ്ടായില്ല എന്ന് മാത്രമല്ല അവരുടെ മതം മാറ്റം അംഗീകരിക്കുകയില്ലെന്നും

പുതിയ വേഷവിധാനവുമായി പണിയെടുക്കുവാൻ അനുവദിക്കുകയില്ലെന്നും ശഠിച്ചു.മമ്പുറം തങ്ങളിൽ ശുണ്ഠി പതിന്മടങ്ങ് വർധിച്ചു.വിശ്വാസ വഞ്ചകനായ പണിക്കരെ പാഠം പഠിപ്പിക്കണമെന്നും ശപഥം ചെയ്തു.

 കപ്രാട്ട് കൃഷ്ണ പണിക്കരുടെ അതിനിഷ്ഠൂരമായ ചെയ്തിയിൽ കലിപൂണ്ട മമ്പുറം തങ്ങൾ തൻ്റെ സവിധത്തിലെത്തിയ പതിവ് സന്ദർശകരും ആത്മീയ ശിഷ്യൻമാരുമായ കച്ചവടക്കാരായ പൂവാടൻ മൊയ്തീനോടും പട്ടർകടവ് ഹുസൈനോടും കാര്യങ്ങൾ വിവരിക്കുകയും കപ്രാട്ട് നാടുവാഴിക്കെതിരെ പോരാട്ടത്തിന് ഒരുങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് തങ്ങളുടെ ആജ്ഞ സ്വീകരിച്ച് മറ്റ് നാല് പേരും അവരോടൊപ്പം സംഘം ചേർന്നു.

മരക്കാർ മൊയ്തീൻ, പൂന്തിരുത്തി മൂസക്കുട്ടി, കുന്നഞ്ചേരി ആലസ്സൻ, ചോലക്കൽ ബുഖാരി എന്നിവരായിരുന്നു അവർ.

         പ്രസ്തുത ദൗത്യത്തിന് സജ്ജരായി റംസാൻ പതിനേഴിന് അഥവാ പരിശുദ്ധ ബദർ യുദ്ധം നടന്ന ദിനത്തിൽ അവർ മമ്പുറത്ത് തങ്ങളുടെ അടുത്ത് ഒത്തുകൂടി .

തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ബദർ രക്തസാക്ഷികളെ പ്രകീർത്തിക്കുന്ന കീർത്തനങ്ങൾ പോരാളികളിൽ സമരോത്സുക്യം വർധിപ്പിച്ചു.

അവർ കപ്രാട്ട് പണിക്കരെ ഉന്നം വെച്ച് മൂന്നിയൂർ പ്രദേശത്തേക്ക് പുറപ്പെട്ടു.

ആറംഗ പോരാളികൾ കോവിലകത്തിൻ്റെ കാവൽക്കാരെ തുരത്തി  യോടിച്ചു .തമ്പ്രാനെ വധിച്ചു.തുടർന്നവർ ചേറൂർ ദേശം ലക്ഷ്യമാക്കി പുറപ്പെട്ടു. അവിടെ താമസക്കാരനായിരുന്ന പണിക്കരുടെ അനന്തരവൻ രാവു പണിക്കരുടെ വീടായിരുന്നു ഉന്നം.

രാവു പണിക്കർ വെന്നിയൂരിൽ നടന്ന സംഭവങ്ങൾ അറിഞ്ഞ് ബ്രിട്ടീഷുകാരുടെ സഹായത്താൽ നാട്ടിൽ അക്രമം അഴിച്ചുവിടാൻ തുടങ്ങി എന്നറിഞ്ഞ് മമ്പുറം തങ്ങൾ പോരാളികളോട് അവിടെ പോയി നേരിടാൻ ആജ്ഞാപിച്ച പ്രകാരമാണ് ചേറൂരിലേക്ക് കുതിച്ചത്.

പോരുന്ന വഴിയിൽ വെച്ച് പൂന്തിരുത്തി ഇസ്മാഈലും അവരോടൊപ്പം ചേർന്നു.

ഇതോടെ സംഘത്തിൽ ഏഴ് പേരായി .

പോരാളികൾ വരുന്നുണ്ടെന്ന വിവരമറിഞ്ഞ് രാവു പണിക്കർ നാട്ടിൽ നിന്നും ഒളിച്ചോടി.

ഏഴംഗ സംഘം ആളൊഴിഞ്ഞ തറവാട്ടിൽ നിലയുറപ്പിച്ചു.

പൊടുന്നനെയെത്തിയ പട്ടാളം അവർ താമസിച്ച വീട് വളഞ്ഞു.

വെളിയിലെത്തിയ പടയാളികളും ബ്രിട്ടീഷ് സേനയും തമ്മിൽ ഘോര യുദ്ധം നടന്നു.

സർവ നൂതന ആയുധ സന്നാഹങ്ങളും സാമഗ്രികളുമായെത്തിയ ക്യാപ്റ്റൻ ലീഡൻ്റെ നേതൃത്വത്തിലുള്ള അഞ്ചാം മദിരാശിപ്പടയിലെ അറുപത് ഭടന്മാരോട്  യാതൊരു ആയുധ സന്നാഹവുമില്ലാതെ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി നേരിട്ട് പടപൊരുതി ആ ഏഴ് ധീരയോദ്ധാക്കളും അടർക്കളത്തിൽ രക്തസാക്ഷിത്വം വരിച്ചു.

പട തുടങ്ങി പാതികഴിഞ്ഞ് മാപ്പിള പക്ഷത്ത് നിന്ന് ഏഴ് പേർക്ക് പുറമെ മമ്പുറം തങ്ങളും പടയിൽ പങ്കെടുക്കാൻ കുതിച്ചെത്തി .പച്ചത്തലപ്പാവ് ധരിച്ച ഒരു അജ്ഞാതൻ എന്നല്ലാതെ മമ്പുറം തങ്ങളെ ആർക്കും അപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ലത്രെ .

ബ്രിട്ടീഷ് പക്ഷത്ത് നിന്ന് ഒരു സുബേദാറും മൂന്ന് ഭടന്മാരും കൊല്ലപ്പെടുകയും ഏഴ് താലൂക്ക് ശിപായിമാർക്കും ആറ് ഭടന്മാർക്കും പരിക്കേൽക്കുകയും ചെയ്തു.തങ്ങളുടെ സാന്നിധ്യമാണ് ശത്രു പക്ഷത്തിന് ഇത്രയും നഷ്ടം വരുത്തിവെച്ചത്.

വീരമൃത്യു വരിച്ച ഏഴു പേരെയും ബ്രിട്ടീഷുകാർ തിരൂരങ്ങാടിയിലെത്തിച്ചു.വരും കാലങ്ങളിലേക്ക് അവരുടെ ഒരടയാളം പോലും ശേഷിക്കുന്നത് ഭയപ്പെട്ട വെള്ളക്കാർ അവരെ തീയിട്ട് ദഹിപ്പിക്കാൻ തുനിഞ്ഞെങ്കിലും പ്രതിഷേധം ആളിപ്പടർന്നതോടെ ശ്രമം ഉപേക്ഷിച്ച് മയ്യിത്ത് അവിടെ വെച്ച് പോകുകയായിരുന്നു.

ശേഷം അവിടെ കൂടിയവർ ആ ധീര ദേശാഭിമാനികളെ ചരിത്രസമ്പന്നമായ തിരൂരങ്ങാടിയുടെ മണ്ണില്‍ തന്നെയുള്ള ഒരു പറമ്പിൽ ഒരുമിച്ച് മറവാടുകയായിരുന്നു. ചെമ്മാട് ടൗണിനോട് ചേർന്ന്  ഇന്നത്തെ നഗരസഭാ കാര്യാലയത്തിന് പിറകുവശത്തായി മന്താനിപറമ്പ് എന്ന സ്ഥലത്താണിത്.

ഇവിടേക്ക് സന്ദര്‍ശകരെത്തുന്നതും പ്രാര്‍ത്ഥന നടത്തുന്നതും പിന്നീട് ഏറെക്കാലം ബ്രിട്ടീഷ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ചേറൂരില്‍ വെച്ച് നടന്ന അധിനിവേശ വിരുദ്ധപോരാട്ടത്തെക്കുറിച്ചും രക്തസാക്ഷികളെക്കുറിച്ചും ഓര്‍മ്മകള്‍ നിലനില്‍ക്കുന്നത് വരും കാലം

ജനങ്ങളില്‍ ബ്രിട്ടീഷ് വിരോധം കത്തിക്കുമെന്ന പേടി വെള്ളക്കാര്‍ക്കുണ്ടായിരുന്നു.എന്നാല്‍ ഖിലാഫത്ത് സമരം മലബാറിലാകെ ഇളകിമറിഞ്ഞ അവസരത്തില്‍ നിലവിലുള്ള

വിലക്കുകളെ ധിക്കരിച്ച് ആലി മുസ്ലിയാരും പോരാളികളും ഈ കബറിടങ്ങള്‍ സന്ദര്‍ശിക്കുക പതിവാക്കിയിരുന്നു.ഇത് ബ്രിട്ടീഷുകാരെ ഏറെ ചൊടിപ്പിപ്പിക്കുകയുംചെയ്തു.ചേറൂരില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് രക്തസാക്ഷികളായവരുടെ കബറിടത്തില്‍ പ്രാര്‍ത്ഥന നടത്തുന്നത് ബ്രിട്ടീഷുകാര്‍ തടഞ്ഞതാണ് തിരൂരങ്ങാടിയില്‍ നടന്നപോരാട്ടങ്ങള്‍ക്ക് ഹേതുവായത് .

അങ്ങിനെ അധിനിവേശ ശക്തികള്‍ ഭയപ്പെട്ടപോലെത്തന്നെ ഭവിക്കുകയായിരുന്നു കാര്യങ്ങള്‍. ചേറൂര്‍ വിപ്ലവത്തിന്റെ സ്മരണകള്‍ പില്‍ക്കാലത്ത് ഖിലാഫത്ത്പോരാട്ടങ്ങള്‍ക്ക് വീര്യവും ഊര്‍ജ്ജവും പ്രചോദനവുമായി.

  ചേറൂർ പട ഉണ്ടാകാനുള്ള കാരണം ജനങ്ങൾക്കിടയിൽ തെറ്റായി ധരിപ്പിക്കാനും ഹിന്ദു മുസ്ലിം ലഹളയായി ചിത്രീകരിച്ച് മതത്തിൻ്റെ പേരിൽ ഭിന്നിപ്പുണ്ടാക്കി രംഗം മുതലെടുക്കാനുമുള്ള കുത്സിത ശ്രമം തന്നെ ജന്മി- ബ്രിട്ടീഷ് കൂട്ടുകെട്ട് തീവ്രമായി നടത്തിയിരുന്നു. 

ചേറൂർ രക്തസാക്ഷികളുടെ പേരിലുള്ള ആണ്ടുനേർച്ച ഓരോ വർഷവും ഇതേ ദിവസം റംസാൻ ഇരുപത്തെട്ടിന് ചേറൂരിലും അവർ അന്ത്യനിദ്രയിലാണ്ടുകിടക്കുന്ന ചെമ്മാടും വിപുലമായ രീതിയിൽ തന്നെ നടത്തിവരുന്നുണ്ട്.

ചേറൂരിൽ രക്തസാക്ഷികളുടെ പാവനസ്മരണക്ക് ചരിത്ര സംഭവത്തിന് വേദിയൊരുക്കിയ സ്ഥലത്ത്

"ശുഹദാ സ്മാരക മസ്ജിദ് "എന്ന പേരിൽ ഏതാനും വർഷമായി പള്ളിസ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ചേറൂരിൽ തന്നെ "ഇന്ത്യൻ സ്വാതന്ത്ര്യ സമരം ,ചേറൂർ രക്തസാക്ഷി സ്മാരക അംഗൻവാടി " എന്ന പേരിൽ അംഗൻവാടി കെട്ടിടവും ചേറൂർ "ശുഹദാ മന്ദിരം "എന്ന പേരിൽ മതപഠനകേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്.

ബ്രിട്ടീഷ് ഭരണകൂടവും അവരുടെ ഒത്താശയിൽ ജന്മി നാടുവാഴികളും അധഃസ്ഥരായ സമൂഹത്തിനു നേരെ നിരന്തരം ചെയ്ത് കൊണ്ടിരുന്ന സ്വേച്ഛാധിപത്യത്തിനെതിരെ മാപ്പിളമാർ നടത്തിയ അവകാശ സമരമായിരുന്നു ചേറൂർപട.

താഴ്ന്ന ജാതിയിൽ ജനിച്ചതിൻ്റെ പേരിൽ ദലിതരോട് കാണിക്കുന്ന തമ്പ്രാക്കന്മാരുടെ ക്രൂരതക്കും ചൂഷണത്തിനുമെതിരെ,

അടിമത്തം അവസാനിപ്പിക്കാനും സ്ത്രീത്വം സംരക്ഷിക്കുന്നതിനും വേണ്ടി നടത്തിയ വീറുറ്റ പോരാട്ടമായിരുന്നു ചേറൂർ സമരം .

   സ്വന്തം മണ്ണിൽ സ്വതന്ത്രമായി ജീവിക്കാൻ വേണ്ടി മാപ്പിളമക്കൾ നടത്തിയ സമരം.

    അധികാരി വർഗത്തിൻ്റെ ക്രൂരതക്കും പൈശാചികതക്കും ബലിയാടുകളായ ധീര ദേശാഭിമാനികളെ നമുക്കൊരിക്കലും മറക്കാനാവില്ല.

           ചോരയിലെഴുതിയ ആ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി അക്കാലത്തെ കവിമുനിമാരായിരുന്ന ചേറൂർ സ്വദേശികളായ മുഹ് യുദ്ദീനും മമ്മദ് കുട്ടിയും സംയുക്തമായി അറബി മലയാളത്തിൽ രചിച്ച സങ്കര ഭാഷയിലുള്ള കാവ്യ കൃതിയായിരുന്നു ' സാരസർഗുണ തിരു തരുളമാല ' എന്ന 'ചേറൂര്‍ പടപ്പാട്ട് '. 

           സംഭവ ബഹുലമായ ആ ചരിത്ര സംഭവങ്ങളുടെ ആധികാരികമായ ചരിത്രരേഖയായി വിശേഷിപ്പിക്കാവുന്ന ചേറൂര്‍ പടപ്പാട്ട് എന്ന ബൃഹത്തായ കാവ്യ ഗ്രന്ഥം ചേറൂര്‍ പട കഴിഞ്ഞ് രണ്ട് വർഷശേഷം തന്നെ വിരചിതമായിട്ടുണ്ട്. 

സ്വാതന്ത്ര്യസമര സേനാനികളെ പുളകം കൊള്ളിച്ച ഈ പടപ്പാട്ട്  പിൽക്കാലത്ത് ദേശദ്രോഹ കുറ്റം ചുമത്തി  ബ്രട്ടീഷുകാർ കണ്ടുകെട്ടി.

       വിപ്ലവവീര്യമുണര്‍ത്തിയ ഈ പടപ്പാട്ടാണ് പിന്നീട് മലബാറില്‍ നടന്ന സാമ്രാജ്യത്വ-ജന്മിത്വവിരുദ്ധ സമരങ്ങള്‍ക്ക്  വീര്യവും ഊര്‍ജ്ജവും പ്രചോദനവും  നല്‍കിയത്. 

     പരപ്പനങ്ങാടി സ്വദേശിയായിരുന്ന പ്രസിദ്ധ കവി ഖയാത്ത് "ചേറൂർ ചിന്ത് " എന്ന പേരിൽ ചേറൂർ പടയെ ആസ്പദമാക്കി ഖണ്ഡകാവ്യം എഴുതിയിരുന്നു.പക്ഷെ മുദ്രണം ചെയ്യുന്നതിന് മുമ്പേ ബ്രിട്ടീഷുകാർ നിരോധനം ഏർപ്പെടുത്തി .

       ഇന്ത്യന്‍ മണ്ണില്‍ രാജ്യാധികാരം പിടിച്ചടക്കിയ സാമ്രാജ്യത്വ ശക്തികളെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി പാറിക്കാനായി മലബാറിലടക്കം നടന്ന ഒട്ടേറെ സമരങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ചേറൂർ പട എന്ന കർഷകസമരവും.

ജയ് ഹിന്ദ് .

- എൻ കെ മൊയ്തീൻ ചേറൂർ

2021 ഡിസംബർ 14, ചൊവ്വാഴ്ച

തിരുവോണ മല ; വിശ്വാസപുരാണങ്ങളും പ്രകൃതി സൗന്ദര്യവും ദീപപ്രഭ ചാർത്തുന്ന ഒരു കൊടുമുടി

          ചരിത്രവും വിശ്വാസവും സംസ്ക്കാരവും പ്രകൃതി വിസ്മയങ്ങളും ചേതോഹരമായ കാഴ്ച്ചകളുമെല്ലാം ഒന്നിച്ചുചേർന്ന ഭൂമിയിലെ വരദാനമാണ്  തിരുവോണമല.

ഇവിടെയാണ് ഏറെ ചരിത്ര പ്രാധാന്യമുള്ള തിരുവർച്ചനാംകുന്ന് ശങ്കരനാരായണസ്വാമീക്ഷേത്രമുള്ളത് .

ഏകദേശം രണ്ടായിരത്തിലേറെ വർഷം പഴക്കം കണക്കാക്കുന്ന ഒരു ക്ഷേത്രമാണിത്.

മലപ്പുറം ജില്ലയിൽ വേങ്ങരക്കടുത്ത് കണ്ണമംഗലം പഞ്ചായത്തും ഊരകം


പഞ്ചായത്തും അതിർത്തി പങ്കിടുന്ന മലയുടെ ഉച്ചിയിലാണ് തിരുവോണ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ പ്രാചീന ദേവാലയവും പ്രകൃതി മനോഹാരിത തുളുമ്പുന്ന വിശേഷണങ്ങളുമുള്ളത് . 

ജില്ലയിലെത്തന്നെ ഏറ്റവും ഉയരം കൂടിയ ഈ മല സമുദ്രനിരപ്പിൽ നിന്നും 2200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പഴക്കം കൊണ്ട് ശബരിമല കഴിഞ്ഞാൽ തൊട്ടടുത്തത് ഈ ക്ഷേത്രമാണെന്നും പറയപ്പെടുന്നു.പൂർണ്ണമായും കരിങ്കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത് .

ഭീമൻ കരിങ്കല്ല് വെട്ടിയുണ്ടാക്കി അന്യോന്യം ഇഴചേർത്ത് ഘടിപ്പിച്ചിട്ടുള്ള ഇതിൻ്റെ നിർമ്മാണ ഘടന കാഴ്ചയെ ആശ്ചര്യപ്പെടുത്തും .

ഒരു ഹിന്ദു മത ക്ഷേത്രമായി വിശ്വാസികൾ

ആരാധനകൾ നിർവ്വഹിക്കുന്നു. എങ്കിലും ഇതിൻ്റെ നിർമ്മിതിയും തുടക്കവും ജൈനമത ക്ഷേത്രമായായിരുന്നു  എന്നും പറയപ്പെടുന്നു .

പോയ കാലം ജനപദമായിരുന്ന ഇവിടം ജൈനമതവിശ്വാസികളാണ് പ്രദേശത്ത് വസിച്ചിരുന്നത് എന്നും ഈ ശിലാക്ഷേത്രം അവരുടെ പ്രവർത്തിയും

കാലത്തിൻ്റെ ഏതോ ദിശാ സന്ധിയിൽ ആളുകൾ ഇവിടം വിട്ടേച്ച് പോയതുമായിരിക്കാം എന്നുമാണ് അനുമാനം.

ഒന്നുകിൽ ഒരുവേള ജൈനമതം ഉപേക്ഷിച്ച് ഇവിടെയുണ്ടായിരുന്ന വിശ്വാസികൾ ഒന്നടങ്കം ഹിന്ദുമതം സ്വീകരിച്ചതുമായിരിക്കാം .

ഏതായാലും ശങ്കരനാരായണസ്വാമിക്ഷേത്രം എന്ന് എഴുതിയ അധികം പഴക്കമില്ലാത്ത ഒരു ഫലകം അവിടെ നാട്ടിയിട്ടുണ്ട്.

      ഇതിൻ്റെ ചരിത്ര വസ്തുതകളെക്കുറിച്ച് പുരാവസ്തു ഗവേഷകർ പഠനം നടത്തട്ടെ .

 വട്ടെഴുത്ത് ലിപിയിലാണെന്ന് കരുതപ്പെടുന്ന ശിലാലിഖിതം ക്ഷേത്രത്തിൻ്റെ തറക്കല്ലിൽ കാണപ്പെടുന്നു.

പതിനാറാം നൂറ്റാണ്ടിൽ വട്ടെഴുത്ത് കാലഘട്ടത്തിൽ കൊത്തിവെച്ചതാവാം എന്നാണ് തോന്നുന്നത്.

അധികൃതർ ഒന്ന് മനസ്സ് വെച്ചാൽ ഭാഷാ ചരിത്രകാരൻമാരുടെയും ചരിത്ര ഗവേഷകരുടെയുമൊക്കെ സഹായത്തോടെ ഇതിൻ്റെ പൂർവ്വകാല ചരിത്രം മനസ്സിലാക്കാനാവും .

ഇതിൻ്റെ തൊട്ടപ്പുറത്ത് തന്നെ അൽപ്പം മുകളിലായി 

അയ്യപ്പക്ഷേത്രവുമുണ്ട് .ഇത്രത്തോളം പഴക്കം അതിനില്ല. വർഷങ്ങൾക്ക് മുമ്പ് പുനഃപ്രതിഷ്ഠ നടത്തിയതായിരിക്കാം.

ഇവിടങ്ങളിൽ നിത്യപൂജകളൊന്നും നടക്കുന്നില്ല.

എല്ലാവർഷവും തുലംമാസത്തിലെ തിരുവോണ നാളിൽ തിരുവോണ മഹോത്സവം നടത്തി വരുന്നുണ്ട് .

ഉത്സവത്തിന് മലയുടെ അടിവാരത്തുള്ള മഠത്തിൽ കുളങ്ങര അയ്യപ്പസ്വാമി ക്ഷേത്രത്തിൽ നിന്നും തിടമ്പെഴുന്നള്ളിച്ച് കൊണ്ട് നിരവധി ഭക്തർ ഘോഷയാത്രയായി തിരുവോണ മല കയറും .

ഇതിനടുത്തായിത്തന്നെ പാറമടക്കിൽ വറ്റാത്ത ഒരു നീരുറവയും കാണുന്നു.

തിരുവോണ മലയുടെ മിക്ക ഭാഗവും ഊരകം പഞ്ചായത്തിൽ ഉൾപെട്ടതാണ് . ഊരകം എന്ന പേരിന് പിന്നിൽ തന്നെ മലകൾക്കിടയിലെ ഊര് എന്നാണ്. പേരിനെ അന്വർഥകമാക്കുന്ന കാഴ്ചകളാണ് ഇവിടെ പ്രകൃതി ഒരുക്കി വെച്ചിട്ടുള്ളത്.

അത് കൊണ്ട് തന്നെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മലനിരകളെ നല്ലൊരു വ്യൂ പോയൻറായാണ് കാണുന്നത്. അത്രക്കും മനോഹരമായ ദൂരക്കാഴ്ചകളാണ് ഇവിടെ നിന്ന് ദർശിക്കാനാവുക .

കോഴിക്കോട് വിമാനത്താവളം ,കടലുണ്ടിപ്പുഴ തുടങ്ങി ജില്ലയുടെ മിക്ക ഭാഗവും ഇവിടെ നിന്ന് കാണാനാവും.

കോഴിക്കോട് വിമാനത്താവളത്തിൻ്റെതായ ഒരു ലൈറ്റ് ഹൗസും ഇതിൻ്റെ തൊട്ടടുത്തായി സ്ഥാപിച്ചതായി കാണാം.

വാഹനങ്ങളിൽ എത്താവുന്ന സ്ഥലത്ത് നിന്നും അരമണിക്കൂറോളം കാൽനടയായി

വിജനമായ വനമ്പ്രദേശങ്ങൾ താണ്ടി പാറക്കല്ലുകൾക്കിടയിലൂടെ കയറി വേണം ഒറ്റപ്പെട്ട് കിടക്കുന്ന പ്രാചീന കാല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ തിരുവോണ മലയിലെത്താൻ .

തെളിഞ്ഞ കാലാവസ്ഥയിൽ വരുന്നവർക്ക് തീർച്ചയായും മനോഹരമായ കാഴ്ചകൾ കണ്ട് മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ മടങ്ങാം .

ചരിത്രവും പാരമ്പര്യവും ദൃശ്യഭംഗിയും കൊണ്ട് സന്ദർശകരെ സ്വീകരിക്കുന്ന ഒരു സ്ഥാനമാണ് തിരുവോണ മലക്കുള്ളത്.

അത്രക്കും പ്രകൃതി നൽകിയ വരദാനമാണ് ഈ കുന്നിൻ മുകൾ .

1921-കളിൽ മലബാർ സമര പോരാളികൾ പരിശീലനത്തിനായി തമ്പടിച്ചിരുന്നത് ഈ മലമുകളിലായിരുന്നു എന്നും പറയപ്പെടുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ഈ മലമുകൾ നിറയെ കപ്പ കൃഷി ചെയ്തിരുന്നതായും വിളവെത്തിയ കപ്പകൾ പറിച്ച് മലയുടെ താഴ്‌വാരത്തുള്ള മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയിലെത്തിച്ച് കയറ്റി അയക്കുകയുമായിരുന്നു പതിവ്. അതിനായി ഒരു കാര്യാലയവും പ്രവർത്തിച്ചിരുന്നതായി പറയുന്നു..

ഊരകം പഞ്ചായത്തിലെ പൂളാപ്പീസ് എന്ന പേരിൽ ഒരു സ്ഥലം ഇന്നും അറിയപ്പെടുന്നതിന് പിന്നിലെ ചരിത്രം അതാണത്രെ .

ഇത്രയും ചരിത്ര പ്രാധാന്യമുള്ളതും നൂറ്റാണ്ടുകളുടെ പൈതൃക സ്മൃതികൾ തുടികൊള്ളുന്നതുമായ ഈ ക്ഷേത്രവും ചുറ്റുവട്ടങ്ങളും സംരക്ഷിച്ച് നിർത്തി വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തി അഭിവൃദ്ധമായ വികസന മുന്നേറ്റം സൃഷ്ടിക്കാൻ  സർക്കാറിൻ്റെ ഭാഗത്ത് നിന്ന് സത്വര നീക്കങ്ങൾ ഉണ്ടാവണം.

    പൈതൃക സ്നേഹികൾക്കും ചരിത്രാന്വേഷികൾക്കും വിനോദ സഞ്ചാരികൾക്കുമൊക്കെ ഒരേ പോലെ ആകർഷണീയമായതാണ് ഈ സ്ഥലം.

ഇതിൻ്റെ ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണം നടത്താൻ പുരാവസ്തു വകുപ്പ് തുനിയണം.

പ്രാദേശിക ടൂറിസങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ഇക്കാലത്ത് അത്തരം സാധ്യതകൾക്ക് സ്വച്ഛമായ പ്രദേശം എന്ന നിലക്ക് തിരുവോണമലയെയും പുരാതന ക്ഷേത്രത്തെയും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കാൻ തയ്യാറാവേണ്ടിയിരിക്കുന്നു.

   -എൻ കെ മൊയ്തീൻ ചേറൂർ

2021 ഡിസംബർ 6, തിങ്കളാഴ്‌ച

ചരിത്രവും പൈതൃകങ്ങളും തേടി . കാരിപ്പള്ളി.


               കാരിപ്പള്ളി

      * * * * * * * * * * * * * * * * *

 ഒതുക്കുങ്ങൽ മറ്റത്തൂരിലെ ഇരുനൂറ് വർഷത്തിലേറെ പഴക്കമുള്ള കാരിപ്പള്ളി .മറ്റത്തൂരിലെ വിശാലമായ ചാലിപ്പാടത്തിൻ്റെ കരയിലാണ് ഈ പള്ളിസ്ഥിതി ചെയ്യുന്നത് .

 പോയ കാലത്തിൻ്റെ ചരിത്ര വർത്തമാനങ്ങൾ ഒരു പാട് ഈ പള്ളിക്കും അയവിറക്കാനുണ്ട്. 

ബ്രിട്ടീഷ്-ജന്മിത്വ വിരുദ്ധ സമരമായറിയപ്പെടുന്ന ചേറൂർ പടയുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്രം ഇതിനുണ്ട്.

ബ്രട്ടീഷ്-ജന്മിത്വത്തിന്റെ കിരാത വാഴ്ചക്കെതിരെ  മലബാറിലെ ചേറൂരിൽ വെച്ച്  ഏഴ് മാപ്പിള യോദ്ധാക്കളും  ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ അഞ്ചാം മദിരാശിപ്പടയിലെ 60 ഭടൻമാരും  തമ്മിൽ 1843-ൽ നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരപോരാട്ടമായിരുന്നു ചേറൂർപ്പട .

പ്രസ്തുത പോരാട്ടത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച അടുത്ത പ്രദേശത്തുകാരായിരുന്ന കുന്നഞ്ചേരി ആലസ്സനും മറ്റ് രണ്ട് പേരും  പ്രഭാത നിസ്ക്കാരവും പ്രാർത്ഥനകളും കഴിഞ്ഞ് ഈ പള്ളിയിൽ നിന്നാണ് പടക്ക് പുറപ്പെട്ടത്.അവർ ബ്രിട്ടീഷുകാരോടേറ്റുമുട്ടി മറ്റ് നാല് ധീരഭടന്മാരോടൊപ്പം ഈ നാടിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.

എല്ലാ വർഷവും ഇവിടെ വിപുലമായ രീതിയിൽ അവരുടെ സ്മരണയിൽ ആണ്ട് നേർച്ച നടത്തിപ്പോരുന്നുണ്ട്.

പണ്ട് ദീർഘകാലം ഇസ്ലാമിക വൈജ്ഞാനിക പാഠശാലയായ ദർസ് സമ്പ്രദായം

ഈ പള്ളിയിൽ നടത്തിപ്പോന്നിരുന്നു.

മണ്മറഞ്ഞ മഹാന്മാരായ പാണക്കാട് പൂക്കോയ തങ്ങളും ഓ ക്കെ സൈനുദ്ധീൻ കുട്ടി മുസ്ല്യാരും ഇവിടെ ദർസിൽ മതപഠനം നടത്തിയിട്ടുണ്ടത്രെ .

പ്രദേശത്തെ പുരാതന കുടുംബമായ കാരി കുടുംബമാണ് ഈ പള്ളി നിർമ്മിച്ചത്.അത് കൊണ്ട് തന്നെ കാരിപ്പള്ളി എന്ന പേരിൽ തന്നെയാണ് പള്ളി അറിയപ്പെടുന്നതും. അവരുടെ ഇന്നത്തെ തലമുറ തന്നെയാണ് ഇന്നും ഈ പള്ളി പരിപാലിച്ച് പോരുന്നത്.

പള്ളിക്ക് ഏതാനും അടുത്തായിത്തന്നെ ഏറെ പഴക്കമുള്ള കാരി കുടുംബത്തിൻ്റെ ഒരു തറവാടും അതേപടി സംരക്ഷിച്ച് പോരുന്നുണ്ട്.

മത പ്രബോധന രംഗത്ത് മലബാറിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ച പണ്ഡിതകുല പരമ്പരയിൽ പെട്ടവരാണ് കരി കുടുംബം. ഓത്ത് പഠിച്ചവൻ എന്ന് അർത്ഥം വരുന്ന ഖാരി എന്ന വാക്കിൽ നിന്നും ലോപിച്ചതാണെന്ന് പറയുന്നു 'കാരി ' എന്ന തറവാട് നാമം.

ബ്രിട്ടീഷ് - ജന്മി മേധാവിത്വത്തിൻ്റെയും നാടുവാഴിത്വത്തിൻ്റെയും കിരാതവാഴചയിൽ ഈ ഉൾപ്രദേശവും ഏറെ ദുരിതമനുഭവിച്ചിട്ടുണ്ട്.

ഖിലാഫത്ത് പ്രചരണത്തിൻ്റെ ഭാഗമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബടക്കമുള്ള മുൻനിര നേതാക്കൾ ഇവിടെ സന്ദർശിക്കാറുണ്ടായിരുന്നു.

ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിച്ചതിൻ്റെ പേരിൽ നിരവധി കുടിയാന്മാരെ

ബ്രിട്ടീഷ് മേധാവി തുക്കിടി സായിപ്പിൻ്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തു .

അവരിലുണ്ടായിരുന്ന പതിനെട്ട് വയസ്സുകാരൻ ഇല്ലിക്കോട്ടിൽ അലവി പാതിരാത്രി പാറാവുകാരനെ കണ്ണുവെട്ടിച്ച് പാറാവുകാരൻ്റെ തോക്കും തിരകളുമെടുത്ത് ധൈര്യസമേതം തടവുചാടി രക്ഷപ്പെട്ടു.

ഇതേ ചൊല്ലി ഈ ഗ്രാമം പിന്നീട് അനുഭവിച്ചത്

ബ്രിട്ടീഷ് പട്ടാളക്കാരുടെ കണ്ണിൽ ചോരയില്ലാത്ത പരാക്രമങ്ങളായിരുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പ് നടന്ന പല ചരിത്ര സംഭവങ്ങളുടെയും സ്മൃതി സാക്ഷ്യമായ ഒരു ഗ്രാമമാണിത്.

പല വിവരങ്ങളും പഠനം നടത്തുകയോ രേഖപ്പെടുത്തി വെക്കുകയോ ചെയ്യാത്തതിൻ്റെ പേരിൽ ആധികാരികതയുടെ അപര്യാപ്തതയിൽ അജ്ഞാതമായിക്കിടക്കുന്നു എന്നു മാത്രം .

        - എൻ കെ മൊയ്തീൻ ചേറൂർ




                  കാരി തറവാട്

2021 നവംബർ 25, വ്യാഴാഴ്‌ച

'അബ്ദുറഹ്മാൻ നഗർ; വീരപുത്രൻ്റെ നിത്യസ്മരണയിൽ ഒരു പഞ്ചായത്ത്


ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ  മുന്നണിപ്പോരാളിയും   കേരളത്തിന്റെ വീരപുത്രനുമായിരുന്ന  മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബിൻ്റെ ഓർമ്മക്കായി ദേശത്തിൻ്റെ പേര് തന്നെ നൽകി ആദരവ് കാണിച്ച ഒരു ജനതയും ഗ്രാമവുമുണ്ടിവിടെ .
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ പെട്ട 'അബ്ദുറഹ്മാൻ നഗർ' പഞ്ചായത്താണ് ധീര ദേശാഭിമാനിയുടെ നാമകരണം നൽകി ഉചിതമായ സ്മാരകമായി നിലകൊള്ളുന്നത് .
മലബാർ സമരത്തെക്കുറിച്ച് പറയുന്നെങ്കിൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബിനെ ഒഴിച്ചു നിർത്തി പറയാനാവില്ല. 
അത്രമേൽ സംഭവബഹുലമായ ബന്ധം .
ദേശീയ പ്രസ്ഥാനം മലബാറിൽ പടുത്തുയർത്തുന്നതിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വഹിച്ച പങ്ക് നിസ്സീമമാണ്.
        സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പോരാട്ടവീഥികളില്‍   നിറഞ്ഞുനിന്ന ഒരു ദേശാഭിമാനിയെ നിത്യസ്മരണയിൽ നിലനിർത്താൻ നാടിന് നാമധേയം നൽകി ആദരവ് പ്രകടിപ്പിച്ച ഒരു നാടും സമൂഹവും അഥവാ തദ്ദേശ സ്ഥാപനം തന്നെ രാജ്യത്ത് വേറെയുണ്ടോ എന്നത് സംശയമാണ്.
കടലുണ്ടി പുഴയുടെ ഓരത്ത് വയലുകളാൽ വലയം തീർത്ത് കിടന്നിരുന്ന അക്കാലത്തെ ഈ കൊച്ചു പ്രദേശവുമായി
കൊടുങ്ങല്ലൂർ സ്വദേശിയായ സാഹിബ് തൻ്റെ ജീവിതവുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു.
സ്വാതന്ത്ര്യ സമര രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുമ്പോൾ തന്നെ സാഹിബ് പ്രദേശവുമായി കൂടുതൽ അടുക്കാൻ തുടങ്ങി.
സാഹിബ് സമര പ്രസ്ഥാനവുമായി തിരൂരങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുമ്പോൾ കൂടെ പ്രവർത്തിച്ചത് കൊടുവായൂർ കാരനായ സുഹൃത്ത് പി പി സി മുഹമ്മദായിരുന്നു. ആ ബന്ധം ദൃഢമായ സൗഹൃദമായി മാറി.
പി പി സി മുഹമ്മദ് എന്ന ചെറാട്ടിൽ മുഹമ്മദിൻ്റെ വീട്ടിലെ നിത്യസന്ദർശകനായി സാഹിബ്.
1937-ൽ രൂപീകരിച്ച മമ്പുറം റെസ്റ്റൊറേഷൻ കമ്മിറ്റിയുടെ പ്രസിഡൻ്റ് അബ്ദുറഹ്മാൻ സാഹിബും വൈസ് പ്രസിഡൻ്റ് പി പി സി മുഹമ്മദുമായിരുന്നു .
  പ്രത്യേകിച്ച് അക്കാലത്ത് പ്രദേശത്തെ  മുസ്ലിംകളെ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിൽ സാഹിബ് പ്രചോദകനായി .
അന്ന് കോൺഗ്രസ് പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ള മേഖലയായിരുന്നു ഈ പഴയ കൊടുവായൂർ . 
1945-ൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മരണപ്പെട്ടു .
മരണശേഷം സാഹിബിൻ്റെ ഓർമ്മ നിലനിർത്താൻ പ്രദേശത്ത് ഉചിതമായ സ്മാരകം വേണമെന്ന ആശയം അടുത്ത സുഹൃത്തായിരുന്ന പി പി പി മുഹമദ് മുന്നോട്ട് വച്ചു .
1953-ൽ പി പി സി മുഹമ്മദ് സാഹിബും ഈ ലോകത്തോട് യാത്രയായി.
എങ്കിലും അദ്ദേഹവുമായി ഇഴപിരിയാനാവാത്ത ബന്ധം 
നിലനിൽക്കുന്ന ഈ പ്രദേശത്ത് ഉചിതമായ സ്മാരകം വേണമെന്ന ആഗ്രഹം ശക്തമായി തന്നെ നാട്ടുകാരിൽ നിന്ന് ഉയർന്നു.
അത് സ്വന്തം പഞ്ചായത്തിന് തന്നെ അബ്ദുറഹ്മാൻ സാഹിബിൻ്റെ പേര് നൽകി  സഫലീകൃതമാക്കുകയും ചെയ്തു.
അതിൻ്റെ പ്രവർത്തനങ്ങൾക്ക് പൗരസമിതി രൂപീകരിച്ച് നേതൃത്വം നൽകിയത് അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന വി എ ആസാദും പി പി സി മുഹമ്മദ് സാഹിബിൻ്റെ മകൻ പി പി എ ഫസൽ ഹാജിയുമായിരുന്നു .
ഒരു നാടിൻ്റെ ഒത്തൊരുമയുടെ അശ്രാന്ത പരിശ്രമത്തിൻ്റെ ഭാഗമായി 1962 - ൽ അന്നത്തെ സാമൂഹ്യക്ഷേമ മന്ത്രി പി പി ഉമ്മർകോയയാണ് കൊടുവായൂര് പഞ്ചായത്തിനെ അബ്ദുറഹ്മാർ നഗർ പഞ്ചായത്ത് എന്ന് നാമകരണം ചെയ്ത് ഉത്തരവിറക്കിയത്. പിന്നീട് ക്രമേണ നാട്ടുകാരുടെ സമ്മർദ്ദത്താൽ വില്ലേജ് ഓഫീസ്, തപാൽ ഓഫീസ് മുതലായവയും അബ്ദു റഹ്മാൻ നഗർ എന്ന് പേര് നൽകി.
കറകളഞ്ഞ വ്യക്തിത്വവും ജീവിത വിശുദ്ധിയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സാഹിബ്‌ ആദര്‍ശത്തിന്റെയും സേവന സന്നദ്ധതയുടെയും ആള്‍രൂപമായിരുന്നു. രാഷ്ട്രീയം ഭൌതിക നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാത്ത ആദര്‍ശ രാഷ്ട്രീയത്തിന്റെ വ്യതിരിക്ത മുഖം കാഴ്ച വെച്ച നേതാവായിരുന്നു സാഹിബ്‌. 
വിശിഷ്യാ രാജ്യത്തിന് വേണ്ടി സമരം നയിച്ചവരെ തമസ്ക്കരിക്കുകയും സമരത്തെയും പോരാളികളെയും ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തവരെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന ഈ വർത്തമാനകാലത്ത് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ശ്വാസം നൽകിയ മഹാന്മാരിൽ പ്രധാനിയായ സാഹിബിൻ്റെ സമരോത്സുകതയുടെ ഊർജ്ജം പകർന്ന ധന്യ ജീവിതവും സന്ദേശവും നാം പഠിക്കണം,ഓർക്കണം .
     ജയ് ഹിന്ദ് .
        -എൻ കെ മൊയ്തീൻ ചേറൂർ






 

2021 നവംബർ 13, ശനിയാഴ്‌ച

കാലം ബാക്കി വെച്ച പൈതൃകങ്ങൾ




         മലപ്പുറം മേൽമുറിയിലുള്ള നൂറ് വർഷത്തിലേറെ പഴക്കം ചെന്ന സ്രാമ്പിപ്പള്ളി .

മേൽമുറിയിലെ മഅദിൻ അക്കാദമിക്ക് അടുത്തായുള്ള വിശാലമായ പാടശേഖരത്തിലാണ് കൃഷിയും വിശ്വാസവും സമന്വയിച്ച പോയ കാലം ബാക്കി വെച്ച ഒരു സംസ്ക്കാരത്തിൻ്റെ  ശേഷിപ്പായി ഇത് സ്ഥിതി ചെയ്യുന്നത് .

പഴയ തലമുറയിൽ നിന്നും കൈമാറിപ്പോന്ന ഈ പൈതൃകസമ്പത്ത് നഷ്ടപ്പെടുത്താതെ ഇന്നും നിലനിർത്തിപ്പോരുകയാണ് ഇന്നാട്ടുകാർ. തോട്ടിൽ നിന്നും കെട്ടി ഉയർത്തിയ മരത്തിൻ്റെ കാലുകൾക്ക് കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ചതിനാൽ ഏതാനും മുമ്പ് പകരം കോൺക്രീറ്റ് തൂണുകൾ നൽകിയിരിക്കുന്നു എന്നതൊഴിച്ചാൽ പഴക്കം നഷ്ടപ്പെടുത്തുന്ന ഒരു മാറ്റവും ഈ സ്രാമ്പിക്ക് ഉണ്ടായിട്ടില്ല.

മുമ്പൊക്കെ കേരളത്തിൻ്റെ ഗ്രാമാന്തരങ്ങളിൽ ഏറെ കണ്ടു വന്നിരുന്ന സ്രാമ്പിപ്പള്ളികളിൽ ഇന്ന് അപൂർവ്വം ചിലയിടങ്ങളിൽ മാത്രമേ അവശേഷിക്കുന്നുള്ളു. ബാക്കിയെല്ലാം സംരക്ഷണമില്ലാതെ കാലാന്തരത്തിൽ നഷ്ടപ്പെടുകയും ചിലത് പൊളിച്ചുമാറ്റി തൽസ്ഥാനത്ത് വലിയപള്ളികൾ നിർമിക്കുകയും ചെയ്തു.

പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ  പാടത്തും പറമ്പിലുമൊക്കെ സജീവമായ കൃഷികൾ കൊണ്ട് സമ്പന്നമായ ഒരു കാലത്തിൻ്റെ ബാക്കി പത്രങ്ങളാണ് ഇന്ന് വളരെ ചുരുക്കം മാത്രം കാണുന്ന സ്രാമ്പികൾ അഥവാ തക്യാവുകൾ .

കാർഷികവൃത്തി ഉപജീവനമായി കണ്ടിരുന്ന കാലത്തിൻ്റെ സംസ്കൃതിയുടെ നാട്ടടയാളങ്ങൾ . 

പാടശേഖരങ്ങൾക്കിടയിലായി തോട്ടിൻ കരയിലോ കുളത്തിനോട് ചേർന്നോ ആയിരിക്കും ഇത് പോലുള്ള കുറച്ച് പേർക്ക് മാത്രം നിസ്ക്കരിക്കാവുന്ന കൊച്ചു പള്ളികളുടെ നിർമ്മാണം .പാടത്തും പറമ്പിലും പണി എടുക്കുന്നതിനിടെ നിസ്ക്കരിക്കാനുള്ള നേരമെത്തിയാൽ തോട്ടിൽ നിന്നും അല്ലെങ്കിൽ കുളത്തിൽ നിന്നും വൃത്തിയായതിന് ശേഷം അംഗശുദ്ധി വരുത്തി സ്രാമ്പിയിൽ കയറി നിസ്ക്കരിക്കും. വീണ്ടും കൃഷിപ്പണിയിലേർപ്പെടുകയും ചെയ്യും .

കൂടാതെ ജോലിക്കിടയിൽ ഇടക്ക് വിശ്രമിക്കാനും ആശ്രയിക്കും.

പരമ്പരാഗത കൃഷികൾ കൊണ്ട് സമൃദ്ധമായിരുന്ന ആ മാധുര്യ കാലമൊക്കെ അന്യം പോയതോടെ

ഗ്രാമങ്ങളിൽ നിന്നും സ്രാമ്പിപ്പള്ളികളും അപ്രത്യക്ഷമായി.

      ഒരു കാലത്ത് വളരെ സജീവമായിരുന്ന സ്രാമ്പിപ്പള്ളികളെക്കുറിച്ച് ഇന്നത്തെ തലമുറക്ക് തീരെ അപരിചിതമായിരിക്കുന്നു. പുതുതലമുറക്ക് പോയ കാല പൈതൃകത്തെക്കുറിച്ച് പകർന്ന് കൊടുക്കാൻ ഭൂതകാലത്തിൻ്റെ സംസ്കൃതിയും ചരിത്രവും ആത്മീയതയും പേറി ഇന്നും നിലനിൽക്കുന്ന സ്രാമ്പികളെ നാശത്തിലേക്ക് വഴിവെക്കാതെ സംരക്ഷിച്ചുനിർത്തിയെങ്കിൽ മാത്രമേ സാധിക്കുകയുള്ളു.

  - എൻ കെ മൊയ്തീൻ ചേറൂർ

2021 ഏപ്രിൽ 5, തിങ്കളാഴ്‌ച

ചരിത്രാതീതകാലത്തിൻ്റെ_സ്മരണികകൾതേടി


മുനിയറ




========

വേങ്ങരക്കടുത്ത ഗാന്ധിക്കുന്ന് എന്ന പ്രദേശത്തെ ഒരു വീട്ടുവളപ്പിലാണ് പുരാവസ്തു ഗവേഷകർ

മുവ്വായിരത്തോളം വർഷങ്ങൾ പഴക്കം കണക്കാക്കുന്ന ഈ മുനിയറ കണ്ടെത്തിയത് .

ചെങ്കൽ പാറയിൽ തുരന്ന് നിർമ്മിച്ച ഈ മുനിയറക്കുള്ളിൽ അതിൻ്റെ മധ്യത്തിലായി കൊത്തിയുണ്ടാക്കിയ തൂണും അതിന് അഭിമുഖമായി ഇരുവശങ്ങളിലായി രണ്ട് ഇരിപ്പിടവുമൊക്കെ കാഴ്ചക്കാരിൽ കൗതുകമുണർത്തും.

 മഹാ ശിലായുഗസംസ്‌കാരത്തിന്റെ ബാക്കിപത്രമായ മുനിയറകൾ

അക്കാലത്തിൻ്റെ മനുഷ്യവാസത്തിൻ്റെ മഹാ ശിലാസ് മാരകങ്ങളാണ് .

പ്രാചീന കാലത്ത് മുനിമാർ ധ്യാനമിരിക്കുന്നതിനായുണ്ടാക്കിയ ശിലാ നിർമ്മിതികളാണ് മുനിയറകൾ എന്നതാണ് ഐതിഹ്യം .

 അന്നത്തെ പ്രധാനികളുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാനും മരണാനന്തര ചടങ്ങുകൾ ചെയ്യുന്നതിനുമാണ്  മുനിയറകളുടെ നിർമ്മിതി എന്നും പറയപ്പെടുന്നു.

മരിച്ചയാൾക്ക്  മൺ കുടങ്ങളിലാക്കി ഇഷ്ടപ്പെട്ട ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമൊക്കെ മുനിയറയിൽ കരുതിവയ്‌ക്കുമത്രെ. 

നന്നങ്ങാടികൾ , കുടക്കല്ല്, മുനിയറകൾ, തൊപ്പിക്കല്ല് തുടങ്ങി പോയ കാല ജനജീവിതത്തിന്റെ സാക്ഷ്യപത്രങ്ങളായ

 ചരിത്ര പ്രാധാന്യമുള്ള പല അടയാളങ്ങളും 

 ചുറ്റുവട്ടങ്ങളിലായി സംരക്ഷണം ലഭിക്കാതെ മണ്ണിട്ട് മൂടിയും കാട് മൂടിയും നാശം സംഭവിക്കുകയാണ്.

ഇവക്കും സംരക്ഷണമൊരുക്കാൻ പുരാവസ്തു വകുപ്പും ബന്ധപ്പെട്ട അധികാരികളും തയ്യാറാവണം.

എങ്കിൽ മാത്രമേ വരും തലമുറകൾക്കും ചരിത്ര സ്നേഹികൾക്കും ചരിത്ര വിദ്യാർത്ഥികളിലേക്കുമൊക്കെ   മഹാശിലായുഗ സംസ്ക്കാരത്തിൻ്റെ അറിവുകൾ കൈമാറാൻ സാധിക്കുകയുള്ളു.

- എൻ കെ മൊയ്തീൻ, ചേറൂർ

2021 ഏപ്രിൽ 4, ഞായറാഴ്‌ച

ചരിത്രാതീത കാലത്തിൻ്റെ ശേഷിപ്പുകൾ തേടി





നന്നങ്ങാടി .

------------------

വേങ്ങരയിലെ ഗാന്ധിക്കുന്ന് പ്രദേശത്തായി ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ്

2500 ലേറെ വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഇക്കാണുന്ന നന്നങ്ങാടി കണ്ടെത്തിയിട്ടുള്ളത് .

ചെങ്കല്ല് പാറയിൽ  കൊത്തിയുണ്ടാക്കിയ നന്നങ്ങാടിക്ക് എട്ടടി വിസ്താരം കണക്കാക്കുന്നു.

 നന്നങ്ങാടിക്ക് സമീപം അതിലേക്ക് പ്രവേശിക്കുന്നതിനായുള്ള കല്ലറയിൽ തീർത്ത പടവുകളും കവാടവുമൊക്കെ പതിവ് കാഴ്ചകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

മഹാ ശിലായുഗ കാലത്ത് മനുഷ്യരുടെ മൃത ദേഹം അടക്കം ചെയ്തിരുന്നത് നന്നങ്ങാടികളിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. 

 മൃതദേഹങ്ങൾക്കൊപ്പം അവരുടെ ആയുധങ്ങളും പാത്രങ്ങളും മറ്റു ഉപകരണങ്ങളുമടക്കം നന്നങ്ങാടികളിൽ സംസ്കരിക്കുമത്രെ .

ചരിത്ര വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഇവിടം സന്ദർശിക്കാനെത്തുന്നത് .

ഈ പ്രദേശത്ത് ഇത് കൂടാതെ രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ വേറെയും മുനിയറകളും നന്നങ്ങാടികളും പുരാവസ്തു വകുപ്പ് കണ്ടെത്തിയിട്ടുണ്ട് .

നാടിന്റെ പഴമയുടെ കഥപറുന്ന ഇങ്ങനെയുള്ള അമൂല്യമായ പൈതൃകവും ചരിത്ര നിര്‍മിതികളുമായ പുരാവസ്തുക്കളും ശേഷിപ്പുകളും അടയാളങ്ങളും

പുരാരേഖകളുമൊക്കെ സംരക്ഷിക്കുക എന്ന ഒരു വലിയ

ലക്ഷ്യം നമുക്ക്  സാധിപ്പിച്ചെടുക്കാന്‍ കഴിയണം.

എങ്കിൽ മാത്രമേ ഭാവി തലമുറക്ക് ഇതുപോലുള്ള മഹാശിലായുഗ സംസക്കാരത്തിൻ്റെ അടയാളങ്ങളും അതേക്കുറിച്ചുള്ള സമഗ്രമായ അറിവുകളും പകർന്ന് നൽകാൻ നമുക്ക് സാധിക്കുകയുള്ളു.

- എൻ കെ മൊയ്തീൻ ,ചേറൂർ

2020 ഫെബ്രുവരി 25, ചൊവ്വാഴ്ച

ചരിത്രമുറങ്ങുന്ന കോട്ടക്കുന്ന്. അഥവാ, ധീരദേശാഭിമാനി ഹാജി സാഹിബിന്റെ സ്മരണകളിരമ്പുന്ന മലപ്പുറത്തിന്റെ കുന്നിൻ ചെരിവ്.

ചരിത്രമുറങ്ങുന്ന കോട്ടക്കുന്ന്.
 അഥവാ, ധീരദേശാഭിമാനി



ഹാജി സാഹിബിന്റെ സ്മരണകളിരമ്പുന്ന മലപ്പുറത്തിന്റെ കുന്നിൻ ചെരിവ്.
=====================
ഇത് മലപ്പുറത്തെ കോട്ടക്കുന്ന് .
ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലക്കുള്ള ഇവിടുത്തെ ഭംഗി ആസ്വദിക്കാനല്ല
ഞാനിവിടം എത്തിയത്.
മറിച്ച് ഒരു ദേശ സ്നേഹി എന്ന നിലക്ക് ചരിത്രമുറങ്ങുന്ന മണ്ണിലേക്കുള്ള യാത്രയായാണ് പുറപ്പെട്ടത്.
ബ്രിട്ടീഷുകാരുടെ വിഭജനതന്ത്രങ്ങളെയും നിറത്തോക്കുകളെയും ഒട്ടും കൂസാതെ
പിറന്ന മണ്ണ് കാക്കാൻ വേണ്ടി രാജ്യത്തിന്റെ മോചനമല്ലാതെ യാതൊരു സന്ധിയും കീഴടങ്ങലുമില്ലാതെ പൊരുതി ധീര രക്തസാക്ഷിത്വം വരിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ദേശാഭിമാനിയുടെ ഓർമ്മകളിരമ്പുന്ന കുന്നിൻ ചെരിവ് സന്ദർശിക്കാനാണ്.
സാമ്രാജ്യത്വ വിരുദ്ധ സമരചരിത്രത്തിലെ വിപ്ലവ സൂര്യൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയെയും ചെമ്പ്രശ്ശേരി തങ്ങളെയും ബ്രിട്ടീഷ് കാട്ടാളന്മാർ വെടിവെച്ച് കൊന്നത് ഈ മലഞ്ചെരുവിൽ വെച്ചാണ്.
ബ്രിട്ടീഷ് ഭരണകൂടം ജനങ്ങളോട് കാണിച്ച ക്രൂര ചെയ്തികൾ കണ്ടാണ് വാരിയം കുന്നത്ത് തോക്കെടുക്കുന്നതും സ്വാതന്ത്രസമര പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തെത്തുന്നതും.
1894-ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ മണ്ണാർക്കാട് യുദ്ധത്തിൽ പങ്കെടുത്തതിന് ആന്തമാനിലേക്ക് നാട് കടത്തിയ സ്വന്തം പിതാവിന്റെ ജീവിതമാണ് വാരിയം കുന്നത്തിനെ ബ്രിട്ടീഷ് വിരുദ്ധനാക്കിയതിന്റെ ആദ്യപടി.
ബ്രിട്ടീഷ് തേർവാഴ്ചക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നിൽ നിന്ന് സമരം നയിച്ച ധീര പോരാളി കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് ഭരണകൂടത്തിന് കനത്ത വെല്ലുവിളി ഉയർത്തിയ കലാപകാരിയായിരുന്നു.
1922 ജനുവരി 6 ന് വാരിയം കുന്നത്തിനെ കാളികാവ് കല്ലാമൂലയിലെ സങ്കേതത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള സമരം അവസാനിപ്പിക്കുകയാണെങ്കിൽ യാതൊരു ഉപദ്രവവും ഏൽപ്പിക്കാതെ താങ്കളെ  മക്കയിലേക്ക് അയക്കാമെന്ന കലക്ടറുടെ വാക്കുകൾക്ക് മുമ്പിൽ ഹാജി സാഹിബ് പൊട്ടിത്തെറിച്ചു.
" നിങ്ങൾക്ക് മാപ്പ് തന്നാൽ എന്നെ മക്കയിലേക് അയക്കാമെന്ന നിങ്ങളുടെ വാക്കുകൾ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരിക്കയാണ് .
 ചതിക്ക് വേണ്ടി പുണ്യഭൂമിയെയാണ്  നിങ്ങൾ കരുവാക്കിയിരിക്കുന്നത്.
 നിങ്ങളൊരു കാര്യം മനസ്സിലാക്കണം.
ഞാൻ മക്കയെ അത്യധികം ഇഷ്ടപ്പെടുന്നു, പക്ഷേ പിറന്നത് ഈ മണ്ണിലാണ്.
 ഈ ദേശത്തെയാണ് സ്നേഹിക്കുന്നത്.
 ഈ മണ്ണിൽ മരിച്ചു ഒടുങ്ങണമെന്നാണ് എന്റെ ആഗ്രഹവും"
ബ്രിട്ടീഷ് അധികാരികളായ കേണൽ ഹംഫ്രിയുടെയും സുബേദാർ പണിക്കരുടെയും ഹിച്ച്കോക്കിന്റെയുമെല്ലാം മുഖത്ത് നോക്കി അദ്ദേഹം കൊടുത്ത മറുപടി ഏതൊരു രാജ്യസ്നേഹിയേയും ആവേശം കൊള്ളിക്കുന്നതാണ്.
 1922 ജനുവരി 20 ന് രാവിലെ മലപ്പുറത്തെ ഈ കുന്നിൻ മുകളിൽ വെച്ച് ബ്രിട്ടീഷ് കോടതി വിധി പ്രകാരം ഹാജി സാഹിബ് ധീര രക്തസാക്ഷിയായി.
അദേഹത്തെ വധിക്കുന്നതിന് തൊട്ട്മുമ്പ്
കണ്ണ് മൂടിക്കെട്ടാൻ ശ്രമിച്ചപ്പോൾ
"ഭീരുക്കളെപ്പോലെ കണ്ണ് കെട്ടി പിറകിൽ നിന്ന് വെടിവെച്ച് കൊല്ലാതെ എന്റെ നെഞ്ചിലേക്ക് വെടിവെക്കണം.
എന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി നിങ്ങൾ വെക്കുന്ന വെടിയുണ്ടകൾ കൊള്ളേണ്ടത് എന്റെ നെഞ്ചിലാവണം.
അത് കണ്ടു കൊണ്ട് ഈ മണ്ണിൽ മുഖം ചേർത്ത് എനിക്ക് മരിക്കണം."
ബ്രിട്ടീഷ് പട്ടാള കമാന്റർ കേണൽ ഹംഫ്രിയടക്കമുള്ള അധികാരികളുടെ മുഖത്ത് നോക്കി അദ്ദേഹം ആക്രോഷിച്ചു.
ശേഷം കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിവെച്ചാണ് അദ്ദേഹത്തെ വധിച്ചത്.
ജനങ്ങൾക്ക് അന്ത്യാഭിവാദ്യമർപ്പിക്കാൻ പോലും നൽകാതെ ഈ കുന്നിൻചരിവിലിട്ട് ദഹിപ്പിക്കുകയായിരുന്നു ആ കാപാലികർ ചെയ്തത്.
 ആ വിപ്ലവ സൂര്യൻ വീരമൃത്യു വരിച്ച ഇവിടമിന്ന് ആരാമവും ഇരിപ്പിടങ്ങളും മറ്റു വിനോദ സൗകര്യങ്ങളുമൊക്കെക്കൊണ്ട് കമനീയമാക്കി മാറ്റിയത് കണ്ടപ്പോൾ
പോയ കാല ചരിത്രത്തെ മായ്ച്ചുകളയാനാണോ നാം ഇതൊക്കെ ചെയ്തിരിക്കുന്നത് എന്ന് ചിന്തിച്ച് പോയി.
 - എൻ കെ മൊയ്തീൻ, ചേറൂർ

2020 ഫെബ്രുവരി 6, വ്യാഴാഴ്‌ച

ദേശ സ്നേഹ പോരാട്ടത്തിന്റെ നെരിപ്പോട് നെഞ്ചിൽ പേറി കൊന്നാര് മസജിദ് .





==========================
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള മലബാർ സമരത്തിൽ വെള്ള പട്ടാളത്തിന് നേരെ പടയോട്ടം നടത്തിയ ഭൂമികയാണ് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറക്കടുത്തുള്ള കൊന്നാര് പ്രദേശം.
ഇക്കാണുന്ന കൊന്നാര് മസ്ജിദിനും അതിനോട് ചാരിയൊഴുകുന്ന ചാലിയാറിനും ഇന്നാട്ടിൽ നടന്ന
 ചോരയിൽ ചാലിച്ച ഒരു പാട് ദേശാഭി മാനപ്പോരാട്ടങ്ങളുടെ നീണ്ടകഥകൾ പറയാനുണ്ട്.
ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ബഹു. എം എൽ എ എം സ്വരാജ് സംസാരമദ്ധ്യേ പരാമർശിച്ച മലബാർ സമരകാലത്ത് ബ്രിട്ടീഷ് കാരുടെ വെടിയുണ്ടകൾ തറച്ച അടയാളവും പേറിക്കഴിയുന്ന കൊന്നാര് പള്ളിയാണ് ഈ കാണുന്നത്.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരയോദ്ധാവ് കൊന്നാര് തങ്ങളുടെ ജീവിതം കൊണ്ട് ഇതിഹാസം രചിച്ച നാടാണിത്.
മതപ്രബോധനങ്ങൾക്കായി എ ഡി 1521-ൽ
കേരളത്തിലെത്തിയ ജലാലുദ്ധീൻ ബുഖാരി തങ്ങളുടെ വംശത്തിൽപെട്ട പിൻമുറക്കാരനാണ് കൊന്നാര് തങ്ങൾ എന്ന പേരിൽ അറിയപ്പെട്ട സയ്യിദ് മുഹമ്മദ് കോയ തങ്ങൾ .
മുസ്ലിംകളും ഹിന്ദുക്കളുമടക്കം ഭൂരഹിത കർഷകരായ കുടിയാന്മാർ ബ്രിട്ടീഷ് - ജന്മി വാഴ്ചയിൽ നിരന്തരമായ ക്രൂരതകൾക്കും കൊടിയ പീഢനങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന കാലത്താണ് കൊന്നാര് തങ്ങളുടെ രംഗപ്രവേശം.
 സഹജീവികൾ മർദ്ദനത്തിനും സകല ചൂഷണത്തിനുമിരയായി ദൈന്യതയിൽ കഴിയുമ്പോൾ അവർക്കൊപ്പം നിൽക്കണമെന്നത് വിശ്വാസിയുടെ കടമയായിക്കണ്ട് അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ സമരത്തിന് ഒരുക്കം കൂട്ടി.
അധിനിവേശ വിരുദ്ധ സമരനായകൻ മമ്പുറം സയ്യിദ് അലവി തങ്ങളുടെയും പുത്രൻ സയ്യിദ് ഫസൽ തങ്ങളുടെയും നിലപാടുകളും
പ്രവർത്തനങ്ങളും മാതൃയാക്കിയും
അവരുടെ പാത പിൻപറ്റിയും തന്നെയാണ് കൊന്നാര് പ്രദേശത്തെ ആസ്ഥാനമാക്കി  അദ്ദേഹം ജനങ്ങളെ സമരസജ്ജരാക്കുന്നതിന് നേതൃവീര്യം പകർന്നത്.
മപ്രം, എളമരം, വെട്ടത്തൂർ ,ചാലിയം, വാഴക്കാട്, കൊടിയത്തൂർ, ചെറുവാടി, മാവൂർ ,താത്തൂർ എന്നീ പ്രദേശങ്ങളെയൊക്കെ ചേർത്ത് കൊണ്ട്
കൊന്നാര് ആസ്ഥാനമാക്കി കൊന്നാര് തങ്ങൾ പ്രസിഡന്റായി ഖിലാഫത്ത് കമ്മിറ്റിക്ക് രൂപം നൽകി.അതിനു കീഴിൽ ഖിലാഫത്ത് കോടതിയും സ്ഥാപിച്ചു.
ജാതിയുടെയും മതത്തിന്റെയും വേർതിരിവില്ലാതെ പൊതുശത്രുവിനെതിരെ ഹിന്ദുവും മുസൽമാനും ഒന്നിച്ചണി ചേർന്നു.
മലബാറിലെ ഖിലാഫത്ത് നേതാക്കളായ വാരിയം കുന്നത്ത് കുഞ്ഞഹമദാജിയുടെയും ആലി മുസല്യാരുടെയും സഹായ സഹകരണവും വിശ്വാസ്യതയും സർവത്ര പിന്തുണയും
 അദ്ദേഹം നേടിയെടുത്തു.
1921 ആഗസ്റ്റ് 19 ന്
ആലി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ സമരാ സൂത്രണം ചെയ്യുന്നതിനും ഖിലാഫത്ത് ഭരണവ്യവസ്ഥകൾ തയ്യാറാക്കുന്നതിനുമായി ചേർന്ന രഹസ്യ യോഗത്തിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി ,ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ, കാപ്പാട് കൃഷ്ണൻ നായർ, കുമരംപുത്തൂർ കുഞ്ഞി സീതിക്കോയ തങ്ങൾ, നാരായണ നമ്പീശൻ,കാരാട്ട് മൊയ്തീൻ കുട്ടി ഹാജി, നായർ വീട്ടിൽ അത്തൂട്ടി തുടങ്ങിയവർക്കൊപ്പം കൊന്നാര് തങ്ങളും സജീവമായി പങ്കെടുത്തിരുന്നു.
ജനങ്ങൾ ബ്രിട്ടീഷുകാരുടെ നിരന്തരമായ ക്രൂരതക്ക് ഇരയായിക്കൊണ്ടിരുന്നു.
ഇതിനെ പ്രതിരോധിക്കാൻ തങ്ങൾ ജനങ്ങളെ സമരസജ്ജരാക്കി.
സായുധ സന്നാഹത്തോടെ ചാലിയാർ വഴി എത്തിയ ബ്രിട്ടീഷ് പട്ടാളത്തിനു നേരെ ഗറില്ലാ യുദ്ധ രീതിയിലാണ് തങ്ങളുടെ നേതൃത്വത്തിൽ പോരാളികൾ പയറ്റിയത്.
അതിനായി പ്രത്യേക ഗറില്ലാ പോരാട്ടമുറകളിൽ പരിശീലനം നൽകി ഖിലാഫത്ത് സേനയെ തങ്ങൾ സജ്ജമാക്കിയിരുന്നു.
ഖിലാഫത്ത് സമരക്കാരുടെ ഒളിപ്പോരാട്ടത്തിലെ വൈദഗ്ദ്യം കൊണ്ട് നേരിടുന്നതിൽ പരാജയപ്പെട്ട് പുഴ വഴി കടന്ന് വരാൻ പോലും ധൈര്യപ്പെടാതെ ബ്രിട്ടീഷ് പട്ടാളത്തിന് തിരിച്ച് പോകേണ്ടി വന്ന പല സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.
ആഗസ്റ്റിൽ നടന്ന തിരൂരങ്ങാടി, പൂക്കോട്ടൂർ കലാപത്തോടെ പട്ടാളത്തിന്റെ നരനായാട്ട് വാഴക്കാട്, എടവണ്ണപ്പാറ, കൊന്നാര് ഭാഗങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി.
കണ്ണിൽ കണ്ടവരെയൊക്കെ ബ്രിട്ടീഷ് സൈന്യം ആന്തമാനിലേക്ക് നാട് കടത്തുന്നു.
പട്ടിണിയും പരിവട്ടയും നടമാടിയിരുന്ന കാലത്താണ് ഇവിടങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത്.
1921 ഒക്ടോബർ പത്തിന്  കലാപം പൊട്ടിപ്പുറപ്പെട്ടു.
പള്ളിക്കകത്ത് കലാപകാരികളുണ്ടെന്ന് പറഞ്ഞ് ചാലിയപ്പുറം പള്ളിക്കുനേരെ അക്രമം അഴിച്ചുവിട്ടു. പള്ളിക്ക് തീവെച്ചു. പള്ളിയിലുണ്ടായിരുന്ന ഖത്തീബsക്കം അൻപതിലധികം പേർ രക്തസാക്ഷികളായി.
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ഖിലാഫത്ത് പ്രസിഡന്റായിരുന്ന കൊന്നാര് തങ്ങൾ ആഹ്വാനം ചെയ്തു.
 ബ്രിട്ടീഷുകാർ സമരക്കാരെ ഒതുക്കാൻ അരീക്കോട് സ്ഥാപിച്ചിരുന്ന പട്ടാളക്യാമ്പ് ഖിലാഫത്ത് പ്രവർത്തകർ അക്രമിച്ചു.
അന്നത്തെ ബ്രിട്ടീഷ് അധികാരിയെ സമരക്കാർ അരീക്കോട് ചന്തയിൽ വെച്ച് കെട്ടിയിട്ട് വിചാരണ ചെയ്തു.
ബ്രിട്ടീഷ് പട്ടാളം 1921 ഒക്ടോബർ  പതിനൊന്നിന് കൊന്നാര് പള്ളിക്ക് നേരെയും അക്രമം അഴിച്ചുവിട്ടു.
തുരുതുരാ നിറയൊഴിച്ചു.  ആരാധനായോഗ്യമല്ലാത്ത വിധം പള്ളി തകർക്കപ്പെട്ടു.
അന്നുതിർത്ത ഒന്നര ഇഞ്ചോളം വരുന്ന ഒരു വെടിയുണ്ട ഇന്നും പള്ളിയുടെ വാതിലിൽ കാണാം. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ മാപ്പിളപ്പോരാട്ടത്തിന്റെ സമരവീര്യമുണർത്തുന്ന അടയാളമായി ഇന്നു മത് അവശേഷിക്കുന്നു.
ബ്രിട്ടീഷ് കാരോട് ഏറ്റുമുട്ടി പട നയിച്ച കൊന്നാര് തങ്ങളെ 1922 ആഗസ്റ്റ് 25 ന്
കൂത്തുപറമ്പിൽ വെച്ച് ബ്രിട്ടീഷ് സൈന്യം അറസ്റ്റ് ചെയ്തു.1923 മാർച്ച് 23 -ന് സ്പെഷ്യൽ ജഡ്ജി ജാക്സൺ അദേഹത്തിന് വധശിക്ഷ വിധിച്ചു.
കോയമ്പത്തൂരിൽ വെച്ച് ആ ധീര ദേശാദിമാനി രക്തസാക്ഷിത്വം വരിച്ചു.
അരീക്കോടും മറ്റു അടുത്ത പ്രദേശങ്ങളും സ്വാതന്ത്രസമര പോരാട്ടം കൊണ്ട് വീരേതിഹാസം രചിച്ച ഭൂമികയാണ്. മലബാർ സമരകാലത്ത് ബ്രിട്ടീഷ് പട്ടാളം ഈ ഗ്രാമാന്തരങ്ങളിൽ നടത്തിയ കൂട്ടക്കൊലക്ക് കയ്യും കണക്കുമില്ല.
ഒതായി പള്ളിയിൽ കയറി അവിടെ ഒരുമിച്ചുകൂടിയിരുന്ന സമരക്കാരെ ബോംബിട്ടു.നിരവധി പേർ തൽക്ഷണം മരിച്ചു. ജീവൻ അവശേഷിക്കുന്നവരെ ബൂട്ടിട്ട് ചവിട്ടിയും ബയനറ്റ് കൊണ്ട് കുത്തിയും കൊന്നു. മുപ്പത്തിരണ്ട് പേർ അവിടെ രക്തസാക്ഷികളായതായി പറയുന്നു.
ഇങ്ങനെ എത്ര എത്ര .മലബാറിന്റെ ഏതു ഭാഗത്തിലൂടെ സഞ്ചരിച്ചാലും മലബാർ കലാപത്തിന്റെ സ്മൃതികൾ ഉറങ്ങിക്കിടക്കുന്നുണ്ടാവും.
മലബാർ കലാപത്തിന്റെ നൂറാം വാർഷികം പടിവാതിൽക്കലെത്തി നിൽക്കുന്ന ഇക്കാലത്തും
ബഹുമാനപ്പെട്ട എം എൽ എ യുടെ നിയമസഭാപ്രസംഗത്തിലെ കൊന്നാര് അടക്കുള്ള മലബാറിന്റെ പലഭാഗങ്ങളിലും നടന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗങ്ങൾ  സമൂഹമാധ്യമങ്ങളിലൂടെയും മറ്റും  ഇത്രയധികം പ്രചുരപ്രചാരം ലഭിച്ചതിലൂടെ നാം മനസ്സിലാക്കേണ്ടത്
 അന്നത്തെ ഐതിഹാസികമായ  പോരാട്ട വീര്യത്തിന്റെ ദേശസ്നേഹ വികാര തീവ്രത ഇന്നും  സമൂഹത്തിൽ തുടികൊള്ളുന്നു എന്നത് തന്നെയാണ്.
- എൻ കെ മൊയ്തീൻ ചേറൂർ

2020 ജനുവരി 19, ഞായറാഴ്‌ച

സന്ദർശകരിൽ വിസ്മയം തീർത്ത് നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കൊണ്ടോട്ടി കുബ്ബ.

സന്ദർശകരിൽ വിസ്മയം തീർത്ത്
നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന
കൊണ്ടോട്ടി കുബ്ബ.
=============
കൊണ്ടോട്ടിയുടെയും അതിന് ചുറ്റപ്പെട്ടുകിടക്കുന്ന മറ്റു പ്രദേശങ്ങളുടെയും ചരിത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന  തിലകിത അടയാളമാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരത്തിനടുത്തുള്ള കുബ്ബ.
തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകർന്ന് കൊണ്ടു പോകുന്ന ഒരു സംസ്ക്കാരമാണ് കേരള ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഈ കുബ്ബയും ഇതിന്റെ പുരാതന ചരിത്രവും നമുക്ക് നൽകുന്നത്.
 ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മുഹമ്മദ് ഷാ തങ്ങൾ (1687-1766) തുടക്കം കുറിക്കുകയും പിന്നീട് പിൻഗാമിയായി വന്ന
പുത്രൻ ഇഷ്ത്വാഖ് ഷാ തങ്ങൾ 1814 -ൽ പൂർത്തീകരിക്കുകയും ചെയ്തതാണ്
കുബ്ബയുടെ നിർമ്മാണ പ്രവർത്തി എന്ന് പറയപ്പെടുന്നു.
മുഹമ്മദ് ഷാ തങ്ങളുടെ ഖബറിടത്തിനു ചുറ്റുമായി സമചതുരാകൃതിയിൽ പേർഷ്യൻ വാസ്തു ശിൽപകലയിൽ തീർത്തും ഭീമമായ കരിങ്കൽ പാളികൾ ഉപയോഗിച്ചാണ് കുബ്ബ പണിതിരിക്കുന്നത്.
പൂനെയിൽ നിന്നും മധുരയിൽ നിന്നുമൊക്കെ എത്തിയ വിദഗ്ദരായശില്പികളാണ് ഇതിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
മുംബെയിൽ നിന്നും മലബാറിലെത്തിയതായിരുന്നു  സൂഫിവര്യനായിരുന്ന മുഹമ്മദ് ഷാതങ്ങളും കുടുംബവും.
 തെക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളം ചുറ്റി സഞ്ചരിച്ചതിന് ശേഷമാണ് കൊണ്ടോട്ടിയിലെത്തി അവർ സ്ഥിരതാമസമാക്കുന്നത്.
കൊണ്ടോട്ടി ഉള്‍പ്പെട്ട പ്രദേശ ഭരണം ടിപ്പുസുല്‍ത്താന്‍ നടത്തുന്ന കാലത്താണ് പേര്‍ഷ്യന്‍ വംശജരായ തങ്ങള്‍ കുടുംബം മോംബെയില്‍ നിന്നും 1717-ൽ
കൊണ്ടോട്ടിയില്‍ എത്തുന്നത്.
ദലിതരും മുസ്ലിംകളും ഇടകലർന്ന് വസിച്ചിരുന്ന പ്രദേശമായിരുന്നു ഇവിടം. ദലിതരും തങ്ങളെ വേണ്ട വിധം സ്വീകരിക്കുകയും എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ മുൻപന്തിയിൽ പ്രവർത്തിക്കുകയും ചെയ്തു.
തങ്ങൾ ഒരു മതാചാര്യൻ മാത്രമായി ഒതുങ്ങിയില്ല.
പൊതു സമൂഹത്തിലേക്കിറങ്ങി പ്രവർത്തിക്കാൻ തുടങ്ങി അദ്ദേഹം.
സാമുഹൃമേഖലയിൽ ഇടപെടുക എന്ന അന്നത്തെ സൂഫികളുടെ രീതി തങ്ങൾ അവലംഭിച്ചു.അതോടെ
തങ്ങൾക്ക് ജനങ്ങൾക്കിടയിൽ വളരെ വേഗം പിന്തുണ ആർജ്ജിച്ചെടുക്കാൻ സാധിച്ചു.
അത് വരെ ജനവാസമില്ലാതെ കാട് മൂടിക്കിടന്നിരുന്ന ഈ സ്ഥലം ജനങ്ങളെ കൂട്ടുപിടിച്ച് തങ്ങളുടെ നേതൃത്വത്തിൽ കാടുകളൊക്കെ വെട്ടിത്തെളിച്ച് വാസയോഗ്യമാക്കി മാറ്റിയെടുത്തു.
പിന്നീട് കൊണ്ടോട്ടിയുടെ സ്ഥാപകനായി മാറുകയായിരുന്നു തങ്ങൾ.
അങ്ങിനെ 'കാടുവെട്ടി' എന്ന പദത്തിൽ നിന്ന് ലോപിച്ച് വന്നതാണത്രെ ഇന്നത്തെ 'കൊണ്ടോട്ടി ' എന്ന നാമകരണം.
തങ്ങളിലുള്ള വിശ്വാസ്യതയിലും സത്യസന്ധതയിലും മതഭക്തിയിലും  ആകൃഷ്ടനായ ടിപ്പു സുല്‍ത്താന്‍ അദ്ദേഹത്തെ തന്റെ വിശ്വസ്തനാക്കുകയും ഭരണത്തിന്‍ കീഴിലെ നികുതി പിരിവിനായി തങ്ങളെ നിയോഗിക്കുകയും ചെയ്തു. പക്ഷെ നികുതി പിരിക്കാതെ മേൽനോട്ടം വഹിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. ടിപ്പു സുൽത്താൻ തങ്ങളവർകളെ 'ഇനാംദാർ' പട്ടം നൽകി ആദരിക്കുകയുണ്ടായി.
ടിപ്പു പിന്നീട്
മൈസൂരിലേക്ക് തിരിച്ചപ്പോള്‍ ഈ ഭൂമി വിശ്വസ്തനായ മുഹമ്മദ്‌ ഷാ തങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ചരിത്രമുള്ള ഭൂമികയാണ് കൊണ്ടോട്ടി .
ഒരു പാട് ചിരപുരാതന ചരിത്രവും നഗര സംസ്കൃതിയും ഈ നാടിനു സ്വന്തമായുണ്ട്.
ജാതി മത വേലിക്കെട്ടുകളില്ലാതെ കാർഷിക സമൃദ്ധമായ ആ കാലഘട്ടത്തിൽ മുഹമ്മദ് ഷാ തങ്ങൾ തുടക്കം കുറിച്ച കാർഷിക- സാംസ്ക്കാരികോത്സവമായിരുന്നു മലബാറിലെ പ്രസിദ്ധമായ കൊണ്ടോട്ടി നേർച്ച .ഏതാനും വർഷമായി എന്തോ ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ കൊണ്ടോട്ടി നേർച്ച നിർത്തിവെച്ചിരിക്കുന്നു എന്നാണറിയാൻ കഴിഞ്ഞത്.
കൃഷിയും അനുബന്ധ തൊഴിലുകളും മാത്രം ഉപജീവന മാർഗ്ഗമായി കണ്ടിരുന്ന ഒരു കാലത്തിന്റെ നാട്ടുത്സവം തന്നെയായിരുന്നു കൊണ്ടോട്ടി നേർച്ച.
കാർഷികോൽപ്പന്നങ്ങളുടെയും വിവിധ കാർഷികോപകരണങ്ങളുടെയും വിവിധ ഇനം വിത്തുകളുടെയും ഗാര്‍ഹിക നിര്‍മാണ വസ്തുക്കളുടെയും പ്രത്യേക സ്റ്റാളുകളും വിപണനവുമൊക്കെ അന്നത്തെ നേർച്ചപ്പറമ്പിലെ പൊടിപൂരമെന്ന് വിശേഷിപ്പിക്കാവുന്ന കാഴ്ചകളായിരുന്നു .
ഖുബ്ബക്കടുത്തുള്ള വയലിൽ വിവിധ തരം വലിപ്പത്തിലുള്ള പീരങ്കികൾ പൊട്ടിച്ചായിരിക്കും നേർച്ചക്ക്
തുടക്കം കുറിക്കുക. പല പ്രദേശങ്ങളിൽ നിന്നുമായി പലതരം കാർഷിക വിളകളും വഹിച്ച് കൊണ്ടുള്ള ഘോഷയാത്ര കുബ്ബ കേന്ദ്രീകരിച്ചെത്തും.വിവിധ ഇനം കലാരൂപങ്ങളും നേർച്ചയോടനുബന്ധിച്ച്‌ അരങ്ങേറും.
ഖുബ്ബക്ക് ചുറ്റും ദളിതുവിഭാഗത്തിന്റെ ചവിട്ടുകളി കലാരൂപം അവതരിപ്പിക്കുന്നതും,
നേർച്ചയുടെ സമാപനം കുറിച്ച് കൊണ്ട് അതിലെ പ്രധാനമായ തട്ടാന്റെ പെട്ടി വരവുമൊക്കെ കൊണ്ടോട്ടി നേർച്ച കേരളീയ സംസ്ക്കാരത്തിൽ ലയിച്ച മൈത്രിയോത്സവമായിരുന്നു എന്ന് സമർഥിക്കുന്നതാണ്.
 - എൻ കെ മൊയ്തീൻ ചേറൂർ

2020 ജനുവരി 5, ഞായറാഴ്‌ച

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്രസിക്കുന്ന അധ്യായങ്ങൾ തേടിയുള്ള എന്റെ യാത്ര



*സ്വാതന്ത്ര്യസമര ചരിത്രത്തിലെ കനലൊടുങ്ങാത്ത സ്മരണകള്‍ തേടിയുള്ള യാത്ര*
     വെളിയംകോട് ഉമർ ഖാളി മസ്ജിദ്.
            സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് അധികാരികളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി നിനക്ക് നികുതി തരാൻ ഞങ്ങൾക്ക് മനസ്സില്ലെടാ എന്ന് ഉച്ചസ്ഥരം പ്രഖ്യാപിച്ച
ധീര ദേശാഭിമാനി ഉമർ ഖാദി അവർകൾ അന്ത്യനിദ്രയിലാണ്ടു കിടക്കുന്നത്  ഈ പള്ളിയോട് ചേർന്നാണ്.
1765 ലാണ് വെളിയങ്കോട്ടെ ഖാസിയാരകത്ത് കാക്കത്തറ ഉമർ ഖാദി ജനിച്ചത്.
ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട സാമ്രാജ്യത്വ ബ്രിട്ടീഷ് കിങ്കരന്മാരെ നാട്ടിൽ നിന്നും കെട്ടുകെട്ടിക്കാൻ വേണ്ടി സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് ധീരമായി പോരാടിയ ദേശാഭിമാനിയായിരുന്നു പണ്ഡിതനും സൂഫിയും കവിയുമായിരുന്ന വെളിയങ്കോട് ഉമർ ഖാദി(റ) അവർകൾ.
രാജ്യ സ്നേഹം തുടിക്കുന്നതും പ്രവാചക കീർത്തനങ്ങൾ കോർത്തിണക്കിയതുമായ
അർത്ഥസമ്പുഷ്ടമായ നിരവധി കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
മാത്രമല്ല,വൈദ്യശാസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും തികഞ്ഞ ജ്ഞാനി കൂടിയായിരുന്നു അദ്ദേഹം.
ഇത് പോലെ അഗാധമായ പാണ്ഡിത്യത്തോടൊപ്പം തന്നെ ആത്മാർത്ഥമായ സ്വാതന്ത്ര്യവാഞ്ഛയുള്ള സമര നായകനും ബ്രിട്ടീഷ് വിരോധിയുമായിരുന്നു ഉമർ ഖാദി.

അധിനിവേശ ശക്തികളെ പരസ്യമായി വെല്ലുവിളിച്ച ഉമർ ഖാളി ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നതിന് മുമ്പ് തന്നെ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച് അവരുടെ കണ്ണിലെ കരടായി മാറിയിരുന്നു.
നികുതി നിഷേധസമരം നയിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നു.
പിൽക്കാലത്താണ് ഗാന്ധിജിയുടെയും അലി സഹോദരന്മാരുടെയും മൗലാനാ ആസാദിന്റെയും നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം നികുതി നിഷേധമെന്ന ആശയം സമര പരിപാടികളിലെ ഭാഗമായി ഉൾപ്പെടുത്തുന്നത്.
ദേശത്തും മറുദേശത്തുമായി ലോക പ്രശസ്തിയാർജ്ജിച്ച നല്ലൊരു പണ്ഡിതവൃന്ദം
തന്നെ ഉമർ ഖാദി നേടിയെടുത്തിരുന്നു.
ഉമർ ഖാളിക്ക് ആത്മീയമായും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും ഏറെ സ്വാധീനിച്ച നേതാവായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങൾ. 
ജാതി മത ഭേദമന്യേ നിത്യവും നിരവധി ആളുകൾ ഭക്ത്യാദരപൂർവ്വം വെളിയങ്കോട്ട് ഉമർ ഖാദി അവർകളുടെ ഖബറിടം സന്ദർശിക്കുന്നുണ്ട്.
സ്വന്തം രാജ്യത്തിനും ഇവിടെ ജീവിക്കുന്ന സമൂഹത്തിനും വേണ്ടി ജീവിതം സമർപ്പിച്ച്‌ 1857 ൽ ഈലോകത്തോട് വിട പറഞ്ഞ
ഉമർ ഖാദി അവർകളുടേത് ചരിത്രത്തിൽ നിത്യത നേടിയ ചൈതന്യവത്തായ നാമധേയമാണ്.
ഉമർ ഖാദിയെപ്പോലുള്ള മഹാത്മാക്കൾ മുന്നിൽ നിന്ന് നയിച്ച്
വെള്ളപ്പട്ടാളത്തിന്റെ കരാളഹസ്തങ്ങളിൽ നിന്നും ജാതി മത ഭേദമന്യെ സന്ധിയില്ലാത്ത സമരം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യമാണ് നാം ഇന്നനുഭവിക്കുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യം.
നിർർഭാഗ്യകരം എന്ന് പറയട്ടെ, നമ്മുടെ പൂർവ്വികർ നേടിത്തന്ന നാം അഭിമാനത്തോടെ എന്നും ഉയർത്തിപ്പിടിച്ച് പോന്ന ജനാധിപത്യവും മതേതരവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഭരണകൂടം മതേതരഭാരതത്തിന്റെ അന്തസ്സത്തക്ക് മേൽ കത്തി വെയ്ക്കുകയാണ്‌.
  ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടി തെരുവീഥികൾ അക്ഷരാർത്ഥത്തിൽ പ്രക്ഷുബ്ധമായിരിക്കുന്ന അവസ്ഥാവിശേഷത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
സ്വാതന്ത്ര്യസമര മുഖത്ത് ബ്രിട്ടീഷുകാർക്ക് വേണ്ടി നമ്മെ ഒറ്റ് കൊടുത്തവരുടെ പിൻമുറക്കാർ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനങ്ങൾ നടത്തി ഇന്ത്യയുടെ ആത്മാവിനെ കീറി മുറിക്കാൻ വെമ്പൽ കൊള്ളുമ്പോൾ മാതൃരാജ്യത്തെ മാറോട് ചേർക്കുന്ന ഏതൊരു ഭാരതീയനും വെറുതെയിരിക്കാനാവില്ല.
സാമ്രാജ്യത്വ ശക്തികൾക്കെതിരെ മുന്നിൽ നിന്ന് സമരം നയിച്ച  മഹാത്മാക്കളായ വെളിയങ്കോട് ഉമർ ഖാദിയും മമ്പുറം തങ്ങളും  കെ മാധവന്‍ നായരും,ഇ.മൊയ്തുമൌലവിയും,കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്ലിയാരും ,വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും,ആലിമുസ്ല്യാരും,എം പി നാരായണ മേനോനുമൊക്കെ‍ കാണിച്ചുതന്ന
ദേശക്കൂറിന്റെ സമരവീര്യം ഓരോ ഇന്ത്യക്കാരന്റെയും സിരകളിൽ പുനഃജനിക്കേണ്ടിയിരിക്കുന്നു.
ജയ് ഹിന്ദ് .
  - എൻ കെ മൊയ്തീൻ ചേറൂർ

2019 ജൂലൈ 20, ശനിയാഴ്‌ച

എന്റെ ഓത്തുപള്ളി

ഇത് ഞാന്‍ പഠിച്ച ഓത്തുപള്ളി (ചേറൂര്‍,മുതുവില്‍കുണ്ട് മദ്രസ)   .   ഈ മദ്രസയും പഠന കാലഘട്ടവുമൊക്കെ പരദേശ ജീവിതത്തിലെ ഏകാന്ത വാസ ചിന്തകളിൽക്കിടയിൽ പലപ്പോഴും ഓർമകളുടെ പടികടന്നെത്തും.
സ്മൃതിയിൽ ഗതകാല വിചാരങ്ങൾ ആവിർഭവിക്കാൻ തുടങ്ങുമ്പോൾ താളക്കൊഴുപ്പേകാൻ വടകര കൃഷ്ണദാസും വിടി മുരളിയും പാടിപ്പതിപ്പിച്ച ഓത്തുപള്ളിപ്പാട്ടും ചുണ്ടിൽ തത്തിക്കളിക്കാൻ തുടങ്ങും.
ആ പഴയകാലത്തിലേക്ക് ഒരിക്കല്‍ കൂടി മടങ്ങിയെത്തിയപോലെയാണപ്പോൾ.
 **"ഓത്തുപള്ളീലന്നുനമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തുകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം.
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടുചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക"**
 മലയാളിയുടെ ഗൃഹാതുരത തൊട്ടുണർത്തുന്ന ഈ പാട്ടിന്റെ വരികള്‍ കേട്ടാൽ ആർക്കും
ബാല്യവും പഠനകാലഘട്ടവും ഓത്തുപള്ളിയുമൊക്കെ താനെ ഓര്‍മയെന്ന സ്ക്രീനിൽ തെളിയും.
  ഈ വരികൾക്കും എന്റെ മദ്രസാ കാലഘട്ടത്തിനും   വല്ലാത്തൊരാത്മബന്ധമാണുള്ളത്.   കാലമെത്ര മുന്നോട്ട്കുതിച്ചു.
മൊല്ലാക്കാന്റെ ചൂരൽ കഷായവും സഹിച്ച് സഖി  പങ്കുവെച്ച നെല്ലിക്കയും ഉപ്പ് കൂട്ടി കണ്ണിമാങ്ങ പകുത്ത് തിന്നതുമൊക്കെ ഈ പാട്ട് കേട്ടാൽ  കണ്ണി മാങ്ങാ പ്രായത്തിന്റെ ഓർമകൾ മനസ്സിൽ ചില്ലാട്ടമാടാൻ തുടങ്ങും.
     അന്ന് തിന്ന ആ നെല്ലിക്കയുടെ കുരു   മുളച്ച്  ഇന്നൊരു വന്‍ നെല്ലിക്കാമരമായി
 പൊയ്പോയ കാലത്തിന്റെ മധുരിക്കും ഓർമ്മകൾ പേറി തണൽ വിരിച്ചും  കനി ഉതിർത്തും എന്‍റെ  മദ്രസയുടെ   മുറ്റത്ത് വടവൃക്ഷമായി
 നില്‍ക്കുന്നതായി കണ്ണിൽ കാണും.
കൂട്ടുകാരോടൊപ്പം ഈ മുറ്റത്തും വരാന്തയിലും കളിച്ചുല്ലസിച്ച എന്‍റെ ബാല്യകാലം .
മഷിത്തണ്ടും പെന്‍സിലും കടം വാങ്ങിയും കൂട്ടുകൂടിയും കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കലഹിച്ചും  ഇണങ്ങിയും പിണങ്ങിയും കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും പരസ്പരം പങ്കുവച്ചും കഴിഞ്ഞിരുന്ന  നിഷ്കളങ്കമായ കുഞ്ഞുമനസ്സുകള്‍.
  പാഠപുസതകത്താളിൽ പെറ്റുപെരുകുന്നതും കാത്ത്സൂക്ഷിച്ച മയിൽപ്പീലി പോലെ ആ വസന്തകാലത്തെ ഇന്നും മനദാരിൽ കാത്തുവെക്കുന്നു .
ഗൃഹാതുരത്വം നിറഞ്ഞ,
 സൗരഭ്യം പൂത്തുലഞ്ഞ ആ മലർകാലം തിരികെ വരാൻ കൊതിക്കാത്തവരാരുണ്ട്.
മനുഷ്യായുസ്സിന്റെ ബാല്യവും കൌമാരവും യുവത്വവും കടന്ന് മധ്യവയസ്കതയിലേക്ക് ചുവടുമാറിയിട്ടും
ഇനിയൊരിക്കലും പടികയറിവരില്ലെന്ന്  അറിയാമെങ്കിലും ഞാന്‍ ബാല്യത്തെ തിരയുകയാണ്.
- എൻ കെ മൊയ്തീൻ ചേറൂർ

2019 ജൂൺ 5, ബുധനാഴ്‌ച

"മരം ഒരു വരം "


      ഈ  പ്രവാസഭൂമിയില്‍ എന്റെ  താമസിക്കുന്ന കെട്ടിടമുറ്റത്ത് തണലേകി പടര്‍ന്നു നില്‍ക്കുന്ന മാഞ്ചോട്ടില്‍ നില്‍ക്കുമ്പോള്‍ ഗതകാലത്തിന്റെ ഒളിമങ്ങാത്ത എന്തെല്ലാം  ഓര്‍മ്മകളാണ് മനസ്സിലേക്ക് മധുരാധരിയായി
മന്ദസ്മിതം തൂകിയെത്തുന്നത്.വീട്ടു തൊടിയിലെ മാവില്‍ കവരങ്ങളില്‍ നിറയെ തുരതുര നിറഞ്ഞ് നില്‍ക്കുന്ന മാമ്പഴം .
തെന്നലേറ്റ് ഞെട്ടറ്റുവീഴുന്ന പഴുത്ത മാമ്പഴത്തിനുവേണ്ടി കൊതിയോടെയുള്ള നാട്ടു മാഞ്ചോട്ടിലെ കാത്തിരിപ്പ് .കാത്തിരുന്ന് മുഷിയാനൊന്നും ചിലപ്പോള്‍ കൈത്തരിപ്പും ഉമിനീരില്‍  കുതിര്‍ന്ന കൊതിയുമനുവദിക്കില്ല.അതിന് മുമ്പേ മാങ്കുല ഞെട്ടിലേക്ക്  ഉന്നം നോക്കി ഒരേറാണ്.
  പ്രത്യേകിച്ച് അവധിദിനങ്ങളിലൊക്കെ മാവിന്‍ ശിഖരങ്ങളില്‍ ഊഞ്ഞാല്‍ കെട്ടിയാടിയും മാവിന്‍ തണലില്‍ നേര്‍ത്തകാറ്റേറ്റ് കൂട്ടുകാരോടൊപ്പം  പലവിധ കുട്ടിക്കളികളില്‍ ഏര്‍പ്പെട്ടും അങ്ങിനെ കളിച്ചും ചിരിച്ചും രസിച്ച് കഴിഞ്ഞിരുന്ന ആ കുട്ടിക്കാലം .ഈ ആധുനിക കാലത്ത് അത്തരം കാഴ്ചകളൊക്കെ നമ്മുടെ നാട്ടില്‍ നിന്നും  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
  ഫലഭൂയിഷ്ഠമായ മണ്ണില്‍
കാര്‍ഷിക പാരമ്പര്യമുള്ള , വൃക്ഷലതാദികള്‍ തഴച്ചു വളര്‍ന്ന് നില്‍ക്കുന്ന നാട്ടില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഇതൊക്കെ കഴിഞ്ഞകാല ജീവിതവുമായി ഇഴചേര്‍ന്നതായിരുന്നു.നാടിന്റെ
പ്രകൃതിയെയും പച്ചപ്പിനേയും സ്നേഹിക്കുന്ന ഈയുള്ളവന് ഈ മരുനാട്ടില്‍ ജീവിക്കുമ്പോഴും ഇവിടന്ന്‍ കിട്ടുന്ന ഇത് പോലുള്ള മാമരങ്ങളും ഹരിതകമായ കാഴ്ചകളുമൊക്കെ  നമ്മുടെ നാടിന്റെ ഗൃഹാതുരമായ
 ഓര്‍മ്മകളുണര്‍ത്തി അതില്‍ മനം സായൂജ്യം കൊള്ളുന്നു.ഇന്നും ചെറുപ്പത്തിന്റെ സുന്ദരമായ ആ  ഓര്‍മ്മകളൊക്കെ അയവിറക്കുമ്പോള്‍ മനസ്സില്‍ ആഹ്ലാദവും
ഒരു നിര്‍വൃതമായ സംതൃപ്തിയുമാണെനിക്ക്. എന്നാലും എന്റെ നാടിന്റെ  ഇന്നിന്റെ അവസ്ഥയോര്‍ത്ത് ഖിന്നനാകും . ഇന്നെല്ലാം മാറിമറിഞ്ഞു.മരങ്ങളും കാടുകളും കുന്നുകളുമൊക്കെ പരിഷ്കൃത സമൂഹം നശിപ്പിച്ചുകൊണ്ടിരിക്കുന്നു.ഇന്ന്  പരിസ്ഥിതി നേരിടുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ നമുക്ക് ആ പഴയ പ്രതാപം തിരികെ കൊണ്ടുവന്നെങ്കില്‍ മാത്രമേ സാധിക്കൂ. അതിനായ് നാം സ്വയം ബോധവാന്മാരാകുന്നതോടൊപ്പം
പാരിസ്ഥിതികമായ ഒരവബോധം വളര്‍ന്നു വരുന്ന ഇളം  തലമുറയിലേക്ക്  പകര്‍ന്ന് കൊടുക്കുകയും വേണം. ഓരോ കുരുന്നിനും ആദ്യപാഠം പരിസ്ഥിതിയെക്കുറിച്ചാവണം.
അവരിലൂടെ നമുക്ക് നഷ്ടമായ വൃക്ഷങ്ങളും പച്ചപ്പുമൊക്കെ തിരികെ കൊണ്ട് വരാന്‍ സാധിക്കട്ടെ .നമ്മുടെ  ജീവന്റെയും നാടിന്റെയും നിലനില്‍പ്പിനായി ജീവനമായതും   അഴകേകുന്നതുമായ  മരങ്ങളും  പച്ചപ്പുകളൊക്കെ എന്നേക്കും നിലനില്‍ക്കട്ടെ .മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഏവര്‍ക്കും എന്റെ ലോക പരിസ്ഥിതിദിനാശംസകള്‍.
   -എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2019 ഫെബ്രുവരി 19, ചൊവ്വാഴ്ച

കണ്ണീർ പുരണ്ട പ്രവാസ ജീവിതങ്ങൾ

    കാണുന്നവരുടെയൊക്കെ കണ്ണ് നനയിപ്പിച്ച് കൊണ്ട് പ്രവാസ ജീവിതത്തിന്റെ കദന പ്രമേയവുമായി
ഒരു ചിത്രീകരണ ശകലം ഏതാനും ദിവസമായി
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.   ഹൃദയസ്പർശിയായ ആ ടിക് ടോക്ക് ആവിഷ്ക്കാരത്തിന്
സാമൂഹ്യ മാധ്യമങ്ങളിലൂടെ വൻ പ്രചാരമാണ്
 ലഭിച്ച് കൊണ്ടിരിക്കുന്നത്. 
                വാസ്തവത്തിൽ അതൊരു അൽ ഐനിൽ കാൽ നൂറ്റാണ്ടോളമായി വീട്ടുവേല ചെയ്യുന്ന പ്രവാസിക്ക് നാട്ടിൽ നിന്നും അദ്ദേഹത്തിന്റെ പൊന്നുമോൾ വാട്ട്സപ്പിലൂടെ അയച്ച നേർ ശബദമായിരുന്നു എന്നറിഞ്ഞത്
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചില പ്രാദേശിക ചാനലുകളിലും മറ്റും അതേക്കുറിച്ച് വന്നപ്പോൾ മാത്രമാണ്.
       പൊന്ന് വിളയുന്ന നാട്ടിൽ കഴിയുന്ന പിതാവിന്റെ പക്കലേക്കെത്തി പലരാലും പറഞ്ഞ് കേട്ട ആ സ്വപ്ന ലോകമൊന്ന് കാണാൻ കൊതിപൂണ്ട് സ്വന്തം മകൾ ഒരു പ്രവാസിക്ക് നാട്ടിൽ നിന്നയച്ച വാട്ട്സപ്പ് സന്ദേശമാണ് പ്രവാസ ലോകമാകെ സങ്കടക്കടൽ തീർത്ത് മുന്നേറുന്നത്.
പൊന്നുമോളുടെ യാചനക്കു മുമ്പിൽ
തൊഴിലിലെ ബുദ്ധിമുട്ടും  പരാതീനമായ സാമ്പത്തിക സ്ഥിതിയും സൗകര്യങ്ങളുടെ അപര്യാപ്തതയിലും ക്ലേശകരമായ സാഹചര്യത്തിലും വീർപ്പുമുട്ടിക്കഴിയുന്ന
തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത മകളുടെ ആഗ്രഹത്തിനു മുമ്പിൽ നിസ്സഹായനായി പിടിച്ചു നിൽക്കാനാവാതെ പിതാവിന്റെ വിങ്ങിപ്പൊട്ടൽ  വികാരനിർഭരമായി അവതരിപ്പിച്ച് പച്ചയായ
ഭാവപ്രകടനമാണ് കലാകാരൻ നിർവ്വഹിച്ചത്.
    പ്രവാസി സമൂഹമാകെ കേട്ട് സങ്കടമുണർത്തിയ ഈ ശബ്ദം പ്രവാസിയും പ്രവാസ ലോകത്തെ മികച്ചകലാകാരനുമായി അറിയപ്പെടുന്ന ജലാൽ മുവാറ്റുപുഴ  തന്റെ അവതരണത്തിലൂടെ ടിക് ടോക്ക് രൂപത്തിൽ അണിയിച്ചൊരുക്കുകയായിരുന്നത്രെ.
തീക്ഷ്ണമായ പ്രവാസത്തിന്റെ നേർജീവിതമാണിതിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. 
                  ഒരു ഇത്തിരി ദൃശ്യമാണെങ്കിലും ഗൾഫ് മണൽ കാട്ടിൽ മക്കൾക്ക് വേണ്ടി കുടുംബത്തിന് വേണ്ടി അവരെ അല്ലലറിയിക്കാതെ പോറ്റി ജീവിപ്പിക്കുന്നതിന് വേണ്ടി ഏഴാം കടലിനിക്കരെ അറബ് നാട്ടിൽ  വീട്ടുജോലികളിലും മസ്റയിലും (കൃഷിത്തോട്ടങ്ങളിൽ ) ആടുകളെ മേച്ചുമൊക്കെയായി അധികഠിനമായി പണിയെടുത്ത് കഷ്ടപ്പെടുന്ന നമ്മുടെ
നല്ലൊരു പങ്ക് പ്രവാസിയുടെയും കണ്ണീരും പരിദേവനവും ഇതിലുണ്ട്. 
ഇവരാണ് യഥാർത്ഥത്തിൽ പ്രവാസി എന്നതിന്റെ വിരഹവും ബുദ്ധിമുട്ടുകളും പരിത്യാഗവുമൊക്കെ ഏറെ അനുഭവിക്കുന്നവർ.
                   ആയുഷ്ക്കാലത്തിന്റെ നല്ല പങ്കും മരുക്കാട്ടിൽ ആട്ടിൻ പറ്റങ്ങൾക്കൊപ്പം ഹോമിക്കാൻ വിധിക്കപ്പെട്ട ഒരു പാട് സഹോദരന്മാരുടെ പ്രതീകമാണിതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
 ഗൾഫിന്റെ മണലാരണ്യത്തിൽ ഇത്തരം  ജോലികൾ ചെയ്യുന്നവർ അനുഭവിക്കുന്നതിന്റെ അത്രയൊന്നും പരദേശ ജീവിത പ്രയാസാനുഭവങ്ങളൊന്നും
മറ്റൊരു മേഖലകളിലും പണിയെടുക്കുന്ന പ്രവാസികൾക്കും പറയാനുണ്ടാവില്ല. 
                   സ്വകടുംബം പ്രാരാബ്ദങ്ങളുടെയും ദാരിദ്ര്യത്തിന്റെയും പിടിയിലകപ്പെട്ട് ഉലയുമ്പോൾ നാടിനും കുടുംബത്തിനും വേണ്ടി ഏത് വിധേനയും കരകയറ്റുക എന്ന ഒറ്റ ലക്ഷ്യത്തോടെ
ഹൃദയത്തിൽ നീറുന്ന കനലുമായി മരുഭൂ നാട്ടിലേക്ക് എത്തിപ്പെടുന്നവർ.
പലരും മോഹന വാഗ്ദാനങ്ങളിൽ അകപ്പെട്ട്
വഞ്ചനക്കിരയായെന്നറിഞ്ഞിട്ടും
വിധിയെ പഴിച്ച് നിൽക്കാതെ എല്ലാം കുടുംബത്തിന്റെ നന്മയോർത്ത് എന്തും സഹിച്ച് നിൽക്കേണ്ടിവരികയാണ്.
ഗൾഫിന്റെ പ്രവാസ ലോകത്ത് എല്ലാവരും തുല്യരെന്ന ധാരണ അബദ്ധമാണ്.
ഇവിടെയുമുണ്ട് സമ്പന്നരും ദരിദ്രരും.
  പ്രവാസികളെക്കുറിച്ച് പറയുമ്പോൾ ആദ്യ ഗണത്തിൽ ചേർക്കേണ്ടത് നാമെപ്പോഴും ഊഷരഭൂമിയിൽ
ഉരുകും മെഴുകുതിരികളെന്ന്  വിശേഷിപ്പിക്കാറുള്ള വാക്കിനെ അന്വർത്ഥമാക്കുന്ന തരത്തിൽ മരുഭൂമിയിൽ ആട് ജീവിതവും മസ്റ ജീവിതവും നയിച്ച് ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികളെത്തന്നെയാണ് .
ഗൾഫിന്റെ മണൽക്കാട്ടിൽ മാറി മാറി വരുന്ന കൊടും വെയിലും
ചുടു കാറ്റും തണുപ്പുമൊക്കെ ഏറ്റ് കരുവാളിച്ച്  ഒറ്റപ്പെട്ട് കഴിയുന്ന  ഹതഭാഗ്യരായ കുറെ മനുഷ്യക്കോലങ്ങളുണ്ട്.ചുട്ടുപൊള്ളുന്ന സൂര്യനു ചോട്ടിൽ കുടുംബത്തിനും മക്കൾക്കും വേണ്ടി വരണ്ടുണങ്ങുന്ന മനുഷ്യർ.
                     ഉള്ളിലെ സങ്കടം കടിച്ചമർത്തി കുടുംബത്തിനു മുമ്പിൽ കൃത്രിമ സന്തോഷം പ്രകടിപ്പിക്കുന്ന
ഇവരുടെ കാണാമറയത്തെ തൊഴിലോ വരുമാനമോ കുടുംബത്തിനറിയില്ല.
അതെല്ലാം മക്കൾക്കും കുടുംബത്തിനും അറിയാതിരിക്കാൻ മനപ്പൂർവ്വം മറച്ചുവെക്കുന്നു.
സമൂഹത്തിലെ ഗൾഫിന്റെ പളുപളുപ്പിൽ സുഖ സൗകര്യങ്ങളിൽ ജീവിക്കുന്ന മറ്റു ഗൾഫുകാരുടെ ജീവിതം കണ്ട് ആവശ്യപ്പെടുന്ന
മക്കളുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും മുമ്പിൽ തേങ്ങലടക്കാൻ പാടുപെടുന്ന പ്രവാസി.
ശരീരികാദ്ധ്വാനത്താൽ ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന ശരാശരി നീലക്കോളർ വിഭാഗത്തിന്റെയും അവസ്ഥ ഇതു തന്നെയാണ്.
അനൽപ്പമായ അന്തർഗതം ഈ ഒരു കൊച്ചു ദൃശ്യത്തിലൂടെ ഏതൊരു പ്രവാസിയുടെയും  അവരെ ആശ്രയിക്കുന്നവരുടെയും ഹൃദയത്തെ പിടിച്ചുലക്കും.
   - എൻ കെ മൊയ്തീൻ ചേറൂർ 

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

ചേറൂര്‍ പടപ്പാട്ട് , കനൽപഥങ്ങളിലെ ഇശൽജ്വാലകൾ



                                                                          പുതുതായി എന്റെ ഗ്രന്ഥശേഖരങ്ങളിലെത്തിയ പുസ്തകങ്ങളിൽ വിശിഷ്ടമായൊരു കൃതിയാണിത്.

ദേശക്കൂറിന്റെ ചോരചിന്തിയ പോരാട്ട ചരിത്രമുറങ്ങുന്ന പ്രദേശമാണ് മലപ്പുറം വേങ്ങരയിലെ എന്റെ ഗ്രാമമായ ചേറൂര്‍.
ബ്രട്ടീഷ്-ജന്മിത്വത്തിന്റെ കിരാത വാഴ്ചക്കെതിരെ മലബാറിലെ ചേറൂരിൽ വെച്ച് ഏഴ് മാപ്പിള യോദ്ധാക്കളും ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ അഞ്ചാം മദിരാശിപ്പടയിലെ 60 ഭടൻമാരും തമ്മിൽ 1843-ൽ നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരപോരാട്ടമായിരുന്നു ചേറൂർപ്പട .
ബ്രിട്ടീഷ്-ജന്മി മേധാവിത്വത്തിനു കീഴിൽ,
അവരുടെ നിഷ്ഠൂര വാഴ്ചയിൽ പൊറുതി മുട്ടിയ മാപ്പിളമാരും കുടിയാന്മാരും സംഘടിതമായി ദേശ സ്നേഹത്തിന്റെ മാനുഷികമായ തുല്യതയിലൂടെ
സാഹോദര്യത്തോടെയും മതേതരത്വത്തോടെയും കഴിഞ്ഞിരുന്ന ഒരു നാട്ടു സമൂഹത്തിനിടയിലേക്ക് സാമുദായിക ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനുള്ള ബ്രിട്ടീഷ് കിരാതന്മാരുടെ നിഗൂഢ ശ്രമങ്ങളെയാണ് അന്ന് ഈ ധീരപോരാളികള്‍ നേരിട്ടത്.
അധിനിവേശ വിരുദ്ധ സമരനായകൻ മമ്പുറം തങ്ങൾ നേരിട്ട് പങ്കെടുത്ത ഏക യുദ്ധമാണ് ചേറൂർ വിപ്ലവം .
ചോരയിലെഴുതിയ ആ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി അക്കാലത്തെ
കവിമുനിമാരായിരുന്ന ചേറൂർ സ്വദേശികളായ മുഹ് യുദ്ദീനും മമ്മദ് കുട്ടിയും സംയുക്തമായി അറബി മലയാളത്തിൽ രചിച്ച സങ്കര ഭാഷയിലുള്ള കാവ്യ കൃതിയായിരുന്നു ' സാരസർഗുണ തിരു തരുളമാല ' എന്ന 'ചേറൂര്‍ പടപ്പാട്ട് '.
സംഭവ ബഹുലമായ ആ ചരിത്ര സംഭവങ്ങളുടെ ആധികാരികമായ ചരിത്രരേഖയായി വിശേഷിപ്പിക്കാവുന്ന
ചേറൂര്‍ പടപ്പാട്ട്
എന്ന ബൃഹത്തായ ഒരു കാവ്യ ഗ്രന്ഥം ചേറൂര്‍ പട കഴിഞ്ഞ് രണ്ട് വർഷശേഷം തന്നെ വിരചിതമായിട്ടുണ്ട്.
സ്വാതന്ത്ര്യസമര സേനാനികളെ പുളകം കൊള്ളിച്ച ഈ പടപ്പാട്ട് പിൽക്കാലത്ത് ദേശദ്രോഹ കുറ്റം ചുമത്തി ബ്രട്ടീഷുകാർ കണ്ടുകെട്ടി.
വിപ്ലവവീര്യമുണര്‍ത്തിയ ഈ പടപ്പാട്ടാണ് പിന്നീട് മലബാറില്‍ നടന്ന സാമ്രാജ്യത്വ-ജന്മിത്വവിരുദ്ധ സമരങ്ങള്‍ക്ക് വീര്യവും ഊര്‍ജ്ജവും പ്രചോദനവും നല്‍കിയത്.
ചേറൂർ പടപ്പാട്ടിന്റെ സകാവ്യ അർത്ഥവിവരണവും വിശദമായ വ്യാഖ്യാനവുമാണ് 'ചേറൂർ പടപ്പാട്ട് കനൽപഥങ്ങളിലെ ഇശൽജ്വാലകൾ '
എന്ന പേരിൽ മലപ്പുറം ഗവ.കോളേജ് ചരിത്ര വിഭാഗം അധ്യാപകൻ ഡോ.സക്കീർ ഹുസൈൻ തയ്യാറാക്കിയ ഈ കൃതി.
ഗ്രന്ഥകർത്താവ് നിരവധി ചരിത്രരേഖകളിൽ നിന്നും ചരിത്രകാരന്മാരിൽ നിന്നും
ശേഖരിച്ചും തീവ്രമായ അന്വേഷണവും ഗഹനമായ പഠനവും മനനവും നടത്തി ഏറെ പണിപ്പെട്ടാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് എന്നത് ഇത് വായിക്കുന്നവർക്ക് ബോധ്യമാകും.
ഈ വിശിഷ്ട ഗ്രന്ഥം മാപ്പിള സാഹിത്യത്തിനും ചരിത്രപഠിതാക്കൾക്കും ചരിത്രാന്വേഷകർക്കും എന്ത്കൊണ്ടും മുതൽക്കൂട്ടാകും.
സ്വരാജ്യത്തിനുമേൽ വിദേശ മേധാവിത്വത്തിനെതിരെ നടന്ന ധീരമായ സമരത്തിൽ സ്വജീവിതം കൊണ്ട് അദ്ധ്യായം എഴുതിച്ചേർത്ത
രണധീരരായ ആ മഹാത്മാക്കളുടെ ത്യാഗസ്മരണ സ്വാതന്ത്ര്യത്തിന്റെ സുഖവും സൗകര്യങ്ങളും ആവോളം നുകർന്ന് ജീവിക്കുന്ന നാം തലമുറകളിലൂടെ കൈമാറി എന്നെന്നും നമ്മിൽ നിലനിർത്തേണ്ടതുണ്ട്.
- എൻ കെ മൊയ്തീൻ ചേറൂർ

2018 ജൂൺ 26, ചൊവ്വാഴ്ച

എന്നോര്‍മ്മകള്‍ മേയുന്ന മാതൃവിദ്യാലയത്തിലേക്ക് അറിവിന്‍റെ മധു നുകരാന്‍ എന്‍റെ കുരുന്നുകളും

                         

                                                                 എന്നെ അക്ഷരം പഠിപ്പിച്ച പാഠശാലയിൽ നിന്ന്തന്നെ എന്റെ മക്കളും വിദ്യനുകരട്ടെ എന്ന് ഞാൻ തീരുമാനമെടുത്തു. എന്റെ ബാല്യകാലത്തിന്റെ മധുരിതമായ ഓർമ്മകൾ തുടിക്കുന്ന വേങ്ങരയിലെ ചേറൂർ ജി എം എൽ പി സ്കൂളിന്റെ തിരുമുറ്റം വർണ്ണാഭമായ വിസ്മയങ്ങളുമായി ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒരുക്കിയ പ്രവേശനോത്സവം എന്റെ അരുമ മക്കളേയും വരവേറ്റു.


എന്നിലേക്ക് അറിവ് പകർന്ന് തന്ന പള്ളിക്കൂടത്തിൽ തന്നെ എന്റെ മക്കളും അദ്ധ്യാപനം തേടുന്നു എന്നത് അവിടുത്തെ പൂർവ്വ വിദ്യാർത്ഥി എന്ന നിലക്ക് അഭിമാനവും സന്തോഷവുമുണ്ട്.
ഇന്നും മനസ്സിന്റെ ചെപ്പേടിൽ മായാത്ത ഒരു പാട് നല്ല നല്ല ഓർമ്മകൾ മേയുന്ന എന്റെ കലാലയം.
നാം എത്ര വളർന്നാലും, ലോകത്തിന്റെ ഏതു കോണിലായാലും ജനിച്ചു വളർന്ന നാടും വിദ്യാലയങ്ങളും അന്തരീക്ഷവും അനുഭവങ്ങളുമെന്നും മനം നിറഞ്ഞുതന്നെ നിൽക്കും.
ജീവിതത്തിൽ നിറപ്പകിട്ടോടെ എന്നെന്നും ഓർമ്മയിൽ ഘനീഭവിച്ച് നിൽക്കുന്നത് കലാലയ ജീവിതം തന്നെയാണ് .
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പല ആധുനിക സൗകര്യങ്ങളുമായി വളരെ വർദ്ധിച്ച നേട്ടങ്ങളാണ് സർക്കാർ സംസ്ഥാന തലത്തിൽ നടപ്പാക്കിയിരിക്കുന്നത്. സർക്കാർ വിദ്യാഭ്യാസ മേഖല കൂടുതൽ ഊർജ്ജസ്വലമായത് കാരണം പൊതുവിദ്യാലയങ്ങളുമായി അകന്ന് നിന്നിരുന്നവർ അടുക്കാൻ തുടങ്ങി. കുട്ടികൾ കുറവായതിന്റെ പേരിൽ അടച്ചുപൂട്ടാനൊരുങ്ങി നിന്ന സംസ്ഥാനത്തെ പല സ്കൂളുകളും കുട്ടികളുടെ അധികത മൂലം വീർപ്പ് മുട്ടുകയാണെന്നാണ് പത്രദ്വാരാ അറിയുന്നത്.
സർക്കാർ വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ തുടങ്ങിയ പൊതുവിദ്യാഭ്യാസ യജ്ഞം പരിപാടിയിലൂടെ സ്കൂളുകൾ മികവിന്റെ പഠനകേന്ദ്രങ്ങളായി മാറിയതിന്റെ ഗുണഫലമാണ് ഈ സ്ഥിതി മാറ്റം.
മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ സംസ്ക്കാരം നിലനിൽക്കണം.
അതിന് പൊതുവിദ്യാലയങ്ങൾ നില നിന്നേ പറ്റൂ.
പാവപ്പെട്ടവന്റേതെന്നോ സാധാരണക്കാരന്റേ തെന്നോ പണക്കാരന്റേതെന്നോ
വ്യത്യാസമില്ലാതെ ജാതി മത ഭേദമന്യേ സാഹോദര്യത്തോടെയും സഹവർത്തിത്വത്തോടെയും പഠിച്ച് ,
കളിച്ചും രസിച്ചും ആടിയും പാടിയും കുട്ടിത്തത്തിന്റെ വർണ ലോകത്ത് ഉല്ലസിക്കട്ടെ കുരുന്നുകൾ.
ചുവരിൽ വരച്ചിട്ട കുട്ടി കഥാപാത്രങ്ങളെ പ്പോലെ ഓടിച്ചാടിക്കളിച്ച് ,
ചിത്രശലഭങ്ങളെപ്പോലെ പൂക്കളോടുമ്മ വെച്ച്, കിന്നാരം പറഞ്ഞ് ആടിത്തിമർത്ത് ഇളംപ്രായങ്ങൾ ശോഭിക്കട്ടെ .
ഭാവിയിൽ ബഹുസ്വരതയും സഹിഷ്ണുതയും പരിപോഷിപ്പിക്കാൻ
പരസ്പരം ഒരുമയിൽ മക്കൾ പഠിക്കട്ടെ.നാളെയുടെ ഭാവി വാഗ്ദാനങ്ങളായ നമ്മുടെ മക്കളിലൂടെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ സൃഷടിച്ചെടുക്കാം.
എന്റെ ഗതകാല സ്മരണകൾ മേയുന്ന പള്ളിക്കൂടത്തിലേക്ക് അറിവിന്റെ വെളിച്ചം തേടിയെത്തിയ എല്ലാ കുരുന്നുകൾക്കും എന്റെ ഊഷ്മളമായ സ്നേഹാശംസകൾ.
                                           
                                                                 
                       
- എൻ കെ മൊയ്തീൻ ചേറൂർ

2018 ഫെബ്രുവരി 18, ഞായറാഴ്‌ച

*മക്കയിലെ ഇസ്ലാമിക ചരിത്രം തുടിക്കുന്ന ഭൂമികയിലൂടെ*

                                                                                    ജബലുറഹ്മ
                                                                                    *************
                                                                                                    
          ഏതാനും ദിവസമായി സൗദിയിലെത്തിയ എന്റെ
ജ്യേഷ്ഠനോടൊപ്പം മക്കയിലെ ജബലുറഹ്മയില്‍. കൂടെ മക്കയിലുള്ള സുഹൃത്ത് റഫീഖും.
                                                                                                

             ജബലു റഹ്മ അഥവാ കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന സ്ഥലം അറഫയില്‍ മസ്ജിദു നമിറ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ ഭാഗമാണ് . മലമുകളില്‍ വെച്ചാണ് ഒരു ലക്ഷത്തിലേറെ അനുയായികളെ മുന്നില്‍ നിര്‍ത്തി മാനവരാശിയോട് പ്രവാചകന്‍ സുദീര്‍ഘമായ ഹജ്ജ് പ്രസംഗം നടത്തിയത്.
പിശാചിന്റെ വഞ്ചനയിൽ പെട്ട് വിലക്കപ്പെട്ട കനി ഭുജിച്ചതിന്റെ പേരിൽ സ്വർഗ്ഗത്തിൽ നിന്നും ബഹിഷ്‌കൃതരായ ശേഷം ഭൂമിയില്‍ ഒറ്റപ്പെട്ടലഞ്ഞു പോയ ആദി മാതാപിതാക്കളായ ആദമും ഹവ്വായും
നീണ്ട കാലത്തിനു ശേഷം പരസ്പരം കണ്ടുമുട്ടിയത് അറഫയിലെ ജബലുറഹ്മ മലയുടെ താഴ്വരയില്‍ വെച്ചായിരുന്നുവത്രേ.
ബാല്യകാലം തൊട്ടേ കേട്ടും പഠിച്ചും വളർന്ന ഓരോ ചരിത്ര സംഭവങ്ങളും ഇതുവഴി നടക്കുമ്പോൾ എന്റെ ഓർമയിൽ പുനർജനിക്കുകയായിരുന്നു.
പരിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങളിലെ ബന്ധപ്പെട്ട ഇടങ്ങളായ അറഫ, മിന, മുസ്ദലിഫ, ജബലുറഹ്മ തുടങ്ങി
പ്രവാചകന്റെ പാദസ്പര്‍ശമേറ്റും പ്രബോധനം കേട്ടും പുളകിതമായ മണ്ണിലൂടെയുള്ള യാത്ര വല്ലാത്തൊരനുഭൂതിയാണ് നല്‍കിയത്. സത്യ ദീനിന് വേണ്ടി ത്യാഗപൂര്‍ണ്ണമായ വൈതരണികള്‍ സഹിച്ച് ജീവിതം നയിച്ച
തിരുനബി പിറന്നതും ജീവിച്ചതുമായ മണ്ണിലൂടെയുള്ള സഞ്ചാരം മനസ്സിന് ഉളവാക്കുന്ന ആത്മീയ ചൈതന്യം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.
ഇസ്ലാമിക ചരിത്രത്തിന്റെ മൂകസാക്ഷിയായി മാറിയ ഒട്ടനവധി ശേഷിപ്പുകള്‍ കുടി കൊള്ളുന്ന രാഷ്ട്രമാണ് സൗദി.
പ്രവാസ ജീവിതം നയിച്ച് ഏറെ കാലമിവിടെ ഉണ്ടായിരുന്നെങ്കിലും ഹജ്ജും ഉംറയും കർമ്മം നിർവ്വഹിച്ച് മടങ്ങുകയല്ലാതെ തിരക്കൊഴിഞ്ഞ ഒരു സമയത്ത് ഇവിടം സന്ദർശിക്കാൻ മിനക്കെട്ടതില്ല. പ്രവാസത്തിന്റെ പടിയിറക്കത്തിന് ഒരുക്കം കൂട്ടുന്ന അവസരത്തിൽ ഇവിടങ്ങളിലൊക്കെ സന്ദർശിച്ച് നിർവൃതി കൊള്ളുക എന്നത് കൂടിയായിരുന്നു യാത്രോദ്ദേശം .

                                - എൻ കെ മൊയ്തീൻ ചേറൂർ