2012, ഡിസംബർ 15, ശനിയാഴ്‌ച

***മലബാറിലെ സ്വാതന്ത്ര്യസമര ചരിത്ര വീഥികളിലൂടെ എന്റെ ഒരന്വേഷണ സഞ്ചാരം***

പൂക്കോട്ടൂര്‍ യുദ്ധം

                                               =================================
ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും ക്രൂരതക്കും അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായി നടന്ന രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കിയ പൂക്കോട്ടൂരിന്റെ ചരിത്ര വീഥികളിലൂടെ ആ
തിളങ്ങുന്നസ്മരണകള്‍ വര്‍ധിതാഭിമാനത്തോടെ നെഞ്ചേറ്റിക്കൊണ്ട്


((((1. ബ്രിട്ടീഷ് സാമ്രജ്യത്തിന് എതിരെ നടന്ന  പൂക്കോട്ടൂര്‍
യുദ്ധത്തില് പോരാടി വീരമൃത്യു വരിച്ച ദേശാഭിമാനികളുടെ സ്മരണക്കായി പൂക്കോട്ടൂര് അറവങ്കരയില് നിര്മിച്ച ഗേറ്റ്.))))  



ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും ക്രൂരതക്കും അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായി നടന്ന രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കിയ പൂക്കോട്ടൂരിന്റെ ചരിത്ര വീഥികളിലൂടെ ആ തിളങ്ങുന്നസ്മരണകള്‍ വര്‍ധിതാഭിമാനത്തോടെ നെഞ്ചേറ്റിക്കൊണ്ട്


(((((പൂക്കോട്ടൂര്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ധീര രക്തസാക്ഷികളുടെ
കബറിടങ്ങളില്‍ ഒന്ന്‍.ഇത് പിലാക്കലില്‍ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്നു))))

ചരിത്രസ്മാരകങ്ങളും ശേഷിപ്പുകളും തേടി കലാപം കനല്‍ വിരിച്ച, ധീര ദേശാഭിമാനികളുടെ ചോര ചിന്തിയ മണ്ണിലൂടെ ചരിത്രാന്വേഷകനും ചരിത്രാന്വേഷണ കുതുകികള്‍ക്ക് വെബ്സൈറ്റ്ലൂടെ വിവരങ്ങളോരുക്കി ശ്രദ്ധേയനായ ബഷീര്‍ പൂക്കോട്ടൂരിനോടൊപ്പം അന്വേഷണത്വരയോടെ നടത്തിയ ഒരു യാത്ര.

(((( പൂക്കോട്ടൂര്‍ യുദ്ധത്തില് രക്തസാക്ഷികളായ യോദ്ധാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പിലാക്കലിലെ പാലക്കന്‍ കുടുംബഗങ്ങളുടെ വീട്ടു തൊടിയില്‍ സ്ഥിതിചെയ്യുന്ന ഖബറിടങ്ങളിലൊന്നാണിത്.പഴയ തലമുറയിലുള്ളവരില്നിന്നും പകര്‍ന്നുകിട്ടിയ ചരിത്രവിവരങ്ങള്‍ ഒരു കുടുംബാംഗം പങ്കുവെക്കുന്നു.))))

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആരംഭിക്കപ്പെട്ട നിസ്സഹകരണപ്രസ്ഥാനത്തില്‍ നിന്നും ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ ഖിലാഫത്ത് പ്രക്ഷോഭത്തില്‍ നിന്നും പ്രചോദനം നേടിയുണ്ടായ 1921-ലെ മലബാര്‍ കലാപം.ആ ഐതിഹാസികമായ പോരാട്ടങ്ങളിലെ ത്യാഗോജ്ജ്വലവും രക്തരൂക്ഷിതവുമായ ഒരു സുപ്രധാന അദ്ധ്യായമാണ്‌ 1921 ആഗസ്റ്റ്‌ 26 ന് ഏറനാട് താലൂക്കിലെ
പൂക്കോട്ടൂരില്‍നടന്ന സാമ്രാജ്യത്വവിരുദ്ധയുദ്ധം.
മെഷീന്‍ ഗണ്ണും മറ്റുനൂതനമായ ആയുധസന്നാഹങ്ങളുടെ അകമ്പടിയോടെ ഇരുപത്തിരണ്ട് ലോറികളിലും ഇരുപത്തഞ്ച് സൈക്കിളിലുമായി
വന്ന ബ്രിട്ടീഷ് പട്ടാളവുമായി മുറുകെപ്പിടിച്ച ഈശ്വരവിശാസത്തിന്റെ പിന്‍ ബലത്തോടെ
വെറും വാളും കത്തിയും
വടിയും കല്ലും മാത്രമായി വടക്കേവീട്ടില്‍ മമ്മുദു,കാരാട്ട് മൊയ്തീന്‍ ഹാജി, പാറാഞ്ചിരി കുഞ്ഞറമുട്ടി ഹാജി
തുടങ്ങിയവരുടെ നേതൃത്വത്തിലും എം പി നാരായണമേനോന്റെയും കട്ടിലശ്ശേരി മൌലവിയുടെയും പ്രചോദനമുള്‍ക്കൊണ്ടും പുരുഷ വേഷം ധരിച്ചെത്തിയ ധീര വനിതകളടക്കം
രണ്ടായിരത്തോളം രാജ്യസ്നേഹികള്‍ നടത്തിയ ഉഗ്ര പോരാട്ടത്തില്‍ നാനൂറോളം പോരാളികള്‍ ധീര രക്തസാക്ഷികളായി. ബ്രിട്ടീഷ് സൈനിക ക്യാപ്റ്റന്‍ ലങ്കാസ്റ്റര്‍ അടക്കം ഇരുപതിലേറെ
ബ്രിട്ടീഷ്കാരും കൊല്ലപ്പെട്ടു.
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഏറ്റവുംശ്രദ്ധേയവുംരക്തപങ്കിലവുമായപോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കിയ പൂക്കോട്ടൂരില്‍ വീരമൃത്യുവരിച്ച ധീര രക്തസാക്ഷികളുടെ
കബറിടം പിലാക്കലില്‍ അഞ്ചിടത്തായി സ്ഥിതിചെയ്യുന്നു. അതിലൊന്ന് പിലാക്കലില്‍ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്നു.ബാക്കി നാലിടം പിലാക്കലില്‍ തന്നെയുള്ള പുരാതന കുടുംബമായ
പാലക്കന്‍ തറവാട്ടുകുടുംബാംഗങ്ങളുടെ വീട്ടു വളപ്പുകളിലും മറ്റുമായി നില കൊള്ളുന്നു.
നാമിന്ന് അഭിമാനത്തോടെ ആസ്വദിക്കുന്ന സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ നമുക്ക് കനിഞ്ഞുനല്‍കിയതല്ല.
സ്വന്തം ജീവിതം തന്നെ ത്യാഗോജ്ജ്വലമായി നാടിനു സമര്പ്പിച്ച് ധീര ദേശാഭിമാനികള്‍ ഒഴുക്കിയ ചോരയുടെ വിലയാണ് നാമിന്നനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം.അവര്‍ നേരിട്ട പീഢനാനുഭവത്തിന്റെ
പ്രതിഫലമാണീ ഭാരതത്തിന്റെ സ്വാതന്ത്ര്യം.
അവര്‍ നേടിത്തന്ന സുഖസൌകര്യങ്ങള്‍ ആവോളം ആസ്വദിക്കുന്ന നാം കഴിഞ്ഞുപോയ ആ തലമുറയുടെ ത്യാഗവും ധീരതയും മറക്കാതിരിക്കട്ടെ.

                                       ((((പൂക്കോട്ടൂര്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ധീര രക്തസാക്ഷികളെ മറമാടിയ പിലാക്കലിലെ കബറിടങ്ങളില്‍ ഒന്ന്))))



((((പൂക്കോട്ടൂര്‍ യോദ്ധാളെ  മറമാടിയ പിലാക്കലിലുള്ള മറ്റൊരു ഖബറിടം. ഇതും പാലക്കന് കുടുംബാംഗത്തിന്റെ വീട്ടു വളപ്പിലാണ് ഉള്ളത്))))


((((പൂക്കോട്ടൂര്‍ യോദ്ധാളെ  മറമാടിയ പിലാക്കലില്‍ തന്നെയുള്ള മറ്റൊരു ഖബറിടം.))))



(((( പൂക്കോട്ടൂര്‍ യുദ്ധത്തില്‍ സ്വാതന്ത്ര്യ സമര പോരാളികള്‍

 ബ്രിട്ടീഷ്സേനയുടെ വരവും കാത്ത് ഒളിച്ചിരുന്നത് പിലാക്കലിലെ ഈതോട്ടിലും മറ്റുമായിരുന്നു. ))))



          ധീര രക്തസാക്ഷികളെ ,പൂക്കോട്ടൂര്‍ ശുഹദാക്കളെ...
രചന ,ആലാപനം - വി എം കുട്ടി              
        
                                 ആനക്കയം
        
==================================

മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലോന്നായിരുന്ന ആനക്കയം. ബ്രിട്ടീഷുകാര്‍ക്ക് ഖിലാഫത്ത്സമരത്തെ ഒറ്റുകൊടുത്ത് ബ്രിടീഷുകാരില്‍ നിന്ന് അധികാരി സ്ഥാനവും ഖാന്‍ബഹദൂര് പട്ടവും

കരസ്ഥമാക്കിയ ഖാന്‍ ബഹദൂര്‍ കെ.വി.ചേക്കുട്ടിയെ ഖിലാഫത്ത് സമര സേനാനികള്‍ വധിച്ച് തല കുന്തത്തില്‍ കുത്തി പ്രദര്‍ശിപ്പിച്ചിരുന്നു.(ആഗസ്റ്റ്‌ 30     1921)   അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി ബ്രിട്ടീഷ്സര്‍ക്കാര്‍ ആനക്കയം പുള്ളിയിലങ്ങാടിയില്‍ നിര്‍മ്മിച്ച പൊതു കിണര്‍ ഇന്നും നിലനില്‍ക്കുന്നു.                               

((((ആനക്കയത്തെ ചേക്കുട്ടി സ്മാരക കിണര്‍))))                                                               
 ((((ഈ പള്ളി അങ്കണത്തിലാണ്‌ ഖാന്‍ ബഹദൂര്‍   ചേക്കുട്ടി അന്ത്യവിശ്രമം കൊള്ളുന്നത്‌ .))))
       ബ്രിട്ടീഷ് ഭരണത്തിനുമുമ്പില്‍ നിരുപാധികം കീഴടങ്ങാന്‍ ആവശ്യപ്പെട്ട ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയുടെ മുഖത്ത് നോക്കി ആലിമുസ്ലിയാര്‍ എന്ന വിപ്ലവസൂര്യന്‍ ഒരിക്കല്‍ പറഞ്ഞ വാക്ക് ഇവിടെ സ്മരിക്കുന്നു-
"ഒരു യഥാര്‍ത്ഥ മാപ്പിള തന്റെ മതത്തെ രക്ഷിക്കാന്‍ മരിക്കേണ്ടിവന്നാലും ഭയക്കില്ല.വിദേശികളായ കാഫിറുകളുടെ
ചെരുപ്പ് നക്കുന്ന ചെക്കുട്ടിയെ പോലുള്ളവര്‍ക്ക് പേടിയുണ്ടാവും.നിന്നെ പ്പോലുള്ളവരാണ് മാപ്പിള സമുദായത്തിന്റെ ദുരന്തം"                                                       
                                         -എന്‍ കെ മൊയ്തീന്‍,ചേറൂര്‍

മങ്കടയിലെ സ്വാതന്ത്ര്യസമര രക്തസാക്ഷി സ്മാരകം.
-----------------------------------------------------------------------------
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ഗ്രാമാന്തരങ്ങളില്‍ നിരവധി രക്തസാക്ഷികാളാണ് വൈദേശികസേനയുടെ
നിഷ്ഠുരതക്കിരയായി പിടഞ്ഞു വീണു മരിച്ചത്.
              1921 -ല് പൂക്കോട്ടൂരിലും നിലമ്പൂരിലും മറ്റും നടന്ന ഖിലാഫത്ത് സമരങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് അന്ന് വള്ളുവനാടന്‍ രാജവംശത്തിന്റെ അധീനതയിലുള്ള മങ്കടയിലെ വെള്ളിലയിലും മറ്റ്‌
പലഭാഗത്തുമായി പതിനഞ്ച് മാപ്പിളമാര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനിരയായത്.
അതിലൊന്നാണ്
          മങ്കടയിലെ വെള്ളില വൈശ്യര്‍പാടത്ത് വെച്ച് അഞ്ച് പേരുടെ ജീവനെടുത്ത വെള്ളപ്പട്ടാളത്തിന്റെ പൈശാചിക കൃത്യവും നടന്നത്. ഖിലാഫത്ത് സമര കാലത്ത് മങ്കടയിലെ വള്ളുവനാടന്‍ രാജവംശത്തിന്റെ കോവിലകങ്ങള്‍ക്ക്
സംരക്ഷണമേകാന്‍
പന്തല്ലൂര്‍ മലയില്‍ തമ്പടിച്ചിരുന്ന ബ്രിട്ടീഷ് സേനയിലെ ഗൂര്‍ഖാസ് പട്ടാളം അഴിച്ചുവിട്ട നരനായാട്ടിനിരയായാണ് ഇവിടുത്തെ മാപ്പിളമാര്‍ രക്തസാക്ഷിത്വം വരിച്ചത്‌.
രക്തസാക്ഷി സ്മാരകം
   കര്‍ഷകരായിരുന്ന ഇവര്‍ പാടത്ത് വെള്ളം തേകിക്കൊണ്ടിരിക്കെ ഗൂര്‍ഖാസ് സേന വെടിവെച്ച് കൊല്ലുകയായിരുന്നു.
രക്തസാക്ഷികളെ പള്ളിയില്‍ മറവാടാന്‍ സമ്മതിക്കാതെ വെള്ളപ്പട്ടാളം മൃതശരീരത്തോട് പോലും നീചവും മനുഷ്യത്വരഹിതവുമായി പെരുമാറി.
തുടര്‍ന്ന്‍ പാക്കോട്ട് പലത്ത് അഹമ്മദ് കുട്ടി എന്നവര്‍ തന്റെ പറമ്പില്‍ അഞ്ച് രക്തസാക്ഷികളെയും ഒരുമിച്ച് മറവാടുകയായിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷം ഇവിടുത്തെ ചരിത്ര തല്‍പ്പരരായ യുവാക്കളുടെ ശ്രമഫലമായി പഞ്ചായത്ത് വക നിര്‍മ്മിച്ചു നല്‍കിയതാണ് സ്മാരകം.
 മങ്കടയില്‍ തന്നെ യു കെ പടിയിലും കടന്നമണ്ണയിലും അവിടങ്ങളിലെ പള്ളിയിലും വീട്ടുതൊടിയിലുമായി ഖിലാഫത്ത് പോരാളികള്‍ മണ്മറഞ്ഞുകിടക്കുന്നുണ്ട്.

ഇവിടങ്ങളിലൊക്കെയുള്ള എല്ലാ രക്തസാക്ഷികള്‍ക്കും പൊതു സ്മാരകങ്ങള്‍ നിര്‍മ്മിക്കാനുള്ള  ഉത്സാഹത്തിലാണ്  ഇവിടുത്തെ ചരിത്രസ്നേഹികളും തദ്ദേശസ്ഥാപനവും.മലബാറില്‍ പല ഉള്‍പ്രദേശങ്ങളിലും നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളും അതിന്റെ ജ്വലിക്കുന്ന ചരിത്രങ്ങളും സ്മരണകളില്‍ നിലനിര്‍ത്തേണ്ടതുണ്ട്.എന്നാലെ വരും തലമുറക്ക് അത് പകര്‍ന്ന്കൊടുക്കാന്‍ സാധിക്കൂ.ഇന്ന് മലബാറില്‍ പലേടത്തും ഇത് പോലെ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് ഓരോ ദേശത്തിന്റെയും ചരിത്രപരമായ പങ്ക് വിളിച്ചോതുന്ന ഇത്തരം ശേഷിപ്പുകള്‍ സ്മാരകങ്ങളായി സംരക്ഷിച്ച് നിലനിര്‍ത്താന്‍ കാണിക്കുന്ന ശുഷ്കാന്തി തികച്ചും അഭിമാനകാരവും സ്വാഗതാര്‍ഹവുമാണ്.
            -എന്‍ കെ മൊയ്തീന്‍ ചേറൂര്‍ 

2012, നവംബർ 29, വ്യാഴാഴ്‌ച

എന്റെ ജുമാമസ്ജിദ്(ചേറൂര്‍,മുതുവിൽകുണ്ട്)

                                                                    
            1984 ലാണ് എന്റെ ഗ്രാമത്തിലെ പള്ളി(ദാറുസലാം ജുമാമസ്ജിദ്) സ്ഥാപിതമാകുന്നത്.
285 ലേറെ വീടുകളെ പ്രതിനിധീകരിക്കുന്ന മുതുവില്‍കുണ്ട് മഹല്ല് നിലവില്‍ വരുന്നത് വരെ ചേറൂര്‍
ടൗണിനടുത്തുള്ള ഏറെ പഴക്കംചെന്ന ചേറൂര്‍ വലിയ ജുമാമസ്ജിദായിരുന്നു ഞങ്ങളുടെ മഹല്ല് ജുമുഅത്ത് പള്ളി.
ജനബാഹുല്യവും സൌകര്യവും കണക്കിലെടുത്ത് മുതുവില്‍ കുണ്ട് കേന്ദ്രീകരിച്ച് മഹല്ല് ജുമാമസ്ജിദ് എന്ന ആശയം 1980-ന്‍റെ മുമ്പ് തന്നെ പ്രദേശവാസികളില്‍ നിന്നുയരാന്‍ തുടങ്ങി.
എങ്കിലും സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക എന്നത് തുടക്കത്തില്‍ തന്നെ വിലങ്ങുതടിയായി. സാഹചര്യത്തില്‍ പ്രദേശത്തുകാര്‍ ഇവിടെ
ജനിച്ചു വളര്‍ന്ന്‍, പില്‍ക്കാലത്ത്എടത്തനാട്ടുകരയിലേക്ക് സ്ഥിര
താമസമാക്കിയ ഇവിടുത്തെ പുരാതന കുടുംബത്തിലെ(നാത്താന്‍ കോടന്‍) കാരണവരും ഖുര്‍ആന്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രമുഖ പണ്ഡിതനും
എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമയ സി എന്‍ അഹമദ്‌ മൌലവിയുടെ (സി എന്‍ എന്നത് ചേറൂര്‍ നാത്താന്‍ കോടന്‍ എന്നാണെന്നത്
പുതു തലമുറക്ക് വേണ്ടി ഇവിടെ കുറിക്കട്ടെ) ശ്രദ്ധയിലേക്ക് അദ്ദേഹത്തിന്‍റെ ഇവിടുത്തെ കുടുംബാംഗങ്ങള്‍
മുഖേനെ അറിയിക്കുകയും തന്റെ രക്തബന്ധങ്ങളുടെ അഭ്യര്‍ത്ഥനക്കുമുന്നില്‍ ആകൃഷ്ടനായി ജന്മ ദേശത്ത് പള്ളിസ്ഥാപിക്കുക എന്ന നന്മയുടെ ദൗത്യത്തിനുവേണ്ടി പ്രായാധിക്യ
സഹജമായ ശാരീരിക പ്രതിബന്ധങ്ങളെ തൃണവല്‍ഗണിച്ച് തിരക്കുപിടിച്ച ജീവിതത്തിനിടയിലും ദീര്‍ഘദൂരം സഞ്ചരിച്ച്,ചുമതലാ ബോധത്തോടെ
അദ്ദേഹം ഇതിനു വേണ്ടി മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറായി.പക്ഷെ പള്ളിക്കും അനുബന്ധ ഖബര്‍സ്ഥാനും വേണ്ട സ്ഥലമൊരുക്കാന്‍ വീണ്ടും വിഷമിച്ചു. സാഹചര്യത്തില്‍ അദ്ദേഹം മറുത്തൊന്നും ചിന്തിക്കാതെ അദ്ദേഹത്തിനും
മറ്റുകുടുംബാംഗങ്ങള്‍ക്കും
അവകാശപ്പെട്ട ഒത്ത സൌകര്യങ്ങളോടെയുള്ളയിടത്തെ
     ((( പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു)))
=================================================================
ഭൂമി പള്ളിസ്ഥാപിക്കാനായി ദാനമായി നല്‍കി പ്രദേശത്തുകാരുടെ
അഭിലാഷം സഫലീകൃതമാക്കി.
 തുടര്‍ന്ന്‍ ധൃതഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്
നാട്ടിലെ കാരണവന്മാരോടൊപ്പം ചേര്‍ന്ന്‍ പ്രദേശ വാസികളായ ചെറുപ്പക്കാരും യുവാക്കളും ഒത്തൊരുമിച്ച് അക്ഷീണ പ്രവര്‍ത്തനത്തിലൂടെ ഭാഗവാക്കായി.നിര്‍മ്മാണത്തിനാവശ്യമായ സിമന്റും മണലും മരവുമൊക്കെ നല്‍കിയും മറ്റുമായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഒത്തൊരുമയോടെ ഇതിനുണ്ടായി.
പള്ളിയുടെ നിര്‍മ്മാണത്തിനായി സാമ്പത്തികമായും ശാരീരികമായും മറ്റും രാപ്പകല്‍ ഭേദമന്യേ ഇവിടുത്തെ കാരണവന്മാര്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചു.
അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു മേലാടത്തില്‍ ഹസ്സന്‍ ഹാജി. പള്ളിയുടെ പണി പൂര്‍ത്തീകരണത്തിലെത്തി നില്‍ക്കെയുണ്ടായ അദ്ദേഹത്തിന്‍റെ വേര്‍പ്പാട് നാട്ടിൽ ദുഃഖത്തിന്റെ കരിനിഴല്‍
വീഴ്ത്തി.അദ്ദേഹത്തിന്‍റെ  അന്ത്യാഭിലാഷം പോലെ ത്തന്നെ   പള്ളി കബര്‍സ്ഥാനില്‍ തന്നെ  മറവ് ചെയ്തു.അവരുടെ പാരത്രിക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ .
നാഥന്‍റെ അനുഗ്രഹത്താല്‍ സമൂഹം രാവും പകലും കര്‍മ്മോത്സുകരായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി തലയുയര്‍ത്തിനില്‍ക്കുന്ന ഒരു ദൈവ ഭവനം പ്രാര്‍ത്ഥനക്ക് സജ്ജമാക്കിയെടുത്തു.മഹല്ലുകാരെ പെരുത്ത് സന്തോഷത്തിലാഴ്ത്തി കൊണ്ട് 27.12.1984ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പള്ളിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി എന്‍ അഹ്മദ് മൌലവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മഹത്തായ ചടങ്ങില്‍ ചാക്കീരി അഹ്മദ് കുട്ടി സാഹിബ്,പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.മഹല്ല് കാരണവര്‍ അഹ്മദ് സാഹിബ് സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ ഉള്‍നാടന്‍ ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിതരാണോദ്ഘാടനവും ഇതിനോടനുബന്ധിച്ചായിരുന്നു നടന്നത്.


  ((( സി എന്‍ അഹമ്മദ് മൌലവി അദ്ധ്യക്ഷപ്രസംഗം നടത്തുന്നു)))
==============================================================

തിരൂര്‍ ഇലക്ട്രിസിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
         പള്ളിക്ക് ദാറുസലാം ജുമാമസ്ജിദ്‌ എന്ന്‍ പേര് നല്‍കിയതും വെള്ളിയാഴ്ചകളില്‍ ജുമുഅ ഖുതുബക്ക് മുമ്പായി ഇമാമിന്‍റെ ബോധവല്‍ക്കരണ പ്രഭാഷണം എന്ന രീതി കൊണ്ടുവന്നതും
സി എന്‍ മൌലവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു.
മഹാന്റെ അശ്രാന്ത പരിശ്രമം ഇതിനുപിന്നില്ലായിരുന്നുവെങ്കില്‍ ഇത്രയും
സൌകര്യ പ്രദമായ, കണ്ണായ സ്ഥലത്ത് ഇവിടെ പള്ളി സ്ഥാപിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നത് അവിതര്‍ക്കിതമാണ്. ജനിച്ചു വളര്‍ന്ന കൊച്ചു ഗ്രാമത്തിനു വേണ്ടി,ഞങ്ങളുടെ മഹല്ലിനുവേണ്ടി നിര്‍വിഘ്നം നിറവേറ്റിത്തന്ന്‍ കാലയവനികക്കുള്ളിലേക്ക്‌ മറഞ്ഞ മഹാന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
പള്ളിയങ്കണത്തിലെ പച്ചപിടിച്ച് നില്‍ക്കുന്ന മൈലാഞ്ചി ചെടികൾക്ക് ചോട്ടില്‍ വേര്‍പിരിയലിന്റെ സാമീപ്യം ദുഃഖസൂചകമായി വിളിച്ചോതുന്ന മീസാന്‍ കല്ലുകള്‍ക്ക്  താഴെ
ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച്
ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച്
ഞങ്ങളെ പോറ്റി വളര്‍ത്തി
പല പല സ്ഥാനങ്ങളിലെത്തിച്ച് വിട പറഞ്ഞ സ്നേഹ വാത്സല്യനിധികളായ ഞങ്ങളുടെ മാതാപിതാക്കള്‍

(((നാട്ടു കാരണവര്‍ അഹ്മദ് സാഹിബ് സ്വാഗതപ്രസംഗം നടത്തുന്നു)))===============================================================================
(((ഉദ്ഘാടന ചടങ്ങിനിടെ.പാണക്കാട് സയ്യിദ് മുഹമ്മദലിശിഹാബ് തങ്ങള്‍,
സി എന്‍ അഹമ്മദ് മൌലവി,ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്,അഹമ്മദ് സാഹിബ് തുടങ്ങിയവര്‍)))
=============================================================
മക്കള്‍ സഹോദരീ സഹോദരന്മാര്‍ ബന്ധുമിത്രാതികള്‍ അന്ത്യവിശ്രമം കൊള്ളുന്നു.
നാഥാ, നിന്‍റെ അനുഗ്രഹം അവരില്‍ ചൊരിയേണമേ.
  തന്റെ പൊക്കിള്‍ കൊടിഅലിഞ്ഞുചേര്‍ന്ന,തന്റെ പാദസ്പര്‍ശമേറ്റ മണ്ണിലെ ജനങ്ങള്‍ക്ക് വേണ്ടി ദിവ്യപ്രഭ ചൊരിയുന്ന,ദൈവബോധത്തിന്റെ പാരമ്യത തുടികൊള്ളുന്ന വിശുദ്ധിയുടെ
ഗോപുരം ഉയര്‍ത്തികൊണ്ടുവരാന്‍ സി എന്‍ വഹിച്ച പങ്ക് അനിഷേധ്യമാംവിധം സുവിദിതമാണ്.മുതുവില്കുണ്ട് ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന് കേരളം മുഴുക്കെ
വിജ്ഞാനത്തിന്റെ പ്രഭപരത്തി ഇസ്ലാമിക ധൈഷണികമണ്ഡലത്തെ ഈടുറ്റഇച്ഛാശക്തിയോടെ പ്രോജ്ജ്വലമാക്കിയ മഹാ പണ്ഡിതന്‍ എന്നെന്നും ഞങ്ങളുടെ സ്മരണകളില്‍ നിലനില്‍ക്കും.

                          -എന്‍ കെ മൊയ്തീന്‍, ചേറൂര്‍

2012, നവംബർ 6, ചൊവ്വാഴ്ച

***കുടക്കല്ല്***


                                                    "കുടക്കല്ല്"

                                           =================

പഴയകാലത്തിന്റെ ശേഷിപ്പായ ഈ കുടക്കല്ല് കൊണ്ടോട്ടി കൊളപ്പുറംറൂട്ടില്‍ കുന്നുംപുറത്തുള്ളതാണ്. അതുവഴിപോയപ്പോള്‍എന്‍റെ മൊബൈലില്‍ പകര്‍ത്തിയതാണിത് .
മഹാശിലായുഗത്തില്‍ നാടുവാഴികളുടെയും മറ്റ് പ്രധാനികളുടെയും മൃതദേഹം അടക്കം ചെയ്തിരുന്നതിന് മുകളിലായി അവരുടെ സ്മാരകങ്ങളായാണ് കുടക്കല്ലുകള്‍
സ്ഥാപിച്ചിരിക്കുന്നതെന്നാണ് ചരിത്രം. റോഡരികില്‍ ഉള്ള ഈ കുടക്കല്ലിന്റെ ഒരുഭാഗം സ്വകാര്യവ്യക്തി മതില്‍കെട്ടിനുള്ളിലാക്കിമറച്ചിരിക്കുന്നതിനാല്‍ മുഴുവനായി കാണാന്‍സാധ്യമല്ല.
ഉള്ളത് തന്നെ യാതൊരു സംരക്ഷനവുമില്ലാതെ പുല്ചെടികളും കാടുംമൂടി ക്കിടക്കുന്നു. തികഞ്ഞ അവഗണനയാണീ മഹാശിലായുഗചരിത്ര സ്മാരകത്തോട് പുരാവസ്തു
വിഭാഗമടക്കമുള്ള അധികൃതരുടെ ഭാഗത്ത്നിന്നും കാണിക്കുന്നത്. പോയ കാലത്തിന്റെ ചരിത്രരേഖകളായ ഇതു പോലുള്ള വിലപ്പെട്ട ശേഷിപ്പുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍
സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
                                                       
                                                   **കുടക്കല്ല് ശുചീകരിച്ചു**

                                           ================================
കൊണ്ടോട്ടി കൊളപ്പുറം റൂട്ടില്‍ കുന്നുംപുറത്തിന്റെ പാതയോരത്തായി സ്ഥിതി ചെയ്യുന്ന പ്രാചീനകാലകാലത്തിന്റെ ശേഷിപ്പായ ഈ കുടക്കല്ല് യാതൊരു സംരക്ഷണവുമില്ലാതെ കാടു മൂടിക്കിടന്നു
നാശത്തിന്റെ വക്കിലെത്തിയിരുന്ന ഈ ശിലായുഗസ്മാരകത്തിന്റെ അവസ്ഥ
                                                                        
ഇതു വഴിയുള്ള യാത്രക്കിടെ എന്റെ ദൃഷ്ടിയില്‍പെടുകയും അത് ഞാനെന്റെ ബ്ലോഗിലും മുഖപുസ്തകത്തിലും പ്രസിദ്ധീകരിക്കുകയും കൂടാതെ മറ്റു പ്രമുഖരുടെ പേജിലേക്കു പങ്കുവെക്കുകയും ചെയ്തിരുന്നു.
അതേ തുടര്‍ന്ന്‍ ഏറെ നല്ല പ്രതികരണങ്ങള്‍ ലഭിക്കുകയും ചര്‍ച്ച്ചക്കിടവരുത്തുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം (21 12 2012 )ന് വീണ്ടും
അതുവഴിയുള്ള യാത്രക്കിടെ ഞാന്‍ കണ്ട കാഴ്ചയാണിത്‌.
ഈ ചരിത്ര ശേഷിപ്പ് ജി എച്ച് എസ് എസ് പെരുവള്ളൂരിലെ ഹെറിറ്റേജ് ക്ലബ്ബ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ കാടും പുല്ലും വെട്ടി ശുചീകരിച്ചിരിക്കുന്നു. സമീപത്തായി ബോര്‍ഡും
സ്ഥാപിച്ച് ഈ വിദ്യാര്‍ത്ഥികള്‍ മാതൃക കാട്ടിയിരിക്കയാണ്. പുരാരേഖാ വകുപ്പിന്റെ ഹെറിറ്റേജ് ക്ലബ്ബുകളുടെ
പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ 20011ലെയും 2012ലെയും സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത് മലപ്പുറം ജില്ലയിലെ പെരുവള്ളൂരിലെ ഈ സ്കൂളിനായിരുന്നു. പോയ
കാലത്തിന്റെപൈതൃകങ്ങളെ വരും തലമുറക്ക് വേണ്ടി കാത്തു സൂക്ഷിക്കാന്‍ സന്നദ്ധരായി മുന്നിട്ടിറങ്ങിയ ഈ വിദ്യാര്‍ത്ഥി കൂട്ടായ്മയെ പ്രകീര്‍ത്തിക്കുന്നു.
കാലം ബാക്കിവെച്ച് പോയ ശേഷിപ്പുകള്‍ അപ്രത്യക്ഷമാക്കാതെ തലമുറകളിലൂടെ നിലനിര്‍ത്തിപോകേണ്ടതുണ്ട്.പോയകാലത്തിന്റെ സമ്പന്നമായ പൈതൃകം അടയാളപ്പെടുത്തിയ
ഇങ്ങനെയുള്ള സ്മാരകങ്ങള്‍
മലബാറില്‍ പല ഭാഗങ്ങളിലും സംരക്ഷണം കിട്ടാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്.പാഠ്യേതര പ്രവര്‍ത്തനമായി ഇത്തരം ചരിത്ര പൈതൃക സംരക്ഷണത്തിനായി കര്‍മോത്സുകരായി മുന്നിട്ടിറങ്ങുന്ന
കുട്ടികള്‍ പല വിദ്യാലയങ്ങളിലുമുണ്ട്.അവരെയെല്ലാം ഒരുമിപ്പിച്ച് നാടിന്റെ പഴമയുടെ കഥപറുന്ന ഇങ്ങനെയുള്ള അമൂല്യമായ പൈതൃകവും ചരിത്ര നിര്‍മിതികളുമായ പുരാവസ്തുക്കളും
പുരാരേഖകളുമൊക്കെ സംരക്ഷിക്കുക എന്ന ഒരു വലിയ
ലക്‌ഷ്യം നമുക്ക് ഇവരിലൂടെയും സാധിപ്പിച്ചെടുക്കാന്‍ കഴിയും.

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

***ബലിപെരുന്നാള്‍ ആശംസകള്‍***

'അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു അക്ബര്‍….

ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ …..
അല്ലാഹു അക്ബറു വലില്ലാഹില് ഹമദ്……' 
ആത്മസമര്‍പ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും സ്നേഹത്തിന്റെയും സുരഭിലമായ സ്മരണകളുണര്‍ത്തിക്കൊണ്ട്
മഹിയാകെ അലയടിച്ചുയരുന്ന തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ  അന്തരീക്ഷത്തില്‍ 
ഒരു  ബലിപെരുന്നാള്‍ കൂടി  വന്നെത്തി.
ഇബ്രാഹീം നബിയുടെയും ഇസ്മായീല്‍ നബിയുടെയും ഹാജറാബീവിയുടെയും ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ ഓര്‍മ്മ പുതുക്കുന്ന
അനശ്വരമായ  സുദിനം. ഈ ദിനത്തിന്റെ   സ്മരണ എന്നും നിലനിര്‍ത്താന്‍ നമുക്ക് സാധിക്കട്ടെ.
ഈ പുണ്യദിനം ജാതി മത ഭേദമന്യേ പരസ്പര  സാഹോദര്യത്തിലും  സ്നേഹത്തിലും അധിഷ്ടിതമായ ഒരു പുത്തന്‍ പുലരി നമുക്ക് പ്രധാനം ചെയ്യട്ടെ എന്ന്‍ ആശിക്കുന്നു.
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഊഷ്മളമായ ബലിപെരുന്നാള്‍ ആശംസകള്‍...

2012, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

***അബ്ദുള്ള നീലാഞ്ചേരിയോടൊപ്പം***



 
എന്റെ സുഹൃത്തും എഴുത്തുകാരനുമായ അബ്ദുള്ള നീലാഞ്ചേരിയോടൊപ്പം അദ്ദേഹത്തിന്‍റെ വസതിയില്‍ . ഉദരസംബന്ധമായ കടുത്ത രോഗം പിടിപെട്ട്   ഒന്‍പത് വര്‍ഷത്തോളമായി 
വിധി തളച്ചിട്ടിരിക്കയാണ്
സര്‍ഗ്ഗ സമ്പന്നനായ എന്റെ സുഹൃത്തിനെ . കഥ,കവിത,നോവല്‍,
ഗാനരചന എന്നിങ്ങനെ   ആനുകാലികങ്ങളില്‍ രചനകള്‍  പ്രസിദ്ധീകരിക്കുന്നു.നിര്‍ധനനായ,ടാപ്പിംഗ് തൊഴിലാളിയായിരുന്ന അബ്ദുള്ളയുടെ രോഗാവസ്ഥ അദ്ധ്വാനത്തെ  വിലങ്ങിടുകയും  നിത്യവൃത്തിക്ക് പോയിട്ട് മരുന്നിന്  പോലും നിവൃത്തിയില്ലാതെ ദുരിതക്കയത്തിലാക്കുകയും ചെയ്തു .  രോഗ പീഡകളാല്‍ തീക്ഷ്ണമായ
 വേദനയില്‍  ജീവിതം കരിന്തിരി കത്തുന്ന അവസ്ഥയിലും     മന:സ്ഥൈര്യം മാത്രം കരുത്താക്കി തൂലിക ചലിപ്പിക്കുന്നു ഈ സഹോദരന്‍.  
ജീവ കാരുണ്യപ്രവര്‍ത്തന  രംഗത്ത് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന
കരുവാരക്കുണ്ട് പാലിയേറ്റീവ് ക്ലിനിക്കിന്റെ 
 ഉദാര മനസ്കരായ  
 പ്രവര്‍ത്തകരുടെ  സഹായത്തോടെ "നഷ്ട സ്വര്‍ഗ്ഗംഎന്ന പേരില്‍  കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു.
ജീവിതാവസ്ഥയില്‍ നിന്നുള്ള  കണ്ണീരിന്റെ ഉപ്പ്  കനിഞ്ഞിറങ്ങുന്ന വരികളാണ് അദ്ദേഹത്തിന്‍റെ   മിക്ക രചനകളിലും
അദ്ദേഹത്തിന്‍റെ പക്കല്‍ പ്രസിദ്ധീകരിക്കാത്ത കവിതകള്‍ കഥകള്‍ നോവലുകളുമൊക്കെയുണ്ട് പ്രസാധകരെ കാത്തിരിക്കുന്നുണ്ട് .
എഴുത്തിലൂടെ ഉണ്ടാക്കിയെടുത്ത സൗഹൃദബന്ധമാണ് ഞങ്ങള്‍ തമ്മില്‍.
  ആദ്യമായി   അറിയുന്നത് സെബാസ്റ്റ്യന്‍ വലിയകാല എഡിറ്ററായുള്ള മലപ്പുറത്ത് നിന്ന്‍ പ്രസിദ്ധീകരിക്കുന്ന മലപ്പുറം മാസികയില്‍
 അദ്ദേഹം തന്‍റെ
ദയനീയാവസ്ഥയില്‍ കുറിച്ചിട്ട ഒരു കവിത വായിക്കാനിടയായതിനെതുടര്‍ന്നാണ്.
ദൈനം ദിന മരുന്നുകളുടെയും ചികിത്സയുടെയും ആശ്രയമില്ലാതെ ജീവിക്കാന്‍ പറ്റാത്ത ,ഒരിക്കല്‍ കടന്നുവന്ന രോഗം പടിയിറങ്ങി പോകാതെ ദീര്‍ഘ ചികിത്സയിലായവരുടെ പട്ടികയിലായി എന്റെ  സുഹൃത്തും.   രോഗം ഈയിടെ മൂര്‍ച്ചിച്ച് അബോധാവസ്ഥയില്‍ വരെയായി.  അദ്ദേഹത്തിന്‍റെ പക്കല്‍ പ്രസിദ്ധീകരിക്കാത്ത ഒരു പാട് കവിതകള്‍ കഥകള്‍ നോവലുമൊക്കെയുണ്ടെന്നറിഞ്ഞപ്പോള്‍ അതൊക്കെ എന്ത്കൊണ്ട് ആനുകാലികങ്ങളിലോ 
മറ്റോ പ്രസിദ്ധീകരണങ്ങളിലെത്തിക്കാത്ത
തെന്തെന്നാരാഞ്ഞപ്പോള്‍
 ഉപജീവനത്തിനുപോലും വകയില്ലാത്ത
ഞാനെങ്ങനെ ഇതൊക്കെ പ്രസിദ്ധീകരണങ്ങളിലെത്തിക്കും എന്ന മറുപടിക്കു മുമ്പില്‍ മനസ് ഇടറി.വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍ കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ  അബ്ദുള്ളയുടെ പരിതാപകരമായ അവസ്ഥ കണ്ടും കേട്ടും ചില സുമനസുകള്‍ നീട്ടുന്ന   സഹായ ഹസ്തങ്ങളാണ് ജീവസന്ധാരണം.