2015, ഫെബ്രുവരി 8, ഞായറാഴ്‌ച

സഫിയ അജിത്‌ എന്ന വേദനിക്കുന്നവന്റെ ആ സ്നേഹത്തണല്‍ അന്ത്യനിദ്രയിലാണ്ടു

ഇന്ത്യന്‍ പ്രവാസിസമൂഹത്തിനിടയില്‍ ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തനനിരതമായ സാമീപ്യം
കൊണ്ട് നിറഞ്ഞ് നിന്നിരുന്ന സഫിയ അജിതിന്റെ അകാല മരണ വാര്‍ത്ത ഏറെ ദുഃഖത്തിലാഴ്ത്തി.
വിഷമതകള്‍ നേരിടുന്നവര്‍ക്ക് താങ്ങും തുണയുമായി പ്രവര്‍ത്തിച്ച ഒരു
 അത്താണിയെയാണ് പ്രവാസലോകത്തിന് നഷ്ടമായത്.
മാറാരോഗം പിടിപെട്ട് വേദനതിന്ന് കഴിയുമ്പോഴും പ്രവാസനാട്ടില്‍ സഹജീവികളുടെ നൊമ്പരങ്ങള്‍ക്ക് പ്രതിവിധിതേടി
പരക്കംപാഞ്ഞിരുന്ന ദമ്മാമിലെ നവയുഗം സാംസ്ക്കാരിക വേദിയില്‍
പ്രവര്‍ത്തിക്കുന്ന വേറിട്ട സാമൂഹ്യപ്രവര്‍ത്തകയെക്കുറിച്ച് മാധ്യമങ്ങളില്‍ പലപ്പോഴും വരാറുണ്ടായിരുന്നു.

രോഗപീഡകള്‍
വിടാതെ പിന്തുടരുമ്പോഴും സ്വദുഃഖം കടിച്ചമര്‍ത്തി
മറ്റുള്ളവരുടെ വ്യഥയകറ്റാന്‍ ജീവിതം സമര്‍പ്പിച്ച സഹോദരി തന്റെ ജീവിതം കൊണ്ട് നല്ലൊരു ദൃഷ്ടാന്തം തന്നെയാണ് നമുക്ക്
 മുമ്പില്‍ സമര്‍പ്പിച്ച് കടന്നുപോയത്.
കാരുണ്യപ്രവര്‍ത്തനരംഗത്തെ സ്തുത്യര്‍ഹമായ സംഭാവനകള്‍ക്ക് നിരവധി
പുരസ്ക്കാരങ്ങളാണ് ഇക്കാലയളവില്‍ അവരെ തേടിയെത്തിയത്.
യമനിലും
 ബുറൈദയിലുമൊക്കെ പ്രവര്‍ത്തിച്ചതിന്റെ പ്രായോഗികജ്ഞാനവുമായി ദാമ്മാമിലും നടത്തിയ തന്റെ സജീവപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യക്കകത്ത്‌നിന്നുള്ളവര്‍ക്ക്
മാത്രമല്ല
 പുറം രാജ്യക്കാര്‍ക്കിടയിലും അവരുടെ നേരിടേണ്ടിവന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി സഹായിച്ചു.അങ്ങിനെ ദുരിതക്കയത്തില്‍ നിന്നും കരകയറാന്‍ സഹായ
 ഹസ്തമേകി എല്ലാ രാജ്യക്കാരിലും
മതിപ്പുളവാക്കിയ ധീര മഹിളാരത്നം സഫിയ അജിതിന്റെ അകാല വേര്‍പാടില്‍ വ്യസനിക്കുന്നു. അവരുടെ സന്തപ്തരായ കുടുംബത്തോടും
ഇന്ത്യന്‍ പ്രവാസിസമൂഹത്തോടുമൊപ്പം ഞാനും പങ്കുചേരുന്നു.
"ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍ ,എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ ചെയ്യും " എന്ന
ആപ്തവാക്യം സര്‍വ്വാത്മനാ വഹിച്ച ദാസിയില്‍ നാഥന്റെ കൃപാകടാക്ഷം വര്‍ഷിക്കട്ടെ.
                            -എന്‍ കെ മൊയ്തീന്‍ , ചേറൂര്‍


  

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

അന്ധവിശ്വാസത്തിന് മാധ്യമങ്ങള്‍ കുട പിടിക്കരുത്


             അന്ധവിശ്വാസ തട്ടിപ്പിന്റെ വിളംബര കേന്ദ്രമായിരിക്കയാണ് പല ദൃശ്യമാധ്യമങ്ങളുമിന്ന്.ധനലക്ഷ്മി എന്ന പേരില്‍ ഒരു ധന സമ്പാദന യന്ത്രമുണ്ടെന്ന ഒരു ചാനല്‍ പരസ്യം
ശ്രദ്ധയില്‍ പെട്ടത് അടുത്തിടെയാണ്. ധന സമ്പാദനയന്ത്രം കൊണ്ട് പെട്ടെന്ന്‍ ഏത് ദരിദ്രനും പണക്കാരനാവും. രുദ്രാക്ഷമണിഞ്ഞാല്‍ ഏതു വിഷമതകളും നീങ്ങി ഐശ്വര്യം വന്ന്
ചൊരിയുമാത്രേ.ധനലക്ഷ്മി യന്ത്രം എന്ന ദിവ്യാത്ഭുത ഉല്പന്നത്തെക്കുറിച്ച് ചാനലുകള്‍ വാ തോരാതെയാണ് പറയുന്നത്.വീട്ടില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ്
പ്രചരിപ്പിക്കുന്ന ഐശ്വര്യലക്ഷ്മി വലംപിരി ശംഖാണ് ഇക്കൂട്ടത്തിലൊന്ന്‍ .ഇങ്ങനെ വിശ്വാസത്തെ ചൂഷണം ചെയ്ത് ചെയ്തുകൊണ്ടുള്ള നിരവധി തട്ടിപ്പുകള്‍ ചാനലുകള്‍ ദിവസവും
നമ്മുടെ മുന്നിലേക്കിട്ടുതരുന്നു.ഇതേ ചാനലുകളില്‍ ചിലത് ആള്‍ദൈവ മന്ത്രവാദ ചൂഷണങ്ങളെ തുറന്നു കാണിക്കുന്നുണ്ട്.ആള്‍ ദൈവങ്ങള്‍ പ്രചരിപ്പിക്കുന്ന അനാചാരങ്ങള്‍ക്കും രൂഢ
വിശ്വസങ്ങല്‍ക്കെതിരെയും ഒളി കാമറയുമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള ആള്‍ദൈവ കേന്ത്രങ്ങളിലെത്തി ആശ്രിതന്‍ ചമഞ്ഞാണ് വിവരങ്ങള്‍ പുറത്തു വിടുന്നത്.അങ്ങിനെ
ദൃശ്യമാധ്യമങ്ങള്‍ ഒരേ സമയം ഇരയുടെയും വേട്ടക്കാരന്റെയും കൂടെ നില്‍ക്കുന്ന പ്രതീതിയുണ്ടാക്കുന്നു.  
ഗള്‍ഫ് മാധ്യമം "പ്രവാസി വിചാരവേദി"യില്‍  ‍(3.1.2015) പ്രസിദ്ധീകരിച്ചതാണ്  ഈ കുറിപ്പ് .


വിശ്വാസത്തട്ടിപ്പിന്റെ പേരിലുള്ള കൊടും തട്ടിപ്പിന്റെ വിളഭൂമിയായി
മാറുകയാണ് നമ്മുടെ സാക്ഷര കേരളം.പ്രബുദ്ധതയിലും സാംസ്കാരികതയിലും മുന്നേറിയിട്ടും മലയാളികള്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നു. തട്ടിപ്പിന്റെ പ്രാചാരകരാവുന്നതോ
വഴി തെറ്റുന്ന സമൂഹത്തിനു നേര്‍വഴി കാട്ടേണ്ട മാധ്യമങ്ങള്‍ തന്നെ.ഒട്ടുമിക്ക ചാനലുകളും പത്രങ്ങളും പണം വാങ്ങി വിശ്വാസ്യത നോക്കാതെ എന്തും വിളമ്പുന്നു.നമ്മുടെ സംസ്ക്കാരത്തിന്
ആഘാതം ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് മാധ്യമങ്ങള്‍ മാറി നില്‍ക്കണം .അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി നേര്‍വഴിക്ക് നടത്തേണ്ട

ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്ക് ഉണ്ടാവണം.'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം'എന്ന രീതിയിലേക്ക് മാറി സ്വയം അപഹാസ്യരാകാതെ സമൂഹത്തോടുള്ള ധര്‍മ്മം പാലിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം.
             
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍, ജിദ്ദ