2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

***വായനക്കിടയിലെ ചില നഷ്ടങ്ങളായ ഓര്‍മ്മകള്‍ ***

             വായന അഥവാ അക്ഷരങ്ങളോടുള്ള പ്രിയം ബാല്യം തൊട്ടേ സന്തതസഹചാരിയെപ്പോലെ കൂട്ടാണെനിക്ക്.ഏത് പത്രമായാലും ആനുകാലികങ്ങളായാലും സഭ്യവും മാന്യതയോടെയും ഇഷ്ടാനുസാരമായതുമായ കിട്ടാവുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും വായിക്കണം സംഗതികള്‍ മനസ്സിലാക്കണം എന്ന ചിന്ത കുട്ടിക്കാലം മുതലേ എന്നില്‍ അന്തര്‍ലീനമായ ഒന്നാണ്.വായനക്കിടയില്‍ കക്ഷിരാഷ്ട്രീയത്തിന്റെയോ മറ്റോ അതിര്‍ വരമ്പുകള്‍ തീര്‍ക്കാതെ ഏത് മത വിഭാഗത്തിന്റെതോ സംഘടനകളുടെതോ ആയാലും ഹിതകരമായുള്ള ഒരു പ്രസിദ്ധീകരണത്തിനോടും അയിത്തം കല്‍പ്പിക്കരുത് എന്നാണെന്റെ അഭിപ്രായം .ഒരു പത്രത്തില്‍ വരാത്ത വിലപ്പെട്ട വിവരങ്ങള്‍ തൊട്ടടുത്ത പത്രത്തില്‍ കണ്ടേക്കാം. പരന്ന വായനയിലൂടെ മാത്രമേ നമ്മിലെ അവബോധമനസ്സിനെ ഉണര്‍ത്തി ഉള്‍ക്കൊളേളണ്ടതിനെ ഉള്‍ക്കൊള്ളാനും തളേളണ്ടതിനെ തള്ളാനും സാധിക്കുകയുള്ളൂ . അത്രയേറെ വായനയെ സ്നേഹിച്ചും ജീവിതത്തോടൊപ്പം ചേര്‍ത്ത് പിടിച്ചുമാണ് വളര്‍ന്നത്.
വറുതിയിലൂടെ കടന്നുവന്ന ജീവിതമെന്നതിനാല്‍പുസ്തകങ്ങളും മറ്റും പണം കൊടുത്ത് മേടിച്ച് വായിക്കാനുള്ള സാഹചര്യമൊന്നുമില്ലാതിരുന്ന ഭൂതകാല ജീവിത ഘട്ടത്തിലും വായിച്ച് പഴകിയ പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാവുന്നിടത്തുനിന്നൊക്കെ സംഘടിപ്പിച്ചെങ്കിലും വായനക്ക് വിഘ്നം വരുത്താറില്ല.ജീവിതം പ്രവാസത്തിലേക്ക് പറിച്ച് നട്ടിട്ടും അതിന്റേതായ പരിമിതികള്‍ക്കുള്ളില്‍ പൊരുത്തപ്പെട്ട്കൊണ്ട് തന്നെ ഇന്നും വായനയോടുള്ള മമത തുടരുന്നുണ്ട്.സ്വാതന്ത്ര്യസമരത്തെക്കുറിച്ചും മത- രാഷ്ട്രീയ- സാമൂഹ്യരംഗത്തക്കുറിച്ചും മഹദ് വ്യക്തിത്വങ്ങളെക്കുറിച്ചും അങ്ങിനെ പഴയകാല ചരിത്ര സംഭങ്ങളടക്കമുള്ളവയൊക്കെ പത്രങ്ങളിലും മറ്റും വരുന്നത് ശേഖരിക്കുക എന്നതും അന്നേ പതിവാക്കിയിരുന്നു. ഇത്തരം അമൂല്യ മുതല്‍കൂട്ടുകളായി കാണുന്നവ ഏതെങ്കിലും വിധേനെ നഷ്ടമാകുമ്പോഴുണ്ടാകുന്ന വിഷമം കുറച്ചൊന്നുമല്ല. മുമ്പ് ചന്ദ്രിക ദിനപത്രത്തില്‍ പരമ്പരയായി വന്നിരുന്ന സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന മൊയ്തുമൌലവിയുടെ ചരിത്ര ലേഖനങ്ങള്‍ എന്റെ ശേഖരത്തില്‍ നിന്നും കൈമോശം വന്നത് ഇങ്ങനെയൊരു നഷ്ടപ്പെടലിന്റെ ഓര്‍മ്മയാണ് നല്‍കുന്നത്.മലബാറില്‍ അരങ്ങേറിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്ന മൊയ്തു മൌലവി സ്വാതന്ത്ര്യസമരത്തിന്റെ കഠിനമായ തീച്ചൂളയിലൂടെ കടന്ന്‍ വന്ന തന്റെ സംഭവബഹുലമായ ജീവിത നാള്‍വഴികള്‍ അയവിറക്കി അന്ന് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ "ജീവിത യാത്രയിലെ നാഴികക്കല്ലുകള്‍
" എന്ന തലക്കെട്ടില്‍ ലേഖനപരമ്പര പ്രസിദ്ധീകരിച്ചിരുന്നു.അത് മുടങ്ങാതെ വായിക്കുകയും ഓരോ ഭാഗവും കൃത്യമായി സൂക്ഷിച്ച് വെക്കുകയും പതിവാക്കി.
അത് പിന്നീട് ഒരു വേള നോക്കിയപ്പോള്‍ അതാ എന്റെ സൂക്ഷിപ്പില്‍ കിടന്ന് എല്ലാം ചിതല്‍ തിന്ന് നശിപ്പിച്ചിരിക്കുന്നു.പോയ കാലത്തിന്റെ അസൌകര്യങ്ങളില്‍ കിടന്ന് കൈമോശം വന്ന പത്രത്താളുകളെക്കുറിച്ചുള്ള
ചിതലരിക്കാത്ത ഓര്‍മ്മകള്‍ ഇന്നും എന്റെ വായനാ മനസ്സിനെ വിഷണ്ണനാക്കുന്നു.

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

ആപത്ക്കരമാകുന്ന ആധുനികതയുടെ അമിത സാഹസങ്ങള്‍

വര്‍ത്തമാന കാല ഇന്ത്യയില്‍ ഫേസ്ബുക്ക്‌ അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ ചൂടേറിയ ചര്‍ച്ചനടക്കുന്ന ഒരു വിഷയമാണ് 
ഈയിടെ ഡല്‍ഹി മൃഗശാലയില്‍ മക്സൂദ് എന്ന ഇരുപത് വയസുകാരനായ യുവാവിനെ കടുവ പിടിച്ച് കൊന്നെന്ന ദൗര്‍ഭാഗ്യകരമായ വാര്‍ത്ത. വാര്‍ത്ത കേട്ട നടുക്കത്തില്‍ നിന്നും അമ്പരപ്പില്‍ നിന്നും മനുഷ്യ മനഃസാക്ഷി മുക്തമായിട്ടില്ല. ഒട്ടേറെ ചിന്താപാഠങ്ങളാണ് ദാരുണമായ സംഭവം നമുക്ക് നല്‍കുന്നത്.കഠിനമായ സംഭവത്തിന് വഴിവെച്ചതും അപകടത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ളഅവസരമുണ്ടായിട്ടും നടക്കാതെ പോയതും മൊബൈലിന്റെ സാഹസികമായ ദുരുപയോഗമാണെന്നു തന്നെ പറയേണ്ടി വരുന്നു. ഇന്റര്‍നെറ്റ് ,മൊബൈല്‍ ഇത്യാദി നൂതന സാമഗ്രികളൊക്കെ സാമൂഹ്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിട്ടുണ്ട് എന്നത് നേര് തന്നെ.ഇതൊക്കെ അവശ്യവസ്തു എന്നത് പോലെത്തന്നെ ഇതിന്റെ അനിയന്ത്രിതമായ ദുരുപയോഗവും തടയേണ്ടത് അത്യന്താപേക്ഷിതമായ അനിവാര്യത തന്നെ എന്ന് സംഭവം നമ്മെ ഉണര്‍ത്തുന്നു .

അന്ന് വാര്‍ത്ത അറിഞ്ഞ് മനസ്സ് സ്തബ്ധമായിപ്പോയി .കടുവയെ പാര്‍പ്പിച്ച കൂടിന്റെ ചുറ്റുമുള്ള ഉയരം കുറഞ്ഞ ഇരുമ്പ് വേലിക്കരികില്‍ നിന്ന് കടുവയുടെ
ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നതിനിടെ യുവാവിനെ കടുവ കൂടിനകത്തേക്ക് കടിച്ചു വലിച്ചിടുകയായിരുന്നെന്നും ,അതല്ല വേലിക്ക് മീതെ കയറി ചിത്രമെടുക്കുമ്പോള്‍ താഴേക്ക് വഴുതി വീഴുകയായിരുന്നെന്നും പറയപ്പെടുന്നു. എന്തുമാവട്ടെ, പതിനഞ്ച് മിനിറ്റ് നേരം യുവാവ് വിഹ്വലനായി മരണത്തിന് മുഖാമുഖം കണ്ട് കടുവക്ക് മുന്നില്‍ നിന്നിട്ടും അവിടെ കൂടിയ മനഃസാക്ഷിയുള്ള ഒറ്റയൊരുത്തനും പ്രാണനുവേണ്ടി കേഴുന്ന യുവാവിനെ മോചിപ്പിക്കാനുള്ള ശ്രമം നടത്തിയില്ല എന്ന് മാത്രമല്ല മുകളില്‍ നിന്നും കടുവയെ ദേഹോപദ്രവം ചെയ്ത് പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് കാണികള്‍ ചെയ്തത്. സമയം വല്ല രക്ഷപ്പെടുത്താനുള്ള മാര്‍ഗ്ഗവും ചെയ്ത് കൊടുത്തിരുന്നെങ്കില്‍ എന്നോര്‍ക്കുമ്പോള്‍ കൂടിനിന്നവരോട് അടങ്ങാത്ത കലിയാണ് മനസ്സില്‍ തോന്നുന്നത്. ഇത്രയും നേരം മരണത്തിന്റെയുംജീവിതത്തിന്റെയും ഇടയില്‍ കിടന്ന് യുവാവ് പിടഞ്ഞിട്ടും മനുഷ്യജീവനെ രക്ഷിക്കാന്‍ മൃഗശാല അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല.
എന്തൊരു കെടുകാര്യസ്ഥത. തലസ്ഥാന നഗരിയിലാണിതെന്നോര്‍ക്കണം.രാജ്യഭരണ സിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരിയിലാണിതെന്നത് അധികാരി വര്‍ഗ്ഗത്തിന്റെ  കൊള്ളരുതായ്മയുടെ തീക്ഷ്ണത കൂട്ടുന്നു.
എന്തൊരു ദുരവസ്ഥയിലേക്കാണ് നമ്മുടെ പോക്ക് .
പല മാധ്യമങ്ങളും സംഭവം യാതൊരു എഡിറ്റും കൂടാതെ അതേപടി ദൃശ്യങ്ങള്‍ പച്ചയായി നല്‍കി പിടിപ്പത് മുതലെടുക്കാനുള്ള ശ്രമമാണ് നടത്തിയത്.
ഏതൊരപകടം സംഭവിച്ചാലും അവിടെ ധിറുതിപിടിച്ച് കഴിയാവുന്ന രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുപകരം ഒരു വിഭാഗം ഞൊടിയിടയില്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഞാനാദ്യം എന്ന രീതിയില്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യാനുള്ള കിടമത്സരമാണ് നടത്തുന്നത്.ഇവിടെ സഹജീവികളുടെ ജീവന് വിലകല്‍പ്പിക്കാതെ പോകുന്നു. നവീന കൈപ്പെട്ടകത്തിന്റെ വ്യര്‍ത്ഥാഭിമാന കിടമത്സരം കൊണ്ട് നിമിഷനേരത്തിനുള്ളില്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോകുന്നു .
ഡല്‍ഹിയില്‍ നടന്ന സംഭവം തന്നെ നോക്കൂ.മൊബൈലില്‍ പകര്‍ത്താനുള്ള അതിസാഹസികതയാണ് വില്ലനായതെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചടിച്ച് കൊണ്ടാണ് യുവാവിനെ രക്ഷിക്കുന്നതിനു പകരം മരണത്തിനും ജീവനും ഇടയിലുള്ള നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള തത്രപ്പാടില്‍ മുഴുകിയ ദൃസാക്ഷികളും ചെയ്തത്.ചിത്രം പകര്‍ത്താനുള്ള ആപത്ക്കരമായ അമിത സാഹസം തന്നെയാണ് ഇവിടെ വിനയായത്.വളരെ നിഷ്കൃപമായി തോന്നുന്ന വിഷയം നമ്മെ ഏറെ ഇരുത്തി ചിന്തിപ്പിക്കാന്‍ വക നല്‍കുന്നു.. മൊബൈലും മറ്റും അവശ്യ വസ്തു എന്നതിലപ്പുറം ഇതിന്റെ അനിയന്ത്രണത്തിലൂടെ ഉണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ കൂടി സംഭവം നമ്മെ പുനരാലോചന നടത്താന്‍ പ്രേരിപ്പിക്കുന്നു.

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍