2024, ജനുവരി 26, വെള്ളിയാഴ്‌ച

മത്താരണ

 മത്താരണ .

മലയാണ്മയുടെ അന്യമാകുന്ന വാസ്തുപൈതൃകങ്ങളിലൊന്നാണ് മത്താരണ .


അഴികളില്ലാത്ത കിളിവാതിലിൻ്റെ പാളി തുറന്നാൽ കിട്ടുന്ന പ്രകാശത്തിൻ്റെഓർമകൾക്ക് എന്തൊരു നിലാവെട്ടം .തുറന്ന് വെച്ച മത്താരണ കടന്ന് വൃക്ഷലതാദികളും വളളിപ്പടർപ്പുകളും തഴുകിയെത്തുന്ന ഇളം കാറ്റിൻ്റെ മൃദുലമായ തലോടലേറ്റുള്ള പകൽമയക്കം.ഓർമ്മകൾക്ക് എന്തൊരു കുളിര്.

പത്തായപ്പുര

 ഇതാ നാനൂറ് വർഷത്തോളം പഴക്കമുള്ള ഒരു പത്തായപ്പുര.

നെല്ല് പൊന്നായി കണ്ടിരുന്ന കാർഷിക സമൃദ്ധമായ  ഗ്രാമ വിശുദ്ധി നിറഞ്ഞ ഒരു പ്രതാപ കാലത്തിൻ്റെ പ്രതീകമായി ശിരസ്സുയർത്തി

ഇന്നും നില കൊള്ളുന്നു . 

മുമ്പ് പ്രഭുസ്ഥാനീയരായ ചില തറവാടുകളിൽ മാത്രമായാണ് നെല്ലും വിത്തും സൂക്ഷിക്കാൻ വേണ്ടി പ്രത്യേകമായി ഇത് പോലുള്ള പുരകൾ നിർമ്മിച്ചിരുന്നത്.

കണ്ണെത്താ പാടശേഖരങ്ങളിൽ നെല്ല് വിളയിച്ചെടുത്ത് ടൺ കണക്കിന് ശേഖരിച്ചു വച്ചിരുന്നത് ഇത്തരം നെൽപുരകളിലാണ് .

പഴയ ഭൂപ്രഭുക്കളുടെ ഇല്ലങ്ങളിലും കോവിലകങ്ങളിലുമൊക്കെ ഉണ്ടായിരുന്ന പത്തായപ്പുരകളും നെല്ലറകളും അത്തരം തറവാടുകളൊക്കെ ഒട്ടുമിക്കതും അന്യമായതോടെ കാണാക്കനിയായി മറഞ്ഞിരിക്കയാണ് ഇത് പോലുള്ള പൈതൃകക്കാഴ്ചകളൊക്കെ. 

അപൂർവ്വമായെവിടെയെങ്കിലും അവശേഷിക്കുന്നത് സംരക്ഷണമില്ലാതെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ് .

ഇക്കാണുന്ന തറവാടും എത്രയോ കാലങ്ങളായി ആൾ താമസമില്ലാതെ

മൂകത പേറിക്കിടക്കുന്നു .

നിരപ്പിൽ നിന്നും മൂന്നടി ഉയർച്ചയിലാണ് ഇരുനിലയിലുള്ള ഈ പത്തായപ്പുര .

ആധുനികതയുടെ കുതിച്ചു കയറ്റത്തിൽ നമുക്ക് നഷ്ടമായ കാർഷിക സമൃദ്ധിയുടെ കണക്കുപുസ്തകത്തിൽ എഴുതിച്ചേർക്കപ്പെട്ട പാരമ്പര്യ പൈതൃകങ്ങളുടെ കൂട്ടത്തിൽ ചേർക്കേണ്ട അവസ്ഥയിലാണ് പ്രൗഢമായ പോയ കാലത്തിൻ്റെ ശേഷിക്കുന്ന ഈ തിലകിത അടയാളവും.

      - എൻ കെ മൊയ്തീൻ ചേറൂർ



ചേറൂർ വിപ്ലവം അഥവാ ധീര ദേശാഭിമാനികളുടെ ജീവരക്തം കൊണ്ട് ദേശക്കൂറിൻ്റെ ചരിത്രമെഴുതിയ ചേറൂർപ്പട




ബ്രട്ടീഷ്-ജന്മിത്വത്തിന്റെ കിരാത വാഴ്ചക്കെതിരെ  മലബാറിലെ ചേറൂരിൽ വെച്ച്  ഏഴ് മാപ്പിള യോദ്ധാക്കളും  ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ അഞ്ചാം മദിരാശിപ്പടയിലെ 60 ഭടൻമാരും  തമ്മിൽ എഡി 1843 ഒക്ടോബർ 24-ന് അഥവാ ഹിജ്‌റ വർഷം 1252 റംസാൻ 28 ന്  നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരപോരാട്ടമായിരുന്നു ചേറൂർ പട. ബ്രിട്ടീഷ്-ജന്മി മേധാവിത്വത്തിനു കീഴിൽ,അവരുടെ നിഷ്ഠൂര വാഴ്ചയിൽ പൊറുതി മുട്ടിയ മാപ്പിളമാരും കുടിയാന്മാരും സംഘടിതമായി ദേശ സ്നേഹത്തിന്റെ മാനുഷികമായ തുല്യതയിലൂടെ

സാഹോദര്യത്തോടെയും മതേതരത്വത്തോടെയും കഴിഞ്ഞിരുന്ന ഒരു നാട്ടു സമൂഹത്തിനിടയിലേക്ക് സാമുദായിക ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനുള്ള  

ബ്രിട്ടീഷ് കിരാതന്മാരുടെ നിഗൂഢ ശ്രമങ്ങളെയാണ് അന്ന് ഈ ധീരപോരാളികള്‍ നേരിട്ടത്. 

അധിനിവേശ വിരുദ്ധ സമരനായകൻ മമ്പുറം സയ്യിദ് അലവി തങ്ങൾ നേരിട്ട് പങ്കെടുത്ത ഏക സമരം കൂടിയായിരുന്നു ചേറൂർപട.

ബ്രിട്ടീഷുകാരും ജൻമിമാരായ പ്രമാണിമാരും കീഴ്ജാതിക്കാരെ മൃഗസമാനമായി ഭരിക്കുന്ന കാലഘട്ടം .പാടത്തും പറമ്പിലും പകലന്തിയോളം പണിയെടുത്ത് കഷ്ടപ്പെടുന്ന കീഴാളന്മാർ .

അവരുടെ ദുരിതപൂർണ്ണമായ ജീവിതം കൊണ്ട് കൊഴുത്ത് സുഖത്തിലാറാടി ജീവിക്കുന്ന മേലാളൻമാർ .

കീഴ്ജാതിക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും മാറ് മറക്കാനോ കാൽമുട്ടിന് താഴെ മുണ്ടുടുക്കാനോ പ്രമാണിമാർ പോകുന്നേടത്ത് കൂടെ വഴി നടക്കാനോ കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ള പേര് നൽകാനോ അവകാശമില്ലാത്ത അവരെ മനുഷ്യഗണത്തിൽ പോലും പെടുത്താതിരുന്നകാലം .

സ്വന്തം മണ്ണിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമെന്ന നീതിബോധം മാപ്പിളമാരോടൊപ്പം  അണിചേരാൻ അവരെയും പരപ്രേരണകൂടതെ ചിന്തിപ്പിക്കാൻ തുടങ്ങി.

ജന്മിമാരുടെ പീഢനവും ഉച്ചനീചത്വവും സഹിക്കവയ്യാതെ ചെറമക്കളിൽ പലരും മതം മാറി തുടങ്ങി.

സാമൂതിരിയുടെ ഭരണകാലം തൊട്ടേ പടനായകരായും അധികാരിയായും അറിയപ്പെട്ടിരുന്ന കുടുംബമായിരുന്നു തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ കപ്രാട്ട് പണിക്കർ കുടുംബത്തിൻ്റേത് .സംഭവം നടക്കുന്ന കാലത്ത്  കൃഷ്ണ പണിക്കർ അധികാരിയായിരുന്നു കപ്രാട്ട് തറവാട്ടിലെ കാരണവർ .

സംഭവം നടക്കുന്ന കാലത്ത്  കൃഷ്ണ പണിക്കർ അധികാരിയായിരുന്നു കപ്രാട്ട് തറവാട്ടിലെ കാരണവർ .

കൃഷ്ണ പണിക്കർ ചേറൂർ അംശത്തിൻ്റെ അധികാരിയായിരുന്നു.

അധിനിവേശ വിരുദ്ധ സമരനായകനും

അധ:സ്ഥിത വിഭാഗത്തിന്റെ അവകാശ സംരക്ഷകനുമായിരുന്ന

മമ്പുറം സയ്യിദ് അലവിതങ്ങളുടെ ജീവിതകാലത്ത് തന്നെയാണ്‌ ഈ സംഭവവും നടക്കുന്നത്  .

മാത്രമല്ല പണിക്കരുമായി മുസ്ലിം പണ്ഡിതനും സൂഫിവര്യനുമായിരുന്ന മമ്പുറം സയ്യിദലവി തങ്ങൾ അടുത്ത സൗഹൃദ ബന്ധത്തിലുമായിരുന്നു. 

അന്ന് നിലനിന്നിരുന്ന താഴ്ന്ന ജാതിയും മേൽജാതിയുമെന്ന വിവേചനവും അത്തരത്തിലുള്ള പരമ്പരയായുള്ള കീഴ്‌വഴക്കങ്ങളും കണിശമായും പണിക്കരും പാലിച്ചു പോരുന്നുണ്ട്.

പണിക്കർക്കും കുടുംബത്തിനും കീഴാളൻമാരായ ഏറെ അടിമ വർഗങ്ങളും താണവർഗങ്ങളുമുണ്ടായിരുന്നു .

അക്കൂട്ടത്തിൽ പെട്ട കപ്രാട്ട് തറവാട്ടിലെ ജോലിക്കാരിയായിരുന്നു ചക്കി എന്ന അടിയാള സ്ത്രീ .ഈ ചക്കിയുടെ മതം മാറ്റമാണ് ചേറൂർ പടക്ക് ഹേതുവായി മാറിയത്.

കൊടിയ ജാതിവിവേചനവും വർണവിവേചനവും അടിമത്തവും നിലനിന്നിരുന്ന കാലത്ത്തന്നെയാണ് ചേറൂർ സംഭവത്തിൻ്റെയും രംഗപ്രവേശമെന്നോർക്കണം .

കപ്രാട്ട് തറവാട്ടിലെ വേലക്കാരിയായ ചക്കിക്ക് കലശലായ ഒരു തരം ചൊറി പിടിപെടുകയും 

പല നാട്ടു ചികിത്സകൾ നടത്തിയെങ്കിലും യാതൊരു ഫലവും കിട്ടാതെ വരികയും തുടർന്ന് സർവരാലും

ആദരിക്കപ്പെടുന്ന സിദ്ധവൈദ്യൻ കൂടിയായ സയ്യിദലവി തങ്ങളെ മമ്പുറത്തെത്തി കാണാനും രോഗകാര്യങ്ങൾ പറയാനും തീരുമാനിച്ചു .

അത് പ്രകാരം ചക്കി മമ്പുറത്തെത്തി തങ്ങളെ കണ്ട് തങ്ങളോട് രോഗ കാര്യങ്ങൾ അറിയിച്ചു.തങ്ങൾ ചക്കിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചില നാട്ടു ചികിത്സകൾ നിർദേശിക്കുകയും ചെയ്തു. ഏതാനും ദിനങ്ങൾക്കകം തന്നെ ചക്കിയുടെ മാറാരോഗം സുഖപ്പെടുകയും ചെയ്തു.

ഇതിനിടെ കീഴ്ജാതിക്കാരിയായ തന്നോട് തങ്ങൾ കാണിച്ച സമീപനം ആ സ്ത്രീയെ ആശ്ചര്യപ്പെടുത്തി.

തമ്പ്രാക്കന്മാരുടെ അയിത്തവും തീണ്ടാപ്പാടും സഹിച്ച് മാത്രം ശീലിച്ച ആ കീഴാള സ്ത്രീക്ക് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ മാനുഷിക പരിഗണനയും സമീപനവും മനസാ ആകർഷിച്ചു .അവർക്ക് ഇതൊരു നവ്യാനുഭവമായിരുന്നു.

ഈ അഭിനിവേശം തങ്ങളുടെ മുമ്പിലെത്തി ഇസ്ലാം മതം സ്വീകരിക്കണമെന്ന ചിന്തയിലെത്തിച്ചു.

അങ്ങിനെ യാതൊരു ബാഹ്യമായ പ്രേരണ കൂടാതെ സ്വയം തീരുമാനിച്ചെടുത്ത പ്രകാരം ചക്കിയും മറ്റ് കുടുംബാംഗങ്ങളായ അഞ്ച് പേരും കൂടി മമ്പുറത്തെത്തി തങ്ങളെ കണ്ട് ആഗ്രഹം ധരിപ്പിച്ചു.

തങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ അവിടെ വെച്ച് അവരുടെ ആഗ്രഹം പോലെ ആറ് പേരും ദീൻ ആശ്ലേഷിച്ചു.

ചക്കി ആയിശയായും കൂടെയുള്ളവർ ഹലീമ, ഖദീജ, അഹമ്മദ് ,ഹുസൈൻ ,സലീം എന്നീ പേരുകളും സ്വീകരിച്ചു. 

പിറ്റേന്ന് തൻ്റെ പാടത്ത് മാറ് മറച്ച് തട്ടമിട്ട് ഇസ്ലാമികവേശ രീതിയിൽ പണിയെടുക്കുന്ന ചക്കിയെയും കൂട്ടരെയും കണ്ട് കാപ്രാട്ട് പണിക്കർക്ക് സഹിച്ചില്ല.അവർക്ക് നേരെ അക്രമം അഴിച്ചുവിട്ടു .

ഞങ്ങൾ മമ്പുറം സയ്യിദലവി തങ്ങളുടെ പക്കൽ നിന്നും ഇസ്ലാം മതം ആശ്ലേഷിച്ചവരാണെന്ന് പറഞ്ഞിട്ടും കലിക്ക് യാതൊരു കുറവുമുണ്ടായില്ല എന്ന് മാത്രമല്ല ആയിശയുടെയും മറ്റും കുപ്പായം വലിച്ച് കീറിയെറിഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ചു.

ആയിശയും കൂട്ടരും കരഞ്ഞ് വിളിച്ച് മമ്പുറം തങ്ങളുടെ സന്നിധിയിലെത്തി പുതിയ മതം സ്വീകരിച്ചതിൻ്റെ പേരിൽ പണിക്കരിൽ നിന്ന് ഏറ്റ ക്രൂര ചെയ്തികൾ ധരിപ്പിച്ചു. ഇടിത്തീ പോലെയാണ് തങ്ങൾ ആ വിവരം കേട്ടത്.

കേട്ട മാത്ര തങ്ങൾ സ്തബ്ധനായി. ഞാൻ സുഹൃത്തായി കണ്ടിരുന്ന കപ്രാട്ട് പണിക്കരിൽ നിന്നും ഇത്തരം ഒരു ചെയ്തി തങ്ങൾക്ക് വിശ്വസിക്കാനായില്ല.കപ്രാട്ട് പണിക്കരോട് നേരിട്ട് കാര്യം തിരക്കുകയും

ആ സ്ത്രീ പഴയ ചക്കിയല്ലെന്നും ആയിശ എന്ന പേര് സ്വീകരിച്ച മതപരിവർത്തനം നടത്തിയ മുസ്ലിം സ്ത്രീ ആണെന്നും ആയതിനാൽ മതകീയമായ വസ്ത്രധാരണകൾ അവരുടെ അവകാശമാണെന്നും ധരിപ്പിച്ചു. അവരോട് കാണിച്ച ഈ ക്രൂര ചെയ്തിയിൽ തൻ്റെ ആകുലതയും അമർഷവും അറിയിക്കുകയും ചെയ്തിട്ടും അശേഷം കുറ്റബോധം പണിക്കരിൽ നിന്ന് ഉണ്ടായില്ല എന്ന് മാത്രമല്ല അവരുടെ മതം മാറ്റം അംഗീകരിക്കുകയില്ലെന്നും

പുതിയ വേഷവിധാനവുമായി പണിയെടുക്കുവാൻ അനുവദിക്കുകയില്ലെന്നും ശഠിച്ചു.മമ്പുറം തങ്ങളിൽ ശുണ്ഠി പതിന്മടങ്ങ് വർധിച്ചു.വിശ്വാസ വഞ്ചകനായ പണിക്കരെ പാഠം പഠിപ്പിക്കണമെന്നും ശപഥം ചെയ്തു.

 കപ്രാട്ട് കൃഷ്ണ പണിക്കരുടെ അതിനിഷ്ഠൂരമായ ചെയ്തിയിൽ കലിപൂണ്ട മമ്പുറം തങ്ങൾ തൻ്റെ സവിധത്തിലെത്തിയ പതിവ് സന്ദർശകരും ആത്മീയ ശിഷ്യൻമാരുമായ കച്ചവടക്കാരായ പൂവാടൻ മൊയ്തീനോടും പട്ടർകടവ് ഹുസൈനോടും കാര്യങ്ങൾ വിവരിക്കുകയും കപ്രാട്ട് നാടുവാഴിക്കെതിരെ പോരാട്ടത്തിന് ഒരുങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് തങ്ങളുടെ ആജ്ഞ സ്വീകരിച്ച് മറ്റ് നാല് പേരും അവരോടൊപ്പം സംഘം ചേർന്നു.

മരക്കാർ മൊയ്തീൻ, പൂന്തിരുത്തി മൂസക്കുട്ടി, കുന്നഞ്ചേരി ആലസ്സൻ, ചോലക്കൽ ബുഖാരി എന്നിവരായിരുന്നു അവർ.

         പ്രസ്തുത ഭൗത്യത്തിന് സജ്ജരായി റംസാൻ പതിനേഴിന് അഥവാ പരിശുദ്ധ ബദർ യുദ്ധം നടന്ന ദിനത്തിൽ അവർ മമ്പുറത്ത് തങ്ങളുടെ അടുത്ത് ഒത്തുകൂടി .

തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ബദർ രക്തസാക്ഷികളെ പ്രകീർത്തിക്കുന്ന കീർത്തനങ്ങൾ പോരാളികളിൽ സമരോത്സുക്യം വർധിപ്പിച്ചു.

അവർ കപ്രാട്ട് പണിക്കരെ ഉന്നം വെച്ച് മൂന്നിയൂർ പ്രദേശത്തേക്ക് പുറപ്പെട്ടു.

ആറംഗ പോരാളികൾ കോവിലകത്തിൻ്റെ കാവൽക്കാരെ തുരത്തി  യോടിച്ചു .തമ്പ്രാനെ വധിച്ചു.തുടർന്നവർ ചേറൂർ ദേശം ലക്ഷ്യമാക്കി പുറപ്പെട്ടു. അവിടെ താമസക്കാരനായിരുന്ന പണിക്കരുടെ അനന്തരവൻ രാവു പണിക്കരുടെ വീടായിരുന്നു ഉന്നം.

രാവു പണിക്കർ വെന്നിയൂരിൽ നടന്ന സംഭവങ്ങൾ അറിഞ്ഞ് ബ്രിട്ടീഷുകാരുടെ സഹായത്താൽ നാട്ടിൽ അക്രമം അഴിച്ചുവിടാൻ തുടങ്ങി എന്നറിഞ്ഞ് മമ്പുറം തങ്ങൾ പോരാളികളോട് അവിടെ പോയി നേരിടാൻ ആജ്ഞാപിച്ച പ്രകാരമാണ് ചേറൂരിലേക്ക് കുതിച്ചത്.

പോരുന്ന വഴിയിൽ വെച്ച് പൂന്തിരുത്തി ഇസ്മാഈലും അവരോടൊപ്പം ചേർന്നു.

ഇതോടെ സംഘത്തിൽ ഏഴ് പേരായി .

പോരാളികൾ വരുന്നുണ്ടെന്ന വിവരമറിഞ്ഞ് രാവു പണിക്കർ നാട്ടിൽ നിന്നും ഒളിച്ചോടി.

ഏഴംഗ സംഘം ആളൊഴിഞ്ഞ തറവാട്ടിൽ നിലയുറപ്പിച്ചു.

പൊടുന്നനെയെത്തിയ പട്ടാളം അവർ താമസിച്ച വീട് വളഞ്ഞു.

വെളിയിലെത്തിയ പടയാളികളും ബ്രിട്ടീഷ് സേനയും തമ്മിൽ ഘോര യുദ്ധം നടന്നു.

സർവ നൂതന ആയുധ സന്നാഹങ്ങളും സാമഗ്രികളുമായെത്തിയ ക്യാപ്റ്റൻ ലീഡൻ്റെ നേതൃത്വത്തിലുള്ള അഞ്ചാം മദിരാശിപ്പടയിലെ അറുപത് ഭടന്മാരോട്  യാതൊരു ആയുധ സന്നാഹവുമില്ലാതെ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി നേരിട്ട് പടപൊരുതി ആ ഏഴ് ധീരയോദ്ധാക്കളും അടർക്കളത്തിൽ രക്തസാക്ഷിത്വം വരിച്ചു.

പട തുടങ്ങി പാതികഴിഞ്ഞ് മാപ്പിള പക്ഷത്ത് നിന്ന് ഏഴ് പേർക്ക് പുറമെ മമ്പുറം തങ്ങളും പടയിൽ പങ്കെടുക്കാൻ കുതിച്ചെത്തി .പച്ചത്തലപ്പാവ് ധരിച്ച ഒരു അജ്ഞാതൻ എന്നല്ലാതെ മമ്പുറം തങ്ങളെ ആർക്കും അപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ലത്രെ .

ബ്രിട്ടീഷ് പക്ഷത്ത് നിന്ന് ഒരു സുബേദാറും മൂന്ന് ഭടന്മാരും കൊല്ലപ്പെടുകയും ഏഴ് താലൂക്ക് ശിപായിമാർക്കും ആറ് ഭടന്മാർക്കും പരിക്കേൽക്കുകയും ചെയ്തു.തങ്ങളുടെ സാന്നിധ്യമാണ് ശത്രു പക്ഷത്തിന് ഇത്രയും നഷ്ടം വരുത്തിവെച്ചത്.

വീരമൃത്യു വരിച്ച ഏഴു പേരെയും ബ്രിട്ടീഷുകാർ തിരൂരങ്ങാടിയിലെത്തിച്ചു.വരും കാലങ്ങളിലേക്ക് അവരുടെ ഒരടയാളം പോലും ശേഷിക്കുന്നത് ഭയപ്പെട്ട വെള്ളക്കാർ അവരെ തീയിട്ട് ദഹിപ്പിക്കാൻ തുനിഞ്ഞെങ്കിലും പ്രതിഷേധം ആളിപ്പടർന്നതോടെ ശ്രമം ഉപേക്ഷിച്ച് മയ്യിത്ത് അവിടെ വെച്ച് പോകുകയായിരുന്നു.

ശേഷം അവിടെ കൂടിയവർ ആ ധീര ദേശാഭിമാനികളെ ചരിത്രസമ്പന്നമായ തിരൂരങ്ങാടിയുടെ മണ്ണില്‍ തന്നെയുള്ള ഒരു പറമ്പിൽ ഒരുമിച്ച് മറവാടുകയായിരുന്നു. ചെമ്മാട് ടൗണിനോട് ചേർന്ന്  ഇന്നത്തെ നഗരസഭാ കാര്യാലയത്തിന് പിറകുവശത്തായി മന്താനിപറമ്പ് എന്ന സ്ഥലത്താണിത്.

ഇവിടേക്ക് സന്ദര്‍ശകരെത്തുന്നതും പ്രാര്‍ത്ഥന നടത്തുന്നതും പിന്നീട് ഏറെക്കാലം ബ്രിട്ടീഷ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ചേറൂരില്‍ വെച്ച് നടന്ന അധിനിവേശ വിരുദ്ധപോരാട്ടത്തെക്കുറിച്ചും രക്തസാക്ഷികളെക്കുറിച്ചും ഓര്‍മ്മകള്‍ നിലനില്‍ക്കുന്നത് വരും കാലം

ജനങ്ങളില്‍ ബ്രിട്ടീഷ് വിരോധം കത്തിക്കുമെന്ന പേടി വെള്ളക്കാര്‍ക്കുണ്ടായിരുന്നു.എന്നാല്‍ ഖിലാഫത്ത് സമരം മലബാറിലാകെ ഇളകിമറിഞ്ഞ അവസരത്തില്‍ നിലവിലുള്ള

വിലക്കുകളെ ധിക്കരിച്ച് ആലി മുസ്ലിയാരും പോരാളികളും ഈ കബറിടങ്ങള്‍ സന്ദര്‍ശിക്കുക പതിവാക്കിയിരുന്നു.ഇത് ബ്രിട്ടീഷുകാരെ ഏറെ ചൊടിപ്പിപ്പിക്കുകയുംചെയ്തു.ചേറൂരില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് രക്തസാക്ഷികളായവരുടെ കബറിടത്തില്‍ പ്രാര്‍ത്ഥന നടത്തുന്നത് ബ്രിട്ടീഷുകാര്‍ തടഞ്ഞതാണ് തിരൂരങ്ങാടിയില്‍ നടന്നപോരാട്ടങ്ങള്‍ക്ക് ഹേതുവായത് .

അങ്ങിനെ അധിനിവേശ ശക്തികള്‍ ഭയപ്പെട്ടപോലെത്തന്നെ ഭവിക്കുകയായിരുന്നു കാര്യങ്ങള്‍. ചേറൂര്‍ വിപ്ലവത്തിന്റെ സ്മരണകള്‍ പില്‍ക്കാലത്ത് ഖിലാഫത്ത്പോരാട്ടങ്ങള്‍ക്ക് വീര്യവും ഊര്‍ജ്ജവും പ്രചോദനവുമായി.

  ചേറൂർ പട ഉണ്ടാകാനുള്ള കാരണം ജനങ്ങൾക്കിടയിൽ തെറ്റായി ധരിപ്പിക്കാനും ഹിന്ദു മുസ്ലിം ലഹളയായി ചിത്രീകരിച്ച് മതത്തിൻ്റെ പേരിൽ ഭിന്നിപ്പുണ്ടാക്കി രംഗം മുതലെടുക്കാനുമുള്ള കുത്സിത ശ്രമം തന്നെ ജന്മി- ബ്രിട്ടീഷ് കൂട്ടുകെട്ട് തീവ്രമായി നടത്തിയിരുന്നു. 

ചേറൂർ രക്തസാക്ഷികളുടെ പേരിലുള്ള ആണ്ടുനേർച്ച ഓരോ വർഷവും ഇതേ ദിവസം റംസാൻ ഇരുപത്തെട്ടിന് ചേറൂരിലും അവർ അന്ത്യനിദ്രയിലാണ്ടുകിടക്കുന്ന ചെമ്മാടും വിപുലമായ രീതിയിൽ തന്നെ നടത്തിവരുന്നുണ്ട്.

ചേറൂരിൽ രക്തസാക്ഷികളുടെ പാവനസ്മരണക്ക് ചരിത്ര സംഭവത്തിന് വേദിയൊരുക്കിയ സ്ഥലത്ത്

"ശുഹദാ സ്മാരക മസ്ജിദ് "എന്ന പേരിൽ ഏതാനും വർഷമായി പള്ളിസ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ചേറൂരിൽ തന്നെ "ഇന്ത്യൻ സ്വാതന്ത്ര്യ സമരം ,ചേറൂർ രക്തസാക്ഷി സ്മാരക അംഗൻവാടി " എന്ന പേരിൽ അംഗൻവാടി കെട്ടിടവും ചേറൂർ "ശുഹദാ മന്ദിരം "എന്ന പേരിൽ മതപഠനകേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്.

ബ്രിട്ടീഷ് ഭരണകൂടവും അവരുടെ ഒത്താശയിൽ ജന്മി നാടുവാഴികളും അധഃസ്ഥരായ സമൂഹത്തിനു നേരെ നിരന്തരം ചെയ്ത് കൊണ്ടിരുന്ന സ്വേച്ഛാധിപത്യത്തിനെതിരെ മാപ്പിളമാർ നടത്തിയ അവകാശ സമരമായിരുന്നു ചേറൂർപട.

താഴ്ന്ന ജാതിയിൽ ജനിച്ചതിൻ്റെ പേരിൽ ദലിതരോട് കാണിക്കുന്ന തമ്പ്രാക്കന്മാരുടെ ക്രൂരതക്കും ചൂഷണത്തിനുമെതിരെ,

അടിമത്തം അവസാനിപ്പിക്കാനും സ്ത്രീത്വം സംരക്ഷിക്കുന്നതിനും വേണ്ടി നടത്തിയ വീറുറ്റ പോരാട്ടമായിരുന്നു ചേറൂർ സമരം .

   സ്വന്തം മണ്ണിൽ സ്വതന്ത്രമായി ജീവിക്കാൻ വേണ്ടി മാപ്പിളമക്കൾ നടത്തിയ സമരം.

    അധികാരി വർഗത്തിൻ്റെ ക്രൂരതക്കും പൈശാചികതക്കും ബലിയാടുകളായ ധീര ദേശാഭിമാനികളെ നമുക്കൊരിക്കലും മറക്കാനാവില്ല.

           ചോരയിലെഴുതിയ ആ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി അക്കാലത്തെ കവിമുനിമാരായിരുന്ന ചേറൂർ സ്വദേശികളായ മുഹ് യുദ്ദീനും മമ്മദ് കുട്ടിയും സംയുക്തമായി അറബി മലയാളത്തിൽ രചിച്ച സങ്കര ഭാഷയിലുള്ള കാവ്യ കൃതിയായിരുന്നു ' സാരസർഗുണ തിരു തരുളമാല ' എന്ന 'ചേറൂര്‍ പടപ്പാട്ട് '. 

           സംഭവ ബഹുലമായ ആ ചരിത്ര സംഭവങ്ങളുടെ ആധികാരികമായ ചരിത്രരേഖയായി വിശേഷിപ്പിക്കാവുന്ന ചേറൂര്‍ പടപ്പാട്ട് എന്ന ബൃഹത്തായ കാവ്യ ഗ്രന്ഥം ചേറൂര്‍ പട കഴിഞ്ഞ് രണ്ട് വർഷശേഷം തന്നെ വിരചിതമായിട്ടുണ്ട്. 

സ്വാതന്ത്ര്യസമര സേനാനികളെ പുളകം കൊള്ളിച്ച ഈ പടപ്പാട്ട്  പിൽക്കാലത്ത് ദേശദ്രോഹ കുറ്റം ചുമത്തി  ബ്രട്ടീഷുകാർ കണ്ടുകെട്ടി.

       വിപ്ലവവീര്യമുണര്‍ത്തിയ ഈ പടപ്പാട്ടാണ് പിന്നീട് മലബാറില്‍ നടന്ന സാമ്രാജ്യത്വ-ജന്മിത്വവിരുദ്ധ സമരങ്ങള്‍ക്ക്  വീര്യവും ഊര്‍ജ്ജവും പ്രചോദനവും  നല്‍കിയത്. 

     പരപ്പനങ്ങാടി സ്വദേശിയായിരുന്ന പ്രസിദ്ധ കവി ഖയാത്ത് "ചേറൂർ ചിന്ത് " എന്ന പേരിൽ ചേറൂർ പടയെ ആസ്പദമാക്കി ഖണ്ഡകാവ്യം എഴുതിയിരുന്നു.പക്ഷെ മുദ്രണം ചെയ്യുന്നതിന് മുമ്പേ ബ്രിട്ടീഷുകാർ നിരോധനം ഏർപ്പെടുത്തി .

       ഇന്ത്യന്‍ മണ്ണില്‍ രാജ്യാധികാരം പിടിച്ചടക്കിയ സാമ്രാജ്യത്വ ശക്തികളെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി പാറിക്കാനായി മലബാറിലടക്കം നടന്ന ഒട്ടേറെ സമരങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ചേറൂർ പട എന്ന കർഷകസമരവും.

ജയ് ഹിന്ദ് .

- എൻ കെ മൊയ്തീൻ ചേറൂർ

2021, ഡിസംബർ 14, ചൊവ്വാഴ്ച

തിരുവോണ മല ; വിശ്വാസപുരാണങ്ങളും പ്രകൃതി സൗന്ദര്യവും ദീപപ്രഭ ചാർത്തുന്ന ഒരു കൊടുമുടി

          ചരിത്രവും വിശ്വാസവും സംസ്ക്കാരവും പ്രകൃതി വിസ്മയങ്ങളും ചേതോഹരമായ കാഴ്ച്ചകളുമെല്ലാം ഒന്നിച്ചുചേർന്ന ഭൂമിയിലെ വരദാനമാണ്  തിരുവോണമല.

ഇവിടെയാണ് ഏറെ ചരിത്ര പ്രാധാന്യമുള്ള തിരുവർച്ചനാംകുന്ന് ശങ്കരനാരായണസ്വാമീക്ഷേത്രമുള്ളത് .

ഏകദേശം രണ്ടായിരത്തിലേറെ വർഷം പഴക്കം കണക്കാക്കുന്ന ഒരു ക്ഷേത്രമാണിത്.

മലപ്പുറം ജില്ലയിൽ വേങ്ങരക്കടുത്ത് കണ്ണമംഗലം പഞ്ചായത്തും ഊരകം


പഞ്ചായത്തും അതിർത്തി പങ്കിടുന്ന മലയുടെ ഉച്ചിയിലാണ് തിരുവോണ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ പ്രാചീന ദേവാലയവും പ്രകൃതി മനോഹാരിത തുളുമ്പുന്ന വിശേഷണങ്ങളുമുള്ളത് . 

ജില്ലയിലെത്തന്നെ ഏറ്റവും ഉയരം കൂടിയ ഈ മല സമുദ്രനിരപ്പിൽ നിന്നും 2200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പഴക്കം കൊണ്ട് ശബരിമല കഴിഞ്ഞാൽ തൊട്ടടുത്തത് ഈ ക്ഷേത്രമാണെന്നും പറയപ്പെടുന്നു.പൂർണ്ണമായും കരിങ്കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത് .

ഭീമൻ കരിങ്കല്ല് വെട്ടിയുണ്ടാക്കി അന്യോന്യം ഇഴചേർത്ത് ഘടിപ്പിച്ചിട്ടുള്ള ഇതിൻ്റെ നിർമ്മാണ ഘടന കാഴ്ചയെ ആശ്ചര്യപ്പെടുത്തും .

ഒരു ഹിന്ദു മത ക്ഷേത്രമായി വിശ്വാസികൾ

ആരാധനകൾ നിർവ്വഹിക്കുന്നു. എങ്കിലും ഇതിൻ്റെ നിർമ്മിതിയും തുടക്കവും ജൈനമത ക്ഷേത്രമായായിരുന്നു  എന്നും പറയപ്പെടുന്നു .

പോയ കാലം ജനപദമായിരുന്ന ഇവിടം ജൈനമതവിശ്വാസികളാണ് പ്രദേശത്ത് വസിച്ചിരുന്നത് എന്നും ഈ ശിലാക്ഷേത്രം അവരുടെ പ്രവർത്തിയും

കാലത്തിൻ്റെ ഏതോ ദിശാ സന്ധിയിൽ ആളുകൾ ഇവിടം വിട്ടേച്ച് പോയതുമായിരിക്കാം എന്നുമാണ് അനുമാനം.

ഒന്നുകിൽ ഒരുവേള ജൈനമതം ഉപേക്ഷിച്ച് ഇവിടെയുണ്ടായിരുന്ന വിശ്വാസികൾ ഒന്നടങ്കം ഹിന്ദുമതം സ്വീകരിച്ചതുമായിരിക്കാം .

ഏതായാലും ശങ്കരനാരായണസ്വാമിക്ഷേത്രം എന്ന് എഴുതിയ അധികം പഴക്കമില്ലാത്ത ഒരു ഫലകം അവിടെ നാട്ടിയിട്ടുണ്ട്.

      ഇതിൻ്റെ ചരിത്ര വസ്തുതകളെക്കുറിച്ച് പുരാവസ്തു ഗവേഷകർ പഠനം നടത്തട്ടെ .

 വട്ടെഴുത്ത് ലിപിയിലാണെന്ന് കരുതപ്പെടുന്ന ശിലാലിഖിതം ക്ഷേത്രത്തിൻ്റെ തറക്കല്ലിൽ കാണപ്പെടുന്നു.

പതിനാറാം നൂറ്റാണ്ടിൽ വട്ടെഴുത്ത് കാലഘട്ടത്തിൽ കൊത്തിവെച്ചതാവാം എന്നാണ് തോന്നുന്നത്.

അധികൃതർ ഒന്ന് മനസ്സ് വെച്ചാൽ ഭാഷാ ചരിത്രകാരൻമാരുടെയും ചരിത്ര ഗവേഷകരുടെയുമൊക്കെ സഹായത്തോടെ ഇതിൻ്റെ പൂർവ്വകാല ചരിത്രം മനസ്സിലാക്കാനാവും .

ഇതിൻ്റെ തൊട്ടപ്പുറത്ത് തന്നെ അൽപ്പം മുകളിലായി 

അയ്യപ്പക്ഷേത്രവുമുണ്ട് .ഇത്രത്തോളം പഴക്കം അതിനില്ല. വർഷങ്ങൾക്ക് മുമ്പ് പുനഃപ്രതിഷ്ഠ നടത്തിയതായിരിക്കാം.

ഇവിടങ്ങളിൽ നിത്യപൂജകളൊന്നും നടക്കുന്നില്ല.

എല്ലാവർഷവും തുലംമാസത്തിലെ തിരുവോണ നാളിൽ തിരുവോണ മഹോത്സവം നടത്തി വരുന്നുണ്ട് .

ഉത്സവത്തിന് മലയുടെ അടിവാരത്തുള്ള മഠത്തിൽ കുളങ്ങര അയ്യപ്പസ്വാമി ക്ഷേത്രത്തിൽ നിന്നും തിടമ്പെഴുന്നള്ളിച്ച് കൊണ്ട് നിരവധി ഭക്തർ ഘോഷയാത്രയായി തിരുവോണ മല കയറും .

ഇതിനടുത്തായിത്തന്നെ പാറമടക്കിൽ വറ്റാത്ത ഒരു നീരുറവയും കാണുന്നു.

തിരുവോണ മലയുടെ മിക്ക ഭാഗവും ഊരകം പഞ്ചായത്തിൽ ഉൾപെട്ടതാണ് . ഊരകം എന്ന പേരിന് പിന്നിൽ തന്നെ മലകൾക്കിടയിലെ ഊര് എന്നാണ്. പേരിനെ അന്വർഥകമാക്കുന്ന കാഴ്ചകളാണ് ഇവിടെ പ്രകൃതി ഒരുക്കി വെച്ചിട്ടുള്ളത്.

അത് കൊണ്ട് തന്നെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മലനിരകളെ നല്ലൊരു വ്യൂ പോയൻറായാണ് കാണുന്നത്. അത്രക്കും മനോഹരമായ ദൂരക്കാഴ്ചകളാണ് ഇവിടെ നിന്ന് ദർശിക്കാനാവുക .

കോഴിക്കോട് വിമാനത്താവളം ,കടലുണ്ടിപ്പുഴ തുടങ്ങി ജില്ലയുടെ മിക്ക ഭാഗവും ഇവിടെ നിന്ന് കാണാനാവും.

കോഴിക്കോട് വിമാനത്താവളത്തിൻ്റെതായ ഒരു ലൈറ്റ് ഹൗസും ഇതിൻ്റെ തൊട്ടടുത്തായി സ്ഥാപിച്ചതായി കാണാം.

വാഹനങ്ങളിൽ എത്താവുന്ന സ്ഥലത്ത് നിന്നും അരമണിക്കൂറോളം കാൽനടയായി

വിജനമായ വനമ്പ്രദേശങ്ങൾ താണ്ടി പാറക്കല്ലുകൾക്കിടയിലൂടെ കയറി വേണം ഒറ്റപ്പെട്ട് കിടക്കുന്ന പ്രാചീന കാല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ തിരുവോണ മലയിലെത്താൻ .

തെളിഞ്ഞ കാലാവസ്ഥയിൽ വരുന്നവർക്ക് തീർച്ചയായും മനോഹരമായ കാഴ്ചകൾ കണ്ട് മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ മടങ്ങാം .

ചരിത്രവും പാരമ്പര്യവും ദൃശ്യഭംഗിയും കൊണ്ട് സന്ദർശകരെ സ്വീകരിക്കുന്ന ഒരു സ്ഥാനമാണ് തിരുവോണ മലക്കുള്ളത്.

അത്രക്കും പ്രകൃതി നൽകിയ വരദാനമാണ് ഈ കുന്നിൻ മുകൾ .

1921-കളിൽ മലബാർ സമര പോരാളികൾ പരിശീലനത്തിനായി തമ്പടിച്ചിരുന്നത് ഈ മലമുകളിലായിരുന്നു എന്നും പറയപ്പെടുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ഈ മലമുകൾ നിറയെ കപ്പ കൃഷി ചെയ്തിരുന്നതായും വിളവെത്തിയ കപ്പകൾ പറിച്ച് മലയുടെ താഴ്‌വാരത്തുള്ള മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയിലെത്തിച്ച് കയറ്റി അയക്കുകയുമായിരുന്നു പതിവ്. അതിനായി ഒരു കാര്യാലയവും പ്രവർത്തിച്ചിരുന്നതായി പറയുന്നു..

ഊരകം പഞ്ചായത്തിലെ പൂളാപ്പീസ് എന്ന പേരിൽ ഒരു സ്ഥലം ഇന്നും അറിയപ്പെടുന്നതിന് പിന്നിലെ ചരിത്രം അതാണത്രെ .

ഇത്രയും ചരിത്ര പ്രാധാന്യമുള്ളതും നൂറ്റാണ്ടുകളുടെ പൈതൃക സ്മൃതികൾ തുടികൊള്ളുന്നതുമായ ഈ ക്ഷേത്രവും ചുറ്റുവട്ടങ്ങളും സംരക്ഷിച്ച് നിർത്തി വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തി അഭിവൃദ്ധമായ വികസന മുന്നേറ്റം സൃഷ്ടിക്കാൻ  സർക്കാറിൻ്റെ ഭാഗത്ത് നിന്ന് സത്വര നീക്കങ്ങൾ ഉണ്ടാവണം.

    പൈതൃക സ്നേഹികൾക്കും ചരിത്രാന്വേഷികൾക്കും വിനോദ സഞ്ചാരികൾക്കുമൊക്കെ ഒരേ പോലെ ആകർഷണീയമായതാണ് ഈ സ്ഥലം.

ഇതിൻ്റെ ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണം നടത്താൻ പുരാവസ്തു വകുപ്പ് തുനിയണം.

പ്രാദേശിക ടൂറിസങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ഇക്കാലത്ത് അത്തരം സാധ്യതകൾക്ക് സ്വച്ഛമായ പ്രദേശം എന്ന നിലക്ക് തിരുവോണമലയെയും പുരാതന ക്ഷേത്രത്തെയും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കാൻ തയ്യാറാവേണ്ടിയിരിക്കുന്നു.

   -എൻ കെ മൊയ്തീൻ ചേറൂർ

2021, ഡിസംബർ 6, തിങ്കളാഴ്‌ച

ചരിത്രവും പൈതൃകങ്ങളും തേടി . കാരിപ്പള്ളി.


               കാരിപ്പള്ളി

      * * * * * * * * * * * * * * * * *

 ഒതുക്കുങ്ങൽ മറ്റത്തൂരിലെ ഇരുനൂറ് വർഷത്തിലേറെ പഴക്കമുള്ള കാരിപ്പള്ളി .മറ്റത്തൂരിലെ വിശാലമായ ചാലിപ്പാടത്തിൻ്റെ കരയിലാണ് ഈ പള്ളിസ്ഥിതി ചെയ്യുന്നത് .

 പോയ കാലത്തിൻ്റെ ചരിത്ര വർത്തമാനങ്ങൾ ഒരു പാട് ഈ പള്ളിക്കും അയവിറക്കാനുണ്ട്. 

ബ്രിട്ടീഷ്-ജന്മിത്വ വിരുദ്ധ സമരമായറിയപ്പെടുന്ന ചേറൂർ പടയുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്രം ഇതിനുണ്ട്.

ബ്രട്ടീഷ്-ജന്മിത്വത്തിന്റെ കിരാത വാഴ്ചക്കെതിരെ  മലബാറിലെ ചേറൂരിൽ വെച്ച്  ഏഴ് മാപ്പിള യോദ്ധാക്കളും  ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ അഞ്ചാം മദിരാശിപ്പടയിലെ 60 ഭടൻമാരും  തമ്മിൽ 1843-ൽ നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരപോരാട്ടമായിരുന്നു ചേറൂർപ്പട .

പ്രസ്തുത പോരാട്ടത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച അടുത്ത പ്രദേശത്തുകാരായിരുന്ന കുന്നഞ്ചേരി ആലസ്സനും മറ്റ് രണ്ട് പേരും  പ്രഭാത നിസ്ക്കാരവും പ്രാർത്ഥനകളും കഴിഞ്ഞ് ഈ പള്ളിയിൽ നിന്നാണ് പടക്ക് പുറപ്പെട്ടത്.അവർ ബ്രിട്ടീഷുകാരോടേറ്റുമുട്ടി മറ്റ് നാല് ധീരഭടന്മാരോടൊപ്പം ഈ നാടിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.

എല്ലാ വർഷവും ഇവിടെ വിപുലമായ രീതിയിൽ അവരുടെ സ്മരണയിൽ ആണ്ട് നേർച്ച നടത്തിപ്പോരുന്നുണ്ട്.

പണ്ട് ദീർഘകാലം ഇസ്ലാമിക വൈജ്ഞാനിക പാഠശാലയായ ദർസ് സമ്പ്രദായം

ഈ പള്ളിയിൽ നടത്തിപ്പോന്നിരുന്നു.

മണ്മറഞ്ഞ മഹാന്മാരായ പാണക്കാട് പൂക്കോയ തങ്ങളും ഓ ക്കെ സൈനുദ്ധീൻ കുട്ടി മുസ്ല്യാരും ഇവിടെ ദർസിൽ മതപഠനം നടത്തിയിട്ടുണ്ടത്രെ .

പ്രദേശത്തെ പുരാതന കുടുംബമായ കാരി കുടുംബമാണ് ഈ പള്ളി നിർമ്മിച്ചത്.അത് കൊണ്ട് തന്നെ കാരിപ്പള്ളി എന്ന പേരിൽ തന്നെയാണ് പള്ളി അറിയപ്പെടുന്നതും. അവരുടെ ഇന്നത്തെ തലമുറ തന്നെയാണ് ഇന്നും ഈ പള്ളി പരിപാലിച്ച് പോരുന്നത്.

പള്ളിക്ക് ഏതാനും അടുത്തായിത്തന്നെ ഏറെ പഴക്കമുള്ള കാരി കുടുംബത്തിൻ്റെ ഒരു തറവാടും അതേപടി സംരക്ഷിച്ച് പോരുന്നുണ്ട്.

മത പ്രബോധന രംഗത്ത് മലബാറിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ച പണ്ഡിതകുല പരമ്പരയിൽ പെട്ടവരാണ് കരി കുടുംബം. ഓത്ത് പഠിച്ചവൻ എന്ന് അർത്ഥം വരുന്ന ഖാരി എന്ന വാക്കിൽ നിന്നും ലോപിച്ചതാണെന്ന് പറയുന്നു 'കാരി ' എന്ന തറവാട് നാമം.

ബ്രിട്ടീഷ് - ജന്മി മേധാവിത്വത്തിൻ്റെയും നാടുവാഴിത്വത്തിൻ്റെയും കിരാതവാഴചയിൽ ഈ ഉൾപ്രദേശവും ഏറെ ദുരിതമനുഭവിച്ചിട്ടുണ്ട്.

ഖിലാഫത്ത് പ്രചരണത്തിൻ്റെ ഭാഗമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബടക്കമുള്ള മുൻനിര നേതാക്കൾ ഇവിടെ സന്ദർശിക്കാറുണ്ടായിരുന്നു.

ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിച്ചതിൻ്റെ പേരിൽ നിരവധി കുടിയാന്മാരെ

ബ്രിട്ടീഷ് മേധാവി തുക്കിടി സായിപ്പിൻ്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തു .

അവരിലുണ്ടായിരുന്ന പതിനെട്ട് വയസ്സുകാരൻ ഇല്ലിക്കോട്ടിൽ അലവി പാതിരാത്രി പാറാവുകാരനെ കണ്ണുവെട്ടിച്ച് പാറാവുകാരൻ്റെ തോക്കും തിരകളുമെടുത്ത് ധൈര്യസമേതം തടവുചാടി രക്ഷപ്പെട്ടു.

ഇതേ ചൊല്ലി ഈ ഗ്രാമം പിന്നീട് അനുഭവിച്ചത്

ബ്രിട്ടീഷ് പട്ടാളക്കാരുടെ കണ്ണിൽ ചോരയില്ലാത്ത പരാക്രമങ്ങളായിരുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പ് നടന്ന പല ചരിത്ര സംഭവങ്ങളുടെയും സ്മൃതി സാക്ഷ്യമായ ഒരു ഗ്രാമമാണിത്.

പല വിവരങ്ങളും പഠനം നടത്തുകയോ രേഖപ്പെടുത്തി വെക്കുകയോ ചെയ്യാത്തതിൻ്റെ പേരിൽ ആധികാരികതയുടെ അപര്യാപ്തതയിൽ അജ്ഞാതമായിക്കിടക്കുന്നു എന്നു മാത്രം .

        - എൻ കെ മൊയ്തീൻ ചേറൂർ




                  കാരി തറവാട്

2021, നവംബർ 25, വ്യാഴാഴ്‌ച

'അബ്ദുറഹ്മാൻ നഗർ; വീരപുത്രൻ്റെ നിത്യസ്മരണയിൽ ഒരു പഞ്ചായത്ത്


ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ  മുന്നണിപ്പോരാളിയും   കേരളത്തിന്റെ വീരപുത്രനുമായിരുന്ന  മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബിൻ്റെ ഓർമ്മക്കായി ദേശത്തിൻ്റെ പേര് തന്നെ നൽകി ആദരവ് കാണിച്ച ഒരു ജനതയും ഗ്രാമവുമുണ്ടിവിടെ .
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ പെട്ട 'അബ്ദുറഹ്മാൻ നഗർ' പഞ്ചായത്താണ് ധീര ദേശാഭിമാനിയുടെ നാമകരണം നൽകി ഉചിതമായ സ്മാരകമായി നിലകൊള്ളുന്നത് .
മലബാർ സമരത്തെക്കുറിച്ച് പറയുന്നെങ്കിൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബിനെ ഒഴിച്ചു നിർത്തി പറയാനാവില്ല. 
അത്രമേൽ സംഭവബഹുലമായ ബന്ധം .
ദേശീയ പ്രസ്ഥാനം മലബാറിൽ പടുത്തുയർത്തുന്നതിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വഹിച്ച പങ്ക് നിസ്സീമമാണ്.
        സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പോരാട്ടവീഥികളില്‍   നിറഞ്ഞുനിന്ന ഒരു ദേശാഭിമാനിയെ നിത്യസ്മരണയിൽ നിലനിർത്താൻ നാടിന് നാമധേയം നൽകി ആദരവ് പ്രകടിപ്പിച്ച ഒരു നാടും സമൂഹവും അഥവാ തദ്ദേശ സ്ഥാപനം തന്നെ രാജ്യത്ത് വേറെയുണ്ടോ എന്നത് സംശയമാണ്.
കടലുണ്ടി പുഴയുടെ ഓരത്ത് വയലുകളാൽ വലയം തീർത്ത് കിടന്നിരുന്ന അക്കാലത്തെ ഈ കൊച്ചു പ്രദേശവുമായി
കൊടുങ്ങല്ലൂർ സ്വദേശിയായ സാഹിബ് തൻ്റെ ജീവിതവുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു.
സ്വാതന്ത്ര്യ സമര രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുമ്പോൾ തന്നെ സാഹിബ് പ്രദേശവുമായി കൂടുതൽ അടുക്കാൻ തുടങ്ങി.
സാഹിബ് സമര പ്രസ്ഥാനവുമായി തിരൂരങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുമ്പോൾ കൂടെ പ്രവർത്തിച്ചത് കൊടുവായൂർ കാരനായ സുഹൃത്ത് പി പി സി മുഹമ്മദായിരുന്നു. ആ ബന്ധം ദൃഢമായ സൗഹൃദമായി മാറി.
പി പി സി മുഹമ്മദ് എന്ന ചെറാട്ടിൽ മുഹമ്മദിൻ്റെ വീട്ടിലെ നിത്യസന്ദർശകനായി സാഹിബ്.
1937-ൽ രൂപീകരിച്ച മമ്പുറം റെസ്റ്റൊറേഷൻ കമ്മിറ്റിയുടെ പ്രസിഡൻ്റ് അബ്ദുറഹ്മാൻ സാഹിബും വൈസ് പ്രസിഡൻ്റ് പി പി സി മുഹമ്മദുമായിരുന്നു .
  പ്രത്യേകിച്ച് അക്കാലത്ത് പ്രദേശത്തെ  മുസ്ലിംകളെ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിൽ സാഹിബ് പ്രചോദകനായി .
അന്ന് കോൺഗ്രസ് പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ള മേഖലയായിരുന്നു ഈ പഴയ കൊടുവായൂർ . 
1945-ൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മരണപ്പെട്ടു .
മരണശേഷം സാഹിബിൻ്റെ ഓർമ്മ നിലനിർത്താൻ പ്രദേശത്ത് ഉചിതമായ സ്മാരകം വേണമെന്ന ആശയം അടുത്ത സുഹൃത്തായിരുന്ന പി പി പി മുഹമദ് മുന്നോട്ട് വച്ചു .
1953-ൽ പി പി സി മുഹമ്മദ് സാഹിബും ഈ ലോകത്തോട് യാത്രയായി.
എങ്കിലും അദ്ദേഹവുമായി ഇഴപിരിയാനാവാത്ത ബന്ധം 
നിലനിൽക്കുന്ന ഈ പ്രദേശത്ത് ഉചിതമായ സ്മാരകം വേണമെന്ന ആഗ്രഹം ശക്തമായി തന്നെ നാട്ടുകാരിൽ നിന്ന് ഉയർന്നു.
അത് സ്വന്തം പഞ്ചായത്തിന് തന്നെ അബ്ദുറഹ്മാൻ സാഹിബിൻ്റെ പേര് നൽകി  സഫലീകൃതമാക്കുകയും ചെയ്തു.
അതിൻ്റെ പ്രവർത്തനങ്ങൾക്ക് പൗരസമിതി രൂപീകരിച്ച് നേതൃത്വം നൽകിയത് അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന വി എ ആസാദും പി പി സി മുഹമ്മദ് സാഹിബിൻ്റെ മകൻ പി പി എ ഫസൽ ഹാജിയുമായിരുന്നു .
ഒരു നാടിൻ്റെ ഒത്തൊരുമയുടെ അശ്രാന്ത പരിശ്രമത്തിൻ്റെ ഭാഗമായി 1962 - ൽ അന്നത്തെ സാമൂഹ്യക്ഷേമ മന്ത്രി പി പി ഉമ്മർകോയയാണ് കൊടുവായൂര് പഞ്ചായത്തിനെ അബ്ദുറഹ്മാർ നഗർ പഞ്ചായത്ത് എന്ന് നാമകരണം ചെയ്ത് ഉത്തരവിറക്കിയത്. പിന്നീട് ക്രമേണ നാട്ടുകാരുടെ സമ്മർദ്ദത്താൽ വില്ലേജ് ഓഫീസ്, തപാൽ ഓഫീസ് മുതലായവയും അബ്ദു റഹ്മാൻ നഗർ എന്ന് പേര് നൽകി.
കറകളഞ്ഞ വ്യക്തിത്വവും ജീവിത വിശുദ്ധിയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സാഹിബ്‌ ആദര്‍ശത്തിന്റെയും സേവന സന്നദ്ധതയുടെയും ആള്‍രൂപമായിരുന്നു. രാഷ്ട്രീയം ഭൌതിക നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാത്ത ആദര്‍ശ രാഷ്ട്രീയത്തിന്റെ വ്യതിരിക്ത മുഖം കാഴ്ച വെച്ച നേതാവായിരുന്നു സാഹിബ്‌. 
വിശിഷ്യാ രാജ്യത്തിന് വേണ്ടി സമരം നയിച്ചവരെ തമസ്ക്കരിക്കുകയും സമരത്തെയും പോരാളികളെയും ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തവരെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന ഈ വർത്തമാനകാലത്ത് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ശ്വാസം നൽകിയ മഹാന്മാരിൽ പ്രധാനിയായ സാഹിബിൻ്റെ സമരോത്സുകതയുടെ ഊർജ്ജം പകർന്ന ധന്യ ജീവിതവും സന്ദേശവും നാം പഠിക്കണം,ഓർക്കണം .
     ജയ് ഹിന്ദ് .
        -എൻ കെ മൊയ്തീൻ ചേറൂർ






 

2021, നവംബർ 13, ശനിയാഴ്‌ച

കാലം ബാക്കി വെച്ച പൈതൃകങ്ങൾ




         മലപ്പുറം മേൽമുറിയിലുള്ള നൂറ് വർഷത്തിലേറെ പഴക്കം ചെന്ന സ്രാമ്പിപ്പള്ളി .

മേൽമുറിയിലെ മഅദിൻ അക്കാദമിക്ക് അടുത്തായുള്ള വിശാലമായ പാടശേഖരത്തിലാണ് കൃഷിയും വിശ്വാസവും സമന്വയിച്ച പോയ കാലം ബാക്കി വെച്ച ഒരു സംസ്ക്കാരത്തിൻ്റെ  ശേഷിപ്പായി ഇത് സ്ഥിതി ചെയ്യുന്നത് .

പഴയ തലമുറയിൽ നിന്നും കൈമാറിപ്പോന്ന ഈ പൈതൃകസമ്പത്ത് നഷ്ടപ്പെടുത്താതെ ഇന്നും നിലനിർത്തിപ്പോരുകയാണ് ഇന്നാട്ടുകാർ. തോട്ടിൽ നിന്നും കെട്ടി ഉയർത്തിയ മരത്തിൻ്റെ കാലുകൾക്ക് കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ചതിനാൽ ഏതാനും മുമ്പ് പകരം കോൺക്രീറ്റ് തൂണുകൾ നൽകിയിരിക്കുന്നു എന്നതൊഴിച്ചാൽ പഴക്കം നഷ്ടപ്പെടുത്തുന്ന ഒരു മാറ്റവും ഈ സ്രാമ്പിക്ക് ഉണ്ടായിട്ടില്ല.

മുമ്പൊക്കെ കേരളത്തിൻ്റെ ഗ്രാമാന്തരങ്ങളിൽ ഏറെ കണ്ടു വന്നിരുന്ന സ്രാമ്പിപ്പള്ളികളിൽ ഇന്ന് അപൂർവ്വം ചിലയിടങ്ങളിൽ മാത്രമേ അവശേഷിക്കുന്നുള്ളു. ബാക്കിയെല്ലാം സംരക്ഷണമില്ലാതെ കാലാന്തരത്തിൽ നഷ്ടപ്പെടുകയും ചിലത് പൊളിച്ചുമാറ്റി തൽസ്ഥാനത്ത് വലിയപള്ളികൾ നിർമിക്കുകയും ചെയ്തു.

പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ  പാടത്തും പറമ്പിലുമൊക്കെ സജീവമായ കൃഷികൾ കൊണ്ട് സമ്പന്നമായ ഒരു കാലത്തിൻ്റെ ബാക്കി പത്രങ്ങളാണ് ഇന്ന് വളരെ ചുരുക്കം മാത്രം കാണുന്ന സ്രാമ്പികൾ അഥവാ തക്യാവുകൾ .

കാർഷികവൃത്തി ഉപജീവനമായി കണ്ടിരുന്ന കാലത്തിൻ്റെ സംസ്കൃതിയുടെ നാട്ടടയാളങ്ങൾ . 

പാടശേഖരങ്ങൾക്കിടയിലായി തോട്ടിൻ കരയിലോ കുളത്തിനോട് ചേർന്നോ ആയിരിക്കും ഇത് പോലുള്ള കുറച്ച് പേർക്ക് മാത്രം നിസ്ക്കരിക്കാവുന്ന കൊച്ചു പള്ളികളുടെ നിർമ്മാണം .പാടത്തും പറമ്പിലും പണി എടുക്കുന്നതിനിടെ നിസ്ക്കരിക്കാനുള്ള നേരമെത്തിയാൽ തോട്ടിൽ നിന്നും അല്ലെങ്കിൽ കുളത്തിൽ നിന്നും വൃത്തിയായതിന് ശേഷം അംഗശുദ്ധി വരുത്തി സ്രാമ്പിയിൽ കയറി നിസ്ക്കരിക്കും. വീണ്ടും കൃഷിപ്പണിയിലേർപ്പെടുകയും ചെയ്യും .

കൂടാതെ ജോലിക്കിടയിൽ ഇടക്ക് വിശ്രമിക്കാനും ആശ്രയിക്കും.

പരമ്പരാഗത കൃഷികൾ കൊണ്ട് സമൃദ്ധമായിരുന്ന ആ മാധുര്യ കാലമൊക്കെ അന്യം പോയതോടെ

ഗ്രാമങ്ങളിൽ നിന്നും സ്രാമ്പിപ്പള്ളികളും അപ്രത്യക്ഷമായി.

      ഒരു കാലത്ത് വളരെ സജീവമായിരുന്ന സ്രാമ്പിപ്പള്ളികളെക്കുറിച്ച് ഇന്നത്തെ തലമുറക്ക് തീരെ അപരിചിതമായിരിക്കുന്നു. പുതുതലമുറക്ക് പോയ കാല പൈതൃകത്തെക്കുറിച്ച് പകർന്ന് കൊടുക്കാൻ ഭൂതകാലത്തിൻ്റെ സംസ്കൃതിയും ചരിത്രവും ആത്മീയതയും പേറി ഇന്നും നിലനിൽക്കുന്ന സ്രാമ്പികളെ നാശത്തിലേക്ക് വഴിവെക്കാതെ സംരക്ഷിച്ചുനിർത്തിയെങ്കിൽ മാത്രമേ സാധിക്കുകയുള്ളു.

  - എൻ കെ മൊയ്തീൻ ചേറൂർ