2015, മേയ് 18, തിങ്കളാഴ്‌ച

ബേക്കല്‍ കോട്ട (കാസര്‍ഗോഡ് പള്ളിക്കര)

                                                      ഏറെയായി മനക്കോട്ട കെട്ടി നടന്ന ഒരാഗ്രഹമായിരുന്നു കോട്ടകളുടെ കോട്ടയായി അറിയപ്പെടുന്ന കാസര്‍ഗോഡ് പള്ളിക്കരയിലുള്ള ബേക്കല്‍കോട്ട കാണണമെന്നത് .പോയി കാണാനും അന്വേഷിക്കാനും തയ്യാറുണ്ടെങ്കില്‍ ചരിത്ര- വിസ്മയക്കാഴ്ച്ചകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത് . പൊയ്പ്പോയ കാലത്തിന്റെ ഒരുപാട് ചരിത്രങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ ശേഷിപ്പുകളും അവശിഷ്ടങ്ങളും നമുക്ക് ചുറ്റും കിടപ്പുണ്ട്.നമ്മുടെ പൊതു ഖജനാവ് ഉപയോഗിച്ച് അവയെ പരിപാലിച്ച് നിലനിര്‍ത്തുന്നുമുണ്ട്.പുരാതന കാലത്തെ ഇക്കേരി നായ്ക്കന്മാരില്‍ പെട്ട ശിവപ്പ നായ്ക്ക് എന്ന അന്നത്തെ ഭരണാധികാരിയാണത്രെ 1650 ല് ഇത് നിര്‍മ്മിച്ചത്.

അറബിക്കടലിന് അഭിമുഖമായി മുപ്പത്തെട്ട് ഏക്കറില്‍ ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച ഈ വന്‍ കോട്ടയില്‍ വെച്ച് ആ കാലത്തിന്റെ എത്രയോ സേനാവ്യൂഹങ്ങള്‍
ശത്രുപക്ഷത്തിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ടാവും .
ഇന്നും ഈ കോട്ടയെ വളരെ കരുതലോടെ ഇതിലെ നിരീക്ഷണഗോപുരം,ആയുധപ്പുര ,തുരങ്കം തുടങ്ങി എല്ലാം പ്രൗഢി നഷ്ടപ്പെടുത്താതെ പരിരക്ഷിക്കപ്പെടുന്നുണ്ട് നമ്മുടെ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ .
                             











അറബിക്കടല് താണ്ടി വല്ല ശത്രുക്കളും പടക്കോപ്പുമായി വരുന്നുണ്ടോ എന്ന് പീരങ്കി പഴുതിലൂടെ വീക്ഷിക്കുകയാണൊരു സേനാവ്യൂഹത്തലവന്‍ :)





        ഇനി വന്ന മുറയില്‍ കിട്ടിയ അവസരം പാഴാക്കാതെ കോട്ട കൊത്തളങ്ങളില്‍ ഞാനൊന്ന് വിരാജിച്ചോട്ടെ.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍

മാലിക് ദീനാര്‍ മസ്ജിദ് (കാസര്‍കോട് തളങ്കര)

     കാസര്‍കോട് തളങ്കരയിലുള്ള ചരിത്രപ്രധാനമായ മാലിക് ദീനാര്‍ മസ്ജിദ് .ആയിരത്തി നാനൂറിലേറെ കൊല്ലം പഴക്കമുള്ള പള്ളി യമനില്‍
നിന്നും ഇസ്ലാംമത പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ മാലിക് ദീനാറും സംഘവും
കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദിനു ശേഷം നിര്‍മ്മിച്ച രണ്ടാമത്തെ
പള്ളി . മാലിക്ദീനാര്‍ അന്ത്യവിശ്രമം കൊള്ളുന്നതും പള്ളിയോട് ചേര്‍ന്ന് തന്നെയാണ്.
ഇന്ത്യയില്‍ ഇസ്ലാം മതം പ്രാരംഭം കുറിച്ച കാലത്തിന്റെ പൌരാണിക ചരിത്രത്തിലേക്ക്
വിരല്‍ചൂണ്ടുന്ന മസ്ജിദ് കാലഘത്തിന്റെ ചരിത്ര സ്മരണികയാണ്.
ആദിമ കാലത്തിന്റെ ഉല്‍കൃഷ്ടമായ അടയാളങ്ങള്‍ നിരവധിയുണ്ടിവിടെ.ഈട്ടിയും തേക്കും മറ്റ് മേത്തരം തടികളും ഉപയോഗിച്ച് കരകൗശലതയില്‍ തീര്‍ത്ത ചിത്രപ്പണികളും നിറഞ്ഞ പള്ളിയകത്തെ തൂണും ഉത്തരവും വാതിലും പ്രസംഗപീഠവുമൊക്കെ
പ്രാചീനതയുടെ പെരുമ വിളിച്ചോതുന്നു.
ഒരു ചരിത്രകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന തിലകിതമായ സ്മരണികകളിലൂടെയുള്ള അനര്‍ഘമായ ഇത്തരം യാത്രകളൊക്കെ
ആത്മീയതയോടൊപ്പം പ്രാചീന പൈതൃകത്തിന്റെയും സംസ്ക്കാരത്തിന്റെയും ഒരു നിര്‍വൃതികൂടിയാണ് മനസ്സിലേക്ക് സന്നിഹിതമാകുന്നത്.

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍