2013, ജൂലൈ 28, ഞായറാഴ്‌ച

***സര്‍വ്വ ശക്തനായ നാഥാ ,ഞങ്ങള്‍ക്ക് നീ സഹനശക്തി നല്‍കേണമേ***


                                                                                      

സ്വന്തം രക്തത്തില്‍ പിറന്ന പിഞ്ചു പൈതങ്ങളെയും ഭാര്യയേയും ഒരു നരാധമന്‍  വകവരുത്തിയത് കേട്ടില്ലേ.
പാല്‍പുഞ്ചിരി തൂകി കൊഞ്ചി ചാടികളിച്ച് നടക്കുന്ന കുഞ്ഞു മക്കളെയും  ഭാര്യയേയും പിതാവെന്ന നരഭോജി  വെള്ളക്കെട്ടിലേക്ക് തള്ളി കൊന്നൊടുക്കി.  ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ (22.7. 2013 )യാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
മലപ്പുറം അരീക്കോട് ആലുക്കലില്‍ ഫാത്വിമ ഫിദ  (നാലര)
ഹൈഫ (2) എന്നീ രണ്ടു പിഞ്ചോമന മക്കളേയും സഹധര്‍മ്മിണിയേയും   സ്കൂട്ടറില്‍ നിന്നും      വെള്ളക്കെട്ടില്‍ തള്ളി പിതാവ് ശരീഫ് കൊലപ്പെടുത്തിയ വാര്‍ത്ത കുമളി സംഭവത്തിന്റെ ഷോക്കില്‍ നിന്നും മുക്തി നേടുന്നതിന്  മുമ്പ് മറ്റൊരു ആഘാതം കൂടിയായി മാറി കേരളീയര്‍ക്ക്. ശരീഫ് എന്ന ഈ കശ്മലന്‍
 മറ്റൊരുത്തിയെ വേളികഴിക്കുന്നതിന്  ഈ കുട്ടികളും ഭാര്യയും തനിക്ക് തടസ്സമാകുമെന്നതിനാലാണത്രേ കടുംകൈ ചെയ്തത്.
ഭയചകിതതയോടെയാണ്
ഇന്ന് വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത് തന്നെ
എങ്ങോട്ടാണ് നമ്മുടെ നാടിന്റെ പോക്ക് !!!
നമ്മുടെ കൊച്ചു കേരളം ഭൂതകാലത്തില്‍ നിന്നും അപേക്ഷിച്ച് സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഒക്കെ എത്രയോ വളര്‍ന്നു കഴിഞ്ഞു. അതിന്റെ
 കൈയൊപ്പുകള്‍ കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും മുഴച്ചു നില്‍ക്കുന്നു.എല്ലാം കൈവരിച്ചു, എന്നിട്ടും പണ്ടത്തേതില്‍ നിന്നും വിഭിന്നമായി സമൂഹം ഇത്തരം  ജീര്‍ണ്ണതയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുകയാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിദാരുണവും നിഷ്ഠൂരവുമായ അക്രമ സംഭവങ്ങളിലൂടെ നമ്മുടെ സാമൂഹികാന്തരീക്ഷം നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ മലീമസമായി കൊണ്ടിരിക്കുന്നു.
ഭാര്യമാരോട്
ഏററവും നല്ല രീതിയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ എന്ന് പഠിപ്പിച്ച ,യുദ്ധത്തില്‍ പോലും സ്ത്രീകളേയും കുട്ടികളേയും വധിക്കരുതെന്ന് ആഹ്വാനം ചെയ്ത മതത്തെ പിന്‍പറ്റുന്നവര്‍
തന്നെയാണ് ഇതൊക്കെ ചെയ്യുന്നതെന്നോര്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു.
ഈ വാര്‍ത്ത കേട്ട് രണ്ടുകുട്ടികളുടെ പിതാവായ ഈയുള്ളവന്   മനസ്സിനുണ്ടാക്കിയ വേദന ചെറുതൊന്നുമല്ല. രണ്ടും ഏതാണ്ട് എന്റെ മക്കളുടെ അതേ പ്രായം. ഫിദമോള്‍ക്ക് ബാപ്പ വാങ്ങിക്കൊടുത്ത പുത്തനുടുപ്പുകളുമായി പോരുമ്പോള്‍ ആ കുഞ്ഞുടുപ്പിട്ടു കൂട്ടുകാരെയും വീട്ടുകാരെയും  കാണിക്കാനും അങ്ങിനെ  ഒരുപാട് മോഹങ്ങള്‍ നെയ്തുകൂട്ടിയിട്ടുണ്ടാവും ആ ഇത്തിരിപ്പോന്ന മനസ്സില്‍ .ബാപ്പയുടെ കൈപിടിച്ച് ചുവടൊപ്പിച്ച് മെല്ലെ മെല്ലെ പിച്ചവെച്ച് നടക്കേണ്ട പ്രായം . ആ ബാപ്പയുടെ കൈകള്‍ കൊണ്ട് തന്നെ  കൊന്നൊടുക്കി  പൈതങ്ങളെ .   ഇത് കേട്ട് കണ്ണ്‍ നിറയാത്ത ഒരു പിതൃഹൃദയവുമുണ്ടാവില്ല.ഒരു പിതാവിനെങ്ങനെ ഇത്രക്ക് നികൃഷ്ടമാകാന്‍ കഴിയുന്നു.
നാഥാ....
  ഉമ്മക്കും മക്കള്‍ക്കും നിത്യശാന്തിനല്‍കേണമേ...

   സഹോദരിയുടെ കുടുംബത്തിന് സഹനവും സമാധാനവും നല്‍കി നീ അനുഗ്രഹിക്കേണമേ...
അല്ലാഹുവേ,  നാളെ നിന്റെ സ്വര്‍ഗ്ഗപൂന്തോപ്പില്‍ ഈ മക്കള്‍ പുഞ്ചിരിക്കുന്ന മുഖവുമായി കളിച്ചുല്ലസിക്കുന്നത് കാണാനും അവരുടെ കിളിക്കൊഞ്ചലും കിന്നാരവും കേള്‍ക്കാനും  നീ ഞങ്ങളെയും ഒരുമിച്ച് കൂട്ടി തരേണമേ..

2013, ജൂലൈ 20, ശനിയാഴ്‌ച

***മകനേ , നീ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വേണ്ടി നാട് മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് മോനേ***




ഇടുക്കി കുമളി ചപ്പാത്ത് സ്വദേശിയായ ഷെരീഫിന് ആദ്യ ഭാര്യയിലുണ്ടായ ഷഫീഖ് എന്ന നാല് വയസ്സുകാരനെ പിതാവ് ഷെരീഫും രണ്ടാനമ്മ അനീഷയും ചേര്‍ന്ന്
പൊള്ളലേല്‍പിച്ചും ഇരുമ്പ് ദണ്ഡ്കൊണ്ട് അടിച്ചും അതിക്രൂരമായി പീഡിപ്പിച്ച് അവശനിലയിലാക്കി, പാടെ മൃതപ്രായനാക്കി ഏതാനും ദിവസം മുമ്പ് ആശുപത്രിയിലെത്തിച്ച
വാര്‍ത്ത മനുഷ്യമനസാക്ഷിയെ നടുക്കിയിരിക്കയാണ്.എന്റെ മനസ്സിനെ വല്ലാതെ മഥിച്ച ഈ വാര്‍ത്ത കേട്ട് ആ കുരുന്നു സഹിച്ച ദുരിതത്തിന്റെ ആഴമന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരം ഇങ്ങനെ.
>>>>>>>>
ഐസ്‌ക്രീമുമായി ഓട്ടോറിക്ഷയില്‍ വില്‍പ്പന നടത്തുകയാണത്രെ ഈ കുട്ടിയുടെ പിതാവ് കുമളിയിലെ ചെങ്കര പുത്തന്‍പുരയ്ക്കല്‍ ഷെരീഫിനു ജോലി.ഇദ്ദേഹത്തിന്റെ
ആദ്യഭാര്യ നാല് വര്ഷം മുമ്പ് പിണങ്ങിപോയി.അതില്‍ രണ്ടു കുട്ടികളുണ്ടായിരുന്നു.അതിലെ ഇളയ കുട്ടിയാണ് ഷെഫീക്ക്.മൂത്തയാള്‍ ഷെഫിന്‍ മുവാറ്റു
പുഴയിലുള്ള ഒരു യതീംഖാനയില്‍ പഠിക്കുന്നു. ഭാര്യ പിണങ്ങിപ്പോയപ്പോള്‍ ഷെരീഫ് രണ്ടാമതും വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു
കുട്ടിയുണ്ടായതോടെ ഷെഫീക്കിനെ അനീഷ ഉപദ്രവിച്ചു തുടങ്ങി.കുട്ടിയെ വീടുവിട്ട് പുറത്തിറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. ഒരാഴ്ച മുമ്പ് ഷെഫീക്കിന്റെ തലയ്ക്ക് പരിക്കേറ്റു. അടുത്തുള്ള
ആശുപത്രിയില്‍ ചികിത്സതേടി. ഈ വീഴ്ചയില്‍ ഷെഫീക്കിന്റെ ആരോഗ്യനില വഷളായി. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ അരയ്ക്കുതാഴേക്ക് പലയിടത്തും
മുറിവിന്റെ പാടുകള്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തലയിലെ പരിക്കില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഡോക്റ്റര്‍മാര്‍ ഡിസ്ട്രിക്റ്റ് ചൈല്‍ഡ് ലൈന്‍
കോഓര്‍ഡിനേറ്ററെ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ രേഖാമൂലം അറിയിച്ചതോടെ കുമളി പോലീസ് ആസ്പത്രിയിലെത്തി. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കളെ അറസ്റ്റ് ചെയ്തു.
ഇരുമ്പുദണ്ഡ്കൊണ്ട് കാല്‍ അടിച്ചൊടിച്ചും മലദ്വാരത്തില്‍ ഈര്‍ക്കിലി കുത്തിക്കയറ്റിയും മണല്‍ പഴുപ്പിച്ച് അതില്‍ കിടത്തിയുമാണത്രേ കുട്ടിയെ പീഡിപ്പിച്ചത്. ദിവസങ്ങളോളം
പട്ടിണിക്കിട്ടതായും ഷെരീഫും അനീഷയും പൊലീസിനോടു സമ്മതിച്ചു. രണ്ടാഴ്ച മുന്‍പാണ് ഇരുവരും ചേര്‍ന്നു കുട്ടിയുടെ കാല്‍ ഇരുമ്പുകുഴലിന് അടിച്ചൊടിച്ചത്. ഒടിഞ്ഞ കാലുമായി
വേദനകൊണ്ടു പുളഞ്ഞ കുട്ടിയെ നടത്തിച്ചു. അവശനായി നിലത്തുവീണപ്പോള്‍ മര്‍ദിച്ചു. നടക്കാന്‍ കഴിയാതെ കിടന്നു മലമൂത്ര വിസര്‍ജനം നടത്തിയതിനു വീണ്ടും മര്‍ദിച്ചതായി പൊലീസ് പറഞ്ഞു.
തലയ്ക്കും താടിക്കും മുഖത്തും ഗുരുതര പരുക്കുകളുണ്ട്. കുട്ടിയുടെ നെഞ്ചില്‍ ആഞ്ഞുതൊഴിച്ചതായും കണ്ടെത്തി. ഇത് അടുത്ത നാളില്‍ ഉണ്ടായതാണെന്നു ഡോക്ടര്‍ പറഞ്ഞു. ശരീരമാസകലം
ഒട്ടേറെ പാടുകളുണ്ട്. കൂടാതെ കാലിനു സംഭവിച്ച ഒടിവുകള്‍ ഇവര്‍ ഡോക്ടറില്‍ നിന്നു മറച്ചുവച്ചു. എക്‌സ്‌റേ എടുത്തപ്പോഴാണു കാലിന്റെ രണ്ട് അസ്ഥികള്‍ക്കു പൊട്ടലുണ്ടെന്നു മനസ്സിലായത്.
ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്.
<<<<<<
ഇത്രയും വായിച്ചറിഞ്ഞപ്പോഴേക്കും ഞാനാകെ മരവിച്ച് പോയി. മനുഷ്യപിശാചുക്കളായ ഒരു പിതാവും രണ്ടാനമ്മയും ചേര്‍ന്ന് പൈശാചികവും
മൃഗീയവുമായി മര്‍ദ്ദിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ജീവനോട് മല്ലിട്ട് കഴിയുന്ന ആ പിഞ്ചു പൈതലിനു വേണ്ടി നമുക്ക്
ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. ആ മോന്‍ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ .ഇനിയും ഈ ഭൂമിയില്‍ അവന്റെ കൊഞ്ചല്‍ കേള്‍ക്കാന്‍ സാധിക്കട്ടെ .
മനുഷ്യരൂപം പൂണ്ട ചെന്നായ്ക്കളെ, നിങ്ങള്ക്കാ കുഞ്ഞിനെ വേണ്ടായിരുന്നെങ്കില്‍ അനേകം പേര്‍ ഒരു കുഞ്ഞിക്കാല്‍ കാണാന്‍ കൊതിച്ചിട്ടും ലഭിക്കാതെ പല വിധ ചികിത്സകള്‍ തേടിയും
നേര്‍ച്ചയും നോമ്പും വഴിപാടുകളും ഒക്കെയായി മനമുരുകി കഴിഞ്ഞു കൂടുന്നു ഈ ഭൂമി മലയാളത്തില്‍ . ദത്തെടുത്ത് വളര്‍ത്താന്‍ കിട്ടിയാല്‍ നിറമനസ്സോടെ ഇരുകയ്യും നീട്ടി അതിപ്രിയത്തോടെ
സ്വീകരിക്കാന്‍ ഒരു പാട് സുമനസ്സുകള്‍ ഉള്ളപ്പോള്‍ എന്തിനാണ് നിങ്ങളുടെ ഈ കുഞ്ഞിനോട് ഇത്രയും ക്രൂരത ചെയ്തത്.
ഇത്ര ചെറുപ്പത്തിലേ സ്വന്തം പിതാവില്‍ നിന്നും കൊടും പീഡനമേല്ക്കേണ്ടി വന്ന പാവമൊരു ചെറിയ കുഞ്ഞ്.
ദൈവം നമുക്ക് നല്‍കിയ മഹത്തായ അനുഗ്രഹമാണ് കുഞ്ഞുങ്ങള്‍. .
ഓരോ കുടുംബത്തിനും അവന്‍ നല്‍കിയ സമ്പത്താണ്‌ മക്കള്‍..
അവര്‍ക്ക് വേണ്ട ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും
വിദ്യാഭ്യാസവും ഒക്കെ നല്‍കി ലാളിച്ച് സ്നേഹിച്ച് വളര്‍ത്തേണ്ടത് ഓരോ രക്ഷിതാക്കളുടെയും ബാധ്യതയാണ്. അത് അവര്‍ക്ക് നല്‍കേണ്ട അവകാശമാണ്.
കുട്ടികളോട് ഇങ്ങനെയൊക്കെ ദയാവായ്പ്പോടെയും കരുണയോടെയും വര്‍ത്തിക്കണമെന്ന് കല്പിക്കുന്നു മതം. ഈ പുണ്യമാസത്തില്‍ പോലും ലവലേശം വകവെക്കാതെയാണല്ലോ
സ്വന്തം പൈതലിനോട് ഈ ക്രൂരകൃത്യം ചെയ്തത് എന്ന് ചിന്തിക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകയാണ്.
കോഴിക്കോട് ബിലാത്തികുളത്ത് അച്ഛനും രണ്ടാനമ്മയും പട്ടിണിക്കിട്ടും പീഢിപ്പിച്ചും കൊടും ക്രൂരതക്കിരയാക്കി കൊലപ്പെടുത്തിയ
അച്ചു എന്ന അദിതി എസ് നമ്പൂതിരിയെ നമുക്കാര്‍ക്കും അത്ര പെട്ടെന്ന്‍ മറക്കാനൊക്കില്ല.ആ സംഭവം നടന്നിട്ട് ഏകദേശം മൂന്ന്‍ മാസമേ ആയിട്ടുണ്ടാവൂ.
ആ നടുക്കം വിട്ടുമാറുന്നതിനു മുമ്പ് മറ്റൊരു വാര്‍ത്തകൂടി.ഇത്തരം വേദനിപ്പിക്കുന്ന വാര്‍ത്തകളില്‍ നിന്ന് മുക്തിനേടാന്‍ നമുക്കാവുന്നില്ല.നിര്‍ഭാഗ്യകരമെന്ന്
പറയട്ടെ ഒന്നിന് പിറകെ മറ്റൊന്നായി ദിനംപ്രതി എന്നോണം കുട്ടികള്‍ക്കെതിരെയുള്ള പീഢനവാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.

 അദിതി എസ് നമ്പൂതിരി



ഇവരാരും നമുക്ക് പരിചിതരല്ലെങ്കിലും കുട്ടികളൊക്കെ നമ്മുടെ മക്കളെ പ്പോലെ ത്തന്നെയല്ലേ. കളിയും ചിരിയുമായി തുള്ളിചാടി നടക്കേണ്ട പ്രായത്തില്‍
ആ തുള്ളിച്ചാടി നടക്കേണ്ട കാലുകള്‍ തല്ലി ഉടച്ചു.
സാക്ഷരതയിലും പ്രബുദ്ധതയിലും വമ്പന്‍മാരെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ തന്നെയാണിതും.ഇത്പോലുള്ള കുരുന്നുകല്‍ക്കെതിരെയുള്ള പീഡനങ്ങള്‍
തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും നിസ്സംഗഭാവമാണ് അധികാരികള്‍ക്ക്.
ഇനിയും ഇത്തരം അനിഷ്ടസംഭവങ്ങള്‍ നിര്‍ബാധം തുടരാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ സത്വരം നടപടികള്‍ സ്വീകരിക്കെണ്ടിരിക്കുന്നു.കടുത്ത ശിക്ഷ അതായത് വധശിക്ഷ തന്നെ നല്‍കിയെ മതിയാകൂ.
ഏറെ വൈകിയെങ്കിലും ചില ഉള്‍വിളികള്‍ ഉണ്ടായിരിക്കുന്നു ഇവ്വിഷയത്തില്‍ എന്ന് നമുക്ക് അനുമാനിക്കാന്‍ വകനല്‍കുന്ന ചില മാര്‍ഗ്ഗരേഖകള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട് എന്ന് കേള്‍ക്കുന്നു.
കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്നതിനും തടയുന്നതിനും ഗ്രാമങ്ങളില്‍ അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീകളും വഴി വാര്‍ഡ്‌ തലത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച്
കാര്യക്ഷമമായി പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന മന്ത്രി എം കെ മുനീറിന്റെ പ്രസ്താവന ആശാവഹം.വാര്‍ഡ്‌ മെമ്പര്‍മാര്‍
അംഗണ്‍വാടിപ്രവര്‍ത്തകര്‍ സംഘടനാപ്രതിനിധികള്‍ പോലീസ്
സ്കൂള്‍ അധികൃതര്‍ ഒക്കെ ഉള്‍പ്പെടുത്തിയുള്ള സമിതിക്ക് ഓരോ ഗ്രാമങ്ങളിലെയും കുടുംബങ്ങളില്‍ കൂടുതല്‍ നിരീക്ഷണം നടത്താനും നടപടികളെടുക്കാനും ആത്മാര്‍ത്ഥതയോടെയാണെങ്കില്‍
സാധിക്കും എന്നത് തീര്‍ച്ച. കുട്ടികളുടെ സുരക്ഷക്ക് വേണ്ടി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ മാര്‍ഗ്ഗ രേഖ
ത്വരിതമായി കൊണ്ടുവരാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു. ഇതിനു വേണ്ട എല്ലാസഹായ സഹകരണവും ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരില്‍ നിന്നുണ്ടായിരിക്കണം.എങ്കില്‍ ഇത്തരം
സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നല്ലളവോളം നമുക്ക് സാധിക്കും എന്ന് പ്രതീക്ഷിക്കാം.

2013, ജൂലൈ 14, ഞായറാഴ്‌ച

 **തിരൂര്‍ തുഞ്ചന്‍ പറമ്പ്**

മലയാള ഭാഷയുടെയും മലയാള സാഹിത്യത്തിന്റെയും വേരുകള്‍ തേടി,ഭാഷാപിതാവിന്റെ ജന്മഗൃഹത്തിലേക്ക് എന്റെ ഒരു യാത്ര. മലയാള ഭാഷയുടെയും മലയാള  സാഹിത്യത്തിന്റെയും പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍ ജന്മം കൊണ്ടതിവിടെ. പ്രവാസജീവിതത്തിനിടയില്‍ കിട്ടിയ ചുരുങ്ങിയ ഇടവേളയില്‍ നടത്തിയ ഇത്തരംഹ്രസ്വമായ യാത്രയിലെ കാഴ്ചകള്‍ എന്റെ മനം നിറഞ്ഞു.






<<മലയാണ്മ പിറവികൊണ്ട തുഞ്ചന്‍ പറമ്പിലേക്കുള്ള പ്രവേശനകവാടം>> 

<<തുഞ്ചന്‍ പറമ്പിലെ തത്ത>>

തുഞ്ചന് പറമ്പിലെ തത്തേ വരൂ
പഞ്ചവര്‍ണ്ണക്കിളി തത്തേ
കുഞ്ചന്റെ കച്ചമണികള്‍ക്കൊത്ത്
കൊഞ്ചിക്കുഴഞ്ഞൊരു തത്തേ
വീണപൂവിന്‍ കഥപാടീ മണി
വീണകള്‍ മീട്ടിയ തത്തേ
സങ്കല്പ സംഗീത സ്വര്‍ഗ്ഗംതീര്‍ത്ത
ചങ്ങമ്പുഴയുടെ തത്തേ

<<തുഞ്ചന്‍ പറമ്പ് അങ്കണത്തിലെ വിവിധ കാഴ്ചകള്‍>>
























                                           <<തുഞ്ചന്‍ പറമ്പിലെ കുളം>>






<<മലയാണ്മ പിറവികൊണ്ട തുഞ്ചന്‍ പറമ്പിലെ തുഞ്ചന്‍ സ്മാരക മലയാള സാഹിത്യ മ്യൂസിയം,
    കാഴ്ചകളിലൂടെ>>