2012, സെപ്റ്റംബർ 30, ഞായറാഴ്‌ച

***എന്‍റെ കൃഷിയിടത്തില്‍ നിന്ന്‍ ***

****** (കപ്പ ) ******
===================


 കേരളത്തില്‍ പലഭാഗങ്ങളിലും വ്യത്യസ്ത പേരുകളിലാണിത് അറിയപ്പെടുന്നത്.കപ്പ, കപ്പക്കിഴങ്ങ്,മരച്ചീനി,പൂളക്കിഴങ്ങ്,
കൊള്ളിക്കിഴങ്ങ്.ഇതിന്‍റെ
ശാസ്ത്രീയനാമം മാനിഹോട്ട് എസ്കുലാൻറാ (Manihot esculanta).അങ്ങിനെ എന്ത് വിളിച്ചാലും സ്വാദ് അപാരം തന്നെ.
വേവിച്ചെടുത്ത് വെളിച്ചെണ്ണയില്‍   മുളകും ചെറുഉള്ളിയും കടുകും ഉപ്പ് കറിവേപ്പില ഇങ്ങനെയുള്ള    ചേരുവകളൊക്കെ  ചേര്‍ത്ത് ചൂടാക്കി ഒന്ന്‍ കശക്കിയെടുത്താല്‍ എന്തൊരു  സ്വാദ്.  പിന്നെ കപ്പയും മീനും .ഹോ... കപ്പകൊണ്ട് അങ്ങിനെ പിന്നെ
എന്തെല്ലാം . വായില്‍ കപ്പലോട്ടാനുള്ള വെള്ളം . പണ്ടക്കും പണ്ടേ ഇത്ത്യാദി വിളകളൊക്കെ കൃഷിചെയ്യുന്നത് കൊണ്ട് ഇതൊക്കെ സുഭിക്ഷമായി ഭക്ഷിക്കുന്ന
കൂട്ടത്തിലാണ് ഞാന്‍.പ്രവാസജീവിതത്തിനിടയില്‍ കിട്ടുന്ന അവധിക്ക് നാട്ടിലെത്തുമ്പോള്‍
എന്റെ ഇഷ്ട  ഭക്ഷണവും കിഴങ്ങ് പച്ചക്കറിഇലവര്‍ഗ്ഗങ്ങളൊക്കെത്തന്നെ.പരമ്പരാഗത കര്‍ഷകരായ ഞങ്ങള്‍ പണ്ടത്തെപ്പോലെയില്ലെങ്കിലും മണ്ണില്‍ വിളയിക്കല്‍ പ്രക്രിയ മുടങ്ങാതെ ചെയ്യുന്നുണ്ട് .അത് കൊണ്ട് തന്നെ വിഷമുക്തമായ തികച്ചും പ്രകൃതിദത്തമായി വളര്‍ന്ന്‍ വിളവെടുക്കുന്ന പച്ചക്കറി ഇനങ്ങള്‍ സുലഭം.

 ******* (തുളസി) *******
==========================                  
കാലങ്ങളായി തൊടിയില്‍
പലേടത്തായി ഔഷധച്ചെടിയായി തുളസിയെ നട്ടുവളര്‍ത്തുന്നു.
നിരവധി മനുഷ്യനാവശ്യമായ ഔഷധ മൂല്യങ്ങള് തുളസിയിലുണ്ട്.
അത്കൊണ്ട് തന്നെ കുടുംബത്തില്‍ ഒരുപാട് ഉപകരിക്കാറുമുണ്ട്.
പനി,ജലദോഷം,കഫക്കെട്ട്,രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗശമനത്തിന്
ഉപകരിക്കുന്ന ഒരു ഔഷധകലവറയാണ് തുളസി. ചുരുക്കിപ്പറഞ്ഞാല്‍
വീട്ടുവളപ്പിലെ ഒരു കൊച്ചു വൈദ്യന്‍ തന്നെ. ഇതിനായി പ്രത്യേക മുടക്കൊന്നുമില്ലല്ലോ .അവനവന്‍റെ വീടിന്റെ പരിസരങ്ങളില്‍ തന്നെ ഈ ഔഷധസസ്യം നട്ടുവളര്‍ത്താം.ഐശ്വര്യവും കിട്ടും.
തുളസിയില്ലാത്ത് വീടിന് ഐശ്വര്യമില്ലെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
ഹൈന്ദവ മത വിശ്വാസികള്‍ക്ക് തുളസി ഈശ്വര ഭക്തിയുടെ ഭാഗം കൂടിയാണ്.
രാവിലെ കുളിച്ച് തുളസീതീര്‍ത്ഥം സേവിച്ചതിന് ശേഷമേ ജലപാനം പോലും നടത്താറുള്ളൂ മുമ്പൊക്കെ.
ഇതിന്‍റെ ശാസ്ത്രീയ നാമം (Ocimum tenuiflorum)


           
                    ***തെച്ചി***
      ===========================

ഇത് എന്റെ വീട്ടുതൊടിയിലെ തെച്ചിപൂചെടി .
പടര്‍ന്ന്‍ പന്തലിച്ച് വളരുന്ന ഈ അലങ്കാര കുറ്റിചെടി എന്റെ വീട്ടുപറമ്പില്‍ റോഡിന് ഇരു വശവും നട്ടു വളര്‍ത്തിയിട്ടുണ്ട്.
ചെത്തി,തെറ്റി എന്നിങ്ങനെയും ഈ പുഷ്പ സസ്യത്തെ കേരളീയര്‍ വിളിച്ചു...വരുന്നു.
തെച്ചി പലനിറങ്ങളിലുള്ളവയുണ്ടെങ്കിലും ചുവന്ന നിറമുള്ളവയാണ് ഇവിടെയുള്ളതും ,കൂടുതലായി കണ്ടുവരുന്നതും ഈ ഇനങ്ങളാണ് .ഏറെ ഔഷധഗുണമുള്ള തെച്ചിച്ചെടിയുടെ
പൂവും കായും വേരും ഇലയുമൊക്കെ പലവിധ രോഗ ശമനത്തിനായി കഷായത്തില്‍ ഉപയോഗിക്കുന്നുണ്ട്.
ഹൈന്ദവവിശ്വാസികള്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് തെച്ചിപ്പൂക്കള്‍ ഉപയോഗിച്ച് വരുന്നുണ്ട്.
കാട്ടുതെച്ചിയും നാട്ടുതെച്ചിയുമുണ്ടെന്ന്‍ കേട്ടിട്ടുണ്ട്.

2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

(ചെരുപ്പടി മലയില്‍ നിന്ന്‍,ഞാനെന്‍റെ ക്യാമറയില്‍ ഒപ്പിയെടുത്ത ദൃശ്യഭംഗി )

(ചെരുപ്പടി മലയില്‍ നിന്ന്‍,ഞാനെന്‍റെ ക്യാമറയില്‍ ഒപ്പിയെടുത്ത ദൃശ്യഭംഗി )

=================================================
പുല്‍മേടുകളും വയലേലകളും
തെങ്ങിന്‍ തോപ്പുകളും കുന്നുകളും പാറക്കൂട്ടങ്ങളും വെള്ളക്കെട്ടുകളും വൃക്ഷലതാദികളും എല്ലാം സമന്വയിച്ച് സമൃദ്ധമായ ഹരിതാഭയിലൂടെ
ഹൃദയവിഹായസ്സിലേക്ക് തഴുകിയെത്തുന്ന കുളിര്‍ക്കാറ്റ് നൽകുന്ന ആനന്ദം വിസ്മയനീയം തന്നെ.

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

***തിരൂരങ്ങാടി;ചരിത്രസാക്ഷ്യം***


***ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ തിരൂരങ്ങാടിയിലെ ചരിത്രവീഥികളിലൂടെ വീര സ്മരണകള്‍ നെഞ്ചിലേറ്റി എന്‍റെ ഒരുയാത്ര***.
  ===============================================================
മമ്പുറം കടലുണ്ടി പുഴയോരത്തെ ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി വലിയ ജുമാഅത്ത് പള്ളി.

മമ്പുറം മഖാം


വെള്ളപ്പട്ടാളത്തിന്‍റെ തേര്‍വാഴ്ചക്കെതിരെ ധീരോദാത്തമായ സ്വാതന്ത്ര്യ സമരം നയിച്ച വീര പോരാളി,     ജാതി മത ഭേദമന്യേ എല്ലാ വിഭാഗത്തെയും സ്നേഹിച്ച ,അശരണരുടെയും അഗതികളുടെയും ആലംബമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍(1753-1844) താമസിച്ചിരുന്ന 
മമ്പുറം മഖാമിനടുത്തുള്ള വീടാണ് ചിത്രത്തില്‍.ലാളിത്യം മുഖമുദ്രയാക്കിയ സയ്യിദ് അലവി തങ്ങള്‍  താമസിച്ചിരുന്നതും സന്ദര്‍ശകരെ സ്വീകരിച്ചിരുന്നതും  ഓല മേഞ്ഞ പുരയിലാണ്.


 ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി വലിയ ജുമാഅത്ത് പള്ളി.മമ്പുറം കടലുണ്ടി പുഴയോരത്തെ മമ്പുറം മഖാമിനടുത്ത കടവില്‍ നിന്നും പകര്‍ത്തിയ ദൃശ്യം.
 മമ്പുറം കടലുണ്ടി പുഴ. മഖാമിലേക്കുള്ള നടപ്പാലത്തില്‍ നിന്നെടുത്തതാണ് ചിത്രം.
 1843-ല്‍ വൈദേശികാധിപത്യത്തിനെതിരെ ചേറൂരില്‍ നടന്ന പോരാട്ടത്തില്‍ വീരമൃത്യു വരിച്ച ധീര ദേശാഭിമാനികള്‍ അന്ത്യവിശ്രമം കൊള്ളുന്നതിവിടെ.ചരിത്ര സമ്പന്നമായ തിരൂരങ്ങാടിയുടെ മണ്ണില്‍ ചെമ്മാട് അങ്ങാടിക്കടുത്ത് മന്താനിപറമ്പ് എന്ന സ്ഥലത്താണിത്.
1921-ല്‍ മാപ്പിള  പോരാളികളാല്‍  കൊല്ലപ്പെട്ട അന്നത്തെ  ബ്രിട്ടീഷ് സൈന്യത്തിലെ   പാലക്കാട്  എസ് പി വില്ല്യം റൌളിയുടെ ശവകുടീരം.
ദേശാഭിമാനികള്‍   ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ദുരിതപൂര്‍ണ്ണമായ സാമൂഹികാനുഭവങ്ങളില്‍ നിന്നുള്ള മോചനത്തിനായി ധീരോദാത്തമായി പോരാടിയ   മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായിരുന്ന തിരൂരങ്ങാടിയില്‍  ‍പോലീസ് സ്റ്റേഷന് സമീപത്തായി   വൈദേശാധിപത്യത്തിന്റെ സ്മാരകമായി ഈ ശവകുടീരം സൂക്ഷിക്കുന്നു.   
ബ്രിട്ടീഷ് ഭരണകാലത്ത് കോടതിയും പോലീസ് സ്‌റ്റേഷനുംജയിലുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന തിരൂരങ്ങാടി ചെമ്മാട്ടുള്ള ഹജൂര്‍ കച്ചേരി കെട്ടിടമാണിത്.

ഇത് നിര്‍മ്മിച്ചത് 1906 ല്‍ ബ്രിട്ടീഷ് രാജകുമാരന്റെ(വെയില്‍സ് രാജകുമാരന്‍) ഇന്ത്യാ സന്ദര്‍ശനവേളയിലാണെന്ന് കരുതപ്പെടുന്നു.
ഇന്ന് തിരൂരങ്ങാടി താലൂക്ക് ഓഫീസായി പ്രവര്‍ത്തിക്കുന്ന പഴയ ഹജൂര്‍ കച്ചേരികെട്ടിടം മലബാര്‍ കലാപസ്മാരക ടൌണ്‍ ഹാള്‍ ആക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.
നിലവില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി താലൂക്ക് ഓഫീസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റി 106 വര്‍ഷം പഴക്കമുള്ള ഈ ഹജൂര്‍ കച്ചേരി അതിന്റെ പഴമ നിലനിര്‍ത്തിക്കൊണ്ട് തന്നെ സംരക്ഷിച്ച് കലാപസ്മാരക ടൌണ്‍ ഹാള്‍ ആക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.
1921 ലെ മലബാര്‍ കലാപത്തിനു
സാക്ഷിയായ ഈ കെട്ടിടം പൈതൃക സ്മാരകമാക്കി നിലനിര്‍ത്താന്‍ സര്‍ക്കാര്‍  ഒരു കോടി രൂപ അനുവദിച്ചിരുന്നു.\
                                                     നടുവില്‍ മസ്ജിദ്.
 തിരൂരങ്ങാടിയിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക്
നേതൃത്വംകൊടുത്ത ആലി മുസ്ല്യാര്‍  ഈ പള്ളിയിലെ മുദരിസായിരുന്നു. കലാപകാലത്ത് അന്നത്തെ മലബാര്‍ കലക്ടര്‍ തോമസിന്റെയും പോലീസ് മേധാവി ഹിച്ച് കൊക്കിന്റെയും
നേതൃത്വത്തില്‍ ബ്രിട്ടീഷ് സൈന്യം ഈ പള്ളിയില്‍ കയറി അക്രമം കാണിച്ചു.                                                                      


മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുഖ്യകേന്ദ്രമായിരുന്ന തിരൂരങ്ങാടിയില്‍ മമ്പുറം തങ്ങള്‍ക്കു മുമ്പേ വൈദേശിക ഭരണത്തെ രാജ്യത്ത് നിന്നും തുരത്താന്‍ സമരങ്ങള്‍ക്ക് നേതൃത്വം
നല്‍കിയത് അറബി തങ്ങളായിരുന്നു.
തിരൂരങ്ങാടി നടുവില്‍ പള്ളി അങ്കണത്തിലെ ഈ മഖ്ബറയില്‍ അറബി തങ്ങള്‍ അന്ത്യ വിശ്രമം കൊള്ളുന്നു.


      തിരൂരങ്ങാടി യംഗ് മെന്‍സ് ലൈബ്രറിയില്‍ നിര്‍മ്മിച്ച മലബാര്‍ കലാപ രക്തസാക്ഷി സ്മാരക ലൈബ്രറി ഹാള്‍. മലബാര്‍ കലാപത്തിന്റെ 90-)0 വാര്‍ഷികത്തോടനുബന്ധിച്ച്
2011 ല്‍ അന്നത്തെ നിയമസഭാസ്പീക്കര്‍ കെ രാധാകൃഷ്ണനാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
                                                                     

മലബാര്‍ കലാപത്തിന്റെ ധീര സ്മരണകളുറങ്ങുന്ന തിരൂരങ്ങാടിയിലെ പോരാട്ട വീര്യത്തിന്റെ മറ്റൊരു സ്മാരകം.1921ആഗസ്റ്റ്‌ 30 ന് തിരൂരങ്ങാടി വലിയപള്ളിലുണ്ടായിരുന്ന

ആലിമുസ്ലിയാരെയും അനുയായികളെയും ആക്രമിച്ച് അറസ്റ്റുചെയ്തു കൊണ്ടുപോകാന്‍ വന്ന ബ്രിട്ടീഷ് സേനയുമായി നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ട മൂന്ന്‍ ബ്രിട്ടീഷ് സൈനികരെ
അടക്കം ചെയതതിവിടെയാണ്.തിരൂരങ്ങാടി
ചന്തപ്പടിയിലുള്ള ഈ ശവകുടീരം
ചുറ്റുമുള്ള കമ്പിവേലിയെല്ലാം ദ്രവിച്ച്പോയി മുകളില്‍ ചപ്പുചവറുകള്‍ മൂടി സൈനികരുടെ
നാമം അടക്കമുള്ള വിവരങ്ങള്‍ കൊത്തിവെച്ച ഫലകം പോലും അപ്രത്യക്ഷമായിരിക്കുന്നു.പക്ഷേ ഇവിടങ്ങളിലെ എന്റെ സന്ദര്‍ശന ശേഷം  തിരൂരങ്ങാടിയിലുള്ള ഈ രണ്ട് ബ്രിട്ടീഷ് ശവകുടീരങ്ങളും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന വന്ന് പിന്നീട് പുതുക്കിപണിതതായി  പത്രവാര്‍ത്ത കണ്ടിരുന്നു.  1921ആഗസ്റ്റ്‌ 19 ന് ഹജൂര്‍ കച്ചേരിക്ക്‌മുമ്പില്‍ വെച്ച് നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ട പട്ടാള മേധാവികളെ
അടക്കം ചെയ്ത ഹജൂര്‍കച്ചേരിവളപ്പിലുള്ള കല്ലറ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റവന്യുഅധികൃതരോ പോലീസോ പോലുമറിയാതെ ലണ്ടന്‍ ആസ്ഥാനമായുള്ള കോമണ്‍‌വെല്‍ത്ത്
വാര്‍ഗ്രേവ്സ് കമീഷന്‍ എന്ന സംഘടന നവീകരിച്ചതായാണ് മാധ്യമങ്ങളിലൂടെ കാണാന്‍ കഴിഞ്ഞത്.ഇത് പരാതിക്കിടവരുത്തുകയും ചെയ്തിരുന്നു. മലബാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട
ബ്രിട്ടീഷ്സൈനികരുടെ ശവക്കല്ലറകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി
ഈ സംഘടന ചന്തപ്പടിയിലുള്ള കല്ലറയും നവീകരിച്ഛതായി വാര്‍ത്ത കണ്ടിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ മനുഷ്യത്വ രഹിതമായ ക്രൂരതയില്‍ പൊറുതിമുട്ടി മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിനടന്ന സമരങ്ങളില്‍ വീരമൃത്യു വരിച്ച ധീര ദേശാഭിമാനികള്‍ക്ക് ആ പോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കിയ
തിരൂരങ്ങാടിയുടെ മണ്ണില്‍ ഉചിതമായ സ്മാരകം പണിയണം എന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇതുവരെ നിറവേറാതെ നില്‍ക്കുമ്പോള്‍ ബ്രിട്ടീഷ് സൈനികരുടെ ഈ കല്ലറകള്‍ സംരക്ഷിക്കുന്നതിനെതിരെ
ആക്ഷേപമുയര്‍ന്നതായി വാര്‍ത്ത കണ്ടിരുന്നു.
ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതി മരിച്ച ദേശാഭിമാനികളുടെ ഓര്‍മ്മക്കായി അവര്‍ രക്തസാക്ഷികളായ തിരൂരങ്ങാടിയുടെ മണ്ണില്‍ നിത്യസ്മാരകം ഉയര്‍ന്നുവരേണ്ടത്
അനിവാര്യമാണ്. ഏതാനും മാസം മുമ്പ് ഈ ആവശ്യവുമായി പൈതൃക സംരക്ഷണ സമിതി ജില്ലാ കമ്മറ്റി ഭാരവാഹികള്‍ സ്ഥലം എം എല്‍ എ മന്ത്രി പി കെ അബ്ദുറബ്ബിനോടൊപ്പം
മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ശത്രുക്കളോട് പൊരുതി മരിച്ച ധീരയോദ്ധാക്കള്‍ക്ക്‌ സ്മാരകം നിര്‍മ്മിക്കേണ്ടത് നമ്മുടെ പ്രതിബദ്ധതയായിക്കണ്ട്
സര്‍ക്കാര്‍ ഇതിനാവശ്യമായ സ്ഥലവും തുകയും കണ്ടെത്തി ചരിത്രത്തില്‍ നിത്യതനേടിയ ഈ സമരസേനാനികള്‍ക്ക് വൈകാതെ സ്മാരകം
നിര്‍മ്മിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. അതോടൊപ്പം തന്നെ സ്വരാജ്യത്തിനുമേലുള്ള വിദേശമേധാവിത്വത്തിനെതിരെ നൂതനമായ ആയുധസന്നാഹങ്ങളുമായെത്തിയ
ശത്രുക്കള്‍ക്ക് നേരെ ആത്മധൈര്യത്തോടെ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി ദേശീയ പ്രബുദ്ധതയോടെ പോരാടിയ ധീര ദേശാഭിമാനികളുടെ സമരവീര്യം ഉണര്‍ത്തുന്ന ഓര്‍മ്മകളായി
വെള്ളപ്പട്ടാളക്കാരുടെ ഈ ശവകല്ലറകളും നിലനില്‍ക്കട്ടെ.
                                                    
                                                    -എന്‍ കെ മൊയ്തീന്‍,ചേറൂര്‍