2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

**ചേറൂര്‍ വലിയ ജുമാമസ്ജിദും എന്റെ പെരുന്നാള്‍ ഓര്‍മ്മകളും **

     
വ്രതശുദ്ധിയുടെ,ത്യാഗപൂര്‍ണ്ണമായ ഒരുമാസകാലത്തെ ദിനരാത്രങ്ങള്‍ക്ക് വിടയേകിക്കൊണ്ട്  ശവ്വാലിന്റെ പൊന്നമ്പിളി മാനത്തുദിച്ചതോടെ സുന്ദര സുരഭില ദിനമായ ഈദിന്റെ സുദിനം ഇതാ വന്നണഞ്ഞു.
പുണ്യമാസത്തിന്റെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ദിനരാത്രങ്ങള്‍ക്ക് വിടചൊല്ലിക്കൊണ്ട് വന്നെത്തിയ ഈ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുമ്പോഴും എന്റെ ജീവിതം കടന്നുപോയ ഇന്നലെകളിലെ
 ശുഭകരമായ  ഓര്‍മ്മകളിലേക്ക് എന്റെ മനസ്സിനെ കൂട്ടിക്കൊണ്ടുപോകുന്നു.ആത്മവിശുദ്ധിയുടെ കൈവല്യത്തെ നമിച്ച് സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ ചിറകു വിടര്‍ത്തി
 മനസ്സില്‍ കുളിരേകി വന്നെത്തുന്ന ഓരോ റമസാനിലൂടെയും ഈദുല്‍ഫിത്തര്‍ലൂടെയും കടന്നുപോകുമ്പോഴും എന്റെ നാട്ടിലെ   ജുമാമസ്ജിദ്നെ ഇതിവൃത്തമാക്കിയുള്ള ദീപ്തമായ ഓര്‍മ്മകള്‍ എന്നില്‍ നിറയും.  ചേറൂര്‍ വലിയ ജുമാമസ്ജിദിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരുപാട്  പഴമയുടെ നഷ്ടഗന്ധം എന്നിലുളവാക്കുന്നു..1984-ല്  (മുതുവില്‍കുണ്ട് മഹല്‍ ജുമാമസ്ജിദ്സ്ഥാപിക്കുന്നത് വരെ
 )   എന്റെ  മഹല്‍ജുമാമസ്ജിദും ഇതായിരുന്നു.
     പോയകാലത്തിന്റെ സാക്ഷിമൊഴികളായി മിഹ്റാബും   മിംബറും  മച്ചും   ഒക്കെ വാസ്തുവിദ്യയുടെ കൊത്തുവേലകള്‍ കൊണ്ട് അലംകൃതമായിരുന്ന പള്ളിയകം.
 ഏതാനും വര്‍ഷങ്ങള്‍ മുമ്പ് പുനര്‍ നിര്‍മ്മാണം നടത്തുകവഴി പൌരാണികതക്ക്  മങ്ങലേറ്റു. എങ്കിലും പ്രദേശത്തെ ഏറെ പഴക്കം ചെന്ന ജുമാമസ്ജിദാണിത്.
ചേറൂര്‍  പ്രദേശത്തുകാര്‍ക്ക് മാത്രമല്ല  ദൂരെയുള്ളവര്‍ക്ക് പോലും മഹല്ലായി പള്ളിയെയായിരുന്നു  ആശ്രയിച്ചിരുന്നത്.പില്‍ക്കാലത്ത് ജനപ്പെരുപ്പവും സൌകര്യവുമൊക്കെ കണക്കിലെടുത്ത് 
 മഹല്‍ വിഭജിച്ച് പല പുതിയ മഹല്ലുകള്‍ രൂപീകൃതമായി .  
 പ്രവാസജീവിതത്തിനിടയിലും ഓരോ നോമ്പ് കാലവും പെരുന്നാളും വരുമ്പോഴും എന്റെ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലേക്കുള്ള ഒരു മടക്കവും കൂടിയാണ് എനിക്കിത്. 
 . പള്ളിയിലായിരുന്നു എന്‍റെ ആദ്യത്തെ പെരുന്നാള്‍ നിസ്ക്കാരം  . ശവ്വാല്‍ പിറകണ്ടെന്നറിഞ്ഞാല്‍ പിന്നെ ഒരുക്കങ്ങളായി.അതിരാവിലെ  പ്രഭാത സുര്യരശ്മികള്‍ പൊട്ടി വിടരുന്നതിന് മുമ്പായി തയ്യാറെടുക്കും.
 എണ്ണതേച്ചുള്ള കുളി.പിന്നെ പുത്തനുടുപ്പിട്ട് അണിഞ്ഞൊരുങ്ങി അത്തറിന്റെ പരിമള സുഗന്ധം പരത്തി   ബാപ്പയുടെ കയ്യും പിടിച്ച്  പള്ളിയിലേക്ക്   ഈദ്  നിസ്ക്കാരത്തിന് 
 പോയിരുന്ന ഓര്‍മ്മകള്‍.പള്ളിയാകെ പെരുന്നാളിനെ മുഖരിതമാക്കി തക്ബീര്‍ ധ്വനികള്‍ മുഴക്കിക്കൊണ്ട് ദൈവസ്മരണകളില്‍ മുഴുകിയ അന്തരീക്ഷം . പ്രാര്‍ത്ഥനാനിരതമായ
പെരുന്നാള്‍ നിസ്ക്കാരം.പിന്നീട്
  മിംബറിന്മേല്‍ കേറി ഖത്തീബിന്റെ വാള്‍ കുത്തിപ്പിടിച്ച് കൊണ്ടുള്ള ഉദ്‌ബോധന പ്രസംഗം.
 ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്ത്യാദരവോടെ ബാപ്പയുടെ അരികുപറ്റിയിരുന്നു എല്ലാം 
ഞാനും  സശ്രദ്ധം  കേള്‍ക്കും.വല്ലാത്തൊരു ദിവ്യാനുഭൂതിനല്‍കിയ നിമിഷങ്ങള്‍. നിസ്ക്കാരം കഴിഞ്ഞ പിരിഞ്ഞിറങ്ങിയാല്‍ പിന്നെ നേരെ പള്ളിപറമ്പിലേക്ക്. മൈലാഞ്ചിചെടികള്‍ തിങ്ങി നില്‍ക്കുന്ന പള്ളിക്കാട്ടില്‍ ആറടികളില്‍ സ്മാരകശിലകളായി
 ചിട്ടപ്പെടുത്തിയ മീസാന്‍ കല്ലുകള്‍ക്കുതാഴെ അന്ത്യവിശ്രമം കൊള്ളുന്ന ഒരുപാട് ഖബറാളികള്‍.
 എന്റെ ഉപ്പാപ്പയുടെയും ഉമ്മാമ്മയുടെയും ഖബറിടം ലക്ഷ്യമാക്കി ബാപ്പയുടെ കാല്‍ ചുവടിനോടൊപ്പം ഞാനും നടന്ന്‍ നീങ്ങും . അവരുടെ അരികിലെത്തി പരലോകമോക്ഷത്തിനായി
 ഇരു കൈകളുമുയര്‍ത്തി പ്രാര്‍ത്ഥനാനിര്‍ഭരനായി ബാപ്പയോടൊപ്പം എന്റെ കുഞ്ഞുമനസ്സും സര്‍വ്വലോക സൃഷ്ടാവിനോട് ഇരവ് തേടും.അവരോട് സലാം പറഞ്ഞ് പിരിഞ്ഞ്   പിന്നെ വീട്ടിലേക്ക് .   പോകുന്ന വഴി ഒരിത്തിരി പടക്കവും മിഠായിയും. അന്നൊക്കെ പടക്കമില്ലാതെന്താഘോഷം.ചില്ലറ പൈസകള്‍ കിട്ടുന്നവ നിക്ഷേപിച്ച് വെക്കുന്ന മണ്‍കുഞ്ചി പൊട്ടിക്കുന്നതും അന്നാണ്. അത് പൊട്ടിച്ച് കിട്ടുന്ന ചില്ലി കാശ് കൊണ്ട് പടക്കം,പൂത്തിരി,മിഠായി ഇത്ത്യാദികളൊക്കെ വാങ്ങിക്കും. വീട്ടിലെത്തിയാല്‍ വാത്സല്യനിധിയായ ഉമ്മ തയ്യാറാക്കിവെച്ച വിഭവസദ്യ .  തെങ്ങാച്ചോര്‍, ഇറച്ചി ,പപ്പടം ,ഉപ്പേരി,ഗോതമ്പ് പായസം ഒക്കെയായി വൈവിധ്യമാര്‍ന്ന  വിഭവങ്ങള്‍ കുശാല്‍.എന്തൊരു അഭേദ്യമായ  അനുഭൂതിയാണ് അതൊക്കെ. ഇല്ലായ്മയിലും നിറ സംതൃപ്തിയോടെ കഴിഞ്ഞിരുന്ന കാലം .
നിറം മങ്ങിയ ജീവിതത്തിനിടയിലും അല്ലലറിയിക്കാതെ പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍
. അവര്‍തന്ന ആസ്നേഹത്തിനും ലാളനക്കും എന്ത് തന്നെ പകരം നല്‍കിയാലും മതിയാകില്ല, അത് പകരമാകുകയുമില്ല. കാലമെത്ര നീങ്ങി.
എന്നിട്ടും
ഗതകാലഓര്‍മ്മകള്‍ ഇന്നും മനദാരില്‍ ഇന്നലെയെന്നപോലെ  തെളിഞ്ഞു നില്‍ക്കുന്നു.
ഇന്നലെകളുടെ മങ്ങാത്ത ഓര്‍മ്മകളുമായി  എല്ലാ  സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഈദുല്‍ ഫിത്തര്‍ ആശംസകള്‍.