പ്രകൃതിയിലൂടെ ദൈവം കനിഞ്ഞുനല്‍കിയ പച്ചപ്പും ജലസ്രോതസ്സുകളും കൊണ്ടും പ്രാകൃത കാലത്തിന്റെ സ്മരണികകളെക്കൊണ്ടും സ്വാതന്ത്ര്യസമരപോരാട്ട ചരിത്ര പെരുമയാലും കേളി മികച്ച,ഇവയെല്ലാം ഒത്തുചേര്‍ന്ന സമന്വിതമായ ഭൂമികയിലാണ് എന്റെ ദേശം .
പ്രവാസത്തിന്റെ ഇടവേളകളില്‍ കിട്ടുന്ന അവധിക്കാലം നാട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതോടൊപ്പം തന്നെ പ്രകൃതി രമണീയത നുകര്‍ന്നും പൌരാണികതയുടെ ശേഷിപ്പുകളായ
പൈതൃകങ്ങള്‍
കണ്ട് കാഴ്ച പുതുക്കിയും ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിച്ചും
കണ്ടും തൊട്ടും സ്മരിച്ചുമൊക്കെയായി വിനിയോഗിക്കുകയാണ് പതിവ്.ഇതിലൊക്കെ കുതുകിയായ ഞാനിഷ്ടപ്പെടുന്നതും ഇതൊക്കെത്തന്നെ.
അങ്ങിനെ പഴമയും പൈതൃകമായ ശേഷിപ്പുകളും തേടിയുള്ള അതില്‍ ജിജ്ഞാസുവായ ഞാന്‍ നടത്തുന്ന അന്വേഷണ പ്രയാണങ്ങള്‍ക്കിടയില്‍ കാണുന്ന ഭൂതകാലത്തിന്റെ ചില ശിഷ്ടങ്ങള്‍ എന്നെ അതിശയനീയമാക്കിയിരിക്കും.അതിലൊന്നാണ് ഈ കാണുന്ന ഒരു പുരാതന ഇല്ലത്തിന്റെ പടിപ്പുരയും അതില്‍ മേഞ്ഞിരിക്കുന്ന ഓടും . ഈ പടിപ്പുര ഓട് പാകുന്നതിന് മുമ്പ് ഓല മേഞ്ഞതായിരുന്നത്രേ.എന്നാലും ആശ്ചര്യമേറെ ഇതിന് പാകിയിരിക്കുന്ന ഓടിന് തന്നെ.
ഇന്ത്യയില്‍ ഓട് വ്യവസായത്തിന് തന്നെ തുടക്കം കുറിക്കുന്ന കാലത്തുള്ളതാണിത്. 1865
ല്‍ ബേസല്‍ മിഷന്‍ എന്ന നിര്‍മ്മാണ കമ്പനി നിര്‍മ്മിച്ചതാണിത് .
ദീര്‍ഘകാല പഴക്കമുണ്ടായിട്ടും അന്നത്തെ "പുത്തോട്"
ഇന്നും പുത്തനായിത്തന്നെ നിലനില്‍ക്കുന്നു. അപാരമായ ഇതിന്റെ ഈട് ആരെയും വിസ്മയിപ്പിക്കും .
പഴമ എന്നും പുതുമയുള്ളത് തന്നെ .കാലത്തിന് മായ്ക്കാനാവാത്ത പത്തരമാറ്റ് .
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍