ഇന്ന്‍ വെള്ളിയാഴ്ച.
ഒരു ജുമുഅ നമസ്ക്കാരം കൂടി നാട്ടില്‍ ലഭിച്ചതിന്റെ നിർവൃതിയിലാണിന്ന്‍ ഞാൻ. എന്റെ മതവിശ്വാസപ്രകാരം ദിവസങ്ങളില്‍
ഏറ്റവും ഉത്തമമാക്കിക്കൊണ്ട് ദൈവം നല്‍കിയ ദിനം. ഉടയോന്‍ നല്‍കിയ അപാരമായ അനുഗ്രഹങ്ങള്‍ കൊണ്ടും ശ്രേഷ്ഠതകള്‍ കൊണ്ടും നിറഞ്ഞ ഒരു സുദിനം. ജീവിതം സ്വന്തം ദേശത്ത് നിന്നും പ്രവാസലോകത്തേക്ക് പറിച്ച് നട്ട എന്നെപ്പോലുള്ള പ്രവാസിക്ക് ആണ്ടുകളില്‍ ആറ്റു നോറ്റ് കിട്ടിയ അവധിക്ക് നാട്ടിലെത്തുമ്പോള്‍ ദൈവാനുഗ്രഹത്താല്‍ സ്വന്തം നാട്ടില്‍ കിട്ടുന്ന ജുമുഅ നിസ്ക്കാരങ്ങള്‍ അമൂല്യവും ധന്യവുമായ ചില അവസരങ്ങളാണ്. ഉറ്റവര്‍ക്കും ഉടയവര്‍ക്കും നാടിനും നാട്ടാര്‍ക്കും വേണ്ടി
ഊഷരഭൂമിയില്‍ ഉരുകും മെഴുകുതിരികളായ പ്രവാസിക്ക്
കിട്ടുന്ന ഈ വേള സാര്‍ത്ഥകവും അനര്‍ഘവുമാണ്.
ഇന്നത്തെ വെള്ളിയാഴ്ചയും പതിവ് പോലെ എന്റെ ദേശത്തെ പള്ളിയില്‍ വിശ്വാസികൾ ഒത്തുകൂടി (ദാറുസ്സലാം ജുമാ മസ്ജിദ് .ചേറൂർ, മുതുവിൽ കുണ്ട്). സാധാരണ പോലെ മഹല്ലിന്റെ
മത പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയും നേതാവുമായി വര്‍ത്തിക്കുന്ന മഹല്ല് ഖത്തീബ്
കാലികമായ വിഷയങ്ങളില്‍ വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അര്‍ത്ഥഗര്‍ഭമായി ഭാഷണം ചെയ്തു.ഇന്നത്തെ വിഷയം കുടിനീര്‍ പഞ്ഞം നേരിട്ട് കൊണ്ടിരിക്കുന്നതിനെ സംബന്ധിച്ചായിരുന്നു.എണ്ണമറ്റ സൗകര്യങ്ങളാണ് സര്‍വ്വലോക സൃഷ്ടാവായ അല്ലാഹു നമുക്ക് വേണ്ടി ഭൂമിയില്‍ സംവിധാനിച്ചു വെച്ചിരിക്കുന്നത്. പരിസ്ഥിതി , അതിലെ വൃക്ഷലതാദികളും സസ്യങ്ങളും പര്‍വ്വതങ്ങളും നീര്‍ തടാകങ്ങളും ജലസ്രോതസ്സുകളുമെല്ലാമെല്ലാമായി എണ്ണിയാല്‍ തീരാത്ത വിധത്തിലാണൊരുക്കി വെച്ചിരിക്കുന്നത്. പരിസ്ഥിതിയെ പരിപാലിക്കുന്നതിനെക്കുറിച്ചും ജലവിഭവ സംരക്ഷണത്തെക്കുറിച്ചും ഇസ്ലാം അതിന് നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം തന്റെ കുത്തുബ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. പിന്നീട് ഖത്തീബ് മിമ്പറില്‍ കയറി സന്നിഹിതരായ മഹല്ലുകാര്‍ക്ക് മുമ്പില്‍ ഖുത്തുബ പാരായണം എന്ന
ദൈവികസന്ദേശത്തിലുള്ള
മനുഷ്യമന:സാക്ഷിയെ നേര്‍വഴിയിലേക്കുണര്‍ത്തുന്ന, ഇസ്ലാമിന്റെ വിധി വിലക്കുകള്‍ ഉദ്ബോധിപ്പിക്കുന്ന
രണ്ട് ഉപദേശ പ്രഭാഷണങ്ങള്‍ നടത്തി. അനന്തരം രണ്ട് റക്കഅത്ത് നിസ്ക്കാരവും അനുബന്ധപ്രാര്‍ത്ഥനകളും നടത്തി പിരിഞ്ഞു.
നിസ്ക്കാര ശേഷം പിന്നെ നേരെ കൂട്ടമായി പള്ളിപറമ്പിലേക്കുള്ള ഒഴുക്ക്. മൈലാഞ്ചിചെടികള്‍ തിങ്ങി നില്‍ക്കുന്ന പള്ളിക്കാട്ടില്‍ ആറടികളില്‍ സ്മാരകശിലകളായി
ചിട്ടപ്പെടുത്തിയ മീസാന്‍ കല്ലുകള്‍ക്കുതാഴെ അന്ത്യവിശ്രമം കൊള്ളുന്ന ഒരുപാട് ഖബറാളികള്‍.
ത്യാഗങ്ങള്‍ സഹിച്ച് പോറ്റി വളര്‍ത്തി
മാതാപിതാക്കള്‍ ,ബന്ധുമിത്രാതികള്‍. അവര്‍ക്ക് വേണ്ടി നമുക്കിനി നല്‍കാനാവുന്നത് മനമുരുകിയുള്ള പ്രാര്‍ത്ഥനകള്‍ മാത്രമാണല്ലോ.
അവരുടെ അരികിലെത്തി ഓരോരുത്തരും പരലോകമോക്ഷത്തിനായി
ഇരു കൈകളുമുയര്‍ത്തി പ്രാര്‍ത്ഥനാനിര്‍ഭരരായി സൃഷ്ടാവിനോട് ഇരവ് തേടലായി.ഖബറാളികളോട് സലാം പറഞ്ഞ് പിരിയുന്നു. ശേഷം നാട്ടാരോടുള്ള കുശലാന്വേഷണം നടത്തിയും സമ്പര്‍ക്കം പുതുക്കിയും അനന്തരം ചെലവിടുന്നു. ഇതൊക്കെ സംഹിത ചര്യയായ പതിവാണല്ലോ. നാട്ടിലെ ജുമുഅക്ക് പങ്കെടുക്കുന്നതിനോടൊപ്പം നാട്ടാരുമായി ഓര്‍മ്മ പുതുക്കലും നിര്‍ദ്ദോഷകരമായ തമാശകള്‍ പറഞ്ഞും പുതുതലമുറകളുമായി പരിചയപ്പെടലുമൊക്കെയായി ജുമുഅ അഥവാ ഒത്തുകൂടല്‍ എന്ന ആ ദിനത്തെ അന്വര്‍ത്ഥമാക്കുന്നത് നാട് വിട്ട് ജീവിക്കുന്ന പ്രവാസികള്‍ തന്നെയാണ് .സ്വന്തം നാടിന്റെ തുടിപ്പിനും , മിടിപ്പിനും ചെവിയോര്‍ക്കാന്‍ പ്രവാസിയോളം മറ്റാരുണ്ട്.
ബാല്യകാല കൂട്ടുകാരും സമപ്രായരും നാട്ടുകാരും മറ്റു പരിചയക്കാരെയുമൊക്കെ ഒരുമിച്ച് കാണാനും കുശലവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ലോഹ്യം പുതുക്കാനുള്ള സന്ദര്‍ഭവും കൂടിയാണ് എന്നെപ്പോലുള്ളവര്‍ക്ക് ജുമുഅ ദിനത്തിലെ ഈ സംഗമം . പക്ഷെ കണ്ടിരുന്നവരിലെ പലരുടെയും അഭാവത്തെക്കുറിച്ച് എന്റെ പരതലില്‍ , എന്റെ അന്വേഷണത്തില്‍ എന്നെ കൊണ്ടെത്തിച്ചത് വിരഹത്തിന്റെ തീരങ്ങളിലേക്കാണ് . നൊമ്പരത്തിന്റെ കാര്‍മേഘം ഇരുണ്ട് കൂടുന്നു. തിരയുന്ന പലരും രോഗശയ്യയിലാണ്.
ഇന്നലെ കണ്ടവരില്‍ പലരും ഇന്നൊപ്പമില്ല.
അന്ന് ചിരിച്ചവരില്‍ പലരുമിന്ന്‍ കരയുന്നു. ഇതാണല്ലോ ലോകം .ഇങ്ങനെയാണല്ലോ ജീവിതം.
പലരും വീടകത്തടവറയില്‍ ദീനക്കിടക്കയില്‍ തളച്ചിടപ്പെട്ടിരിക്കുന്നു.
അടുത്ത ഊഴം ആര്‍ക്കെന്നറിയില്ല.
രോഗവും മരണവുമൊക്കെ എപ്പോഴാണെന്നോ എവിടെ വെച്ചാണെന്നോ ആര്‍ക്കാണെന്നോ നമുക്കാര്‍ക്കുമറിയില്ല.
ക്ഷണിക്കാതെ വരുന്ന അതിഥിയായി സ്ഥലകാലബോധമില്ലാതെ മരണം നാം ഏവരെയും പുല്‍കും. നാമെല്ലാവരും മരണമെന്ന അതിഥിയെ കാത്തിരിക്കുന്ന ആതിഥേയര്‍.
നാടും വീടും ഉറ്റവരെയും വിട്ട് ഏഴാം കടലിന്നക്കരെ മരുഭൂനാട്ടില്‍ കുടുംബത്തിന് വേണ്ടി,മക്കള്‍ക്ക് വേണ്ടി, അവരുടെ സന്തോഷത്തിന് വേണ്ടി അഷ്ടിതേടുന്ന പ്രവാസിയെ സംബന്ധിച്ചേടത്തോളം മറുനാട്ടില്‍ പോയി തിരിച്ച് വരുമ്പോഴത്തേക്ക് പലരും ഒപ്പമില്ല.
കൂട്ട് കുടുംബങ്ങളില്‍ നിന്ന്‍ പോലും പിരിഞ്ഞ് പോകുമ്പോള്‍ അവസാനമായി ഒരു നോക്ക് കാണാന്‍ അവനിക്കാവുന്നില്ല .
പ്രവാസത്തിന്റെ ഏടുകളിലെ കണ്ണ്‍ നനയിക്കുന്ന കദനകഥകളാണിതൊക്കെ.
മരണം, അത് ജീവിതം തോറ്റ് കൊടുക്കുന്ന സത്യം.
എല്ലാം ദൈവ നിശ്ചയം . അതു ഭവിക്കുക തന്നെ ചെയ്യും.
പാവപ്പെട്ടവനും പണക്കാരനും പ്രമാണിയുമെന്ന വ്യത്യാസമില്ലാതെ എല്ലാവരും
എല്ലാ ഐഹിക സുഖങ്ങളും വെടിഞ്ഞ് പോകേണ്ടവരാണ് .
ദൈവം നല്‍കിയ ആയുസ്സിന്റെ സമയ പരിധിക്കപ്പുറം ഒരു നിമിഷം പോലും അധികം ലഭിക്കില്ലല്ലോ.
സുഖ ജീവിതത്തിന്‍റെ ലോലുപതയില്‍ എല്ലാം മറന്നു ജീവിക്കുന്ന മനുഷ്യന്‍റെ കാര്യം എത്ര ക്ലേശകരമാണ്. നമുക്കൊക്കെ
എന്നെങ്കിലും ഒരു തിരിച്ച് പോക്കുണ്ടെന്ന ചിന്തയില്‍ ജീവിക്കുക.
നാഥന്‍റെ വിധിവിലക്കുകളും നിയമ നിര്‍ദ്ദേശങ്ങളും കാത്ത് സൂക്ഷിച്ച് നമുക്ക് ജീവിതം മുന്നോട്ട് നയിക്കാൻ സാധിക്കട്ടെ .
ഉടയോന്‍ നമ്മെ അനുഗ്രഹിക്കട്ടെ.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍