പുതുതായി എന്റെ ഗ്രന്ഥശേഖരങ്ങളിലെത്തിയ പുസ്തകങ്ങളിൽ വിശിഷ്ടമായൊരു കൃതിയാണിത്.
ദേശക്കൂറിന്റെ ചോരചിന്തിയ പോരാട്ട ചരിത്രമുറങ്ങുന്ന പ്രദേശമാണ് മലപ്പുറം വേങ്ങരയിലെ എന്റെ ഗ്രാമമായ ചേറൂര്‍.
ബ്രട്ടീഷ്-ജന്മിത്വത്തിന്റെ കിരാത വാഴ്ചക്കെതിരെ മലബാറിലെ ചേറൂരിൽ വെച്ച് ഏഴ് മാപ്പിള യോദ്ധാക്കളും ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ അഞ്ചാം മദിരാശിപ്പടയിലെ 60 ഭടൻമാരും തമ്മിൽ 1843-ൽ നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരപോരാട്ടമായിരുന്നു ചേറൂർപ്പട .
ബ്രിട്ടീഷ്-ജന്മി മേധാവിത്വത്തിനു കീഴിൽ,
അവരുടെ നിഷ്ഠൂര വാഴ്ചയിൽ പൊറുതി മുട്ടിയ മാപ്പിളമാരും കുടിയാന്മാരും സംഘടിതമായി ദേശ സ്നേഹത്തിന്റെ മാനുഷികമായ തുല്യതയിലൂടെ
സാഹോദര്യത്തോടെയും മതേതരത്വത്തോടെയും കഴിഞ്ഞിരുന്ന ഒരു നാട്ടു സമൂഹത്തിനിടയിലേക്ക് സാമുദായിക ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനുള്ള ബ്രിട്ടീഷ് കിരാതന്മാരുടെ നിഗൂഢ ശ്രമങ്ങളെയാണ് അന്ന് ഈ ധീരപോരാളികള്‍ നേരിട്ടത്.
അധിനിവേശ വിരുദ്ധ സമരനായകൻ മമ്പുറം തങ്ങൾ നേരിട്ട് പങ്കെടുത്ത ഏക യുദ്ധമാണ് ചേറൂർ വിപ്ലവം .
ചോരയിലെഴുതിയ ആ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി അക്കാലത്തെ
കവിമുനിമാരായിരുന്ന ചേറൂർ സ്വദേശികളായ മുഹ് യുദ്ദീനും മമ്മദ് കുട്ടിയും സംയുക്തമായി അറബി മലയാളത്തിൽ രചിച്ച സങ്കര ഭാഷയിലുള്ള കാവ്യ കൃതിയായിരുന്നു ' സാരസർഗുണ തിരു തരുളമാല ' എന്ന 'ചേറൂര്‍ പടപ്പാട്ട് '.
സംഭവ ബഹുലമായ ആ ചരിത്ര സംഭവങ്ങളുടെ ആധികാരികമായ ചരിത്രരേഖയായി വിശേഷിപ്പിക്കാവുന്ന
ചേറൂര്‍ പടപ്പാട്ട്
എന്ന ബൃഹത്തായ ഒരു കാവ്യ ഗ്രന്ഥം ചേറൂര്‍ പട കഴിഞ്ഞ് രണ്ട് വർഷശേഷം തന്നെ വിരചിതമായിട്ടുണ്ട്.
സ്വാതന്ത്ര്യസമര സേനാനികളെ പുളകം കൊള്ളിച്ച ഈ പടപ്പാട്ട് പിൽക്കാലത്ത് ദേശദ്രോഹ കുറ്റം ചുമത്തി ബ്രട്ടീഷുകാർ കണ്ടുകെട്ടി.
വിപ്ലവവീര്യമുണര്‍ത്തിയ ഈ പടപ്പാട്ടാണ് പിന്നീട് മലബാറില്‍ നടന്ന സാമ്രാജ്യത്വ-ജന്മിത്വവിരുദ്ധ സമരങ്ങള്‍ക്ക് വീര്യവും ഊര്‍ജ്ജവും പ്രചോദനവും നല്‍കിയത്.
ചേറൂർ പടപ്പാട്ടിന്റെ സകാവ്യ അർത്ഥവിവരണവും വിശദമായ വ്യാഖ്യാനവുമാണ് 'ചേറൂർ പടപ്പാട്ട് കനൽപഥങ്ങളിലെ ഇശൽജ്വാലകൾ '
എന്ന പേരിൽ മലപ്പുറം ഗവ.കോളേജ് ചരിത്ര വിഭാഗം അധ്യാപകൻ ഡോ.സക്കീർ ഹുസൈൻ തയ്യാറാക്കിയ ഈ കൃതി.
ഗ്രന്ഥകർത്താവ് നിരവധി ചരിത്രരേഖകളിൽ നിന്നും ചരിത്രകാരന്മാരിൽ നിന്നും
ശേഖരിച്ചും തീവ്രമായ അന്വേഷണവും ഗഹനമായ പഠനവും മനനവും നടത്തി ഏറെ പണിപ്പെട്ടാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് എന്നത് ഇത് വായിക്കുന്നവർക്ക് ബോധ്യമാകും.
ഈ വിശിഷ്ട ഗ്രന്ഥം മാപ്പിള സാഹിത്യത്തിനും ചരിത്രപഠിതാക്കൾക്കും ചരിത്രാന്വേഷകർക്കും എന്ത്കൊണ്ടും മുതൽക്കൂട്ടാകും.
സ്വരാജ്യത്തിനുമേൽ വിദേശ മേധാവിത്വത്തിനെതിരെ നടന്ന ധീരമായ സമരത്തിൽ സ്വജീവിതം കൊണ്ട് അദ്ധ്യായം എഴുതിച്ചേർത്ത
രണധീരരായ ആ മഹാത്മാക്കളുടെ ത്യാഗസ്മരണ സ്വാതന്ത്ര്യത്തിന്റെ സുഖവും സൗകര്യങ്ങളും ആവോളം നുകർന്ന് ജീവിക്കുന്ന നാം തലമുറകളിലൂടെ കൈമാറി എന്നെന്നും നമ്മിൽ നിലനിർത്തേണ്ടതുണ്ട്.
- എൻ കെ മൊയ്തീൻ ചേറൂർ