2019, ജൂലൈ 20, ശനിയാഴ്‌ച

എന്റെ ഓത്തുപള്ളി

ഇത് ഞാന്‍ പഠിച്ച ഓത്തുപള്ളി (ചേറൂര്‍,മുതുവില്‍കുണ്ട് മദ്രസ)   .   ഈ മദ്രസയും പഠന കാലഘട്ടവുമൊക്കെ പരദേശ ജീവിതത്തിലെ ഏകാന്ത വാസ ചിന്തകളിൽക്കിടയിൽ പലപ്പോഴും ഓർമകളുടെ പടികടന്നെത്തും.
സ്മൃതിയിൽ ഗതകാല വിചാരങ്ങൾ ആവിർഭവിക്കാൻ തുടങ്ങുമ്പോൾ താളക്കൊഴുപ്പേകാൻ വടകര കൃഷ്ണദാസും വിടി മുരളിയും പാടിപ്പതിപ്പിച്ച ഓത്തുപള്ളിപ്പാട്ടും ചുണ്ടിൽ തത്തിക്കളിക്കാൻ തുടങ്ങും.
ആ പഴയകാലത്തിലേക്ക് ഒരിക്കല്‍ കൂടി മടങ്ങിയെത്തിയപോലെയാണപ്പോൾ.
 **"ഓത്തുപള്ളീലന്നുനമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തുകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം.
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടുചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക"**
 മലയാളിയുടെ ഗൃഹാതുരത തൊട്ടുണർത്തുന്ന ഈ പാട്ടിന്റെ വരികള്‍ കേട്ടാൽ ആർക്കും
ബാല്യവും പഠനകാലഘട്ടവും ഓത്തുപള്ളിയുമൊക്കെ താനെ ഓര്‍മയെന്ന സ്ക്രീനിൽ തെളിയും.
  ഈ വരികൾക്കും എന്റെ മദ്രസാ കാലഘട്ടത്തിനും   വല്ലാത്തൊരാത്മബന്ധമാണുള്ളത്.   കാലമെത്ര മുന്നോട്ട്കുതിച്ചു.
മൊല്ലാക്കാന്റെ ചൂരൽ കഷായവും സഹിച്ച് സഖി  പങ്കുവെച്ച നെല്ലിക്കയും ഉപ്പ് കൂട്ടി കണ്ണിമാങ്ങ പകുത്ത് തിന്നതുമൊക്കെ ഈ പാട്ട് കേട്ടാൽ  കണ്ണി മാങ്ങാ പ്രായത്തിന്റെ ഓർമകൾ മനസ്സിൽ ചില്ലാട്ടമാടാൻ തുടങ്ങും.
     അന്ന് തിന്ന ആ നെല്ലിക്കയുടെ കുരു   മുളച്ച്  ഇന്നൊരു വന്‍ നെല്ലിക്കാമരമായി
 പൊയ്പോയ കാലത്തിന്റെ മധുരിക്കും ഓർമ്മകൾ പേറി തണൽ വിരിച്ചും  കനി ഉതിർത്തും എന്‍റെ  മദ്രസയുടെ   മുറ്റത്ത് വടവൃക്ഷമായി
 നില്‍ക്കുന്നതായി കണ്ണിൽ കാണും.
കൂട്ടുകാരോടൊപ്പം ഈ മുറ്റത്തും വരാന്തയിലും കളിച്ചുല്ലസിച്ച എന്‍റെ ബാല്യകാലം .
മഷിത്തണ്ടും പെന്‍സിലും കടം വാങ്ങിയും കൂട്ടുകൂടിയും കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കലഹിച്ചും  ഇണങ്ങിയും പിണങ്ങിയും കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും പരസ്പരം പങ്കുവച്ചും കഴിഞ്ഞിരുന്ന  നിഷ്കളങ്കമായ കുഞ്ഞുമനസ്സുകള്‍.
  പാഠപുസതകത്താളിൽ പെറ്റുപെരുകുന്നതും കാത്ത്സൂക്ഷിച്ച മയിൽപ്പീലി പോലെ ആ വസന്തകാലത്തെ ഇന്നും മനദാരിൽ കാത്തുവെക്കുന്നു .
ഗൃഹാതുരത്വം നിറഞ്ഞ,
 സൗരഭ്യം പൂത്തുലഞ്ഞ ആ മലർകാലം തിരികെ വരാൻ കൊതിക്കാത്തവരാരുണ്ട്.
മനുഷ്യായുസ്സിന്റെ ബാല്യവും കൌമാരവും യുവത്വവും കടന്ന് മധ്യവയസ്കതയിലേക്ക് ചുവടുമാറിയിട്ടും
ഇനിയൊരിക്കലും പടികയറിവരില്ലെന്ന്  അറിയാമെങ്കിലും ഞാന്‍ ബാല്യത്തെ തിരയുകയാണ്.
- എൻ കെ മൊയ്തീൻ ചേറൂർ

2019, ജൂൺ 5, ബുധനാഴ്‌ച

"മരം ഒരു വരം "


      ഈ  പ്രവാസഭൂമിയില്‍ എന്റെ  താമസിക്കുന്ന കെട്ടിടമുറ്റത്ത് തണലേകി പടര്‍ന്നു നില്‍ക്കുന്ന മാഞ്ചോട്ടില്‍ നില്‍ക്കുമ്പോള്‍ ഗതകാലത്തിന്റെ ഒളിമങ്ങാത്ത എന്തെല്ലാം  ഓര്‍മ്മകളാണ് മനസ്സിലേക്ക് മധുരാധരിയായി
മന്ദസ്മിതം തൂകിയെത്തുന്നത്.വീട്ടു തൊടിയിലെ മാവില്‍ കവരങ്ങളില്‍ നിറയെ തുരതുര നിറഞ്ഞ് നില്‍ക്കുന്ന മാമ്പഴം .
തെന്നലേറ്റ് ഞെട്ടറ്റുവീഴുന്ന പഴുത്ത മാമ്പഴത്തിനുവേണ്ടി കൊതിയോടെയുള്ള നാട്ടു മാഞ്ചോട്ടിലെ കാത്തിരിപ്പ് .കാത്തിരുന്ന് മുഷിയാനൊന്നും ചിലപ്പോള്‍ കൈത്തരിപ്പും ഉമിനീരില്‍  കുതിര്‍ന്ന കൊതിയുമനുവദിക്കില്ല.അതിന് മുമ്പേ മാങ്കുല ഞെട്ടിലേക്ക്  ഉന്നം നോക്കി ഒരേറാണ്.
  പ്രത്യേകിച്ച് അവധിദിനങ്ങളിലൊക്കെ മാവിന്‍ ശിഖരങ്ങളില്‍ ഊഞ്ഞാല്‍ കെട്ടിയാടിയും മാവിന്‍ തണലില്‍ നേര്‍ത്തകാറ്റേറ്റ് കൂട്ടുകാരോടൊപ്പം  പലവിധ കുട്ടിക്കളികളില്‍ ഏര്‍പ്പെട്ടും അങ്ങിനെ കളിച്ചും ചിരിച്ചും രസിച്ച് കഴിഞ്ഞിരുന്ന ആ കുട്ടിക്കാലം .ഈ ആധുനിക കാലത്ത് അത്തരം കാഴ്ചകളൊക്കെ നമ്മുടെ നാട്ടില്‍ നിന്നും  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
  ഫലഭൂയിഷ്ഠമായ മണ്ണില്‍
കാര്‍ഷിക പാരമ്പര്യമുള്ള , വൃക്ഷലതാദികള്‍ തഴച്ചു വളര്‍ന്ന് നില്‍ക്കുന്ന നാട്ടില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഇതൊക്കെ കഴിഞ്ഞകാല ജീവിതവുമായി ഇഴചേര്‍ന്നതായിരുന്നു.നാടിന്റെ
പ്രകൃതിയെയും പച്ചപ്പിനേയും സ്നേഹിക്കുന്ന ഈയുള്ളവന് ഈ മരുനാട്ടില്‍ ജീവിക്കുമ്പോഴും ഇവിടന്ന്‍ കിട്ടുന്ന ഇത് പോലുള്ള മാമരങ്ങളും ഹരിതകമായ കാഴ്ചകളുമൊക്കെ  നമ്മുടെ നാടിന്റെ ഗൃഹാതുരമായ
 ഓര്‍മ്മകളുണര്‍ത്തി അതില്‍ മനം സായൂജ്യം കൊള്ളുന്നു.ഇന്നും ചെറുപ്പത്തിന്റെ സുന്ദരമായ ആ  ഓര്‍മ്മകളൊക്കെ അയവിറക്കുമ്പോള്‍ മനസ്സില്‍ ആഹ്ലാദവും
ഒരു നിര്‍വൃതമായ സംതൃപ്തിയുമാണെനിക്ക്. എന്നാലും എന്റെ നാടിന്റെ  ഇന്നിന്റെ അവസ്ഥയോര്‍ത്ത് ഖിന്നനാകും . ഇന്നെല്ലാം മാറിമറിഞ്ഞു.മരങ്ങളും കാടുകളും കുന്നുകളുമൊക്കെ പരിഷ്കൃത സമൂഹം നശിപ്പിച്ചുകൊണ്ടിരിക്കുന്നു.ഇന്ന്  പരിസ്ഥിതി നേരിടുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ നമുക്ക് ആ പഴയ പ്രതാപം തിരികെ കൊണ്ടുവന്നെങ്കില്‍ മാത്രമേ സാധിക്കൂ. അതിനായ് നാം സ്വയം ബോധവാന്മാരാകുന്നതോടൊപ്പം
പാരിസ്ഥിതികമായ ഒരവബോധം വളര്‍ന്നു വരുന്ന ഇളം  തലമുറയിലേക്ക്  പകര്‍ന്ന് കൊടുക്കുകയും വേണം. ഓരോ കുരുന്നിനും ആദ്യപാഠം പരിസ്ഥിതിയെക്കുറിച്ചാവണം.
അവരിലൂടെ നമുക്ക് നഷ്ടമായ വൃക്ഷങ്ങളും പച്ചപ്പുമൊക്കെ തിരികെ കൊണ്ട് വരാന്‍ സാധിക്കട്ടെ .നമ്മുടെ  ജീവന്റെയും നാടിന്റെയും നിലനില്‍പ്പിനായി ജീവനമായതും   അഴകേകുന്നതുമായ  മരങ്ങളും  പച്ചപ്പുകളൊക്കെ എന്നേക്കും നിലനില്‍ക്കട്ടെ .മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഏവര്‍ക്കും എന്റെ ലോക പരിസ്ഥിതിദിനാശംസകള്‍.
   -എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2019, ഫെബ്രുവരി 19, ചൊവ്വാഴ്ച

കണ്ണീർ പുരണ്ട പ്രവാസ ജീവിതങ്ങൾ

    കാണുന്നവരുടെയൊക്കെ കണ്ണ് നനയിപ്പിച്ച് കൊണ്ട് പ്രവാസ ജീവിതത്തിന്റെ കദന പ്രമേയവുമായി
ഒരു ചിത്രീകരണ ശകലം ഏതാനും ദിവസമായി
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.   ഹൃദയസ്പർശിയായ ആ ടിക് ടോക്ക് ആവിഷ്ക്കാരത്തിന്
സാമൂഹ്യ മാധ്യമങ്ങളിലൂടെ വൻ പ്രചാരമാണ്
 ലഭിച്ച് കൊണ്ടിരിക്കുന്നത്. 
                വാസ്തവത്തിൽ അതൊരു അൽ ഐനിൽ കാൽ നൂറ്റാണ്ടോളമായി വീട്ടുവേല ചെയ്യുന്ന പ്രവാസിക്ക് നാട്ടിൽ നിന്നും അദ്ദേഹത്തിന്റെ പൊന്നുമോൾ വാട്ട്സപ്പിലൂടെ അയച്ച നേർ ശബദമായിരുന്നു എന്നറിഞ്ഞത്
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചില പ്രാദേശിക ചാനലുകളിലും മറ്റും അതേക്കുറിച്ച് വന്നപ്പോൾ മാത്രമാണ്.
       പൊന്ന് വിളയുന്ന നാട്ടിൽ കഴിയുന്ന പിതാവിന്റെ പക്കലേക്കെത്തി പലരാലും പറഞ്ഞ് കേട്ട ആ സ്വപ്ന ലോകമൊന്ന് കാണാൻ കൊതിപൂണ്ട് സ്വന്തം മകൾ ഒരു പ്രവാസിക്ക് നാട്ടിൽ നിന്നയച്ച വാട്ട്സപ്പ് സന്ദേശമാണ് പ്രവാസ ലോകമാകെ സങ്കടക്കടൽ തീർത്ത് മുന്നേറുന്നത്.
പൊന്നുമോളുടെ യാചനക്കു മുമ്പിൽ
തൊഴിലിലെ ബുദ്ധിമുട്ടും  പരാതീനമായ സാമ്പത്തിക സ്ഥിതിയും സൗകര്യങ്ങളുടെ അപര്യാപ്തതയിലും ക്ലേശകരമായ സാഹചര്യത്തിലും വീർപ്പുമുട്ടിക്കഴിയുന്ന
തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത മകളുടെ ആഗ്രഹത്തിനു മുമ്പിൽ നിസ്സഹായനായി പിടിച്ചു നിൽക്കാനാവാതെ പിതാവിന്റെ വിങ്ങിപ്പൊട്ടൽ  വികാരനിർഭരമായി അവതരിപ്പിച്ച് പച്ചയായ
ഭാവപ്രകടനമാണ് കലാകാരൻ നിർവ്വഹിച്ചത്.
    പ്രവാസി സമൂഹമാകെ കേട്ട് സങ്കടമുണർത്തിയ ഈ ശബ്ദം പ്രവാസിയും പ്രവാസ ലോകത്തെ മികച്ചകലാകാരനുമായി അറിയപ്പെടുന്ന ജലാൽ മുവാറ്റുപുഴ  തന്റെ അവതരണത്തിലൂടെ ടിക് ടോക്ക് രൂപത്തിൽ അണിയിച്ചൊരുക്കുകയായിരുന്നത്രെ.
തീക്ഷ്ണമായ പ്രവാസത്തിന്റെ നേർജീവിതമാണിതിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. 
                  ഒരു ഇത്തിരി ദൃശ്യമാണെങ്കിലും ഗൾഫ് മണൽ കാട്ടിൽ മക്കൾക്ക് വേണ്ടി കുടുംബത്തിന് വേണ്ടി അവരെ അല്ലലറിയിക്കാതെ പോറ്റി ജീവിപ്പിക്കുന്നതിന് വേണ്ടി ഏഴാം കടലിനിക്കരെ അറബ് നാട്ടിൽ  വീട്ടുജോലികളിലും മസ്റയിലും (കൃഷിത്തോട്ടങ്ങളിൽ ) ആടുകളെ മേച്ചുമൊക്കെയായി അധികഠിനമായി പണിയെടുത്ത് കഷ്ടപ്പെടുന്ന നമ്മുടെ
നല്ലൊരു പങ്ക് പ്രവാസിയുടെയും കണ്ണീരും പരിദേവനവും ഇതിലുണ്ട്. 
ഇവരാണ് യഥാർത്ഥത്തിൽ പ്രവാസി എന്നതിന്റെ വിരഹവും ബുദ്ധിമുട്ടുകളും പരിത്യാഗവുമൊക്കെ ഏറെ അനുഭവിക്കുന്നവർ.
                   ആയുഷ്ക്കാലത്തിന്റെ നല്ല പങ്കും മരുക്കാട്ടിൽ ആട്ടിൻ പറ്റങ്ങൾക്കൊപ്പം ഹോമിക്കാൻ വിധിക്കപ്പെട്ട ഒരു പാട് സഹോദരന്മാരുടെ പ്രതീകമാണിതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
 ഗൾഫിന്റെ മണലാരണ്യത്തിൽ ഇത്തരം  ജോലികൾ ചെയ്യുന്നവർ അനുഭവിക്കുന്നതിന്റെ അത്രയൊന്നും പരദേശ ജീവിത പ്രയാസാനുഭവങ്ങളൊന്നും
മറ്റൊരു മേഖലകളിലും പണിയെടുക്കുന്ന പ്രവാസികൾക്കും പറയാനുണ്ടാവില്ല. 
                   സ്വകടുംബം പ്രാരാബ്ദങ്ങളുടെയും ദാരിദ്ര്യത്തിന്റെയും പിടിയിലകപ്പെട്ട് ഉലയുമ്പോൾ നാടിനും കുടുംബത്തിനും വേണ്ടി ഏത് വിധേനയും കരകയറ്റുക എന്ന ഒറ്റ ലക്ഷ്യത്തോടെ
ഹൃദയത്തിൽ നീറുന്ന കനലുമായി മരുഭൂ നാട്ടിലേക്ക് എത്തിപ്പെടുന്നവർ.
പലരും മോഹന വാഗ്ദാനങ്ങളിൽ അകപ്പെട്ട്
വഞ്ചനക്കിരയായെന്നറിഞ്ഞിട്ടും
വിധിയെ പഴിച്ച് നിൽക്കാതെ എല്ലാം കുടുംബത്തിന്റെ നന്മയോർത്ത് എന്തും സഹിച്ച് നിൽക്കേണ്ടിവരികയാണ്.
ഗൾഫിന്റെ പ്രവാസ ലോകത്ത് എല്ലാവരും തുല്യരെന്ന ധാരണ അബദ്ധമാണ്.
ഇവിടെയുമുണ്ട് സമ്പന്നരും ദരിദ്രരും.
  പ്രവാസികളെക്കുറിച്ച് പറയുമ്പോൾ ആദ്യ ഗണത്തിൽ ചേർക്കേണ്ടത് നാമെപ്പോഴും ഊഷരഭൂമിയിൽ
ഉരുകും മെഴുകുതിരികളെന്ന്  വിശേഷിപ്പിക്കാറുള്ള വാക്കിനെ അന്വർത്ഥമാക്കുന്ന തരത്തിൽ മരുഭൂമിയിൽ ആട് ജീവിതവും മസ്റ ജീവിതവും നയിച്ച് ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികളെത്തന്നെയാണ് .
ഗൾഫിന്റെ മണൽക്കാട്ടിൽ മാറി മാറി വരുന്ന കൊടും വെയിലും
ചുടു കാറ്റും തണുപ്പുമൊക്കെ ഏറ്റ് കരുവാളിച്ച്  ഒറ്റപ്പെട്ട് കഴിയുന്ന  ഹതഭാഗ്യരായ കുറെ മനുഷ്യക്കോലങ്ങളുണ്ട്.ചുട്ടുപൊള്ളുന്ന സൂര്യനു ചോട്ടിൽ കുടുംബത്തിനും മക്കൾക്കും വേണ്ടി വരണ്ടുണങ്ങുന്ന മനുഷ്യർ.
                     ഉള്ളിലെ സങ്കടം കടിച്ചമർത്തി കുടുംബത്തിനു മുമ്പിൽ കൃത്രിമ സന്തോഷം പ്രകടിപ്പിക്കുന്ന
ഇവരുടെ കാണാമറയത്തെ തൊഴിലോ വരുമാനമോ കുടുംബത്തിനറിയില്ല.
അതെല്ലാം മക്കൾക്കും കുടുംബത്തിനും അറിയാതിരിക്കാൻ മനപ്പൂർവ്വം മറച്ചുവെക്കുന്നു.
സമൂഹത്തിലെ ഗൾഫിന്റെ പളുപളുപ്പിൽ സുഖ സൗകര്യങ്ങളിൽ ജീവിക്കുന്ന മറ്റു ഗൾഫുകാരുടെ ജീവിതം കണ്ട് ആവശ്യപ്പെടുന്ന
മക്കളുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും മുമ്പിൽ തേങ്ങലടക്കാൻ പാടുപെടുന്ന പ്രവാസി.
ശരീരികാദ്ധ്വാനത്താൽ ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന ശരാശരി നീലക്കോളർ വിഭാഗത്തിന്റെയും അവസ്ഥ ഇതു തന്നെയാണ്.
അനൽപ്പമായ അന്തർഗതം ഈ ഒരു കൊച്ചു ദൃശ്യത്തിലൂടെ ഏതൊരു പ്രവാസിയുടെയും  അവരെ ആശ്രയിക്കുന്നവരുടെയും ഹൃദയത്തെ പിടിച്ചുലക്കും.
   - എൻ കെ മൊയ്തീൻ ചേറൂർ