2012, മേയ് 30, ബുധനാഴ്‌ച

***ചക്കമഹോത്സവം***

അങ്ങിനെ ചക്കമഹോത്സവവും കഴിഞ്ഞു. കോഴിക്കോട് തുടങ്ങിയതും അവസാനിച്ചതും വൈകിയാണെങ്കിലും അറിഞ്ഞു. ചില വാര്‍ത്തകള്‍ അങ്ങിനെയാണ്. പിന്നെ ചൂടേറിയ വിവാദങ്ങള്‍ക്കിടയില്‍ പല വാര്‍ത്തകളും അറിയാതെ മുങ്ങിപ്പോകുന്നു. ഏതായാലും ഇഷ്ട പഴത്തിന്‍റെ പേരിലും മഹോത്സവമുണ്ടായല്ലോ, സന്തോഷം .ഒരു കാലത്ത് ,വറുതിയുടെ കാലത്ത് ആശ്വാസം നല്‍കിയത് ഒട്ടേറെ പോഷക മൂല്യമുള്ളതും വലിപ്പത്തില്‍ പഴങ്ങളുടെ രാജാവുമായി അറിയപ്പെടുന്ന ചക്ക പ്പഴമാണ്.പാവങ്ങളുടെ പട്ടിണിമാറ്റിയ വിഭവം . തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന ഓര്‍മ്മ എന്നിലുണര്‍ത്തി .ചക്കച്ചുള കഴിച്ചു വളര്‍ന്നവന് അതിന്‍റെ രുചി മറക്കാന്‍ കഴിയില്ലല്ലോ.വിഷുവിന് കിട്ടിയിരുന്ന വിഷുസദ്യയിലെ ചക്കഎരിശ്ശേരി, ചക്കപ്രഥമന് എല്ലാമായി നാവില്‍ കൊതിയൂറുന്ന ഓര്‍മ്മകള്‍ . ചക്കപ്പുഴുക്കും കഞ്ഞിയും കേരളീയരുടെ പ്രിയപ്പെട്ട പരമ്പരാഗത ഭക്ഷണ ശീലമായിരുന്നു.പരിഷ്ക്കാരത്തിന്റെയും സമ്പന്നതയുടെയും പറുദീസയില്‍ ഇന്ന്‍ പലര്‍ക്കും വേണ്ടാതായി . കിട്ടുന്ന അവധിയില്‍ നാട്ടിലെത്തുമ്പോള്‍ ഇവ ആര്‍ക്കും വേണ്ടാതെ ചീഞ്ഞുനാറി നശിപ്പിക്കുന്നത് കാണുമ്പോള്‍ പരിഷ്ക്ര്‍ത ആധുനിക സമൂഹത്തോട് പുച്ഛം തോന്നിപ്പോകും.

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2012, മേയ് 17, വ്യാഴാഴ്‌ച

***ചേറൂര്‍ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണം***

വേങ്ങര മണ്ഡലം റോഡ്‌ വികസനത്തിന്റെ ഭാഗമായി സ്ഥലം എം എല്‍ എ കുഞ്ഞാലിക്കുട്ടി സാഹിബ് മുന്നോട്ടു വച്ച പദ്ധതി പ്രാവര്‍ത്തികമായതിന്റെ ചിത്രമാണിത് . പദ്ധതിയിലുള്‍പ്പെട്ട വേങ്ങര ചേറൂര്‍ കുന്നുംപുറം റോഡിലെ ചേറൂരില്‍ നിന്നുള്ള  ദൃശ്യം. ദ്രുതഗതിയില്‍ വികസനം നടപ്പിലാക്കിയ എം എല്‍ എ യെ അഭിനന്ദിക്കുന്നു. ഒപ്പം തന്നെ അദ്ദേഹത്തിന്‍റെ ശ്രദ്ധയിലേക്കായി വേങ്ങര മണ്ഡലത്തില്‍ പെട്ട ചേറൂര്‍ പ്രദേശത്തിന്‍റെതായ സങ്കടകരമായ  ഒരപേക്ഷകൂടി മുന്നോട്ട് വെക്കട്ടെ.
       മറ്റു പ്രദേശങ്ങളൊക്കെ ജലക്ഷാമം നേരിടാനായി പലപദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിന് മാത്രം ആധുനിക ജലസംഭരണ മാര്‍ഗ്ഗമോ വിതരണ പദ്ധതികളോ നടക്കുന്നില്ല.ഗ്രാമം രൂക്ഷമായ കുടി വെള്ള ക്ഷാമത്തിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.ഇന്നീ പ്രദേശത്തുകാരുടെ ജീവല്‍പ്രധാനമായ ആവശ്യമാണ് കുടിവെള്ളം .
     പല വീടുകളിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന സങ്കടകരമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.ഇവിടെനിന്ന്‍ തെരഞ്ഞെടുത്തയക്കുന്ന പല ജനപ്രതിനിധികളും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി ഇക്കാര്യത്തില്‍ ഞങ്ങളെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് സംസ്ഥാന മന്ത്രി കൂടിയായ ഇപ്പോഴത്തെ എം എല്‍ എ ബഹുമാനപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ ഉറപ്പിലാണ്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കടലുണ്ടിപുഴയില്‍ തടയണ നിര്‍മ്മിച്ച് വന്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കും എന്ന്‍ഞങ്ങള്‍ക്ക് വാഗ്ദാനം നല്കിയിരുന്നു. ഒരര്‍ത്ഥത്തില്‍ ഈ നിര്‍ഗതിയില്‍ റോഡിനേക്കാള്‍ ഞങ്ങള്‍ക്ക് കുടിവെള്ള പദ്ധതിയാണ് വേഗം പ്രാവര്‍ത്തികമാകേണ്ടത്‌ അതും ജലരേഖയാവരുതേ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.താങ്കള്‍ തന്ന ഉറപ്പില്‍ ഞങ്ങള്‍ പ്രദേശത്തുകാര്‍ , സമക്ഷം കാത്തിരിക്കുന്നു.
 -എന്‍ കെ മൊയ്തീന്‍,ചേറൂര്‍