എന്റെ പ്രവാസത്തിന്റെ പിന്നിട്ട ജീവിത വഴികളിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാണെന്നില്‍ ഇവിടമുണര്ത്തുന്നത്. ജിദ്ദയുടെ വാണിജ്യ സിരാകേന്ദ്രവും പൈതൃകനഗരവുമായി അറിയപ്പെടുന്ന നഗരമാണ് ബാബ് മക്ക .ജിദ്ദയെ അറിയുന്നവര്‍ക്ക് സുപരിചിതം.ജിദ്ദയുടെ തിലകിത അടയാളമാണീകവാടം .നമ്മെ അതിശയിപ്പിക്കുന്ന ത്വരിതഗതിയിലുള്ള മാറ്റങ്ങളാണ് ഇന്ന് ഈ പട്ടണത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.ഈയിടെ അതുവഴിയുള്ള യാത്രാമദ്ധ്യേ വിജനമായികണ്ടപ്പോള്‍ ഒരു ചിത്രമെടുക്കണമെന്നു തോന്നി.പ്രവാസ ഭൂമികയിലെ ശ്രദ്ധേയമായ ഇത് പോലുള്ള പൗരാണികത വിളിച്ചോതുന്ന അടയാളങ്ങള്‍ കാന്തിദമായ കാഴ്ചകളാണ് നമുക്ക് നല്‍കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഈ സ്വപ്നലോകത്തെ പ്രവാസജീവിതത്തിന് നാന്ദി കുറിച്ചതിവിടം. അത് കൊണ്ട് തന്നെ ഇത്രയും കാലത്തെ പ്രവാസ ജീവിതത്തില്‍ ഒരു പൊക്കിള്‍കൊടി ബന്ധം ഈ നഗരവുമായുണ്ടെനിക്ക് .
പ്രവാസത്തിന്റെ ആരംഭഘട്ടങ്ങളില്‍ ജീവിതച്ചെലവിനുള്ള
വക നോക്കിയിരുന്നത് ഈ ചുറ്റുവട്ടങ്ങളിലൊക്കെയായിരുന്നു.ഇത്രയും കാലത്തെ ഗള്‍ഫ് ജീവിതത്തിലെ പിന്നിട്ട നാള്‍വഴികളിലൂടെ
ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ ദീപ്തകമായ ഓര്‍മ്മകള്‍ കൊണ്ട് മനം നിറയും.
ഇന്നും ഇവിടമെത്തുമ്പോള്‍ മരുഭൂനാട്ടിലെ ഈ ജീവിതയാത്രയിലെ പിന്നിട്ട കാലങ്ങളിലേക്ക് മനമൊരു മിന്നല്‍ പ്രയാണം നടത്തും.ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പല പല ദേശക്കാര്‍ ,ഭാഷക്കാര്‍ തമ്മില്‍ കണ്ട്മുട്ടിയും കൂട്ട്കൂടിയും സഹജോലിക്കാരായും സഹമുറിയന്മാരായും അവരുടെയൊക്കെ സംസ്ക്കാരങ്ങള്‍ കണ്ടും അനുഭവിച്ചും പഠിച്ചും ഒരുമിച്ചും വഴിപിരിഞ്ഞും ഒക്കെയായുള്ള സമ്മിശ്രമായ ജീവിതം .സന്തോഷവും ദുഃഖവുമൊക്കെ മനുഷ്യ സഹജമാണല്ലോ.എല്ലാം സംഗ്രഹിച്ചതാണല്ലോ ജീവിതം.മനസ്സിന്റെ സന്തോഷത്തില്‍ കൂടെ ആഹ്ലാദിക്കാനും സന്താപത്തിന്റെ പിരിമുറുക്കം മനസ്സില്‍ നിന്നും ഉരുക്കിക്കളയാനും പലപ്പോഴും ഒപ്പമുണ്ടായിരുന്നത് ഇവരൊക്കെയായിരുന്നു.
ഈ മരുനാട്ടിലെ ജീവിത മദ്ധ്യേ നേരിട്ട ചില പ്രയാസങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന്
വിഘ്നം സൃഷ്ടിക്കുമ്പോഴും എല്ലാം മനക്കരുത്തോടെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുമ്പോട്ട് നീങ്ങാന്‍ ദൈവാധീനം തുണയായി.
.എല്ലാ മോഹങ്ങളും പ്രതീക്ഷകളും സാക്ഷാത്ക്കരിക്കണമെന്നില്ല.തിരയടങ്ങാത്ത കടല്‍ പോലെയാണ് മനസ്സിന്റെ ആഗ്രഹങ്ങള്‍ .അടങ്ങാത്ത ഓളങ്ങളാണല്ലോ മോഹങ്ങള്‍. കരകാണാകടലിനിപ്പുറത്തുള്ള സ്വപ്‌നലോകത്തെ മരുപ്പച്ചയും തേടി രണ്ടു ദശകത്തിലപ്പുറം എത്തി നില്‍ക്കുന്ന പ്രവാസജീവിതത്തില്‍ മാറ്റിവെപ്പുകളായി ശിഷ്ടകാലത്തേക്ക് വളരെയൊന്നും സമ്പാദിച്ചില്ലെങ്കിലും അല്ലലില്ലാതെ ഉള്ളത് കൊണ്ട് നിറഞ്ഞ സംതൃപ്തിയോടെ ജീവിതം മുന്നോട്ട് നയിക്കുമ്പോഴും
ഈ പുണ്യനാട്ടില്‍ ഉപജീവനത്തിനുള്ള വക കണ്ടെത്താന്‍ സഹായിച്ച നാടിനോടും നാട്ടാരോടും കൃതജ്ഞത ഈയുള്ളവനുണ്ട്.
ഇസ്ലാം മത വിശ്വാസികളുടെ ലോകത്തിലെ ഏറ്റവും പരിശുദ്ധിയേറിയ അല്ലാഹുവിന്റെ പുണ്യഭവനങ്ങളില്‍ എത്താനും ജഗന്നിയന്താവിന്റെ കരുണാകടാക്ഷത്തിനായി
ഇരവ് തേടാനും ബാല്യം തൊട്ടേ മനതാരില്‍ മൊട്ടിട്ടമോഹമായിരുന്നു.അത് സഫലമായി എന്നത് ഈ ജീവിതത്തിലെ ഏറ്റവും വലിയ ധന്യമായ മുഹൂര്‍ത്തങ്ങളാണ്.
ലോക മുസ്ലിംകളുടെ പരിശുദ്ധ
തീര്‍ത്ഥാടനകേന്ദ്രമായ ഈ വിശുദ്ധഭവനങ്ങളിലെത്താന്‍ ചെറുപ്പം തൊട്ടേ എന്നില്‍ മോഹമുദിപ്പിച്ചതില്‍ അന്നത്തെ ചില മാപ്പിളപ്പാട്ടുകളും വഹിച്ച പങ്ക് മറക്കാവതല്ല.
(ഹജ്ജിന്നായ് മക്കത്തെത്തും ജനകോടി മുത്തിമണക്കുന്ന ഹജറുൽ അസ്‌വദ് കാണുവാനെത്തിക്കേണമേ..
കാഫ്മലകണ്ട പൂങ്കാറ്റേ കാണിക്ക നീകൊണ്ട് വന്നാട്ടെ,കാരക്കകായ്ക്കുന്ന നാട്ടിന്റെ മദ്ഹൂറും കിസ്സ പറഞ്ഞാട്ടെ ...
മക്കപുരി കഅബമണി ദിക്കണക്കല്ലാഹ് എന്നില്‍ ആക്കം കൂട്ടല്ലാഹ് മരണമണി മുഴങ്ങും മുമ്പെന്‍ ആശ തീര്‍ക്കല്ലാഹ്... )
എല്ലാ നേട്ടങ്ങള്‍ക്കും ഉപരിയായുള്ള ഏറ്റവും വലിയ ജീവിതസൌഭാഗ്യം എന്റെ ഈ തേട്ടം ദൈവം കേട്ടു എന്നുള്ളതാണ് .
എല്ലാം അനുഗ്രഹങ്ങളും നല്‍കി തുണച്ച സര്‍വ്വലോകരക്ഷിതാവായ നാഥന് സര്‍വ്വ സ്തോത്രവും . റബ്ബിന്റെ കരുണാകടാക്ഷം നമ്മില്‍ ഓരോരുത്തരിലും സദാ വര്‍ഷിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ...
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍