2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

**ചരിത്രാന്വേഷകന്‍ ബഷീര്‍ പൂക്കോട്ടൂരിന് ചരിത്രപ്രേമികളുടെ ആദരം**

    ഇക്കഴിഞ്ഞ ആഗസ്റ്റ്‌ പതിനാറിന്(16.8.2014) മലപ്പുറം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗറില്‍ വെച്ച് സൌദിയിലെ യാമ്പു കെ എം സി സി പുറത്തിറക്കിയ " 1921 മലബാര്‍ സമരം "എന്ന പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ചരിത്ര ഗവേഷകനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ കോഡൂരിന്റെ സ്മരണാര്‍ഥമുള്ള പുരസ്കാരമാണ് ചരിത്രാന്വേഷകനും ചരിത്ര വിവരങ്ങളെ ഇന്റര്‍ നെറ്റെന്ന വിശാലമായ ലോകത്തെത്തിച്ച് ശ്രദ്ധേയനായ ബഷീര്‍ പൂക്കോട്ടൂരിന് ലഭിച്ചത്.
ഇന്റര്‍ നെറ്റ് സോഷ്യല്‍ മീഡിയകള്‍
സാമൂഹികജീവിതത്തിന്റെ സകലമേഖലയിലും അത്യന്താപേക്ഷിതമായ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ നവീനതയില്‍ കാലത്തിന്റെ ഒഴുക്കിനൊത്ത് താന്‍ നടത്തിയ ചരിത്രാന്വേഷണ വിവരങ്ങളെ സൈബര്‍താളുകളിലൂടെ നല്‍കി ശ്രദ്ധിതമായിരിക്കയാണ് ബഷീര്‍.
ജന്മിത്വ സാമ്രാജ്യത്വ ശക്തികളുടെ കിരാത വാഴ്ചയില്‍ നിന്നും സ്വരാജ്യത്തിന്റെ മോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ അവരുടെ രക്തബന്ധമുള്ള 
പിന്‍ മുറകള്‍ പോലും വിസ്മൃതിയിലേക്ക് തള്ളിവിട്ട് കൊണ്ടിരിക്കുന്ന ഇക്കാലത്ത് അവരുടെ പോരാട്ട വീര്യചരിത്രവും
സ്മരണകളുറങ്ങുന്ന കാലത്തിന്റെ ശേഷിപ്പികളും തേടി നാടുനീളെ നടന്ന്‍ശേഖരിച്ചെടുത്ത് അവ സോഷ്യല്‍ മീഡിയയിലൂടെ 
ചരിത്രകുതുകികളില്‍ എത്തിക്കുന്ന ഇദ്ദേഹത്തിന്‍റെ നിസ്തുലവും നിസ്വാര്‍ത്ഥവുമായ ദേശക്കൂര്‍ തീര്‍ച്ചയായും പ്രശംസനീയമാണ്.അദ്ദേഹത്തിന് ലഭിക്കേണ്ട അര്‍ഹതക്കുള്ള അംഗീകാരമാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.ഇതിന്റെ പ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്ര ഏടുകളിലേക്ക് സമാനതകളില്ലാത്ത പീഡനങ്ങളുടെയും പോരാട്ടങ്ങളുടെയും കദന ചരിതം എഴുതി ചേര്‍ക്കപ്പെട്ട നാടാണ് മലബാര്‍ പ്രദേശം.
നമ്മുടെ രാജ്യം അടക്കിവാണ സാമ്രാജ്യത്വശക്തികളോട് അടരാടി
മാതൃരാജ്യത്തിന്‌ വേണ്ടി വീര മൃത്യുവരിച്ച മഹാത്മാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മലബാറിലെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ രണഭൂമികയിലൂടെ സഞ്ചരിച്ച് സാക്ഷ്യപത്രങ്ങളായ ഇടങ്ങളും ശേഷിപ്പുകളും കണ്ടെത്തി
ചരിത്ര ജിജ്ഞാസുക്കളിലേക്ക് പകര്‍ന്ന് കൊടുക്കുകയാണ് ദേശസ്നേഹം നെഞ്ചിലേറ്റിയ യുവത്വം. 1921 ലെ മലബാര്‍ സമരമടക്കമുള്ള
മലബാറില്‍ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ച് ചരിത്ര വിവരങ്ങളും ഗ്രന്ഥങ്ങളും സ്വരൂപിച്ചും
ചരിത്രം ചോര ചിന്തിയ മലബാറിന്റെ പോരാട്ട വീഥികളിലൂടെ സഞ്ചരിച്ച് സാക്ഷ്യപത്രങ്ങളായ ഇടങ്ങളും ശേഷിപ്പുകളും കണ്ടെത്തി വസ്തുനിഷ്ഠമായി സചിത്രസഹിതം ഒരു ചരിത്ര വിദ്യാര്‍ത്ഥിക്കുതകും വിധം അടുക്കും ചിട്ടയോടെയും യഥേഷ്ടം ഓരോ സംഭവങ്ങളെ കുറിച്ചും വെവ്വേറെ നല്‍കിയിരിക്കുകയാണ് ബഷീര്‍ തന്റെ വെബ്സൈറ്റിലൂടെ .
ജന്മിത്വ സാമ്രാജ്യത്വ പൗരോഹിത്യ ശക്തികള്‍ നമ്മുടെ സ്വാതന്ത്ര്യത്തിനുമേല്‍ ഇരുള്‍ സൃഷ്ടിച്ചപ്പോള്‍ അതുവഴി നാം അനുഭവിക്കേണ്ടിവന്ന ദുരിത
ജീവിതത്തില്‍ നിന്നും കരകയറാന്‍
ധീരപോരാളികള്‍ നടത്തിയ അതിശക്തമായ പ്രതിഷേധാഗ്നിയായിരുന്നു ഏറനാട്ടിലും വള്ളുവനാട്ടിലും കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍.
അവരൊഴുക്കിയ ചോരയുടെ വിലയാണ് നാമിന്നനുഭവിയ്ക്കുന്ന സ്വാതന്ത്യ്രം.
അവര്‍ കൊളുത്തി വെച്ച സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തില്‍ നാം ജീവിക്കുമ്പോഴും വിളക്ക് അണയാതെ സൂക്ഷിക്കാനും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച
മഹാത്മാക്കളുടെ സ്മരണ കാലാന്തരങ്ങളിലേക്ക്‌ പകര്‍ന്ന് കൊടുക്കാനും ആധുനികതയുടെ ഒഴുക്കിനൊത്ത് മാറി വന്ന നവമാധ്യമമായ കംമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ
യഥേഷ്ടം ഒരുക്കി വെച്ചിരിക്കയാണിവിടെ.
ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യ ശക്തികളുടെ ക്രൂരവും പൈശാചികവുമായ ദുര്‍വാഴ്ചയില്‍ പൊറുതിമുട്ടി പോരാടിയ മലബാറിലെ ധീര ദേശാഭിമാനികള്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു നല്‍കിയ അവരുടെ വീര ചരിതങ്ങളെ വാഴ്ത്തി ചരിത്ര കഥനങ്ങളിലേക്ക് ആനയിക്കുക വഴി പുതുതലമുറയെ ദേശചിന്തയുള്ള, രാജ്യസ്നേഹമുള്ളവരാക്കി മാറ്റിയെടുക്കുകയാണ് യുവ ചരിത്രാന്വേഷകന്‍.
മലബാര്‍ സമരവുമായി ബന്ധപ്പെട്ടുള്ള വിപുലമായ ഗ്രന്ഥശേഖരംതന്നെ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.മലബാറില്‍ നടന്ന സ്വാതന്ത്ര്യപോരാട്ട ചരിത്ര സംബന്ധിയായ രചനകളോ പൈതൃകങ്ങളോ മറ്റു
ശേഷിപ്പുകളോ ഉണ്ടെന്നറിഞ്ഞാല്‍ അദ്ദേഹത്തിനു
ഇരിക്കപ്പൊറുതിയുണ്ടാവില്ല. അത് കൈപ്പറ്റുകയോ സന്ദര്‍ശിക്കുകയോ ചെയ്തു ചരിത്ര കുതുകികളില്‍ എത്തിക്കുന്നത്
വരെ ദേശസ്നേഹിക്ക് വിശ്രമമില്ല.സ്വാതന്ത്ര്യസമരത്തിന്റെ കനലെരിഞ്ഞ, ധീര സ്മരണകളുറങ്ങുന്ന മലബാറിലെ വീഥികളില്‍ അന്വേഷകന്റെ നടത്തമെത്താത്തയിടം വിരളം.
അവധിക്ക് നാട്ടിലുള്ളപ്പോള്‍ അന്വേഷണ ത്വരയോടെ
ചില ചരിത്ര-പൈതൃക ശേഷിപ്പുകള്‍ തേടി ഈയുള്ളവനും ഇദ്ദേഹത്തോടൊപ്പം ഗമിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്.അദ്ദേഹത്തോടൊപ്പമുള്ള ചരിത്രാന്വേഷണസഞ്ചാരം എനിക്ക് സഫലമായ യാത്രയുടെ നിര്‍വൃതിയാണ് നല്‍കിയത്.വിലപ്പെട്ട ചരിത്ര വിവരങ്ങളാണ് അദ്ദേഹത്തില്‍ നിന്നും യാത്രയിലുടനീളം പകര്‍ന്നു കിട്ടിയത്.
ചരിത്ര ചിന്തയും ദേശീയ അവബോധവും യുവാക്കളില്‍ ഉണ്ടാക്കിയെടുക്കാനും അവ വിസ്മൃതിലാണ്ട് പോവാതിരിക്കാനും യുവ ചരിത്രാന്വേഷകന്‍ കാണിക്കുന്ന ഔത്സുക്യം തീര്‍ച്ചയായും മഹത്തരം തന്നെമലബാറിലെ ദേശീയോദ്ഗ്രഥനത്തിന്റെ കേളികേട്ട പൂക്കോട്ടൂരിന്റെ മണ്ണില്‍ നിന്നും കാലം ഏല്‍പ്പിച്ച ചരിത്രത്തിന്റെ കാവലാള്‍ക്ക് സഹയാത്രികനായ എളിയവന്റെ എല്ലാ വിധ അഭിവാദ്യങ്ങളും.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍

അഭിപ്രായങ്ങളൊന്നുമില്ല: