2015, ഏപ്രിൽ 30, വ്യാഴാഴ്‌ച

പാറപ്പള്ളി (കോഴിക്കോട്,കൊല്ലം)


                             ചരിത്രവും വിശ്വാസവും സംസ്ക്കാരവും പ്രകൃതി വിസ്മയങ്ങളും സമന്വിതമായി കിടക്കുന്ന ഒരു തീര്‍ത്ഥാടന ഭൂമികയാണ് കോഴിക്കോട് കൊല്ലത്തെ പുരാതന പട്ടണമായ പന്തലായനി കടലോരത്തെ പാറപ്പള്ളി മഖാം.
വശ്യസുന്ദരമീ ആത്മീയതീരത്തെക്കുറിച്ച് ഞാന്‍ കേട്ടറിയാന്‍ തുടങ്ങിയിട്ട് ഏറെയായെങ്കിലും വെറുതെയോരോ ഒഴിവ്കഴിവുകള്‍ പറഞ്ഞ് സ്വയം പ്രതിബന്ധം സൃഷ്ടിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചേടത്തോളം അത്രയൊന്നും ദൂരയല്ലായിരുന്നിട്ടും ഇത്രയും കാലം ഇവിടം സന്ദര്‍ശിക്കാതിരുന്ന എന്നിലെ വൈമുഖ്യത്തെ ഞാന്‍ സ്വയം കുറ്റപ്പെടുത്തുന്നു.
മനുഷ്യ സഹജമായ അലസതകളാണല്ലോ ഇതൊക്കെ .
ചരിത്രപരമായ മഹത്ത്വം ഒട്ടേറെ ഇവിടമുണ്ട്. ഇന്ത്യയില്‍ ഇസ്ലാം മതം ആരംഭം കുറിച്ചതിന്റെ അഭിധേയമായ ബന്ധം പള്ളിക്കുമുണ്ട്.യമനില്‍ നിന്നെത്തിയ ഇസ്ലാമിക പ്രബോധകസംഘമായ മാലിക്ദീനാറും കൂട്ടാളികളും
നിര്‍മ്മിച്ച പള്ളികളിലൊന്നാണ് ഇതും.
ചരിത്രപരമായ പ്രാധാന്യമേറെയുള്ള പ്രകൃതി വിസ്മയ സ്ഥലത്തിന് പതിനെട്ട് ഏക്കര്‍ വിസ്തീര്‍ണ്ണമുണ്ട്.
ചരിത്രവും ആത്മീയവുമായ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ പ്രകൃതിദത്തമായ പ്രദേശത്തെ തഴുകിത്തലോടിക്കൊണ്ട് ശാന്തമായുള്ള കടലിന്റെ ഒഴുക്ക് അതിമനോഹരം തന്നെ. അഴകാര്‍ന്ന പാറക്കെട്ടുകളും പാറകള്‍ക്ക് മുകളില്‍ നിര്‍മ്മിച്ച പള്ളിയും വെള്ളാരം കല്ലുകളും പുല്‍മേടുകളും
കൊണ്ട് നിറഞ്ഞ ശ്യാമസുന്ദരമായ പ്രദേശം അവര്‍ണ്ണനീയമാണ്.
അറബിക്കടലിന്റെ തൊട്ട് തീരത്തായിട്ടും ഇവിടുത്തെ കിണറിലും അതിനടുത്ത പാറപ്പൊത്തിലൂടെ ഒഴുകിവരുന്ന നീരുറവക്കും യാതൊരു ഉപ്പുരസവും ഏശാതെ തനി ശുദ്ധജലമായിലഭിക്കുന്നത് സന്ദര്‍ശകരില്‍ അത്ഭുതവും ആശ്ചര്യവുമുളവാക്കുന്നു.ഇവിടം കേന്ദ്രീകരിച്ചുള്ള മതപ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് മാലികുദ്ദീനാറിന്റെ സഹോദരപുത്രന്‍ മാലിക്കുബ്നുഹബീബായിരുന്നുവത്രേ .ആദി മനുഷ്യന്‍ ആദം നബിയുടേത് എന്ന് വിശ്വസിക്കപ്പെടുന്ന കാലടയാളവും ഇവിടെ പാറയില്‍ കാണുന്നുണ്ട്.നിരവധി പോയ കാലത്തിന്റെ വക്താക്കള്‍ മണ്ണ് പുതച്ച് കിടക്കുന്നിണ്ടിവിടെ.
ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ യുദ്ധമായി അറിയപ്പെടുന്ന ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ധര്‍മ്മയോദ്ധാവ് തമീമുല്‍ അന്‍സാരിയടക്കം (അസ്ഹാബി) മറപ്പെട്ട് കിടക്കുന്നുണ്ടത്രേ ഇവിടെ
പല മഹത്തുക്കളുടെ അന്ത്യനിദ്രകൊണ്ടും ഭക്തിസാന്ദ്രവും പ്രകൃതിയുടെ ചേതോഹരക്കാഴ്ച്ചകളും വിസ്മയ സുഖാനുഭൂതികളും കൊണ്ടും അനുഗ്രഹീതമാണ് തീര്‍ത്ഥാടന കേന്ദ്രം.




                -എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

***ഇന്നെവിടെ നമുക്കാ ചിരി***

      മലയാളത്തിലെ ഹാസ്യ സാമ്രാട്ടുകളായിരുന്നല്ലോ
മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്ലിയാരും !
അവരുടെ , രസകരവും തമാശകള്‍ തിങ്ങിയതുമായ ഒട്ടേറെ ചെയ്തികള്‍ കേട്ടും വായിച്ചും അന്ന് നമ്മള്‍ പലരും ചിരിയുടെ അമിട്ടുകള്‍ അനവധി പൊട്ടിച്ചിട്ടുണ്ടാവും ഒറ്റയ്ക്കും കൂട്ടായും .
പതിനെട്ടാം നൂറ്റാണ്ടിലെ സുവര്‍ണ്ണ കാലത്ത് മണ്ണില്‍ ജനിച്ച് - ജീവിച്ച് - ശേഷിപ്പായി ഒരുപിടി ഓര്‍മ്മകള്‍ നമ്മിലവശേഷിപ്പിച്ച് മരിച്ചവരും .. ,ജീവിച്ച കാലത്ത് മുഖ്യമായും മതസൌഹാര്‍ദ്ദ സരണിയില്‍ തങ്ങളുടേതായ ഭാഗം ജനങ്ങള്‍ക്ക്‌ മുന്‍പില്‍ ഭംഗിയാക്കിയവരുമായ രണ്ട് ചങ്ങാത്തങ്ങളെയും ഇന്നും നാം തെളിമയോടെ സ്മരിക്കുന്നു.അങ്ങിനെ അന്നൊക്കെ ചിരിക്കാനും ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരി കൊളുത്താനും ജീവനുള്ള കുറെ കഥാപാത്രങ്ങളുണ്ടായിരുന്നു നമുക്ക് !
നര്‍മ്മ രസം തുളുമ്പുന്ന അവരുടെ ഓരോ വാക്കുകളും ചലനങ്ങളും അന്ന് നാം അക്ഷരങ്ങളിലൂടെ വായിച്ചെടുത്തതിനെ ഇന്നും മനസ്സിലോര്‍ക്കുമ്പോള്‍ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും ചിരി ഊറി ഊറി പുറത്ത് വരും.
                 രാംദാസ് വൈദ്യര്‍
                  ===============

കേരള
മുസ്ലിം മാപ്പിള സമൂഹത്തിലെ ഫലിതചക്രവര്‍ത്തിയായിരുന്നു കുഞ്ഞായിന്‍ മുസ്ല്യാര്‍ !
എനിക്ക് തോന്നുന്നത് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് പലപ്പോഴും ഉരുളക്കുപ്പേരികണക്കെ തമാശകള്‍ തൊടുത്ത് വിടുന്നത് മാപ്പിളമാരിലാണെനന്നാണ് .അതിന്റെ പിന്നാലെയാണ് വരുന്നത് നമ്പൂതിരി ഫലിതങ്ങളൊക്കെ.എന്റെ ബാല്യത്തില്‍ .... കാലത്ത് കേട്ട് തുടങ്ങിയ കേരളത്തിന്റെ മറ്റൊരു വിദൂഷകനായിരുന്നു കോഴിക്കോട്ടെ ചിരിക്കുടുക്കയായിരുന്ന
രാംദാസ് വൈദ്യര്‍.മുമ്പ് കോഴിക്കൊട്ട് നിന്നും അദ്ദേഹം പൊട്ടിച്ചു വിടുന്ന തമാശകള്‍ കേട്ട് മലയാളനാടാകെ പൊട്ടിച്ചിരിച്ചിരുന്ന
ഒരു ചിരിയുടെ കാലമുണ്ടായിരുന്നു.
കേള്‍ക്കാനിഷ്ടപ്പെടാത്ത ഹീനമായ വാര്‍ത്തകള്‍ പലതും നിറഞ്ഞാടുന്ന ഇന്നിന്റെ മാധ്യമങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കാലഘട്ടം. അന്നൊക്കെ വൈദ്യരുടെ ഫലിതം വല്ലതും കേള്‍ക്കാന്‍ - വായിക്കാന്‍ - വേണ്ടി , മാധ്യമങ്ങളില്‍ കാതും മനസ്സും നട്ടിരിക്കുന്ന ഒരു കാലമായിരുന്നു അത്.
ഇന്നോ വാര്‍ത്തകള്‍ക്ക് നാം കാതോര്‍ക്കുന്നത് തന്നെ ഉള്ക്കിടിലത്തോടെയും ... ! നിര്‍മായമായതും നിഷ്കളങ്കമായതുമായ ചിരിയിന്നെവിടെ .
ഇന്ന് ചിരി എന്നത് കൊലച്ചിരിയും കപട ചിരിയുമായി മാറി.
അന്ന് ആനുകാലികങ്ങളിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും വരുന്ന ഫലിതങ്ങളും ഫലിത ബിന്ദുക്കളും
ചിന്താപരമായ കൊച്ചു കാര്‍ട്ടൂണുകളും
                    കോഴിക്കോട് പട്ടണം
                    =================

റേഡിയോയിലൂടെ
ശ്രവിക്കുന്ന കിഞ്ചനവര്‍ത്തമാനം പോലുള്ള പരിപാടികളും ഒക്കെയായിരുന്നു നമുക്കാശ്രയം .
അന്ന് തന്റെ ഫലിതത്തിലൂടെ കേള്‍വിക്കാരെയും വായനക്കാരെയും പൊട്ടിച്ചിരിപ്പിച്ച് കൊണ്ട് തന്നെ അതോടൊപ്പം ശക്തമായ സാമൂഹ്യ അധ:പതനത്തിനെതിരെ വിമര്‍ശിക്കുകയായിരുന്നു വൈദ്യരെന്ന നര്‍മ്മദന്‍.
കോഴിക്കോട്ടു നിന്ന് വൈദ്യരൊരു ഫലിതം കാച്ചിയാല്‍
കേരളം മുഴുക്കെ അതിന്‍റെ ചിരിയലകള്‍ അല തല്ലി .. , കാലങ്ങളോളം അത് തന്നെ ഓര്‍ത്തോര്‍ത്ത് ചിരിച്ചിരുന്ന കാലം. ചിരിയുടെ സാമ്രാട്ടിനെ അത്രപെട്ടെന്നൊന്നും നമുക്ക് മറക്കാനൊക്കില്ല .സാമൂഹ്യവിഷയങ്ങളില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ആവശ്യമാകുന്ന ഘട്ടത്തില്‍ കുറിക്കു കൊള്ളുന്ന തമാശയിലൂടെ ആക്ഷേപത്തിന്റെ കൂരമ്പുകളായിരിക്കും അദ്ദേഹം തൊടുത്തു വിടുന്നത്.മലയാളികള്‍ക്ക് മറക്കാനാവാത്ത ഒട്ടേറെ പൊട്ടിച്ചിരി സമ്മാനിച്ച കെ എന്‍ രാംദാസ് വൈദ്യരെന്ന വിശാരദനെ നമുക്കെങ്ങനെ അത്ര പെട്ടെന്ന് മറക്കാനാവും ? !
ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്ക് ബദലായി ടെമ്പ്ള്‍ അറ്റാച്ച്ഡ് ലോഡ്ജ് ഉണ്ടാക്കി അദ്ദേഹം അധികാരികളെ കളിയാക്കി.
തെങ്ങ്കയറ്റ സര്‍വകലാശാല സ്ഥാപിച്ചും ബാങ്ക്ലൂരില്‍ ലോക സൌന്ദര്യമത്സരം നടന്നപ്പോള്‍
ആഭാസ മത്സരത്തിനെതിരെ കേരള സാംസ്ക്കാരിക വേദി എന്ന സംഘടന രൂപീകരിച്ച് കോഴിക്കോട് ടൌണ്‍ഹാളില്‍ വൈദ്യരുടെ നേതൃത്വത്തില്‍ വിരൂപമത്സരം എന്ന കോക്കിറി മത്സരം സംഘടിപ്പിച്ച് ലോകത്തിന് മുമ്പില്‍ നല്ല മനുഷ്യന്‍ കാണിച്ചു കൊടുത്തു.അന്ന് കേരളത്തിന് പുറത്തുനിന്നടക്കം
മുന്നോറോളം സ്ത്രീകളും പുരുഷന്മാരും പങ്കെടുത്ത മത്സരത്തില്‍ കോഴിക്കൊട്ടങ്ങാടിയില്‍ ഭിക്ഷാടനം നടത്തിയിരുന്ന പെരിയമ്മയെന്ന സ്ത്രീയെ ' വിരൂപറാണിയായും '
മാഹിക്കരനായ ഖാലിദിനെ ' വിരൂപ രാജനായും '
തെരഞ്ഞെടുത്തും കൊണ്ട് ആദ്യമായി വൈദ്യര്‍
          മുതലക്കുളം മൈതാനം 
           ======================

വിരൂപറാണി
എന്ന കോക്കിറി മത്സരം സംഘടിപ്പിച്ചു.
അതോടെ തീര്‍ന്നില്ല അദ്ദേഹത്തിന്‍റെ മനസ്സിലെ നര്‍മ്മത്തിലൂന്നിയ സാമൂഹിക ദൗത്യം ! അതിന്‍റെ ഉദാഹരമായിരുന്നു പിന്നീട് കേരളം കണ്ടത് . വിരൂപറാണിയെക്കൊണ്ട് തന്നെ ഗുരുവായൂരപ്പന്‍ കോളേജില്‍ അവിടത്തെ അസോസിയേഷന്‍ അടക്കം പല പരിപാടികളിലും ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിപ്പിച്ചതും മറ്റും .
ഓരോരുത്തരും സ്വന്തം ഭാര്യമാരുടെ സേവനം
വിശിഷ്ടമായി കാണണമെന്നുംഅവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നാം ബാധ്യസ്ഥരാണെന്നും ചിരി വൈദ്യന്‍ ഒരിക്കല്‍ കല്‍പ്പിച്ചു.
അതൊരു പാഴ്വാക്കായിരുന്നില്ല. പറഞ്ഞ വാക്ക് ആദ്യം പ്രവര്‍ത്തിച്ചും കൊണ്ടാണ് അദ്ദേഹം അതിനു തുടക്കം കുറിച്ചത് തന്നെ ! അങ്ങിനെ അദ്ദേഹം തന്റെ പ്രിയതമ നിര്‍മ്മലക്ക്
പ്രതിമാസം ആയിരം രൂപ ലഭിക്കത്തക്കവണ്ണം
ആജീവനാന്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് മുന്നില്‍ ഒരു മാതൃക സ്ഥാപിക്കുകയായിരുന്നു ..
സ്വന്തം ഭാര്യക്ക് ഭര്‍ത്താവ് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത്
ഒരു പക്ഷേ ലോകത്ത് ഇതായിരിക്കാം ആദ്യ സംഭവം .
പിന്നീടദ്ദേഹം 1995-ല് തെങ്ങ്കയറ്റ സര്‍വകലാശാല സ്ഥാപിച്ചു.
ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് അന്നത്തെ കോഴിക്കോട് ജില്ലാ കലക്റ്ററായിരുന്ന ശ്രീ : ചൌഹാന്‍ ആയിരുന്നു. ഏറെ നാളത്തെ പരിശീലനത്തിന് ശേഷം തെങ്ങ് കയറാന്‍ സ്വയം പഠിച്ചാണ് കലക്ടര്‍ ലോകത്തിലെ തന്നെ ആദ്യത്തെ തെങ്ങ് കയറ്റ കോളേജ് എന്ന 'മഹത്തായ' സ്ഥാപനത്തിന്റെ ഉദ്ഘാടനംഅന്നവിടെ നിര്‍വ്വഹിച്ചത്.
രാഷ്ട്രീയ നേതാക്കളുടെ വാഗ്ധോരണികള്‍ കേട്ട് കേട്ട്
വിറങ്ങലിച്ച കോഴിക്കോട്ടെ മുതലക്കുളം .കോഴിക്കോട്ടെ വിഴുപ്പുകള്‍ മുഴുവന്‍ അലക്കി വെളുപ്പിച്ചിരുന്ന മുതലക്കുളത്തെ അലക്ക് കല്ലിനെ പൊന്നാട അണിയിച്ച്
ആദരിച്ചു. പരിഹാസ നര്‍മ്മത്തില്‍ ലജ്ജിതരായി പിന്നീട് പ്രസംഗത്തിന് വേദിയൊരുക്കാതെ കുറെ നാള്‍ രാഷ്ട്രീയക്കാര്‍ വൈദ്യരില്‍ നിന്നും വിട്ടുനിന്നു . ചിരിയും ചിന്തയും പ്രേരിപ്പിക്കുന്ന നര്‍മ്മ മുത്തുകള്‍ മലയാളി സമൂഹത്തിന് സമ്മാനിച്ച ഹാസ്യ സാമ്രാട്ടായിരുന്നു ശ്രീ : രാംദാസ് വൈദ്യര്‍ .
വൈദ്യര്‍ വെറും ഒരു ശാരീരിക ചികിത്സകന്‍ മാത്രമായിരുന്നില്ല മലയാളികള്‍ക്ക് . അതോടൊപ്പം മാനസികമായി സാന്ത്വനം നല്‍കിയ ഒരു ആത്മീയവൈദ്യന്‍ കൂടിയായിരുന്നു.
കൊളേളണ്ടിടത്ത് കൊള്ളുന്ന മൃദുലമായ കൂരമ്പുകള്‍ ആയി തന്‍റെ വാക്കുകള്‍ തറക്കണം എന്ന് ലക്ഷ്യമിട്ടുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ ഫലിതങ്ങളും.തന്നിമിത്തം നര്‍മ്മോക്തി കലര്‍ന്ന അദ്ദേഹത്തിന്‍റെ കുറിക്കു കൊള്ളുന്ന വിമര്‍ശനങ്ങള്‍ ആരെയും കാര്യമായി ഒട്ടും ചൊടിപ്പിച്ചില്ല. അതുകൊണ്ട് തന്നെ ജന മനസ്സുകളില്‍ അദ്ദേഹം എന്നെന്നും
ഒരു നല്ല മാര്‍ഗ്ഗോപദേശകനായി നില കൊണ്ടു .
സമൂഹത്തിലെ തെറ്റുകള്‍ക്ക് നേരെയുള്ള വാക്-ശരങ്ങളായിരുന്നു വൈദ്യരുടെ മിക്ക നര്‍മ്മങ്ങളും എന്നതാണ് പ്രസക്തം . അങ്ങിനെയൊക്കെ ഒരു കാലഘട്ടത്തെ ചിരിയിലൂടെ ചിന്തിപ്പിച്ച് ചികിത്സിച്ച മഹാനായിരുന്നു വൈദ്യര്‍.
ചിരിയും ചിന്തയും സമന്വയിപ്പിച്ച പരിപാടികളിലൂടെ സമകാലിക സാമൂഹ്യസംഭവവികാസങ്ങള്‍ക്ക് നേരെ പ്രതിഷേധ അസ്ത്രം എയ്യുക യായിരുന്നു വൈദ്യര്‍.ഇന്ന് ചിരിക്കാന്‍ നമുക്ക് മനസ്സില്ലാതായി .ചിരിപ്പിക്കാനും.അന്നത്തെ നിഷ്കളങ്കമായതും ഉല്ലസിപ്പിക്കുന്നതുമായ ചിരികള്‍ എങ്ങോ പോയി പകരം ഇന്നത്‌ കൊലച്ചിരിയായി മാറി. ഇന്ന് ആക്ഷേപഹാസ്യമെന്നത് വ്യക്തിഹത്യയും താന്‍പോരിമയും അസംബന്ധങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളുമൊക്കെയായി ആരെല്ലാമോ ചേര്‍ന്ന് നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധം വകഭേദം വരുത്തി.
കപട ലിപ്തമായതും ചിന്തോദ്ദീപകവുമായ നര്‍മ്മം ചാലിച്ച ഒരു ഹാസ്യരസം ലഭിക്കണമെങ്കില്‍.. എന്നും ഓര്‍ക്കാനും ഓര്‍ത്തോര്‍ത്ത് ചിരിക്കാനും നമുക്ക് മനസ്സില്‍ അത് തങ്ങണമെങ്കില്‍ കുഞ്ഞായിന്‍ മുസ്ലിയാരുടേയും
മങ്ങാട്ടച്ചന്റെയും രാംദാസ് വൈദ്യരുടേയുമൊക്കെ
മായം ചേര്‍ക്കാത്ത ഫലിതങ്ങള്‍ക്ക് മാത്രമേ
അന്നും ഇന്നും എന്നും കഴിയുകയുള്ളൂ...
അവരുടെ മങ്ങാത്ത മായാത്ത നല്ല ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഞാനീ ലിഖിതം സമര്‍പ്പിക്കട്ടെ :
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍