ചരിത്രവും വിശ്വാസവും സംസ്ക്കാരവും പ്രകൃതി വിസ്മയങ്ങളും സമന്വിതമായി കിടക്കുന്ന ഒരു തീര്‍ത്ഥാടന ഭൂമികയാണ് കോഴിക്കോട് കൊല്ലത്തെ പുരാതന പട്ടണമായ പന്തലായനി കടലോരത്തെ ഈ പാറപ്പള്ളി മഖാം.
വശ്യസുന്ദരമീ ആത്മീയതീരത്തെക്കുറിച്ച് ഞാന്‍ കേട്ടറിയാന്‍ തുടങ്ങിയിട്ട് ഏറെയായെങ്കിലും വെറുതെയോരോ ഒഴിവ്കഴിവുകള്‍ പറഞ്ഞ് സ്വയം പ്രതിബന്ധം സൃഷ്ടിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചേടത്തോളം അത്രയൊന്നും ദൂരയല്ലായിരുന്നിട്ടും ഇത്രയും കാലം ഇവിടം സന്ദര്‍ശിക്കാതിരുന്ന എന്നിലെ വൈമുഖ്യത്തെ ഞാന്‍ സ്വയം കുറ്റപ്പെടുത്തുന്നു.
മനുഷ്യ സഹജമായ അലസതകളാണല്ലോ ഇതൊക്കെ .
മനുഷ്യ സഹജമായ അലസതകളാണല്ലോ ഇതൊക്കെ .
ചരിത്രപരമായ മഹത്ത്വം ഒട്ടേറെ ഇവിടമുണ്ട്. ഇന്ത്യയില്‍ ഇസ്ലാം മതം ആരംഭം കുറിച്ചതിന്റെ അഭിധേയമായ ബന്ധം ഈ പള്ളിക്കുമുണ്ട്.യമനില്‍ നിന്നെത്തിയ ഇസ്ലാമിക പ്രബോധകസംഘമായ മാലിക്ദീനാറും കൂട്ടാളികളും
നിര്‍മ്മിച്ച പള്ളികളിലൊന്നാണ് ഇതും.
ചരിത്രപരമായ പ്രാധാന്യമേറെയുള്ള ഈ പ്രകൃതി വിസ്മയ സ്ഥലത്തിന് പതിനെട്ട് ഏക്കര്‍ വിസ്തീര്‍ണ്ണമുണ്ട്.
ചരിത്രവും ആത്മീയവുമായ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ പ്രകൃതിദത്തമായ ഈ പ്രദേശത്തെ തഴുകിത്തലോടിക്കൊണ്ട് ശാന്തമായുള്ള കടലിന്റെ ഒഴുക്ക് അതിമനോഹരം തന്നെ. അഴകാര്‍ന്ന പാറക്കെട്ടുകളും പാറകള്‍ക്ക് മുകളില്‍ നിര്‍മ്മിച്ച പള്ളിയും വെള്ളാരം കല്ലുകളും പുല്‍മേടുകളും
കൊണ്ട് നിറഞ്ഞ ശ്യാമസുന്ദരമായ ഈ പ്രദേശം അവര്‍ണ്ണനീയമാണ്.
അറബിക്കടലിന്റെ തൊട്ട് തീരത്തായിട്ടും ഇവിടുത്തെ കിണറിലും അതിനടുത്ത പാറപ്പൊത്തിലൂടെ ഒഴുകിവരുന്ന നീരുറവക്കും യാതൊരു ഉപ്പുരസവും ഏശാതെ തനി ശുദ്ധജലമായിലഭിക്കുന്നത് സന്ദര്‍ശകരില്‍ അത്ഭുതവും ആശ്ചര്യവുമുളവാക്കുന്നു.ഇവിടം കേന്ദ്രീകരിച്ചുള്ള മതപ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് മാലികുദ്ദീനാറിന്റെ സഹോദരപുത്രന്‍ മാലിക്കുബ്നുഹബീബായിരുന്നുവത്രേ .ആദി മനുഷ്യന്‍ ആദം നബിയുടേത് എന്ന് വിശ്വസിക്കപ്പെടുന്ന കാലടയാളവും ഇവിടെ പാറയില്‍ കാണുന്നുണ്ട്.നിരവധി പോയ കാലത്തിന്റെ വക്താക്കള്‍ മണ്ണ് പുതച്ച് കിടക്കുന്നിണ്ടിവിടെ.
ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ യുദ്ധമായി അറിയപ്പെടുന്ന ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ധര്‍മ്മയോദ്ധാവ് തമീമുല്‍ അന്‍സാരിയടക്കം (അസ്ഹാബി) മറപ്പെട്ട് കിടക്കുന്നുണ്ടത്രേ ഇവിടെ.
പല മഹത്തുക്കളുടെ അന്ത്യനിദ്രകൊണ്ടും ഭക്തിസാന്ദ്രവും പ്രകൃതിയുടെ ചേതോഹരക്കാഴ്ച്ചകളും വിസ്മയ സുഖാനുഭൂതികളും കൊണ്ടും അനുഗ്രഹീതമാണ് ഈ തീര്‍ത്ഥാടന കേന്ദ്രം.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍
1 അഭിപ്രായം:
നല്ലൊരു ചരിത്രരചന. പാറപ്പള്ളിയെ കുറിച്ച് കൂടുതലറിയാൻ സഹായകമായ കാലിക പ്രസക്തിയുള്ള രചന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ