നീണ്ടകാലത്തെ സാഹസിക യാത്രാപഥങ്ങളിലൂടെ ഉലകം താണ്ടിയ ഒരു പേരുകേട്ട ദേശാടകനെ ഇക്കഴിഞ്ഞ അവധിയില്‍ നാട്ടിലുള്ളപ്പോള്‍
എന്റെ സഹയാത്രികനും യുവ ചരിത്രാന്വേഷകനുമായ ബഷീർ പൂക്കോട്ടൂരിനൊപ്പം സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചു. ദാരിദ്ര്യത്തിന്റെ നിലയില്ലാകയത്തില്‍ ജീവിതം വഴിമുട്ടിയപ്പോള്‍ കയ്യിലുണ്ടായിരുന്ന അമ്പത് രൂപയുമായി വീട് വിട്ടിറങ്ങി ഇന്ത്യക്കകത്തും പുറത്ത് നാല്‍പ്പത്തിമൂന്ന്‍ അന്യദേശങ്ങളിലുമായി ചുറ്റി സഞ്ചരിച്ച് നീണ്ട പതിനേഴ് വര്‍ഷക്കാലത്തെ നാട് ചുറ്റലിന്റെ അനുഭവങ്ങളുടെ അമൃതരസവുമായി നാടണഞ്ഞ മൊയ്തു കിഴിശ്ശേരി എന്ന സാഹസിക സഞ്ചാരിയെക്കുറിച്ച് അറിഞ്ഞ മുതല്‍ അദ്ദേഹത്തെ ഒന്ന് കാണണമെന്ന് ആശവെക്കുന്നുണ്ട്. ഈ പ്രവാസത്തിന്റെ ഇടവേളയില്‍ വെച്ച് ഒരുദിനം അതിനും നീക്കിവെച്ചു.നീണ്ടകാലത്തെ സാഹസിക യാത്രയിലൂടെ ഉലകം താണ്ടി ബഹുലമായ അനുഭവസമ്പത്തുള്ള മഹാ മനീഷിയെ കാണാന്‍ ഒരു ദിനം മാറ്റിവെക്കുന്നത് തന്നെ എത്ര നിസ്സാരം.
1959-ൽ അന്നത്തെ തരക്കേടില്ലാത്ത കുടുംബ ചുറ്റുപാടിലുണ്ടായിരുന്ന മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിലെ ഇല്ലിയൻ കുടുംബത്തിൽ ജനനം .കറാച്ചിയില്‍ കച്ചവടക്കാരനായിരുന്ന ബാപ്പയുടെ മരണം പിന്നെ മെല്ലെമെല്ലെ പ്രതാപത്തില്‍ നിന്നും വറുതിയിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങി. വീടകം ദാരിദ്ര്യം നിറഞ്ഞാടാന്‍ തുടങ്ങിയപ്പോള്‍ മൊയ്തു തന്റെ പഠനം നാലാം ക്ലാസില്‍ വെച്ച് നിര്‍ത്തി.
വീടകം പട്ടിണിയുടെ കരിമ്പടം മൂടാന്‍ തുടങ്ങി.ഉമ്മയുടെ കണ്ണീര്‍കണ്ട് പിടിച്ചുനില്‍ക്കാനാവാതെ മൊയ്തു തന്റെ പത്താമത്തെ വയസ്സില്‍ വീട് വിട്ടിറങ്ങി.1969-ല്‍ അന്ന്‍ പത്ത് വയസ്സ് മാത്രം പ്രായമായ മൊയ്തുവിന്റെ ആ പടിയിറക്കം അവിശ്വസനീയമായ ഒരു പ്രയാണത്തിന്റെ നാന്ദി കുറിക്കലായിരുന്നു.കയ്യിലുണ്ടായിരുന്ന ഇരുനൂറ് രൂപയില്‍ നിന്നും നൂറ്റിഅമ്പത് രൂപ ദാനം ചെയ്തു.ശേഷിക്കുന്ന അമ്പത് രൂപ മാത്രമായിരുന്നു വഴിച്ചെലവായുണ്ടായിരുന്നത്. ആദ്യ ഏഴ് വര്‍ഷക്കാലം കേരളത്തിലും പിന്നെ ആന്ധ്ര ,ഒഡിഷ,നാഗാലാന്‍റ്,ഡല്‍ഹി,പഞ്ചാബ് ,യു പി ,
ജമ്മു-കാശ്മീർ
തുടങ്ങി രാജ്യത്തിനകത്ത് തന്നെ പലേടത്തും ചുറ്റി സഞ്ചരിച്ചു.ഇതിനിടെ രാജ്യത്ത് നിന്ന്‍ തന്നെ കേരളത്തിനകത്തും പുറത്തുമായി നടത്തിയ സഞ്ചാരണത്തില്‍ പൊന്നാനി ,ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മഖ്ബറ ,അസമിലുള്ള കാമാഖ്യ ക്ഷേത്രം കാശ്മീരിലെ ദര്‍ഗകള്‍, യുപിയില്‍ വാരാണസി,പഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രം തുടങ്ങി പല തീര്‍ത്ഥാടന കേന്ദ്രങ്ങളിലും കഴിച്ചുകൂട്ടി. പൊന്നാനിയിലെ ഒരു ദര്‍സില്‍ ചേര്‍ന്ന്‍ പഠിക്കുമ്പോള്‍ അവിടുത്തെ ഉസ്താദ് വിവരിച്ച ഖുര്‍ആന്‍ ചരിത്രഭൂമികളിലൂടെ എന്ന പാഠം അദ്ദേഹത്തിന്‍റെ മനസ്സില്‍ കോറിയിട്ടു.അതില്‍ പറഞ്ഞ ദീൻ പതിഞ്ഞ സ്ഥലങ്ങളൊക്കെ കാണണമെന്ന മോഹം ശിരസാവഹിക്കാന്‍ തീരുമാനിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. പല വേദഗ്രന്ഥങ്ങളും ഇതിനകം ഹൃദിസ്ഥമാക്കി.ഡല്‍ഹിയില്‍നിന്ന്‍ ഭഗവദ്ഗീത ,കേരളത്തിലെ പള്ളി ദര്‍സുകളില്‍ നിന്ന്‍ ഖുര്‍ആന്‍ ,ഉത്തരേന്ത്യന്‍ രാജ്യങ്ങളില്‍ നിന്ന്‍ ബൈബിള്‍ തുടങ്ങി വിശുദ്ധ വേദപുസ്തകങ്ങള്‍ പഠിച്ചു.ഏഴ് വര്‍ഷത്തെ ഇന്ത്യാ സഞ്ചാരശേഷം അവസാനം സന്ദര്‍ശിച്ച പഞ്ചാബില്‍ നിന്നും പാക്കിസ്ഥാനിലേക്ക് കടന്ന്‍ വിദേശ രാജ്യങ്ങളിലേക്കുള്ള പുറപ്പാടിന് തുടക്കമിട്ടു .പാസ്പ്പോര്‍ട്ടോ വിസയോ മറ്റ് യാതൊരു യാത്രാ രേഖയും ഇല്ലാതെയായിരുന്നു യാത്ര. അത് അദ്ദേഹത്തിന്‍റെ പതിനേഴാം വയസ്സില്‍.അഫ്ഗാന്‍,ബര്‍മ ,ചൈന ,തിബത്ത് ,കൊറിയ ,താജിക്കിസ്ഥാന്‍,ഉസ്ബക്കിസ്ഥാന്‍ ,ഇറാന്‍,കിര്‍ഗിസ്ഥാന്‍ ,പോളണ്ട് അങ്ങിനെ നാല്‍പ്പത്തിമൂന്ന്‍
പല പല ദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. രാജ്യങ്ങളില്‍ നിന്ന്‍ രാജ്യങ്ങളിലേക്ക് .പിന്നീടങ്ങോട്ട് മൊയ്തു തന്റെ ജീവിതത്തിന്റെ അനര്‍ഘമായ പന്ഥാവ് വെട്ടിത്തെളിക്കുകയായിരുന്നു.കയ്യില്‍ നയാ പൈസയില്ലാതെ യാത്രയിലുടനീളം നല്ലവരായ മനുഷ്യ സ്നേഹികളുടെ സഹായ ഹസ്തം കൊണ്ട് രാജ്യ രാജ്യാന്തരങ്ങള്‍ കടന്ന് അദ്ദേഹത്തിന്‍റെ ഉലക പ്രയാണം തുടര്‍ന്നു. ഓരോ രാജ്യത്തും സംഹിതമായ വിഭിന്നങ്ങളായ വേഷങ്ങള്‍ അദ്ദേഹം കെട്ടിയാടി.പട്ടാളക്കാരനായും ഗൈഡായും പത്രപ്രവര്‍ത്തകനായും ,ഉസ്താദായും,സൂഫിയായും ,ചാരനായും വേഷമണിഞ്ഞു.നീണ്ടകാലത്തെ യാത്രയുടെ പര്യവസാനം കുറിച്ച് 1984 നവംബര്‍ ഒന്നിന് സ്വന്തം നാട്ടില്‍ കിഴിശ്ശേരിയില്‍ തിരിച്ചെത്തുമ്പോള്‍ മൊയ്തുക്കയുടെ കയ്യില്‍ വെറും പത്ത് പൈസയുടെ നാല് നാണയത്തുട്ടുകള്‍ മാത്രമായിരുന്നത്രെ .ഒരു പക്ഷെ കേരളത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തത്ര വിസ്മയകരവും സാഹസികവുമായ ഈ യാത്രയിലും വലിയ സമ്പത്തും ജ്ഞാനവും മറ്റെന്തുണ്ട്. സഞ്ചാരത്തിനിടയിലും ശേഷവും പലരില്‍ നിന്നും പലപ്പോഴായി ശേഖരിച്ചുണ്ടാക്കിയ നിരവധി പുരാവസ്തുക്കളുടെ ബൃഹതതായ തങ്കാരം അദ്ദേഹത്തിന്‍റെ പക്കലുണ്ട്. ഇന്ന്‍ മൊയ്തുക്കയുടെ പക്കല്‍ ചരിത്ര പ്രാധാന്യമുള്ള ഭൂത കാലത്തിന്റെ പാരമ്പര്യവും, ചരിത്രവും ,സംസ്കാരവും ഉണര്‍ത്തുന്ന ഒട്ടേറെ വിലപ്പെട്ട ശേഖരം ,
അതി വിപുലമായ കരകൌശല വസ്തുക്കള്‍ എല്ലാം ഇവിടെയുണ്ട്.
എല്ലാം അമൂല്യ കാലവാചിയായ വസ്തുക്കള്‍.
ചരിത്ര സംസ്കൃതിയോടുള്ള അദ്ദേഹത്തിന്‍റെ അടങ്ങാത്ത ത്വര ഒരു വന്‍ പുരാവസ്തു ശേഖരത്തിനുടമയാക്കി മാറ്റി . ഇക്കാലമത്രയും ഉലകം ചുറ്റി നടന്ന ഈ സഞ്ചാരിയുടെ ഏക സമ്പാദ്യവും കോടി രൂപ വിലപറയുന്ന ഈ ശേഖരമാണ് .വൃക്ക സംബന്ധമായ രോഗം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന അദ്ദേഹം തന്റെ ഏക സമ്പാദ്യമായ പുരാവസ്തു ശേഖരം വില്‍ക്കുന്നതിനായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഇതേ തുടര്‍ന്ന്‍ ലോക സഞ്ചാര മദ്ധ്യേ പലരില്‍നിന്നും സ്വരൂപിച്ച അമൂല്യമായ ഈ ശേഖരം ഏതാനും ദിവസം മുമ്പ്
മാപ്പിളകലാ അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തിലേക്ക് ഏറ്റെടുക്കുന്നെന്ന് പത്രദ്വാരാ അറിഞ്ഞിരുന്നു..
പല രാജ്യങ്ങള്‍
വിവിധ ഭാഷകള്‍ .അവരുടെ ജീവിതവും സംസ്ക്കാരവും തൊട്ടറിഞ്ഞ,അഗ്നിപരീക്ഷണങ്ങളുടെ തീക്ഷ്ണാനുഭവങ്ങളുടെ സാക്ഷ്യപത്രവുമായി ജീവിക്കുന്ന മൊയ്തു കിഴിശ്ശേരിക്ക് പകരം വെക്കാവുന്ന മറ്റൊരു ലോകസഞ്ചാരി ആരുണ്ട്.
ദര്‍ദേ ജൂദാഈ,ദൂര്‍ കെ മുസാഫിര്‍ ,ലിവിംഗ് ഓണ്‍ ദ എഡ്ജ് ,ചരിത്ര ഭൂമിയിലൂടെ,സൂഫികളുടെ നാട്ടില്‍ തുടങ്ങി ഏഴ് സഞ്ചാര സാഹിത്യ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട് .
വിവിധ ദേശങ്ങളെക്കുറിച്ചും അവരുടെ ജീവിതവും സംസ്ക്കാരവും തൊട്ടറിഞ്ഞ മഹത്തായ അനുഭവങ്ങളുടെ സഞ്ചാരിയാണ് മൊയ്തു കിഴിശ്ശേരി.യാത്രാരേഖകളില്ലാതെ രാജ്യങ്ങള്‍ അലഞ്ഞ ഫക്കീര്‍.പലവിധ വേഷങ്ങള്‍, പഠിച്ച വേദങ്ങള്‍ ,ഭാഷകള്‍ വിദ്യകള്‍ ,എത്ര പ്രണയിനികള്‍. വെറും നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ഈ മലപ്പുറം കിഴിശ്ശേരിക്കാരനെ വെല്ലാന്‍ ഇതിലും വലിയ ലോക സഞ്ചാരി ആരുണ്ട് മലയാളത്തില്‍.
ലോക സഞ്ചാരത്തിന്റെ അനുഭവം കൊണ്ട മഹാഗുരുവിനെ ,
കാലം നിയോഗിച്ച ആ അവധൂതനെ നേരില്‍ കാണാനും വിവരങ്ങള്‍ ശേഖരിക്കാനും പുസ്തകം കൈപ്പറ്റാനും സാധിച്ചതില്‍ ഈയുള്ളവന് ഏറെ ചാരിതാര്‍ത്ഥനാണ്.
- എന്‍ കെ മൊയ്തീന്‍ , ചേറൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ