2018, ഫെബ്രുവരി 18, ഞായറാഴ്‌ച

*മക്കയിലെ ഇസ്ലാമിക ചരിത്രം തുടിക്കുന്ന ഭൂമികയിലൂടെ*

                                                                                    ജബലുറഹ്മ
                                                                                    *************
                                                                                                    
          ഏതാനും ദിവസമായി സൗദിയിലെത്തിയ എന്റെ
ജ്യേഷ്ഠനോടൊപ്പം മക്കയിലെ ജബലുറഹ്മയില്‍. കൂടെ മക്കയിലുള്ള സുഹൃത്ത് റഫീഖും.
                                                                                                

             ജബലു റഹ്മ അഥവാ കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന സ്ഥലം അറഫയില്‍ മസ്ജിദു നമിറ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ ഭാഗമാണ് . മലമുകളില്‍ വെച്ചാണ് ഒരു ലക്ഷത്തിലേറെ അനുയായികളെ മുന്നില്‍ നിര്‍ത്തി മാനവരാശിയോട് പ്രവാചകന്‍ സുദീര്‍ഘമായ ഹജ്ജ് പ്രസംഗം നടത്തിയത്.
പിശാചിന്റെ വഞ്ചനയിൽ പെട്ട് വിലക്കപ്പെട്ട കനി ഭുജിച്ചതിന്റെ പേരിൽ സ്വർഗ്ഗത്തിൽ നിന്നും ബഹിഷ്‌കൃതരായ ശേഷം ഭൂമിയില്‍ ഒറ്റപ്പെട്ടലഞ്ഞു പോയ ആദി മാതാപിതാക്കളായ ആദമും ഹവ്വായും
നീണ്ട കാലത്തിനു ശേഷം പരസ്പരം കണ്ടുമുട്ടിയത് അറഫയിലെ ജബലുറഹ്മ മലയുടെ താഴ്വരയില്‍ വെച്ചായിരുന്നുവത്രേ.
ബാല്യകാലം തൊട്ടേ കേട്ടും പഠിച്ചും വളർന്ന ഓരോ ചരിത്ര സംഭവങ്ങളും ഇതുവഴി നടക്കുമ്പോൾ എന്റെ ഓർമയിൽ പുനർജനിക്കുകയായിരുന്നു.
പരിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങളിലെ ബന്ധപ്പെട്ട ഇടങ്ങളായ അറഫ, മിന, മുസ്ദലിഫ, ജബലുറഹ്മ തുടങ്ങി
പ്രവാചകന്റെ പാദസ്പര്‍ശമേറ്റും പ്രബോധനം കേട്ടും പുളകിതമായ മണ്ണിലൂടെയുള്ള യാത്ര വല്ലാത്തൊരനുഭൂതിയാണ് നല്‍കിയത്. സത്യ ദീനിന് വേണ്ടി ത്യാഗപൂര്‍ണ്ണമായ വൈതരണികള്‍ സഹിച്ച് ജീവിതം നയിച്ച
തിരുനബി പിറന്നതും ജീവിച്ചതുമായ മണ്ണിലൂടെയുള്ള സഞ്ചാരം മനസ്സിന് ഉളവാക്കുന്ന ആത്മീയ ചൈതന്യം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.
ഇസ്ലാമിക ചരിത്രത്തിന്റെ മൂകസാക്ഷിയായി മാറിയ ഒട്ടനവധി ശേഷിപ്പുകള്‍ കുടി കൊള്ളുന്ന രാഷ്ട്രമാണ് സൗദി.
പ്രവാസ ജീവിതം നയിച്ച് ഏറെ കാലമിവിടെ ഉണ്ടായിരുന്നെങ്കിലും ഹജ്ജും ഉംറയും കർമ്മം നിർവ്വഹിച്ച് മടങ്ങുകയല്ലാതെ തിരക്കൊഴിഞ്ഞ ഒരു സമയത്ത് ഇവിടം സന്ദർശിക്കാൻ മിനക്കെട്ടതില്ല. പ്രവാസത്തിന്റെ പടിയിറക്കത്തിന് ഒരുക്കം കൂട്ടുന്ന അവസരത്തിൽ ഇവിടങ്ങളിലൊക്കെ സന്ദർശിച്ച് നിർവൃതി കൊള്ളുക എന്നത് കൂടിയായിരുന്നു യാത്രോദ്ദേശം .

                                - എൻ കെ മൊയ്തീൻ ചേറൂർ
                                

                       

*മക്കയിലെ ഇസ്ലാമിക ചരിത്രം പതിഞ്ഞ ഭൂമികയിലൂടെ*

                       സൗര്‍ ഗുഹ
                                                                          *************
                                                                                         
       ഇസ്ലാമിലെ  തീക്ഷ്ണമായ ചരിത്ര സംഭവങ്ങള്‍ക്ക് മൂകസാക്ഷിയായ  സൗര്‍ മലയിലെ സൗര്‍ ഗുഹ .
പ്രവാചകൻ നബി () യെ
അപായപ്പെടുത്താന്‍ പുറപ്പെട്ട ശത്രുക്കളില്‍ നിന്നും രക്ഷതേടിയെത്തിയത് മലമുകളിലേക്കാണ്. പ്രവാചക തിരുമേനി()ക്കും അവിടുത്തെ
പ്രഥമ അനുചരന്‍
 അബൂബക്കര്‍ സിദ്ധീഖ് () വിനും സങ്കേതമൊരുക്കിയത് ഗുഹയിലാണ്. സൗര്‍ എന്ന മാമലയുടെ ഉച്ചിയിലുള്ള ഗുഹയിലാണ് ഇസ്ലാമിന്റെയും പ്രവാചകന്‍റെയും  മുഖ്യശത്രുവായിരുന്ന
അബൂജഹലിന്‍റെയും കൂട്ടരുടെയും കണ്ണില്‍ പെടാതെ ഹബീബായ നബി() ഒളിച്ചിരുന്നത്ശത്രുക്കളുടെ ഉപദ്രവം അതിന്റെ ആധിക്യത്തിലെത്തിയപ്പോള്‍ സഹിക്ക വയ്യാതെ മദീനയിലേക്കുള്ള പാലായനത്തിനിടെയായിരുന്നു ഇത്മൂന്ന് ദിവസം  ഗുഹയിലാണ് പ്രവാചകനും സഹയാത്രികന്‍ അബൂബക്കര്‍ സിദ്ധീഖും അഭയം തേടിയത്. നബി()യെ പിടിച്ചെത്തിക്കുന്നവര്‍ക്ക് നൂറു ഒട്ടകങ്ങളെ ഇനാം നല്‍കാമെന്ന് ശത്രുക്കള്‍ പ്രഖ്യാപനം ചെയ്തു. അവര്‍ സാധ്യതയുള്ള എല്ലാഭാഗങ്ങളും അരിച്ചുപെറുക്കി.അവസാനം മലയുടെ ഉച്ചിയിലുള്ള ഗുഹാമുഖത്തെത്തി.ഗുഹാകവാടത്തില്‍ ചിലന്തിവലകെട്ടിയതും ചെടികളും അടയിരിക്കുന്ന അരിപ്രാവുകളെയും കണ്ടപ്പോള്‍ ഇവിടെയൊന്നും മനുഷ്യ പെരുമാറ്റമില്ലെന്നവര്‍ക്ക് തോന്നിഅല്ലാഹു ഒരുക്കി വെച്ച സംവിധാനങ്ങള്‍ കണ്ട് ആള്‍ താമസമില്ലെന്ന നിഗമനത്തില്‍ അവര്‍ ഗുഹയിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോവുകയായിരുന്നു.
                                                                                        

          ഹറമില്‍ നിന്നും ആറോ ഏഴോ  കിലോമീറ്ററോളം ദൂരമുണ്ടാവുന്ന സൗര്‍മലയുടെ നെറുകയിലുള്ള സൗര്‍ ഗുഹയിലെത്താന്‍ സമുദ്ര നിരപ്പില്‍ നിന്നും 748 മീറ്റര്‍ ഉയരം സഞ്ചരിക്കണം. അപകടം പിടിച്ച വഴികള്‍ താണ്ടിവേണം മുകളിലേക്ക് കയറാനും ഇറങ്ങാനും. പലേടത്തും  അടി തെറ്റിയാല്‍ ആപത്തില്‍ പെടാവുന്ന കൊക്കകളുണ്ട്. വളഞ്ഞുപുളഞ്ഞുപോകുന്ന വഴിത്താരകള്‍. ചവിട്ടുപടികളിലൂടെ വളരെ സാഹസികമായും സശ്രദ്ധയോടെയും വേണം വഴിനടത്തം .എത്ര പ്രയാസപ്പെട്ടാലും മുമ്പോട്ട് തന്നെ എന്ന്‍ ശപഥം ചെയ്തു. പ്രവാചകന്‍ അനുഭവിച്ച ത്യാഗങ്ങളുടെ ഒരുകണിക പോലുമാകില്ലല്ലോ ഇതൊന്നുമെന്ന അചഞ്ചലമായ ആത്മ ധൈര്യം  അതിന്റെ നെറുകെയിലെത്തിച്ചു. നീണ്ടകാലം ജീവിതസന്ധാരണത്തിനുള്ള വകകണ്ടെത്തി പുണ്യ നാട്ടിലുണ്ടായിട്ടും ഇസ്ലാമിന്റെ പുകള്‍പ്പുറ്റ പവിത്രമായ സ്മരണികകളൊക്കെ കാണാനും സ്പര്‍ശിക്കാനും ഞാന്‍ കാണിച്ച അലസതയെ ഓര്‍ത്ത് ഇവിടം കണ്ട് തിരിച്ച് പോരുമ്പോള്‍
എന്‍മനം തപിക്കുന്നുണ്ടായിരുന്നു. ഭൂമിയില്‍ ജീവിക്കുമ്പോള്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ത്വര നാം കാണിക്കേണ്ടതുണ്ട്.
നബി ദീനിനുവേണ്ടി അനുഭവിച്ച ത്യാഗങ്ങളുടെ കഠിനത മനസ്സിലാക്കാനും അതിലൊരു അൽപാംശമെങ്കിലും  അനുഭവഭേദ്യമാകണമെങ്കിലും  പര്‍വ്വതം കയറിയാല്‍ മാത്രം മതി എന്നത് ഈയുള്ളവന്‍റെ അനുഭവ സാക്ഷ്യം ഇവിടെ കുറിക്കുന്നു. നാട്ടില്‍ നിന്നും സൗദി സന്ദര്‍ശനത്തിനും പരിശുദ്ധ ഉംറ നിര്‍വ്വഹിക്കുവാനുമായെത്തിയ എന്റെ ജ്യേഷ്ഠനും ഇവിടെ പ്രവാസജീവിതം നയിക്കുന്ന മറ്റു കുടുംബാഗങ്ങളുടെയും കൂടെയാണ് ഇപ്പോള്‍ അവസരം ഒത്തുകിട്ടിയത്.
കാരുണ്യത്തിന്റെ പ്രവാചകന്‍റെ തിരു കാല്‍പാടുകള്‍ പതിഞ്ഞ മണ്ണിലൂടെയുള്ള യാത്രതന്നെ വല്ലാത്തൊരു അനുഭൂതിയാണ് ഉളവാക്കിയത്.

     -എന്‍ കെ മൊയ്തീന്‍ ചേറൂര്‍