ജബലുറഹ്മ
*************
ഏതാനും ദിവസമായി സൗദിയിലെത്തിയ എന്റെ
ജ്യേഷ്ഠനോടൊപ്പം മക്കയിലെ ജബലുറഹ്മയില്‍. കൂടെ മക്കയിലുള്ള സുഹൃത്ത് റഫീഖും.
ജബലു റഹ്മ അഥവാ കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ഈ സ്ഥലം അറഫയില്‍ മസ്ജിദു നമിറ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ ഭാഗമാണ് . ഈ മലമുകളില്‍ വെച്ചാണ് ഒരു ലക്ഷത്തിലേറെ അനുയായികളെ മുന്നില്‍ നിര്‍ത്തി മാനവരാശിയോട് പ്രവാചകന്‍ സുദീര്‍ഘമായ ഹജ്ജ് പ്രസംഗം നടത്തിയത്.
പിശാചിന്റെ വഞ്ചനയിൽ പെട്ട് വിലക്കപ്പെട്ട കനി ഭുജിച്ചതിന്റെ പേരിൽ സ്വർഗ്ഗത്തിൽ നിന്നും ബഹിഷ്‌കൃതരായ ശേഷം ഭൂമിയില്‍ ഒറ്റപ്പെട്ടലഞ്ഞു പോയ ആദി മാതാപിതാക്കളായ ആദമും ഹവ്വായും
നീണ്ട കാലത്തിനു ശേഷം പരസ്പരം കണ്ടുമുട്ടിയത് അറഫയിലെ ഈ ജബലുറഹ്മ മലയുടെ താഴ്വരയില്‍ വെച്ചായിരുന്നുവത്രേ.
ബാല്യകാലം തൊട്ടേ കേട്ടും പഠിച്ചും വളർന്ന ഓരോ ചരിത്ര സംഭവങ്ങളും ഇതുവഴി നടക്കുമ്പോൾ എന്റെ ഓർമയിൽ പുനർജനിക്കുകയായിരുന്നു.
പരിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങളിലെ ബന്ധപ്പെട്ട ഇടങ്ങളായ അറഫ, മിന, മുസ്ദലിഫ, ജബലുറഹ്മ തുടങ്ങി
പ്രവാചകന്റെ പാദസ്പര്‍ശമേറ്റും പ്രബോധനം കേട്ടും പുളകിതമായ മണ്ണിലൂടെയുള്ള യാത്ര വല്ലാത്തൊരനുഭൂതിയാണ് നല്‍കിയത്. സത്യ ദീനിന് വേണ്ടി ത്യാഗപൂര്‍ണ്ണമായ വൈതരണികള്‍ സഹിച്ച് ജീവിതം നയിച്ച
തിരുനബി പിറന്നതും ജീവിച്ചതുമായ മണ്ണിലൂടെയുള്ള സഞ്ചാരം മനസ്സിന് ഉളവാക്കുന്ന ആത്മീയ ചൈതന്യം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.
ഇസ്ലാമിക ചരിത്രത്തിന്റെ മൂകസാക്ഷിയായി മാറിയ ഒട്ടനവധി ശേഷിപ്പുകള്‍ കുടി കൊള്ളുന്ന രാഷ്ട്രമാണ് സൗദി.
പ്രവാസ ജീവിതം നയിച്ച് ഏറെ കാലമിവിടെ ഉണ്ടായിരുന്നെങ്കിലും ഹജ്ജും ഉംറയും കർമ്മം നിർവ്വഹിച്ച് മടങ്ങുകയല്ലാതെ തിരക്കൊഴിഞ്ഞ ഒരു സമയത്ത് ഇവിടം സന്ദർശിക്കാൻ മിനക്കെട്ടതില്ല. പ്രവാസത്തിന്റെ പടിയിറക്കത്തിന് ഒരുക്കം കൂട്ടുന്ന ഈ അവസരത്തിൽ ഇവിടങ്ങളിലൊക്കെ സന്ദർശിച്ച് നിർവൃതി കൊള്ളുക എന്നത് കൂടിയായിരുന്നു യാത്രോദ്ദേശം .
- എൻ കെ മൊയ്തീൻ ചേറൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ