2013, ജൂൺ 25, ചൊവ്വാഴ്ച

ഫോട്ടോഗ്രാഫറിലെ "പുല്‍ച്ചാടി" മണിനിത്യവൃത്തിക്കായി കൂലി വേല ചെയ്യുന്നത്രെ

"പച്ചപുല്ചാടീ മഞ്ഞ പുല്ചാടീ
ചൊമല പുല്ച്ചാടീ പുള്ളി പുല്ച്ചാടീ
ചെല്ലം ചാടി നടക്കണ പുല്ച്ചാടീ
ഞാനും നിന്നെപ്പോലൊരു പുല്‍ച്ചാടി
തുള്ളി തുള്ളിയലപ്പ് കൂട്ടില്ലാതെയിരിപ്പ്
നീയോ ഞാനോ ഞാനോ നീയോ പുല്ച്ചാടീ............"
ഈ പുല്‍ച്ചാടി പയ്യനെ അറിയില്ലേ.
ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ താമി എന്ന ബാല കഥാപാത്രത്തെ അവതരിപ്പിച്ച് 2006 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് വരെ കരസ്ഥമാക്കിയ മണി എന്ന
ആദിവാസി ബാലന്‍ കുടുംബത്തിന് അന്നത്തിനുള്ള വക തേടി കോഴിക്കോട് ഭാഗങ്ങളില്‍ തോട്ടം പണി അടക്കമുള്ള കൂലി വേല ചെയ്യുന്നത്രേ.
ഈയിടെയായി പല മാധ്യമങ്ങളിലും ഈ വാര്‍ത്ത വന്നുകൊണ്ടിരിക്കുന്നു.
സിനിമാലോകത്ത് സുഖലോലുപതയില്‍ ആനന്ദനിര്‍ത്തമാടുന്നവര്‍ ഈ ആദിവാസി ബാലനെ മറന്നോ?!. അതോ
വിഗതകുമാരന്‍ എന്ന ആദ്യ സിനിമയില്‍ മേല്‍ ജാതിക്കാരിയായ സരോജിനി എന്ന കഥാപാത്രത്തെ അഭിനയിച്ചതിന് ഒരു താഴ്ന്ന ജാതിക്കാരിയായതിന്റെ കാരണത്താല്‍ പി കെ
റോസിയെ ആട്ടിയോടിച്ച ജാതി വര്‍ണ്ണ വിവേചന പിശാചുകള്‍ ഇവനെയും വിരട്ടിയോ. സിനിമാ അഭിനയമെന്തെന്നു ഇതിനു മുമ്പ് കേട്ടിട്ട് പോലുമില്ലാത്ത ആദിവാസി പയ്യന്‍ , ആദ്യമായി കാണുന്ന ക്യാമറക്ക് മുമ്പില്‍ കാട്ടിലൂടെ പുല്ചാടിയെപ്പോലെ ചാടി പാടി നടന്നു അഭിനയ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതായി അറിഞ്ഞപ്പോള്‍ സിനിമകളിലൊന്നും അത്ര താല്പര്യം കൊടുക്കാതിരുന്ന എന്റെ മനസ്സിലും ഈ ആദിവാസി ബാലന്‍ കടന്നുകൂടി.
അവാര്‍ഡ് നല്‍കിയ അവസരത്തില്‍ തന്നെ സര്‍ക്കാര്‍ മണിക്ക് വീട് വെച്ച് നല്കാമേന്നേറ്റിരുന്നു. ഒപ്പം സര്‍ക്കാര്‍ ജോലിയും .പക്ഷെ അതൊക്കെ വെറും വാഗ്ദാനത്തിലൊതുങ്ങി എന്നുമാത്രം.
ബത്തേരിയിലെ താത്തൂര്‍ കോളനിയിലുള്ള മണിക്ക് അന്ന്
പഠനത്തിനുള്ള സൌകര്യങ്ങള്‍ പലരും ചെയ്തു കൊടുത്തിരുന്നെങ്കിലും കുടുംബം പട്ടിണിയിലും ദാരിദ്ര്യത്തിലും അകപ്പെട്ട് ജീവിതം ദുസ്സഹമായപ്പോള്‍ പഠനം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാതെ നിര്‍ത്തേണ്ടിവന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഈ താരം സ്‌ക്രീനില്‍നിന്നു മറഞ്ഞു നിന്നതിന്റെ ഹേതു വരും കാലങ്ങളില്‍ മറ്റൊരു സെല്ലുലോയ്ഡ് ലൂടെ സഹതാപത്തോടെ പ്രതിപാദിക്കുന്നതിനുള്ള അവസരം ഒരുക്കാതിരിക്കട്ടെ.

1 അഭിപ്രായം:

Cv Thankappan പറഞ്ഞു...

പണവും, പ്രതാപവും,സ്വാധീനവും,മേല്‍ക്കോയ്മയും ഉണ്ടെങ്കില്‍ ഉയര്‍ത്താന്‍ ആളുണ്ടാവും.ഇതോന്നുമില്ലെങ്കില്‍ അധോഗതി.
സന്ദര്‍ഭോചിതമായ കുറിപ്പ്‌.
ആശംസകള്‍