2014, ഡിസംബർ 20, ശനിയാഴ്‌ച

യു. ഡി. എഫിന്റെ നാണം കെട്ട വഞ്ചന !

        മദ്യനയത്തിന്റെ മറവില്‍ വന്‍തുക കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസേടുത്തിട്ടും ഒരു കൂസലുമില്ലാതെ മാണിയെ ചിറകിനുള്ളില്‍ സംരക്ഷിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍.ഒന്നിന് പിറകെ മറ്റൊന്നായി ഓരോ അഴിമതിക്കഥ പുറത്തു വന്നുകൊണ്ടിരുന്നിട്ടും അവര്‍ക്ക് ഒരു സങ്കോചവും ഇല്ല.അഴിമതിക്കാരെ
സംരക്ഷിക്കുന്നതില്‍ കൈമെയ് മറന്ന് എല്ലാവരും ഭരണകക്ഷിയില്‍ ഒറ്റക്കെട്ടാണ് .ഇന്നിപ്പോള്‍ ബാര്‍ മുതലാളിമാരുടെ ബ്ലാക്ക്മെയിലിങ്ങിന് വഴങ്ങി പുതിയ തന്ത്രങ്ങളിലൂടെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം ഗവണ്‍മെന്റ് തന്നെ ഒരുക്കിയിരിക്കുന്നു.
        വേണ്ടത്ര കൂടിയാലോചന നടത്താതെ പൊടുന്നനെ മദ്യനിരോധനം നടപ്പാക്കിയപ്പോള്‍ തന്നെ ഗവണ്‍മെന്റിന്റെ ഇക്കാര്യത്തിലെ ആത്മാര്‍ഥതയില്‍ സംശയിച്ചവരെ ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം പൂട്ടിയ ബാറുകള്‍ വൈന് ‍- ബിയര്‍ വിതരണകേന്ദ്രങ്ങളാക്കി തുറക്കാന്‍ അനുവദിച്ചു കൊണ്ടുള്ള ചാണ്ടി ഗവണ്‍മെന്റിന്റെ തീരുമാനം.വെറും കൊള്ളക്കാരുടെ തട്ടിപ്പ് മാത്രമായിരുന്നു ഇതിനു പിന്നില്‍ എന്ന് ജനം തിരിച്ചറിഞ്ഞു.കൊടും ചതിയും വഞ്ചനയുമാണ് യു.ഡി.എഫ് സമൂഹത്തോട് ചെയ്തത്.
                                                                                     

   ഗള്‍ഫ് മാധ്യമം 'പ്രവാസി വിചാരവേദി'യില്‍ (20.12.2014) പ്രസിദ്ധീകരിച്ചത്.
      മദ്യനിരോധനം
അനിവാര്യം തന്നെ.മദ്യവും മറ്റു മയക്കു മരുന്നുകളുടെയും ഉപഭോഗം ആപത്കരമാം വിധം വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍  ഇത്തരം   ലഹരി പദാര്‍ഥങ്ങളുടെ ലഭ്യത പൂര്‍ണമായും ഇല്ലാതാക്കുക തന്നെയാണ് വേണ്ടത്.എന്നാല്‍ ഒറ്റയടിക്ക് മദ്യഷാപ്പുകള്‍ അടച്ച് പൂട്ടുന്നതിന് പകരം പടിപടിയായുള്ള പ്രവര്‍ത്തനമാണ് അഭികാമ്യം.നിരന്തര ബോധവത്ക്കരണത്തിലൂടെ മദ്യപാനികളെ സ്വയം വര്‍ജനത്തിലേക്ക് പാകപ്പെടുത്തുകയും അതിന് വേണ്ട സഹകരണം നല്‍കുകയും വേണം.അതോടൊപ്പം തന്നെ മദ്യശാലകളില്‍ തൊഴിലെടുക്കുന്നവരുടെ പുനരധിവാസം പോലുള്ള ബദല്‍ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നു പിന്തുണയുണ്ടാവണം .അനധികൃത ലഹരി വസ്തുക്കളുടെ
നിര്‍മാണവും വ്യാപാരവും കര്‍ശനമായി ഇല്ലായ്മ ചെയ്യുകയും വ്യാജവാറ്റുകളും സ്പിരിറ്റിന്റെ ഒഴുക്കും മറ്റു മയക്കുമരുന്നുകളുടെ വ്യാപനവും തടയാനും കഴിയണം. മത,സാംസ്കാരിക,സാമൂഹിക സംഘടനകളും അവരുടേതായ പങ്ക് വഹിക്കണം .
          അല്ലാതെ ജനനന്മയാണ് ലക്ഷ്യമെന്ന വീണ്‍വാക്കുമായി മദ്യനിരോധം എന്ന തുറുപ്പുചീട്ടുമായി വന്ന് ജനങ്ങളെ മയക്കി ക്കിടത്തി ഇപ്പുറത്ത് ബാര്‍ മുതലാളിമാരോട്
വിലപേശി കീശ വീര്‍പ്പിക്കാനുള്ള അവസരം സൃഷ്‌ടിക്കുന്ന ശുദ്ധ തട്ടിപ്പിന് കുടപിടിക്കാന്‍ സാമാന്യബുദ്ധിയുള്ള ഒരാളെയും കിട്ടില്ല.ഒരുകാര്യം ഉമ്മന്‍ചാണ്ടിയും കൂട്ടരും ഓര്‍ക്കുന്നത്
നന്ന്.തീര്‍ച്ചയായും ജനകീയ കോടതിയില്‍ നിങ്ങള്‍ വിചാരണ ചെയ്യപ്പെടും.പ്രജകള്‍ പ്രതികാരബുദ്ധിയോടെ കാത്തിരിക്കുന്നുണ്ട്.

            -എന്‍ കെ മൊയ്തീന്‍, ചേറൂര്‍, ജിദ്ദ

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

***വായനക്കിടയിലെ ചില നഷ്ടങ്ങളായ ഓര്‍മ്മകള്‍ ***

             വായന അഥവാ അക്ഷരങ്ങളോടുള്ള പ്രിയം ബാല്യം തൊട്ടേ സന്തതസഹചാരിയെപ്പോലെ കൂട്ടാണെനിക്ക്.ഏത് പത്രമായാലും ആനുകാലികങ്ങളായാലും സഭ്യവും മാന്യതയോടെയും ഇഷ്ടാനുസാരമായതുമായ കിട്ടാവുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും വായിക്കണം സംഗതികള്‍ മനസ്സിലാക്കണം എന്ന ചിന്ത കുട്ടിക്കാലം മുതലേ എന്നില്‍ അന്തര്‍ലീനമായ ഒന്നാണ്.വായനക്കിടയില്‍ കക്ഷിരാഷ്ട്രീയത്തിന്റെയോ മറ്റോ അതിര്‍ വരമ്പുകള്‍ തീര്‍ക്കാതെ ഏത് മത വിഭാഗത്തിന്റെതോ സംഘടനകളുടെതോ ആയാലും ഹിതകരമായുള്ള ഒരു പ്രസിദ്ധീകരണത്തിനോടും അയിത്തം കല്‍പ്പിക്കരുത് എന്നാണെന്റെ അഭിപ്രായം .ഒരു പത്രത്തില്‍ വരാത്ത വിലപ്പെട്ട വിവരങ്ങള്‍ തൊട്ടടുത്ത പത്രത്തില്‍ കണ്ടേക്കാം. പരന്ന വായനയിലൂടെ മാത്രമേ നമ്മിലെ അവബോധമനസ്സിനെ ഉണര്‍ത്തി ഉള്‍ക്കൊളേളണ്ടതിനെ ഉള്‍ക്കൊള്ളാനും തളേളണ്ടതിനെ തള്ളാനും സാധിക്കുകയുള്ളൂ . അത്രയേറെ വായനയെ സ്നേഹിച്ചും ജീവിതത്തോടൊപ്പം ചേര്‍ത്ത് പിടിച്ചുമാണ് വളര്‍ന്നത്.
വറുതിയിലൂടെ കടന്നുവന്ന ജീവിതമെന്നതിനാല്‍പുസ്തകങ്ങളും മറ്റും പണം കൊടുത്ത് മേടിച്ച് വായിക്കാനുള്ള സാഹചര്യമൊന്നുമില്ലാതിരുന്ന ഭൂതകാല ജീവിത ഘട്ടത്തിലും വായിച്ച് പഴകിയ പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാവുന്നിടത്തുനിന്നൊക്കെ സംഘടിപ്പിച്ചെങ്കിലും വായനക്ക് വിഘ്നം വരുത്താറില്ല.ജീവിതം പ്രവാസത്തിലേക്ക് പറിച്ച് നട്ടിട്ടും അതിന്റേതായ പരിമിതികള്‍ക്കുള്ളില്‍ പൊരുത്തപ്പെട്ട്കൊണ്ട് തന്നെ ഇന്നും വായനയോടുള്ള മമത തുടരുന്നുണ്ട്.സ്വാതന്ത്ര്യസമരത്തെക്കുറിച്ചും മത- രാഷ്ട്രീയ- സാമൂഹ്യരംഗത്തക്കുറിച്ചും മഹദ് വ്യക്തിത്വങ്ങളെക്കുറിച്ചും അങ്ങിനെ പഴയകാല ചരിത്ര സംഭങ്ങളടക്കമുള്ളവയൊക്കെ പത്രങ്ങളിലും മറ്റും വരുന്നത് ശേഖരിക്കുക എന്നതും അന്നേ പതിവാക്കിയിരുന്നു. ഇത്തരം അമൂല്യ മുതല്‍കൂട്ടുകളായി കാണുന്നവ ഏതെങ്കിലും വിധേനെ നഷ്ടമാകുമ്പോഴുണ്ടാകുന്ന വിഷമം കുറച്ചൊന്നുമല്ല. മുമ്പ് ചന്ദ്രിക ദിനപത്രത്തില്‍ പരമ്പരയായി വന്നിരുന്ന സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന മൊയ്തുമൌലവിയുടെ ചരിത്ര ലേഖനങ്ങള്‍ എന്റെ ശേഖരത്തില്‍ നിന്നും കൈമോശം വന്നത് ഇങ്ങനെയൊരു നഷ്ടപ്പെടലിന്റെ ഓര്‍മ്മയാണ് നല്‍കുന്നത്.മലബാറില്‍ അരങ്ങേറിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്ന മൊയ്തു മൌലവി സ്വാതന്ത്ര്യസമരത്തിന്റെ കഠിനമായ തീച്ചൂളയിലൂടെ കടന്ന്‍ വന്ന തന്റെ സംഭവബഹുലമായ ജീവിത നാള്‍വഴികള്‍ അയവിറക്കി അന്ന് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ "ജീവിത യാത്രയിലെ നാഴികക്കല്ലുകള്‍
" എന്ന തലക്കെട്ടില്‍ ലേഖനപരമ്പര പ്രസിദ്ധീകരിച്ചിരുന്നു.അത് മുടങ്ങാതെ വായിക്കുകയും ഓരോ ഭാഗവും കൃത്യമായി സൂക്ഷിച്ച് വെക്കുകയും പതിവാക്കി.
അത് പിന്നീട് ഒരു വേള നോക്കിയപ്പോള്‍ അതാ എന്റെ സൂക്ഷിപ്പില്‍ കിടന്ന് എല്ലാം ചിതല്‍ തിന്ന് നശിപ്പിച്ചിരിക്കുന്നു.പോയ കാലത്തിന്റെ അസൌകര്യങ്ങളില്‍ കിടന്ന് കൈമോശം വന്ന പത്രത്താളുകളെക്കുറിച്ചുള്ള
ചിതലരിക്കാത്ത ഓര്‍മ്മകള്‍ ഇന്നും എന്റെ വായനാ മനസ്സിനെ വിഷണ്ണനാക്കുന്നു.

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

ആപത്ക്കരമാകുന്ന ആധുനികതയുടെ അമിത സാഹസങ്ങള്‍

വര്‍ത്തമാന കാല ഇന്ത്യയില്‍ ഫേസ്ബുക്ക്‌ അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ ചൂടേറിയ ചര്‍ച്ചനടക്കുന്ന ഒരു വിഷയമാണ് 
ഈയിടെ ഡല്‍ഹി മൃഗശാലയില്‍ മക്സൂദ് എന്ന ഇരുപത് വയസുകാരനായ യുവാവിനെ കടുവ പിടിച്ച് കൊന്നെന്ന ദൗര്‍ഭാഗ്യകരമായ വാര്‍ത്ത. വാര്‍ത്ത കേട്ട നടുക്കത്തില്‍ നിന്നും അമ്പരപ്പില്‍ നിന്നും മനുഷ്യ മനഃസാക്ഷി മുക്തമായിട്ടില്ല. ഒട്ടേറെ ചിന്താപാഠങ്ങളാണ് ദാരുണമായ സംഭവം നമുക്ക് നല്‍കുന്നത്.കഠിനമായ സംഭവത്തിന് വഴിവെച്ചതും അപകടത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ളഅവസരമുണ്ടായിട്ടും നടക്കാതെ പോയതും മൊബൈലിന്റെ സാഹസികമായ ദുരുപയോഗമാണെന്നു തന്നെ പറയേണ്ടി വരുന്നു. ഇന്റര്‍നെറ്റ് ,മൊബൈല്‍ ഇത്യാദി നൂതന സാമഗ്രികളൊക്കെ സാമൂഹ്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിട്ടുണ്ട് എന്നത് നേര് തന്നെ.ഇതൊക്കെ അവശ്യവസ്തു എന്നത് പോലെത്തന്നെ ഇതിന്റെ അനിയന്ത്രിതമായ ദുരുപയോഗവും തടയേണ്ടത് അത്യന്താപേക്ഷിതമായ അനിവാര്യത തന്നെ എന്ന് സംഭവം നമ്മെ ഉണര്‍ത്തുന്നു .

അന്ന് വാര്‍ത്ത അറിഞ്ഞ് മനസ്സ് സ്തബ്ധമായിപ്പോയി .കടുവയെ പാര്‍പ്പിച്ച കൂടിന്റെ ചുറ്റുമുള്ള ഉയരം കുറഞ്ഞ ഇരുമ്പ് വേലിക്കരികില്‍ നിന്ന് കടുവയുടെ
ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നതിനിടെ യുവാവിനെ കടുവ കൂടിനകത്തേക്ക് കടിച്ചു വലിച്ചിടുകയായിരുന്നെന്നും ,അതല്ല വേലിക്ക് മീതെ കയറി ചിത്രമെടുക്കുമ്പോള്‍ താഴേക്ക് വഴുതി വീഴുകയായിരുന്നെന്നും പറയപ്പെടുന്നു. എന്തുമാവട്ടെ, പതിനഞ്ച് മിനിറ്റ് നേരം യുവാവ് വിഹ്വലനായി മരണത്തിന് മുഖാമുഖം കണ്ട് കടുവക്ക് മുന്നില്‍ നിന്നിട്ടും അവിടെ കൂടിയ മനഃസാക്ഷിയുള്ള ഒറ്റയൊരുത്തനും പ്രാണനുവേണ്ടി കേഴുന്ന യുവാവിനെ മോചിപ്പിക്കാനുള്ള ശ്രമം നടത്തിയില്ല എന്ന് മാത്രമല്ല മുകളില്‍ നിന്നും കടുവയെ ദേഹോപദ്രവം ചെയ്ത് പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് കാണികള്‍ ചെയ്തത്. സമയം വല്ല രക്ഷപ്പെടുത്താനുള്ള മാര്‍ഗ്ഗവും ചെയ്ത് കൊടുത്തിരുന്നെങ്കില്‍ എന്നോര്‍ക്കുമ്പോള്‍ കൂടിനിന്നവരോട് അടങ്ങാത്ത കലിയാണ് മനസ്സില്‍ തോന്നുന്നത്. ഇത്രയും നേരം മരണത്തിന്റെയുംജീവിതത്തിന്റെയും ഇടയില്‍ കിടന്ന് യുവാവ് പിടഞ്ഞിട്ടും മനുഷ്യജീവനെ രക്ഷിക്കാന്‍ മൃഗശാല അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല.
എന്തൊരു കെടുകാര്യസ്ഥത. തലസ്ഥാന നഗരിയിലാണിതെന്നോര്‍ക്കണം.രാജ്യഭരണ സിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരിയിലാണിതെന്നത് അധികാരി വര്‍ഗ്ഗത്തിന്റെ  കൊള്ളരുതായ്മയുടെ തീക്ഷ്ണത കൂട്ടുന്നു.
എന്തൊരു ദുരവസ്ഥയിലേക്കാണ് നമ്മുടെ പോക്ക് .
പല മാധ്യമങ്ങളും സംഭവം യാതൊരു എഡിറ്റും കൂടാതെ അതേപടി ദൃശ്യങ്ങള്‍ പച്ചയായി നല്‍കി പിടിപ്പത് മുതലെടുക്കാനുള്ള ശ്രമമാണ് നടത്തിയത്.
ഏതൊരപകടം സംഭവിച്ചാലും അവിടെ ധിറുതിപിടിച്ച് കഴിയാവുന്ന രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുപകരം ഒരു വിഭാഗം ഞൊടിയിടയില്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഞാനാദ്യം എന്ന രീതിയില്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യാനുള്ള കിടമത്സരമാണ് നടത്തുന്നത്.ഇവിടെ സഹജീവികളുടെ ജീവന് വിലകല്‍പ്പിക്കാതെ പോകുന്നു. നവീന കൈപ്പെട്ടകത്തിന്റെ വ്യര്‍ത്ഥാഭിമാന കിടമത്സരം കൊണ്ട് നിമിഷനേരത്തിനുള്ളില്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോകുന്നു .
ഡല്‍ഹിയില്‍ നടന്ന സംഭവം തന്നെ നോക്കൂ.മൊബൈലില്‍ പകര്‍ത്താനുള്ള അതിസാഹസികതയാണ് വില്ലനായതെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചടിച്ച് കൊണ്ടാണ് യുവാവിനെ രക്ഷിക്കുന്നതിനു പകരം മരണത്തിനും ജീവനും ഇടയിലുള്ള നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള തത്രപ്പാടില്‍ മുഴുകിയ ദൃസാക്ഷികളും ചെയ്തത്.ചിത്രം പകര്‍ത്താനുള്ള ആപത്ക്കരമായ അമിത സാഹസം തന്നെയാണ് ഇവിടെ വിനയായത്.വളരെ നിഷ്കൃപമായി തോന്നുന്ന വിഷയം നമ്മെ ഏറെ ഇരുത്തി ചിന്തിപ്പിക്കാന്‍ വക നല്‍കുന്നു.. മൊബൈലും മറ്റും അവശ്യ വസ്തു എന്നതിലപ്പുറം ഇതിന്റെ അനിയന്ത്രണത്തിലൂടെ ഉണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ കൂടി സംഭവം നമ്മെ പുനരാലോചന നടത്താന്‍ പ്രേരിപ്പിക്കുന്നു.

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

**ബാബ്മക്ക അഥവാ മക്കാകവാടം. എന്റെ പ്രവാസത്തിന് ഇതള്‍ വിരിഞ്ഞതിവിടം**


 എന്റെ പ്രവാസത്തിന്റെ പിന്നിട്ട ജീവിത വഴികളിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാണെന്നില്‍ ഇവിടമുണര്‍ത്തുന്നത്ജിദ്ദയുടെ വാണിജ്യ സിരാകേന്ദ്രവും പൈതൃകനഗരവുമായി അറിയപ്പെടുന്ന നഗരമാണ് ബാബ് മക്ക .ജിദ്ദയെ അറിയുന്നവര്‍ക്ക് സുപരിചിതം.ജിദ്ദയുടെ തിലകിത അടയാളമാണീകവാടം .നമ്മെ അതിശയിപ്പിക്കുന്ന ത്വരിതഗതിയിലുള്ള മാറ്റങ്ങളാണ് ഇന്ന്  പട്ടണത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.ഈയിടെ അതുവഴിയുള്ള യാത്രാമദ്ധ്യേ വിജനമായികണ്ടപ്പോള്‍ ഒരു ചിത്രമെടുക്കണമെന്നു തോന്നി.പ്രവാസ ഭൂമികയിലെ ശ്രദ്ധേയമായ ഇത് പോലുള്ള പൗരാണികത വിളിച്ചോതുന്ന അടയാളങ്ങള്‍ കാന്തിദമായ കാഴ്ചകളാണ് നമുക്ക് നല്‍കുന്നത്എന്നെ സംബന്ധിച്ചിടത്തോളം  സ്വപ്നലോകത്തെ പ്രവാസജീവിതത്തിന് നാന്ദി കുറിച്ചതിവിടംഅത് കൊണ്ട് തന്നെ ഇത്രയും കാലത്തെ പ്രവാസ ജീവിതത്തില്‍ ഒരു പൊക്കിള്‍കൊടി ബന്ധം  നഗരവുമായുണ്ടെനിക്ക് .

  
പ്രവാസത്തിന്റെ ആരംഭഘട്ടങ്ങളില്‍ ജീവിതച്ചെലവിനുള്ള
വക നോക്കിയിരുന്നത് ചുറ്റുവട്ടങ്ങളിലൊക്കെയായിരുന്നു.ഇത്രയും കാലത്തെ ഗള്‍ഫ് ജീവിതത്തിലെ പിന്നിട്ട നാള്‍വഴികളിലൂടെ
ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ ദീപ്തകമായ ഓര്‍മ്മകള്‍ കൊണ്ട് മനം നിറയും.
ഇന്നും ഇവിടമെത്തുമ്പോള്‍ മരുഭൂനാട്ടിലെ ജീവിതയാത്രയിലെ പിന്നിട്ട കാലങ്ങളിലേക്ക് മനമൊരു മിന്നല്‍ പ്രയാണം നടത്തും.ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പല പല ദേശക്കാര്‍ ,ഭാഷക്കാര്‍ തമ്മില്‍ കണ്ട്മുട്ടിയും കൂട്ട്കൂടിയും സഹജോലിക്കാരായും സഹമുറിയന്മാരായും അവരുടെയൊക്കെ സംസ്ക്കാരങ്ങള്‍ കണ്ടും അനുഭവിച്ചും പഠിച്ചും ഒരുമിച്ചും വഴിപിരിഞ്ഞും ഒക്കെയായുള്ള സമ്മിശ്രമായ ജീവിതം .സന്തോഷവും ദുഃഖവുമൊക്കെ മനുഷ്യ സഹജമാണല്ലോ.എല്ലാം സംഗ്രഹിച്ചതാണല്ലോ ജീവിതം.മനസ്സിന്റെ സന്തോഷത്തില്‍ കൂടെ ആഹ്ലാദിക്കാനും സന്താപത്തിന്റെ പിരിമുറുക്കം മനസ്സില്‍ നിന്നും ഉരുക്കിക്കളയാനും പലപ്പോഴും ഒപ്പമുണ്ടായിരുന്നത് ഇവരൊക്കെയായിരുന്നു. മരുനാട്ടിലെ ജീവിത മദ്ധ്യേ നേരിട്ട ചില പ്രയാസങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന്
വിഘ്നം സൃഷ്ടിക്കുമ്പോഴും എല്ലാം മനക്കരുത്തോടെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുമ്പോട്ട് നീങ്ങാന്‍ ദൈവാധീനം തുണയായി.
.എല്ലാ മോഹങ്ങളും പ്രതീക്ഷകളും സാക്ഷാത്ക്കരിക്കണമെന്നില്ല.തിരയടങ്ങാത്ത കടല്‍ പോലെയാണ് മനസ്സിന്റെ ആഗ്രഹങ്ങള്‍ .അടങ്ങാത്ത ഓളങ്ങളാണല്ലോ മോഹങ്ങള്‍. കരകാണാകടലിനിപ്പുറത്തുള്ള സ്വപ്‌നലോകത്തെ മരുപ്പച്ചയും തേടി രണ്ടു ദശകത്തിലപ്പുറം എത്തി നില്‍ക്കുന്ന പ്രവാസജീവിതത്തില്‍ മാറ്റിവെപ്പുകളായി ശിഷ്ടകാലത്തേക്ക് വളരെയൊന്നും സമ്പാദിച്ചില്ലെങ്കിലും അല്ലലില്ലാതെ ഉള്ളത് കൊണ്ട് നിറഞ്ഞ സംതൃപ്തിയോടെ ജീവിതം മുന്നോട്ട് നയിക്കുമ്പോഴും
പുണ്യനാട്ടില്‍ ഉപജീവനത്തിനുള്ള വക കണ്ടെത്താന്‍ സഹായിച്ച നാടിനോടും നാട്ടാരോടും കൃതജ്ഞത ഈയുള്ളവനുണ്ട്.
ഇസ്ലാം മത വിശ്വാസികളുടെ ലോകത്തിലെ ഏറ്റവും പരിശുദ്ധിയേറിയ അല്ലാഹുവിന്റെ പുണ്യഭവനങ്ങളില്‍ എത്താനും ജഗന്നിയന്താവിന്റെ കരുണാകടാക്ഷത്തിനായി
ഇരവ് തേടാനും ബാല്യം തൊട്ടേ മനതാരില്‍ മൊട്ടിട്ടമോഹമായിരുന്നു.അത് സഫലമായി എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ധന്യമായ മുഹൂര്‍ത്തങ്ങളാണ്.
ലോക മുസ്ലിംകളുടെ പരിശുദ്ധ
തീര്‍ത്ഥാടനകേന്ദ്രമായ വിശുദ്ധഭവനങ്ങളിലെത്താന്‍ ചെറുപ്പം തൊട്ടേ എന്നില്‍ മോഹമുദിപ്പിച്ചതില്‍ അന്നത്തെ ചില മാപ്പിളപ്പാട്ടുകളും വഹിച്ച പങ്ക് മറക്കാവതല്ല.
(ഹജ്ജിന്നായ്‌ മക്കത്തെത്തും ജനകോടി മുത്തിമണക്കുന്ന ഹജറുൽ അസ്‌വദ് കാണുവാനെത്തിക്കേണമേ..
കാഫ്മലകണ്ട പൂങ്കാറ്റേ കാണിക്ക നീകൊണ്ട് വന്നാട്ടെ,കാരക്കകായ്ക്കുന്ന നാട്ടിന്റെ മദ്ഹൂറും കിസ്സ പറഞ്ഞാട്ടെ ...
മക്കപുരി കഅബമണി ദിക്കണക്കല്ലാഹ് എന്നില്‍ ആക്കം കൂട്ടല്ലാഹ് മരണമണി മുഴങ്ങും മുമ്പെന്‍ ആശ തീര്‍ക്കല്ലാഹ്... )
എല്ലാ നേട്ടങ്ങള്‍ക്കും ഉപരിയായുള്ള ഏറ്റവും വലിയ ജീവിതസൌഭാഗ്യം എന്റെ തേട്ടം ദൈവം കേട്ടു എന്നുള്ളതാണ് .
എല്ലാം അനുഗ്രഹങ്ങളും നല്‍കി തുണച്ച സര്‍വ്വലോകരക്ഷിതാവായ നാഥന് സര്‍വ്വ സ്തോത്രവും . റബ്ബിന്റെ കരുണാകടാക്ഷം നമ്മില്‍ ഓരോരുത്തരിലും സദാ വര്‍ഷിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ...

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍