2014, ഡിസംബർ 20, ശനിയാഴ്‌ച

യു. ഡി. എഫിന്റെ നാണം കെട്ട വഞ്ചന !

        മദ്യനയത്തിന്റെ മറവില്‍ വന്‍തുക കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസേടുത്തിട്ടും ഒരു കൂസലുമില്ലാതെ മാണിയെ ചിറകിനുള്ളില്‍ സംരക്ഷിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍.ഒന്നിന് പിറകെ മറ്റൊന്നായി ഓരോ അഴിമതിക്കഥ പുറത്തു വന്നുകൊണ്ടിരുന്നിട്ടും അവര്‍ക്ക് ഒരു സങ്കോചവും ഇല്ല.അഴിമതിക്കാരെ
സംരക്ഷിക്കുന്നതില്‍ കൈമെയ് മറന്ന് എല്ലാവരും ഭരണകക്ഷിയില്‍ ഒറ്റക്കെട്ടാണ് .ഇന്നിപ്പോള്‍ ബാര്‍ മുതലാളിമാരുടെ ബ്ലാക്ക്മെയിലിങ്ങിന് വഴങ്ങി പുതിയ തന്ത്രങ്ങളിലൂടെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം ഗവണ്‍മെന്റ് തന്നെ ഒരുക്കിയിരിക്കുന്നു.
        വേണ്ടത്ര കൂടിയാലോചന നടത്താതെ പൊടുന്നനെ മദ്യനിരോധനം നടപ്പാക്കിയപ്പോള്‍ തന്നെ ഗവണ്‍മെന്റിന്റെ ഇക്കാര്യത്തിലെ ആത്മാര്‍ഥതയില്‍ സംശയിച്ചവരെ ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം പൂട്ടിയ ബാറുകള്‍ വൈന് ‍- ബിയര്‍ വിതരണകേന്ദ്രങ്ങളാക്കി തുറക്കാന്‍ അനുവദിച്ചു കൊണ്ടുള്ള ചാണ്ടി ഗവണ്‍മെന്റിന്റെ തീരുമാനം.വെറും കൊള്ളക്കാരുടെ തട്ടിപ്പ് മാത്രമായിരുന്നു ഇതിനു പിന്നില്‍ എന്ന് ജനം തിരിച്ചറിഞ്ഞു.കൊടും ചതിയും വഞ്ചനയുമാണ് യു.ഡി.എഫ് സമൂഹത്തോട് ചെയ്തത്.
                                                                                     

   ഗള്‍ഫ് മാധ്യമം 'പ്രവാസി വിചാരവേദി'യില്‍ (20.12.2014) പ്രസിദ്ധീകരിച്ചത്.
      മദ്യനിരോധനം
അനിവാര്യം തന്നെ.മദ്യവും മറ്റു മയക്കു മരുന്നുകളുടെയും ഉപഭോഗം ആപത്കരമാം വിധം വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍  ഇത്തരം   ലഹരി പദാര്‍ഥങ്ങളുടെ ലഭ്യത പൂര്‍ണമായും ഇല്ലാതാക്കുക തന്നെയാണ് വേണ്ടത്.എന്നാല്‍ ഒറ്റയടിക്ക് മദ്യഷാപ്പുകള്‍ അടച്ച് പൂട്ടുന്നതിന് പകരം പടിപടിയായുള്ള പ്രവര്‍ത്തനമാണ് അഭികാമ്യം.നിരന്തര ബോധവത്ക്കരണത്തിലൂടെ മദ്യപാനികളെ സ്വയം വര്‍ജനത്തിലേക്ക് പാകപ്പെടുത്തുകയും അതിന് വേണ്ട സഹകരണം നല്‍കുകയും വേണം.അതോടൊപ്പം തന്നെ മദ്യശാലകളില്‍ തൊഴിലെടുക്കുന്നവരുടെ പുനരധിവാസം പോലുള്ള ബദല്‍ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നു പിന്തുണയുണ്ടാവണം .അനധികൃത ലഹരി വസ്തുക്കളുടെ
നിര്‍മാണവും വ്യാപാരവും കര്‍ശനമായി ഇല്ലായ്മ ചെയ്യുകയും വ്യാജവാറ്റുകളും സ്പിരിറ്റിന്റെ ഒഴുക്കും മറ്റു മയക്കുമരുന്നുകളുടെ വ്യാപനവും തടയാനും കഴിയണം. മത,സാംസ്കാരിക,സാമൂഹിക സംഘടനകളും അവരുടേതായ പങ്ക് വഹിക്കണം .
          അല്ലാതെ ജനനന്മയാണ് ലക്ഷ്യമെന്ന വീണ്‍വാക്കുമായി മദ്യനിരോധം എന്ന തുറുപ്പുചീട്ടുമായി വന്ന് ജനങ്ങളെ മയക്കി ക്കിടത്തി ഇപ്പുറത്ത് ബാര്‍ മുതലാളിമാരോട്
വിലപേശി കീശ വീര്‍പ്പിക്കാനുള്ള അവസരം സൃഷ്‌ടിക്കുന്ന ശുദ്ധ തട്ടിപ്പിന് കുടപിടിക്കാന്‍ സാമാന്യബുദ്ധിയുള്ള ഒരാളെയും കിട്ടില്ല.ഒരുകാര്യം ഉമ്മന്‍ചാണ്ടിയും കൂട്ടരും ഓര്‍ക്കുന്നത്
നന്ന്.തീര്‍ച്ചയായും ജനകീയ കോടതിയില്‍ നിങ്ങള്‍ വിചാരണ ചെയ്യപ്പെടും.പ്രജകള്‍ പ്രതികാരബുദ്ധിയോടെ കാത്തിരിക്കുന്നുണ്ട്.

            -എന്‍ കെ മൊയ്തീന്‍, ചേറൂര്‍, ജിദ്ദ

1 അഭിപ്രായം:

Cv Thankappan പറഞ്ഞു...

ഭരണചക്രം തിരിക്കുന്നവര്‍ പണ്ട്‌ 'ചക്കാട്ടുന്നവരുടെ' അടവ് സ്വീകരിക്കുന്നു.
ആശംസകള്‍