വര്‍ത്തമാന കാല ഇന്ത്യയില്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ ചൂടേറിയ ചര്‍ച്ചനടക്കുന്ന ഒരു വിഷയമാണ്
ഈയിടെ ഡല്‍ഹി മൃഗശാലയില്‍ മക്സൂദ് എന്ന ഇരുപത് വയസുകാരനായ യുവാവിനെ കടുവ പിടിച്ച് കൊന്നെന്ന ദൗര്‍ഭാഗ്യകരമായ വാര്‍ത്ത. ആ വാര്‍ത്ത കേട്ട നടുക്കത്തില്‍ നിന്നും അമ്പരപ്പില്‍ നിന്നും മനുഷ്യ മനഃസാക്ഷി മുക്തമായിട്ടില്ല. ഒട്ടേറെ ചിന്താപാഠങ്ങളാണ് ആ ദാരുണമായ സംഭവം നമുക്ക് നല്‍കുന്നത്.കഠിനമായ ഈ സംഭവത്തിന് വഴിവെച്ചതും അപകടത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ളഅവസരമുണ്ടായിട്ടും നടക്കാതെ പോയതും മൊബൈലിന്റെ സാഹസികമായ ദുരുപയോഗമാണെന്നു തന്നെ പറയേണ്ടി വരുന്നു. ഇന്റര്‍നെറ്റ് ,മൊബൈല്‍ ഇത്യാദി നൂതന സാമഗ്രികളൊക്കെ സാമൂഹ്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിട്ടുണ്ട് എന്നത് നേര് തന്നെ.ഇതൊക്കെ അവശ്യവസ്തു എന്നത് പോലെത്തന്നെ ഇതിന്റെ അനിയന്ത്രിതമായ ദുരുപയോഗവും തടയേണ്ടത് അത്യന്താപേക്ഷിതമായ അനിവാര്യത തന്നെ എന്ന് ഈ സംഭവം നമ്മെ ഉണര്‍ത്തുന്നു .
അന്ന് ആ വാര്‍ത്ത അറിഞ്ഞ് മനസ്സ് സ്തബ്ധമായിപ്പോയി .കടുവയെ പാര്‍പ്പിച്ച കൂടിന്റെ ചുറ്റുമുള്ള ഉയരം കുറഞ്ഞ ഇരുമ്പ് വേലിക്കരികില്‍ നിന്ന് കടുവയുടെ
ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നതിനിടെ യുവാവിനെ കടുവ കൂടിനകത്തേക്ക് കടിച്ചു വലിച്ചിടുകയായിരുന്നെന്നും ,അതല്ല വേലിക്ക് മീതെ കയറി ചിത്രമെടുക്കുമ്പോള്‍ താഴേക്ക് വഴുതി വീഴുകയായിരുന്നെന്നും പറയപ്പെടുന്നു. എന്തുമാവട്ടെ, പതിനഞ്ച് മിനിറ്റ് നേരം യുവാവ് വിഹ്വലനായി മരണത്തിന് മുഖാമുഖം കണ്ട് കടുവക്ക് മുന്നില്‍ നിന്നിട്ടും അവിടെ കൂടിയ മനഃസാക്ഷിയുള്ള ഒറ്റയൊരുത്തനും പ്രാണനുവേണ്ടി കേഴുന്ന ആ യുവാവിനെ മോചിപ്പിക്കാനുള്ള ശ്രമം നടത്തിയില്ല എന്ന് മാത്രമല്ല മുകളില്‍ നിന്നും കടുവയെ ദേഹോപദ്രവം ചെയ്ത് പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് കാണികള്‍ ചെയ്തത്. ഈ സമയം വല്ല രക്ഷപ്പെടുത്താനുള്ള മാര്‍ഗ്ഗവും ചെയ്ത് കൊടുത്തിരുന്നെങ്കില്‍ എന്നോര്‍ക്കുമ്പോള്‍ ആ കൂടിനിന്നവരോട് അടങ്ങാത്ത കലിയാണ് മനസ്സില്‍ തോന്നുന്നത്. ഇത്രയും നേരം മരണത്തിന്റെയുംജീവിതത്തിന്റെയും ഇടയില്‍ കിടന്ന് ആ യുവാവ് പിടഞ്ഞിട്ടും ആ മനുഷ്യജീവനെ രക്ഷിക്കാന്‍ മൃഗശാല അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല.
എന്തൊരു കെടുകാര്യസ്ഥത. തലസ്ഥാന നഗരിയിലാണിതെന്നോര്‍ക്കണം.രാജ്യഭരണ സിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരിയിലാണിതെന്നത് അധികാരി വര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മയുടെ തീക്ഷ്ണത കൂട്ടുന്നു.
എന്തൊരു ദുരവസ്ഥയിലേക്കാണ് നമ്മുടെ പോക്ക് .
പല മാധ്യമങ്ങളും ഈ സംഭവം യാതൊരു എഡിറ്റും കൂടാതെ അതേപടി ദൃശ്യങ്ങള്‍ പച്ചയായി നല്കി പിടിപ്പത് മുതലെടുക്കാനുള്ള ശ്രമമാണ് നടത്തിയത്.
ഏതൊരപകടം സംഭവിച്ചാലും അവിടെ ധിറുതിപിടിച്ച് കഴിയാവുന്ന രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുപകരം ഒരു വിഭാഗം ഞൊടിയിടയില്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഞാനാദ്യം എന്ന രീതിയില്‍ ഇന്റര്‍നെറ്റ് വഴി വിതരണം ചെയ്യാനുള്ള കിടമത്സരമാണ് നടത്തുന്നത്.ഇവിടെ സഹജീവികളുടെ ജീവന് വിലകല്‍പ്പിക്കാതെ പോകുന്നു. ഈ നവീന കൈപ്പെട്ടകത്തിന്റെ വ്യര്‍ത്ഥാഭിമാന കിടമത്സരം കൊണ്ട് നിമിഷനേരത്തിനുള്ളില്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോകുന്നു .
ഡല്‍ഹിയില്‍ നടന്ന ഈ സംഭവം തന്നെ നോക്കൂ.മൊബൈലില്‍ പകര്‍ത്താനുള്ള അതിസാഹസികതയാണ് വില്ലനായതെങ്കില്‍ അതെ നാണയത്തില്‍ തിരിച്ചടിച്ച് കൊണ്ടാണ് ഈ യുവാവിനെ രക്ഷിക്കുന്നതിനു പകരം മരണത്തിനും ജീവനും ഇടയിലുള്ള ഈ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള തത്രപ്പാടില്‍ മുഴുകിയ ദൃസാക്ഷികളും ചെയ്തത്.ചിത്രം പകര്‍ത്താനുള്ള ആപത്ക്കരമായ അമിത സാഹസം തന്നെയാണ് ഇവിടെ വിനയായത്.വളരെ നിഷ്കൃപമായി തോന്നുന്ന ഈ വിഷയം നമ്മെ ഏറെ ഇരുത്തി ചിന്തിപ്പിക്കാന്‍ വക നല്കുന്നു.. മൊബൈലും മറ്റും അവശ്യ വസ്തു എന്നതിലപ്പുറം ഇതിന്റെ അനിയന്ത്രണത്തിലൂടെ ഉണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ കൂടി ഈ സംഭവം നമ്മെ പുനരാലോചന നടത്താന്‍ പ്രേരിപ്പിക്കുന്നു.
-എന്‍ കെ മൊയ്തീന് ചേറൂര്
3 അഭിപ്രായങ്ങൾ:
മൃഗത്തിന് വിശക്കുമ്പോഴാണ് ആര്‍ത്തി!
മനഷ്യന് വിശപ്പ് മുറ്റുമ്പോഴാണല്ലോ വിശപ്പ് പെരുകുന്നത്.
(ആ സമയങ്ങളില്‍ ഈ വാര്‍ത്തയും,ഹൃദയം പിളര്‍ക്കുന്ന ഫോട്ടോയും കാണുമ്പോള്‍ കണ്ണുതിരിക്കുമായിരുന്നു)
നന്ദി ,
സ്നേഹം
മാഷേ
ഭീരുത്വാലങ്കാര ടെക്കി ശിരോമണികൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ