ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മുന്നണിപ്പോരാളിയും കേരളത്തിന്റെ വീരപുത്രനുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിൻ്റെ ഓർമ്മക്കായി ദേശത്തിൻ്റെ പേര് തന്നെ നൽകി ആദരവ് കാണിച്ച ഒരു ജനതയും ഗ്രാമവുമുണ്ടിവിടെ .
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ പെട്ട 'അബ്ദുറഹ്മാൻ നഗർ' പഞ്ചായത്താണ് ധീര ദേശാഭിമാനിയുടെ നാമകരണം നൽകി ഉചിതമായ സ്മാരകമായി നിലകൊള്ളുന്നത് .
മലബാർ സമരത്തെക്കുറിച്ച് പറയുന്നെങ്കിൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബിനെ ഒഴിച്ചു നിർത്തി പറയാനാവില്ല.
അത്രമേൽ സംഭവബഹുലമായ ബന്ധം .
ദേശീയ പ്രസ്ഥാനം മലബാറിൽ പടുത്തുയർത്തുന്നതിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വഹിച്ച പങ്ക് നിസ്സീമമാണ്.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പോരാട്ടവീഥികളില്‍ നിറഞ്ഞുനിന്ന ഒരു ദേശാഭിമാനിയെ നിത്യസ്മരണയിൽ നിലനിർത്താൻ നാടിന് നാമധേയം നൽകി ആദരവ് പ്രകടിപ്പിച്ച ഒരു നാടും സമൂഹവും അഥവാ തദ്ദേശ സ്ഥാപനം തന്നെ രാജ്യത്ത് വേറെയുണ്ടോ എന്നത് സംശയമാണ്.
കടലുണ്ടി പുഴയുടെ ഓരത്ത് വയലുകളാൽ വലയം തീർത്ത് കിടന്നിരുന്ന അക്കാലത്തെ ഈ കൊച്ചു പ്രദേശവുമായി
കൊടുങ്ങല്ലൂർ സ്വദേശിയായ സാഹിബ് തൻ്റെ ജീവിതവുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു.
സ്വാതന്ത്ര്യ സമര രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുമ്പോൾ തന്നെ സാഹിബ് പ്രദേശവുമായി കൂടുതൽ അടുക്കാൻ തുടങ്ങി.
സാഹിബ് സമര പ്രസ്ഥാനവുമായി തിരൂരങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുമ്പോൾ കൂടെ പ്രവർത്തിച്ചത് കൊടുവായൂർ കാരനായ സുഹൃത്ത് പി പി സി മുഹമ്മദായിരുന്നു. ആ ബന്ധം ദൃഢമായ സൗഹൃദമായി മാറി.
പി പി സി മുഹമ്മദ് എന്ന ചെറാട്ടിൽ മുഹമ്മദിൻ്റെ വീട്ടിലെ നിത്യസന്ദർശകനായി സാഹിബ്.
1937-ൽ രൂപീകരിച്ച മമ്പുറം റെസ്റ്റൊറേഷൻ കമ്മിറ്റിയുടെ പ്രസിഡൻ്റ് അബ്ദുറഹ്മാൻ സാഹിബും വൈസ് പ്രസിഡൻ്റ് പി പി സി മുഹമ്മദുമായിരുന്നു .
പ്രത്യേകിച്ച് അക്കാലത്ത് പ്രദേശത്തെ മുസ്ലിംകളെ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിൽ സാഹിബ് പ്രചോദകനായി .
അന്ന് കോൺഗ്രസ് പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ള മേഖലയായിരുന്നു ഈ പഴയ കൊടുവായൂർ .
1945-ൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മരണപ്പെട്ടു .
മരണശേഷം സാഹിബിൻ്റെ ഓർമ്മ നിലനിർത്താൻ പ്രദേശത്ത് ഉചിതമായ സ്മാരകം വേണമെന്ന ആശയം അടുത്ത സുഹൃത്തായിരുന്ന പി പി പി മുഹമദ് മുന്നോട്ട് വച്ചു .
1953-ൽ പി പി സി മുഹമ്മദ് സാഹിബും ഈ ലോകത്തോട് യാത്രയായി.
എങ്കിലും അദ്ദേഹവുമായി ഇഴപിരിയാനാവാത്ത ബന്ധം
നിലനിൽക്കുന്ന ഈ പ്രദേശത്ത് ഉചിതമായ സ്മാരകം വേണമെന്ന ആഗ്രഹം ശക്തമായി തന്നെ നാട്ടുകാരിൽ നിന്ന് ഉയർന്നു.
അത് സ്വന്തം പഞ്ചായത്തിന് തന്നെ അബ്ദുറഹ്മാൻ സാഹിബിൻ്റെ പേര് നൽകി സഫലീകൃതമാക്കുകയും ചെയ്തു.
അതിൻ്റെ പ്രവർത്തനങ്ങൾക്ക് പൗരസമിതി രൂപീകരിച്ച് നേതൃത്വം നൽകിയത് അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന വി എ ആസാദും പി പി സി മുഹമ്മദ് സാഹിബിൻ്റെ മകൻ പി പി എ ഫസൽ ഹാജിയുമായിരുന്നു .
ഒരു നാടിൻ്റെ ഒത്തൊരുമയുടെ അശ്രാന്ത പരിശ്രമത്തിൻ്റെ ഭാഗമായി 1962 - ൽ അന്നത്തെ സാമൂഹ്യക്ഷേമ മന്ത്രി പി പി ഉമ്മർകോയയാണ് കൊടുവായൂര് പഞ്ചായത്തിനെ അബ്ദുറഹ്മാർ നഗർ പഞ്ചായത്ത് എന്ന് നാമകരണം ചെയ്ത് ഉത്തരവിറക്കിയത്. പിന്നീട് ക്രമേണ നാട്ടുകാരുടെ സമ്മർദ്ദത്താൽ വില്ലേജ് ഓഫീസ്, തപാൽ ഓഫീസ് മുതലായവയും അബ്ദു റഹ്മാൻ നഗർ എന്ന് പേര് നൽകി.
കറകളഞ്ഞ വ്യക്തിത്വവും ജീവിത വിശുദ്ധിയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സാഹിബ് ആദര്‍ശത്തിന്റെയും സേവന സന്നദ്ധതയുടെയും ആള്‍രൂപമായിരുന്നു. രാഷ്ട്രീയം ഭൌതിക നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാത്ത ആദര്‍ശ രാഷ്ട്രീയത്തിന്റെ വ്യതിരിക്ത മുഖം കാഴ്ച വെച്ച നേതാവായിരുന്നു സാഹിബ്.
വിശിഷ്യാ രാജ്യത്തിന് വേണ്ടി സമരം നയിച്ചവരെ തമസ്ക്കരിക്കുകയും സമരത്തെയും പോരാളികളെയും ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തവരെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന ഈ വർത്തമാനകാലത്ത് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ശ്വാസം നൽകിയ മഹാന്മാരിൽ പ്രധാനിയായ സാഹിബിൻ്റെ സമരോത്സുകതയുടെ ഊർജ്ജം പകർന്ന ധന്യ ജീവിതവും സന്ദേശവും നാം പഠിക്കണം,ഓർക്കണം .
ജയ് ഹിന്ദ് .
-എൻ കെ മൊയ്തീൻ ചേറൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ