2013 ഏപ്രിൽ 25, വ്യാഴാഴ്‌ച

*** ആകാശവാണിയും കുഞ്ഞിപ്പ പന്താവൂരും പിന്നെ സഹയാത്രികനായ ഞാനും ***


     
     കുഞ്ഞിപ്പ പന്താവൂരിനോടൊപ്പം
 
---------------------------------------------------------
പതിനാല് വര്‍ഷം മുമ്പ് എന്റെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. കേരളത്തില്‍   പേര്‍ കേള്‍ക്കാത്ത റേഡിയോശ്രോതാക്കളെന്നല്ല പത്ര-ആനുകാലിക മാധ്യമ വായനക്കാരുമുണ്ടാവില്ല.അത്രക്ക് സുപരിചിതം നാമം.
        ശ്രോതാക്കള്‍ അല്ലെങ്കില്‍ വായനക്കാര്‍ തമ്മില്‍ പത്രാധിപര്‍  നേരിട്ട് ബന്ധപ്പെടുന്നതിനുള്ള ഇടമാണ് ഏതൊരു മാധ്യമത്തിന്റെയും  പ്രതികരണം എന്നത്. ചുരുങ്ങിയ വാക്കുകള്‍ കൊണ്ട്
 സകല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന വേദി വായനക്കാരും ശ്രോതാക്കളുമൊക്കെ ഏറെ താല്പര്യത്തോടെയാണ് കാണുന്നത്.എന്റെ സുഹൃത്തും പത്രാധിപര്‍ക്ക് കത്തെഴുതി
ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ്.മൂന്ന്‍പതിറ്റാണ്ടിലേറെയായി മലയാളത്തിലെ ആകാശവാണി നിലയങ്ങളിലേക്ക് പരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങളെഴുതി കത്തയച്ച് മാധ്യമ രംഗത്ത്
നിറഞ്ഞു നില്‍ക്കുകയാണ് കുഞ്ഞിപ്പ പന്താവൂര്‍. . ആകാശവാണിക്കുപുറമേ പത്രങ്ങളടക്കമുള്ള പല മാധ്യമങ്ങളിലേക്കുമായി ഇതുവരെ ഒന്നര ലക്ഷത്തില്‍ പരം കത്തുകള്‍ കുഞ്ഞിപ്പ അയച്ചത്രേ.
ആകാശവാണിയിലേക്ക് പരിപാടികള്‍ ശ്രദ്ധിച്ച്കേട്ട്, അഭിനന്ദനങ്ങളായും  നിര്‍ദ്ദേശങ്ങളായും  വിമര്‍ശിച്ചുമൊക്കെ  അതെക്കുറിച്ച് അഭിപ്രായമെഴുതി
 കത്തയക്കുക എന്നത് വിദ്യാഭ്യാസകാലം തൊട്ടേ എനിക്കും പതിവായിരുന്നു. പഴയ ആകാശവാണി ശ്രോതാവ് എന്നതിനാലും  ഇന്നും അതിന്റെ ശ്രേയസ്സ് ആഗ്രഹിക്കുന്നവന്‍ എന്നനിലക്കും എന്നിലെ ചില ഓര്‍മ്മകളും ചിന്തകളും ഇതോടൊപ്പം കുറിക്കട്ടെ.  ചെറുപ്രായത്തിലേ എഴുത്തും വായനയും
അത്തരം ചിന്തകളും ഹൃദയത്തില്‍ കൂടുകെട്ടാന്‍ തുടങ്ങിയകാലം.വറുതിയില്‍ തട്ടിയും മുട്ടിയും മുരടിച്ച വിദ്യാഭ്യാസത്തിന് തിളക്കത്തിന്റെ പെരുമ പറയാനൊന്നുമില്ലെങ്കിലും പഠിച്ച അക്ഷരങ്ങളെ
നെഞ്ചേറ്റി അവ കോര്‍ത്തിണക്കി കുറിച്ചിടുന്ന വരികള്‍ക്ക് തെളിച്ചമേകാനും എന്നിലെ അക്ഷരങ്ങളെ പരിപോഷിപ്പിക്കാനും എനിക്ക് കൂട്ട്നിന്നത് കേരളത്തിലെ ആകാശവാണി നിലയങ്ങളായിരുന്നു. കൊച്ചു സൌകര്യങ്ങളില്‍ നിന്നും സ്വായത്തമാക്കിയ ഇത്തിരിപോന്ന അക്ഷരവെട്ടത്തില്‍ നിന്നും നെയ്തെടുത്തവരികള്‍ കുറിച്ചിടാനായി മാതൃഭാഷയെ മാതൃതുല്യം സ്നേഹിക്കുന്ന ഭാഷാസ്നേഹി എന്ന നിലക്കും എനിക്ക് കിട്ടിയ ഒരിടമായും ഞാനതിനെ കണ്ടു.
ഇന്നെന്തെങ്കിലും ഇവിടെയൊക്കെ കുത്തിക്കുറിക്കുന്നുണ്ടെങ്കില്‍ത്തന്നെ അതിനെനിക്ക് വഴികാട്ടിയായത് ആകാശവാണി തന്നെ.
അക്ഷരങ്ങളോടുള്ള മനസ്സില്‍ തളിരിട്ട പ്രണയം പ്രകടമാക്കുന്നതിനു ഇഷ്ട മാധ്യമമായി തെരഞ്ഞെടുത്തത് ആകാശവാണിയായിരുന്നു.
ആരംഗത്തെ സഹയാത്രികര്‍ എന്നതിലൂടെയാണ് ഞാനും കുഞ്ഞിപ്പ പന്താവൂരും തമ്മിലുള്ള ബന്ധത്തിന്റെ ഹേതുവാകുന്നത്.ഒരിക്കല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നും
വായിച്ച് കേട്ട  കത്തില്‍ നിന്ന്‍  വിലാസം കുറിച്ചെടുത്ത് അത് വഴിയാണ് വ്യക്തിബന്ധം സ്ഥാപിച്ചെടുത്തത്. സൌഹൃദം ഇന്നും ഞങ്ങള്‍ തമ്മില്‍ നിലനിര്‍ത്തുന്നുണ്ട്.
അന്നൊക്കെ ആകാശവാണികളിലേക്കും അതിനുപുറമേ പത്രമാധ്യമങ്ങളിലേക്കും ആനുകാലികപ്രസിദ്ധീകാരണങ്ങളിലേക്കും
 പ്രതികരണക്കുറിപ്പുകളെഴുതി സജീവസാന്നിധ്യമായിരുന്ന എനിക്ക് കേരളത്തിലങ്ങോളമിങ്ങോളം പരന്നുകിടക്കുന്ന സൌഹൃദസഞ്ചയം
തന്നെയുണ്ടായിരുന്നു. അതിലധികവും ആകാശവാണിവഴിയായി ലഭിച്ച ബന്ധങ്ങള്‍. മൊയ്തീന്‍ കുഞ്ഞു തൃക്കാക്കര,കെ എസ് കെ ആലപ്പാട്,ആചാരി തിരുവത്ര,വി ടി എം ഇഖ്‌ബാല്‍ ഊരകം,നാസിം എം തോന്നക്കല്‍,ചൂരക്കാടന്‍ പ്രതീപ് മറ്റത്തൂര്‍,അബ്ദുള്ള നീലാഞ്ചേരി,റഷീദ് ചക്കരപ്പാടം,അമ്പലപ്പുറം പ്രവീണ്‍ കൊട്ടാരക്കര, ഷൌക്കത്ത് മൈതീന്‍ എന്‍ ആര്‍ സിറ്റി
അങ്ങിനെ തിട്ടപ്പെടുത്താനാവാത്ത നിരവധി സഹയാത്രികര്‍.ഇതില്‍ പലരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
                                                                                       
                   കുഞ്ഞിപ്പ പന്താവൂര്‍ 
         
നാട്ടില്‍
നിന്ന് അകന്നു കഴിയുമ്പോഴും   സുന്ദര കാലമോര്‍ക്കുമ്പോള്‍ എന്നില്‍ ഗൃഹാതുരമുണര്‍ത്തുന്ന സന്തോഷത്തിന്റെ കിരണങ്ങള്‍ പുറത്ത് വരും.
ഇപ്പോഴും അതിലെ പരിപാടികള്‍ക്കായി കൊതിയോടെ കാത്തിരിക്കുന്ന ഒരു ശ്രോതാവ് എന്നിലുണ്ട്. അഷ്ടിതേടിയുള്ള പ്രയാണത്തില്‍ ജീവിതം പ്രവാസത്തിലേക്ക് പറിച്ച്നട്ടിട്ടും ആണ്ടുകളുടെ ഇടവേളകളില്‍  നാട്ടിലെത്തുമ്പോഴൊക്കെ എന്നിലെ ആപഴയ ശ്രോതാവ് ഇന്നും ഇഷ്ടപരിപാടികള്‍ക്കായി റേഡിയോക്ക് മുമ്പില്‍ അടക്കിപ്പിടിച്ച് കാത്തിരിക്കും.
വാര്‍ത്തക്കും പാട്ടിനും മറ്റു ഇതര പരിപാടികള്‍ക്കും ജനം ആശ്രയിച്ചിരുന്ന ജനപ്രിയമായ ഏക മാധ്യമം അന്നൊക്കെ ആകാശവാണിയെയായിരുന്നു.
കോഴിക്കോട് നിലയത്തിലേക്കയച്ച എന്റെ ആദ്യ കുറിമാനം ഖാന്‍ കാവിലാണ് വായിച്ചത്. പോസ്റ്റു കാര്‍ഡ് വഴിയായിരുന്നു എല്ലാ കുറിപ്പടികളും അയച്ചിരുന്നത്. തപാല്‍ കാര്‍ഡിലൂടെയുള്ള
 എഴുത്ത് ബന്ധം അത് വേറിട്ട ഒരു സുഖാനുഭൂതിയാണ് നല്‍കിയത്,അന്നൊക്കെ എന്റെ ഗ്രാമവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ജനം വീടുകളിലും ചായപീടികയിലും
എന്ന് വേണ്ട ജോലിസ്ഥലങ്ങളില്‍ പോലും  റേഡിയോക്ക് മുമ്പില്‍ കാത് കൂര്‍പ്പിച്ചിരിക്കുന്ന കാഴ്ച
 കാണാമായിരുന്നു.അന്നെന്റെ നാട്ടില്‍, ചേറൂര്‍ അങ്ങാടിയില്‍ സ്ഥാപിച്ച
ഉച്ചഭാഷിണി ഘടിപ്പിച്ച പഞ്ചായത്ത് റേഡിയോക്ക് മുമ്പില്‍ പ്രത്യേകിച്ച് വൈകീട്ടുള്ള പ്രാദേശികവാര്‍ത്തകള് കേള്‍ക്കാനായി ജനം തടിച്ചുകൂടുമായിരുന്നു.കുട്ടിക്കാലത്ത് സമ്പന്നരുടെ വീടുകളില്‍ മാത്രം കണ്ടിരുന്ന റേഡിയോ പിന്നീട് എല്ലാവര്ക്കും വാങ്ങാവുന്ന പരുവത്തിലായി.
പിന്നീട് ഇത്തരം കാഴ്ചകളൊക്കെ അപ്രത്യക്ഷമായി.ശ്രവ്യ ആസ്വാദനത്തിന്റെ സുന്ദരകാഴ്ചകള്‍ ഇന്നുമെന്റെ മിഴികളില്‍
സ്പന്ദനമായി നിലനില്‍ക്കുന്നു.
മാപ്പിളപ്പാട്ടുകളും മറ്റു ഇതര മതസ്ഥരുടെ ഭക്തിഗാനങ്ങളും പ്രഭാഷണങ്ങളും ഒക്കെയായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒട്ടേറെ പരിപാടികളും ഓരോ മത വിഭാഗത്തിന്റെയും വിശേഷദിവസങ്ങളോട്
അനുബന്ധിച്ച് ഭക്തിനിര്‍ഭരമായ  പ്രത്യേകപരിപാടികളുമൊക്കെ ഒരുക്കി
മതസൗഹാര്‍ദ്ദ അന്തരീക്ഷം തന്നെ സൃഷ്ടിച്ചു.
 വിജ്ഞാനത്തിലേക്ക് വെളിച്ചം വീശുന്ന, അറിവിന്റെ വാതായനങ്ങള്‍ തുറന്ന്‍ തരുന്ന ഒത്തിരി പരിപാടികളുടെ കലവറയായിരുന്നു റേഡിയോ നിലയങ്ങള്‍ .
പല പ്രശസ്തരുടെയും പ്രഭാഷണങ്ങള്‍ കേട്ട് പ്രതികരിച്ചയച്ച കത്ത് പ്രാധാന്യത്തോടെ നിലയങ്ങള്‍ വായിച്ചത് ഇന്നും അഭിമാനത്തോടെയാണോര്‍ക്കുന്നത് . ചിലതൊക്കെ റിക്കാര്‍ഡ്ചെയ്ത് സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്. പ്രതികരണം കേട്ടും വായിച്ചും പലപ്രമുഖ വ്യക്തികളും നേരിട്ടയച്ച കത്തുകളും അതുപോലെത്തന്നെ ഇതുവഴി ബന്ധം
സ്ഥാപിച്ച കെ എസ് കെ ആലപ്പാട്, കുഞ്ഞിപ്പ പന്താവൂര്‍ തുടങ്ങി
നിരവധി എന്നോടൊപ്പം സഹയാനം നടത്തിയ സുഹൃത്തുകളും അയച്ച കുറിപ്പടികളും അമൂല്ല്യ നിധിപോലെ ഇന്നും സൂക്ഷിക്കുന്നു.കൈപ്പും മധുരവും നിറഞ്ഞ സമ്മിശ്രമെങ്കിലും പലപ്പോഴും അനുപാതത്തെ ഭേദിച്ച് വിഷമതകള്‍ മുറ്റി നിന്ന ജീവിതയാത്രയില്‍ വെച്ച് ഇത്തരം
ഉല്‍ക്കൃഷ്ടമായ വഴികളില്‍ കണ്ടുമുട്ടിയ നിരവധിപേര്‍ എന്റെ സൌഹൃദവലയത്തിലുണ്ട്.
കോഴിക്കോട് നിലയത്തില്‍ പ്രവര്‍ത്തിച്ച യശ:ശരീരനായ ഖാന്‍ കാവിലിനെ ഓര്‍ക്കുമ്പോള്‍ മാസ്മര ശബ്ദം
എന്റെ കാതുകളില്‍ നിറയുന്നു.ശബ്ദത്തിന്റെ തിരിച്ചറിവില്‍ ചിരപരിചിതരായ ഒട്ടേറെ അവതാരകര്‍.
  നാടകത്തിലൂടെയും അനൌണ്സറായും ആരംഗത്ത് തനതായ സംഭാവന നല്‍കിയ  ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി പലപ്രമുഖരും എന്റെ
 ഓര്‍മ്മയില്‍ ഇന്നും മായാതെ ജീവിക്കുന്നു.
വാര്‍ത്തകള്‍ക്ക് പുറമേ തപാല്‍പെട്ടി,  യുവവാണി, എഴുത്തുപെട്ടി, ബാലമണ്ഡലം,കൃഷിപാഠം,പ്രഭാതഭേരി,വചനാമൃതം,കിഞ്ചനവര്‍ത്തമാനം, വനിതാവേദി, വയലും വീടും, ഇഷ്ടഗാനം
പ്രത്യേക ഉത്സവകാല പരിപാടികള്‍ തുടങ്ങി
 നിരവധി പരിപാടികള്‍ അവര്‍ ആകാശവാണിയില്‍ ചെയ്തു.
റേഡിയോ നാടകങ്ങളിലൂടെ യു ഖാദര്‍, തിക്കോടിയന്‍, നെല്ലിക്കോട് ഭാസ്കരന്‍ തുടങ്ങി അന്ന് ശ്രോതാക്കളുടെ മനസ്സില്‍ കുടിയേറിയ പലരും
 അണിയറയിലെത്തിച്ച പല കഥാപാത്രങ്ങളും ഓര്‍മ്മയില്‍ ഇന്നും ജീവന്‍ തുടിച്ച് നില്‍ക്കുന്നു.
പ്രക്ഷേപണ രംഗത്ത് അവതരണ ശൈലികൊണ്ടും ശബ്ദം കൊണ്ടും ജനഹൃദയങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഖാന്‍ കാവില്‍ ,ടി പി രാധാമണി,സുഷമ,വെണ്മണിവിഷ്ണു,ഗോപന്‍, രാമചന്ദ്രന്‍,
സി.പി. രാജശേഖരന്‍ സംസ്‌കൃത വാര്‍ത്താവതാരകന്‍ ബലദേവാനന്ദസാഗര തുടങ്ങി ആര്‍ കെ എന്ന ആര്‍ കനകാംബരന്‍ വരെയൊക്കെ ഇന്നും എന്റെ മനസിന്റെ തളിര്‍ ചില്ലയില്‍ വസിക്കുന്നു.
വിജ്ഞാനവും ശാന്തിയും സമാധാനവും പകര്‍ന്ന് നല്‍കുന്നതിനു പുറമേ സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും നിലയങ്ങള്‍ ഹേതുവാകുന്നു.ഒട്ടേറെ ശബ്ദ ഇതിഹാസങ്ങള്‍
കടന്ന്‍പോയ വഴിയാണ് ആകാശവാണി.
  സംഭാഷണവൈദഗ്ധ്യം കൊണ്ട്  സാധാരണക്കാരും പാവപ്പെട്ടവരുമായ ശ്രോതാക്കളുടെ പ്രിയങ്കരനായ
 ആര്‍ കെ യെപ്പോലുള്ള രംഗത്തെ പ്രശസ്തര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ പലര്‍ക്കും പ്രയാസങ്ങളും ദുരിതങ്ങളും വിഷമങ്ങളും പങ്കുവെച്ച് സാന്ത്വനത്തിന്റെ
കുളിര്‍തെന്നല്‍ കൂടിയാകാറുണ്ട്. രോഗാതുരതയിലും മറ്റ് ജീവിതവിഷമങ്ങളിലും കഴിയുന്ന പലരുമായും ഇതുവഴിയുള്ള പരിചയത്തിലൂടെ ആര്‍ കെ വ്യക്തി ബന്ധം
പുലര്‍ത്തുന്നുണ്ടെന്ന് ഈയുള്ളവന് നേരിട്ടറിയാം.
ഇന്നു കാണുന്ന എഴുത്തുകാരില്‍ പലരും എഴുത്തിലേക്കുള്ള പാദമൂന്നാന്‍ വേദിയൊരുക്കിത്തന്നത് മാധ്യമങ്ങളിലെ പ്രതികരണ പംക്തി തന്നെയാണ്.
മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരു സത്കര്‍മ്മമായാണ് അന്ന് ജനം കണ്ടിരുന്നത് എന്ന് പറഞ്ഞാല്‍ അത് അധികമാവില്ല.
ദൃശ്യമാധ്യമങ്ങളുടെ കിടമത്സരങ്ങള്‍ക്കിടയില്‍ പലരും വൃത്തിയും വെടിപ്പുമില്ലാത്ത പരിപാടികള്‍ പുറത്ത് വിട്ട് സമൂഹത്തില്‍ വരുത്തുന്ന മൂല്യച്യുതി നിഷേധിക്കാനാവാത്തതാണ്‌.പഴയ സംസ്കാരത്തിലേക്ക് നമുക്ക് തിരിച്ച് പോകാനാവില്ലെങ്കിലും ഇനിയും മൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കാതലായ മാറ്റങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.നാം ശാസ്ത്ര സാങ്കേതികമായി പുരോഗമിച്ച് കൂടുതല്‍ സൌകര്യങ്ങള്‍ കൈവരിച്ചപ്പോള്‍ റേഡിയോയെ അവഗണിച്ചു.പക്ഷെ ഇന്ന് പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നപോലെ എഫ് എം സ്റ്റേഷനുകളും ഇന്റര്‍ നെറ്റ് റേഡിയോകളും ഒക്കെയായി വ്യാപിച്ചെങ്കിലും പഴയ പ്രൗഢിനിലനിര്‍ത്താന്‍ സാധിക്കുന്നില്ല.
ദൃശ്യമാധ്യമങ്ങളുടെ കുത്തൊഴുക്കില്‍ ദൃശ്യമാധ്യമങ്ങള്‍ ഉടലെടുക്കുന്നതിന്  നിദാനവും പ്രേരകവുമായ റേഡിയോ നിലയങ്ങളെ അവഗണനയില്‍ നിന്നും
മോചിതമാക്കി തിരിച്ച് കൊണ്ട് വന്ന് പഴയ പ്രതാപം വീണ്ടെടുത്ത് ഇനിയും നിലനിര്‍ത്തട്ടെ എന്ന്  അനുതാപത്തോടെ മലയാളത്തിന്റെ ആകാശവാണി നിലയങ്ങളുടെ അഭ്യുദയകാംക്ഷി എന്ന നിലക്ക് പ്രത്യാശിക്കുന്നു.

           -എന്‍ കെ മൊയ്തീന്‍, ചേറൂര്‍

2013 ജനുവരി 1, ചൊവ്വാഴ്ച

***നവവത്സരാശംസകള്‍***

ഒരു വര്ഷം കൂടി പടിയിറങ്ങി.പോയ വര്‍ഷത്തിന് സാക്ഷിയായി ഇനി ഓര്‍മ്മകള്‍.സന്തോഷത്തിന്റെ മധുരവും ദുഃഖത്തിന്റെ കൈപ്പും നേട്ടവും കോട്ടവുമൊക്കെയായി ഒരുപാട് സ്മരണകള്‍ ബാക്കിവെച്ച് ഒരു കൊല്ലം കൂടി വിടചൊല്ലി.

ഈ പുതുവര്‍ഷത്തില്‍ സമാധാനത്തിന്റെയു സന്തോഷത്തിന്റെയും നല്ല ചിന്തകളും നല്ല തീരുമാനങ്ങളും നമ്മളിലുണ്ടാവട്ടെ.എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ നവവത്സരാശംസകള്‍ നേരുന്നു.

2012 ഡിസംബർ 15, ശനിയാഴ്‌ച

***മലബാറിലെ സ്വാതന്ത്ര്യസമര ചരിത്ര വീഥികളിലൂടെ എന്റെ ഒരന്വേഷണ സഞ്ചാരം***

പൂക്കോട്ടൂര്‍ യുദ്ധം

                                               =================================
ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും ക്രൂരതക്കും അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായി നടന്ന രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കിയ പൂക്കോട്ടൂരിന്റെ ചരിത്ര വീഥികളിലൂടെ ആ
തിളങ്ങുന്നസ്മരണകള്‍ വര്‍ധിതാഭിമാനത്തോടെ നെഞ്ചേറ്റിക്കൊണ്ട്


((((1. ബ്രിട്ടീഷ് സാമ്രജ്യത്തിന് എതിരെ നടന്ന  പൂക്കോട്ടൂര്‍
യുദ്ധത്തില് പോരാടി വീരമൃത്യു വരിച്ച ദേശാഭിമാനികളുടെ സ്മരണക്കായി പൂക്കോട്ടൂര് അറവങ്കരയില് നിര്മിച്ച ഗേറ്റ്.))))  



ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും ക്രൂരതക്കും അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായി നടന്ന രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കിയ പൂക്കോട്ടൂരിന്റെ ചരിത്ര വീഥികളിലൂടെ ആ തിളങ്ങുന്നസ്മരണകള്‍ വര്‍ധിതാഭിമാനത്തോടെ നെഞ്ചേറ്റിക്കൊണ്ട്


(((((പൂക്കോട്ടൂര്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ധീര രക്തസാക്ഷികളുടെ
കബറിടങ്ങളില്‍ ഒന്ന്‍.ഇത് പിലാക്കലില്‍ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്നു))))

ചരിത്രസ്മാരകങ്ങളും ശേഷിപ്പുകളും തേടി കലാപം കനല്‍ വിരിച്ച, ധീര ദേശാഭിമാനികളുടെ ചോര ചിന്തിയ മണ്ണിലൂടെ ചരിത്രാന്വേഷകനും ചരിത്രാന്വേഷണ കുതുകികള്‍ക്ക് വെബ്സൈറ്റ്ലൂടെ വിവരങ്ങളോരുക്കി ശ്രദ്ധേയനായ ബഷീര്‍ പൂക്കോട്ടൂരിനോടൊപ്പം അന്വേഷണത്വരയോടെ നടത്തിയ ഒരു യാത്ര.

(((( പൂക്കോട്ടൂര്‍ യുദ്ധത്തില് രക്തസാക്ഷികളായ യോദ്ധാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പിലാക്കലിലെ പാലക്കന്‍ കുടുംബഗങ്ങളുടെ വീട്ടു തൊടിയില്‍ സ്ഥിതിചെയ്യുന്ന ഖബറിടങ്ങളിലൊന്നാണിത്.പഴയ തലമുറയിലുള്ളവരില്നിന്നും പകര്‍ന്നുകിട്ടിയ ചരിത്രവിവരങ്ങള്‍ ഒരു കുടുംബാംഗം പങ്കുവെക്കുന്നു.))))

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആരംഭിക്കപ്പെട്ട നിസ്സഹകരണപ്രസ്ഥാനത്തില്‍ നിന്നും ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ ഖിലാഫത്ത് പ്രക്ഷോഭത്തില്‍ നിന്നും പ്രചോദനം നേടിയുണ്ടായ 1921-ലെ മലബാര്‍ കലാപം.ആ ഐതിഹാസികമായ പോരാട്ടങ്ങളിലെ ത്യാഗോജ്ജ്വലവും രക്തരൂക്ഷിതവുമായ ഒരു സുപ്രധാന അദ്ധ്യായമാണ്‌ 1921 ആഗസ്റ്റ്‌ 26 ന് ഏറനാട് താലൂക്കിലെ
പൂക്കോട്ടൂരില്‍നടന്ന സാമ്രാജ്യത്വവിരുദ്ധയുദ്ധം.
മെഷീന്‍ ഗണ്ണും മറ്റുനൂതനമായ ആയുധസന്നാഹങ്ങളുടെ അകമ്പടിയോടെ ഇരുപത്തിരണ്ട് ലോറികളിലും ഇരുപത്തഞ്ച് സൈക്കിളിലുമായി
വന്ന ബ്രിട്ടീഷ് പട്ടാളവുമായി മുറുകെപ്പിടിച്ച ഈശ്വരവിശാസത്തിന്റെ പിന്‍ ബലത്തോടെ
വെറും വാളും കത്തിയും
വടിയും കല്ലും മാത്രമായി വടക്കേവീട്ടില്‍ മമ്മുദു,കാരാട്ട് മൊയ്തീന്‍ ഹാജി, പാറാഞ്ചിരി കുഞ്ഞറമുട്ടി ഹാജി
തുടങ്ങിയവരുടെ നേതൃത്വത്തിലും എം പി നാരായണമേനോന്റെയും കട്ടിലശ്ശേരി മൌലവിയുടെയും പ്രചോദനമുള്‍ക്കൊണ്ടും പുരുഷ വേഷം ധരിച്ചെത്തിയ ധീര വനിതകളടക്കം
രണ്ടായിരത്തോളം രാജ്യസ്നേഹികള്‍ നടത്തിയ ഉഗ്ര പോരാട്ടത്തില്‍ നാനൂറോളം പോരാളികള്‍ ധീര രക്തസാക്ഷികളായി. ബ്രിട്ടീഷ് സൈനിക ക്യാപ്റ്റന്‍ ലങ്കാസ്റ്റര്‍ അടക്കം ഇരുപതിലേറെ
ബ്രിട്ടീഷ്കാരും കൊല്ലപ്പെട്ടു.
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഏറ്റവുംശ്രദ്ധേയവുംരക്തപങ്കിലവുമായപോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കിയ പൂക്കോട്ടൂരില്‍ വീരമൃത്യുവരിച്ച ധീര രക്തസാക്ഷികളുടെ
കബറിടം പിലാക്കലില്‍ അഞ്ചിടത്തായി സ്ഥിതിചെയ്യുന്നു. അതിലൊന്ന് പിലാക്കലില്‍ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്നു.ബാക്കി നാലിടം പിലാക്കലില്‍ തന്നെയുള്ള പുരാതന കുടുംബമായ
പാലക്കന്‍ തറവാട്ടുകുടുംബാംഗങ്ങളുടെ വീട്ടു വളപ്പുകളിലും മറ്റുമായി നില കൊള്ളുന്നു.
നാമിന്ന് അഭിമാനത്തോടെ ആസ്വദിക്കുന്ന സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ നമുക്ക് കനിഞ്ഞുനല്‍കിയതല്ല.
സ്വന്തം ജീവിതം തന്നെ ത്യാഗോജ്ജ്വലമായി നാടിനു സമര്പ്പിച്ച് ധീര ദേശാഭിമാനികള്‍ ഒഴുക്കിയ ചോരയുടെ വിലയാണ് നാമിന്നനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം.അവര്‍ നേരിട്ട പീഢനാനുഭവത്തിന്റെ
പ്രതിഫലമാണീ ഭാരതത്തിന്റെ സ്വാതന്ത്ര്യം.
അവര്‍ നേടിത്തന്ന സുഖസൌകര്യങ്ങള്‍ ആവോളം ആസ്വദിക്കുന്ന നാം കഴിഞ്ഞുപോയ ആ തലമുറയുടെ ത്യാഗവും ധീരതയും മറക്കാതിരിക്കട്ടെ.

                                       ((((പൂക്കോട്ടൂര്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ധീര രക്തസാക്ഷികളെ മറമാടിയ പിലാക്കലിലെ കബറിടങ്ങളില്‍ ഒന്ന്))))



((((പൂക്കോട്ടൂര്‍ യോദ്ധാളെ  മറമാടിയ പിലാക്കലിലുള്ള മറ്റൊരു ഖബറിടം. ഇതും പാലക്കന് കുടുംബാംഗത്തിന്റെ വീട്ടു വളപ്പിലാണ് ഉള്ളത്))))


((((പൂക്കോട്ടൂര്‍ യോദ്ധാളെ  മറമാടിയ പിലാക്കലില്‍ തന്നെയുള്ള മറ്റൊരു ഖബറിടം.))))



(((( പൂക്കോട്ടൂര്‍ യുദ്ധത്തില്‍ സ്വാതന്ത്ര്യ സമര പോരാളികള്‍

 ബ്രിട്ടീഷ്സേനയുടെ വരവും കാത്ത് ഒളിച്ചിരുന്നത് പിലാക്കലിലെ ഈതോട്ടിലും മറ്റുമായിരുന്നു. ))))



          ധീര രക്തസാക്ഷികളെ ,പൂക്കോട്ടൂര്‍ ശുഹദാക്കളെ...
രചന ,ആലാപനം - വി എം കുട്ടി              
        
                                 ആനക്കയം
        
==================================

മലബാര്‍ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലോന്നായിരുന്ന ആനക്കയം. ബ്രിട്ടീഷുകാര്‍ക്ക് ഖിലാഫത്ത്സമരത്തെ ഒറ്റുകൊടുത്ത് ബ്രിടീഷുകാരില്‍ നിന്ന് അധികാരി സ്ഥാനവും ഖാന്‍ബഹദൂര് പട്ടവും

കരസ്ഥമാക്കിയ ഖാന്‍ ബഹദൂര്‍ കെ.വി.ചേക്കുട്ടിയെ ഖിലാഫത്ത് സമര സേനാനികള്‍ വധിച്ച് തല കുന്തത്തില്‍ കുത്തി പ്രദര്‍ശിപ്പിച്ചിരുന്നു.(ആഗസ്റ്റ്‌ 30     1921)   അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി ബ്രിട്ടീഷ്സര്‍ക്കാര്‍ ആനക്കയം പുള്ളിയിലങ്ങാടിയില്‍ നിര്‍മ്മിച്ച പൊതു കിണര്‍ ഇന്നും നിലനില്‍ക്കുന്നു.                               

((((ആനക്കയത്തെ ചേക്കുട്ടി സ്മാരക കിണര്‍))))                                                               
 ((((ഈ പള്ളി അങ്കണത്തിലാണ്‌ ഖാന്‍ ബഹദൂര്‍   ചേക്കുട്ടി അന്ത്യവിശ്രമം കൊള്ളുന്നത്‌ .))))
       ബ്രിട്ടീഷ് ഭരണത്തിനുമുമ്പില്‍ നിരുപാധികം കീഴടങ്ങാന്‍ ആവശ്യപ്പെട്ട ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയുടെ മുഖത്ത് നോക്കി ആലിമുസ്ലിയാര്‍ എന്ന വിപ്ലവസൂര്യന്‍ ഒരിക്കല്‍ പറഞ്ഞ വാക്ക് ഇവിടെ സ്മരിക്കുന്നു-
"ഒരു യഥാര്‍ത്ഥ മാപ്പിള തന്റെ മതത്തെ രക്ഷിക്കാന്‍ മരിക്കേണ്ടിവന്നാലും ഭയക്കില്ല.വിദേശികളായ കാഫിറുകളുടെ
ചെരുപ്പ് നക്കുന്ന ചെക്കുട്ടിയെ പോലുള്ളവര്‍ക്ക് പേടിയുണ്ടാവും.നിന്നെ പ്പോലുള്ളവരാണ് മാപ്പിള സമുദായത്തിന്റെ ദുരന്തം"                                                       
                                         -എന്‍ കെ മൊയ്തീന്‍,ചേറൂര്‍

മങ്കടയിലെ സ്വാതന്ത്ര്യസമര രക്തസാക്ഷി സ്മാരകം.
-----------------------------------------------------------------------------
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ഗ്രാമാന്തരങ്ങളില്‍ നിരവധി രക്തസാക്ഷികാളാണ് വൈദേശികസേനയുടെ
നിഷ്ഠുരതക്കിരയായി പിടഞ്ഞു വീണു മരിച്ചത്.
              1921 -ല് പൂക്കോട്ടൂരിലും നിലമ്പൂരിലും മറ്റും നടന്ന ഖിലാഫത്ത് സമരങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് അന്ന് വള്ളുവനാടന്‍ രാജവംശത്തിന്റെ അധീനതയിലുള്ള മങ്കടയിലെ വെള്ളിലയിലും മറ്റ്‌
പലഭാഗത്തുമായി പതിനഞ്ച് മാപ്പിളമാര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനിരയായത്.
അതിലൊന്നാണ്
          മങ്കടയിലെ വെള്ളില വൈശ്യര്‍പാടത്ത് വെച്ച് അഞ്ച് പേരുടെ ജീവനെടുത്ത വെള്ളപ്പട്ടാളത്തിന്റെ പൈശാചിക കൃത്യവും നടന്നത്. ഖിലാഫത്ത് സമര കാലത്ത് മങ്കടയിലെ വള്ളുവനാടന്‍ രാജവംശത്തിന്റെ കോവിലകങ്ങള്‍ക്ക്
സംരക്ഷണമേകാന്‍
പന്തല്ലൂര്‍ മലയില്‍ തമ്പടിച്ചിരുന്ന ബ്രിട്ടീഷ് സേനയിലെ ഗൂര്‍ഖാസ് പട്ടാളം അഴിച്ചുവിട്ട നരനായാട്ടിനിരയായാണ് ഇവിടുത്തെ മാപ്പിളമാര്‍ രക്തസാക്ഷിത്വം വരിച്ചത്‌.
രക്തസാക്ഷി സ്മാരകം
   കര്‍ഷകരായിരുന്ന ഇവര്‍ പാടത്ത് വെള്ളം തേകിക്കൊണ്ടിരിക്കെ ഗൂര്‍ഖാസ് സേന വെടിവെച്ച് കൊല്ലുകയായിരുന്നു.
രക്തസാക്ഷികളെ പള്ളിയില്‍ മറവാടാന്‍ സമ്മതിക്കാതെ വെള്ളപ്പട്ടാളം മൃതശരീരത്തോട് പോലും നീചവും മനുഷ്യത്വരഹിതവുമായി പെരുമാറി.
തുടര്‍ന്ന്‍ പാക്കോട്ട് പലത്ത് അഹമ്മദ് കുട്ടി എന്നവര്‍ തന്റെ പറമ്പില്‍ അഞ്ച് രക്തസാക്ഷികളെയും ഒരുമിച്ച് മറവാടുകയായിരുന്നു.
ഇക്കഴിഞ്ഞ വര്‍ഷം ഇവിടുത്തെ ചരിത്ര തല്‍പ്പരരായ യുവാക്കളുടെ ശ്രമഫലമായി പഞ്ചായത്ത് വക നിര്‍മ്മിച്ചു നല്‍കിയതാണ് സ്മാരകം.
 മങ്കടയില്‍ തന്നെ യു കെ പടിയിലും കടന്നമണ്ണയിലും അവിടങ്ങളിലെ പള്ളിയിലും വീട്ടുതൊടിയിലുമായി ഖിലാഫത്ത് പോരാളികള്‍ മണ്മറഞ്ഞുകിടക്കുന്നുണ്ട്.

ഇവിടങ്ങളിലൊക്കെയുള്ള എല്ലാ രക്തസാക്ഷികള്‍ക്കും പൊതു സ്മാരകങ്ങള്‍ നിര്‍മ്മിക്കാനുള്ള  ഉത്സാഹത്തിലാണ്  ഇവിടുത്തെ ചരിത്രസ്നേഹികളും തദ്ദേശസ്ഥാപനവും.മലബാറില്‍ പല ഉള്‍പ്രദേശങ്ങളിലും നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളും അതിന്റെ ജ്വലിക്കുന്ന ചരിത്രങ്ങളും സ്മരണകളില്‍ നിലനിര്‍ത്തേണ്ടതുണ്ട്.എന്നാലെ വരും തലമുറക്ക് അത് പകര്‍ന്ന്കൊടുക്കാന്‍ സാധിക്കൂ.ഇന്ന് മലബാറില്‍ പലേടത്തും ഇത് പോലെ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് ഓരോ ദേശത്തിന്റെയും ചരിത്രപരമായ പങ്ക് വിളിച്ചോതുന്ന ഇത്തരം ശേഷിപ്പുകള്‍ സ്മാരകങ്ങളായി സംരക്ഷിച്ച് നിലനിര്‍ത്താന്‍ കാണിക്കുന്ന ശുഷ്കാന്തി തികച്ചും അഭിമാനകാരവും സ്വാഗതാര്‍ഹവുമാണ്.
            -എന്‍ കെ മൊയ്തീന്‍ ചേറൂര്‍ 

2012 നവംബർ 29, വ്യാഴാഴ്‌ച

എന്റെ ജുമാമസ്ജിദ്(ചേറൂര്‍,മുതുവിൽകുണ്ട്)

                                                                    
            1984 ലാണ് എന്റെ ഗ്രാമത്തിലെ പള്ളി(ദാറുസലാം ജുമാമസ്ജിദ്) സ്ഥാപിതമാകുന്നത്.
മഹല്ല് സംവിധാനത്തിന് കീഴിൽ 285 ലേറെ 
 വീടുകളെ പ്രതിനിധീകരിച്ച് കൊണ്ട്  മുതുവില്‍കുണ്ട് മഹല്ല് നിലവില്‍ വരുന്നത് വരെ ചേറൂര്‍
ടൗണിനടുത്തുള്ള ഏറെ പഴക്കംചെന്ന ചേറൂര്‍ വലിയ ജുമാമസ്ജിദായിരുന്നു ഞങ്ങളുടെ മഹല്ല് ജുമുഅത്ത് പള്ളി.
ജനബാഹുല്യവും സൌകര്യവും കണക്കിലെടുത്ത് മുതുവില്‍ കുണ്ട് കേന്ദ്രീകരിച്ച് മഹല്ല് ജുമാമസ്ജിദ് എന്ന ആശയം 1980-ന്‍റെ മുമ്പ് തന്നെ പ്രദേശവാസികളില്‍ നിന്നുയരാന്‍ തുടങ്ങി.
എങ്കിലും സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക എന്നത് തുടക്കത്തില്‍ തന്നെ വിലങ്ങുതടിയായി. സാഹചര്യത്തില്‍ പ്രദേശത്തുകാര്‍ ഇവിടെ
ജനിച്ചു വളര്‍ന്ന്‍, പില്‍ക്കാലത്ത്എടത്തനാട്ടുകരയിലേക്ക് സ്ഥിര
താമസമാക്കിയ ഇവിടുത്തെ പുരാതന കുടുംബത്തിലെ(നാത്താന്‍ കോടന്‍) കാരണവരും ഖുര്‍ആന്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രമുഖ പണ്ഡിതനും
എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമയ സി എന്‍ അഹമദ്‌ മൌലവിയുടെ (സി എന്‍ എന്നത് ചേറൂര്‍ നാത്താന്‍ കോടന്‍ എന്നാണെന്നത്
പുതു തലമുറക്ക് വേണ്ടി ഇവിടെ കുറിക്കട്ടെ) ശ്രദ്ധയിലേക്ക് അദ്ദേഹത്തിന്‍റെ ഇവിടുത്തെ കുടുംബാംഗങ്ങള്‍
മുഖേനെ അറിയിക്കുകയും തന്റെ രക്തബന്ധങ്ങളുടെ അഭ്യര്‍ത്ഥനക്കുമുന്നില്‍ ആകൃഷ്ടനായി ജന്മ ദേശത്ത് പള്ളിസ്ഥാപിക്കുക എന്ന നന്മയുടെ ദൗത്യത്തിനുവേണ്ടി പ്രായാധിക്യ
സഹജമായ ശാരീരിക പ്രതിബന്ധങ്ങളെ തൃണവല്‍ഗണിച്ച് തിരക്കുപിടിച്ച ജീവിതത്തിനിടയിലും ദീര്‍ഘദൂരം സഞ്ചരിച്ച്,ചുമതലാ ബോധത്തോടെ
അദ്ദേഹം ഇതിനു വേണ്ടി മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറായി.പക്ഷെ പള്ളിക്കും അനുബന്ധ ഖബര്‍സ്ഥാനും വേണ്ട സ്ഥലമൊരുക്കാന്‍ വീണ്ടും വിഷമിച്ചു. സാഹചര്യത്തില്‍ അദ്ദേഹം മറുത്തൊന്നും ചിന്തിക്കാതെ അദ്ദേഹത്തിനും
മറ്റുകുടുംബാംഗങ്ങള്‍ക്കും
അവകാശപ്പെട്ട ഒത്ത സൌകര്യങ്ങളോടെയുള്ളയിടത്തെ
     ((( പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു)))
=================================================================
ഭൂമി പള്ളിസ്ഥാപിക്കാനായി ദാനമായി നല്‍കി പ്രദേശത്തുകാരുടെ
അഭിലാഷം സഫലീകൃതമാക്കി.
 തുടര്‍ന്ന്‍ ധൃതഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്
നാട്ടിലെ കാരണവന്മാരോടൊപ്പം ചേര്‍ന്ന്‍ പ്രദേശ വാസികളായ ചെറുപ്പക്കാരും യുവാക്കളും ഒത്തൊരുമിച്ച് അക്ഷീണ പ്രവര്‍ത്തനത്തിലൂടെ ഭാഗവാക്കായി.നിര്‍മ്മാണത്തിനാവശ്യമായ സിമന്റും മണലും മരവുമൊക്കെ നല്‍കിയും മറ്റുമായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഒത്തൊരുമയോടെ ഇതിനുണ്ടായി.
പള്ളിയുടെ നിര്‍മ്മാണത്തിനായി സാമ്പത്തികമായും ശാരീരികമായും മറ്റും രാപ്പകല്‍ ഭേദമന്യേ ഇവിടുത്തെ കാരണവന്മാര്‍ അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചു.
അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു മേലാടത്തില്‍ ഹസ്സന്‍ ഹാജി. പള്ളിയുടെ പണി പൂര്‍ത്തീകരണത്തിലെത്തി നില്‍ക്കെയുണ്ടായ അദ്ദേഹത്തിന്‍റെ വേര്‍പ്പാട് നാട്ടിൽ ദുഃഖത്തിന്റെ കരിനിഴല്‍
വീഴ്ത്തി.അദ്ദേഹത്തിന്‍റെ  അന്ത്യാഭിലാഷം പോലെ ത്തന്നെ   പള്ളി കബര്‍സ്ഥാനില്‍ തന്നെ  മറവ് ചെയ്തു.അവരുടെ പാരത്രിക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ .
നാഥന്‍റെ അനുഗ്രഹത്താല്‍ സമൂഹം രാവും പകലും കര്‍മ്മോത്സുകരായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി തലയുയര്‍ത്തിനില്‍ക്കുന്ന ഒരു ദൈവ ഭവനം പ്രാര്‍ത്ഥനക്ക് സജ്ജമാക്കിയെടുത്തു.മഹല്ലുകാരെ പെരുത്ത് സന്തോഷത്തിലാഴ്ത്തി കൊണ്ട് 27.12.1984ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പള്ളിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി എന്‍ അഹ്മദ് മൌലവിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മഹത്തായ ചടങ്ങില്‍ ചാക്കീരി അഹ്മദ് കുട്ടി സാഹിബ്,പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.മഹല്ല് കാരണവര്‍ അഹ്മദ് സാഹിബ് സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ ഉള്‍നാടന്‍ ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിതരാണോദ്ഘാടനവും ഇതിനോടനുബന്ധിച്ചായിരുന്നു നടന്നത്.


  ((( സി എന്‍ അഹമ്മദ് മൌലവി അദ്ധ്യക്ഷപ്രസംഗം നടത്തുന്നു)))
==============================================================

തിരൂര്‍ ഇലക്ട്രിസിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
         പള്ളിക്ക് ദാറുസലാം ജുമാമസ്ജിദ്‌ എന്ന്‍ പേര് നല്‍കിയതും വെള്ളിയാഴ്ചകളില്‍ ജുമുഅ ഖുതുബക്ക് മുമ്പായി ഇമാമിന്‍റെ ബോധവല്‍ക്കരണ പ്രഭാഷണം എന്ന രീതി കൊണ്ടുവന്നതും
സി എന്‍ മൌലവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു.
മഹാന്റെ അശ്രാന്ത പരിശ്രമം ഇതിനുപിന്നില്ലായിരുന്നുവെങ്കില്‍ ഇത്രയും
സൌകര്യ പ്രദമായ, കണ്ണായ സ്ഥലത്ത് ഇവിടെ പള്ളി സ്ഥാപിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നത് അവിതര്‍ക്കിതമാണ്. ജനിച്ചു വളര്‍ന്ന കൊച്ചു ഗ്രാമത്തിനു വേണ്ടി,ഞങ്ങളുടെ മഹല്ലിനുവേണ്ടി നിര്‍വിഘ്നം നിറവേറ്റിത്തന്ന്‍ കാലയവനികക്കുള്ളിലേക്ക്‌ മറഞ്ഞ മഹാന് അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
പള്ളിയങ്കണത്തിലെ പച്ചപിടിച്ച് നില്‍ക്കുന്ന മൈലാഞ്ചി ചെടികൾക്ക് ചോട്ടില്‍ വേര്‍പിരിയലിന്റെ സാമീപ്യം ദുഃഖസൂചകമായി വിളിച്ചോതുന്ന മീസാന്‍ കല്ലുകള്‍ക്ക്  താഴെ
ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച്
ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച്
ഞങ്ങളെ പോറ്റി വളര്‍ത്തി
പല പല സ്ഥാനങ്ങളിലെത്തിച്ച് വിട പറഞ്ഞ സ്നേഹ വാത്സല്യനിധികളായ ഞങ്ങളുടെ മാതാപിതാക്കള്‍

(((നാട്ടു കാരണവര്‍ അഹ്മദ് സാഹിബ് സ്വാഗതപ്രസംഗം നടത്തുന്നു)))===============================================================================
(((ഉദ്ഘാടന ചടങ്ങിനിടെ.പാണക്കാട് സയ്യിദ് മുഹമ്മദലിശിഹാബ് തങ്ങള്‍,
സി എന്‍ അഹമ്മദ് മൌലവി,ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്,അഹമ്മദ് സാഹിബ് തുടങ്ങിയവര്‍)))
=============================================================
മക്കള്‍ സഹോദരീ സഹോദരന്മാര്‍ ബന്ധുമിത്രാതികള്‍ അന്ത്യവിശ്രമം കൊള്ളുന്നു.
നാഥാ, നിന്‍റെ അനുഗ്രഹം അവരില്‍ ചൊരിയേണമേ.
  തന്റെ പൊക്കിള്‍ കൊടിഅലിഞ്ഞുചേര്‍ന്ന,തന്റെ പാദസ്പര്‍ശമേറ്റ മണ്ണിലെ ജനങ്ങള്‍ക്ക് വേണ്ടി ദിവ്യപ്രഭ ചൊരിയുന്ന,ദൈവബോധത്തിന്റെ പാരമ്യത തുടികൊള്ളുന്ന വിശുദ്ധിയുടെ
ഗോപുരം ഉയര്‍ത്തികൊണ്ടുവരാന്‍ സി എന്‍ വഹിച്ച പങ്ക് അനിഷേധ്യമാംവിധം സുവിദിതമാണ്.മുതുവില്കുണ്ട് ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന് കേരളം മുഴുക്കെ
വിജ്ഞാനത്തിന്റെ പ്രഭപരത്തി ഇസ്ലാമിക ധൈഷണികമണ്ഡലത്തെ ഈടുറ്റഇച്ഛാശക്തിയോടെ പ്രോജ്ജ്വലമാക്കിയ മഹാ പണ്ഡിതന്‍ എന്നെന്നും ഞങ്ങളുടെ സ്മരണകളില്‍ നിലനില്‍ക്കും.

                          -എന്‍ കെ മൊയ്തീന്‍, ചേറൂര്‍

2012 നവംബർ 6, ചൊവ്വാഴ്ച

***കുടക്കല്ല്***


                                                    "കുടക്കല്ല്"

                                           =================

പഴയകാലത്തിന്റെ ശേഷിപ്പായ ഈ കുടക്കല്ല് കൊണ്ടോട്ടി കൊളപ്പുറംറൂട്ടില്‍ കുന്നുംപുറത്തുള്ളതാണ്. അതുവഴിപോയപ്പോള്‍എന്‍റെ മൊബൈലില്‍ പകര്‍ത്തിയതാണിത് .
മഹാശിലായുഗത്തില്‍ നാടുവാഴികളുടെയും മറ്റ് പ്രധാനികളുടെയും മൃതദേഹം അടക്കം ചെയ്തിരുന്നതിന് മുകളിലായി അവരുടെ സ്മാരകങ്ങളായാണ് കുടക്കല്ലുകള്‍
സ്ഥാപിച്ചിരിക്കുന്നതെന്നാണ് ചരിത്രം. റോഡരികില്‍ ഉള്ള ഈ കുടക്കല്ലിന്റെ ഒരുഭാഗം സ്വകാര്യവ്യക്തി മതില്‍കെട്ടിനുള്ളിലാക്കിമറച്ചിരിക്കുന്നതിനാല്‍ മുഴുവനായി കാണാന്‍സാധ്യമല്ല.
ഉള്ളത് തന്നെ യാതൊരു സംരക്ഷനവുമില്ലാതെ പുല്ചെടികളും കാടുംമൂടി ക്കിടക്കുന്നു. തികഞ്ഞ അവഗണനയാണീ മഹാശിലായുഗചരിത്ര സ്മാരകത്തോട് പുരാവസ്തു
വിഭാഗമടക്കമുള്ള അധികൃതരുടെ ഭാഗത്ത്നിന്നും കാണിക്കുന്നത്. പോയ കാലത്തിന്റെ ചരിത്രരേഖകളായ ഇതു പോലുള്ള വിലപ്പെട്ട ശേഷിപ്പുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍
സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
                                                       
                                                   **കുടക്കല്ല് ശുചീകരിച്ചു**

                                           ================================
കൊണ്ടോട്ടി കൊളപ്പുറം റൂട്ടില്‍ കുന്നുംപുറത്തിന്റെ പാതയോരത്തായി സ്ഥിതി ചെയ്യുന്ന പ്രാചീനകാലകാലത്തിന്റെ ശേഷിപ്പായ ഈ കുടക്കല്ല് യാതൊരു സംരക്ഷണവുമില്ലാതെ കാടു മൂടിക്കിടന്നു
നാശത്തിന്റെ വക്കിലെത്തിയിരുന്ന ഈ ശിലായുഗസ്മാരകത്തിന്റെ അവസ്ഥ
                                                                        
ഇതു വഴിയുള്ള യാത്രക്കിടെ എന്റെ ദൃഷ്ടിയില്‍പെടുകയും അത് ഞാനെന്റെ ബ്ലോഗിലും മുഖപുസ്തകത്തിലും പ്രസിദ്ധീകരിക്കുകയും കൂടാതെ മറ്റു പ്രമുഖരുടെ പേജിലേക്കു പങ്കുവെക്കുകയും ചെയ്തിരുന്നു.
അതേ തുടര്‍ന്ന്‍ ഏറെ നല്ല പ്രതികരണങ്ങള്‍ ലഭിക്കുകയും ചര്‍ച്ച്ചക്കിടവരുത്തുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം (21 12 2012 )ന് വീണ്ടും
അതുവഴിയുള്ള യാത്രക്കിടെ ഞാന്‍ കണ്ട കാഴ്ചയാണിത്‌.
ഈ ചരിത്ര ശേഷിപ്പ് ജി എച്ച് എസ് എസ് പെരുവള്ളൂരിലെ ഹെറിറ്റേജ് ക്ലബ്ബ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ കാടും പുല്ലും വെട്ടി ശുചീകരിച്ചിരിക്കുന്നു. സമീപത്തായി ബോര്‍ഡും
സ്ഥാപിച്ച് ഈ വിദ്യാര്‍ത്ഥികള്‍ മാതൃക കാട്ടിയിരിക്കയാണ്. പുരാരേഖാ വകുപ്പിന്റെ ഹെറിറ്റേജ് ക്ലബ്ബുകളുടെ
പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ 20011ലെയും 2012ലെയും സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയത് മലപ്പുറം ജില്ലയിലെ പെരുവള്ളൂരിലെ ഈ സ്കൂളിനായിരുന്നു. പോയ
കാലത്തിന്റെപൈതൃകങ്ങളെ വരും തലമുറക്ക് വേണ്ടി കാത്തു സൂക്ഷിക്കാന്‍ സന്നദ്ധരായി മുന്നിട്ടിറങ്ങിയ ഈ വിദ്യാര്‍ത്ഥി കൂട്ടായ്മയെ പ്രകീര്‍ത്തിക്കുന്നു.
കാലം ബാക്കിവെച്ച് പോയ ശേഷിപ്പുകള്‍ അപ്രത്യക്ഷമാക്കാതെ തലമുറകളിലൂടെ നിലനിര്‍ത്തിപോകേണ്ടതുണ്ട്.പോയകാലത്തിന്റെ സമ്പന്നമായ പൈതൃകം അടയാളപ്പെടുത്തിയ
ഇങ്ങനെയുള്ള സ്മാരകങ്ങള്‍
മലബാറില്‍ പല ഭാഗങ്ങളിലും സംരക്ഷണം കിട്ടാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്.പാഠ്യേതര പ്രവര്‍ത്തനമായി ഇത്തരം ചരിത്ര പൈതൃക സംരക്ഷണത്തിനായി കര്‍മോത്സുകരായി മുന്നിട്ടിറങ്ങുന്ന
കുട്ടികള്‍ പല വിദ്യാലയങ്ങളിലുമുണ്ട്.അവരെയെല്ലാം ഒരുമിപ്പിച്ച് നാടിന്റെ പഴമയുടെ കഥപറുന്ന ഇങ്ങനെയുള്ള അമൂല്യമായ പൈതൃകവും ചരിത്ര നിര്‍മിതികളുമായ പുരാവസ്തുക്കളും
പുരാരേഖകളുമൊക്കെ സംരക്ഷിക്കുക എന്ന ഒരു വലിയ
ലക്‌ഷ്യം നമുക്ക് ഇവരിലൂടെയും സാധിപ്പിച്ചെടുക്കാന്‍ കഴിയും.