***കാപാലികരേ, മനുഷ്യരക്തം തന്നെയല്ലേ നിങ്ങളുടെ സിരകളില്‍ ***
ഇത് കുനിയില്‍ കൊല്ലപ്പെട്ട ആസാദിന്‍റെ റിസ് വാന്‍ എന്ന മകന്‍.കാപാലികര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയ തന്റെ പിതാവിന്റെ ചേതനയറ്റ ശരീരം കണ്ട് വിതുമ്പുന്നു.ഈ ചിത്രം മാധ്യമം പത്രത്തില്‍ കണ്ടിരുന്നു.ഇന്ന്‍ ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് പോസ്റ്റ് ചെയ്ത് കണ്ടു. അതോടൊപ്പം തന്നെ അന്ന്‍ മാധ്യമത്തില്‍ കൊല്ലപ്പെട്ട അബൂബക്കറിന്‍റെ പിറക്കമുറ്റാത്ത എട്ടുംപൊട്ടും തിരിയാത്ത മകന്‍ പിതാവ് കൊല്ലപ്പെട്ടയിടത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്ന ഒരുചിത്രവും പ്രസിദ്ധീകരിച്ചിരുന്നു.
ഹൃദയ ഭേദകമായ ആ ചിത്രങ്ങള്‍ കണ്ട് നെഞ്ച് പിടച്ച് പോയി . കേരളത്തില്‍ അങ്ങോളമിങ്ങോളമിങ്ങനെ എത്രയോ ജീവനുകള്‍ കാട്ടാളന്മാര്‍ ഓടിച്ചിട്ട് പിടിച്ച് വെട്ടിക്കൊന്ന്‍ അവരുടെ കുടുംബങ്ങളെ അനാഥമാക്കി. കാപാലികരേ,നിങ്ങള്‍ ജീവനെടുക്കുന്നവരുടെ അനാഥമാകുന്ന അരുമസന്താനങ്ങളുടെയും സഹധര്‍മ്മിണിയുടെയും വന്ദ്യമാതാപിതാക്കളുടെയും തോരാത്ത കണ്ണുനീരിന് മുമ്പില്‍ നിങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുമോ?. ആ കുടുംബങ്ങളുടെ അത്താണിയെ നിങ്ങള്‍ വകവരുത്തുമ്പോള്‍ അവര്‍ക്കെങ്ങനെ ജീവിക്കാന്‍ കഴിയുമെന്ന്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ കൊലപാതകികളെ?. നിങ്ങളാല്‍ ശിഷ്ടകാലം കണ്ണീര്‍ കുടിച്ച് കഴിയാന്‍ വിധിക്കപ്പെട്ട അവരുടെ ഭാര്യമാര്‍.ഇവരുടെ കുടുംബം അനുഭവിക്കുന്ന മനോവ്യഥകള്‍ നിങ്ങള്‍ കാണുന്നില്ലേ ,നിങ്ങളും മനുഷ്യരല്ലേ?.ഈ ക്രൂരകൃത്യം എന്തിനു ചെയ്തു...എന്താണിതുകൊണ്ട് നിങ്ങള്‍ക്ക് കിട്ടിയത്?!.ഈ പൈതങ്ങളുടെ , ഈ കുടുംബങ്ങളുടെ നയനങ്ങളില്‍ നിന്നും ഉറ്റിവീഴുന്ന കണ്ണീര്‍, ദുഷ്ടരേ നിങ്ങള്‍ക്ക് ശാപമായിത്തീരുക തന്നെ ചെയ്യും. നമ്മുടെ സംസ്ഥാനത്ത് കൊലപാതകങ്ങളുടെ അലയൊലികള്‍ തീരുന്നമട്ടില്ല. മദമിളകിയ ഉന്മാദികള്‍ ,കാപാലികര്‍ ഒന്നിനുപിറകെ മറ്റൊന്നായി ഇരതേടല്‍ തുടര്‍ന്ന്‍ കൊണ്ടേയിരിക്കുന്നു. ഇത് കേരളത്തിന്‍റെ സമാധാനാന്തരീക്ഷം കെടുത്തുന്നു. ഭാവിയെ ഭീതിതമാക്കുന്നു.കൊലപാതകങ്ങള്‍ നിത്യസംഭവമായിക്കൊണ്ടിരിക്കുന്നു. കുറ്റവാളികള്‍ പലരും നിയമത്തിനു മുമ്പില്‍ എത്തപ്പെടുന്നില്ല. പിടിക്കപ്പെടുന്നവര്‍ക്ക് തന്നെ കടുത്ത ശിക്ഷ ലഭിക്കുന്നുമില്ല.ഇത്രയും ക്രൂരകൃത്യങ്ങള്‍ നടന്നാലും പലതിലും സര്‍ക്കാരും പൊലീസും ലാഘവത്തോടെയാണ് കാണുന്നത് . ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനവും സഹായവും നല്‍കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ നരാധമന്മാരാവുന്ന ഇക്കാലത്ത് എവിടെ ശാന്തി,എവിടെ രക്ഷ?. ആശയം ആശയംകൊണ്ടും രാഷ്ട്രീയം രാഷ്ട്രീയമായും നേരിടാതെ വാടക ഗുണ്ടകളെ ഉപയോഗിച്ചും ക്രിമിനല്‍ സ്വഭാവമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ചും പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്ന രീതി എന്ത് കാട്ടാള രീതിയാണ് . കൊലപാതകമടക്കം എന്ത് ദുഷ്ടപ്രവര്‍ത്തി ചെയതവനെയും പാര്‍ട്ടികള്‍ കവചത്തിലാക്കി സംരക്ഷിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയ പകപോക്കലിന് വേണ്ടി ഈ പൈശാചികമായ കൊലപാതകങ്ങളെ കാണാതെ നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂര്വ്വവുമായ ഒരന്വേഷണത്തിലൂടെ, കുറ്റവാളികളെ രാഷ്ട്രീയത്തിന്‍റെ നിറം നോക്കാതെ ,അവര്‍ ആരായാലും ഏതു കക്ഷിയില്‍ പെട്ടവരായാലും പെടാത്തവരായാലും പുറത്ത് കൊണ്ടുവന്ന്‍ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ കുറ്റവാളികള്‍ക്ക് ലഭിച്ചാല്‍ മാത്രമേ ഇതിനൊരറുതി വരുകയുള്ളു . അതാണ് സമാധാനകാംക്ഷികളായ ജനം ആഗ്രഹിക്കുന്നതും. എല്ലാവര്‍ക്കും അവനവന്‍റെ താല്‍പര്യമനുസരിച്ച് ഭരണഘടന നല്‍കുന്ന രീതിയില്‍ ജീവിക്കാനും രാഷ്ട്രീയ-മത-സംഘടനകളിലും മറ്റും പ്രവര്‍ത്തിക്കാനും വിശ്വസിക്കാനുമുള്ള പൌരന്‍റെ അവകാശം ഉറപ്പ് വരുത്താന്‍ ഭരണകൂടങ്ങളും നിയമനിര്‍വ്വഹണ സഭകളും മുന്നോട്ട് വരണം. എങ്കില്‍ മാത്രമേ നിഷ്ഠൂരവും അത്യന്തം പൈശാചികവുമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ.കേരളം ചുടലക്കളമാവാന്‍ അനുവദിച്ച്കൂടാ..... സമൂഹ മന:സാക്ഷി ഉണരട്ടെ.... ഇനിയും ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ.... -എന്‍ കെ മൊയ്തീന്‍ ,ചേറൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ