കുഞ്ഞിപ്പ പന്താവൂരിനോടൊപ്പം
---------------------------------------------------------
പതിനാല് വര്‍ഷം മുമ്പ് എന്റെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. കേരളത്തില്‍ ഈ പേര് കേള്‍ക്കാത്ത റേഡിയോശ്രോതാക്കളെന്നല്ല പത്ര-ആനുകാലിക മാധ്യമ വായനക്കാരുമുണ്ടാവില്ല.അത്രക്ക് സുപരിചിതം ഈ നാമം.
ശ്രോതാക്കള്‍ അല്ലെങ്കില്‍ വായനക്കാര്‍ തമ്മില്‍ പത്രാധിപര്‍ നേരിട്ട് ബന്ധപ്പെടുന്നതിനുള്ള
ഇടമാണ് ഏതൊരു മാധ്യമത്തിന്റെയും പ്രതികരണം എന്നത്. ചുരുങ്ങിയ വാക്കുകള്‍ കൊണ്ട്
സകല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ വേദി വായനക്കാരും ശ്രോതാക്കളുമൊക്കെ ഏറെ താല്പര്യത്തോടെയാണ് കാണുന്നത്.എന്റെ ഈ സുഹൃത്തും പത്രാധിപര്‍ക്ക് കത്തെഴുതി
ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ്.മൂന്ന്പതിറ്റാണ്ടിലേറെയായി മലയാളത്തിലെ ആകാശവാണി നിലയങ്ങളിലേക്ക് പരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങളെഴുതി കത്തയച്ച് മാധ്യമ രംഗത്ത്
നിറഞ്ഞു നില്‍ക്കുകയാണ് കുഞ്ഞിപ്പ പന്താവൂര്‍. . ആകാശവാണിക്കുപുറമേ പത്രങ്ങളടക്കമുള്ള പല മാധ്യമങ്ങളിലേക്കുമായി ഇതുവരെ ഒന്നര ലക്ഷത്തില്‍ പരം കത്തുകള്‍ കുഞ്ഞിപ്പ അയച്ചത്രേ.
ആകാശവാണിയിലേക്ക് പരിപാടികള്‍ ശ്രദ്ധിച്ച്കേട്ട്, അഭിനന്ദനങ്ങളായും നിര്‍ദ്ദേശങ്ങളായും വിമര്ശിച്ചുമൊക്കെ അതെക്കുറിച്ച് അഭിപ്രായമെഴുതി
കത്തയക്കുക എന്നത് വിദ്യാഭ്യാസകാലം തൊട്ടേ എനിക്കും പതിവായിരുന്നു. ആ പഴയ ആകാശവാണി ശ്രോതാവ് എന്നതിനാലും ഇന്നും അതിന്റെ ശ്രേയസ്സ് ആഗ്രഹിക്കുന്നവന് എന്നനിലക്കും എന്നിലെ ചില ഓര്‍മ്മകളും ചിന്തകളും ഇതോടൊപ്പം കുറിക്കട്ടെ. ചെറുപ്രായത്തിലേ എഴുത്തും വായനയും
അത്തരം ചിന്തകളും ഹൃദയത്തില്‍ കൂടുകെട്ടാന്‍ തുടങ്ങിയകാലം.വറുതിയില്‍ തട്ടിയും മുട്ടിയും മുരടിച്ച വിദ്യാഭ്യാസത്തിന് തിളക്കത്തിന്റെ പെരുമ പറയാനൊന്നുമില്ലെങ്കിലും പഠിച്ച അക്ഷരങ്ങളെ
നെഞ്ചേറ്റി അവ കോര്‍ത്തിണക്കി കുറിച്ചിടുന്ന വരികള്‍ക്ക് തെളിച്ചമേകാനും എന്നിലെ അക്ഷരങ്ങളെ പരിപോഷിപ്പിക്കാനും എനിക്ക് കൂട്ട്നിന്നത് കേരളത്തിലെ ആകാശവാണി നിലയങ്ങളായിരുന്നു. കൊച്ചു സൌകര്യങ്ങളില്‍ നിന്നും സ്വായത്തമാക്കിയ ഇത്തിരിപോന്ന അക്ഷരവെട്ടത്തില് നിന്നും നെയ്തെടുത്തവരികള് കുറിച്ചിടാനായി മാതൃഭാഷയെ മാതൃതുല്യം സ്നേഹിക്കുന്ന ഭാഷാസ്നേഹി എന്ന നിലക്കും എനിക്ക് കിട്ടിയ ഒരിടമായും ഞാനതിനെ കണ്ടു.
ഇന്നെന്തെങ്കിലും ഇവിടെയൊക്കെ കുത്തിക്കുറിക്കുന്നുണ്ടെങ്കില്ത്തന്നെ അതിനെനിക്ക് വഴികാട്ടിയായത് ആകാശവാണി തന്നെ.
അക്ഷരങ്ങളോടുള്ള മനസ്സില്‍ തളിരിട്ട പ്രണയം പ്രകടമാക്കുന്നതിനു ഇഷ്ട മാധ്യമമായി തെരഞ്ഞെടുത്തത് ആകാശവാണിയായിരുന്നു.
ആരംഗത്തെ സഹയാത്രികര്‍ എന്നതിലൂടെയാണ് ഞാനും കുഞ്ഞിപ്പ പന്താവൂരും തമ്മിലുള്ള ബന്ധത്തിന്റെ ഹേതുവാകുന്നത്.ഒരിക്കല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നും
വായിച്ച് കേട്ട കത്തില്‍ നിന്ന് വിലാസം കുറിച്ചെടുത്ത് അത് വഴിയാണ് വ്യക്തിബന്ധം സ്ഥാപിച്ചെടുത്തത്.ആ സൌഹൃദം ഇന്നും ഞങ്ങള്‍ തമ്മില്‍ നിലനിര്‍ത്തുന്നുണ്ട്.
അന്നൊക്കെ ആകാശവാണികളിലേക്കും അതിനുപുറമേ പത്രമാധ്യമങ്ങളിലേക്കും ആനുകാലികപ്രസിദ്ധീകാരണങ്ങളിലേക്കും
പ്രതികരണക്കുറിപ്പുകളെഴുതി സജീവസാന്നിധ്യമായിരുന്ന
എനിക്ക് കേരളത്തിലങ്ങോളമിങ്ങോളം
പരന്നുകിടക്കുന്ന സൌഹൃദസഞ്ചയം
തന്നെയുണ്ടായിരുന്നു.
അതിലധികവും ആകാശവാണിവഴിയായി ലഭിച്ച ബന്ധങ്ങള്‍. മൊയ്തീന് കുഞ്ഞു തൃക്കാക്കര,കെ എസ് കെ ആലപ്പാട്,ആചാരി തിരുവത്ര,വി ടി എം ഇഖ്ബാല്‍ ഊരകം,നാസിം എ എം തോന്നക്കല്‍,ചൂരക്കാടന്‍ പ്രതീപ് മറ്റത്തൂര്‍,അബ്ദുള്ള നീലാഞ്ചേരി,റഷീദ് ചക്കരപ്പാടം,അമ്പലപ്പുറം പ്രവീണ്‍ കൊട്ടാരക്കര, ഷൌക്കത്ത് മൈതീന്‍ എന്‍ ആര് സിറ്റി
അങ്ങിനെ തിട്ടപ്പെടുത്താനാവാത്ത നിരവധി സഹയാത്രികര്‍.ഇതില്‍ പലരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
നാട്ടില്‍ നിന്ന് അകന്നു കഴിയുമ്പോഴും ആ സുന്ദര കാലമോര്‍ക്കുമ്പോള്‍ എന്നില്‍ ഗൃഹാതുരമുണര്‍ത്തുന്ന സന്തോഷത്തിന്റെ കിരണങ്ങള്‍ പുറത്ത് വരും.
ഇപ്പോഴും അതിലെ പരിപാടികള്‍ക്കായി കൊതിയോടെ കാത്തിരിക്കുന്ന ഒരു ശ്രോതാവ് എന്നിലുണ്ട്. അഷ്ടിതേടിയുള്ള പ്രയാണത്തില്‍ ജീവിതം പ്രവാസത്തിലേക്ക് പറിച്ച്നട്ടിട്ടും ആണ്ടുകളുടെ ഇടവേളകളില്‍ നാട്ടിലെത്തുമ്പോഴൊക്കെ എന്നിലെ ആപഴയ ശ്രോതാവ് ഇന്നും ഇഷ്ടപരിപാടികള്ക്കായി റേഡിയോക്ക് മുമ്പില്‍ അടക്കിപ്പിടിച്ച് കാത്തിരിക്കും.
വാര്‍ത്തക്കും പാട്ടിനും മറ്റു ഇതര പരിപാടികള്‍ക്കും ജനം ആശ്രയിച്ചിരുന്ന ജനപ്രിയമായ ഏക മാധ്യമം അന്നൊക്കെ ആകാശവാണിയെയായിരുന്നു.
കോഴിക്കോട് നിലയത്തിലേക്കയച്ച എന്റെ ആദ്യ കുറിമാനം ഖാന് കാവിലാണ് വായിച്ചത്. പോസ്റ്റു കാര്‍ഡ് വഴിയായിരുന്നു എല്ലാ കുറിപ്പടികളും അയച്ചിരുന്നത്. തപാല്‍ കാര്‍ഡിലൂടെയുള്ള
എഴുത്ത് ബന്ധം അത് വേറിട്ട ഒരു സുഖാനുഭൂതിയാണ് നല്‍കിയത്,അന്നൊക്കെ എന്റെ ഗ്രാമവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ജനം
വീടുകളിലും ചായപീടികയിലും
എന്ന്
വേണ്ട ജോലിസ്ഥലങ്ങളില്‍ പോലും റേഡിയോക്ക്
മുമ്പില്‍ കാത് കൂര്‍പ്പിച്ചിരിക്കുന്ന കാഴ്ച
കാണാമായിരുന്നു.അന്നെന്റെ നാട്ടില്‍, ചേറൂര് അങ്ങാടിയില്‍ സ്ഥാപിച്ച
ഉച്ചഭാഷിണി ഘടിപ്പിച്ച പഞ്ചായത്ത് റേഡിയോക്ക് മുമ്പില്‍ പ്രത്യേകിച്ച് വൈകീട്ടുള്ള പ്രാദേശികവാര്‍ത്തകള്‍ കേള്‍ക്കാനായി ജനം തടിച്ചുകൂടുമായിരുന്നു.കുട്ടിക്കാലത്ത് സമ്പന്നരുടെ വീടുകളില്‍ മാത്രം കണ്ടിരുന്ന റേഡിയോ പിന്നീട് എല്ലാവര്ക്കും വാങ്ങാവുന്ന പരുവത്തിലായി.
പിന്നീട് ഇത്തരം കാഴ്ചകളൊക്കെ അപ്രത്യക്ഷമായി.ശ്രവ്യ ആസ്വാദനത്തിന്റെ സുന്ദരകാഴ്ചകള്‍ ഇന്നുമെന്റെ മിഴികളില്‍
സ്പന്ദനമായി നിലനില്ക്കുന്നു.
മാപ്പിളപ്പാട്ടുകളും മറ്റു ഇതര മതസ്ഥരുടെ ഭക്തിഗാനങ്ങളും പ്രഭാഷണങ്ങളും ഒക്കെയായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒട്ടേറെ പരിപാടികളും ഓരോ മത വിഭാഗത്തിന്റെയും വിശേഷദിവസങ്ങളോട്
അനുബന്ധിച്ച്
ഭക്തിനിര്‍ഭരമായ പ്രത്യേകപരിപാടികളുമൊക്കെ ഒരുക്കി
മതസൗഹാര്‍ദ്ദ അന്തരീക്ഷം തന്നെ സൃഷ്ടിച്ചു.
വിജ്ഞാനത്തിലേക്ക് വെളിച്ചം വീശുന്ന, അറിവിന്റെ വാതായനങ്ങള്‍ തുറന്ന് തരുന്ന ഒത്തിരി പരിപാടികളുടെ കലവറയായിരുന്നു റേഡിയോ നിലയങ്ങള്‍ .
പല പ്രശസ്തരുടെയും പ്രഭാഷണങ്ങള്‍ കേട്ട് പ്രതികരിച്ചയച്ച കത്ത് പ്രാധാന്യത്തോടെ നിലയങ്ങള്‍ വായിച്ചത് ഇന്നും അഭിമാനത്തോടെയാണോര്ക്കുന്നത് . ചിലതൊക്കെ റിക്കാര്‍ഡ്ചെയ്ത് സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്. പ്രതികരണം കേട്ടും വായിച്ചും പലപ്രമുഖ വ്യക്തികളും നേരിട്ടയച്ച കത്തുകളും അതുപോലെത്തന്നെ ഇതുവഴി ബന്ധം
സ്ഥാപിച്ച കെ എസ്
കെ ആലപ്പാട്, കുഞ്ഞിപ്പ പന്താവൂര്‍ തുടങ്ങി
നിരവധി എന്നോടൊപ്പം സഹയാനം നടത്തിയ സുഹൃത്തുകളും അയച്ച കുറിപ്പടികളും അമൂല്ല്യ നിധിപോലെ ഇന്നും സൂക്ഷിക്കുന്നു.കൈപ്പും മധുരവും നിറഞ്ഞ സമ്മിശ്രമെങ്കിലും പലപ്പോഴും ആ അനുപാതത്തെ ഭേദിച്ച് വിഷമതകള്‍ മുറ്റി നിന്ന ജീവിതയാത്രയില്‍ വെച്ച് ഇത്തരം
ഉല്‍ക്കൃഷ്ടമായ വഴികളില്‍ കണ്ടുമുട്ടിയ നിരവധിപേര്‍ എന്റെ സൌഹൃദവലയത്തിലുണ്ട്.
കോഴിക്കോട് നിലയത്തില്‍ പ്രവര്‍ത്തിച്ച യശ:ശരീരനായ ഖാന് കാവിലിനെ ഓര്‍ക്കുമ്പോള്‍ ആ മാസ്മര ശബ്ദം
എന്റെ കാതുകളില്‍ നിറയുന്നു.ശബ്ദത്തിന്റെ തിരിച്ചറിവില്‍ ചിരപരിചിതരായ ഒട്ടേറെ അവതാരകര്‍.
നാടകത്തിലൂടെയും അനൌണ്സറായും ആരംഗത്ത് തനതായ സംഭാവന നല്കിയ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി പലപ്രമുഖരും എന്റെ
ഓര്‍മ്മയില്‍
ഇന്നും മായാതെ ജീവിക്കുന്നു.
വാര്‍ത്തകള്‍ക്ക് പുറമേ തപാല്‍പെട്ടി, യുവവാണി, എഴുത്തുപെട്ടി, ബാലമണ്ഡലം,കൃഷിപാഠം,പ്രഭാതഭേരി,വചനാമൃതം,കിഞ്ചനവര്‍ത്തമാനം, വനിതാവേദി, വയലും വീടും, ഇഷ്ടഗാനം
പ്രത്യേക
ഉത്സവകാല പരിപാടികള്‍ തുടങ്ങി
നിരവധി പരിപാടികള്‍ അവര്‍ ആകാശവാണിയില്‍ ചെയ്തു.
റേഡിയോ നാടകങ്ങളിലൂടെ യു എ ഖാദര്‍, തിക്കോടിയന്, നെല്ലിക്കോട്
ഭാസ്കരന് തുടങ്ങി അന്ന് ശ്രോതാക്കളുടെ മനസ്സില്‍ കുടിയേറിയ പലരും
അണിയറയിലെത്തിച്ച പല കഥാപാത്രങ്ങളും ഓര്‍മ്മയില്‍ ഇന്നും ജീവന് തുടിച്ച് നില്ക്കുന്നു.
പ്രക്ഷേപണ രംഗത്ത് അവതരണ ശൈലികൊണ്ടും ശബ്ദം കൊണ്ടും ജനഹൃദയങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഖാന് കാവില്‍ ,ടി പി രാധാമണി,സുഷമ,വെണ്മണിവിഷ്ണു,ഗോപന്, രാമചന്ദ്രന്,
സി.പി. രാജശേഖരന് സംസ്കൃത വാര്ത്താവതാരകന് ബലദേവാനന്ദസാഗര തുടങ്ങി ആര് കെ എന്ന ആര് കനകാംബരന് വരെയൊക്കെ ഇന്നും എന്റെ മനസിന്റെ തളിര് ചില്ലയില്‍ വസിക്കുന്നു.
വിജ്ഞാനവും ശാന്തിയും സമാധാനവും പകര്‍ന്ന് നല്കുന്നതിനു പുറമേ സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും നിലയങ്ങള്‍ ഹേതുവാകുന്നു.ഒട്ടേറെ ശബ്ദ ഇതിഹാസങ്ങള്‍
കടന്ന്പോയ വഴിയാണ് ആകാശവാണി.
സംഭാഷണവൈദഗ്ധ്യം കൊണ്ട് സാധാരണക്കാരും പാവപ്പെട്ടവരുമായ ശ്രോതാക്കളുടെ പ്രിയങ്കരനായ
ആര് കെ യെപ്പോലുള്ള ഈ രംഗത്തെ പ്രശസ്തര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ പലര്‍ക്കും പ്രയാസങ്ങളും ദുരിതങ്ങളും വിഷമങ്ങളും പങ്കുവെച്ച് സാന്ത്വനത്തിന്റെ
കുളിര്‍തെന്നല്‍ കൂടിയാകാറുണ്ട്. രോഗാതുരതയിലും മറ്റ് ജീവിതവിഷമങ്ങളിലും കഴിയുന്ന പലരുമായും ഇതുവഴിയുള്ള പരിചയത്തിലൂടെ ആര് കെ വ്യക്തി ബന്ധം
പുലര്‍ത്തുന്നുണ്ടെന്ന് ഈയുള്ളവന് നേരിട്ടറിയാം.
ഇന്നു കാണുന്ന എഴുത്തുകാരില്‍ പലരും എഴുത്തിലേക്കുള്ള പാദമൂന്നാന്‍ വേദിയൊരുക്കിത്തന്നത് മാധ്യമങ്ങളിലെ പ്രതികരണ പംക്തി തന്നെയാണ്.
മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരു സത്കര്‍മ്മമായാണ് അന്ന് ജനം
കണ്ടിരുന്നത് എന്ന് പറഞ്ഞാല്‍ അത്
അധികമാവില്ല.
ദൃശ്യമാധ്യമങ്ങളുടെ കിടമത്സരങ്ങള്‍ക്കിടയില്‍ പലരും വൃത്തിയും വെടിപ്പുമില്ലാത്ത പരിപാടികള്‍ പുറത്ത് വിട്ട് സമൂഹത്തില്‍ വരുത്തുന്ന മൂല്യച്യുതി നിഷേധിക്കാനാവാത്തതാണ്.പഴയ സംസ്കാരത്തിലേക്ക് നമുക്ക് തിരിച്ച് പോകാനാവില്ലെങ്കിലും ഇനിയും മൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കാതലായ മാറ്റങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.നാം ശാസ്ത്ര സാങ്കേതികമായി പുരോഗമിച്ച് കൂടുതല്‍ സൌകര്യങ്ങള്‍ കൈവരിച്ചപ്പോള്‍ റേഡിയോയെ അവഗണിച്ചു.പക്ഷെ ഇന്ന് പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നപോലെ എഫ് എം സ്റ്റേഷനുകളും ഇന്റര്‍ നെറ്റ് റേഡിയോകളും ഒക്കെയായി വ്യാപിച്ചെങ്കിലും ആ പഴയ പ്രൗഢിനിലനിര്ത്താന് സാധിക്കുന്നില്ല.
ദൃശ്യമാധ്യമങ്ങളുടെ കുത്തൊഴുക്കില്‍ ദൃശ്യമാധ്യമങ്ങള്‍ ഉടലെടുക്കുന്നതിന് നിദാനവും
പ്രേരകവുമായ റേഡിയോ നിലയങ്ങളെ അവഗണനയില്‍ നിന്നും
മോചിതമാക്കി തിരിച്ച് കൊണ്ട് വന്ന് പഴയ
പ്രതാപം വീണ്ടെടുത്ത് ഇനിയും നിലനിര്‍ത്തട്ടെ എന്ന് അനുതാപത്തോടെ മലയാളത്തിന്റെ ആകാശവാണി നിലയങ്ങളുടെ അഭ്യുദയകാംക്ഷി എന്ന നിലക്ക് പ്രത്യാശിക്കുന്നു.
-എന്‍ കെ മൊയ്തീന്, ചേറൂര്
19 അഭിപ്രായങ്ങൾ:
പ്രിയ മൊയ്തീൻ
വളരെ ഗഹനമായ ഒരു വിഷയം ഇവിടെ അവതരിപ്പിച്ചിരിക്കുന്നു
ഇന്ന് കത്തെഴുതും അതുപോലുള്ള പ്രതികരണങ്ങളും പാടെ അസ്തമിച്ചിരിക്കുന്നു
എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല ആ പഴയ കാലം വന്നെങ്കിൽ എന്ന് ആര്‍ത്തിയോടെ കാത്തിരിക്കുന്ന ചിലരെങ്കിലും അവിടവിടെ ഉണ്ട് യെന്ന് കാര്യം ആശക്ക് വക നല്കുന്നു പഴയകാല കഥകൾ വളരെ നന്നായിപ്പറഞ്ഞു, ഇത് വായിച്ചപ്പോൾ കത്തെഴുത്തിൽ അദ്ധെഹതോടൊപ്പം(കുഞ്ഞിപ്പ പന്താവൂരും) വരില്ലെങ്കിലും കുറെ എഴുതി പലതും പ്രസിദ്ധീകൃതവുമായി. കത്തുകൾ പത്രങ്ങളിൽ അക്കാലങ്ങളിൽ അച്ചടിച്ച് വരുന്നത് കാണുമ്പോഴത്തെ അനുഭൂതി ഇന്നത്തെ പ്രസിദ്ധീകരണങ്ങളിൽ കാണുമ്പോൾ കിട്ടുന്നില്ല എന്നത് ഒരു സത്യം തന്നെ ഒരു പുതിയ പോസ്റ്റിനുള്ള വഴി ഇവിടെ കിട്ടി നന്ദി
വീണ്ടും എഴുതുക അറിയിക്കുക
നഫീസ, കുഞ്ഞിപ്പ പന്താവൂരിനെ കുറിച്ച് കേള്‍ക്കാത്ത ആകാശവാണി ശ്രോതാക്കള്‍ ആരും തന്നെ ഉണ്ടാകില്ല. കത്തുകളിലൂടെ അഭിപ്രായങ്ങളായും, ആക്ഷേപങ്ങളായും റേഡിയോ ആസ്വാദനത്തെ സജീവമായി നിലനിര്‍ത്തിയവരില്‍ ഇവര്‍ക്കും വലിയ പങ്കുണ്ട്. ആകാശവാണി കോഴിക്കോട് നിലയം ഇവരെ ആദരിച്ചതായി ഈയിടെ വായിച്ചിരുന്നു. റേഡിയോ എന്ന മാധ്യമത്തിനും ഇപ്പോഴും പഴയപോലെ തന്നെ ജനകീയത ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ആകാശവാണിയുടെ എഫ്.എം ചാനലുകളില്‍ നല്ല പരിപാടികള്‍ വരുന്നുണ്ട്. നാട്ടില്‍ ഉണ്ടാകുന്ന സമയങ്ങളില്‍ യാത്രക്കിടയിലും മറ്റും ഇവയെല്ലാം ശ്രദ്ധിക്കാറുണ്ട്. വിവര സാങ്കേതിക വിദ്യയില്‍ ഉണ്ടായ വിപ്ലകരമായ മാറ്റം ഇവയുടെ എല്ലാം തനിമ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടിടുണ്ട് എന്നത് ശരിതന്നെ. മാറ്റമില്ലാത്തതതായി ഒന്നുമില്ലല്ലോ.
ശ്രീജിത് ആണ് ഈ ബ്ലോഗിലേക്ക് വഴി കാട്ടിയത് ,കുഞ്ഞിപ്പ പന്താവൂരിനെ കുറിച്ച് അറിയാത്ത കുറെ വിവരങ്ങള്‍ ഇവിടെ പങ്കുവെച്ചതിന് നന്ദി ,,നല്ല പോസ്റ്റ് .കൂടുതല്‍ പേര് വായിക്കേണ്ട പോസ്റ്റ്
ആ പഴയ കാല ഓര്‍മ്മയിലേക്ക് എന്നെയും കൂട്ടി കൊണ്ടു പോയി താങ്കളുടെ ഈ പോസ്റ്റ്. ഞാനും അക്കാലത്ത് ഒരു സ്ഥിരം റേഡിയോ ശ്രോതാവായിരുന്നു. ഖാന് കാവില്‍ കൂടാതെ റേഡിയോ നാടകങ്ങളില്‍ സ്ഥിരം നായകനായിരുന്നു അഹമ്മദ് കോയ.ഒരിക്കല്‍ ആകാശവാണിയില്‍ ന്യൂസ് റീഡറുടെ ഇന്റര്‍വ്യൂവിനു പോയ അനുഭവവുമുണ്ടെനിക്ക്. അന്ന് ഉറൂബിനെ [പി.സി.കുട്ടി കൃഷ്ണന്] നേരില്‍ കണ്ടു.അദ്ദേഹം ഇന്റര്‍വ്യൂ പാനലിലുണ്ടായിരുന്നു.എനിക്കു ആ ജോലി കിട്ടാതിരുന്നത് ശ്രോതാക്കളുടെ ഭാഗ്യം..!
നല്ല പോസ്റ്റ് ..ഒരു പക്ഷെ പുതു തലമുറയ്ക്ക് അത്ര പരിചിതമുണ്ടാകില്ല നഫീസ, കുഞ്ഞിപ്പ , പന്താവൂര്‍ എന്നാ പേരും .
ഗള്‍ഫ് രാജ്യങ്ങളില്‍ ഡ്രൈവിംഗ് ചെയ്യുന്നവര്‍ ഏറെ ക്കുറെ മിക്കവാറും റേഡിയോ ശ്രോതാക്കള്‍ ആണ്.
കുഞ്ഞിപ്പ പന്താവൂരും നഫീസ പന്താവൂരും ഈ പേര് കേള്‍ക്കാത്ത ഒരു റേഡിയോ ശ്രോതാവും ഉണ്ടാവില്ല അവരെ കുറച്ചൂടെ അടുത്തറിയാന്‍ സാധിച്ച പോസ്റ്റ് ആശംസകള്‍
പി വി ഏരിയല്‍,
ശ്രീജിത് കൊണ്ടോട്ടി,
ഫൈസല്‍ ബാബു,
മുഹമ്മദ്കുട്ടി കോട്ടക്കല്‍,
അഷ്റഫ് സല്‍വ,
കൊമ്പന് മൂസ
ഈ അല്പജ്ഞാനിയുടെ ബ്ലോഗിലെത്തിയതിനും വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിനും
എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി
ഭൂതകാലത്തിന്റെ മധുരിതമായ ഒരുപാട് ഓര്‍മ്മകള്‍ ഇനിയും മായാതെ നിറഞ്ഞു നില്ക്കുന്ന എന്നില്‍
നിങ്ങളുടെയൊക്കെ സന്ദര്‍ശനം , നിങ്ങളുടെയൊക്കെ അഭിപ്രായം എന്നെ ബ്ലോഗിലൂടെ കൂടുതല്‍ എഴുതാന്‍ തല്പരനാക്കുന്നു.
വിഷയവൈവിധ്യമില്ലാത്ത ബ്ലോഗ് പോസ്റ്റുകളുടെ ഇടയില്‍ തികച്ചും വ്യത്യസ്ഥത പുലര്‍ത്തുന്ന വിഷയവുമായി ഒരു ബ്ലോഗ് ലേഖനം വായിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തി അറിയിക്കട്ടെ. ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്ന് രാവിലേയും ,വൈകിട്ടും സ്ഥിരമായി വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്.വീട്ടില്‍ ടി.വി വന്നതോടെ റേഡിയോക്ക് അല്‍പ്പം വിശ്രമമായി...ആകാശവാണി കോഴിക്കോട് നിലയത്തില്‍ പ്രഗത്ഭരുടെ ഒരു നിരതന്നെ ഉണ്ടായിരുന്ന നല്ല കാലത്തെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്......
നന്ദി-ഈ നല്ല വായനാനുഭവം തന്നതിന്.....
ഇപ്പോഴും റേഡിയോ കേള്‍ക്കുന്ന എനിയ്ക്കു ഈ പേര് സുപരിചിതറമാണ് .
പഴയകാല ഓർമ്മകൽ നന്നായിട്ടുണ്ട്,, ആദ്യമായി റേഡിയോ എന്ന അത്ഭുതം കണ്ടതും കേട്ടതും ഓർത്തുപോയി,,,
ഇരിപ്പിടമാണ് ഇങ്ങോട്ടുള്ള വഴി കാട്ടിത്തന്നത്
ഇവിടെ കണ്ട കാഴ്ചകൾ മനോഹരമാണ് ,കുഞ്ഞിപ്പ പന്താവൂരിൻറെ അയൽ ഗ്രാമത്തിലുള്ള എനിക്ക്അദ്ദേഹത്തെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്....ആശംസകൾ .
പന്താവൂരിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി.
ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്.ഗ്രാമീണവായനശാലകളിലെ 'കോളാമ്പി'കളിലൂടെ ആകാശവാണിയില്‍ നിന്നുള്ള പ്രക്ഷേപണം കേള്‍ക്കാന്‍ കൊതിച്ചിരുന്ന കാലം!അതില്വരുന്നതെല്ലാം ഹൃദിസ്ഥം!
കത്തുകളുടെയെങ്കിലും പേരുവരാന്‍ കൊതിക്കും കാലം.മറ്റുള്ളവരുടെ പേരുകളെല്ലാം ആകാംക്ഷയോടെ ശ്രദ്ധിക്കുകയും ചെയ്യും.
ഒടുവില്‍ തൃശൂര്‍ ആകാശവാണി യുവവാണിയില്‍ കൂടി എന്റെ ചെറുകഥകള്‍ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി 1970 കാലഘട്ടത്തില്‍.എന്തു സന്തോഷമായിരുന്നെന്നോ!
ഓര്‍മ്മകള്‍.......
ഇഷ്ടപ്പെട്ടു ഈ ഓര്‍മ്മക്കുറിപ്പുകള്‍
ആശംസകള്‍
റേഡിയോക്കാലം ഇന്നലെയെന്നപോലെ ഓര്‍മ്മയില്‍ വന്നു
നന്ദി
ഇരിപ്പിടം വഴിയാണ് ഇവിടെയെത്തിയത്. വളരെ നല്ല ലേഖനം.ആശംസകള്‍
കുഞ്ഞിപ്പയെയും നഫീസാ കുഞ്ഞിപ്പയെയും അറിയാത്തവരില്ല മലയാളികളില്‍. കുഞ്ഞുനാള് തൊട്ടേ കേള്‍ക്കുന്ന നാമങ്ങള്‍. ആകാശവാണിയുടെ വിവിധ നിലയങ്ങളിലേക്കും ആനുകാലികങ്ങളിലേക്കും ഇപ്പോഴും നഫീസാ കുഞ്ഞിപ്പമാരുടെ കത്തുകള്‍ പ്രവഹിക്കുകയാണ്. ഈ കമെന്റിടുന്നതിന്റെ രണ്ടുദിവസം മുമ്പ് ഞാന്‍ ജോലി ചെയ്യുന്ന ദര്‍ശന ടി.വി യിലെ സമര്‍പ്പണം പ്രോഗ്രാമിലേക്കും വന്നു, ഇവരുടെ ഒരു കത്ത്. പ്രോഗ്രാം പ്രൊഡ്യൂസറും ഞാനും അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഏറ്റവും പുതിയ കണക്കുപ്രകാരം ഒരു ലക്ഷത്തി എണ്ണായിരത്തില്പരം കത്തുകളെഴുതിയ മനുഷ്യനാണ് കുഞ്ഞിപ്പയെന്നറിയുമ്പോള് നാം എങ്ങനെ അദ്ഭുതം കൂറാതിരിക്കും! ഒപ്പം, രാഷ്ട്രീയ നേതാക്കള്‍, സാഹിത്യനായകന്മാര്, പണ്ഡിതന്മാര് തുടങ്ങിയവര്‍ തനിക്ക് അയച്ച 21,000 കത്തുകള്‍ കുഞ്ഞിപ്പ നിധിപോലെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇപ്പോഴും കത്തെഴുത്തു പ്രേമവുമായി കഴിച്ചുകൂട്ടുന്ന കുഞ്ഞിപ്പ ഒരു മഹാസംഭവം തന്നെ...! ഓള് കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു കുഞ്ഞിപ്പ.
സത്യത്തില്‍ ഇവരായിരുന്നു പണ്ടത്തെ യഥാര്‍ത്ഥ ലൈക് / കമന്റ് മുതലാളിമാര്‍ .. കൂടുതല്‍ അറിയാന്‍ ഈ കുറിപ്പ് സഹായകമായി ..
ഇത്തരം ഒരു കുറിപ്പ് എഴുതണമെങ്കിൽ അങ്ങനെയുള്ള അനുഭവം വേണം ,
വേറിട്ട രചന ,ഇഷ്ടമായി മൊയ്തീൻ ഭായി !!!
ആശംസകൾ !!!!
എന്റെ ഭാര്യയുടെ ഉമ്മ ഇപ്പൊഴും റേഡിയോയെ സ്നേഹിക്കുന്നയാളാണ് ,
ഇന്നത്തെ തലമുറക്ക് ഇത് വായിക്കുമ്പോൾ പുച്ഛം തോന്നും ,കാരണം അവർ ഹൈ
ടെക് യുഗത്തിൽ ജീവിക്കുന്നവരല്ലേ ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ