==========================
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള മലബാർ സമരത്തിൽ വെള്ള പട്ടാളത്തിന് നേരെ പടയോട്ടം നടത്തിയ ഭൂമികയാണ് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറക്കടുത്തുള്ള കൊന്നാര് പ്രദേശം.
ഇക്കാണുന്ന കൊന്നാര് മസ്ജിദിനും അതിനോട് ചാരിയൊഴുകുന്ന ചാലിയാറിനും ഇന്നാട്ടിൽ നടന്ന
ചോരയിൽ ചാലിച്ച ഒരു പാട് ദേശാഭി മാനപ്പോരാട്ടങ്ങളുടെ നീണ്ടകഥകൾ പറയാനുണ്ട്.
ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ബഹു. എം എൽ എ എം സ്വരാജ് സംസാരമദ്ധ്യേ പരാമർശിച്ച മലബാർ സമരകാലത്ത് ബ്രിട്ടീഷ് കാരുടെ വെടിയുണ്ടകൾ തറച്ച അടയാളവും പേറിക്കഴിയുന്ന കൊന്നാര് പള്ളിയാണ് ഈ കാണുന്നത്.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരയോദ്ധാവ് കൊന്നാര് തങ്ങളുടെ ജീവിതം കൊണ്ട് ഇതിഹാസം രചിച്ച നാടാണിത്.
മതപ്രബോധനങ്ങൾക്കായി എ ഡി 1521-ൽ
കേരളത്തിലെത്തിയ ജലാലുദ്ധീൻ ബുഖാരി തങ്ങളുടെ വംശത്തിൽപെട്ട പിൻമുറക്കാരനാണ് കൊന്നാര് തങ്ങൾ എന്ന പേരിൽ അറിയപ്പെട്ട സയ്യിദ് മുഹമ്മദ് കോയ തങ്ങൾ .
മുസ്ലിംകളും ഹിന്ദുക്കളുമടക്കം ഭൂരഹിത കർഷകരായ കുടിയാന്മാർ ബ്രിട്ടീഷ് - ജന്മി വാഴ്ചയിൽ നിരന്തരമായ ക്രൂരതകൾക്കും കൊടിയ പീഢനങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന കാലത്താണ് കൊന്നാര് തങ്ങളുടെ രംഗപ്രവേശം.
സഹജീവികൾ മർദ്ദനത്തിനും സകല ചൂഷണത്തിനുമിരയായി ദൈന്യതയിൽ കഴിയുമ്പോൾ അവർക്കൊപ്പം നിൽക്കണമെന്നത് വിശ്വാസിയുടെ കടമയായിക്കണ്ട് അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ സമരത്തിന് ഒരുക്കം കൂട്ടി.
അധിനിവേശ വിരുദ്ധ സമരനായകൻ മമ്പുറം സയ്യിദ് അലവി തങ്ങളുടെയും പുത്രൻ സയ്യിദ് ഫസൽ തങ്ങളുടെയും നിലപാടുകളും
പ്രവർത്തനങ്ങളും മാതൃയാക്കിയും
അവരുടെ പാത പിൻപറ്റിയും തന്നെയാണ് കൊന്നാര് പ്രദേശത്തെ ആസ്ഥാനമാക്കി അദ്ദേഹം ജനങ്ങളെ സമരസജ്ജരാക്കുന്നതിന് നേതൃവീര്യം പകർന്നത്.
മപ്രം, എളമരം, വെട്ടത്തൂർ ,ചാലിയം, വാഴക്കാട്, കൊടിയത്തൂർ, ചെറുവാടി, മാവൂർ ,താത്തൂർ എന്നീ പ്രദേശങ്ങളെയൊക്കെ ചേർത്ത് കൊണ്ട്
കൊന്നാര് ആസ്ഥാനമാക്കി കൊന്നാര് തങ്ങൾ പ്രസിഡന്റായി ഖിലാഫത്ത് കമ്മിറ്റിക്ക് രൂപം നൽകി.അതിനു കീഴിൽ ഖിലാഫത്ത് കോടതിയും സ്ഥാപിച്ചു.
ജാതിയുടെയും മതത്തിന്റെയും വേർതിരിവില്ലാതെ പൊതുശത്രുവിനെതിരെ ഹിന്ദുവും മുസൽമാനും ഒന്നിച്ചണി ചേർന്നു.
മലബാറിലെ ഖിലാഫത്ത് നേതാക്കളായ വാരിയം കുന്നത്ത് കുഞ്ഞഹമദാജിയുടെയും ആലി മുസല്യാരുടെയും സഹായ സഹകരണവും വിശ്വാസ്യതയും സർവത്ര പിന്തുണയും
അദ്ദേഹം നേടിയെടുത്തു.
1921 ആഗസ്റ്റ് 19 ന്
ആലി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ സമരാ സൂത്രണം ചെയ്യുന്നതിനും ഖിലാഫത്ത് ഭരണവ്യവസ്ഥകൾ തയ്യാറാക്കുന്നതിനുമായി ചേർന്ന രഹസ്യ യോഗത്തിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി ,ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ, കാപ്പാട് കൃഷ്ണൻ നായർ, കുമരംപുത്തൂർ കുഞ്ഞി സീതിക്കോയ തങ്ങൾ, നാരായണ നമ്പീശൻ,കാരാട്ട് മൊയ്തീൻ കുട്ടി ഹാജി, നായർ വീട്ടിൽ അത്തൂട്ടി തുടങ്ങിയവർക്കൊപ്പം കൊന്നാര് തങ്ങളും സജീവമായി പങ്കെടുത്തിരുന്നു.
ജനങ്ങൾ ബ്രിട്ടീഷുകാരുടെ നിരന്തരമായ ക്രൂരതക്ക് ഇരയായിക്കൊണ്ടിരുന്നു.
ഇതിനെ പ്രതിരോധിക്കാൻ തങ്ങൾ ജനങ്ങളെ സമരസജ്ജരാക്കി.
സായുധ സന്നാഹത്തോടെ ചാലിയാർ വഴി എത്തിയ ബ്രിട്ടീഷ് പട്ടാളത്തിനു നേരെ ഗറില്ലാ യുദ്ധ രീതിയിലാണ് തങ്ങളുടെ നേതൃത്വത്തിൽ പോരാളികൾ പയറ്റിയത്.
അതിനായി പ്രത്യേക ഗറില്ലാ പോരാട്ടമുറകളിൽ പരിശീലനം നൽകി ഖിലാഫത്ത് സേനയെ തങ്ങൾ സജ്ജമാക്കിയിരുന്നു.
ഖിലാഫത്ത് സമരക്കാരുടെ ഒളിപ്പോരാട്ടത്തിലെ വൈദഗ്ദ്യം കൊണ്ട് നേരിടുന്നതിൽ പരാജയപ്പെട്ട് പുഴ വഴി കടന്ന് വരാൻ പോലും ധൈര്യപ്പെടാതെ ബ്രിട്ടീഷ് പട്ടാളത്തിന് തിരിച്ച് പോകേണ്ടി വന്ന പല സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.
ആഗസ്റ്റിൽ നടന്ന തിരൂരങ്ങാടി, പൂക്കോട്ടൂർ കലാപത്തോടെ പട്ടാളത്തിന്റെ നരനായാട്ട് വാഴക്കാട്, എടവണ്ണപ്പാറ, കൊന്നാര് ഭാഗങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി.
കണ്ണിൽ കണ്ടവരെയൊക്കെ ബ്രിട്ടീഷ് സൈന്യം ആന്തമാനിലേക്ക് നാട് കടത്തുന്നു.
പട്ടിണിയും പരിവട്ടയും നടമാടിയിരുന്ന കാലത്താണ് ഇവിടങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത്.
1921 ഒക്ടോബർ പത്തിന് കലാപം പൊട്ടിപ്പുറപ്പെട്ടു.
പള്ളിക്കകത്ത് കലാപകാരികളുണ്ടെന്ന് പറഞ്ഞ് ചാലിയപ്പുറം പള്ളിക്കുനേരെ അക്രമം അഴിച്ചുവിട്ടു. പള്ളിക്ക് തീവെച്ചു. പള്ളിയിലുണ്ടായിരുന്ന ഖത്തീബsക്കം അൻപതിലധികം പേർ രക്തസാക്ഷികളായി.
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ഖിലാഫത്ത് പ്രസിഡന്റായിരുന്ന കൊന്നാര് തങ്ങൾ ആഹ്വാനം ചെയ്തു.
ബ്രിട്ടീഷുകാർ സമരക്കാരെ ഒതുക്കാൻ അരീക്കോട് സ്ഥാപിച്ചിരുന്ന പട്ടാളക്യാമ്പ് ഖിലാഫത്ത് പ്രവർത്തകർ അക്രമിച്ചു.
അന്നത്തെ ബ്രിട്ടീഷ് അധികാരിയെ സമരക്കാർ അരീക്കോട് ചന്തയിൽ വെച്ച് കെട്ടിയിട്ട് വിചാരണ ചെയ്തു.
ബ്രിട്ടീഷ് പട്ടാളം 1921 ഒക്ടോബർ പതിനൊന്നിന് കൊന്നാര് പള്ളിക്ക് നേരെയും അക്രമം അഴിച്ചുവിട്ടു.
തുരുതുരാ നിറയൊഴിച്ചു. ആരാധനായോഗ്യമല്ലാത്ത വിധം പള്ളി തകർക്കപ്പെട്ടു.
അന്നുതിർത്ത ഒന്നര ഇഞ്ചോളം വരുന്ന ഒരു വെടിയുണ്ട ഇന്നും പള്ളിയുടെ വാതിലിൽ കാണാം. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ മാപ്പിളപ്പോരാട്ടത്തിന്റെ സമരവീര്യമുണർത്തുന്ന അടയാളമായി ഇന്നു മത് അവശേഷിക്കുന്നു.
ബ്രിട്ടീഷ് കാരോട് ഏറ്റുമുട്ടി പട നയിച്ച കൊന്നാര് തങ്ങളെ 1922 ആഗസ്റ്റ് 25 ന്
കൂത്തുപറമ്പിൽ വെച്ച് ബ്രിട്ടീഷ് സൈന്യം അറസ്റ്റ് ചെയ്തു.1923 മാർച്ച് 23 -ന് സ്പെഷ്യൽ ജഡ്ജി ജാക്സൺ അദേഹത്തിന് വധശിക്ഷ വിധിച്ചു.
കോയമ്പത്തൂരിൽ വെച്ച് ആ ധീര ദേശാദിമാനി രക്തസാക്ഷിത്വം വരിച്ചു.
അരീക്കോടും മറ്റു അടുത്ത പ്രദേശങ്ങളും സ്വാതന്ത്രസമര പോരാട്ടം കൊണ്ട് വീരേതിഹാസം രചിച്ച ഭൂമികയാണ്. മലബാർ സമരകാലത്ത് ബ്രിട്ടീഷ് പട്ടാളം ഈ ഗ്രാമാന്തരങ്ങളിൽ നടത്തിയ കൂട്ടക്കൊലക്ക് കയ്യും കണക്കുമില്ല.
ഒതായി പള്ളിയിൽ കയറി അവിടെ ഒരുമിച്ചുകൂടിയിരുന്ന സമരക്കാരെ ബോംബിട്ടു.നിരവധി പേർ തൽക്ഷണം മരിച്ചു. ജീവൻ അവശേഷിക്കുന്നവരെ ബൂട്ടിട്ട് ചവിട്ടിയും ബയനറ്റ് കൊണ്ട് കുത്തിയും കൊന്നു. മുപ്പത്തിരണ്ട് പേർ അവിടെ രക്തസാക്ഷികളായതായി പറയുന്നു.
ഇങ്ങനെ എത്ര എത്ര .മലബാറിന്റെ ഏതു ഭാഗത്തിലൂടെ സഞ്ചരിച്ചാലും മലബാർ കലാപത്തിന്റെ സ്മൃതികൾ ഉറങ്ങിക്കിടക്കുന്നുണ്ടാവും.
മലബാർ കലാപത്തിന്റെ നൂറാം വാർഷികം പടിവാതിൽക്കലെത്തി നിൽക്കുന്ന ഇക്കാലത്തും
ബഹുമാനപ്പെട്ട എം എൽ എ യുടെ നിയമസഭാപ്രസംഗത്തിലെ കൊന്നാര് അടക്കുള്ള മലബാറിന്റെ പലഭാഗങ്ങളിലും നടന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇത്രയധികം പ്രചുരപ്രചാരം ലഭിച്ചതിലൂടെ നാം മനസ്സിലാക്കേണ്ടത്
അന്നത്തെ ഐതിഹാസികമായ പോരാട്ട വീര്യത്തിന്റെ ദേശസ്നേഹ വികാര തീവ്രത ഇന്നും സമൂഹത്തിൽ തുടികൊള്ളുന്നു എന്നത് തന്നെയാണ്.
- എൻ കെ മൊയ്തീൻ ചേറൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ