2021, ഡിസംബർ 14, ചൊവ്വാഴ്ച

തിരുവോണ മല ; വിശ്വാസപുരാണങ്ങളും പ്രകൃതി സൗന്ദര്യവും ദീപപ്രഭ ചാർത്തുന്ന ഒരു കൊടുമുടി

          ചരിത്രവും വിശ്വാസവും സംസ്ക്കാരവും പ്രകൃതി വിസ്മയങ്ങളും ചേതോഹരമായ കാഴ്ച്ചകളുമെല്ലാം ഒന്നിച്ചുചേർന്ന ഭൂമിയിലെ വരദാനമാണ്  തിരുവോണമല.

ഇവിടെയാണ് ഏറെ ചരിത്ര പ്രാധാന്യമുള്ള തിരുവർച്ചനാംകുന്ന് ശങ്കരനാരായണസ്വാമീക്ഷേത്രമുള്ളത് .

ഏകദേശം രണ്ടായിരത്തിലേറെ വർഷം പഴക്കം കണക്കാക്കുന്ന ഒരു ക്ഷേത്രമാണിത്.

മലപ്പുറം ജില്ലയിൽ വേങ്ങരക്കടുത്ത് കണ്ണമംഗലം പഞ്ചായത്തും ഊരകം


പഞ്ചായത്തും അതിർത്തി പങ്കിടുന്ന മലയുടെ ഉച്ചിയിലാണ് തിരുവോണ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ പ്രാചീന ദേവാലയവും പ്രകൃതി മനോഹാരിത തുളുമ്പുന്ന വിശേഷണങ്ങളുമുള്ളത് . 

ജില്ലയിലെത്തന്നെ ഏറ്റവും ഉയരം കൂടിയ ഈ മല സമുദ്രനിരപ്പിൽ നിന്നും 2200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പഴക്കം കൊണ്ട് ശബരിമല കഴിഞ്ഞാൽ തൊട്ടടുത്തത് ഈ ക്ഷേത്രമാണെന്നും പറയപ്പെടുന്നു.പൂർണ്ണമായും കരിങ്കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത് .

ഭീമൻ കരിങ്കല്ല് വെട്ടിയുണ്ടാക്കി അന്യോന്യം ഇഴചേർത്ത് ഘടിപ്പിച്ചിട്ടുള്ള ഇതിൻ്റെ നിർമ്മാണ ഘടന കാഴ്ചയെ ആശ്ചര്യപ്പെടുത്തും .

ഒരു ഹിന്ദു മത ക്ഷേത്രമായി വിശ്വാസികൾ

ആരാധനകൾ നിർവ്വഹിക്കുന്നു. എങ്കിലും ഇതിൻ്റെ നിർമ്മിതിയും തുടക്കവും ജൈനമത ക്ഷേത്രമായായിരുന്നു  എന്നും പറയപ്പെടുന്നു .

പോയ കാലം ജനപദമായിരുന്ന ഇവിടം ജൈനമതവിശ്വാസികളാണ് പ്രദേശത്ത് വസിച്ചിരുന്നത് എന്നും ഈ ശിലാക്ഷേത്രം അവരുടെ പ്രവർത്തിയും

കാലത്തിൻ്റെ ഏതോ ദിശാ സന്ധിയിൽ ആളുകൾ ഇവിടം വിട്ടേച്ച് പോയതുമായിരിക്കാം എന്നുമാണ് അനുമാനം.

ഒന്നുകിൽ ഒരുവേള ജൈനമതം ഉപേക്ഷിച്ച് ഇവിടെയുണ്ടായിരുന്ന വിശ്വാസികൾ ഒന്നടങ്കം ഹിന്ദുമതം സ്വീകരിച്ചതുമായിരിക്കാം .

ഏതായാലും ശങ്കരനാരായണസ്വാമിക്ഷേത്രം എന്ന് എഴുതിയ അധികം പഴക്കമില്ലാത്ത ഒരു ഫലകം അവിടെ നാട്ടിയിട്ടുണ്ട്.

      ഇതിൻ്റെ ചരിത്ര വസ്തുതകളെക്കുറിച്ച് പുരാവസ്തു ഗവേഷകർ പഠനം നടത്തട്ടെ .

 വട്ടെഴുത്ത് ലിപിയിലാണെന്ന് കരുതപ്പെടുന്ന ശിലാലിഖിതം ക്ഷേത്രത്തിൻ്റെ തറക്കല്ലിൽ കാണപ്പെടുന്നു.

പതിനാറാം നൂറ്റാണ്ടിൽ വട്ടെഴുത്ത് കാലഘട്ടത്തിൽ കൊത്തിവെച്ചതാവാം എന്നാണ് തോന്നുന്നത്.

അധികൃതർ ഒന്ന് മനസ്സ് വെച്ചാൽ ഭാഷാ ചരിത്രകാരൻമാരുടെയും ചരിത്ര ഗവേഷകരുടെയുമൊക്കെ സഹായത്തോടെ ഇതിൻ്റെ പൂർവ്വകാല ചരിത്രം മനസ്സിലാക്കാനാവും .

ഇതിൻ്റെ തൊട്ടപ്പുറത്ത് തന്നെ അൽപ്പം മുകളിലായി 

അയ്യപ്പക്ഷേത്രവുമുണ്ട് .ഇത്രത്തോളം പഴക്കം അതിനില്ല. വർഷങ്ങൾക്ക് മുമ്പ് പുനഃപ്രതിഷ്ഠ നടത്തിയതായിരിക്കാം.

ഇവിടങ്ങളിൽ നിത്യപൂജകളൊന്നും നടക്കുന്നില്ല.

എല്ലാവർഷവും തുലംമാസത്തിലെ തിരുവോണ നാളിൽ തിരുവോണ മഹോത്സവം നടത്തി വരുന്നുണ്ട് .

ഉത്സവത്തിന് മലയുടെ അടിവാരത്തുള്ള മഠത്തിൽ കുളങ്ങര അയ്യപ്പസ്വാമി ക്ഷേത്രത്തിൽ നിന്നും തിടമ്പെഴുന്നള്ളിച്ച് കൊണ്ട് നിരവധി ഭക്തർ ഘോഷയാത്രയായി തിരുവോണ മല കയറും .

ഇതിനടുത്തായിത്തന്നെ പാറമടക്കിൽ വറ്റാത്ത ഒരു നീരുറവയും കാണുന്നു.

തിരുവോണ മലയുടെ മിക്ക ഭാഗവും ഊരകം പഞ്ചായത്തിൽ ഉൾപെട്ടതാണ് . ഊരകം എന്ന പേരിന് പിന്നിൽ തന്നെ മലകൾക്കിടയിലെ ഊര് എന്നാണ്. പേരിനെ അന്വർഥകമാക്കുന്ന കാഴ്ചകളാണ് ഇവിടെ പ്രകൃതി ഒരുക്കി വെച്ചിട്ടുള്ളത്.

അത് കൊണ്ട് തന്നെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മലനിരകളെ നല്ലൊരു വ്യൂ പോയൻറായാണ് കാണുന്നത്. അത്രക്കും മനോഹരമായ ദൂരക്കാഴ്ചകളാണ് ഇവിടെ നിന്ന് ദർശിക്കാനാവുക .

കോഴിക്കോട് വിമാനത്താവളം ,കടലുണ്ടിപ്പുഴ തുടങ്ങി ജില്ലയുടെ മിക്ക ഭാഗവും ഇവിടെ നിന്ന് കാണാനാവും.

കോഴിക്കോട് വിമാനത്താവളത്തിൻ്റെതായ ഒരു ലൈറ്റ് ഹൗസും ഇതിൻ്റെ തൊട്ടടുത്തായി സ്ഥാപിച്ചതായി കാണാം.

വാഹനങ്ങളിൽ എത്താവുന്ന സ്ഥലത്ത് നിന്നും അരമണിക്കൂറോളം കാൽനടയായി

വിജനമായ വനമ്പ്രദേശങ്ങൾ താണ്ടി പാറക്കല്ലുകൾക്കിടയിലൂടെ കയറി വേണം ഒറ്റപ്പെട്ട് കിടക്കുന്ന പ്രാചീന കാല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ തിരുവോണ മലയിലെത്താൻ .

തെളിഞ്ഞ കാലാവസ്ഥയിൽ വരുന്നവർക്ക് തീർച്ചയായും മനോഹരമായ കാഴ്ചകൾ കണ്ട് മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ മടങ്ങാം .

ചരിത്രവും പാരമ്പര്യവും ദൃശ്യഭംഗിയും കൊണ്ട് സന്ദർശകരെ സ്വീകരിക്കുന്ന ഒരു സ്ഥാനമാണ് തിരുവോണ മലക്കുള്ളത്.

അത്രക്കും പ്രകൃതി നൽകിയ വരദാനമാണ് ഈ കുന്നിൻ മുകൾ .

1921-കളിൽ മലബാർ സമര പോരാളികൾ പരിശീലനത്തിനായി തമ്പടിച്ചിരുന്നത് ഈ മലമുകളിലായിരുന്നു എന്നും പറയപ്പെടുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ഈ മലമുകൾ നിറയെ കപ്പ കൃഷി ചെയ്തിരുന്നതായും വിളവെത്തിയ കപ്പകൾ പറിച്ച് മലയുടെ താഴ്‌വാരത്തുള്ള മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയിലെത്തിച്ച് കയറ്റി അയക്കുകയുമായിരുന്നു പതിവ്. അതിനായി ഒരു കാര്യാലയവും പ്രവർത്തിച്ചിരുന്നതായി പറയുന്നു..

ഊരകം പഞ്ചായത്തിലെ പൂളാപ്പീസ് എന്ന പേരിൽ ഒരു സ്ഥലം ഇന്നും അറിയപ്പെടുന്നതിന് പിന്നിലെ ചരിത്രം അതാണത്രെ .

ഇത്രയും ചരിത്ര പ്രാധാന്യമുള്ളതും നൂറ്റാണ്ടുകളുടെ പൈതൃക സ്മൃതികൾ തുടികൊള്ളുന്നതുമായ ഈ ക്ഷേത്രവും ചുറ്റുവട്ടങ്ങളും സംരക്ഷിച്ച് നിർത്തി വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തി അഭിവൃദ്ധമായ വികസന മുന്നേറ്റം സൃഷ്ടിക്കാൻ  സർക്കാറിൻ്റെ ഭാഗത്ത് നിന്ന് സത്വര നീക്കങ്ങൾ ഉണ്ടാവണം.

    പൈതൃക സ്നേഹികൾക്കും ചരിത്രാന്വേഷികൾക്കും വിനോദ സഞ്ചാരികൾക്കുമൊക്കെ ഒരേ പോലെ ആകർഷണീയമായതാണ് ഈ സ്ഥലം.

ഇതിൻ്റെ ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണം നടത്താൻ പുരാവസ്തു വകുപ്പ് തുനിയണം.

പ്രാദേശിക ടൂറിസങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ഇക്കാലത്ത് അത്തരം സാധ്യതകൾക്ക് സ്വച്ഛമായ പ്രദേശം എന്ന നിലക്ക് തിരുവോണമലയെയും പുരാതന ക്ഷേത്രത്തെയും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കാൻ തയ്യാറാവേണ്ടിയിരിക്കുന്നു.

   -എൻ കെ മൊയ്തീൻ ചേറൂർ

2021, ഡിസംബർ 6, തിങ്കളാഴ്‌ച

ചരിത്രവും പൈതൃകങ്ങളും തേടി . കാരിപ്പള്ളി.


               കാരിപ്പള്ളി

      * * * * * * * * * * * * * * * * *

 ഒതുക്കുങ്ങൽ മറ്റത്തൂരിലെ ഇരുനൂറ് വർഷത്തിലേറെ പഴക്കമുള്ള കാരിപ്പള്ളി .മറ്റത്തൂരിലെ വിശാലമായ ചാലിപ്പാടത്തിൻ്റെ കരയിലാണ് ഈ പള്ളിസ്ഥിതി ചെയ്യുന്നത് .

 പോയ കാലത്തിൻ്റെ ചരിത്ര വർത്തമാനങ്ങൾ ഒരു പാട് ഈ പള്ളിക്കും അയവിറക്കാനുണ്ട്. 

ബ്രിട്ടീഷ്-ജന്മിത്വ വിരുദ്ധ സമരമായറിയപ്പെടുന്ന ചേറൂർ പടയുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്രം ഇതിനുണ്ട്.

ബ്രട്ടീഷ്-ജന്മിത്വത്തിന്റെ കിരാത വാഴ്ചക്കെതിരെ  മലബാറിലെ ചേറൂരിൽ വെച്ച്  ഏഴ് മാപ്പിള യോദ്ധാക്കളും  ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ അഞ്ചാം മദിരാശിപ്പടയിലെ 60 ഭടൻമാരും  തമ്മിൽ 1843-ൽ നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരപോരാട്ടമായിരുന്നു ചേറൂർപ്പട .

പ്രസ്തുത പോരാട്ടത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച അടുത്ത പ്രദേശത്തുകാരായിരുന്ന കുന്നഞ്ചേരി ആലസ്സനും മറ്റ് രണ്ട് പേരും  പ്രഭാത നിസ്ക്കാരവും പ്രാർത്ഥനകളും കഴിഞ്ഞ് ഈ പള്ളിയിൽ നിന്നാണ് പടക്ക് പുറപ്പെട്ടത്.അവർ ബ്രിട്ടീഷുകാരോടേറ്റുമുട്ടി മറ്റ് നാല് ധീരഭടന്മാരോടൊപ്പം ഈ നാടിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.

എല്ലാ വർഷവും ഇവിടെ വിപുലമായ രീതിയിൽ അവരുടെ സ്മരണയിൽ ആണ്ട് നേർച്ച നടത്തിപ്പോരുന്നുണ്ട്.

പണ്ട് ദീർഘകാലം ഇസ്ലാമിക വൈജ്ഞാനിക പാഠശാലയായ ദർസ് സമ്പ്രദായം

ഈ പള്ളിയിൽ നടത്തിപ്പോന്നിരുന്നു.

മണ്മറഞ്ഞ മഹാന്മാരായ പാണക്കാട് പൂക്കോയ തങ്ങളും ഓ ക്കെ സൈനുദ്ധീൻ കുട്ടി മുസ്ല്യാരും ഇവിടെ ദർസിൽ മതപഠനം നടത്തിയിട്ടുണ്ടത്രെ .

പ്രദേശത്തെ പുരാതന കുടുംബമായ കാരി കുടുംബമാണ് ഈ പള്ളി നിർമ്മിച്ചത്.അത് കൊണ്ട് തന്നെ കാരിപ്പള്ളി എന്ന പേരിൽ തന്നെയാണ് പള്ളി അറിയപ്പെടുന്നതും. അവരുടെ ഇന്നത്തെ തലമുറ തന്നെയാണ് ഇന്നും ഈ പള്ളി പരിപാലിച്ച് പോരുന്നത്.

പള്ളിക്ക് ഏതാനും അടുത്തായിത്തന്നെ ഏറെ പഴക്കമുള്ള കാരി കുടുംബത്തിൻ്റെ ഒരു തറവാടും അതേപടി സംരക്ഷിച്ച് പോരുന്നുണ്ട്.

മത പ്രബോധന രംഗത്ത് മലബാറിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ച പണ്ഡിതകുല പരമ്പരയിൽ പെട്ടവരാണ് കരി കുടുംബം. ഓത്ത് പഠിച്ചവൻ എന്ന് അർത്ഥം വരുന്ന ഖാരി എന്ന വാക്കിൽ നിന്നും ലോപിച്ചതാണെന്ന് പറയുന്നു 'കാരി ' എന്ന തറവാട് നാമം.

ബ്രിട്ടീഷ് - ജന്മി മേധാവിത്വത്തിൻ്റെയും നാടുവാഴിത്വത്തിൻ്റെയും കിരാതവാഴചയിൽ ഈ ഉൾപ്രദേശവും ഏറെ ദുരിതമനുഭവിച്ചിട്ടുണ്ട്.

ഖിലാഫത്ത് പ്രചരണത്തിൻ്റെ ഭാഗമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബടക്കമുള്ള മുൻനിര നേതാക്കൾ ഇവിടെ സന്ദർശിക്കാറുണ്ടായിരുന്നു.

ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിച്ചതിൻ്റെ പേരിൽ നിരവധി കുടിയാന്മാരെ

ബ്രിട്ടീഷ് മേധാവി തുക്കിടി സായിപ്പിൻ്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തു .

അവരിലുണ്ടായിരുന്ന പതിനെട്ട് വയസ്സുകാരൻ ഇല്ലിക്കോട്ടിൽ അലവി പാതിരാത്രി പാറാവുകാരനെ കണ്ണുവെട്ടിച്ച് പാറാവുകാരൻ്റെ തോക്കും തിരകളുമെടുത്ത് ധൈര്യസമേതം തടവുചാടി രക്ഷപ്പെട്ടു.

ഇതേ ചൊല്ലി ഈ ഗ്രാമം പിന്നീട് അനുഭവിച്ചത്

ബ്രിട്ടീഷ് പട്ടാളക്കാരുടെ കണ്ണിൽ ചോരയില്ലാത്ത പരാക്രമങ്ങളായിരുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പ് നടന്ന പല ചരിത്ര സംഭവങ്ങളുടെയും സ്മൃതി സാക്ഷ്യമായ ഒരു ഗ്രാമമാണിത്.

പല വിവരങ്ങളും പഠനം നടത്തുകയോ രേഖപ്പെടുത്തി വെക്കുകയോ ചെയ്യാത്തതിൻ്റെ പേരിൽ ആധികാരികതയുടെ അപര്യാപ്തതയിൽ അജ്ഞാതമായിക്കിടക്കുന്നു എന്നു മാത്രം .

        - എൻ കെ മൊയ്തീൻ ചേറൂർ




                  കാരി തറവാട്

2021, നവംബർ 25, വ്യാഴാഴ്‌ച

'അബ്ദുറഹ്മാൻ നഗർ; വീരപുത്രൻ്റെ നിത്യസ്മരണയിൽ ഒരു പഞ്ചായത്ത്


ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ  മുന്നണിപ്പോരാളിയും   കേരളത്തിന്റെ വീരപുത്രനുമായിരുന്ന  മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബിൻ്റെ ഓർമ്മക്കായി ദേശത്തിൻ്റെ പേര് തന്നെ നൽകി ആദരവ് കാണിച്ച ഒരു ജനതയും ഗ്രാമവുമുണ്ടിവിടെ .
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ പെട്ട 'അബ്ദുറഹ്മാൻ നഗർ' പഞ്ചായത്താണ് ധീര ദേശാഭിമാനിയുടെ നാമകരണം നൽകി ഉചിതമായ സ്മാരകമായി നിലകൊള്ളുന്നത് .
മലബാർ സമരത്തെക്കുറിച്ച് പറയുന്നെങ്കിൽ മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബിനെ ഒഴിച്ചു നിർത്തി പറയാനാവില്ല. 
അത്രമേൽ സംഭവബഹുലമായ ബന്ധം .
ദേശീയ പ്രസ്ഥാനം മലബാറിൽ പടുത്തുയർത്തുന്നതിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വഹിച്ച പങ്ക് നിസ്സീമമാണ്.
        സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പോരാട്ടവീഥികളില്‍   നിറഞ്ഞുനിന്ന ഒരു ദേശാഭിമാനിയെ നിത്യസ്മരണയിൽ നിലനിർത്താൻ നാടിന് നാമധേയം നൽകി ആദരവ് പ്രകടിപ്പിച്ച ഒരു നാടും സമൂഹവും അഥവാ തദ്ദേശ സ്ഥാപനം തന്നെ രാജ്യത്ത് വേറെയുണ്ടോ എന്നത് സംശയമാണ്.
കടലുണ്ടി പുഴയുടെ ഓരത്ത് വയലുകളാൽ വലയം തീർത്ത് കിടന്നിരുന്ന അക്കാലത്തെ ഈ കൊച്ചു പ്രദേശവുമായി
കൊടുങ്ങല്ലൂർ സ്വദേശിയായ സാഹിബ് തൻ്റെ ജീവിതവുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു.
സ്വാതന്ത്ര്യ സമര രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുമ്പോൾ തന്നെ സാഹിബ് പ്രദേശവുമായി കൂടുതൽ അടുക്കാൻ തുടങ്ങി.
സാഹിബ് സമര പ്രസ്ഥാനവുമായി തിരൂരങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുമ്പോൾ കൂടെ പ്രവർത്തിച്ചത് കൊടുവായൂർ കാരനായ സുഹൃത്ത് പി പി സി മുഹമ്മദായിരുന്നു. ആ ബന്ധം ദൃഢമായ സൗഹൃദമായി മാറി.
പി പി സി മുഹമ്മദ് എന്ന ചെറാട്ടിൽ മുഹമ്മദിൻ്റെ വീട്ടിലെ നിത്യസന്ദർശകനായി സാഹിബ്.
1937-ൽ രൂപീകരിച്ച മമ്പുറം റെസ്റ്റൊറേഷൻ കമ്മിറ്റിയുടെ പ്രസിഡൻ്റ് അബ്ദുറഹ്മാൻ സാഹിബും വൈസ് പ്രസിഡൻ്റ് പി പി സി മുഹമ്മദുമായിരുന്നു .
  പ്രത്യേകിച്ച് അക്കാലത്ത് പ്രദേശത്തെ  മുസ്ലിംകളെ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിൽ സാഹിബ് പ്രചോദകനായി .
അന്ന് കോൺഗ്രസ് പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ള മേഖലയായിരുന്നു ഈ പഴയ കൊടുവായൂർ . 
1945-ൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മരണപ്പെട്ടു .
മരണശേഷം സാഹിബിൻ്റെ ഓർമ്മ നിലനിർത്താൻ പ്രദേശത്ത് ഉചിതമായ സ്മാരകം വേണമെന്ന ആശയം അടുത്ത സുഹൃത്തായിരുന്ന പി പി പി മുഹമദ് മുന്നോട്ട് വച്ചു .
1953-ൽ പി പി സി മുഹമ്മദ് സാഹിബും ഈ ലോകത്തോട് യാത്രയായി.
എങ്കിലും അദ്ദേഹവുമായി ഇഴപിരിയാനാവാത്ത ബന്ധം 
നിലനിൽക്കുന്ന ഈ പ്രദേശത്ത് ഉചിതമായ സ്മാരകം വേണമെന്ന ആഗ്രഹം ശക്തമായി തന്നെ നാട്ടുകാരിൽ നിന്ന് ഉയർന്നു.
അത് സ്വന്തം പഞ്ചായത്തിന് തന്നെ അബ്ദുറഹ്മാൻ സാഹിബിൻ്റെ പേര് നൽകി  സഫലീകൃതമാക്കുകയും ചെയ്തു.
അതിൻ്റെ പ്രവർത്തനങ്ങൾക്ക് പൗരസമിതി രൂപീകരിച്ച് നേതൃത്വം നൽകിയത് അന്നത്തെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന വി എ ആസാദും പി പി സി മുഹമ്മദ് സാഹിബിൻ്റെ മകൻ പി പി എ ഫസൽ ഹാജിയുമായിരുന്നു .
ഒരു നാടിൻ്റെ ഒത്തൊരുമയുടെ അശ്രാന്ത പരിശ്രമത്തിൻ്റെ ഭാഗമായി 1962 - ൽ അന്നത്തെ സാമൂഹ്യക്ഷേമ മന്ത്രി പി പി ഉമ്മർകോയയാണ് കൊടുവായൂര് പഞ്ചായത്തിനെ അബ്ദുറഹ്മാർ നഗർ പഞ്ചായത്ത് എന്ന് നാമകരണം ചെയ്ത് ഉത്തരവിറക്കിയത്. പിന്നീട് ക്രമേണ നാട്ടുകാരുടെ സമ്മർദ്ദത്താൽ വില്ലേജ് ഓഫീസ്, തപാൽ ഓഫീസ് മുതലായവയും അബ്ദു റഹ്മാൻ നഗർ എന്ന് പേര് നൽകി.
കറകളഞ്ഞ വ്യക്തിത്വവും ജീവിത വിശുദ്ധിയും നിര്‍ഭയത്വവും മുഖമുദ്രയാക്കിയ സാഹിബ്‌ ആദര്‍ശത്തിന്റെയും സേവന സന്നദ്ധതയുടെയും ആള്‍രൂപമായിരുന്നു. രാഷ്ട്രീയം ഭൌതിക നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാത്ത ആദര്‍ശ രാഷ്ട്രീയത്തിന്റെ വ്യതിരിക്ത മുഖം കാഴ്ച വെച്ച നേതാവായിരുന്നു സാഹിബ്‌. 
വിശിഷ്യാ രാജ്യത്തിന് വേണ്ടി സമരം നയിച്ചവരെ തമസ്ക്കരിക്കുകയും സമരത്തെയും പോരാളികളെയും ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തവരെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന ഈ വർത്തമാനകാലത്ത് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ശ്വാസം നൽകിയ മഹാന്മാരിൽ പ്രധാനിയായ സാഹിബിൻ്റെ സമരോത്സുകതയുടെ ഊർജ്ജം പകർന്ന ധന്യ ജീവിതവും സന്ദേശവും നാം പഠിക്കണം,ഓർക്കണം .
     ജയ് ഹിന്ദ് .
        -എൻ കെ മൊയ്തീൻ ചേറൂർ






 

2021, നവംബർ 13, ശനിയാഴ്‌ച

കാലം ബാക്കി വെച്ച പൈതൃകങ്ങൾ




         മലപ്പുറം മേൽമുറിയിലുള്ള നൂറ് വർഷത്തിലേറെ പഴക്കം ചെന്ന സ്രാമ്പിപ്പള്ളി .

മേൽമുറിയിലെ മഅദിൻ അക്കാദമിക്ക് അടുത്തായുള്ള വിശാലമായ പാടശേഖരത്തിലാണ് കൃഷിയും വിശ്വാസവും സമന്വയിച്ച പോയ കാലം ബാക്കി വെച്ച ഒരു സംസ്ക്കാരത്തിൻ്റെ  ശേഷിപ്പായി ഇത് സ്ഥിതി ചെയ്യുന്നത് .

പഴയ തലമുറയിൽ നിന്നും കൈമാറിപ്പോന്ന ഈ പൈതൃകസമ്പത്ത് നഷ്ടപ്പെടുത്താതെ ഇന്നും നിലനിർത്തിപ്പോരുകയാണ് ഇന്നാട്ടുകാർ. തോട്ടിൽ നിന്നും കെട്ടി ഉയർത്തിയ മരത്തിൻ്റെ കാലുകൾക്ക് കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ചതിനാൽ ഏതാനും മുമ്പ് പകരം കോൺക്രീറ്റ് തൂണുകൾ നൽകിയിരിക്കുന്നു എന്നതൊഴിച്ചാൽ പഴക്കം നഷ്ടപ്പെടുത്തുന്ന ഒരു മാറ്റവും ഈ സ്രാമ്പിക്ക് ഉണ്ടായിട്ടില്ല.

മുമ്പൊക്കെ കേരളത്തിൻ്റെ ഗ്രാമാന്തരങ്ങളിൽ ഏറെ കണ്ടു വന്നിരുന്ന സ്രാമ്പിപ്പള്ളികളിൽ ഇന്ന് അപൂർവ്വം ചിലയിടങ്ങളിൽ മാത്രമേ അവശേഷിക്കുന്നുള്ളു. ബാക്കിയെല്ലാം സംരക്ഷണമില്ലാതെ കാലാന്തരത്തിൽ നഷ്ടപ്പെടുകയും ചിലത് പൊളിച്ചുമാറ്റി തൽസ്ഥാനത്ത് വലിയപള്ളികൾ നിർമിക്കുകയും ചെയ്തു.

പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ  പാടത്തും പറമ്പിലുമൊക്കെ സജീവമായ കൃഷികൾ കൊണ്ട് സമ്പന്നമായ ഒരു കാലത്തിൻ്റെ ബാക്കി പത്രങ്ങളാണ് ഇന്ന് വളരെ ചുരുക്കം മാത്രം കാണുന്ന സ്രാമ്പികൾ അഥവാ തക്യാവുകൾ .

കാർഷികവൃത്തി ഉപജീവനമായി കണ്ടിരുന്ന കാലത്തിൻ്റെ സംസ്കൃതിയുടെ നാട്ടടയാളങ്ങൾ . 

പാടശേഖരങ്ങൾക്കിടയിലായി തോട്ടിൻ കരയിലോ കുളത്തിനോട് ചേർന്നോ ആയിരിക്കും ഇത് പോലുള്ള കുറച്ച് പേർക്ക് മാത്രം നിസ്ക്കരിക്കാവുന്ന കൊച്ചു പള്ളികളുടെ നിർമ്മാണം .പാടത്തും പറമ്പിലും പണി എടുക്കുന്നതിനിടെ നിസ്ക്കരിക്കാനുള്ള നേരമെത്തിയാൽ തോട്ടിൽ നിന്നും അല്ലെങ്കിൽ കുളത്തിൽ നിന്നും വൃത്തിയായതിന് ശേഷം അംഗശുദ്ധി വരുത്തി സ്രാമ്പിയിൽ കയറി നിസ്ക്കരിക്കും. വീണ്ടും കൃഷിപ്പണിയിലേർപ്പെടുകയും ചെയ്യും .

കൂടാതെ ജോലിക്കിടയിൽ ഇടക്ക് വിശ്രമിക്കാനും ആശ്രയിക്കും.

പരമ്പരാഗത കൃഷികൾ കൊണ്ട് സമൃദ്ധമായിരുന്ന ആ മാധുര്യ കാലമൊക്കെ അന്യം പോയതോടെ

ഗ്രാമങ്ങളിൽ നിന്നും സ്രാമ്പിപ്പള്ളികളും അപ്രത്യക്ഷമായി.

      ഒരു കാലത്ത് വളരെ സജീവമായിരുന്ന സ്രാമ്പിപ്പള്ളികളെക്കുറിച്ച് ഇന്നത്തെ തലമുറക്ക് തീരെ അപരിചിതമായിരിക്കുന്നു. പുതുതലമുറക്ക് പോയ കാല പൈതൃകത്തെക്കുറിച്ച് പകർന്ന് കൊടുക്കാൻ ഭൂതകാലത്തിൻ്റെ സംസ്കൃതിയും ചരിത്രവും ആത്മീയതയും പേറി ഇന്നും നിലനിൽക്കുന്ന സ്രാമ്പികളെ നാശത്തിലേക്ക് വഴിവെക്കാതെ സംരക്ഷിച്ചുനിർത്തിയെങ്കിൽ മാത്രമേ സാധിക്കുകയുള്ളു.

  - എൻ കെ മൊയ്തീൻ ചേറൂർ

2021, ഏപ്രിൽ 5, തിങ്കളാഴ്‌ച

ചരിത്രാതീതകാലത്തിൻ്റെ_സ്മരണികകൾതേടി


മുനിയറ




========

വേങ്ങരക്കടുത്ത ഗാന്ധിക്കുന്ന് എന്ന പ്രദേശത്തെ ഒരു വീട്ടുവളപ്പിലാണ് പുരാവസ്തു ഗവേഷകർ

മുവ്വായിരത്തോളം വർഷങ്ങൾ പഴക്കം കണക്കാക്കുന്ന ഈ മുനിയറ കണ്ടെത്തിയത് .

ചെങ്കൽ പാറയിൽ തുരന്ന് നിർമ്മിച്ച ഈ മുനിയറക്കുള്ളിൽ അതിൻ്റെ മധ്യത്തിലായി കൊത്തിയുണ്ടാക്കിയ തൂണും അതിന് അഭിമുഖമായി ഇരുവശങ്ങളിലായി രണ്ട് ഇരിപ്പിടവുമൊക്കെ കാഴ്ചക്കാരിൽ കൗതുകമുണർത്തും.

 മഹാ ശിലായുഗസംസ്‌കാരത്തിന്റെ ബാക്കിപത്രമായ മുനിയറകൾ

അക്കാലത്തിൻ്റെ മനുഷ്യവാസത്തിൻ്റെ മഹാ ശിലാസ് മാരകങ്ങളാണ് .

പ്രാചീന കാലത്ത് മുനിമാർ ധ്യാനമിരിക്കുന്നതിനായുണ്ടാക്കിയ ശിലാ നിർമ്മിതികളാണ് മുനിയറകൾ എന്നതാണ് ഐതിഹ്യം .

 അന്നത്തെ പ്രധാനികളുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാനും മരണാനന്തര ചടങ്ങുകൾ ചെയ്യുന്നതിനുമാണ്  മുനിയറകളുടെ നിർമ്മിതി എന്നും പറയപ്പെടുന്നു.

മരിച്ചയാൾക്ക്  മൺ കുടങ്ങളിലാക്കി ഇഷ്ടപ്പെട്ട ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമൊക്കെ മുനിയറയിൽ കരുതിവയ്‌ക്കുമത്രെ. 

നന്നങ്ങാടികൾ , കുടക്കല്ല്, മുനിയറകൾ, തൊപ്പിക്കല്ല് തുടങ്ങി പോയ കാല ജനജീവിതത്തിന്റെ സാക്ഷ്യപത്രങ്ങളായ

 ചരിത്ര പ്രാധാന്യമുള്ള പല അടയാളങ്ങളും 

 ചുറ്റുവട്ടങ്ങളിലായി സംരക്ഷണം ലഭിക്കാതെ മണ്ണിട്ട് മൂടിയും കാട് മൂടിയും നാശം സംഭവിക്കുകയാണ്.

ഇവക്കും സംരക്ഷണമൊരുക്കാൻ പുരാവസ്തു വകുപ്പും ബന്ധപ്പെട്ട അധികാരികളും തയ്യാറാവണം.

എങ്കിൽ മാത്രമേ വരും തലമുറകൾക്കും ചരിത്ര സ്നേഹികൾക്കും ചരിത്ര വിദ്യാർത്ഥികളിലേക്കുമൊക്കെ   മഹാശിലായുഗ സംസ്ക്കാരത്തിൻ്റെ അറിവുകൾ കൈമാറാൻ സാധിക്കുകയുള്ളു.

- എൻ കെ മൊയ്തീൻ, ചേറൂർ

2021, ഏപ്രിൽ 4, ഞായറാഴ്‌ച

ചരിത്രാതീത കാലത്തിൻ്റെ ശേഷിപ്പുകൾ തേടി





നന്നങ്ങാടി .

------------------

വേങ്ങരയിലെ ഗാന്ധിക്കുന്ന് പ്രദേശത്തായി ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ്

2500 ലേറെ വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഇക്കാണുന്ന നന്നങ്ങാടി കണ്ടെത്തിയിട്ടുള്ളത് .

ചെങ്കല്ല് പാറയിൽ  കൊത്തിയുണ്ടാക്കിയ നന്നങ്ങാടിക്ക് എട്ടടി വിസ്താരം കണക്കാക്കുന്നു.

 നന്നങ്ങാടിക്ക് സമീപം അതിലേക്ക് പ്രവേശിക്കുന്നതിനായുള്ള കല്ലറയിൽ തീർത്ത പടവുകളും കവാടവുമൊക്കെ പതിവ് കാഴ്ചകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

മഹാ ശിലായുഗ കാലത്ത് മനുഷ്യരുടെ മൃത ദേഹം അടക്കം ചെയ്തിരുന്നത് നന്നങ്ങാടികളിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. 

 മൃതദേഹങ്ങൾക്കൊപ്പം അവരുടെ ആയുധങ്ങളും പാത്രങ്ങളും മറ്റു ഉപകരണങ്ങളുമടക്കം നന്നങ്ങാടികളിൽ സംസ്കരിക്കുമത്രെ .

ചരിത്ര വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഇവിടം സന്ദർശിക്കാനെത്തുന്നത് .

ഈ പ്രദേശത്ത് ഇത് കൂടാതെ രണ്ട് കിലോമീറ്റർ പരിധിക്കുള്ളിൽ വേറെയും മുനിയറകളും നന്നങ്ങാടികളും പുരാവസ്തു വകുപ്പ് കണ്ടെത്തിയിട്ടുണ്ട് .

നാടിന്റെ പഴമയുടെ കഥപറുന്ന ഇങ്ങനെയുള്ള അമൂല്യമായ പൈതൃകവും ചരിത്ര നിര്‍മിതികളുമായ പുരാവസ്തുക്കളും ശേഷിപ്പുകളും അടയാളങ്ങളും

പുരാരേഖകളുമൊക്കെ സംരക്ഷിക്കുക എന്ന ഒരു വലിയ

ലക്ഷ്യം നമുക്ക്  സാധിപ്പിച്ചെടുക്കാന്‍ കഴിയണം.

എങ്കിൽ മാത്രമേ ഭാവി തലമുറക്ക് ഇതുപോലുള്ള മഹാശിലായുഗ സംസക്കാരത്തിൻ്റെ അടയാളങ്ങളും അതേക്കുറിച്ചുള്ള സമഗ്രമായ അറിവുകളും പകർന്ന് നൽകാൻ നമുക്ക് സാധിക്കുകയുള്ളു.

- എൻ കെ മൊയ്തീൻ ,ചേറൂർ