2021, ഡിസംബർ 14, ചൊവ്വാഴ്ച

തിരുവോണ മല ; വിശ്വാസപുരാണങ്ങളും പ്രകൃതി സൗന്ദര്യവും ദീപപ്രഭ ചാർത്തുന്ന ഒരു കൊടുമുടി

          ചരിത്രവും വിശ്വാസവും സംസ്ക്കാരവും പ്രകൃതി വിസ്മയങ്ങളും ചേതോഹരമായ കാഴ്ച്ചകളുമെല്ലാം ഒന്നിച്ചുചേർന്ന ഭൂമിയിലെ വരദാനമാണ്  തിരുവോണമല.

ഇവിടെയാണ് ഏറെ ചരിത്ര പ്രാധാന്യമുള്ള തിരുവർച്ചനാംകുന്ന് ശങ്കരനാരായണസ്വാമീക്ഷേത്രമുള്ളത് .

ഏകദേശം രണ്ടായിരത്തിലേറെ വർഷം പഴക്കം കണക്കാക്കുന്ന ഒരു ക്ഷേത്രമാണിത്.

മലപ്പുറം ജില്ലയിൽ വേങ്ങരക്കടുത്ത് കണ്ണമംഗലം പഞ്ചായത്തും ഊരകം


പഞ്ചായത്തും അതിർത്തി പങ്കിടുന്ന മലയുടെ ഉച്ചിയിലാണ് തിരുവോണ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ പ്രാചീന ദേവാലയവും പ്രകൃതി മനോഹാരിത തുളുമ്പുന്ന വിശേഷണങ്ങളുമുള്ളത് . 

ജില്ലയിലെത്തന്നെ ഏറ്റവും ഉയരം കൂടിയ ഈ മല സമുദ്രനിരപ്പിൽ നിന്നും 2200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പഴക്കം കൊണ്ട് ശബരിമല കഴിഞ്ഞാൽ തൊട്ടടുത്തത് ഈ ക്ഷേത്രമാണെന്നും പറയപ്പെടുന്നു.പൂർണ്ണമായും കരിങ്കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത് .

ഭീമൻ കരിങ്കല്ല് വെട്ടിയുണ്ടാക്കി അന്യോന്യം ഇഴചേർത്ത് ഘടിപ്പിച്ചിട്ടുള്ള ഇതിൻ്റെ നിർമ്മാണ ഘടന കാഴ്ചയെ ആശ്ചര്യപ്പെടുത്തും .

ഒരു ഹിന്ദു മത ക്ഷേത്രമായി വിശ്വാസികൾ

ആരാധനകൾ നിർവ്വഹിക്കുന്നു. എങ്കിലും ഇതിൻ്റെ നിർമ്മിതിയും തുടക്കവും ജൈനമത ക്ഷേത്രമായായിരുന്നു  എന്നും പറയപ്പെടുന്നു .

പോയ കാലം ജനപദമായിരുന്ന ഇവിടം ജൈനമതവിശ്വാസികളാണ് പ്രദേശത്ത് വസിച്ചിരുന്നത് എന്നും ഈ ശിലാക്ഷേത്രം അവരുടെ പ്രവർത്തിയും

കാലത്തിൻ്റെ ഏതോ ദിശാ സന്ധിയിൽ ആളുകൾ ഇവിടം വിട്ടേച്ച് പോയതുമായിരിക്കാം എന്നുമാണ് അനുമാനം.

ഒന്നുകിൽ ഒരുവേള ജൈനമതം ഉപേക്ഷിച്ച് ഇവിടെയുണ്ടായിരുന്ന വിശ്വാസികൾ ഒന്നടങ്കം ഹിന്ദുമതം സ്വീകരിച്ചതുമായിരിക്കാം .

ഏതായാലും ശങ്കരനാരായണസ്വാമിക്ഷേത്രം എന്ന് എഴുതിയ അധികം പഴക്കമില്ലാത്ത ഒരു ഫലകം അവിടെ നാട്ടിയിട്ടുണ്ട്.

      ഇതിൻ്റെ ചരിത്ര വസ്തുതകളെക്കുറിച്ച് പുരാവസ്തു ഗവേഷകർ പഠനം നടത്തട്ടെ .

 വട്ടെഴുത്ത് ലിപിയിലാണെന്ന് കരുതപ്പെടുന്ന ശിലാലിഖിതം ക്ഷേത്രത്തിൻ്റെ തറക്കല്ലിൽ കാണപ്പെടുന്നു.

പതിനാറാം നൂറ്റാണ്ടിൽ വട്ടെഴുത്ത് കാലഘട്ടത്തിൽ കൊത്തിവെച്ചതാവാം എന്നാണ് തോന്നുന്നത്.

അധികൃതർ ഒന്ന് മനസ്സ് വെച്ചാൽ ഭാഷാ ചരിത്രകാരൻമാരുടെയും ചരിത്ര ഗവേഷകരുടെയുമൊക്കെ സഹായത്തോടെ ഇതിൻ്റെ പൂർവ്വകാല ചരിത്രം മനസ്സിലാക്കാനാവും .

ഇതിൻ്റെ തൊട്ടപ്പുറത്ത് തന്നെ അൽപ്പം മുകളിലായി 

അയ്യപ്പക്ഷേത്രവുമുണ്ട് .ഇത്രത്തോളം പഴക്കം അതിനില്ല. വർഷങ്ങൾക്ക് മുമ്പ് പുനഃപ്രതിഷ്ഠ നടത്തിയതായിരിക്കാം.

ഇവിടങ്ങളിൽ നിത്യപൂജകളൊന്നും നടക്കുന്നില്ല.

എല്ലാവർഷവും തുലംമാസത്തിലെ തിരുവോണ നാളിൽ തിരുവോണ മഹോത്സവം നടത്തി വരുന്നുണ്ട് .

ഉത്സവത്തിന് മലയുടെ അടിവാരത്തുള്ള മഠത്തിൽ കുളങ്ങര അയ്യപ്പസ്വാമി ക്ഷേത്രത്തിൽ നിന്നും തിടമ്പെഴുന്നള്ളിച്ച് കൊണ്ട് നിരവധി ഭക്തർ ഘോഷയാത്രയായി തിരുവോണ മല കയറും .

ഇതിനടുത്തായിത്തന്നെ പാറമടക്കിൽ വറ്റാത്ത ഒരു നീരുറവയും കാണുന്നു.

തിരുവോണ മലയുടെ മിക്ക ഭാഗവും ഊരകം പഞ്ചായത്തിൽ ഉൾപെട്ടതാണ് . ഊരകം എന്ന പേരിന് പിന്നിൽ തന്നെ മലകൾക്കിടയിലെ ഊര് എന്നാണ്. പേരിനെ അന്വർഥകമാക്കുന്ന കാഴ്ചകളാണ് ഇവിടെ പ്രകൃതി ഒരുക്കി വെച്ചിട്ടുള്ളത്.

അത് കൊണ്ട് തന്നെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മലനിരകളെ നല്ലൊരു വ്യൂ പോയൻറായാണ് കാണുന്നത്. അത്രക്കും മനോഹരമായ ദൂരക്കാഴ്ചകളാണ് ഇവിടെ നിന്ന് ദർശിക്കാനാവുക .

കോഴിക്കോട് വിമാനത്താവളം ,കടലുണ്ടിപ്പുഴ തുടങ്ങി ജില്ലയുടെ മിക്ക ഭാഗവും ഇവിടെ നിന്ന് കാണാനാവും.

കോഴിക്കോട് വിമാനത്താവളത്തിൻ്റെതായ ഒരു ലൈറ്റ് ഹൗസും ഇതിൻ്റെ തൊട്ടടുത്തായി സ്ഥാപിച്ചതായി കാണാം.

വാഹനങ്ങളിൽ എത്താവുന്ന സ്ഥലത്ത് നിന്നും അരമണിക്കൂറോളം കാൽനടയായി

വിജനമായ വനമ്പ്രദേശങ്ങൾ താണ്ടി പാറക്കല്ലുകൾക്കിടയിലൂടെ കയറി വേണം ഒറ്റപ്പെട്ട് കിടക്കുന്ന പ്രാചീന കാല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ തിരുവോണ മലയിലെത്താൻ .

തെളിഞ്ഞ കാലാവസ്ഥയിൽ വരുന്നവർക്ക് തീർച്ചയായും മനോഹരമായ കാഴ്ചകൾ കണ്ട് മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ മടങ്ങാം .

ചരിത്രവും പാരമ്പര്യവും ദൃശ്യഭംഗിയും കൊണ്ട് സന്ദർശകരെ സ്വീകരിക്കുന്ന ഒരു സ്ഥാനമാണ് തിരുവോണ മലക്കുള്ളത്.

അത്രക്കും പ്രകൃതി നൽകിയ വരദാനമാണ് ഈ കുന്നിൻ മുകൾ .

1921-കളിൽ മലബാർ സമര പോരാളികൾ പരിശീലനത്തിനായി തമ്പടിച്ചിരുന്നത് ഈ മലമുകളിലായിരുന്നു എന്നും പറയപ്പെടുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ഈ മലമുകൾ നിറയെ കപ്പ കൃഷി ചെയ്തിരുന്നതായും വിളവെത്തിയ കപ്പകൾ പറിച്ച് മലയുടെ താഴ്‌വാരത്തുള്ള മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയിലെത്തിച്ച് കയറ്റി അയക്കുകയുമായിരുന്നു പതിവ്. അതിനായി ഒരു കാര്യാലയവും പ്രവർത്തിച്ചിരുന്നതായി പറയുന്നു..

ഊരകം പഞ്ചായത്തിലെ പൂളാപ്പീസ് എന്ന പേരിൽ ഒരു സ്ഥലം ഇന്നും അറിയപ്പെടുന്നതിന് പിന്നിലെ ചരിത്രം അതാണത്രെ .

ഇത്രയും ചരിത്ര പ്രാധാന്യമുള്ളതും നൂറ്റാണ്ടുകളുടെ പൈതൃക സ്മൃതികൾ തുടികൊള്ളുന്നതുമായ ഈ ക്ഷേത്രവും ചുറ്റുവട്ടങ്ങളും സംരക്ഷിച്ച് നിർത്തി വിനോദ സഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തി അഭിവൃദ്ധമായ വികസന മുന്നേറ്റം സൃഷ്ടിക്കാൻ  സർക്കാറിൻ്റെ ഭാഗത്ത് നിന്ന് സത്വര നീക്കങ്ങൾ ഉണ്ടാവണം.

    പൈതൃക സ്നേഹികൾക്കും ചരിത്രാന്വേഷികൾക്കും വിനോദ സഞ്ചാരികൾക്കുമൊക്കെ ഒരേ പോലെ ആകർഷണീയമായതാണ് ഈ സ്ഥലം.

ഇതിൻ്റെ ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണം നടത്താൻ പുരാവസ്തു വകുപ്പ് തുനിയണം.

പ്രാദേശിക ടൂറിസങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന ഇക്കാലത്ത് അത്തരം സാധ്യതകൾക്ക് സ്വച്ഛമായ പ്രദേശം എന്ന നിലക്ക് തിരുവോണമലയെയും പുരാതന ക്ഷേത്രത്തെയും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കാൻ തയ്യാറാവേണ്ടിയിരിക്കുന്നു.

   -എൻ കെ മൊയ്തീൻ ചേറൂർ

അഭിപ്രായങ്ങളൊന്നുമില്ല: