2012 മേയ് 17, വ്യാഴാഴ്‌ച

***ചേറൂര്‍ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണം***

വേങ്ങര മണ്ഡലം റോഡ്‌ വികസനത്തിന്റെ ഭാഗമായി സ്ഥലം എം എല്‍ എ കുഞ്ഞാലിക്കുട്ടി സാഹിബ് മുന്നോട്ടു വച്ച പദ്ധതി പ്രാവര്‍ത്തികമായതിന്റെ ചിത്രമാണിത് . പദ്ധതിയിലുള്‍പ്പെട്ട വേങ്ങര ചേറൂര്‍ കുന്നുംപുറം റോഡിലെ ചേറൂരില്‍ നിന്നുള്ള  ദൃശ്യം. ദ്രുതഗതിയില്‍ വികസനം നടപ്പിലാക്കിയ എം എല്‍ എ യെ അഭിനന്ദിക്കുന്നു. ഒപ്പം തന്നെ അദ്ദേഹത്തിന്‍റെ ശ്രദ്ധയിലേക്കായി വേങ്ങര മണ്ഡലത്തില്‍ പെട്ട ചേറൂര്‍ പ്രദേശത്തിന്‍റെതായ സങ്കടകരമായ  ഒരപേക്ഷകൂടി മുന്നോട്ട് വെക്കട്ടെ.
       മറ്റു പ്രദേശങ്ങളൊക്കെ ജലക്ഷാമം നേരിടാനായി പലപദ്ധതികളും നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിന് മാത്രം ആധുനിക ജലസംഭരണ മാര്‍ഗ്ഗമോ വിതരണ പദ്ധതികളോ നടക്കുന്നില്ല.ഗ്രാമം രൂക്ഷമായ കുടി വെള്ള ക്ഷാമത്തിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.ഇന്നീ പ്രദേശത്തുകാരുടെ ജീവല്‍പ്രധാനമായ ആവശ്യമാണ് കുടിവെള്ളം .
     പല വീടുകളിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന സങ്കടകരമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.ഇവിടെനിന്ന്‍ തെരഞ്ഞെടുത്തയക്കുന്ന പല ജനപ്രതിനിധികളും മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി ഇക്കാര്യത്തില്‍ ഞങ്ങളെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് സംസ്ഥാന മന്ത്രി കൂടിയായ ഇപ്പോഴത്തെ എം എല്‍ എ ബഹുമാനപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ ഉറപ്പിലാണ്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കടലുണ്ടിപുഴയില്‍ തടയണ നിര്‍മ്മിച്ച് വന്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കും എന്ന്‍ഞങ്ങള്‍ക്ക് വാഗ്ദാനം നല്കിയിരുന്നു. ഒരര്‍ത്ഥത്തില്‍ ഈ നിര്‍ഗതിയില്‍ റോഡിനേക്കാള്‍ ഞങ്ങള്‍ക്ക് കുടിവെള്ള പദ്ധതിയാണ് വേഗം പ്രാവര്‍ത്തികമാകേണ്ടത്‌ അതും ജലരേഖയാവരുതേ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.താങ്കള്‍ തന്ന ഉറപ്പില്‍ ഞങ്ങള്‍ പ്രദേശത്തുകാര്‍ , സമക്ഷം കാത്തിരിക്കുന്നു.
 -എന്‍ കെ മൊയ്തീന്‍,ചേറൂര്‍

2012 ഏപ്രിൽ 29, ഞായറാഴ്‌ച

***എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍***

  • "ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
    പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു
    പഞ്ചാരപ്പനംതത്ത പറന്നു വന്നു............"
    എത്രകേട്ടാലും കൊതിതീരാത്ത ഗാനങ്ങളിലൊന്നാണ് ഈ പഴയ ഗാനം .1964 ല് '‍കുട്ടിക്കുപ്പാ...യം' എന്ന ചിത്രത്തില്‍ പി ഭാസ്കരന്‍ രചിച്ച് എം എസ് ബാബുരാജ് സംഗീതം നല്‍കി പി ലീല ആലപിച്ച ഈ അനശ്വര ഗാനം എന്റെ
    കുട്ടിക്കാലം മുതലേ
    മനസ്സില്‍ പതിഞ്ഞതാണ്. സിനിമ കളോടൊന്നും പ്രത്യേകിച്ച് ഇന്നത്തെ ആധുനിക കച്ചവട സിനിമകളോട് അതിരറ്റ താല്പര്യം കൊടുക്കുന്ന കൂട്ടത്തിലല്ലെങ്കിലും ചില സിനിമാ ഗാനങ്ങള്‍ ,അതും പഴയ ചിത്രങ്ങളിലെ പല നല്ലഗാനങ്ങളും മനസിലിട്ട് താലോലിക്കുന്നുണ്ട്.
    ഞാന്‍ ജനിക്കുന്നതിനും മുമ്പുള്ള ഗാനമാണെങ്കിലും ബാല്യത്തില്‍ റേഡിയോയിലൂടെയും കല്യാണ വീടുകളില്‍നിന്നും ഉച്ചഭാഷിണിയിലൂടെയുമൊക്കെ ഒഴുകിയെത്തുന്ന ഗാനങ്ങള്‍ കേട്ട് മനസിലേക്ക് ആവാഹിച്ചതാണിതൊക്കെ.
    ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളത്തിന്‍റെ മനസ്സില്‍ ഇന്നും സൗകുമാര്യത്തോടെ ജീവിക്കുന്നു ഈ വരികള്‍.
    ഏകാന്ത സവാരികള്‍ക്കിടയില്‍ അലസത മാറ്റാന്‍ ഓര്‍മ്മ ച്ചെപ്പില്‍ സൂക്ഷിച്ച ഇത്തരം ഗാനങ്ങളും പലപ്പോഴും
    കൂട്ടായെത്തും. കുട്ടിക്കുപ്പായത്തില്‍ തന്നെ
    "പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലോ
    പൊട്ടിക്കരയിക്കും ജീവിതം
    ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത
    നാടകമാണെന്നോ ജീവിതം................" തുടങ്ങിയ
    വളരെ അര്‍ത്ഥം നിറഞ്ഞ മധുരവും നൊമ്പരവുമായ
    പച്ച മനുഷ്യന്‍റെ ഗന്ധമുള്ള ,മണ്ണിന്‍റെ ഗന്ധമുള്ള ഈ ഗാനങ്ങളൊക്കെ മനസിന് വല്ലാത്ത നിര്‍വൃതി നല്‍കും.
    "ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
    പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു
    പഞ്ചാരപ്പനംതത്ത പറന്നു വന്നു.........
    പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല
    ഓടക്കുഴലും കൊണ്ടോടിവന്നു - എന്നെ
    തേടിക്കൊണ്ടെന്റെ മുന്നിലോടിവന്നു (പാടാത്ത )........
    പുത്തനാം കിനാവുകള്‍ പൂങ്കതിരണിഞ്ഞപ്പോള്‍
    തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു - എന്റെ
    തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു (പുത്തനാം)
    കതിരൊക്കെ കിളി തിന്നാല്‍ പതിരൊക്കെ ഞാന്‍ തിന്നാല്‍
    മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം - അത്
    മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം .............................................."
    - എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2012 ഏപ്രിൽ 5, വ്യാഴാഴ്‌ച

എന്‍റെ വിദ്യാലയം (ജി എം എല്‍ പി സ്കൂള്‍ ചേറൂര്‍)


എന്നെ അക്ഷരം പഠിപ്പിച്ച എന്‍റെ വിദ്യാലയമേ നിനക്ക് വന്ദനം .കാലത്തിന്‍റെ ഒഴുക്കിലും ഗതകാലസ്മരണകളുടെതേരിലേരിയ എന്‍റെ വിദ്യാലയ ജീവിതമാണെൻ്റെ ഓർമ്മകളിൽ. കൂട്ടുകാരോടൊപ്പം തിരുമുറ്റത്തും വരാന്തയിലും ഓടിച്ചാടിക്കളിച്ച എന്‍റെ ബാല്യകാലം .എന്നില്‍ ഒരുപാട് ഓര്‍മ്മകളിരമ്പുന്ന എന്‍റെ വിദ്യാലയ വരാന്തയും തിരുമുറ്റവും.സ്കൂള് വിട്ട് വീട്ടിലേക്ക് മഴ നനയാതിരിക്കാന്‍ കുപ്പായമഴിച്ച് തലയില്‍ കെട്ടി കൂട്ടുകാരോടൊപ്പം ഓടിയതും, തിരുമുറ്റത്ത് പന്ത് കളിച്ചതും കക്ക്കളി,ഒച്ചോളി ,കോട്ടികളി,സൈവര്‍ ....അങ്ങിനെ എന്തെല്ലാം കളികളായിരുന്നു..... വല്ലാത്തൊരുകാലം. കൂട്ടുകാരന്‍മാര്‍ , കൂട്ടുകാരികള്‍ . കൊച്ചുമനസ്സുകള്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും സന്തോഷവും സ്നേഹവും ദു:ഖവും കണ്ണീരും പങ്കുവെച്ചു കഴിഞ്ഞ
പല സുഖദായാകമായ ഓര്‍മ്മകളും എന്നിലുണര്‍ത്തുന്നു .മനുഷ്യായുസ്സിന്റെ ബാല്യവും കൌമാരവും കടന്ന്‍ യുവത്വമെന്ന ഹേമന്തകാലവും പടിയിറങ്ങാനൊരുങ്ങുമ്പോഴും എന്‍റെ സ്കൂള്‍ ജീവിതം ഇന്നലെ എന്നപോലെ എന്‍റെ ഓര്‍മ്മകളില്‍ ഓടിയെത്തുന്നു. സഹപാഠികളില്‍ ഏറെ പേരെക്കുറിച്ചും എന്‍റെ പക്കല്‍ ഒരുവിവരവുമില്ല.
കൂട്ടുകൂടാനും പിരിയാനും വിധിക്കപ്പെട്ട ഈലോകത്ത് അതിനല്ലേ നിര്‍വ്വാഹമുള്ളൂ.ഗുരുക്കന്മാരില്‍
പലരും കാലയവനികക്കുള്ളിലേക്ക് മറഞ്ഞു.
സാമ്പത്തിക്കമായി ഞെരുങ്ങിയായിരുന്നു എന്‍റെ കുട്ടിക്കാലം . വറുതിയുടെ കാലത്തെ എന്‍റെ സ്കൂള്‍ ജീവിതം .ധരിക്കാന്‍ ഒരുകൂട്ട് ഉടുപ്പ്മാത്രം,പഠിക്കാന്‍ തൊട്ട് മുമ്പത്തെ വര്‍ഷം ഇതേ ക്ലാസില്‍ പഠിച്ചവരില്‍ നിന്നും പകുതി വിലകൊടുത്ത് വാങ്ങുന്ന പിഞ്ഞിപറിഞ്ഞ പുസ്തകങ്ങള്‍ . യാസഞ്ചര്‍ മിഠായിയും കടല മിഠായി യുമൊക്കെ വാങ്ങാന്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ബാപ്പയില്‍നിന്നും കെഞ്ചിവാങ്ങുന്ന നാണയത്തുട്ടുകള്‍ പലപ്പോഴും മിഠായി വാങ്ങാതെ സ്വരൂപിച്ച് വെക്കും. എല്ലാം ഇന്നോര്‍ക്കുമ്പോള്‍ മിഴികള്‍ നിറയും .വല്ലാത്ത ഗദ്ഗദം.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ നാടായ ചേറൂരില്‍ 1947 ല്‍ തുടക്കം കുറിച്ച സ്കൂള്‍ പ്രശസ്തിയുടെ ഉന്നതികളിലെത്തിയ പലമാഹാന്മാരടക്കം ഒട്ടേറെ തലമുറകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കിഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന സ്ഥാപനം ചേറൂരിന്‍റെ അഭിമാനസ്തംഭ മാണ് .

-എന്‍ കെ മൊയ്തീന്‍,ചേറൂര്‍

2012 ഫെബ്രുവരി 14, ചൊവ്വാഴ്ച

നീസ, മരണമില്ലാത്ത സ്നേഹസുഗന്ധം


http://neesavellur.blogspot.com/2012/02/blog-post.html
കവയത്രിയും 'നിലാമഴകള്‍' എന്ന ബ്ലോഗ്‌ എഴുത്തുകാരിയുമായ മലപ്പുറം പൂക്കോട്ടൂരിലെ നിസാ വെള്ളൂര്‍ എന്ന സര്‍ഗ്ഗ ധനയായ കൊച്ചു മിടുക്കിയെ നമുക്ക് നഷ്ട്ടമായി എന്ന വാര്‍ത്ത ഫെയ്സ്ബുക്കിലൂടെയാണറിഞ്ഞത്. ഞാനീകുട്ടിയെക്കുറിചറിയുന്നത് ഇപ്പോള്‍ മാത്രമാണ്.... ‍ തുടര്‍ന്ന്‍അക്ഷരങ്ങളെ സ്നേഹിക്കുന്ന ആ കൊച്ചു പ്രതിഭയുടെ നിലാമഴ എന്ന ബ്ലോഗ്‌ സന്ദര്‍ശിച്ചു. ഒഴുക്ക് എന്ന കവിതയിലെ "മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്.. " കൂടാതെ വിഷദര്‍ശനം,ചെറുത്തുനില്‍പ്പ് എന്നീ കവിതകളും വായിച്ചപ്പോള്‍ എന്റെ നയനങ്ങള്‍ നനഞ്ഞു . നിസാ വെള്ളൂര്‍ തന്‍റെ രോഗാവസ്ഥയില്‍ എഴുതിയതാവാം തീവ്രമായ ദു:ഖം ഉളവാക്കുന്ന ഈവരികള്‍. ഈ കുഞ്ഞിന്‍റെ വേര്പാട് എന്നെ ഏറെ വേദനിപ്പിച്ചു.എല്ലാം നിയോഗം .നമ്മുടെ ആരുടെയും കയ്യില്‍ ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ഗാരണ്ടിയില്ലല്ലോ.ദൈവം നല്‍കിയ ആയുസ്സിന്റെ സമയപരിധിക്കപ്പുറം ഒരുനിമിഷം അധികം നല്കില്ലല്ലോ. അല്ലാഹു ആ കുട്ടിയുടെ ഖബറിടം പ്രകാശാപൂരിതമാക്കട്ടെ.
-എന്‍ കെ മൊയ്തീന്‍,ചേറൂര്‍

2012 ഫെബ്രുവരി 2, വ്യാഴാഴ്‌ച

അകലങ്ങളിലെ അമ്മമാര്‍ അറിയാന്‍ | Madhyamam

ജനങ്ങള്‍ക്ക് ശുഷ്ക്കാന്തിയുള്ള പലവാര്‍ത്തകളും ഒറ്റത്തവണക്കപ്പുറം പിന്നീടെന്തായി എന്ന്‍പല മാധ്യമങ്ങളും ചികയുന്നില്ല.ഇതില്‍ നിന്നും വേറിട്ട ഒരു അന്യാദ്ര്‍ശമായ പത്ര പ്രവര്‍ത്തനം തന്നെയാണ് മാധ്യമം നടത്തിയത്.പത്ത് വര്ഷം മുമ്പ്ഗുജറാത്തിലെ
ഭൂജി...ല്‍ രാജ്യത്തെ ഞെടുക്കിയ ഭൂകമ്പം ഉണ്ടായപ്പോള്‍ കെട്ടിടങ്ങള്‍ക്കടിയില്‍നിന്നും മൂന്ന്‍ ദിവസത്തിനുശേഷം നാല് വയസുകാരന്‍ മുര്‍ത്തസഅലി എന്ന കുഞ്ഞിനെ ജീവനോടെ കിട്ടിയവാര്‍ത്ത എല്ലാ പത്രങ്ങളും വാര്‍ത്തയാക്കിയിരുന്നു ഉമ്മയും ബാപ്പയും നഷ്ടപ്പെട്ട ആ പിഞ്ചു പൈതലിന്‍റെ ജീവനുവേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നവരാണ്നാം .പിന്നീട് ഈ കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്ന്‍ പോലും ആര്‍ക്കും വിവരമില്ല .ഇപ്പോഴിതാ പത്തു വര്‍ഷത്തിനു ശേഷവും ആവാര്‍ത്തയുടെ ബാക്കി അന്വേഷിച്ച് ഭൂജിലേക്ക് തിരിച്ച
പത്ര പ്രവര്‍ത്തകന്‍ നാം കേള്‍ക്കാന്‍ കൊതിച്ച ആ സന്തോഷ വാര്‍ത്ത നമുക്ക് മുന്നിലെത്തിച്ചിരിക്കുന്നു.യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്‍റെ മാത്ര്‍കാവാഹകന്. സ്വദേശാഭിമാനിയുടെയും വക്കം മൌലവിയുടെയും പിന്മുറക്കാരന്‍. അഭിനന്ദിക്കുന്നു.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍
അകലങ്ങളിലെ അമ്മമാര്‍ അറിയാന്‍ | Madhyamam

2012 ജനുവരി 2, തിങ്കളാഴ്‌ച

***നവവത്സരാശംസകള്‍***


ഒരുവര്‍ഷം കൂടി പടിയിറങ്ങി .നേട്ടങ്ങളും  കോട്ടങ്ങളും നന്മകളും തിന്മകളും ഒക്കെയായി സന്തോഷവും ദു:ഖവും   നല്‍കി സമ്മിശ്രമായ ഒരുവര്‍ഷം കൂടി  വിസ്മൃതിയിലായി .നമുക്ക് നല്ലനാളെകള്‍ക്ക് വേണ്ടി പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം.  
എന്‍റെ എല്ലാ ഫേസ്‌ബുക്-ബ്ലോഗ്‌  സുഹൃത്തുക്കള്‍ക്കും  
നന്മയും ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു
-എന്‍ കെ മൊയ്തീന്‍,ചേറൂര്‍  

2011 ഡിസംബർ 21, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍: രാഷ്ട്രപതിയുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്



മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മുപ്പത്തിനാല് ബ്ലോക്കുകളിലൂടെയും  ചോര്‍ച്ചയുണ്ടെന്നും,  ഇനിയും ഭുചലനം സംഭവിച്ചാല്‍ നിലംപൊത്തുന്ന അവസ്ഥയിലാണെന്നും   മുതിര്‍ന്ന ഭൌമശാസ്ത്ര വിദഗ്ദന്‍ ജോണ് മത്തായി അടക്കമുള്ള വിദഗ്ദര്‍ മുന്നറിയിപ്പ്നല്‍കുന്നു.   സമരങ്ങള്‍ശക്തമാകട്ടെ.അപകടാവസ്ഥ മൂര്‍ദ്ധന്യത്തിലെത്തിയിട്ടും ഗൌരവമായെടുക്കാത്ത സര്‍ക്കാരുകളെ, നിങ്ങള്‍ ഇനിയെങ്കിലും അവിടെയും ഇവിടെയും ചര്‍ച്ചകള്‍ നടത്തിയും അങ്ങോട്ടുമിങ്ങോട്ടും കത്തുകളയച്ചും സമയം കളയാതെ എന്നോ ബലക്ഷയം സംഭവിച്ച ഡാം പുനര്‍നിര്‍മ്മിച് മരണമണി കേട്ടുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കായ സോദരീ സോദരന്മാരെ രക്ഷിക്കൂ.
നിരവധി മനുഷ്യര്‍ ഭയവിഹ്വലരായി കഴിയുമ്പോള്‍ ഭരണകൂടങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.  ഈ ഘട്ടത്തില്‍   രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ഇത് ഇരുസംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായികാണാതെ ഒരു ദേശീയപ്രശ്നമായി  ഇതിനെകാണണം.ലോകത്തിന് മുമ്പില്‍ ജനാധിപത്യത്തില്‍ അഭിമാനമായി നില്‍ക്കുന്ന  ഇന്ത്യയെന്ന മഹാരാജ്യത്ത് നാല്‍പ്പത് ലക്ഷത്തില്‍പ്പരം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിനേരിടുമ്പോള്‍ അവ ഗൌരവമായി കാണാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഭരണകൂടങ്ങള്‍ നമ്മുടെ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് .