2015 ഏപ്രിൽ 27, തിങ്കളാഴ്‌ച

***ഇന്നെവിടെ നമുക്കാ ചിരി***

      മലയാളത്തിലെ ഹാസ്യ സാമ്രാട്ടുകളായിരുന്നല്ലോ
മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്ലിയാരും !
അവരുടെ , രസകരവും തമാശകള്‍ തിങ്ങിയതുമായ ഒട്ടേറെ ചെയ്തികള്‍ കേട്ടും വായിച്ചും അന്ന് നമ്മള്‍ പലരും ചിരിയുടെ അമിട്ടുകള്‍ അനവധി പൊട്ടിച്ചിട്ടുണ്ടാവും ഒറ്റയ്ക്കും കൂട്ടായും .
പതിനെട്ടാം നൂറ്റാണ്ടിലെ സുവര്‍ണ്ണ കാലത്ത് ഈ മണ്ണില്‍ ജനിച്ച് - ജീവിച്ച് - ശേഷിപ്പായി ഒരുപിടി ഓര്‍മ്മകള്‍ നമ്മിലവശേഷിപ്പിച്ച് മരിച്ചവരും .. ,ജീവിച്ച കാലത്ത് മുഖ്യമായും മതസൌഹാര്‍ദ്ദ സരണിയില്‍ തങ്ങളുടേതായ ഭാഗം ജനങ്ങള്‍ക്ക്‌ മുന്‍പില്‍ ഭംഗിയാക്കിയവരുമായ ആ രണ്ട് ചങ്ങാത്തങ്ങളെയും ഇന്നും നാം തെളിമയോടെ സ്മരിക്കുന്നു.അങ്ങിനെ അന്നൊക്കെ ചിരിക്കാനും ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരി കൊളുത്താനും ജീവനുള്ള കുറെ കഥാപാത്രങ്ങളുണ്ടായിരുന്നു നമുക്ക് !
നര്‍മ്മ രസം തുളുമ്പുന്ന അവരുടെ ഓരോ വാക്കുകളും ചലനങ്ങളും അന്ന് നാം അക്ഷരങ്ങളിലൂടെ വായിച്ചെടുത്തതിനെ ഇന്നും മനസ്സിലോര്‍ക്കുമ്പോള്‍ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും ചിരി ഊറി ഊറി പുറത്ത് വരും.
                 രാംദാസ് വൈദ്യര്‍
                  ===============

കേരള
മുസ്ലിം മാപ്പിള സമൂഹത്തിലെ ഫലിതചക്രവര്‍ത്തിയായിരുന്നു കുഞ്ഞായിന്‍ മുസ്ല്യാര്‍ !
എനിക്ക് തോന്നുന്നത് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് പലപ്പോഴും ഉരുളക്കുപ്പേരികണക്കെ തമാശകള്‍ തൊടുത്ത് വിടുന്നത് മാപ്പിളമാരിലാണെനന്നാണ് .അതിന്റെ പിന്നാലെയാണ് വരുന്നത് നമ്പൂതിരി ഫലിതങ്ങളൊക്കെ.എന്റെ ബാല്യത്തില്‍ .... ആ കാലത്ത് കേട്ട് തുടങ്ങിയ കേരളത്തിന്റെ മറ്റൊരു വിദൂഷകനായിരുന്നു കോഴിക്കോട്ടെ ചിരിക്കുടുക്കയായിരുന്ന
രാംദാസ് വൈദ്യര്‍.മുമ്പ് കോഴിക്കൊട്ട് നിന്നും അദ്ദേഹം പൊട്ടിച്ചു വിടുന്ന തമാശകള്‍ കേട്ട് മലയാളനാടാകെ പൊട്ടിച്ചിരിച്ചിരുന്ന
ഒരു ചിരിയുടെ കാലമുണ്ടായിരുന്നു.
കേള്‍ക്കാനിഷ്ടപ്പെടാത്ത ഹീനമായ വാര്‍ത്തകള്‍ പലതും നിറഞ്ഞാടുന്ന ഇന്നിന്റെ മാധ്യമങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കാലഘട്ടം. അന്നൊക്കെ വൈദ്യരുടെ ഫലിതം വല്ലതും കേള്‍ക്കാന്‍ - വായിക്കാന്‍ - വേണ്ടി , മാധ്യമങ്ങളില്‍ കാതും മനസ്സും നട്ടിരിക്കുന്ന ഒരു കാലമായിരുന്നു അത്.
ഇന്നോ വാര്‍ത്തകള്‍ക്ക് നാം കാതോര്‍ക്കുന്നത് തന്നെ ഉള്ക്കിടിലത്തോടെയും ... ! നിര്‍മായമായതും നിഷ്കളങ്കമായതുമായ ചിരിയിന്നെവിടെ .
ഇന്ന് ചിരി എന്നത് കൊലച്ചിരിയും കപട ചിരിയുമായി മാറി.
അന്ന് ആനുകാലികങ്ങളിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും വരുന്ന ഫലിതങ്ങളും ഫലിത ബിന്ദുക്കളും
ചിന്താപരമായ കൊച്ചു കാര്‍ട്ടൂണുകളും
                    കോഴിക്കോട് പട്ടണം
                    =================

റേഡിയോയിലൂടെ
ശ്രവിക്കുന്ന കിഞ്ചനവര്‍ത്തമാനം പോലുള്ള പരിപാടികളും ഒക്കെയായിരുന്നു നമുക്കാശ്രയം .
അന്ന് തന്റെ ഫലിതത്തിലൂടെ കേള്‍വിക്കാരെയും വായനക്കാരെയും പൊട്ടിച്ചിരിപ്പിച്ച് കൊണ്ട് തന്നെ അതോടൊപ്പം ശക്തമായ സാമൂഹ്യ അധ:പതനത്തിനെതിരെ വിമര്‍ശിക്കുകയായിരുന്നു വൈദ്യരെന്ന നര്‍മ്മദന്‍.
കോഴിക്കോട്ടു നിന്ന് വൈദ്യരൊരു ഫലിതം കാച്ചിയാല്‍
കേരളം മുഴുക്കെ അതിന്‍റെ ചിരിയലകള്‍ അല തല്ലി .. , കാലങ്ങളോളം അത് തന്നെ ഓര്‍ത്തോര്‍ത്ത് ചിരിച്ചിരുന്ന ആ കാലം. ആ ചിരിയുടെ സാമ്രാട്ടിനെ അത്രപെട്ടെന്നൊന്നും നമുക്ക് മറക്കാനൊക്കില്ല .സാമൂഹ്യവിഷയങ്ങളില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ ആവശ്യമാകുന്ന ഘട്ടത്തില്‍ കുറിക്കു കൊള്ളുന്ന തമാശയിലൂടെ ആക്ഷേപത്തിന്റെ കൂരമ്പുകളായിരിക്കും അദ്ദേഹം തൊടുത്തു വിടുന്നത്.മലയാളികള്‍ക്ക് മറക്കാനാവാത്ത ഒട്ടേറെ പൊട്ടിച്ചിരി സമ്മാനിച്ച കെ എന്‍ രാംദാസ് വൈദ്യരെന്ന ആ വിശാരദനെ നമുക്കെങ്ങനെ അത്ര പെട്ടെന്ന് മറക്കാനാവും ? !
ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്ക് ബദലായി ടെമ്പ്ള്‍ അറ്റാച്ച്ഡ് ലോഡ്ജ് ഉണ്ടാക്കി അദ്ദേഹം അധികാരികളെ കളിയാക്കി.
തെങ്ങ്കയറ്റ സര്‍വകലാശാല സ്ഥാപിച്ചും ബാങ്ക്ലൂരില്‍ ലോക സൌന്ദര്യമത്സരം നടന്നപ്പോള്‍
ആ ആഭാസ മത്സരത്തിനെതിരെ കേരള സാംസ്ക്കാരിക വേദി എന്ന സംഘടന രൂപീകരിച്ച് കോഴിക്കോട് ടൌണ്‍ഹാളില്‍ വൈദ്യരുടെ നേതൃത്വത്തില്‍ വിരൂപമത്സരം എന്ന കോക്കിറി മത്സരം സംഘടിപ്പിച്ച് ലോകത്തിന് മുമ്പില്‍ ആ നല്ല മനുഷ്യന്‍ കാണിച്ചു കൊടുത്തു.അന്ന് കേരളത്തിന് പുറത്തുനിന്നടക്കം
മുന്നോറോളം സ്ത്രീകളും പുരുഷന്മാരും പങ്കെടുത്ത ആ മത്സരത്തില്‍ കോഴിക്കൊട്ടങ്ങാടിയില്‍ ഭിക്ഷാടനം നടത്തിയിരുന്ന പെരിയമ്മയെന്ന സ്ത്രീയെ ' വിരൂപറാണിയായും '
മാഹിക്കരനായ ഖാലിദിനെ ' വിരൂപ രാജനായും '
തെരഞ്ഞെടുത്തും കൊണ്ട് ആദ്യമായി വൈദ്യര്‍
          മുതലക്കുളം മൈതാനം 
           ======================

വിരൂപറാണി
എന്ന കോക്കിറി മത്സരം സംഘടിപ്പിച്ചു.
അതോടെ തീര്‍ന്നില്ല അദ്ദേഹത്തിന്‍റെ മനസ്സിലെ നര്‍മ്മത്തിലൂന്നിയ സാമൂഹിക ദൗത്യം ! അതിന്‍റെ ഉദാഹരമായിരുന്നു പിന്നീട് കേരളം കണ്ടത് .ഈ വിരൂപറാണിയെക്കൊണ്ട് തന്നെ ഗുരുവായൂരപ്പന്‍ കോളേജില്‍ അവിടത്തെ അസോസിയേഷന്‍ അടക്കം പല പരിപാടികളിലും ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിപ്പിച്ചതും മറ്റും .
ഓരോരുത്തരും സ്വന്തം ഭാര്യമാരുടെ സേവനം
വിശിഷ്ടമായി കാണണമെന്നുംഅവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നാം ബാധ്യസ്ഥരാണെന്നും ചിരി വൈദ്യന്‍ ഒരിക്കല്‍ കല്‍പ്പിച്ചു.
അതൊരു പാഴ്വാക്കായിരുന്നില്ല. പറഞ്ഞ വാക്ക് ആദ്യം പ്രവര്‍ത്തിച്ചും കൊണ്ടാണ് അദ്ദേഹം അതിനു തുടക്കം കുറിച്ചത് തന്നെ ! അങ്ങിനെ അദ്ദേഹം തന്റെ പ്രിയതമ നിര്‍മ്മലക്ക്
പ്രതിമാസം ആയിരം രൂപ ലഭിക്കത്തക്കവണ്ണം
ആജീവനാന്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് മുന്നില്‍ ഒരു മാതൃക സ്ഥാപിക്കുകയായിരുന്നു ..
സ്വന്തം ഭാര്യക്ക് ഭര്‍ത്താവ് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത്
ഒരു പക്ഷേ ലോകത്ത് ഇതായിരിക്കാം ആദ്യ സംഭവം .
പിന്നീടദ്ദേഹം 1995-ല് തെങ്ങ്കയറ്റ സര്‍വകലാശാല സ്ഥാപിച്ചു.
ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് അന്നത്തെ കോഴിക്കോട് ജില്ലാ കലക്റ്ററായിരുന്ന ശ്രീ : ചൌഹാന്‍ ആയിരുന്നു. ഏറെ നാളത്തെ പരിശീലനത്തിന് ശേഷം തെങ്ങ് കയറാന്‍ സ്വയം പഠിച്ചാണ് കലക്ടര്‍ ലോകത്തിലെ തന്നെ ആദ്യത്തെ തെങ്ങ് കയറ്റ കോളേജ് എന്ന 'മഹത്തായ' സ്ഥാപനത്തിന്റെ ഉദ്ഘാടനംഅന്നവിടെ നിര്‍വ്വഹിച്ചത്.
രാഷ്ട്രീയ നേതാക്കളുടെ വാഗ്ധോരണികള്‍ കേട്ട് കേട്ട്
വിറങ്ങലിച്ച കോഴിക്കോട്ടെ മുതലക്കുളം .കോഴിക്കോട്ടെ വിഴുപ്പുകള്‍ മുഴുവന്‍ അലക്കി വെളുപ്പിച്ചിരുന്ന മുതലക്കുളത്തെ അലക്ക് കല്ലിനെ പൊന്നാട അണിയിച്ച്
ആദരിച്ചു. ആ പരിഹാസ നര്‍മ്മത്തില്‍ ലജ്ജിതരായി പിന്നീട് പ്രസംഗത്തിന് വേദിയൊരുക്കാതെ കുറെ നാള്‍ രാഷ്ട്രീയക്കാര്‍ വൈദ്യരില്‍ നിന്നും വിട്ടുനിന്നു . ചിരിയും ചിന്തയും പ്രേരിപ്പിക്കുന്ന നര്‍മ്മ മുത്തുകള്‍ മലയാളി സമൂഹത്തിന് സമ്മാനിച്ച ഹാസ്യ സാമ്രാട്ടായിരുന്നു ശ്രീ : രാംദാസ് വൈദ്യര്‍ .
വൈദ്യര്‍ വെറും ഒരു ശാരീരിക ചികിത്സകന്‍ മാത്രമായിരുന്നില്ല മലയാളികള്‍ക്ക് . അതോടൊപ്പം മാനസികമായി സാന്ത്വനം നല്‍കിയ ഒരു ആത്മീയവൈദ്യന്‍ കൂടിയായിരുന്നു.
കൊളേളണ്ടിടത്ത് കൊള്ളുന്ന മൃദുലമായ കൂരമ്പുകള്‍ ആയി തന്‍റെ വാക്കുകള്‍ തറക്കണം എന്ന് ലക്ഷ്യമിട്ടുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ ഫലിതങ്ങളും.തന്നിമിത്തം നര്‍മ്മോക്തി കലര്‍ന്ന അദ്ദേഹത്തിന്‍റെ കുറിക്കു കൊള്ളുന്ന വിമര്‍ശനങ്ങള്‍ ആരെയും കാര്യമായി ഒട്ടും ചൊടിപ്പിച്ചില്ല. അതുകൊണ്ട് തന്നെ ജന മനസ്സുകളില്‍ അദ്ദേഹം എന്നെന്നും
ഒരു നല്ല മാര്‍ഗ്ഗോപദേശകനായി നില കൊണ്ടു .
സമൂഹത്തിലെ തെറ്റുകള്‍ക്ക് നേരെയുള്ള വാക്-ശരങ്ങളായിരുന്നു വൈദ്യരുടെ മിക്ക നര്‍മ്മങ്ങളും എന്നതാണ് പ്രസക്തം . അങ്ങിനെയൊക്കെ ഒരു കാലഘട്ടത്തെ ചിരിയിലൂടെ ചിന്തിപ്പിച്ച് ചികിത്സിച്ച മഹാനായിരുന്നു വൈദ്യര്‍.
ചിരിയും ചിന്തയും സമന്വയിപ്പിച്ച പരിപാടികളിലൂടെ സമകാലിക സാമൂഹ്യസംഭവവികാസങ്ങള്‍ക്ക് നേരെ പ്രതിഷേധ അസ്ത്രം എയ്യുക യായിരുന്നു വൈദ്യര്‍.ഇന്ന് ചിരിക്കാന്‍ നമുക്ക് മനസ്സില്ലാതായി .ചിരിപ്പിക്കാനും.അന്നത്തെ നിഷ്കളങ്കമായതും ഉല്ലസിപ്പിക്കുന്നതുമായ ചിരികള്‍ എങ്ങോ പോയി പകരം ഇന്നത്‌ കൊലച്ചിരിയായി മാറി. ഇന്ന് ആക്ഷേപഹാസ്യമെന്നത് വ്യക്തിഹത്യയും താന്‍പോരിമയും അസംബന്ധങ്ങളും അപകീര്‍ത്തിപ്പെടുത്തലുകളുമൊക്കെയായി ആരെല്ലാമോ ചേര്‍ന്ന് നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധം വകഭേദം വരുത്തി.
കപട ലിപ്തമായതും ചിന്തോദ്ദീപകവുമായ നര്‍മ്മം ചാലിച്ച ഒരു ഹാസ്യരസം ലഭിക്കണമെങ്കില്‍.. എന്നും ഓര്‍ക്കാനും ഓര്‍ത്തോര്‍ത്ത് ചിരിക്കാനും നമുക്ക് മനസ്സില്‍ അത് തങ്ങണമെങ്കില്‍ കുഞ്ഞായിന്‍ മുസ്ലിയാരുടേയും
മങ്ങാട്ടച്ചന്റെയും രാംദാസ് വൈദ്യരുടേയുമൊക്കെ
മായം ചേര്‍ക്കാത്ത ഫലിതങ്ങള്‍ക്ക് മാത്രമേ
അന്നും ഇന്നും എന്നും കഴിയുകയുള്ളൂ...
അവരുടെ മങ്ങാത്ത മായാത്ത ആ നല്ല ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഞാനീ ലിഖിതം സമര്‍പ്പിക്കട്ടെ :
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍


2015 ഫെബ്രുവരി 8, ഞായറാഴ്‌ച

സഫിയ അജിത്‌ എന്ന വേദനിക്കുന്നവന്റെ ആ സ്നേഹത്തണല്‍ അന്ത്യനിദ്രയിലാണ്ടു

ഇന്ത്യന്‍ പ്രവാസിസമൂഹത്തിനിടയില്‍ ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തനനിരതമായ സാമീപ്യം
കൊണ്ട് നിറഞ്ഞ് നിന്നിരുന്ന സഫിയ അജിതിന്റെ അകാല മരണ വാര്‍ത്ത ഏറെ ദുഃഖത്തിലാഴ്ത്തി.
വിഷമതകള്‍ നേരിടുന്നവര്‍ക്ക് താങ്ങും തുണയുമായി പ്രവര്‍ത്തിച്ച ഒരു
 അത്താണിയെയാണ് പ്രവാസലോകത്തിന് നഷ്ടമായത്.
മാറാരോഗം പിടിപെട്ട് വേദനതിന്ന് കഴിയുമ്പോഴും പ്രവാസനാട്ടില്‍ സഹജീവികളുടെ നൊമ്പരങ്ങള്‍ക്ക് പ്രതിവിധിതേടി
പരക്കംപാഞ്ഞിരുന്ന ദമ്മാമിലെ നവയുഗം സാംസ്ക്കാരിക വേദിയില്‍
പ്രവര്‍ത്തിക്കുന്ന വേറിട്ട ഈ സാമൂഹ്യപ്രവര്‍ത്തകയെക്കുറിച്ച് മാധ്യമങ്ങളില്‍ പലപ്പോഴും വരാറുണ്ടായിരുന്നു.

രോഗപീഡകള്‍
വിടാതെ പിന്തുടരുമ്പോഴും സ്വദുഃഖം കടിച്ചമര്‍ത്തി
മറ്റുള്ളവരുടെ വ്യഥയകറ്റാന്‍ ജീവിതം സമര്‍പ്പിച്ച ഈ സഹോദരി തന്റെ ജീവിതം കൊണ്ട് നല്ലൊരു ദൃഷ്ടാന്തം തന്നെയാണ് നമുക്ക്
 മുമ്പില്‍ സമര്‍പ്പിച്ച് കടന്നുപോയത്.
കാരുണ്യപ്രവര്‍ത്തനരംഗത്തെ സ്തുത്യര്‍ഹമായ സംഭാവനകള്‍ക്ക് നിരവധി
പുരസ്ക്കാരങ്ങളാണ് ഇക്കാലയളവില്‍ അവരെ തേടിയെത്തിയത്.
യമനിലും
 ബുറൈദയിലുമൊക്കെ പ്രവര്‍ത്തിച്ചതിന്റെ പ്രായോഗികജ്ഞാനവുമായി ദാമ്മാമിലും നടത്തിയ തന്റെ സജീവപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യക്കകത്ത്‌നിന്നുള്ളവര്‍ക്ക്
മാത്രമല്ല
 പുറം രാജ്യക്കാര്‍ക്കിടയിലും അവരുടെ നേരിടേണ്ടിവന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി സഹായിച്ചു.അങ്ങിനെ ദുരിതക്കയത്തില്‍ നിന്നും കരകയറാന്‍ സഹായ
 ഹസ്തമേകി എല്ലാ രാജ്യക്കാരിലും
മതിപ്പുളവാക്കിയ ധീര മഹിളാരത്നം സഫിയ അജിതിന്റെ അകാല വേര്‍പാടില്‍ വ്യസനിക്കുന്നു. അവരുടെ സന്തപ്തരായ കുടുംബത്തോടും
ഇന്ത്യന്‍ പ്രവാസിസമൂഹത്തോടുമൊപ്പം ഞാനും പങ്കുചേരുന്നു.
"ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍ ,എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ ചെയ്യും " എന്ന
ആപ്തവാക്യം സര്‍വ്വാത്മനാ വഹിച്ച ആ ദാസിയില്‍ നാഥന്റെ കൃപാകടാക്ഷം വര്‍ഷിക്കട്ടെ.
                            -എന്‍ കെ മൊയ്തീന്‍ , ചേറൂര്‍


  

2015 ഫെബ്രുവരി 3, ചൊവ്വാഴ്ച

അന്ധവിശ്വാസത്തിന് മാധ്യമങ്ങള്‍ കുട പിടിക്കരുത്


             അന്ധവിശ്വാസ തട്ടിപ്പിന്റെ വിളംബര കേന്ദ്രമായിരിക്കയാണ് പല ദൃശ്യമാധ്യമങ്ങളുമിന്ന്.ധനലക്ഷ്മി എന്ന പേരില്‍ ഒരു ധന സമ്പാദന യന്ത്രമുണ്ടെന്ന ഒരു ചാനല്‍ പരസ്യം
ശ്രദ്ധയില്‍ പെട്ടത് അടുത്തിടെയാണ്.ഈ ധന സമ്പാദനയന്ത്രം കൊണ്ട് പെട്ടെന്ന്‍ ഏത് ദരിദ്രനും പണക്കാരനാവും.ഈ രുദ്രാക്ഷമണിഞ്ഞാല്‍ ഏതു വിഷമതകളും നീങ്ങി ഐശ്വര്യം വന്ന്
ചൊരിയുമാത്രേ.ധനലക്ഷ്മി യന്ത്രം എന്ന ദിവ്യാത്ഭുത ഉല്പന്നത്തെക്കുറിച്ച് ചാനലുകള്‍ വാ തോരാതെയാണ് പറയുന്നത്.വീട്ടില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ്
പ്രചരിപ്പിക്കുന്ന ഐശ്വര്യലക്ഷ്മി വലംപിരി ശംഖാണ് ഇക്കൂട്ടത്തിലൊന്ന്‍ .ഇങ്ങനെ വിശ്വാസത്തെ ചൂഷണം ചെയ്ത് ചെയ്തുകൊണ്ടുള്ള നിരവധി തട്ടിപ്പുകള്‍ ചാനലുകള്‍ ദിവസവും
നമ്മുടെ മുന്നിലേക്കിട്ടുതരുന്നു.ഇതേ ചാനലുകളില്‍ ചിലത് ആള്‍ദൈവ മന്ത്രവാദ ചൂഷണങ്ങളെ തുറന്നു കാണിക്കുന്നുണ്ട്.ആള്‍ ദൈവങ്ങള്‍ പ്രചരിപ്പിക്കുന്ന അനാചാരങ്ങള്‍ക്കും രൂഢ
വിശ്വസങ്ങല്‍ക്കെതിരെയും ഒളി കാമറയുമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള ആള്‍ദൈവ കേന്ത്രങ്ങളിലെത്തി ആശ്രിതന്‍ ചമഞ്ഞാണ് വിവരങ്ങള്‍ പുറത്തു വിടുന്നത്.അങ്ങിനെ
ദൃശ്യമാധ്യമങ്ങള്‍ ഒരേ സമയം ഇരയുടെയും വേട്ടക്കാരന്റെയും കൂടെ നില്‍ക്കുന്ന പ്രതീതിയുണ്ടാക്കുന്നു.  
ഗള്‍ഫ് മാധ്യമം "പ്രവാസി വിചാരവേദി"യില്‍  ‍(3.1.2015) പ്രസിദ്ധീകരിച്ചതാണ്  ഈ കുറിപ്പ് .


വിശ്വാസത്തട്ടിപ്പിന്റെ പേരിലുള്ള കൊടും തട്ടിപ്പിന്റെ വിളഭൂമിയായി
മാറുകയാണ് നമ്മുടെ സാക്ഷര കേരളം.പ്രബുദ്ധതയിലും സാംസ്കാരികതയിലും മുന്നേറിയിട്ടും മലയാളികള്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നു.ഈ തട്ടിപ്പിന്റെ പ്രാചാരകരാവുന്നതോ
വഴി തെറ്റുന്ന സമൂഹത്തിനു നേര്‍വഴി കാട്ടേണ്ട മാധ്യമങ്ങള്‍ തന്നെ.ഒട്ടുമിക്ക ചാനലുകളും പത്രങ്ങളും പണം വാങ്ങി വിശ്വാസ്യത നോക്കാതെ എന്തും വിളമ്പുന്നു.നമ്മുടെ സംസ്ക്കാരത്തിന്
ആഘാതം ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് മാധ്യമങ്ങള്‍ മാറി നില്‍ക്കണം .അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി നേര്‍വഴിക്ക് നടത്തേണ്ട

ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്ക് ഉണ്ടാവണം.'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം'എന്ന രീതിയിലേക്ക് മാറി സ്വയം അപഹാസ്യരാകാതെ സമൂഹത്തോടുള്ള ധര്‍മ്മം പാലിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം.
             
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍, ജിദ്ദ

2014 ഡിസംബർ 20, ശനിയാഴ്‌ച

യു. ഡി. എഫിന്റെ നാണം കെട്ട വഞ്ചന !

        മദ്യനയത്തിന്റെ മറവില്‍ വന്‍തുക കോഴ വാങ്ങിയതിന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസേടുത്തിട്ടും ഒരു കൂസലുമില്ലാതെ മാണിയെ ചിറകിനുള്ളില്‍ സംരക്ഷിക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍.ഒന്നിന് പിറകെ മറ്റൊന്നായി ഓരോ അഴിമതിക്കഥ പുറത്തു വന്നുകൊണ്ടിരുന്നിട്ടും അവര്‍ക്ക് ഒരു സങ്കോചവും ഇല്ല.അഴിമതിക്കാരെ
സംരക്ഷിക്കുന്നതില്‍ കൈമെയ് മറന്ന് എല്ലാവരും ഭരണകക്ഷിയില്‍ ഒറ്റക്കെട്ടാണ് .ഇന്നിപ്പോള്‍ ബാര്‍ മുതലാളിമാരുടെ ബ്ലാക്ക്മെയിലിങ്ങിന് വഴങ്ങി പുതിയ തന്ത്രങ്ങളിലൂടെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം ഗവണ്‍മെന്റ് തന്നെ ഒരുക്കിയിരിക്കുന്നു.
        വേണ്ടത്ര കൂടിയാലോചന നടത്താതെ പൊടുന്നനെ മദ്യനിരോധനം നടപ്പാക്കിയപ്പോള്‍ തന്നെ ഗവണ്‍മെന്റിന്റെ ഇക്കാര്യത്തിലെ ആത്മാര്‍ഥതയില്‍ സംശയിച്ചവരെ ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം പൂട്ടിയ ബാറുകള്‍ വൈന് ‍- ബിയര്‍ വിതരണകേന്ദ്രങ്ങളാക്കി തുറക്കാന്‍ അനുവദിച്ചു കൊണ്ടുള്ള ചാണ്ടി ഗവണ്‍മെന്റിന്റെ തീരുമാനം.വെറും കൊള്ളക്കാരുടെ തട്ടിപ്പ് മാത്രമായിരുന്നു ഇതിനു പിന്നില്‍ എന്ന് ജനം തിരിച്ചറിഞ്ഞു.കൊടും ചതിയും വഞ്ചനയുമാണ് യു.ഡി.എഫ് സമൂഹത്തോട് ചെയ്തത്.
                                                                                     

   ഗള്‍ഫ് മാധ്യമം 'പ്രവാസി വിചാരവേദി'യില്‍ (20.12.2014) പ്രസിദ്ധീകരിച്ചത്.
      മദ്യനിരോധനം
അനിവാര്യം തന്നെ.മദ്യവും മറ്റു മയക്കു മരുന്നുകളുടെയും ഉപഭോഗം ആപത്കരമാം വിധം വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍  ഇത്തരം   ലഹരി പദാര്‍ഥങ്ങളുടെ ലഭ്യത പൂര്‍ണമായും ഇല്ലാതാക്കുക തന്നെയാണ് വേണ്ടത്.എന്നാല്‍ ഒറ്റയടിക്ക് മദ്യഷാപ്പുകള്‍ അടച്ച് പൂട്ടുന്നതിന് പകരം പടിപടിയായുള്ള പ്രവര്‍ത്തനമാണ് അഭികാമ്യം.നിരന്തര ബോധവത്ക്കരണത്തിലൂടെ മദ്യപാനികളെ സ്വയം വര്‍ജനത്തിലേക്ക് പാകപ്പെടുത്തുകയും അതിന് വേണ്ട സഹകരണം നല്‍കുകയും വേണം.അതോടൊപ്പം തന്നെ മദ്യശാലകളില്‍ തൊഴിലെടുക്കുന്നവരുടെ പുനരധിവാസം പോലുള്ള ബദല്‍ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നു പിന്തുണയുണ്ടാവണം .അനധികൃത ലഹരി വസ്തുക്കളുടെ
നിര്‍മാണവും വ്യാപാരവും കര്‍ശനമായി ഇല്ലായ്മ ചെയ്യുകയും വ്യാജവാറ്റുകളും സ്പിരിറ്റിന്റെ ഒഴുക്കും മറ്റു മയക്കുമരുന്നുകളുടെ വ്യാപനവും തടയാനും കഴിയണം. മത,സാംസ്കാരിക,സാമൂഹിക സംഘടനകളും അവരുടേതായ പങ്ക് വഹിക്കണം .
          അല്ലാതെ ജനനന്മയാണ് ലക്ഷ്യമെന്ന വീണ്‍വാക്കുമായി മദ്യനിരോധം എന്ന തുറുപ്പുചീട്ടുമായി വന്ന് ജനങ്ങളെ മയക്കി ക്കിടത്തി ഇപ്പുറത്ത് ബാര്‍ മുതലാളിമാരോട്
വിലപേശി കീശ വീര്‍പ്പിക്കാനുള്ള അവസരം സൃഷ്‌ടിക്കുന്ന ശുദ്ധ തട്ടിപ്പിന് കുടപിടിക്കാന്‍ സാമാന്യബുദ്ധിയുള്ള ഒരാളെയും കിട്ടില്ല.ഒരുകാര്യം ഉമ്മന്‍ചാണ്ടിയും കൂട്ടരും ഓര്‍ക്കുന്നത്
നന്ന്.തീര്‍ച്ചയായും ജനകീയ കോടതിയില്‍ നിങ്ങള്‍ വിചാരണ ചെയ്യപ്പെടും.പ്രജകള്‍ പ്രതികാരബുദ്ധിയോടെ കാത്തിരിക്കുന്നുണ്ട്.

            -എന്‍ കെ മൊയ്തീന്‍, ചേറൂര്‍, ജിദ്ദ